വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w00 8/15 പേ. 3-4
  • വിദ്വേഷമെന്ന പകർച്ചവ്യാധി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിദ്വേഷമെന്ന പകർച്ചവ്യാധി
  • 2000 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • വിദ്വേഷം ദൂരികരിക്കാനുള്ള ഏക മാർഗം
    2000 വീക്ഷാഗോപുരം
  • വിദ്വേഷത്തിന്റെ മൂലകാരണങ്ങൾ
    ഉണരുക!—2001
  • എന്തു​കൊണ്ട്‌ ഇത്രയ​ധി​കം വിദ്വേ​ഷം?—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • സ്‌നേഹിക്കാൻ പഠിപ്പിക്കപ്പെടുന്ന ഒരു ജനത
    ഉണരുക!—1997
കൂടുതൽ കാണുക
2000 വീക്ഷാഗോപുരം
w00 8/15 പേ. 3-4

വിദ്വേഷമെന്ന പകർച്ചവ്യാധി

“ആളുകൾ തങ്ങൾ ദ്വേഷിക്കുന്നവരെ ഒരിക്കലും മനസ്സിലാക്കുന്നില്ല.”—ജെയിംസ്‌ റസ്സൽ ലോവെൽ, ഉപന്യാസകാരനും നയതന്ത്രജ്ഞനും.

എവിടെ തിരിഞ്ഞാലും വിദ്വേഷം നുരച്ചുപൊന്തുന്നതാണു നാം കാണുന്നത്‌. വിദ്വേഷത്തിന്റെ പ്രതീകങ്ങളായ ഉത്തര റ്റിമോർ, കൊസൊവോ, ലൈബീരിയ, ലിറ്റിൽടൺ, സാരെയെവോ തുടങ്ങിയ സ്ഥലനാമങ്ങളും നവനാസിസം, വെള്ളക്കാരുടെ മേധാവിത്വം, സ്‌കിൻഹെഡുകൾ—ഒരു വിഭാഗം യുവ അക്രമികൾ—തുടങ്ങിയ പ്രയോഗങ്ങളും കത്തിച്ചാമ്പലായ അവശിഷ്ടങ്ങളുടെയും ആളുകളെ കൂട്ടമായി കുഴിച്ചുമൂടിയ ശവക്കുഴികളുടെയും മൃതശരീരങ്ങളുടെയും ചിത്രങ്ങളും നമ്മുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചിരിക്കുന്നു.

വിദ്വേഷമോ യുദ്ധമോ അക്രമമോ ഇല്ലാത്ത ഒരു ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ തകർന്നടിഞ്ഞിരിക്കുന്നു. പരേതനായ ഫ്രഞ്ച്‌ പ്രസിഡന്റിന്റെ ഭാര്യ ഡാൻയെൽ മിറ്റെറാൻഡ്‌ രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള കാലത്തെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ആശ്രയയോഗ്യവും സഹോദരത്വം വാഴുന്നതുമായ ഒരു സമൂഹത്തിൽ മനസ്സമാധാനത്തോടെ ജീവിക്കുന്നതിനെ കുറിച്ച്‌, മറ്റുള്ളവരുമായി സമാധാനത്തിൽ കഴിയുന്നതിനെ കുറിച്ച്‌ ആളുകൾ സ്വപ്‌നം കണ്ടു; തങ്ങൾക്കു തണലേകുന്ന, ഈടുറ്റ അടിസ്ഥാനമുള്ള, സമൃദ്ധിയുടെ ഒരു ലോകത്തിൽ ആരോഗ്യത്തോടും സമാധാനത്തോടും കൂടെയുള്ള അന്തസ്സാർന്ന ഒരു ജീവിതമായിരുന്നു അവരുടെ ആ സ്വപ്‌നം.” ആ ഉദാത്ത സങ്കൽപ്പങ്ങൾക്ക്‌ എന്തു സംഭവിച്ചു? ശ്രീമതി ഡാൻയെൽ ഇങ്ങനെ വിലപിച്ചു: “ഇപ്പോൾ അരനൂറ്റാണ്ട്‌ പിന്നിട്ടിരിക്കുന്നു, എന്നിട്ടും അതു വെറുമൊരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു.”

ഇക്കാലത്തെ വിദ്വേഷം നിസ്സാരമായി എടുക്കാവുന്ന ഒന്നല്ല. അതു വളരെ വ്യാപകമാണ്‌, പ്രബലമാണ്‌. നിർദയമായ, പൂർവാധികം കിരാതമായ വിദ്വേഷ പ്രവൃത്തികളുടെ വർധനവിനാൽ മുമ്പ്‌ സുരക്ഷിതത്വബോധം തോന്നിയിരുന്ന ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ഇപ്പോൾ അതു തോന്നുന്നില്ല. സ്വന്തം പ്രദേശത്തോ രാജ്യത്തോ നാം വിദ്വേഷത്തിന്‌ ഇരയാകുന്നില്ലെങ്കിൽപ്പോലും, മറ്റു സ്ഥലങ്ങളിൽ നാം അതിന്‌ ഇരകളാകുന്നു. ടെലിവിഷൻ വാർത്തകളിലും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളിലും നാം ദിവസവും അതിന്റെ തെളിവു കാണുന്നു. വിദ്വേഷപൂരിതമായ ആശയങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ പോലും എത്തിയിരിക്കുന്നു. ഇങ്ങനെ പ്രബലമായിക്കൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.

കഴിഞ്ഞ നൂറ്റാണ്ടിൽ ദേശീയത്വ ചിന്താഗതി പൂർവാധികം പ്രബലമായി കാണപ്പെട്ടു. “ദേശീയത്വചിന്ത ലോകത്തിൽ മിക്കയിടങ്ങളിലും ദുർബലമാകുകയല്ല, പിന്നെയോ കരുത്താർജിക്കുകയാണ്‌. ഒരു ആഗോള ഗ്രാമത്തിനു പകരം, വർഗീയ വിദ്വേഷം പുലർത്തുന്ന, ഒറ്റപ്പെട്ടു കഴിയുന്ന ഗ്രാമങ്ങളാണ്‌ ഇന്നുള്ളത്‌. അതു ഫലത്തിൽ പോരാട്ട സാധ്യതകൾ വർധിപ്പിക്കുകയാണു ചെയ്യുന്നത്‌” ഹാർവാർഡ്‌ സെന്ററിലെ അന്താരാഷ്‌ട്ര വകുപ്പിന്റെ ഡയറക്‌ടറായ ജോസഫ്‌ എസ്‌. നൈ, ജൂനിയർ പ്രസ്‌താവിച്ചു.

മറ്റു തരത്തിലുള്ള ചില വിദ്വേഷങ്ങൾ എളുപ്പം തിരിച്ചറിയാൻ കഴിയാത്തവയും ഗുപ്‌തവുമാണ്‌. അവ ഒരു രാജ്യത്തിനുള്ളിലോ ഒരുവന്റെ ചുറ്റുവട്ടത്തു പോലുമോ കുടികൊള്ളുന്നു. 1999-ൽ കാനഡയിൽ വെച്ച്‌ വൃദ്ധനായ ഒരു സിക്കുകാരനെ അഞ്ചു യുവ അക്രമികൾ ചേർന്നു വധിച്ചു. പ്രസ്‌തുത സംഭവത്തെ “വർഗീയ സഹിഷ്‌ണുതയ്‌ക്കു മിക്കപ്പോഴും പ്രശംസിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തേക്കുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ തിരിച്ചുവരവ്‌ ആയി ചിലർ വീക്ഷിച്ചു.” മുമ്പൊക്കെ ജർമനിയിൽ വർഗീയ സ്വഭാവമുള്ള ആക്രമണങ്ങൾ കുറവായിരുന്നെങ്കിലും, 1997-ൽ അത്‌ 27 ശതമാനമായി വർധിച്ചു. “നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണതയാണ്‌ ഇത്‌” എന്ന്‌ ആഭ്യന്തര മന്ത്രിയായ മാൻഫ്രേറ്റ്‌ കാന്റർ അഭിപ്രായപ്പെട്ടു.

കുടുംബ ശത്രുക്കൾ വെടിവെക്കുമെന്ന ഭയമുള്ളതുകൊണ്ട്‌ ഉത്തര അൽബേനിയയിലെ 6,000-ത്തിലധികം കുട്ടികൾക്ക്‌ സ്വന്തം വീടുകളിൽ തടവുകാരെ പോലെ കഴിയേണ്ടിവന്നിരിക്കുന്നു എന്ന്‌ ഒരു റിപ്പോർട്ടു വെളിപ്പെടുത്തി. “ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം തകിടംമറിച്ച” കുടിപ്പകയുടെ ഇരകളാണ്‌ ഈ കുട്ടികൾ. അമേരിക്കയിലെ കാര്യമെടുക്കാം. “1998-ൽ അമേരിക്കൻ പൊലീസിൽ റിപ്പോർട്ടു ചെയ്യപ്പെട്ട വിദ്വേഷ സംബന്ധമായ 7,755 കുറ്റകൃത്യങ്ങളിൽ പകുതിയിൽ അധികവും വർഗീയ മുൻവിധിയാൽ പ്രേരിതമായിരുന്നു” എന്ന്‌ അവിടത്തെ പോലീസ്‌ വിഭാഗം (എഫ്‌ബിഐ) പറയുന്നു. ശേഷിക്കുന്ന വിദ്വേഷപൂരിത കുറ്റകൃത്യങ്ങളിൽ ചിലവയ്‌ക്കു നിദാനം മറ്റുള്ളവരുടെ മതം, വംശം, ദേശം എന്നിവ സംബന്ധിച്ച മുൻവിധിയും വികലാംഗരോടുള്ള ദ്വേഷവുമാണ്‌.

മാത്രമല്ല, ഓരോ ദിവസത്തെയും പത്രവാർത്താ തലക്കെട്ടുകൾ വിദേശീവിദ്വേഷത്തിന്റെ വർധനവിനു തെളിവു നൽകുന്നു. അഭയാർഥികളാണ്‌ പ്രധാനമായും ഇതിന്‌ ഇരകളാകുന്നത്‌. ഇപ്പോൾ അവരുടെ സംഖ്യ 2 കോടി 10 ലക്ഷത്തിലധികം വരും. ദുഃഖകരമെന്നേ പറയേണ്ടൂ, വിദേശികളോടു വിദ്വേഷം പുലർത്തുന്നവരിൽ അധികവും യുവാക്കളാണ്‌. അതിന്‌ അവരെ പ്രോത്സാഹിപ്പിക്കുന്നത്‌ തത്ത്വദീക്ഷയില്ലാത്ത രാഷ്‌ട്രീയ നേതാക്കളും മറ്റുള്ളവരെ ബലിയാടുകളാക്കാൻ തക്കം പാർത്തിരിക്കുന്നവരുമാണ്‌. വിദേശീവിദ്വേഷത്തിന്റെ അത്ര പ്രകടമല്ലാത്ത അടയാളങ്ങളാണ്‌ ഇതര പശ്ചാത്തലങ്ങളിൽ പെട്ടവരിലുള്ള വിശ്വാസമില്ലായ്‌മയും അവരോടുള്ള അസഹിഷ്‌ണുതയും മുൻവിധിയുമൊക്കെ.

വിദ്വേഷമെന്ന പകർച്ചവ്യാധിയുടെ ചില കാരണങ്ങൾ എന്തൊക്കെയാണ്‌? അതു ദൂരികരിക്കുന്നതിന്‌ എന്തു ചെയ്യാനാകും? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുന്നു.

[3-ാം പേജിലെ ചിത്രം]

Daud/Sipa Press

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക