അധികാരത്തോടുള്ള ആദരവ്—അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്മുടെ സ്വത്ത് മോഷ്ടിക്കുകയോ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഒരു കുറ്റവാളിയെ അറസ്റ്റു ചെയ്യാൻ പൊലീസിന് അധികാരമുള്ളതിൽ നാം സന്തുഷ്ടരല്ലേ? സമൂഹത്തെ സംരക്ഷിക്കാനായി കുറ്റവാളികളെ ശിക്ഷിക്കാൻ കോടതികൾക്ക് അധികാരമുള്ളതിൽ നാം കൃതജ്ഞതയുള്ളവരല്ലേ?
മരാമത്തു പ്രവർത്തനം, ശുചിത്വ നടപടികൾ, വിദ്യാഭ്യാസം തുടങ്ങിയ മറ്റു പൊതുജന സേവനങ്ങളും നമ്മുടെ മനസ്സിലേക്കു വന്നേക്കാം. സാധാരണഗതിയിൽ, ഗവൺമെന്റ് അധികാരികൾ ചുമത്തുന്ന നികുതികളിലൂടെയാണ് അതിന്റെ ചെലവുകൾ നികത്തപ്പെടുന്നത്. ഉചിതമായി നിയമിക്കപ്പെട്ടിരിക്കുന്ന അധികാരത്തെ ആദരിക്കുന്നതിൽ സത്യക്രിസ്ത്യാനികൾ മുന്നിട്ടുനിൽക്കുന്നു. എന്നാൽ ആ ആദരവ് ഏത് അളവുവരെ ആകാം? ജീവിതത്തിന്റെ ഏതൊക്കെ മണ്ഡലങ്ങളിലാണ് അധികാരത്തോടുള്ള ആദരവ് ആവശ്യമായിരിക്കുന്നത്?
സമൂഹത്തിലെ അധികാരം
സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിക്കുന്ന ഭരണാധികാരികളെ ആദരിക്കാൻ വിശ്വാസികളെന്നോ അവിശ്വാസികളെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരോടും ബൈബിൾ പറയുന്നു. ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് റോമിലെ തന്റെ സഹവിശ്വാസികൾക്ക് അതേക്കുറിച്ച് എഴുതി. റോമർ 13:1-7-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വാക്കുകൾ പരിചിന്തിക്കുന്നതു പ്രയോജനകരമാണ്.
പൗലൊസ് ഒരു റോമൻ പൗരനായിരുന്നു, റോം ആണെങ്കിൽ അന്നത്തെ ലോക ശക്തിയും. ഏകദേശം പൊ.യു. 56-ൽ എഴുതപ്പെട്ട പൗലൊസിന്റെ ലേഖനം മാതൃകായോഗ്യരായ പൗരന്മാരായിരിക്കാൻ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചു. അവൻ ഇങ്ങനെ എഴുതി: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.”
ദൈവം അനുവദിക്കാത്ത പക്ഷം യാതൊരു മാനുഷ അധികാരത്തിനും നിലനിൽക്കാനാവില്ലെന്ന് പൗലൊസ് ഇവിടെ വിശദീകരിക്കുന്നു. ആ അർഥത്തിൽ ശ്രേഷ്ഠാധികാരങ്ങൾക്ക് ദൈവോദ്ദേശ്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒരു ആപേക്ഷിക സ്ഥാനമുണ്ട്. അതുകൊണ്ട് “അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു.”
നല്ലതു ചെയ്യുന്ന പൗരന്മാരെ ശ്രേഷ്ഠാധികാരികൾ പ്രശംസിച്ചേക്കാം. അതേസമയം, തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരവും ഈ അധികാരികൾക്കുണ്ട്. “പ്രതികാരി”യായി വർത്തിക്കാൻ അധികാരികൾക്കുള്ള അവകാശത്തെ തെറ്റു ചെയ്യുന്നവർ ഭയപ്പെടേണ്ടതുണ്ട്. കാരണം “ദൈവശുശ്രൂഷക്കാരൻ” എന്ന നിലയിലാണ് ഗവൺമെന്റുകൾ അതു ചെയ്യുന്നത്.
പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് പൗലൊസ് തന്റെ ന്യായവാദം ഉപസംഹരിക്കുന്നു: “അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.”
നികുതികൾ തീരുമാനിക്കാനുള്ള അവകാശം നിക്ഷിപ്തം ആയിരിക്കുന്നതു ശ്രേഷ്ഠാധികാരികളിലാണ്, നികുതിദായകരിലല്ല. സത്യസന്ധനായ പൗരൻ ആയിരുന്നുകൊണ്ട് ഒരു ക്രിസ്ത്യാനി നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നു. ശ്രേഷ്ഠാധികാരങ്ങൾക്കു സ്വയം കീഴ്പെടുകയും ഉചിതമായ നികുതി കൊടുക്കുകയും ചെയ്യുന്നതിലൂടെ താൻ സമൂഹത്തിന്റെ നിലവാരം ഉയർത്തുക മാത്രമല്ല, ദിവ്യ വ്യവസ്ഥകൾ ജീവിതത്തിൽ ബാധകമാക്കുകയുംകൂടെ ആണെന്ന് ഒരു ക്രിസ്ത്യാനി തിരിച്ചറിയുന്നു.
കുടുംബവും അധികാരവും
കുടുംബത്തിലെ അധികാരത്തിന്റെ കാര്യമോ? ശൈശവദശയിൽ കുട്ടികൾ മിക്കപ്പോഴും കരയുകയും നിലവിളിക്കുകയുമൊക്കെ ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കും. വിവേകമുള്ള മാതാപിതാക്കൾ ദേഷ്യത്തോടെ പ്രതികരിക്കുന്നതിനു പകരം ശിശുവിന്റെ യഥാർഥ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കും. കുട്ടികൾ വളരുമ്പോൾ ചില മാതാപിതാക്കൾ അവരെ കയറൂരി വിടുകയും സ്വന്തം നിലവാരങ്ങൾ സ്ഥാപിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു. എന്നാൽ അനുഭവജ്ഞാനമില്ലാത്ത അവർ കുടുംബത്തിനും സമൂഹത്തിനും പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് കുറ്റകൃത്യത്തിലോ മറ്റ് അനാശാസ്യ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടേക്കാം. ഇന്നു മിക്ക പ്രാദേശിക അധികാരികൾക്കും അതു നന്നായി അറിയാം.
“വളരെ വൈകിയാണു മാതാപിതാക്കൾ കുട്ടികൾക്കു ശിക്ഷണം നൽകുന്നത്” എന്ന് നാം അർഹിക്കുന്ന കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരിയായ റോസലിൻഡ് മൈൽസ് പറയുന്നു. “കുട്ടികൾ ജനിക്കുന്ന നിമിഷത്തിൽത്തന്നെ അതു തുടങ്ങണം.” തുടക്കംമുതൽതന്നെ മാതാപിതാക്കൾ ദയാപുരസ്സരം ഇടപെടുകയും രക്ഷാകർത്താക്കൾ എന്ന നിലയിലുള്ള അധികാരത്തോടെ സംസാരിക്കുകയും പരസ്പര യോജിപ്പുള്ള വിധത്തിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ആ അധികാരസ്ഥാനത്തെയും അതിൽ നിന്നുള്ള ശിക്ഷണത്തെയും അംഗീകരിക്കാൻ കുട്ടികൾ എളുപ്പം പഠിക്കും.
കുടുംബത്തിലെ അധികാരത്തെ കുറിച്ചുള്ള ധാരാളം വിവരങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ, ജ്ഞാനിയായ ശലോമോൻ ദൈവഭയമുള്ള മാതാപിതാക്കൾക്കു കുട്ടികളോടുള്ള ബന്ധത്തിൽ ഉണ്ടായിരിക്കേണ്ട ഐക്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു: “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” (സദൃശവാക്യങ്ങൾ 1:8) കുട്ടികളെ പ്രബോധിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ അത്തരമൊരു ഏകീകൃത നിലപാടു സ്വീകരിക്കുമ്പോൾ, തങ്ങൾ എങ്ങനെയാണു പ്രവർത്തിക്കേണ്ടത് എന്നു കുട്ടികൾക്കു വ്യക്തമാകുന്നു. തങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തിക്കിട്ടാനായി കുട്ടികൾ ചിലപ്പോൾ മാതാപിതാക്കളിൽ ഒരാളെ മറ്റെയാൾക്ക് എതിരെ തിരിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ മാതാവും പിതാവും അധികാരം ഏകീകൃതമായ വിധത്തിൽ ഉപയോഗിക്കുന്നത് കുട്ടികളെ കാത്തുസംരക്ഷിക്കുന്നു.
കുട്ടികളുടെ മാത്രമല്ല ഭാര്യയുടെയും ആത്മീയ ക്ഷേമം കാത്തുരക്ഷിക്കാനുള്ള മുഖ്യ ഉത്തരവാദിത്വം ഭർത്താവിനാണെന്നു ബൈബിൾ വിശദീകരിക്കുന്നു. അതിനെ ശിരഃസ്ഥാനം എന്നു വിളിച്ചിരിക്കുന്നു. എന്നാൽ എപ്രകാരമാണു ശിരഃസ്ഥാനം പ്രയോഗിക്കേണ്ടത്? ക്രിസ്തു സഭയുടെ ശിരസ്സ് ആകുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സ് ആകുന്നുവെന്ന് പൗലൊസ് ചൂണ്ടിക്കാട്ടുന്നു. എന്നിട്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ [അവന്റെ ആത്മീയ മണവാട്ടിയെ] സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” (എഫെസ്യർ 5:25) യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട് സ്നേഹപൂർവം ശിരഃസ്ഥാനം പ്രയോഗിക്കുന്ന ഭർത്താവിനെ ഭാര്യ ‘ആഴമായി ആദരിക്കും.’ (എഫെസ്യർ 5:33, NW) അത്തരം കുടുംബത്തിലെ കുട്ടികളും ദൈവദത്ത അധികാരത്തിന്റെ മൂല്യം മനസ്സിലാക്കുകയും അത് അംഗീകരിക്കാൻ പ്രോത്സാഹിതരാകുകയും ചെയ്യും.—എഫെസ്യർ 6:1-3.
ഇണ മരിച്ചുപോയതു നിമിത്തമോ മറ്റു വിധങ്ങളിലോ ഏകാകിയായി തീർന്നിരിക്കുന്ന മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചെന്ത്? അവർക്ക് യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും അധികാരത്തെ ആശ്രയിക്കാനാകും. യേശു എല്ലായ്പോഴും അധികാരത്തോടെയാണ് സംസാരിച്ചത്, അതായത് തന്റെ പിതാവിന്റെയും നിശ്വസ്ത തിരുവെഴുത്തുകളുടെയും അധികാരത്തോടെ.—മത്തായി 4:1-10; 7:29; യോഹന്നാൻ 5:19, 30; 8:28.
കുട്ടികളുടെ പ്രശ്നങ്ങളോടു ബന്ധപ്പെട്ട മൂല്യവത്തായ ഒട്ടനവധി തത്ത്വങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. ഈ തത്ത്വങ്ങൾ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ കുട്ടികൾക്കു സഹായകമായ ബുദ്ധിയുപദേശം നൽകാൻ ഒരു മാതാവിന് അല്ലെങ്കിൽ പിതാവിന് കഴിയും. (ഉല്പത്തി 6:22; സദൃശവാക്യങ്ങൾ 13:20; മത്തായി 6:33; 1 കൊരിന്ത്യർ 15:33; ഫിലിപ്പിയർ 4:8, 9) തിരുവെഴുത്തുകളുടെ അധികാരത്തെ ആദരിക്കുന്നതിന്റെ പ്രയോജനങ്ങൾ വിലമതിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി വിശേഷാൽ തയ്യാറാക്കിയിരിക്കുന്ന ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും മാതാപിതാക്കൾക്ക് ഉപയോഗിക്കാവുന്നതാണ്.a
ക്രിസ്തീയ സഭയും അധികാരവും
“ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ.” (മത്തായി 17:5) ദിവ്യ അധികാരത്തോടെ സംസാരിക്കാൻ യേശുവിന് അനുവാദമുണ്ടെന്നു സാക്ഷ്യപ്പെടുത്തിയ ഈ വാക്കുകൾ ഉച്ചരിച്ചത് യഹോവയാം ദൈവംതന്നെയാണ്. യേശു പറഞ്ഞ കാര്യങ്ങൾ നമുക്ക് എളുപ്പം പരിശോധിക്കാൻ തക്കവിധം നാലു സുവിശേഷങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നു.
സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) സഭയുടെ ശിരസ്സ് എന്ന നിലയിൽ യേശു ഭൂമിയിലെ തന്റെ അഭിഷിക്ത അനുഗാമികളുടെ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. പൊ.യു. 33-ൽ അവരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നതു മുതൽ അവൻ അവരെ സത്യത്തിന്റെ സരണിയായി, “വിശ്വസ്തനും വിവേകിയുമായ അടിമ”യായി, ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. (മത്തായി 24:45-47, NW; പ്രവൃത്തികൾ 2:1-36) ക്രിസ്തീയ സഭയെ ബലപ്പെടുത്താനുള്ള ലക്ഷ്യത്തിൽ, ഇവയെല്ലാം നിർവഹിക്കുന്നതിന് അവൻ എന്താണ് ചെയ്തിരിക്കുന്നത്? “അവൻ ഉയരത്തിൽ കയറിയപ്പോൾ . . . മനുഷ്യരാം ദാനങ്ങളെ നൽകി.” (എഫെസ്യർ 4:8, NW) പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്ന ക്രിസ്തീയ മൂപ്പന്മാരാണ് ഈ “മനുഷ്യരാം ദാനങ്ങൾ.” സഹവിശ്വാസികളുടെ ആത്മീയ താത്പര്യങ്ങൾക്കു വേണ്ടി കരുതാൻ യേശു അവരെ അധികാരപ്പെടുത്തിയിരിക്കുന്നു.—പ്രവൃത്തികൾ 20:28.
ഈ കാരണത്താൽ പൗലൊസ് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.” ഈ വിശ്വസ്ത പുരുഷന്മാർ യേശുവിന്റെ കാലടികൾ അടുത്തു പിൻപറ്റുന്നതിനാൽ അവരുടെ വിശ്വാസം അനുകരിക്കുന്നതു ജ്ഞാനപൂർവകമാണ്. പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ. [“അവർക്കു നിങ്ങളുടെമേലുള്ള അധികാരത്തെ എല്ലായ്പോഴും അംഗീകരിച്ചുകൊണ്ട്,” ദി ആംപ്ലിഫൈഡ് ബൈബിൾ] അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.”—എബ്രായർ 13:7, 17.
ഇത്തരം മാർഗനിർദേശങ്ങളെ അവഗണിക്കുമ്പോൾ എന്താണു സംഭവിക്കുക? ആദിമ ക്രിസ്തീയ സഭയിലെ ചിലർ അപ്രകാരം ചെയ്തതിന്റെ ഫലമായി വിശ്വാസത്യാഗികളായിത്തീർന്നു. ഹുമനയോസും ഫിലേത്തൊസും ചിലരുടെ വിശ്വാസത്തെ തകിടംമറിക്കുകയും “ഭക്തിവിരുദ്ധമായ” വ്യർഥകാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്ന് ബൈബിൾ വിവരണം പറയുന്നു. പുനരുത്ഥാനം—തെളിവ് അനുസരിച്ച് ആത്മീയമോ പ്രതീകാത്മകമോ ആയ പുനരുത്ഥാനം—നടന്നുകഴിഞ്ഞെന്നും ആയതിനാൽ ദൈവരാജ്യത്തിൽ പുനരുത്ഥാനം ഉണ്ടായിരിക്കില്ലെന്നുമായിരുന്നു അവരുടെ ഒരു പഠിപ്പിക്കൽ.—2 തിമൊഥെയൊസ് 2:16-18.
നിയമിത അധികാരമുള്ളവരായിരുന്ന ക്രിസ്തീയ മൂപ്പന്മാർ രക്ഷയ്ക്കെത്തി. വിശ്വാസത്യാഗികളുടെ വാദമുഖങ്ങളെ ഖണ്ഡിക്കാൻ അവർക്കു കഴിഞ്ഞു. കാരണം യേശുക്രിസ്തുവിന്റെ പ്രതിനിധികൾ എന്ന നിലയിൽ അവർ തിരുവെഴുത്തിന്റെ അധികാരം ഉപയോഗിച്ചു. (2 തിമൊഥെയൊസ് 3:16, 17) “സത്യത്തിന്റെ തൂണും അടിസ്ഥാന”വും എന്ന് വർണിക്കപ്പെട്ടിരിക്കുന്ന ക്രിസ്തീയ സഭയിൽ ഇന്നും അതു സത്യമാണ്. (1 തിമൊഥെയൊസ് 3:15) ബൈബിളിന്റെ ഏടുകളിൽ ഒരു ഉത്തമ നിധിപോലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” വ്യാജപഠിപ്പിക്കലുകളാൽ ദുഷിപ്പിക്കപ്പെടാൻ ദൈവം ഒരിക്കലും അനുവദിക്കുകയില്ല.—2 തിമൊഥെയൊസ് 1:13, 14, NW.
ഇന്നത്തെ ലോകത്തിൽ അധികാരത്തോടുള്ള ആദരവ് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, സമൂഹത്തിലെയും കുടുംബത്തിലെയും ക്രിസ്തീയ സഭയിലെയും ഉചിതമായ അധികാരങ്ങൾ തങ്ങളുടെ പ്രയോജനത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ് എന്നു ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. അധികാരത്തോടുള്ള ആദരവ് നമ്മുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന് അനിവാര്യമാണ്. അത്തരം ദൈവദത്ത അധികാരങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നെങ്കിൽ ഏറ്റവും വലിയ അധികാരികൾ, അതായത് യഹോവയാം ദൈവവും യേശുക്രിസ്തുവും നമുക്ക് നിത്യനന്മ പ്രദാനം ചെയ്യും.—സങ്കീർത്തനം 119:165; എബ്രായർ 12:9.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകവും കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകവും കാണുക.
Photo by Josh Mathes, Collection of the Supreme Court of the United States
[5-ാം പേജിലെ ആകർഷക വാക്യം]
കുടുംബത്തിലെ അധികാരത്തെ കുറിച്ചുള്ള ധാരാളം വിവരങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു
[6-ാം പേജിലെ ചിത്രം]
ഏകാകികളായ മാതാപിതാക്കൾക്ക് യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും അധികാരത്തിൽ ആശ്രയിക്കാനാകും
[7-ാം പേജിലെ ചിത്രം]
സമൂഹത്തിലെയും കുടുംബത്തിലെയും ക്രിസ്തീയ സഭയിലെയും ഉചിതമായ അധികാരങ്ങൾ തങ്ങളുടെ പ്രയോജനത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ് എന്ന് ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു
[4-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Photo by Josh Mathes, Collection of the Supreme Court of the United States