‘അവർ നന്മയെയും സ്നേഹത്തെയും കുറിച്ചാണു സംസാരിക്കുന്നത്’
സമീപ വർഷങ്ങളിൽ ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ ശക്തമായ ദുഷ്പ്രചാരണങ്ങൾക്ക് ഇരകളായിരിക്കുന്നു. അർധ സത്യങ്ങളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് പൊതുജനങ്ങളുടെ മുന്നിൽ സാക്ഷികളെ കരിതേച്ചു കാണിക്കാൻ എതിരാളികൾ ശ്രമിച്ചിരിക്കുന്നു. 1999-ന്റെ തുടക്കത്തിൽ യഹോവയുടെ സാക്ഷികൾ ഫ്രാൻസിലെ ജനങ്ങളേ, നിങ്ങൾ വഞ്ചിക്കപ്പെടുന്നു! എന്ന ശീർഷകത്തിലുള്ള ഒരു ലഘുലേഖയുടെ 1.2 കോടി പ്രതികൾ രാജ്യത്തുടനീളം വിതരണം ചെയ്തു. തങ്ങളെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളെ പ്രസ്തുത ലഘുലേഖയിൽ അവർ അപലപിച്ചു.
ആ പ്രചാരണ പരിപാടിക്ക് ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു ഡോക്ടറും മുൻ പാർലമെന്റ് അംഗവും ആയ ശ്രീ. ഷാൻ ബോനോം ഒരു പ്രാദേശിക പത്രത്തിന് ഒരു തുറന്ന കത്ത് അയച്ചു. അതു ഭാഗികമായി ഇങ്ങനെ വായിക്കുന്നു: “യഹോവയുടെ സാക്ഷികൾ ഇടയ്ക്കിടെ എന്റെ വീട്ടിൽ വരാറുണ്ട്. അവർ നന്മയെയും സാർവലൗകിക സ്നേഹത്തെയും കുറിച്ചാണ് എന്നോടു സംസാരിക്കുന്നത്. . . . തങ്ങളുടെ ആശയങ്ങൾ കേൾക്കാൻ അവർ ആരെയും നിർബന്ധിക്കാറില്ല. വളരെ സൗമ്യതയോടെയാണ് അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവർ ദയാപുരസ്സരം കേൾക്കുകയും ചെയ്യുന്നു.”
യഹോവയുടെ സാക്ഷികളുടെ ആത്മീയ വീക്ഷണത്തെ പരാമർശിച്ചുകൊണ്ട് ശ്രീ. ബോനോം ഇങ്ങനെ പറഞ്ഞു: “അവർ ലൗകികമായി വലിയ ജ്ഞാനികൾ അല്ല എന്നതുകൊണ്ട് യാതൊരു ദോഷവുമില്ല. നേരെ മറിച്ച്, ചില രാഷ്ട്രീയ നേതാക്കളുടെ അജ്ഞതയാണ് പൗരന്മാരുടെ സമാധാനത്തിനും സമൂഹത്തിന്റെ ഐക്യത്തിനും ഭീഷണിയായിരിക്കുന്നത്.”