ദൈവത്തിനെതിരെ പോരാടുന്നവർ വിജയിക്കുകയില്ല!
“അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും.”—യിരെമ്യാവു 1:19.
1. യിരെമ്യാവിന് എന്തു നിയമനമാണു ലഭിച്ചത്, ഏതു കാലഘട്ടത്തിലാണ് അവൻ തന്റെ വേല നിർവഹിച്ചത്?
യുവാവായിരുന്ന യിരെമ്യാവിനെ യഹോവ ജനതകൾക്ക് ഒരു പ്രവാചകനായി നിയമിച്ചു. (യിരെമ്യാവു 1:5, NW) യഹൂദയിലെ നല്ല രാജാവായിരുന്ന യോശീയാവിന്റെ വാഴ്ചക്കാലത്തായിരുന്നു അത്. ബാബിലോൺ യെരൂശലേമിനെ ജയിച്ചടക്കി ദൈവജനത്തെ പ്രവാസത്തിലേക്കു കൊണ്ടുപോയത് ഉൾപ്പെടെയുള്ള പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലാണ് യിരെമ്യാവ് തന്റെ പ്രാവചനിക ശുശ്രൂഷ നിർവഹിച്ചത്.—യിരെമ്യാവു 1:1-3.
2. യഹോവ യിരെമ്യാവിനെ ശക്തിപ്പെടുത്തിയത് എങ്ങനെ, യിരെമ്യാവിനെതിരെ പോരാടുക എന്നത് ആരോടു പോരാടുന്നതിനു തുല്യമായിരുന്നു?
2 യിരെമ്യാവ് പ്രഖ്യാപിക്കേണ്ടിയിരുന്ന ദിവ്യ ന്യായവിധി സന്ദേശങ്ങൾ മൂലം അവന് എതിർപ്പ് ഉണ്ടാകുമെന്നത് ഉറപ്പായിരുന്നു. അതുകൊണ്ട്, ഭാവി പ്രവർത്തനങ്ങൾക്കായി ദൈവം യിരെമ്യാവിനെ ശക്തീകരിച്ചു. (യിരെമ്യാവു 1:8-10) ഉദാഹരണത്തിന്, “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു” എന്ന വാക്കുകൾ യിരെമ്യാവിനു കരുത്തു പകർന്നു. (യിരെമ്യാവു 1:19) യിരെമ്യാവിനെതിരെ പോരാടുക എന്നതിനർഥം യഹോവയോടു പോരാടുക എന്നായിരുന്നു. ഇന്ന്, യഹോവയ്ക്കു പ്രവാചകസമാനരായ ഒരു കൂട്ടം ദാസന്മാരുണ്ട്. അവരുടെ വേല യിരെമ്യാവിന്റെ വേലയ്ക്കു സമാനമാണ്. യിരെമ്യാവിനെ പോലെ, അവർ ദൈവത്തിന്റെ പ്രാവചനിക വചനം ധീരമായി ഘോഷിക്കുന്നു. ഈ സന്ദേശം എല്ലാ വ്യക്തികളെയും ജനതകളെയും ബാധിക്കും. ഒന്നുകിൽ അവരുടെ നന്മയ്ക്കായി അല്ലെങ്കിൽ അവരുടെ നാശത്തിനായി, അത് അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും. യിരെമ്യാവിന്റെ കാലത്തെന്ന പോലെ, ദൈവദാസന്മാരെയും അവരുടെ ദിവ്യനിയമിത പ്രവർത്തനങ്ങളെയും എതിർത്തുകൊണ്ട് ദൈവത്തിനെതിരെ പോരാടുന്നവർ ഇന്നുമുണ്ട്.
യഹോവയുടെ ദാസന്മാർ ആക്രമിക്കപ്പെടുന്നു
3. യഹോവയുടെ ദാസന്മാർ ആക്രമിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
3 ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ യഹോവയുടെ ജനം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ദൈവരാജ്യ സുവാർത്തയുടെ ഘോഷണം തടയാൻ, അതിനെ നിശ്ശബ്ദമാക്കാൻ, പല ദേശങ്ങളിലും ദുരുദ്ദേശ്യമുള്ള വ്യക്തികൾ ശ്രമിച്ചിട്ടുണ്ട്. “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്ന” നമ്മുടെ മുഖ്യ പ്രതിയോഗിയായ പിശാച് അവരെ അതിനായി പ്രേരിപ്പിച്ചിട്ടുണ്ട്. (1 പത്രൊസ് 5:8) 1914-ൽ “ജനതകളുടെ നിയമിത കാലം” അവസാനിച്ച ശേഷം ഭൂമിയുടെ പുതിയ രാജാവായി യഹോവ തന്റെ പുത്രനെ അവരോധിച്ചു. “നിന്റെ ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെടുക” എന്ന കൽപ്പനയും അവനു നൽകി. (ലൂക്കൊസ് 21:24; സങ്കീർത്തനം 110:2; NW) ക്രിസ്തുയേശു തന്റെ രാജ്യാധികാരം ഉപയോഗിച്ച് മഹാസർപ്പമായ സാത്താനെ സ്വർഗത്തിൽനിന്നു പുറത്താക്കുകയും അവന്റെ പ്രവർത്തനം ഭൂമിയിൽ മാത്രമായി ഒതുക്കുകയും ചെയ്തു. തനിക്ക് അൽപ്പ സമയമേ ശേഷിക്കുന്നുള്ളൂ എന്ന് അറിഞ്ഞുകൊണ്ട് സാത്താൻ അഭിഷിക്ത ക്രിസ്ത്യാനികൾക്കും അവരുടെ സഹകാരികൾക്കും എതിരെ തന്റെ കോപം അഴിച്ചുവിടുന്നു. (വെളിപ്പാടു 12:9, 17) ദൈവത്തിനെതിരെ പോരാടുന്ന ഇവരുടെ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ ഫലം എന്തായിരുന്നു?
4. ഒന്നാം ലോകമഹായുദ്ധകാലത്ത് യഹോവയുടെ ജനം എന്തെല്ലാം പീഡാനുഭവങ്ങൾ സഹിച്ചു, എന്നാൽ 1919-ലും 1922-ലും എന്തു സംഭവിച്ചു?
4 ഒന്നാം ലോകമഹായുദ്ധകാലത്ത് യഹോവയുടെ അഭിഷിക്ത ദാസന്മാർക്ക് വിശ്വാസത്തെ പരീക്ഷിക്കുന്ന നിരവധി പീഡാനുഭവങ്ങൾ ഉണ്ടായി. ആളുകൾ അവരെ പരിഹസിക്കുകയും ദുഷിക്കുകയും കൂട്ടത്തോടെ ആക്രമിക്കുകയും തല്ലുകയുമൊക്കെ ചെയ്തു. യേശു മുൻകൂട്ടി പറഞ്ഞതുപോലെ, അവരെ ‘സകലജാതികളും പകെച്ചു.’ (മത്തായി 24:9) യുദ്ധജ്വരം പടർന്നുപിടിച്ചിരുന്ന ആ സമയത്ത് ദൈവരാജ്യത്തിന്റെ ശത്രുക്കൾ യേശുക്രിസ്തുവിന് എതിരെ ഉപയോഗിച്ച അതേ തന്ത്രംതന്നെ അവർക്കെതിരെയും ഉപയോഗിച്ചു. അവർ യഹോവയുടെ ജനത്തെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി. യഹോവയുടെ ദൃശ്യ സംഘടനയുടെ കേന്ദ്രഭാഗത്തുതന്നെ അവർ ആഘാതമേൽപ്പിച്ചു. 1918 മേയിൽ, സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്ന ജെ. എഫ്. റഥർഫോർഡിനെയും അദ്ദേഹത്തിന്റെ ഉറ്റ സഹകാരികളായ ഏഴു പേരെയും അറസ്റ്റു ചെയ്യുന്നതിന് ഫെഡറൽ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. ഈ എട്ടു പേരെ കനത്ത ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഐക്യനാടുകളിലെ ജോർജയിലുള്ള അറ്റ്ലാന്റാ സെൻട്രൽ ജയിലിലാക്കി. ഒമ്പതു മാസത്തിനു ശേഷം അവരെ വിട്ടയച്ചു. 1919 മേയിൽ സർക്കിട്ട് അപ്പീൽ കോടതി, പ്രതികൾക്കു നിഷ്പക്ഷ വിചാരണ ലഭിച്ചില്ല എന്നു വിധിച്ചു. അങ്ങനെ, അത് മുൻ കോടതിവിധി റദ്ദാക്കിക്കൊണ്ട് ആ കേസ് വീണ്ടും വിചാരണയ്ക്ക് എടുത്തു. എന്നാൽ പിന്നീട് ഗവൺമെന്റ് ഭാഗം തങ്ങളുടെ പരാതി പിൻവലിച്ചു. അങ്ങനെ റഥർഫോർഡ് സഹോദരനും സഹകാരികളും പൂർണമായും കുറ്റവിമുക്തരാക്കപ്പെട്ടു. അവർ തങ്ങളുടെ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. 1919-ലും 1922-ലും ഒഹായോ സീഡാർ പോയിന്റിൽ നടത്തപ്പെട്ട കൺവെൻഷനുകൾ രാജ്യപ്രസംഗ വേലയ്ക്കു പുതിയൊരു ഉണർവ് നൽകി.
5. നാസികൾ അധീശത്വം പുലർത്തിയിരുന്ന ജർമനിയിൽ യഹോവയുടെ സാക്ഷികൾക്ക് എന്തെല്ലാം സഹിക്കേണ്ടിവന്നു?
5 1930-കളിൽ സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥകൾ ഉദയം ചെയ്തു. ജർമനിയും ഇറ്റലിയും ജപ്പാനും ചേർന്ന അച്ചുതണ്ടുശക്തികൾ നിലവിൽ വന്നു. ആ ദശകത്തിന്റെ ആരംഭത്തിൽ ദൈവജനത്തിനു കിരാതമായ പീഡനം അനുഭവിക്കേണ്ടിവന്നു, പ്രത്യേകിച്ചും നാസികൾ അധീശത്വം പുലർത്തിയിരുന്ന ജർമനിയിൽ. നിരോധനങ്ങൾ ഏർപ്പെടുത്തി, വീടുകൾ പരിശോധിച്ച് അവിടെ ഉണ്ടായിരുന്നവരെ അറസ്റ്റു ചെയ്തു. തങ്ങളുടെ വിശ്വാസം ത്യജിക്കാൻ കൂട്ടാക്കാഞ്ഞ ആയിരങ്ങളെ തടങ്കൽപ്പാളയങ്ങളിൽ തള്ളി. ദൈവത്തിനും അവന്റെ ജനത്തിനും എതിരെയുള്ള ഈ പോരാട്ടം, ആ സ്വേച്ഛാധിപത്യ രാജ്യത്തുനിന്ന് യഹോവയുടെ സാക്ഷികളെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.a തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതാൻ യഹോവയുടെ സാക്ഷികൾ ജർമനിയിലെ കോടതികളെ അഭയം പ്രാപിച്ചപ്പോൾ, യഹോവയുടെ സാക്ഷികൾ അവിടെ വിജയിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ നാസി ഭരണകൂടത്തിന്റെ നീതിന്യായ മന്ത്രാലയം അവർക്കെതിരെ ഒരു നീണ്ട അഭിപ്രായരേഖ തയ്യാറാക്കി. അത് ഇങ്ങനെ പ്രസ്താവിച്ചു: “പ്രത്യക്ഷത്തിലുള്ള കേവലമായ നിയമ നടപടികൾ നിമിത്തം കോടതികൾ തോറ്റുപോകരുത്; മറിച്ച്, നിയമപരമായ വൈഷമ്യങ്ങൾ ഉണ്ടെങ്കിലും തങ്ങളുടെ ഉന്നതമായ ചുമതലകൾ നിറവേറ്റാനുള്ള മാർഗങ്ങൾ അവ ആരാഞ്ഞു കണ്ടെത്തണം.” സാക്ഷികൾക്കു യഥാർഥ നീതി ലഭിക്കുകയില്ല എന്നായിരുന്നു അതിനർഥം. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ വിദ്വേഷപൂരിതമോ പകനിറഞ്ഞതോ ആണെന്നും അവ ‘ദേശീയ സോഷ്യലിസ്റ്റ് ഘടനയെ ഇളക്കിമറിക്കുന്നു’വെന്നും നാസികൾ വാദിച്ചു.
6. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു ശേഷവും നമ്മുടെ പ്രവർത്തനത്തിനു തടയിടാൻ എന്തെല്ലാം ശ്രമങ്ങൾ നടന്നു?
6 രണ്ടാം ലോകമഹായുദ്ധകാലത്ത്, ബ്രിട്ടീഷ് കോമൺവെൽത്തിന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയയും കാനഡയും ആഫ്രിക്കയിലെയും ഏഷ്യയിലെയും മറ്റു ചില രാജ്യങ്ങളും കരീബിയൻ ദ്വീപുകളും പസഫിക് ദ്വീപുകളും ദൈവജനത്തിന്മേൽ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഐക്യനാടുകളിൽ, സ്വാധീനശക്തി ഉണ്ടായിരുന്ന ശത്രുക്കളും തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകളും ദൈവജനത്തിനെതിരെ ‘ഉത്തരവുകളാൽ ദുരിതമുണ്ടാക്കി.’ (സങ്കീർത്തനം 94:20, ഓശാന ബൈബിൾ) പതാകവന്ദന പ്രശ്നങ്ങൾക്കും വീടുതോറുമുള്ള സുവാർത്താ പ്രസംഗം നിരോധിക്കുന്ന ഓർഡിനൻസുകൾക്കുമെതിരെ സാക്ഷികൾ കോടതികളിൽ നിയമയുദ്ധം നടത്തി. ഐക്യനാടുകളിലെ അനുകൂലമായ കോടതിവിധികൾ ആരാധനാ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന കോട്ടക്കൊത്തളങ്ങൾ പോലെ വർത്തിച്ചു. യഹോവ സഹായിച്ചതിനാൽ, ശത്രുക്കളുടെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. യൂറോപ്പിൽ യുദ്ധം അവസാനിച്ചപ്പോൾ നിരോധനങ്ങൾ നീക്കം ചെയ്യപ്പെട്ടു. തടങ്കൽപ്പാളയങ്ങളിൽ ഉണ്ടായിരുന്ന ആയിരക്കണക്കിനു സാക്ഷികൾ സ്വതന്ത്രരാക്കപ്പെട്ടു. എന്നാൽ പോരാട്ടം അവിടംകൊണ്ട് അവസാനിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഉടൻതന്നെ ശീതയുദ്ധം ആരംഭിച്ചു. പൂർവ യൂറോപ്യൻ രാഷ്ട്രങ്ങൾ യഹോവയുടെ ജനത്തിന്മേൽ കൂടുതൽ സമ്മർദങ്ങൾ വരുത്തി. സാക്ഷീകരണ പ്രവർത്തനങ്ങളിൽ ഇടപെട്ട് അവ നിറുത്താനും സാഹിത്യങ്ങളുടെ വരവ് തടയാനും പൊതു സമ്മേളനങ്ങൾ നടത്താതിരിക്കാനും അധികാരികൾ നടപടി കൈക്കൊണ്ടു. പലരെയും തടവിലാക്കുകയോ കുറ്റവാളികളെക്കൊണ്ട് നിർബന്ധപൂർവം പണിയെടുപ്പിക്കുന്ന ക്യാമ്പുകളിൽ ആക്കുകയോ ചെയ്തു.
പ്രസംഗവേല മുന്നേറുന്നു!
7. സമീപ വർഷങ്ങളിൽ പോളണ്ടിലും റഷ്യയിലും മറ്റു ദേശങ്ങളിലും യഹോവയുടെ സാക്ഷികൾക്ക് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായിരിക്കുന്നു?
7 പതിറ്റാണ്ടുകൾ കടന്നുപോയപ്പോൾ രാജ്യപ്രസംഗ വേല വീണ്ടും തുടങ്ങി. പോളണ്ട് കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ആയിരുന്നെങ്കിലും 1982-ൽ അവിടെ ഏകദിന കൺവെൻഷനുകൾ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു. 1985-ൽ അന്താരാഷ്ട്ര കൺവെൻഷനുകളും നടത്തപ്പെട്ടു. 1989-ൽ നടന്ന വൻ അന്താരാഷ്ട്ര കൺവെൻഷനുകളിൽ റഷ്യയിലെയും യൂക്രെയിനിലെയും ആയിരങ്ങൾ സംബന്ധിച്ചു. അതേ വർഷം, ഹംഗറിയും പോളണ്ടും യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം നൽകി. 1989-ലെ ശരത്കാലത്ത് ബെർലിൻ മതിൽ പൊളിച്ചുമാറ്റി ഏതാനും മാസങ്ങൾക്കു ശേഷം സാക്ഷികൾക്കു പൂർവ ജർമനിയിൽ നിയമാംഗീകാരം ലഭിച്ചു. താമസിയാതെ, ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഒരു അന്താരാഷ്ട്ര കൺവെൻഷനും നടത്തപ്പെട്ടു. 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകം തുടങ്ങിയപ്പോൾ റഷ്യയിലെ സഹോദരങ്ങളുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. സാക്ഷികൾ മോസ്കോയിലെ അധികാരികളിൽ ചിലരെ ചെന്നുകണ്ടു. അങ്ങനെ 1991-ൽ യഹോവയുടെ സാക്ഷികൾ അവിടെ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടു. അന്നു മുതൽ റഷ്യയിലെ പ്രവർത്തനം വമ്പിച്ച രീതിയിൽ മുന്നേറിയിരിക്കുന്നു. മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളിലും സ്ഥിതി അതുതന്നെ.
8. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള 45 വർഷക്കാലത്ത് യഹോവയുടെ ജനത്തിന് എന്തു സംഭവിച്ചു?
8 ചില പ്രദേശങ്ങളിൽ പീഡനം കുറഞ്ഞെങ്കിലും, മറ്റു ചിലയിടങ്ങളിൽ അതു വർധിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള 45 വർഷക്കാലത്ത് പല ദേശങ്ങളിലും യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം നിഷേധിക്കപ്പെട്ടു. മാത്രമല്ല, ആഫ്രിക്കയിലെ 23-ഉം ഏഷ്യയിലെ 9-ഉം യൂറോപ്പിലെ 8-ഉം ലാറ്റിൻ അമേരിക്കയിലെ 3-ഉം ദേശങ്ങളിലും കൂടാതെ 4 ദ്വീപരാഷ്ട്രങ്ങളിലും ഉള്ള സാക്ഷികളുടെ മേലോ അവരുടെ പ്രവർത്തനത്തിന്മേലോ വിലക്കുകൾ ഏർപ്പെടുത്തപ്പെട്ടു.
9. യഹോവയുടെ സാക്ഷികൾക്കു മലാവിയിൽ എന്തെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്?
9 മലാവിയിലെ യഹോവയുടെ സാക്ഷികൾക്ക് 1967 മുതൽ ക്രൂരമായ പീഡനം സഹിക്കേണ്ടിവന്നു. യഥാർഥ ക്രിസ്ത്യാനികളെന്ന നിലയിലുള്ള നിഷ്പക്ഷ നിലപാടു നിമിത്തം അവിടത്തെ നമ്മുടെ സഹോദരങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ കാർഡുകൾ വാങ്ങാൻ വിസമ്മതിച്ചതായിരുന്നു അതിനു കാരണം. (യോഹന്നാൻ 17:16) 1972-ൽ നടന്ന മലാവി കോൺഗ്രസ് പാർട്ടിയുടെ യോഗത്തെ തുടർന്ന് മൃഗീയ പീഡനം വീണ്ടും ആരംഭിച്ചു. സഹോദരങ്ങളെ അവരുടെ വീടുകളിൽനിന്ന് അടിച്ചോടിച്ചു, അവർക്കു ജോലി നിഷേധിക്കപ്പെട്ടു. കൊല്ലപ്പെടാതിരിക്കാൻ ആയിരങ്ങൾ രാജ്യം വിട്ടോടി. എന്നാൽ ദൈവത്തിനും അവന്റെ ജനത്തിനും എതിരെയുള്ള ശത്രുക്കളുടെ പോരാട്ടം വിജയിച്ചോ? അശേഷമില്ല! സാഹചര്യങ്ങൾക്കു മാറ്റം വന്നപ്പോൾ, 1999-ൽ മലാവിയിൽ റിപ്പോർട്ടു ചെയ്ത പ്രസാധകരുടെ എണ്ണം 43,767 എന്ന അത്യുച്ചത്തിലെത്തി. അവിടത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ സംബന്ധിച്ചവരുടെ എണ്ണം 1,50,000-ത്തിലധികമായിരുന്നു. തലസ്ഥാനനഗരിയിൽ ഒരു പുതിയ ബ്രാഞ്ച് ഓഫീസും നിർമിക്കപ്പെട്ടു.
അവർ ഒരു കള്ളക്കാരണം തേടുന്നു
10. ദാനീയേലിന്റെ കാര്യത്തിലെന്ന പോലെ, ഇക്കാലത്ത് ദൈവജനത്തെ എതിർക്കുന്നവർ എന്തു ചെയ്തിരിക്കുന്നു?
10 ദൈവവചനത്തിലെ സന്ദേശം വിശ്വാസത്യാഗികൾക്കും പുരോഹിതന്മാർക്കും മറ്റു ചിലർക്കും ദഹിക്കുന്നില്ല. ക്രൈസ്തവലോകത്തിലെ ചില മതമണ്ഡലങ്ങളിൽ നിന്നുള്ള സമ്മർദത്തിനു വഴങ്ങി, നമുക്കെതിരെയുള്ള പോരാട്ടത്തെ നീതീകരിക്കുന്നതിനു വേണ്ടി നിയമത്തെ വളച്ചൊടിക്കാൻ ശത്രുക്കൾ ഇപ്പോൾ ശ്രമിക്കുകയാണ്. അതിനായി ചിലപ്പോൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്തെല്ലാമാണ്? പ്രവാചകനായ ദാനീയേലിനെ ആക്രമിക്കാൻ ഗൂഢാലോചകർ എന്താണു ചെയ്തത്? ദാനീയേൽ 6:4, 5-ൽ നാം ഇങ്ങനെ വായിക്കുന്നു: “ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുററവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെററും കുററവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറെറാരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.” സമാനമായി ഇന്ന്, ശത്രുക്കൾ ഒരു കള്ളക്കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്. “അപകടകരമായ മതഭേദങ്ങ”ളെ കുറിച്ച് മുറവിളി കൂട്ടുന്ന അവർ യഹോവയുടെ സാക്ഷികളുടെമേൽ അത്തരമൊരു മുദ്ര അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. കള്ളപ്രചാരണം, വക്രോക്തി, വ്യാജാരോപണം എന്നിവയൊക്കെ ഉപയോഗിച്ച് നമ്മുടെ ആരാധനാരീതിയെയും ദൈവിക തത്ത്വങ്ങളോടുള്ള വിശ്വസ്തതയെയും അവർ ആക്രമിക്കുന്നു.
11. യഹോവയുടെ സാക്ഷികളെ എതിർക്കുന്ന ചിലർ തെറ്റായ എന്തെല്ലാം പ്രസ്താവനകൾ നടത്തിയിരിക്കുന്നു?
11 ചില രാജ്യങ്ങളിലെ മത-രാഷ്ട്രീയ ഘടകങ്ങൾ, നാം “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി”യാണു ആചരിക്കുന്നതെന്ന് അംഗീകരിക്കാൻ വിസമ്മതിക്കുന്നു. (യാക്കോബ് 1:27) നമ്മുടെ ക്രിസ്തീയ പ്രവർത്തനങ്ങൾ 234 ദേശങ്ങളിൽ നടക്കുന്നുണ്ടെങ്കിലും, നാം ഒരു “അറിയപ്പെടുന്ന മതം” അല്ല എന്ന് അവർ വാദിക്കുന്നു. 1998-ൽ അന്താരാഷ്ട്ര കൺവെൻഷൻ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ്, ഏഥൻസിലെ ഒരു പത്രം “[യഹോവയുടെ സാക്ഷികൾ] ‘അറിയപ്പെടുന്ന ഒരു മതം’ അല്ല” എന്ന് ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതവർഗം പറയുന്നതായി ഉദ്ധരിച്ചു. അവർ അറിയപ്പെടുന്ന മതമാണെന്ന യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വിധി നിലവിലിരിക്കെയാണ് പുരോഹിതവർഗം ഈ പ്രസ്താവന നടത്തിയത്. ഏതാനും ദിവസങ്ങൾക്കു ശേഷം, സഭയുടെ ഒരു വക്താവ് പിൻവരുന്ന പ്രകാരം പറഞ്ഞതായി അതേ നഗരത്തിലെ മറ്റൊരു പത്രം റിപ്പോർട്ടു ചെയ്തു: “[യഹോവയുടെ സാക്ഷികളുടേത്] ‘യഥാർഥ ക്രിസ്തീയ മതം’ അല്ല. കാരണം, അവർ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നില്ല.” ഇതു വാസ്തവത്തിൽ അമ്പരപ്പിക്കുന്നതാണ്. കാരണം, യഹോവയുടെ സാക്ഷികളെ പോലെ യേശുക്രിസ്തുവിനെ അനുകരിക്കുന്നതിന് ഊന്നൽ നൽകുന്ന യാതൊരു മതവിഭാഗവും ഇല്ല!
12. നമ്മുടെ ആത്മീയ യുദ്ധത്തിൽ നാം എന്തു ചെയ്യേണ്ടതുണ്ട്?
12 നിയമപരമായ മാർഗങ്ങളിലൂടെ സുവാർത്തയ്ക്കു വേണ്ടി പ്രതിവാദം നടത്താനും അതിനെ സ്ഥാപിക്കാനും നാം ശ്രമിക്കുന്നു. (ഫിലിപ്പിയർ 1:7) എന്നുവരികിലും, ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കു ചേർച്ചയിലുള്ള നമ്മുടെ ഉറച്ച നിലപാടിൽ നാം വിട്ടുവീഴ്ച ചെയ്യുകയോ അതിൽ വെള്ളം ചേർക്കുകയോ ഇല്ല. (തീത്തൊസ് 2:10, 12) ദൈവത്തിനെതിരെ പോരാടുന്നവരെ ഭയപ്പെടാതെ നാം, യിരെമ്യാവിനെ പോലെ ‘അരകെട്ടി എഴുന്നേറ്റ് യഹോവ നമ്മോടു കല്പിക്കുന്നതൊക്കെയും പ്രസ്താവിക്കണം.’ (യിരെമ്യാവു 1:17, 18) നാം സ്വീകരിക്കേണ്ട ശരിയായ ഗതി തന്റെ വിശുദ്ധ വചനത്തിൽ യഹോവ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. ദുർബലമായ ‘മാംസഭുജത്തിൽ’ ആശ്രയിക്കാനോ ‘മിസ്രയീമിന്റെ’—ലോകത്തിന്റെ—‘നിഴലിലെ ശരണം’ തേടാനോ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. (2 ദിനവൃത്താന്തം 32:8; യെശയ്യാവു 30:3; 31:1-3) ആത്മീയ പോരാട്ടത്തിൽ, പൂർണ ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നതിലും നമ്മുടെ ചുവടുകൾ നയിക്കാൻ അവനെ അനുവദിക്കുന്നതിലും സ്വന്ത വിവേകത്തിൽ ആശ്രയിക്കാതിരിക്കുന്നതിലും നാം തുടരണം. (സദൃശവാക്യങ്ങൾ 3:5-7) നമുക്ക് യഹോവയുടെ പിന്തുണയും സംരക്ഷണവും ഇല്ലെങ്കിൽ, നമ്മുടെ അധ്വാനമെല്ലാം “വൃഥാ” ആയിത്തീരും.—സങ്കീർത്തനം 127:1.
പീഡിതരെങ്കിലും വിട്ടുവീഴ്ച ചെയ്യാത്തവർ
13. യേശുവിന്റെ മേലുള്ള സാത്താന്യ ആക്രമണം നിഷ്ഫലമായി എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
13 യഹോവയോടു വിട്ടുവീഴ്ച ചെയ്യാത്ത ഭക്തി കാണിക്കുന്നതിൽ ഏറ്റവും മികച്ച മാതൃക യേശുവാണ്. രാജ്യദ്രോഹകുറ്റം ചെയ്തുവെന്നും വ്യവസ്ഥാപിത സാമൂഹിക ക്രമത്തെ ഇളക്കിമറിക്കാൻ ശ്രമിച്ചുവെന്നും അവനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടു. കേസു പരിശോധിച്ച ശേഷം, യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തൊസിനു സമ്മതമായിരുന്നു. എന്നാൽ, നിർദോഷി ആയിരുന്നിട്ടും യേശുവിനെ തൂക്കിലേറ്റാൻ മതനേതാക്കന്മാരുടെ പ്രേരണയാൽ ജനക്കൂട്ടം ആർത്തുവിളിച്ചു. യേശുവിനു പകരം രാജ്യദ്രോഹകുറ്റത്തിനും കൊലപാതകത്തിനും തടവിലാക്കിയിരുന്ന ബറബ്ബാസിനെ വിട്ടയയ്ക്കാനാണ് അവർ ആവശ്യപ്പെട്ടത്! ന്യായബോധമില്ലാത്ത ആ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പീലാത്തൊസ് പിന്നെയും ശ്രമിച്ചെങ്കിലും, ഒടുവിൽ ജനക്കൂട്ടത്തിന്റെ മുറവിളിക്ക് അദ്ദേഹം വഴങ്ങി. (ലൂക്കൊസ് 23:2, 5, 14, 18-25) യേശു സ്തംഭത്തിൽ കിടന്നു മരിച്ചെങ്കിലും, നിർദോഷിയായ ദൈവപുത്രന്റെ മേലുള്ള ഏറ്റവും ഹീനമായ ആക്രമണം അമ്പേ പരാജയപ്പെട്ടു. കാരണം, യഹോവ യേശുവിനെ ഉയിർപ്പിച്ച് തന്റെ വലതുഭാഗത്ത് ഇരുത്തി. മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു മുഖാന്തരം പെന്തക്കോസ്തു നാളിൽ പരിശുദ്ധാത്മാവു പകരപ്പെട്ടു. അങ്ങനെ, “പുതിയ സൃഷ്ടി”യായ ക്രിസ്തീയ സഭ സ്ഥാപിതമായി.—2 കൊരിന്ത്യർ 5:17; പ്രവൃത്തികൾ 2:1-4.
14. യഹൂദ മതനേതാക്കന്മാർ യേശുവിന്റെ അനുഗാമികൾക്ക് എതിരെ പ്രവർത്തിച്ചതിന്റെ ഫലം എന്തായിരുന്നു?
14 താമസിയാതെ, മതനേതാക്കന്മാർ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരെ ഭീഷണിപ്പെടുത്തി. എങ്കിലും, തങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് അവർ നിറുത്തിയില്ല. യേശുവിന്റെ ശിഷ്യന്മാർ പിൻവരുന്ന പ്രകാരം പ്രാർഥിച്ചു: “കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. . . . നിന്റെ വചനം പൂർണ്ണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃത്തികൾ 4:29, 30) അവർക്കു പരിശുദ്ധാത്മാവു നൽകിക്കൊണ്ടും സുവാർത്താ ഘോഷണത്തിൽ നിർഭയം തുടരാൻ അവരെ ശക്തിപ്പെടുത്തിക്കൊണ്ടും യഹോവ അവരുടെ അപേക്ഷയ്ക്ക് ഉത്തരം നൽകി. എന്നാൽ, താമസിയാതെ പ്രസംഗ പ്രവർത്തനം നിറുത്താൻ അപ്പൊസ്തലന്മാർക്കു കൽപ്പന ലഭിച്ചു. എന്നാൽ പത്രൊസും മറ്റ് അപ്പൊസ്തലന്മാരും ഇങ്ങനെ മറുപടി പറഞ്ഞു: ‘ഞങ്ങൾ മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.’ (പ്രവൃത്തികൾ 5:29) ഭീഷണികളും അറസ്റ്റുകളും ചാട്ടയടികളുമൊന്നും തങ്ങളുടെ രാജ്യപ്രവർത്തനം വ്യാപിപ്പിക്കുന്നതിൽനിന്ന് അവരെ വ്യതിചലിപ്പിച്ചില്ല.
15. ഗമാലീയേൽ ആരായിരുന്നു, യേശുവിന്റെ അനുഗാമികളെ എതിർത്തവർക്ക് അദ്ദേഹം എന്തു ബുദ്ധിയുപദേശമാണ് നൽകിയത്?
15 മതനേതാക്കന്മാർ അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? “ഇതു കേട്ടപ്പോൾ അവർ കോപപരവശരായി [അപ്പൊസ്തലന്മാരെ] ഒടുക്കിക്കളവാൻ ഭാവിച്ചു.” എന്നിരുന്നാലും, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവും സകലരും ആദരിച്ചിരുന്നവനുമായ ഗമാലിയേൽ എന്ന ഒരു പരീശൻ അവിടെ സന്നിഹിതനായിരുന്നു. അപ്പൊസ്തലന്മാരെ സൻഹെദ്രിമിനു പുറത്തു നിറുത്തിയശേഷം, അദ്ദേഹം ആ മതനേതാക്കന്മാരെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. . . . ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞു കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ.”—പ്രവൃത്തികൾ 5:33-39.
നമുക്കെതിരെയുള്ള യാതൊരു ആയുധവും ഫലിക്കുകയില്ല
16. യഹോവ തന്റെ ജനത്തിനു നൽകുന്ന ഉറപ്പ് സ്വന്തം വാക്കുകളിൽ നിങ്ങൾ എങ്ങനെ വിശദീകരിക്കും?
16 ഗമാലീയേലിന്റെ ആ ബുദ്ധിയുപദേശം ന്യായയുക്തമായിരുന്നു. നമ്മെ അനുകൂലിച്ച് ആളുകൾ സംസാരിക്കുമ്പോൾ നാം അതു വിലമതിക്കുന്നു. നിഷ്പക്ഷരായ ജഡ്ജിമാർ നടത്തിയ കോടതിത്തീർപ്പുകളുടെ ഫലമായി ആരാധനാ സ്വാതന്ത്ര്യം മാനിക്കപ്പെട്ടിട്ടുള്ളതിലും നാം സന്തോഷിക്കുന്നു. തീർച്ചയായും, നാം ദൈവവചനത്തോടു പറ്റിനിൽക്കുന്നത് ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തിനും വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനിലെ മറ്റു മതനേതാക്കന്മാർക്കും ദഹിക്കുന്നില്ല. (വെളിപ്പാടു 18:1-3) അവരും അവരുടെ സ്വാധീനത്താൽ മറ്റുള്ളവരും നമുക്കെതിരെ പോരാടുന്നുണ്ടെങ്കിലും, നമുക്ക് ഈ ഉറപ്പുണ്ട്: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുററം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.”—യെശയ്യാവു 54:17.
17. ശത്രുക്കൾ നമുക്കെതിരെ പോരാടിയാലും, നാം ധൈര്യമുള്ളവർ ആയിരിക്കുന്നത് എന്തുകൊണ്ട്?
17 ശത്രുക്കൾ നമുക്കെതിരെ പോരാടുന്നത് യാതൊരു അടിസ്ഥാനവും കൂടാതെയാണ്, അധൈര്യപ്പെടാൻ നമുക്കു യാതൊരു കാരണവുമില്ല. (സങ്കീർത്തനം 109:1-3) വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യത്തക്കവണ്ണം നമ്മെ ഭീഷണിപ്പെടുത്താൻ നമ്മുടെ ബൈബിൾ സന്ദേശത്തെ ദ്വേഷിക്കുന്നവരെ നാം ഒരു പ്രകാരത്തിലും അനുവദിക്കുകയില്ല. നമ്മുടെ ആത്മീയ പോരാട്ടം ഭാവിയിൽ കൂടുതൽ തീവ്രമായിത്തീരുമെന്നു നാം പ്രതീക്ഷിക്കുന്നു. എങ്കിലും, അതിന്റെ അന്തിമഫലം എന്താണെന്നു നമുക്ക് അറിയാം. യിരെമ്യാവിനെ പോലെ, പ്രാവചനിക വാക്കുകളുടെ നിവൃത്തി നാം അനുഭവിച്ചറിയും: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാവു 1:19) അതേ, ദൈവത്തിനെതിരെ പോരാടുന്നവർ വിജയിക്കുകയില്ല എന്നു നമുക്ക് അറിയാം!
[അടിക്കുറിപ്പുകൾ]
a ഈ ലക്കത്തിന്റെ 24-8 പേജുകളിലുള്ള “നാസികളുടെ മർദനത്തിനു മുന്നിൽ വിശ്വസ്തരും നിർഭയരും” എന്ന ലേഖനം കാണുക.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
• യഹോവയുടെ ദാസന്മാർ ആക്രമിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
• ഏതു വിധങ്ങളിൽ ശത്രുക്കൾ യഹോവയുടെ ജനത്തിനെതിരെ പോരാടിയിരിക്കുന്നു?
• ദൈവത്തിനെതിരെ പോരാടുന്നവർ വിജയിക്കുകയില്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രം]
യഹോവ തന്നോടു കൂടെ ഉണ്ടായിരിക്കുമെന്ന് യിരെമ്യാവിന് ഉറപ്പു ലഭിച്ചു
[18-ാം പേജിലെ ചിത്രം]
തടങ്കൽപ്പാളയ അതിജീവകർ
[18-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളെ ജനക്കൂട്ടം ആക്രമിക്കുന്നു
[18-ാം പേജിലെ ചിത്രം]
ജെ. എഫ്. റഥർഫോർഡും സഹകാരികളും
[21-ാം പേജിലെ ചിത്രം]
യേശുവിന്റെ കാര്യത്തിൽ, ദൈവത്തിനെതിരെ പോരാടിയവർ വിജയിച്ചില്ല