ജീവിത കഥ
യഹോവയുടെ മാർഗത്തിൽ മുന്നേറുന്നത് ഞങ്ങൾക്കു ബലവും സന്തോഷവും
ലൂഗീ ഡി. വാലെന്റിനോ പറഞ്ഞ പ്രകാരം
യഹോവ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ.” (യെശയ്യാവു 30:21) 60 വർഷം മുമ്പ് സ്നാപനമേറ്റതു മുതൽ ഈ ബുദ്ധിയുപദേശം പിൻപറ്റാൻ ഞാൻ ലക്ഷ്യം വെച്ചിട്ടുണ്ട്. 1921-ൽ ഇറ്റലിയിൽനിന്നു യു.എസ്.എ.-യിലെ ഒഹായോയിലുള്ള ക്ലീവ്ലൻഡിലേക്കു കുടിയേറിയ എന്റെ മാതാപിതാക്കളുടെ മാതൃകയാണ് അതിന് എന്നെ സഹായിച്ചത്. അവിടെ അവർ മൂന്നു കുട്ടികളെ വളർത്തി—എന്റെ ജ്യേഷ്ഠൻ മൈക്ക്, ഇളയ സഹോദരി ലിഡിയ, പിന്നെ ഞാൻ.
എന്റെ മാതാപിതാക്കൾ പല മതങ്ങളും പരിശോധിച്ചു നോക്കിയെങ്കിലും ഒടുവിൽ നിരാശയോടെ അവയെല്ലാം ഉപേക്ഷിച്ചു. 1932-ലെ ഒരു ദിവസം, ഡാഡി യഹോവയുടെ സാക്ഷികൾ പ്രക്ഷേപണം ചെയ്യുന്ന ഇറ്റാലിയൻ ഭാഷയിലുള്ള ഒരു റേഡിയോ പരിപാടി ശ്രവിക്കുകയുണ്ടായി. കേട്ട കാര്യങ്ങൾ ഡാഡിക്കു വളരെ ഇഷ്ടപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി ഡാഡി സാക്ഷികൾക്ക് എഴുതി. തത്ഫലമായി, യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ആസ്ഥാനത്തുനിന്നുള്ള ഒരു ഇറ്റാലിയൻ സാക്ഷി ഞങ്ങളെ സന്ദർശിച്ചു. നേരം വെളുക്കുംവരെ നീണ്ടുനിന്ന ഒരു സജീവ ചർച്ചയെ തുടർന്ന് തങ്ങൾ സത്യമതം കണ്ടെത്തിയിരിക്കുന്നു എന്ന് എന്റെ മാതാപിതാക്കൾക്കു ബോധ്യമായി.
ഡാഡിയും മമ്മിയും ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരായിത്തുടങ്ങി. കൂടാതെ അവർ സഞ്ചാര മേൽവിചാരകന്മാരെ സന്തോഷപൂർവം വീട്ടിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ഞാനൊരു കുട്ടി ആയിരുന്നെങ്കിലും, സഞ്ചാര മേൽവിചാരകന്മാർ എന്നെ പ്രസംഗവേലയ്ക്ക് കൊണ്ടുപോകുകയും യഹോവയെ മുഴുസമയം സേവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായ ക്യാരി ഡബ്ല്യു. ബാർബർ ആയിരുന്നു അവരിൽ ഒരാൾ. അധികനാൾ കഴിയുന്നതിനുമുമ്പ് 1941 ഫെബ്രുവരിയിൽ, 14-ാമത്തെ വയസ്സിൽ ഞാൻ സ്നാപനമേറ്റു. 1944 മുതൽ ക്ലീവ്ലൻഡിൽ ഒരു പ്രത്യേക പയനിയറായി സേവനം ആരംഭിക്കുകയും ചെയ്തു. മൈക്കും ലിഡിയയും ബൈബിൾ സത്യത്തിന്റെ പാത പിന്തുടർന്നു. മരണം വരെ മൈക്ക് യഹോവയെ സേവിച്ചു. ലിഡിയ ഭർത്താവായ ഹെറോൾഡ് വിഡ്നറിനോടൊപ്പം 28 വർഷം സഞ്ചാരവേലയിൽ ആയിരുന്നു. ഇപ്പോൾ അവർ പ്രത്യേക മുഴുസമയ ശുശ്രൂഷകരാണ്.
മുന്നേറാനുള്ള തീരുമാനത്തെ ജയിൽവാസം ദൃഢീകരിക്കുന്നു
വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുന്നതിനെ കുറിച്ച് പറയുന്ന യെശയ്യാവു 2:4-ന് ചേർച്ചയിൽ പ്രവർത്തിക്കാൻ ബൈബിൾ പരിശീലിത മനസ്സാക്ഷി എന്നെ പ്രേരിപ്പിച്ചതിനാൽ, 1945-ന്റെ തുടക്കത്തിൽ എന്നെ ഒഹായോയിലെ ചില്ലികൊത് ഫെഡറൽ ജയിലിലാക്കി. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങൾ പരിമിതമായ അളവിൽ കൈവശം വെക്കാൻ ഒരു സമയത്ത് അധികാരികൾ സാക്ഷി തടവുകാരെ അനുവദിച്ചിരുന്നു. എന്നിരുന്നാലും, സമീപത്തുള്ള സഭകളിലെ സാക്ഷികൾ സഹായിച്ചു. ചിലപ്പോഴൊക്കെ അവർ ജയിലിനടുത്തുള്ള കൃഷിസ്ഥലത്ത് ഏതാനും പ്രസിദ്ധീകരണങ്ങൾ ഇട്ടിട്ടു പോകുമായിരുന്നു. അടുത്ത ദിവസം രാവിലെ തടവുകാരെ പണിസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ അവർ ആ പ്രസിദ്ധീകരണങ്ങൾ തിരഞ്ഞ് കണ്ടുപിടിച്ച് എങ്ങനെയെങ്കിലുമൊക്കെ ജയിലിൽ എത്തിക്കുമായിരുന്നു. ഞാൻ ജയിലിൽ കിടന്ന സമയമായപ്പോഴേക്ക് കൂടുതൽ സാഹിത്യങ്ങൾ കൈവശം വെക്കാൻ അനുവാദം ലഭിച്ചിരുന്നു. പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരത്തെ വിലമതിക്കാൻ ആ കാലത്ത് ഞാൻ തീർച്ചയായും പഠിച്ചു. വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ പുതിയ ലക്കം ലഭിക്കുന്ന ഓരോ സമയത്തും ഞാൻ ഓർക്കുന്ന ഒരു പാഠമാണ് അത്.
ഞങ്ങൾക്ക് ജയിലിൽ യോഗങ്ങൾ നടത്താനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും, സാക്ഷികളല്ലാത്തവർ അവിടെ ഹാജരാകുന്നതു വിലക്കിയിരുന്നു. എന്നിട്ടും, ചില ജയിലധികൃതരും അന്തേവാസികളും രഹസ്യമായി അതിൽ സംബന്ധിച്ചു, അവരിൽ ചിലർ സത്യം സ്വീകരിക്കുകപോലും ചെയ്തു. (പ്രവൃത്തികൾ 16:30-34) എ. എച്ച്. മാക്മില്ലൻ സഹോദരന്റെ സന്ദർശനങ്ങൾ ഞങ്ങൾക്ക് ആശ്വാസത്തിന്റെ വലിയ ഉറവായിരുന്നു. ജയിലിൽ കഴിയുന്ന സമയം വ്യർഥമല്ലെന്നും ഭാവി നിയമനങ്ങൾക്കായുള്ള പരിശീലനമാണെന്നും പറഞ്ഞ് അദ്ദേഹം ഞങ്ങളെ എപ്പോഴും ബലപ്പെടുത്തുമായിരുന്നു. പ്രായമായ ആ പ്രിയ സഹോദരൻ പറഞ്ഞ കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിക്കുകയും യഹോവയുടെ പാതയിൽ നടക്കാനുള്ള എന്റെ ദൃഢതീരുമാനത്തെ ബലിഷ്ഠമാക്കുകയും ചെയ്തു.
എനിക്ക് ഒരു പങ്കാളിയെ ലഭിക്കുന്നു
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഞങ്ങൾ ജയിൽ വിമുക്തരായി. തുടർന്ന് ഞാൻ പയനിയറിങ്, അതായത് മുഴുസമയ ശുശ്രൂഷ, പുനരാരംഭിച്ചു. എന്നാൽ 1947-ൽ എന്റെ ഡാഡി മരിച്ചു. കുടുംബം പുലർത്താനായി ഞാൻ ഒരു ലൗകിക തൊഴിൽ ചെയ്യുകയും തിരുമ്മുചികിത്സയിൽ വൈദഗ്ധ്യം നേടിയെടുക്കുകയും ചെയ്തു. ആ വൈദഗ്ധ്യമാണ് 30 വർഷത്തിനുശേഷം ഞാനും ഭാര്യയും അഭിമുഖീകരിച്ച ഒരു പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ എന്നെ സഹായിച്ചത്. സംഭവങ്ങൾ, നടന്ന ക്രമമനുസരിച്ചല്ല ഞാൻ പറയുന്നത്. ആദ്യമായി ഞാൻ എന്റെ ഭാര്യയെ കുറിച്ചു പറയാം.
ഒരു ദിവസം (1949-ൽ) ഉച്ചകഴിഞ്ഞ്, ഞാൻ രാജ്യഹാളിൽ ആയിരിക്കെ ടെലിഫോൺ ശബ്ദിച്ചു. റിസീവർ എടുത്ത ഞാൻ ഒരു മധുരസ്വരം കേട്ടു. അത് ഇപ്രകാരമായിരുന്നു: “എന്റെ പേര് ക്രിസ്റ്റീൻ ഗെൻച്ചർ. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. ഒരു ജോലി തേടി ക്ലീവ്ലൻഡിൽ വന്നിരിക്കുകയാണ്, എനിക്ക് സഭയുമായി സഹവസിക്കാൻ ആഗ്രഹമുണ്ട്.” അവൾ താമസിക്കുന്ന സ്ഥലത്തുനിന്നും കുറെ ദൂരെയായിരുന്നു ഞങ്ങളുടെ രാജ്യഹാൾ. എനിക്ക് ആ ശബ്ദം വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട്, ഞാൻ അവൾക്കു ഹാളിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുകയും ആ ഞായറാഴ്ച യോഗത്തിനു വരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്ന് എനിക്കായിരുന്നു പരസ്യ പ്രസംഗം. ഞായറാഴ്ച രാജ്യഹാളിൽ ഏറ്റവും ആദ്യമെത്തിയത് ഞാനായിരുന്നു. അപരിചിതരായ സഹോദരിമാർ ആരും അവിടെ വന്നില്ല. പ്രസംഗം നടത്തുന്നതിനിടയ്ക്ക് ഞാൻ വാതിൽക്കലേക്ക് നോക്കിക്കൊണ്ടേയിരുന്നു. എന്നാൽ ആരും വന്നില്ല. അടുത്ത ദിവസം ഞാൻ അവൾക്കു ഫോൺ ചെയ്തപ്പോൾ, അവിടത്തെ വഴികളെയും വണ്ടികളെയും കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന് അവൾ പറഞ്ഞു. അതുകൊണ്ട് കാര്യങ്ങൾ നന്നായി വിശദീകരിച്ചുകൊടുക്കുന്നതിന് ഞാൻ അവളുടെ അടുക്കൽ ചെല്ലാമെന്നേറ്റു.
ചെക്കോസ്ലോവാക്യയിൽനിന്ന് കുടിയേറിയ അവളുടെ മാതാപിതാക്കൾ ബൈബിൾ വിദ്യാർഥികളോടൊത്തു സഹവസിക്കാൻ തുടങ്ങിയത് മരിച്ചവർ എവിടെ? എന്ന ചെറുപുസ്തകം വായിച്ചശേഷമാണെന്നു ഞാൻ മനസ്സിലാക്കി. 1935-ലാണ് അവളുടെ മാതാപിതാക്കൾ സ്നാപനമേറ്റത്. 1938-ൽ ക്രിസ്റ്റീന്റെ ഡാഡി യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള ക്ലൈമർ എന്ന പട്ടണത്തിലെ യഹോവയുടെ സാക്ഷികളുടെ സഭയിൽ ഒരു കമ്പനി ദാസൻ (ഇപ്പോൾ അധ്യക്ഷമേൽവിചാരകൻ) ആയിത്തീർന്നു. 1947-ൽ ക്രിസ്റ്റീൻ തന്റെ 16-ാം വയസ്സിൽ സ്നാപനമേറ്റിരുന്നു. ആത്മീയ മനസ്കയും സുന്ദരിയുമായ ആ സഹോദരിയിൽ ഞാൻ പെട്ടെന്നുതന്നെ ആകൃഷ്ടനായി. 1950 ജൂൺ 24-ന് ഞങ്ങൾ വിവാഹിതരായി, അന്നുമുതൽ അവൾ എല്ലായ്പോഴും ദൈവരാജ്യതാത്പര്യങ്ങൾ ഒന്നാമത് വെക്കാൻ മനസ്സുള്ള വിശ്വസ്തയായ പങ്കാളി ആയിരുന്നിട്ടുണ്ട്. നല്ല പ്രാപ്തിയുള്ള അവൾ എന്റെ ഭാര്യയാകാൻ തീരുമാനിച്ചതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്.—സദൃശവാക്യങ്ങൾ 31:10.
ഒരു മഹാശ്ചര്യം
ഞങ്ങളിരുവരും 1951 നവംബർ 1-ന് പയനിയറിങ് ആരംഭിച്ചു. രണ്ടു വർഷം കഴിഞ്ഞ്, ഒഹായോയിലെ ടോളിഡോയിൽ നടന്ന ഒരു കൺവെൻഷനിൽവെച്ച് ഹ്യൂഗോ റീമർ സഹോദരനും ആൽബർട്ട് ഷ്രോഡർ സഹോദരനും മിഷനറിവേലയിൽ താത്പര്യമുള്ള പയനിയർമാരുടെ ഒരു കൂട്ടത്തോട് സംസാരിച്ചു. ഞങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ക്ലീവ്ലൻഡിൽ പയനിയറിങ് തുടരാനുള്ള പ്രോത്സാഹനം ഞങ്ങൾക്കു ലഭിച്ചു. എന്നാൽ തൊട്ടടുത്ത മാസം, 1954 ഫെബ്രുവരിയിൽ തുടങ്ങാനിരുന്ന വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 23-ാമത് ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി!
അന്ന് ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽ ആയിരുന്ന ഗിലെയാദ് സ്കൂളിലേക്ക് കാറിൽ യാത്ര ചെയ്യവേ, ക്രിസ്റ്റീനയ്ക്ക് ആകെ പരിഭ്രമമായിരുന്നു. അതുകൊണ്ട്, “പതുക്കെ പോകൂ” എന്ന് അവൾ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: “ഇനിയും പതുക്കെ ഓടിച്ചാൽ, അത് കാർ പാർക്കു ചെയ്തതിനു തുല്യമായിരിക്കും.” എന്നാൽ സ്ഥലത്തെത്തി പെട്ടെന്നുതന്നെ ഞങ്ങളുടെ ആശങ്കയൊക്കെ മാറി. നോർ സഹോദരൻ വിദ്യാർഥികളുടെ ഒരു കൂട്ടത്തെ സ്വാഗതം ചെയ്യുകയും ഗിലെയാദ് സ്കൂൾ ചുറ്റി കാണിക്കുകയും ചെയ്തു. രാജ്യതാത്പര്യങ്ങൾക്കുവേണ്ടി സേവിക്കുമ്പോൾ മിതവ്യയം ചെയ്യുന്നത് ഒരു നല്ല കാര്യമാണ് എന്നതിന് ഊന്നൽ നൽകിക്കൊണ്ട് വൈദ്യുതിയും വെള്ളവും എങ്ങനെ ലാഭിക്കാം എന്ന് അദ്ദേഹം ഞങ്ങൾക്കു വിശദീകരിച്ചുതന്നു. ആ ഉപദേശം ഞങ്ങളുടെ മനസ്സിൽ പതിഞ്ഞു. ഞങ്ങൾ ഇപ്പോഴും അതനുസരിച്ചാണു ജീവിക്കുന്നത്.
റിയോയിലേക്ക് പറക്കുന്നു
ബിരുദം ലഭിച്ച ഉടൻതന്നെ ഞങ്ങൾ ബ്രസീലിലെ ഞങ്ങളുടെ പുതിയ നിയമന പ്രദേശമായ നല്ല വെയിലുള്ള റിയോ ഡി ജനീറോയിലേക്കു പറക്കാനുള്ള ഉത്കടമായ ആഗ്രഹത്തോടെ 1945 ഡിസംബർ 10-ന് തണുപ്പുള്ള ന്യൂയോർക്ക് നഗരത്തിൽനിന്നു വിമാനത്തിലേറി. സഹമിഷനറി ദമ്പതികളായ പീറ്റർ കാർബെല്ലോയും ബില്ലിയും ഞങ്ങളോടൊപ്പം യാത്ര ചെയ്തിരുന്നു. പോർട്ടോറിക്കോ, വെനെസ്വേല, വടക്കൻ ബ്രസീലിലെ ബലെം എന്നിവിടങ്ങളിൽ ഇറങ്ങുമായിരുന്ന വിമാനം 24 മണിക്കൂറുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു. എങ്കിലും, യന്ത്രത്തകരാറു നിമിത്തം, 36 മണിക്കൂറിനു ശേഷമാണ് ഞങ്ങൾക്ക് റിയോ ഡി ജനീറോ കാണാനായത്. വിമാനത്തിൽനിന്നുള്ള ആ കാഴ്ച എത്ര ചേതോഹരമായിരുന്നെന്നോ! കറുത്ത കാർപ്പെറ്റിൽ പതിപ്പിച്ച അരുണപ്രഭയുതിർക്കുന്ന വജ്രങ്ങൾപോലെ പട്ടണത്തിലെ ലൈറ്റുകൾ മിന്നിത്തിളങ്ങി. നിലാവ് ഗ്വാനബാറ ഉൾക്കടലിലെ ജലതരംഗങ്ങളിൽ തട്ടി പ്രതിഫലിച്ചു.
വിമാനത്താവളത്തിൽ ബെഥേൽ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. ഹൃദ്യമായ സ്വാഗതം അരുളിയശേഷം അവർ ഞങ്ങളെ ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. വെളുപ്പിന് മൂന്നു മണിയോടെയാണ് ഞങ്ങൾ ഉറങ്ങാൻ പോയത്. ഏതാനും മണിക്കൂറിനുശേഷം, ഞങ്ങളുടെ മിഷനറിവേലയുടെ ആദ്യദിനം ആരംഭിച്ചിരിക്കുന്നുവെന്ന് രാവിലെ എഴുന്നേൽക്കാനുള്ള അലാറം ഞങ്ങളെ ഓർമിപ്പിച്ചു!
ഒരു ആദ്യകാല പാഠം
പെട്ടെന്നുതന്നെ ഞങ്ങൾ ഒരു സുപ്രധാന പാഠം പഠിച്ചു. ഒരിക്കൽ ഞങ്ങൾ ഒരു സാക്ഷി കുടുംബത്തോടൊത്ത് ഒരു വൈകുന്നേരം ചെലവഴിച്ചു. ഞങ്ങൾ ബ്രാഞ്ചിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ വീട്ടുകാരൻ പറഞ്ഞു, “വേണ്ട, നിങ്ങൾ പോകേണ്ട, മഴപെയ്യുന്നുണ്ട്.” അന്നു രാത്രി അവിടെ തങ്ങാൻ അദ്ദേഹം ഞങ്ങളെ നിർബന്ധിച്ചു. എന്നാൽ, “ഞങ്ങളുടെ നാട്ടിലും മഴ പെയ്യാറുണ്ട്” എന്നു പറഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ വാക്കുകളെ ചിരിച്ചു തള്ളി. കൂടുതൽ ഒന്നും പറയാതെ ഞങ്ങൾ പുറപ്പെടുകയും ചെയ്തു.
റിയോയ്ക്കു ചുറ്റും മലകൾ ഉള്ളതിനാൽ, മഴവെള്ളം ഒന്നാകെ സിറ്റിയിലേക്ക് ഒഴുകാൻ വലിയ താമസം വേണ്ട. അത് മിക്കപ്പോഴും വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നു. പെട്ടെന്നുതന്നെ ഞങ്ങൾ മുട്ടറ്റം വെള്ളത്തിലായി. ബ്രാഞ്ചിനു സമീപമുള്ള തെരുവുകൾ കുത്തിയൊഴുകുന്ന നദികൾ പോലെയായി. വെള്ളം ഞങ്ങളുടെ നെഞ്ചോളമെത്തി. നനഞ്ഞു കുതിർന്നാണ് ഞങ്ങൾ ബെഥേലിൽ എത്തിയത്. അടുത്ത ദിവസം ക്രിസ്റ്റീനയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയും ടൈഫോയ്ഡ് ബാധിച്ച് കിടപ്പിലാകുകയും ചെയ്തു. അതേത്തുടർന്ന് അവൾ ദീർഘകാലത്തേക്ക് ക്ഷീണിതയായിരുന്നു. പുതിയ മിഷനറിമാരായ ഞങ്ങൾ അനുഭവപരിചയമുള്ള പ്രാദേശിക സാക്ഷികളുടെ വാക്ക് അനുസരിക്കേണ്ടതായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
മിഷനറി വേലയുടെയും സഞ്ചാരവേലയുടെയും ആദ്യ ചുവടുവെപ്പുകൾ
പ്രശ്നപൂരിതമായ ഒരു തുടക്കത്തിനുശേഷം, ഞങ്ങൾ വയൽ ശുശ്രൂഷയിൽ തീക്ഷ്ണമായി ഏർപ്പെട്ടു തുടങ്ങി. കണ്ടുമുട്ടുന്നവരെയൊക്കെ ഞങ്ങൾ പോർച്ചുഗീസ് ഭാഷയിലുള്ള ഒരു അവതരണം വായിച്ചു കേൾപ്പിക്കുമായിരുന്നു. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന കാര്യത്തിൽ ഞങ്ങൾ ഇരുവരും ഏതാണ്ട് സമാനമായ അളവിൽ പുരോഗതി വരുത്തി. ഒരു വീട്ടുകാരൻ ക്രിസ്റ്റീനയോട്, “നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് എന്നാൽ ഇദ്ദേഹം പറയുന്നത് മനസ്സിലാകുന്നില്ല” എന്നു പറയുമ്പോൾ മറ്റൊരു വീട്ടുകാരൻ എന്നോട് “നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും പക്ഷേ ഇവർ പറയുന്നത് മനസ്സിലാകുന്നില്ല” എന്നു പറയുമായിരുന്നു. എങ്കിൽപ്പോലും, ആദ്യത്തെ ഏതാനും ആഴ്ചകൾക്കുള്ളിൽ ഞങ്ങൾക്ക് വീക്ഷാഗോപുരത്തിന്റെ 100-ലധികം വരിസംഖ്യകൾ ലഭിച്ചത് ഞങ്ങളെ വളരെയേറെ സന്തോഷിപ്പിച്ചു. വാസ്തവത്തിൽ, ഞങ്ങളുടെ നിരവധി ബൈബിൾ വിദ്യാർഥികൾ ബ്രസീലിലെ ഞങ്ങളുടെ ആദ്യവർഷംതന്നെ സ്നാപനമേറ്റു. മിഷനറി വേല എത്ര ഫലകരമായിരിക്കും എന്ന് അറിയാൻ ഇതു ഞങ്ങളെ സഹായിച്ചു.
യോഗ്യതയുള്ള സഹോദരന്മാർ കുറവായിരുന്നതിനാൽ, 1950-കളുടെ മധ്യത്തിൽ ബ്രസീലിലെ അനേകം സഭകളിലും സർക്കിട്ട് മേൽവിചാരകന്മാർ ക്രമമായി സന്ദർശിച്ചിരുന്നില്ല. അതുകൊണ്ട് പോർച്ചുഗീസ് ഭാഷ പഠിച്ചുകൊണ്ടിരുന്ന, ആ ഭാഷയിൽ അതുവരെ ഒരു പരസ്യപ്രസംഗംപോലും നടത്തിയിട്ടില്ലാത്ത, എന്നെ 1956-ൽ സാവൊ പൗലോ സംസ്ഥാനത്ത് സർക്കിട്ട് വേലയ്ക്കായി നിയമിച്ചു.
ഞങ്ങൾ ആദ്യം സന്ദർശിച്ച സഭയിൽ രണ്ടു വർഷമായി സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം നടന്നിട്ടില്ലായിരുന്നതിനാൽ, പരസ്യപ്രസംഗം കേൾക്കാൻ അവിടെ എല്ലാവർക്കും വലിയ ആകാംക്ഷയായിരുന്നു. പോർച്ചുഗീസ് ഭാഷയിലുള്ള വീക്ഷാഗോപുര ലേഖനങ്ങളിൽനിന്നു ഖണ്ഡികകൾ വെട്ടിയെടുത്ത് കടലാസുകളിൽ ഒട്ടിച്ചാണ് ആ പ്രസംഗം ഞാൻ തയ്യാറാക്കിയത്. ആ ഞായറാഴ്ച രാജ്യഹാൾ നിറയെ ആളുണ്ടായിരുന്നു. ആ വലിയ പരിപാടിയെ കുറിച്ചുള്ള പ്രതീക്ഷയുമായി സ്റ്റേജിൽപ്പോലും ആളുകൾ ഇരിപ്പുണ്ടായിരുന്നു. ഞാൻ പ്രസംഗം—വായന എന്നു പറയുന്നതാകും ഏറെ ശരി—ആരംഭിച്ചു. ഇടയ്ക്ക് സദസ്സിലേക്ക് നോക്കിയപ്പോൾ, കുട്ടികൾ ഉൾപ്പെടെ സകലരും അനങ്ങാതിരിക്കുന്നതു കണ്ട് ഞാൻ അന്തംവിട്ടുപോയി. എല്ലാവരും എന്നെ തുറിച്ചുനോക്കുകയായിരുന്നു. ഞാൻ എന്നോടുതന്നെ പറഞ്ഞു: “എന്റെ വാലെന്റിനോ നിന്റെ പോർച്ചുഗീസ് എത്ര നന്നായിരിക്കുന്നു! ഇവർ ശ്രദ്ധിക്കുന്നുണ്ട്.” വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും ആ സഭ സന്ദർശിച്ചപ്പോൾ അന്ന് അവിടെ ഉണ്ടായിരുന്ന ഒരു സഹോദരൻ ചോദിച്ചു: “സഹോദരൻ അന്നു നടത്തിയ പരസ്യപ്രസംഗം ഇപ്പോൾ ഓർക്കുന്നുണ്ടോ? ഞങ്ങൾക്ക് ഒരു വാക്കുപോലും മനസ്സിലായില്ല.” എനിക്കുതന്നെ ആ പ്രസംഗത്തിന്റെ നല്ലൊരു ഭാഗം മനസ്സിലായിരുന്നില്ല എന്നു ഞാൻ ആ സഹോദരനോട് സമ്മതിച്ചു പറഞ്ഞു.
സർക്കിട്ട് വേലയുടെ ആദ്യ വർഷം ഞാൻ, സെഖര്യാവു 4:6 കൂടെക്കൂടെ വായിക്കുമായിരുന്നു. ‘ശക്തിയാലല്ല എന്റെ ആത്മാവിനാലത്രേ’ എന്ന വാക്കുകൾ, രാജ്യവേല മുന്നേറുന്നത് യഹോവയുടെ ആത്മാവിനാലാണെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്ക് പ്രകടമായ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, അത് പുരോഗമിക്കുകതന്നെ ചെയ്തു.
നേരിട്ട വെല്ലുവിളികളും ആസ്വദിച്ച അനുഗ്രഹങ്ങളും
സർക്കിട്ട് വേലയിൽ, ടൈപ്പ്റൈറ്ററും സാഹിത്യങ്ങൾ അടങ്ങിയ കാർട്ടണുകളും സ്യൂട്ട് കേസുകളും ബ്രീഫ് കേസുകളുമായി രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കേണ്ടിയിരുന്നു. ഒരു ബസ്സിൽനിന്ന് ധൃതിയിൽ മറ്റൊന്നിലേക്കു കയറുമ്പോൾ ഒന്നും നഷ്ടപ്പെടാതിരിക്കുന്നതിന് ക്രിസ്റ്റീന ബുദ്ധിപൂർവം അവയ്ക്കെല്ലാം നമ്പർ ഇട്ടിരുന്നു. അടുത്ത ലക്ഷ്യസ്ഥാനത്ത് എത്താൻ ഞങ്ങൾക്കു മിക്കപ്പോഴും ചെളി നിറഞ്ഞ റോഡിലൂടെ 15 മണിക്കൂർ ബസ്സിൽ യാത്ര ചെയ്യണമായിരുന്നു. ചിലപ്പോഴൊക്കെ അതു ഭയപ്പെടുത്തുന്നതായിരുന്നു, പ്രത്യേകിച്ച് പഴയ ഒരു പാലത്തിലൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എതിർദിശയിൽ ബസ്സുകൾ പാഞ്ഞുപോകുമ്പോൾ. ട്രെയിനിലും കപ്പലിലും കുതിരപ്പുറത്തും ഞങ്ങൾ യാത്ര ചെയ്യുമായിരുന്നു.
ഞങ്ങൾ 1961-ൽ ഡിസ്ട്രിക്റ്റ് വേല തുടങ്ങി. അങ്ങനെ, സഭകൾ സന്ദർശിച്ചുകൊണ്ടിരുന്ന ഞങ്ങൾ സർക്കിട്ടുകൾ സന്ദർശിക്കാൻ തുടങ്ങി. മിക്ക വൈകുന്നേരങ്ങളിലും യഹോവയുടെ സംഘടന നിർമിച്ച ചലച്ചിത്രം വ്യത്യസ്ത സ്ഥലങ്ങളിൽ ഞങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഈ പ്രദർശനങ്ങൾ തടയാൻ ശ്രമിച്ചിരുന്ന പ്രാദേശിക പുരോഹിതന്മാരുടെ പദ്ധതികൾ വിഫലമാക്കാനായി ഞങ്ങൾക്ക് മിക്കപ്പോഴും ത്വരിതഗതിയിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ഒരു പട്ടണത്തിൽ, ഞങ്ങളുമായുള്ള ഉടമ്പടി റദ്ദു ചെയ്യിക്കാനായി സ്ഥലത്തെ പുരോഹിതൻ ഹാൾ ഉടമയുടെമേൽ സമ്മർദം ചെലുത്തി. ദിവസങ്ങളോളം അന്വേഷിച്ചുനടന്ന് അവസാനം മറ്റൊരു സ്ഥലം ഞങ്ങൾക്കു ലഭിച്ചു. എന്നാൽ അക്കാര്യം ഞങ്ങൾ ആരോടും പറഞ്ഞില്ല. മാത്രമല്ല, അപ്പോഴും പഴയ സ്ഥലത്തേക്കുതന്നെ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. പ്രദർശനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ക്രിസ്റ്റീന പതുക്കെ ആ ഹാളിൽച്ചെന്ന് ആഗ്രഹിക്കുന്നവർക്ക് പുതിയ സ്ഥലത്ത് വന്ന് പരിപാടി കാണാമെന്ന് അറിയിച്ചു. അന്ന് വൈകിട്ട് 150 പേർ ചലച്ചിത്രം കണ്ടു. അതിന്റെ ശീർഷകം തികച്ചും അനുയോജ്യമായിരുന്നു, പുതിയലോക സമുദായം പ്രവർത്തനത്തിൽ.
ഒറ്റപ്പെട്ട സ്ഥലങ്ങളിലെ സഞ്ചാരവേല ശ്രമകരമായിരുന്നെങ്കിലും, അവിടെയുള്ള എളിയ സഹോദരങ്ങൾ ഞങ്ങളുടെ സന്ദർശനങ്ങളെ വിലമതിക്കുകയും അവരുടെ ചെറിയ വീടുകളിൽ ഞങ്ങൾക്ക് താമസസൗകര്യം ക്രമീകരിക്കുകയും ചെയ്തു. അതിന് ഞങ്ങൾ യഹോവയോട് എല്ലായ്പോഴും നന്ദിയുള്ളവരാണ്. അവരുമായുള്ള സൗഹൃദം നിമിത്തം ഞങ്ങൾക്കു വിലയേറിയ അനുഗ്രഹങ്ങൾ ലഭിച്ചു. (സദൃശവാക്യങ്ങൾ 19:17; ഹഗ്ഗായി 2:7) അതുകൊണ്ട്, 21-ലധികം വർഷം സേവിച്ച ശേഷം ബ്രസീലിലെ ഞങ്ങളുടെ മിഷനറി വേലയ്ക്കു തിരശ്ശീല വീണപ്പോൾ ഞങ്ങൾക്ക് എത്ര സങ്കടം തോന്നിയെന്നോ!
പ്രതിസന്ധി ഘട്ടങ്ങളിൽ യഹോവ വഴികാട്ടുന്നു
ക്രിസ്റ്റീന 1975-ൽ ഒരു ഓപ്പറേഷനു വിധേയയായി. ഞങ്ങൾ സഞ്ചാരവേല പുനരാരംഭിച്ചെങ്കിലും, ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്നു. ചികിത്സയ്ക്കായി ഐക്യനാടുകളിലേക്ക് തിരികെ പോകുന്നതാണ് മെച്ചമെന്ന് ഞങ്ങൾക്കു തോന്നി. 1976 ഏപ്രിലിൽ ഞങ്ങൾ കാലിഫോർണിയയിലെ ലോങ് ബീച്ചിൽ എത്തി എന്റെ മമ്മിയോടൊപ്പം താമസിച്ചു. രണ്ടു ദശാബ്ദങ്ങളോളം വിദേശത്തായിരുന്ന ഞങ്ങൾക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടണം എന്നതു സംബന്ധിച്ച് യാതൊരു തിട്ടവുമില്ലായിരുന്നു. ഞാൻ വീണ്ടും തിരുമ്മുചികിത്സ തുടങ്ങി. അതിൽനിന്നു കിട്ടിയ വരുമാനം കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞുകൂടിയത്. ക്രിസ്റ്റീനയെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു ആശുപത്രിയിലാക്കി. എങ്കിലും, രക്തപ്പകർച്ച കൂടാതെ ചികിത്സിക്കാൻ ഡോക്ടർമാർ കൂട്ടാക്കിയില്ല. ദിവസങ്ങൾ കഴിയുന്തോറും അവൾക്കു ക്ഷീണം കൂടിക്കൂടി വന്നു. നിരാശിതരായ ഞങ്ങൾ മാർഗനിർദേശത്തിനായി യഹോവയോട് അപേക്ഷിച്ചു.
ഒരു ദിവസം ഉച്ചകഴിഞ്ഞ് ഞാൻ വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കെ ഒരു ഡോക്ടറുടെ ഓഫീസ് കണ്ടു. ഞാൻ ഉടനെ അങ്ങോട്ടു കയറിച്ചെന്നു. അദ്ദേഹം വീട്ടിലേക്കു പോകാൻ തുടങ്ങുകയായിരുന്നെങ്കിലും, എന്നെ അകത്തേക്കു വിളിച്ചു. ഞങ്ങൾ രണ്ടു മണിക്കൂർ സംസാരിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞു: “മിഷനറിമാരായ നിങ്ങളുടെ വേലയെ ഞാൻ വിലമതിക്കുന്നു, രക്തപ്പകർച്ച കൂടാതെ ഞാൻ താങ്കളുടെ ഭാര്യയെ സൗജന്യമായി ചികിത്സിക്കാം.” എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല.
ദയാലുവായ ഈ ഡോക്ടർ ബഹുമാന്യനായ ഒരു സ്പെഷ്യലിസ്റ്റ് ആയിരുന്നു. താൻ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് അദ്ദേഹം ക്രിസ്റ്റീനയെ മാറ്റി. അദ്ദേഹത്തിന്റെ പരിചരണത്തിൽ ക്രിസ്റ്റീനയുടെ സ്ഥിതി പെട്ടെന്നു ഭേദപ്പെട്ടു. ആ ദുർഘട സമയത്ത് യഹോവ വഴി കാട്ടിത്തന്നതിൽ ഞങ്ങൾ അവനോട് എത്രയധികം നന്ദിയുള്ളവരായിരുന്നെന്നോ!
പുതിയ നിയമനങ്ങൾ
ക്രിസ്റ്റീനയ്ക്ക് ആരോഗ്യം വീണ്ടുകിട്ടിയതോടെ ഞങ്ങൾ വീണ്ടും പയനിയറിങ് ആരംഭിച്ചു. ലോങ് ബീച്ചിലെ അനേകരെ യഹോവയുടെ ആരാധകർ ആയിത്തീരുന്നതിന് സഹായിച്ചതിലുള്ള സന്തോഷവും ഞങ്ങൾ ആസ്വദിച്ചു. 1982-ൽ ഐക്യനാടുകളിൽ സർക്കിട്ട് വേലയ്ക്കായി ഞങ്ങളെ നിയമിച്ചു. ഞങ്ങളുടെ ഇഷ്ടപ്പെട്ട ശുശ്രൂഷയായ സഞ്ചാരവേലയ്ക്കായി ഞങ്ങളെ വീണ്ടും ഉപയോഗിക്കുന്നതിൽ ഞങ്ങൾ ഓരോ ദിനവും യഹോവയ്ക്കു നന്ദി പറഞ്ഞു. ഞങ്ങൾ കാലിഫോർണിയയിലും പിന്നെ ന്യൂ ഇംഗ്ലണ്ടിലും—അവിടത്തെ സർക്കിട്ടിൽ കുറെ പോർച്ചുഗീസ് സഭകൾ ഉണ്ട്—സേവിച്ചു. പിന്നീട് ബെർമുഡയിലും ഞങ്ങൾ പ്രവർത്തിച്ചു.
നവോന്മേഷദായകമായ നാലു വർഷത്തിനുശേഷം ഞങ്ങൾക്കു മറ്റൊരു നിയമനം ലഭിച്ചു. ഇഷ്ടമുള്ള സ്ഥലത്ത് പ്രത്യേക പയനിയർമാരായി സേവിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. സഞ്ചാരവേല ഉപേക്ഷിക്കുന്നതിൽ ദുഃഖം ഉണ്ടായിരുന്നെങ്കിലും, പുതിയ നിയമനത്തിലെ പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നേറാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ എവിടെയായിരിക്കും അത്? സഞ്ചാരവേലയിൽ ആയിരുന്നപ്പോൾ, മസ്സാച്ചുസെറ്റ്സിലെ ന്യൂ ബെഡ്ഫോർഡിലുള്ള പോർച്ചുഗീസ് സഭയ്ക്ക് സഹായം ആവശ്യമുള്ളതായി ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾ അങ്ങോട്ട് പോയി.
അവിടെ എത്തിയപ്പോൾ സഹോദരങ്ങൾ ഞങ്ങൾക്കുവേണ്ടി വലിയൊരു സ്വീകരണ സദ്യ ഒരുക്കി. അവർ ഞങ്ങളെ എത്ര വേണ്ടപ്പെട്ടവരായി കണക്കാക്കുന്നു എന്നു മനസ്സിലാക്കാൻ അതു സഹായിക്കുകയും ഞങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു. രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ടായിരുന്ന ചെറുപ്പക്കാരായ ഒരു ദമ്പതികൾ ഞങ്ങൾക്കു താമസസ്ഥലം ലഭിക്കുന്നതുവരെ അവരോടൊപ്പം ഞങ്ങളെ പാർപ്പിച്ചു. യഹോവ ഞങ്ങളുടെ പ്രത്യേക പയനിയർ നിയമനത്തെ പ്രതീക്ഷകൾക്കതീതമായി അനുഗ്രഹിക്കുകതന്നെ ചെയ്തിരിക്കുന്നു. 1986 മുതൽ ഏകദേശം 40 പേരെ സാക്ഷികളാകാൻ ഞങ്ങൾ സഹായിച്ചിരിക്കുന്നു. അവർ ഞങ്ങളുടെ ആത്മീയ കുടുംബമാണ്. കൂടാതെ, അഞ്ച് പ്രാദേശിക സഹോദരന്മാർ ആട്ടിൻ കൂട്ടത്തിനുവേണ്ടി കരുതുന്ന ഇടയന്മാരായിത്തീരുന്നതു കാണുന്നതിലെ സന്തോഷം ആസ്വദിക്കുന്നതിനും എനിക്കു സാധിച്ചു. അത് ഫലപ്രദമായ മിഷനറി നിയമനത്തിൽ ആയിരിക്കുന്നതുപോലെ ആയിരുന്നു.
പിന്തിരിഞ്ഞുനോക്കുമ്പോൾ, യൗവനം മുതൽ യഹോവയെ സേവിച്ചിരിക്കുന്നതിലും സത്യം ജീവിതപന്ഥാവാക്കിയിരിക്കുന്നതിലും ഞങ്ങൾ സന്തോഷിക്കുന്നു. പ്രായാധിക്യവും രോഗവും ഞങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും, യഹോവയുടെ മാർഗത്തിൽ മുന്നേറുക എന്നതാണ് ഇപ്പോഴും ഞങ്ങളുടെ ബലവും സന്തോഷവും.
[26-ാം പേജിലെ ചിത്രം]
റിയോ ഡി ജനീറോയിൽ എത്തിയപ്പോൾ
[28-ാം പേജിലെ ചിത്രം]
മസ്സാച്ചുസെറ്റ്സിലെ ന്യൂ ബെഡ്ഫോർഡിലുള്ള ഞങ്ങളുടെ ആത്മീയ കുടുംബം