യഥാർഥ ക്രിസ്ത്യാനിത്വം വിജയം വരിക്കുന്നു!
“കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.”—പ്രവൃത്തികൾ 19:20.
1. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ വളർച്ചയെ കുറിച്ച് വിവരിക്കുക.
ദൈവാത്മാവിന്റെ ശക്തിയാൽ പ്രചോദിതരായി തകർക്കാനാവാത്ത തീക്ഷ്ണതയോടെ ആദിമ ക്രിസ്ത്യാനികൾ ദൈവവചനം ഘോഷിച്ചു. ഒരു ചരിത്രകാരൻ ഇങ്ങനെ എഴുതി: “റോമൻ ലോകത്തിലുടനീളം ശ്രദ്ധേയമായ വേഗത്തിൽ ക്രിസ്ത്യാനിത്വം പരന്നിരുന്നു. 100-ാം ആണ്ട് ആയപ്പോഴേക്കും മെഡിറ്ററേനിയൻ തീരത്തുള്ള എല്ലാ പ്രവിശ്യകളിലും ഒരു ക്രിസ്തീയ സമൂഹം ഉണ്ടായിരുന്നു.”
2. സാത്താൻ സുവാർത്തയെ ചെറുക്കാൻ ശ്രമിച്ചത് എങ്ങനെ, അതു മുൻകൂട്ടി പറയപ്പെട്ടിരുന്നത് എങ്ങനെ?
2 ആദിമ ക്രിസ്ത്യാനികളെ നിശ്ശബ്ദരാക്കാൻ പിശാചായ സാത്താനു കഴിഞ്ഞില്ല. അതിനാൽ, മറ്റൊരു മാർഗത്തിലൂടെ അതായത് വിശ്വാസത്യാഗത്തിലൂടെ സുവാർത്തയുടെ ഫലത്തെ നിർവീര്യമാക്കാൻ അവൻ ശ്രമിച്ചു. കോതമ്പിനെയും കളകളെയും കുറിച്ചുള്ള ഉപമയിൽ അതേക്കുറിച്ച് യേശു മുൻകൂട്ടി പറഞ്ഞിരുന്നു. (മത്തായി 13:24-30, 36-43) നാശകരമായ മതഭേദങ്ങൾ ഉയർന്നുവരാൻ ഇടയാക്കിക്കൊണ്ട് സഭയ്ക്കുള്ളിൽ ദുരുപദേഷ്ടാക്കന്മാർ എഴുന്നേൽക്കുമെന്ന് പത്രൊസ് അപ്പൊസ്തലനും മുന്നറിയിപ്പു നൽകുകയുണ്ടായി. (2 പത്രൊസ് 2:1-3) സമാനമായി, യഹോവയുടെ ദിവസത്തിനു മുമ്പെ വിശ്വാസത്യാഗം ഉടലെടുക്കുമെന്ന് പൗലൊസ് അപ്പൊസ്തലനും വ്യക്തമായി മുന്നറിയിപ്പു നൽകിയിരുന്നു.—2 തെസ്സലൊനീക്യർ 2:1-3.
3. അപ്പൊസ്തലന്മാരുടെ മരണശേഷം എന്തു സംഭവിച്ചു?
3 അപ്പൊസ്തലന്മാരുടെ മരണശേഷം, പുറജാതീയ പഠിപ്പിക്കലുകളും തത്ത്വചിന്തകളും സുവാർത്തയുടെ മേൽ കരിനിഴൽ വീഴ്ത്തി. മുൻകൂട്ടി പറഞ്ഞതുപോലെ, ദുരുപദേഷ്ടാക്കന്മാർ സത്യത്തിന്റെ സന്ദേശം വളച്ചൊടിക്കുകയും അതിനെ മലിനമാക്കുകയും ചെയ്തു. ക്രമേണ, ക്രൈസ്തവലോകം എന്നു വിളിക്കപ്പെട്ട കപടക്രിസ്ത്യാനിത്വം യഥാർഥ ക്രിസ്ത്യാനിത്വത്തെ മൂടിക്കളഞ്ഞു. സാധാരണക്കാരുടെ അടുക്കൽ ബൈബിൾ എത്തുന്നതു തടയാൻ ശ്രമിച്ച ഒരു പുരോഹിതവർഗം ഉടലെടുത്തു. തങ്ങളെത്തന്നെ ക്രിസ്ത്യാനികൾ എന്നു വിളിച്ചവരുടെ അംഗസംഖ്യ വർധിച്ചെങ്കിലും അവരുടെ ആരാധന ശുദ്ധമായിരുന്നില്ല. ക്രൈസ്തവലോകം പല ദേശങ്ങളിലേക്കും വ്യാപിക്കുകയും പാശ്ചാത്യ ലോകത്ത് ശക്തമായ ഒരു പ്രസ്ഥാനവും സ്വാധീനവും ആയിത്തീരുകയും ചെയ്തു. എന്നാൽ അതിന് ഒരിക്കലും ദൈവത്തിന്റെ അനുഗ്രഹമോ ആത്മാവോ ഉണ്ടായിരുന്നില്ല.
4. ദൈവോദ്ദേശ്യത്തെ പരാജയപ്പെടുത്താനുള്ള സാത്താന്റെ പദ്ധതി വിഫലമായത് എങ്ങനെ?
4 എന്നിരുന്നാലും, യഹോവയുടെ ഉദ്ദേശ്യം വിഫലമാക്കാനുള്ള സാത്താന്റെ പദ്ധതി പരാജയപ്പെടുമായിരുന്നു. വിശ്വാസത്യാഗത്തിന്റെ ഏറ്റവും ഇരുണ്ട നാളുകളിൽ പോലും ചിലർ സത്യക്രിസ്ത്യാനിത്വം ആചരിച്ചിരുന്നു. ആളുകൾ വളരെയേറെ ത്യാഗം സഹിച്ച് അതീവ കൃത്യതയോടെ ബൈബിൾ പകർത്തിയെഴുതി. അങ്ങനെ ബൈബിൾ മാറ്റമില്ലാതെ തുടർന്നു. എങ്കിലും, അതു പഠിപ്പിക്കാൻ അധികാരമുണ്ട് എന്ന് അവകാശപ്പെട്ടിരുന്ന പലരും അതിലെ സന്ദേശം വളച്ചൊടിച്ചു. നൂറ്റാണ്ടുകളിലുടനീളം ജെറോമിനെയും ടിൻഡെയ്ലിനെയും പോലുള്ള പണ്ഡിതന്മാർ സധൈര്യം ദൈവവചനം പരിഭാഷപ്പെടുത്തി വിതരണം ചെയ്തു. അങ്ങനെ കോടിക്കണക്കിന് ആളുകൾ ബൈബിളുമായും അന്നു നിലവിലിരുന്ന ക്രിസ്ത്യാനിത്വവുമായും സമ്പർക്കത്തിൽ വന്നു, അത് വ്യാജമായിരുന്നെങ്കിലും.
5. യഥാർഥ ‘ജ്ഞാന’ത്തെ കുറിച്ച് പ്രവാചകനായ ദാനീയേൽ എന്തു മുൻകൂട്ടി പറഞ്ഞു?
5 പിൽക്കാലത്ത്, ദാനീയേൽ പുസ്തകത്തിൽ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, യഥാർഥ ‘ജ്ഞാനം വർധിക്കുകയുണ്ടായി.’ അത് നാം ജീവിക്കുന്ന ‘അന്ത്യകാലത്താണ്’ സംഭവിച്ചത്. (ദാനീയേൽ 12:4) പരിശുദ്ധാത്മാവ് ലോകമെങ്ങുമുള്ള സത്യസ്നേഹികളെ സത്യദൈവത്തെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനത്തിലേക്കു നയിച്ചിരിക്കുന്നു. അനേക നൂറ്റാണ്ടുകളിൽ വിശ്വാസത്യാഗപരമായ പഠിപ്പിക്കൽ ഉണ്ടായിരുന്നിട്ടും ദൈവവചനം വിജയിച്ചിരിക്കുന്നു! ഇന്ന് എല്ലായിടത്തും സുവാർത്ത പ്രസംഗിക്കപ്പെടുന്നുണ്ട്. ആ സുവാർത്ത അത്ഭുതകരമായ ഒരു പുതിയ ലോകത്തിന്റെ പ്രത്യാശയിലേക്ക് ആളുകളുടെ ശ്രദ്ധയെ തിരിക്കുന്നു. (സങ്കീർത്തനം 37:11) ദൈവവചനത്തിന്റെ ആധുനികകാല വളർച്ചയെ കുറിച്ച് നമുക്ക് ഇനി പരിചിന്തിക്കാം.
വചനത്തിന്റെ വളർച്ച ഇന്ന്
6. 1914 ആയപ്പോഴേക്കും ഏതു സത്യങ്ങളാണ് ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കിയത്?
6 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ബൈബിൾ സത്യം ഒരു ചെറിയ കൂട്ടം ബൈബിൾ വിദ്യാർഥികൾക്ക് ഉണർവേകി. അവർ ഇന്ന് യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു. 1914 ആയപ്പോഴേക്കും അവർ ബൈബിൾ സത്യങ്ങൾ കൂടുതലായി മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ച അത്ഭുതകരമായ സത്യങ്ങൾ അവർ മനസ്സിലാക്കി. നിത്യജീവനിലേക്കുള്ള വഴി തുറന്നുകൊണ്ട് ഭൂമിയിലേക്കു തന്റെ പുത്രനെ അയച്ചതിൽ യഹോവ പ്രകടമാക്കിയ സ്നേഹം അവർക്ക് ആഴമായ പ്രചോദനമായി വർത്തിച്ചു. അവർ ദൈവത്തിന്റെ നാമത്തെയും വ്യക്തിത്വത്തെയും അറിയാനും വിലമതിക്കാനും ഇടയായി. കൂടുതലായി, “ജാതികളുടെ കാലം” കഴിഞ്ഞെന്നും മനുഷ്യവർഗത്തിന് രാജ്യാനുഗ്രഹങ്ങൾ കൈവരുത്താനുള്ള സമയം അടുത്തിരിക്കുന്നുവെന്നും അവർ മനസ്സിലാക്കി. (ലൂക്കൊസ് 21:24) എത്ര മഹത്തായ സുവാർത്ത! ഈ പ്രൗഢമായ സത്യങ്ങൾ എല്ലായിടത്തുമുള്ള എല്ലാവരുമായും പങ്കുവെക്കണമായിരുന്നു. ആളുകളുടെ ജീവൻ അപകടത്തിലായിരുന്നു!
7. ആധുനിക കാലങ്ങളിൽ ബൈബിൾ സത്യം വിജയം നേടിയിരിക്കുന്നത് എങ്ങനെ?
7 ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ ആ ചെറിയ കൂട്ടത്തെ യഹോവ അനുഗ്രഹിച്ചു. ഇന്ന്, സത്യക്രിസ്ത്യാനിത്വം സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെ എണ്ണം 60 ലക്ഷം കവിഞ്ഞിരിക്കുന്നു. ദൈവവചനം ഭൂവ്യാപകമായി പ്രചരിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് 235 ദേശങ്ങളിൽ യഹോവയുടെ സാക്ഷികളെ കാണാം. മാത്രമല്ല, മതപരവും അല്ലാത്തതുമായ പ്രതിബന്ധങ്ങളെ മറികടന്നുകൊണ്ട് ബൈബിൾ സത്യം പ്രഭാവം ചെലുത്തിയിരിക്കുന്നു. യേശു രാജ്യാധികാരത്തോടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ അനിഷേധ്യമായ ഒരു തെളിവാണ് ഈ ആഗോള പ്രസംഗ പ്രവർത്തനം.—മത്തായി 24:3, 14.
8. യഹോവയുടെ സാക്ഷികളുടെ വർധനയെ കുറിച്ച് ചിലർ എന്തു പറഞ്ഞിരിക്കുന്നു?
8 ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനിത്വത്തിന്റെ വളർച്ചയെ കുറിച്ച് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടതു പോലെ, ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ വർധനയെ കുറിച്ച് പല പണ്ഡിതന്മാരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ രണ്ടു പണ്ഡിതന്മാർ കൂട്ടായി ഇങ്ങനെ പ്രസ്താവിച്ചു: “കഴിഞ്ഞ 75 വർഷത്തെ യഹോവയുടെ സാക്ഷികളുടെ വർധനയുടെ നിരക്ക് അസാധാരണമായിരുന്നു . . . അതും ആഗോള അടിസ്ഥാനത്തിൽ.” “ഏറ്റവും വേഗത്തിൽ വളരുന്നതും ബൈബിൾ പഠിപ്പിക്കലുകളോടു പൂർണമായി പറ്റിനിൽക്കുന്നതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ അങ്ങേയറ്റം ആദരിക്കപ്പെടുന്നതുമായ മതവിഭാഗങ്ങളിൽ ഒന്ന്” എന്നാണ് ഒരു പൂർവ ആഫ്രിക്കൻ പത്രിക സാക്ഷികളെ കുറിച്ചു പറയുന്നത്. യൂറോപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പരമ്പരാഗത കത്തോലിക്കാ പത്രിക “യഹോവയുടെ സാക്ഷികളുടെ വിസ്മയകരമായ വർധന”യെ കുറിച്ചു പറയുന്നു. ഈ വർധനയ്ക്കു നിദാനം എന്താണ്?
പരിശുദ്ധാത്മാവ് ഇന്ന് പ്രവർത്തനത്തിൽ
9. (എ) ദൈവവചനം വിജയിക്കാനുള്ള ഒരു പ്രാഥമിക കാരണം എന്ത്? (ബി) യഹോവ ആളുകളെ തന്നിലേക്കു കൂട്ടിവരുത്തുന്നത് എങ്ങനെ?
9 ഇന്ന് ദൈവവചനം വിജയിക്കാനുള്ള ഒരു പ്രാഥമിക കാരണം, ഒന്നാം നൂറ്റാണ്ടിലെപ്പോലെ യഹോവയുടെ ആത്മാവ് ശക്തമാംവിധം പ്രവർത്തന നിരതമാണെന്നുള്ളതാണ്. യേശു പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:44) ശരിയായ മനോനിലയുള്ളവരുടെ ഹൃദയത്തെ പ്രചോദിപ്പിച്ചുകൊണ്ട് ദൈവം അവരെ സൗമ്യമായി ആകർഷിക്കുന്നുവെന്ന് ഈ വാക്കുകൾ പ്രകടമാക്കുന്നു. തന്റെ സാക്ഷികളുടെ പ്രസംഗ പ്രവർത്തനത്തിലൂടെ “സകല ജാതികളുടെയും മനോഹരവസ്തു”ക്കളെ അതായത് സൗമ്യതയുള്ള, ചെമ്മരിയാടുതുല്യരായ ഭൂമിയിലെ ആളുകളെ യഹോവ തന്റെ സേവനത്തിനായി കൂട്ടിവരുത്തുകയാണ്.—ഹഗ്ഗായി 2:6, 7.
10. എങ്ങനെയുള്ള ആളുകളാണ് ദൈവവചനത്തോടു പ്രതികരിച്ചിട്ടുള്ളത്?
10 ദൈവത്തിന്റെ വചനം ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിൽ എത്തിക്കാൻ മാത്രമല്ല പരിശുദ്ധാത്മാവ് ദൈവജനത്തെ ശക്തീകരിച്ചിരിക്കുന്നത്, സുവാർത്തയോടു പ്രതികരിക്കാൻ അത് എല്ലാ തരത്തിലുമുള്ള ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും, ദൈവവചനം സ്വീകരിച്ചിരിക്കുന്നവർ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നാണ് വന്നിരിക്കുന്നത്. (വെളിപ്പാടു 5:9; 7:9, 10) അവർ സമ്പന്നരുടെയും ദരിദ്രരുടെയും നല്ല പഠിപ്പുള്ളവരുടെയും ഇല്ലാത്തവരുടെയും ഇടയിൽനിന്നു വരുന്നവരാണ്. ചിലർ ദൈവവചനം സ്വീകരിച്ചത് യുദ്ധവും കടുത്ത പീഡനവും ഉള്ള അവസ്ഥകളിൽ ആയിരുന്നെങ്കിൽ, മറ്റു ചിലർ സമാധാനവും സമൃദ്ധിയും ഉള്ള സമയത്താണ് അത് സ്വീകരിച്ചത്. ഏതുതരം ഗവൺമെന്റുകൾക്കു കീഴിലും എല്ലാത്തരം സംസ്കാരങ്ങളിലുമുള്ള, തടങ്കൽപ്പാളയത്തിൽ തുടങ്ങി കൊട്ടാരത്തിൽ വരെയുള്ള ആളുകൾ സുവാർത്തയോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
11. ദൈവജനത്തിന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് എങ്ങനെ, എന്തു വ്യത്യാസം പ്രകടമാണ്?
11 ദൈവജനത്തിനിടയിൽ അതിശയകരമായ വൈവിധ്യം ഉണ്ടായിരുന്നിട്ടും, അവർ അന്യോന്യം ഐക്യത്തിൽ കഴിയുന്നു. (സങ്കീർത്തനം 133:1-3) ദൈവത്തെ സേവിക്കുന്നവരുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് പ്രഭാവം ചെലുത്തുന്നു എന്നതിന്റെ കൂടുതലായ തെളിവാണ് ഇത്. സ്നേഹം, സന്തോഷം, സമാധാനം, ദയ എന്നിവയും മറ്റ് ആകർഷകമായ ഗുണങ്ങളും പ്രകടിപ്പിക്കാൻ അവന്റെ ദാസന്മാരെ പ്രാപ്തരാക്കുന്ന, ഗുണകരമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് അവന്റെ ആത്മാവ്. (ഗലാത്യർ 5:22, 23) ദീർഘകാലം മുമ്പ് പ്രവാചകനായ മലാഖി മുൻകൂട്ടി പറഞ്ഞത് ഇന്നു നാം വ്യക്തമായി ഗ്രഹിക്കുന്നു: “നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം . . . കാണും.”—മലാഖി 3:18.
തീക്ഷ്ണതയുള്ള പ്രവർത്തകരുടെ ഇടയിൽ ദൈവവചനം വിജയിക്കുന്നു
12. സുവിശേഷ പ്രവർത്തനം സംബന്ധിച്ച് യഹോവയുടെ സാക്ഷികൾക്ക് എന്തു തോന്നുന്നു, തങ്ങളുടെ പ്രസംഗ പ്രവർത്തനത്തിന് എങ്ങനെയുള്ള പ്രതികരണമാണ് അവർ പ്രതീക്ഷിക്കുന്നത്?
12 യഹോവയുടെ സാക്ഷികൾ വെറും പള്ളിയിൽപ്പോക്കുകാരല്ല. സുവിശേഷ വേലയിൽ അവർ സജീവമായ ഒരു പങ്കു വഹിക്കുന്നു. ആദിമ ക്രിസ്ത്യാനികളെപ്പോലെ, അവർ യഹോവയുടെ രാജ്യവാഗ്ദാനങ്ങളെ കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ദൈവേഷ്ടം ചെയ്യാൻ തങ്ങളെത്തന്നെ മനസ്സോടെ അർപ്പിക്കുന്നു. ദൈവത്തിന്റെ കൂട്ടുവേലക്കാരായ ഇവർ, അവന്റെ പരിശുദ്ധാത്മാവിനു ചേർച്ചയിൽ മറ്റുള്ളവരെ യഹോവയുടെ സേവനത്തിലേക്കു കൂട്ടിവരുത്തുന്നു. അങ്ങനെ ചെയ്യവേ, അവർ അവിശ്വാസികളുടെ മുമ്പാകെ യഹോവയുടെ കരുണയും സ്നേഹവും പ്രതിഫലിപ്പിക്കുന്നു. ആളുകളുടെ വിരക്തിയുടെയും പരിഹാസത്തിന്റെയും പീഡനത്തിന്റെയും മധ്യേയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. സുവാർത്തയ്ക്കു ലഭിക്കാനിരുന്ന നാനാവിധ പ്രതികരണങ്ങൾക്കായി യേശു തന്റെ അനുഗാമികളെ ഒരുക്കി. അവൻ ഇങ്ങനെ പറഞ്ഞു: “ദാസൻ യജമാനനെക്കാൾ വലിയവനല്ല . . . അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.”—യോഹന്നാൻ 15:20.
13. ക്രൈസ്തവലോകത്തിൽ ഇല്ലാത്ത എന്തെല്ലാം പ്രത്യേകതകളാണ് യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഉള്ളത്?
13 ഇന്നത്തെ യഹോവയുടെ സാക്ഷികളും ഒന്നാം നൂറ്റാണ്ടിൽ യഥാർഥ ക്രിസ്ത്യാനിത്വം സ്വീകരിച്ചവരും തമ്മിൽ അതിശയകരമായ സാമ്യം കാണാൻ സാധിക്കും. അതുപോലെതന്നെ ശ്രദ്ധേയമാണ് യഹോവയുടെ സാക്ഷികളും ക്രൈസ്തവലോകവും തമ്മിലുള്ള വ്യത്യാസവും. ആദിമ ക്രിസ്ത്യാനികൾ സുവിശേഷ ഘോഷണത്തിൽ പ്രകടമാക്കിയ തീക്ഷ്ണതയെ കുറിച്ച് എഴുതിയശേഷം ഒരു പണ്ഡിതൻ ഇങ്ങനെ വിലപിക്കുന്നു: “സ്നാപനമേറ്റ ഓരോ ക്രിസ്ത്യാനിയുടെയും കടമ എന്നനിലയിൽ സുവിശേഷ വേലയെ കാണുകയും ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ ഗുണനിലവാരം അവിശ്വാസികളിൽ ഏറ്റവും മികച്ചവരുടേതിനെ പോലും കവച്ചുവെക്കുന്നതാണ് എന്നതിന്റെ തെളിവു നൽകുകയും ചെയ്യത്തക്ക വിധത്തിൽ നിലവിലുള്ള സഭാനയത്തിൽ പരിവർത്തനം വരുത്താത്തിടത്തോളം കാലം നാം പുരോഗതി വരുത്താൻ ഇടയില്ല.” ക്രൈസ്തവലോകത്തിൽ കാണാത്ത പ്രത്യേകതകൾ യഹോവയുടെ ജനത്തിന്റെ ഇടയിൽ സമൃദ്ധമായി കാണാം! അവരുടേത് ജീവിക്കുന്ന വിശ്വാസമാണ്, യഥാർഥ വിശ്വാസമാണ്, ബൈബിൾ സത്യത്തിൽ വേരൂന്നിയ വിശ്വാസമാണ്. ശ്രവിക്കാൻ മനസ്സൊരുക്കം കാട്ടുന്ന ഏവരുമായും അതു പങ്കുവെക്കാൻ അവർക്കു പ്രചോദനം തോന്നുന്നു.—1 തിമൊഥെയൊസ് 2:3, 4.
14. യേശു തന്റെ ശുശ്രൂഷയെ എങ്ങനെ വീക്ഷിച്ചു, അവന്റെ ശിഷ്യന്മാർ ഇന്ന് എങ്ങനെയുള്ള മനോഭാവം പ്രകടിപ്പിക്കുന്നു?
14 യേശു തന്റെ ശുശ്രൂഷയെ വളരെ ഗൗരവമായി വീക്ഷിക്കുകയും അതിനു പ്രഥമ സ്ഥാനം നൽകുകയും ചെയ്തു. അവൻ പീലാത്തൊസിനോട് ഇങ്ങനെ പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) ദൈവജനത്തിനും യേശുവിനെപ്പോലെ തോന്നുന്നു. തങ്ങളുടെ ഹൃദയത്തിൽ ബൈബിൾ സത്യം ഉള്ള അവർ സാധിക്കുന്നത്ര ആളുകളുമായി അതു പങ്കുവെക്കുന്നതിനുള്ള വഴികൾ തേടുന്നു. ഈ വഴികളിൽ ചിലത് അസാധാരണമായ സാമർഥ്യം വെളിപ്പെടുത്തുന്നവയാണ്.
15. സുവാർത്ത അറിയിക്കുന്നതിൽ ചിലർ സാമർഥ്യം കാട്ടിയിരിക്കുന്നത് എങ്ങനെ?
15 തെക്കേ അമേരിക്കയിലെ ഒരു രാജ്യത്ത് ആമസോൺ നദിയുടെ ഒരു പോഷകനദിയിലൂടെ സഞ്ചരിച്ച് ആ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ പക്കൽ സഹോദരങ്ങൾ സുവാർത്ത എത്തിച്ചു. എന്നിരുന്നാലും, 1995-ൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സാധാരണ ജനങ്ങൾക്ക് ആ നദിയിലൂടെ സഞ്ചരിക്കാനുള്ള അനുവാദം നഷ്ടപ്പെട്ടു. താത്പര്യക്കാരുടെ പക്കൽ ബൈബിൾ സാഹിത്യങ്ങൾ എത്തിക്കാൻ ദൃഢചിത്തരായിരുന്ന സാക്ഷികൾ ബൈബിൾ സന്ദേശം നദിയിലൂടെ ഒഴുക്കിവിടാൻ തീരുമാനിച്ചു. അവർ കത്തുകളെഴുതി വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒപ്പം ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിലാക്കി. എന്നിട്ട് അവർ ആ കുപ്പികൾ നദിയിലേക്ക് എറിഞ്ഞു. സാധാരണ ജനങ്ങൾക്ക് നദിയിലൂടെയുള്ള ഗതാഗതം തുറന്നുകൊടുക്കുന്നതുവരെ നാലര വർഷത്തോളം സഹോദരങ്ങൾ ഈ രീതി തുടർന്നു. നദിക്കരകളിലുള്ള ആളുകൾ ആ സാഹിത്യങ്ങൾക്ക് സാക്ഷികളോടു നന്ദി പറഞ്ഞു. ബൈബിൾ വിദ്യാർഥി ആയിരുന്ന ഒരു സ്ത്രീ കണ്ണുനീരോടെ അവരെ ആലിംഗനം ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെ വീണ്ടുമൊരിക്കലും കാണാൻ സാധിക്കുകയില്ലെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ, കുപ്പികളിലൂടെ സാഹിത്യങ്ങൾ ലഭിക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾ എന്നെ മറന്നിട്ടില്ലെന്ന് എനിക്കു ബോധ്യമായി!” ആ നദിക്കരകളിൽ താമസിച്ചിരുന്ന മറ്റുള്ളവർ ആ മാസികകൾ ആവർത്തിച്ചു വായിച്ചതായി പറഞ്ഞു. പല ഇടങ്ങളിലും ഒരു “പോസ്റ്റ് ഓഫീസ്”—പൊങ്ങിക്കിടക്കുന്ന സാധനങ്ങൾ താത്കാലികമായി തങ്ങിനിൽക്കാൻ ഇടയാക്കുന്ന ചെറിയ ചുഴി—ഉണ്ടായിരുന്നു. നദിയുടെ ഉയരംകൂടിയ ഭാഗത്തുനിന്നുള്ള “തപാൽ ഉരുപ്പടികൾ” വന്നിട്ടുണ്ടോയെന്ന് താത്പര്യക്കാർ കൂടെക്കൂടെ പോയി നോക്കിയിരുന്നത് അവിടെ ആയിരുന്നു.
16. നമ്മെത്തന്നെ ലഭ്യരാക്കുന്നത് ചില അവസരങ്ങളിൽ ശിഷ്യരാക്കൽ വേലയിലേക്കുള്ള വഴി തുറക്കുന്നത് എങ്ങനെ?
16 സുവാർത്താ പ്രസംഗത്തിനു നേതൃത്വം നൽകുന്നതും അതിനെ പിന്താങ്ങുന്നതും യഹോവയാം ദൈവവും അവന്റെ ശക്തരായ ദൂതന്മാരുമാണ്. (വെളിപ്പാടു 14:6) നമ്മെത്തന്നെ ലഭ്യരാക്കുന്നതിനാൽ ചിലപ്പോൾ ശിഷ്യരെ ഉളവാക്കുന്നതിനുള്ള അപ്രതീക്ഷിതമായ അവസരങ്ങൾ ഉണ്ടായേക്കാം. വയൽസേവനത്തിൽ ഏർപ്പെട്ടിരുന്ന കെനിയയിലെ നയ്റോബിയിലുള്ള രണ്ടു ക്രിസ്തീയ വനിതകൾ തങ്ങൾക്കു നിയമിച്ചുകിട്ടിയ വീടുകളിൽ പ്രവർത്തിച്ചു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഒരു യുവതി പെട്ടെന്ന് അവരെ സമീപിച്ച് ആവേശപൂർവം ഇങ്ങനെ പറഞ്ഞു: “നിങ്ങളെ പോലുള്ള ഒരാളെ കണ്ടുമുട്ടണമേയെന്നു ഞാൻ പ്രാർഥിക്കുകയായിരുന്നു.” ബൈബിൾ ചർച്ചയ്ക്കായി അപ്പോൾത്തന്നെ തന്റെ വീട്ടിലേക്ക് വരണമെന്ന് അവൾ സാക്ഷികളോട് അപേക്ഷിച്ചു. അങ്ങനെ അന്നുതന്നെ അവൾക്ക് ബൈബിൾ അധ്യയനം ആരംഭിച്ചു. എന്തുകൊണ്ടാണ് അവൾ അടിയന്തിരമായി ആ രണ്ടു ക്രിസ്ത്യാനികളെ സമീപിച്ചത്? ഏകദേശം രണ്ടാഴ്ച മുമ്പ് അവളുടെ കുഞ്ഞ് മരിച്ചുപോയിരുന്നു. അങ്ങനെയിരിക്കെയാണ് “മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ?” എന്ന ലഘുലേഖ ഒരു കുട്ടി കൊണ്ടുവരുന്നത് അവൾ കണ്ടത്. അതു കിട്ടാൻ അതിയായി ആഗ്രഹിച്ച അവൾ കുട്ടിയോട് അതു ചോദിച്ചെങ്കിലും അവൻ അതു കൊടുത്തില്ല. എങ്കിലും തനിക്ക് ആ ലഘുലേഖ നൽകിയ സാക്ഷികളെ അവൻ കാണിച്ചു കൊടുത്തു. താമസിയാതെ, ആ യുവതി ആത്മീയ പുരോഗതി വരുത്തി. തന്റെ കുഞ്ഞിന്റെ വേദനാകരമായ നഷ്ടത്തോടു പൊരുത്തപ്പെടാനും അവൾക്കു കഴിഞ്ഞു.
ദൈവസ്നേഹം നിലനിൽക്കും
17-19. മറുവില മുഖാന്തരം യഹോവ മനുഷ്യവർഗത്തോട് എങ്ങനെയുള്ള സ്നേഹമാണു പ്രകടമാക്കിയിരിക്കുന്നത്?
17 മുഴു ഭൂമിയിലും ദൈവവചനത്തിനുള്ള വളർച്ച യേശുക്രിസ്തുവിന്റെ മറുവിലയാഗത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. മറുവില പോലെതന്നെ പ്രസംഗ പ്രവർത്തനവും എല്ലായിടത്തുമുള്ള ആളുകളോടുള്ള യഹോവയുടെ സ്നേഹത്തിന്റെ ഒരു പ്രകടനമാണ്. യോഹന്നാൻ അപ്പൊസ്തലൻ നിശ്വസ്തതയിൽ ഇങ്ങനെ എഴുതി: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
18 മറുവില പ്രദാനം ചെയ്തതിൽ യഹോവ പ്രകടമാക്കിയ സ്നേഹത്തെ കുറിച്ചു ചിന്തിക്കുക. യുഗങ്ങളായി യഹോവ, “ദൈവസൃഷ്ടിയുടെ ആരംഭമായ,” തന്റെ പ്രിയപ്പെട്ട ഏകജാത പുത്രനായ യേശുവുമായി അടുത്ത ബന്ധം ആസ്വദിച്ചിരുന്നു. (വെളിപ്പാടു 3:14) യേശു തന്റെ പിതാവിനെ ആഴമായി സ്നേഹിക്കുന്നു, യഹോവ തന്റെ പുത്രനെ “ലോകസ്ഥാപനത്തിന്നു മുമ്പെ” സ്നേഹിക്കുകയുണ്ടായി. (യോഹന്നാൻ 14:31; 17:24) മനുഷ്യർക്കു നിത്യജീവൻ ലഭിക്കേണ്ടതിന് തന്റെ പ്രിയ പുത്രൻ മരിക്കാൻ യഹോവ അനുവദിച്ചു. മനുഷ്യവർഗത്തോടുള്ള അവന്റെ സ്നേഹത്തിന്റെ എത്ര വിസ്മയകരമായ പ്രകടനം!
19 യോഹന്നാൻ 3:17 ഇപ്രകാരം പ്രസ്താവിക്കുന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” അങ്ങനെ യഹോവ തന്റെ പുത്രനെ രക്ഷയുടെ സ്നേഹപൂർവകമായ ഒരു ദൗത്യത്തിനായി അയച്ചു. കുറ്റം വിധിക്കാനും അപലപിക്കാനും അല്ലായിരുന്നു അത്. ഇത് പത്രൊസിന്റെ വാക്കുകൾക്കു ചേർച്ചയിലാണ്: ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ [യഹോവ] ഇച്ഛിക്കുന്നു.’—2 പത്രൊസ് 3:9.
20. രക്ഷ സുവാർത്താ ഘോഷണത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
20 തനിക്കുതന്നെ വലിയ വില വരുത്തിവെച്ചുകൊണ്ട് രക്ഷയ്ക്കുള്ള അടിസ്ഥാനം പ്രദാനം ചെയ്ത യഹോവ സാധിക്കുന്നത്ര ആളുകൾ അതിൽനിന്നു പ്രയോജനം നേടാൻ ആഗ്രഹിക്കുന്നു. പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: ‘“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?’—റോമർ 10:13, 14.
21. പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള അവസരം സംബന്ധിച്ച് നമ്മുടെ വികാരം എന്തായിരിക്കണം?
21 ഈ ആഗോള പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കുക എന്നത് എത്ര അത്ഭുതകരമായ ഒരു പദവിയാണ്! അത് അത്ര എളുപ്പമുള്ള ഒരു പ്രവർത്തനമല്ല. എന്നാൽ തന്റെ ജനം സത്യത്തോടു വിശ്വസ്തതയോടെ പറ്റിനിൽക്കുകയും മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുകയും ചെയ്യുന്നതു കാണുമ്പോൾ യഹോവ എത്രമാത്രം സന്തോഷിക്കുന്നു! അതിനാൽ നിങ്ങളുടെ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, ദൈവത്തിന്റെ ആത്മാവും നിങ്ങളുടെ ഹൃദയത്തിലെ സ്നേഹവും ഈ വേലയിൽ പങ്കുപറ്റാൻ നിങ്ങളെ പ്രചോദിപ്പിക്കട്ടെ. ലോകവ്യാപകമായി ചെയ്യപ്പെടുന്നതായി നാം കാണുന്ന കാര്യങ്ങൾ, “നീതി വസിക്കുന്ന” മഹത്തായ ‘പുതിയ ആകാശവും പുതിയ ഭൂമിയും’ വരുത്തുമെന്ന തന്റെ വാഗ്ദാനം യഹോവയാം ദൈവം നിവർത്തിക്കുമെന്നതിന്റെ ഈടുറ്റ തെളിവായി വർത്തിക്കുന്നു എന്ന് ഓർക്കുക.—2 പത്രൊസ് 3:13.
നിങ്ങൾ ഓർമിക്കുന്നുവോ?
• സുവാർത്തയുടെ ഘോഷകരെ നിശ്ശബ്ദരാക്കാൻ വിശ്വാസത്യാഗത്തിനു കഴിയാഞ്ഞത് എന്തുകൊണ്ട്?
• ദൈവവചനം നമ്മുടെ നാളിൽ വിജയം വരിച്ചിരിക്കുന്നത് എങ്ങനെ?
• ഇന്ന് ഏതു വിധങ്ങളിലാണ് ദൈവാത്മാവ് പ്രവർത്തിക്കുന്നത്?
• മറുവില സുവാർത്താ ഘോഷണത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
[16-ാം പേജിലെ ഗ്രാഫ്/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
20-ാം നൂറ്റാണ്ടിൽ രാജ്യഘോഷകരുടെ എണ്ണത്തിൽ ഉണ്ടായ വർധന
പ്രസാധകരുടെ ശരാശരി എണ്ണം (ലക്ഷത്തിൽ)
60
55
50
45
40
35
30
25
20
15
10
5
1900 1910 1920 1930 1940 1950 1960 1970 1980 1990 2000
[15-ാം പേജിലെ ചിത്രങ്ങൾ]
ജെറോം
ടിൻഡെയ്ൽ
ഗുട്ടൻബർഗ്
ഹസ്
[കടപ്പാട്]
ഗുട്ടൻബർഗും ഹസും: ദ സ്റ്റോറി ഓഫ് ലിബർട്ടി, 1878 എന്ന പുസ്തകത്തിൽനിന്ന്
[15-ാം പേജിലെ ചിത്രം]
1920-കളിൽ ബൈബിൾ വിദ്യാർഥികൾ സുവാർത്ത ഘോഷിക്കുന്നു
[17-ാം പേജിലെ ചിത്രം]
ലോകവ്യാപകമായി ആളുകൾ സുവാർത്തയോടു പ്രതികരിക്കുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
യേശുക്രിസ്തുവിന്റെ മറുവില യാഗംപോലെതന്നെ പ്രസംഗപ്രവർത്തനവും ദൈവസ്നേഹത്തെ മഹത്ത്വീകരിക്കുന്നു