അപകട സാധ്യത സഹിതമുള്ള ജീവിതം
“അനുദിന ജീവിതത്തിൽ നാം ചെയ്യുന്ന ഏതൊരു സംഗതിയും—എന്തിന്, ഉറക്കം പോലും—ജീവന് ആപത്കരമായേക്കാം.”—ഡിസ്കവർ മാഗസിൻ.
പരിക്കോ മരണമോ ഏതു സമയത്തും, തികച്ചും അപ്രതീക്ഷിതമായിട്ടായിരിക്കാം സംഭവിക്കുന്നത്. ഇക്കാരണത്താൽ, ജീവിതത്തെ കുഴിബോബുകൾ പാകിയ സ്ഥലത്തുകൂടെ നടക്കുന്നതിനോട് ഉപമിച്ചിരിക്കുന്നു. ഇവ സംഭവിക്കാനുള്ള കാരണങ്ങൾ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. അവയിൽ റോഡപകടങ്ങൾ, ആഭ്യന്തര യുദ്ധം, ക്ഷാമം, എയ്ഡ്സ്, കാൻസർ, ഹൃദ്രോഗം എന്നിങ്ങനെ പലതും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേശത്ത് അടുത്തയിടെ ഒരു വർഷത്തിൽ ആളുകളെ കൊന്നൊടുക്കിക്കൊണ്ട് എയ്ഡ്സ് ഒന്നാം സ്ഥാനത്ത് എത്തി. “22 ലക്ഷം പേരുടെ ജീവനാണ് അത് അപഹരിച്ചത്. ആഫ്രിക്കയിലെമ്പാടുമായി നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ പത്തു മടങ്ങ് വരുമത്” എന്ന് യു. എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു.
അതേസമയം, ആയുർ ദൈർഘ്യം കൂട്ടാനും വൈകല്യവും രോഗവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ലോകവ്യാപകമായി വൻതുക ചെലവിട്ടുകൊണ്ടിരിക്കുന്നു. നല്ല ആഹാരശീലങ്ങൾ, വ്യായാമം എന്നിവപോലെയുള്ള കാര്യങ്ങൾക്ക് കുറെയൊക്കെ പ്രയോജനം ചെയ്യാൻ കഴിയും. എന്നിരുന്നാലും, ജീവിതത്തിന്റെ എല്ലാ സുപ്രധാന വശങ്ങളെയും സംബന്ധിച്ചുള്ള ആശ്രയയോഗ്യമായ വിവരങ്ങൾ നിങ്ങൾക്ക് നൽകുന്ന ഒരു ഉറവുണ്ട്. കൂടുതൽ ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതം ആസ്വദിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ അതിന് കഴിയും. ആ ഉറവ് ബൈബിളാണ്. നമ്മുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന നാനാവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ മാർഗനിർദേശങ്ങൾ അതിൽ അടങ്ങിയിരിക്കു
ന്നു. ഓരോ പ്രശ്നത്തെ കുറിച്ചും വളരെ വിശദമായി ബൈബിൾ ചർച്ച ചെയ്യുന്നില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, ആഹാരശീലങ്ങൾ, ശരീരവ്യായാമം, മനോഭാവം, ലൈംഗികത എന്നീ കാര്യങ്ങളിൽ മാത്രമല്ല, മദ്യം, പുകയില, “വിനോദത്തിനുവേണ്ടിയുള്ള” മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള മറ്റനേകം കാര്യങ്ങളിലും നമുക്ക് വഴികാട്ടിയായി ഉതകുന്ന അത്യുത്തമ തത്ത്വങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു.
മിക്കവരുടെയും ജീവിതം ഇന്ന് സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ ഭാരം പേറുന്നതാണ്. ഇവിടെയും ബൈബിൾ നമ്മുടെ സഹായത്തിനെത്തുന്നു. പണത്തെയും അതിന്റെ ഉപയോഗത്തെയും സംബന്ധിച്ച് ജ്ഞാനപൂർവകമായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ അത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, ഏറ്റവും മെച്ചപ്പെട്ട ഒരു തൊഴിലുടമയോ തൊഴിലാളിയോ ആയിരിക്കേണ്ടത് എങ്ങനെയെന്നും അതു കാണിച്ചുതരുന്നു. ലളിതമായി പറഞ്ഞാൽ, ബൈബിൾ സാമ്പത്തിക സുരക്ഷയ്ക്കും ശാരീരിക ക്ഷേമത്തിനും മാത്രമല്ല മുഴു ജീവിതത്തിനും ഒരു ഉത്തമ വഴികാട്ടിയാണ്. ബൈബിൾ എങ്ങനെയാണ് ഇക്കാലത്ത് പ്രായോഗികമായിരിക്കുന്നത്? ഇതു മനസ്സിലാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ തുടർന്നു വായിക്കുക.