ഹാനോക്ക് ഒരു ഭക്തികെട്ട ലോകത്തിൽ ദൈവത്തോടു കൂടെ നടന്നു
തനിക്ക് എല്ലാ മനുഷ്യരെയും ദൈവത്തിൽനിന്ന് അകറ്റാൻ കഴിയുമെന്ന് പിശാച് വാദിക്കുന്നു, ചിലപ്പോഴൊക്കെ അവൻ അതിൽ വിജയിക്കുന്നതു പോലെ കാണപ്പെട്ടിട്ടുമുണ്ട്. ഹാബേലിന്റെ മരണശേഷം അഞ്ചു നൂറ്റാണ്ടോളം യഹോവയുടെ വിശ്വസ്ത ദാസരായി തിരിച്ചറിയിച്ച ആരും ഉണ്ടായിരുന്നില്ല. തിന്മയും ഭക്തികെട്ട നടത്തയും അന്നത്തെ മനുഷ്യസമൂഹത്തിന്റെ മുഖമുദ്രകളായിരുന്നു.
ആത്മീയമായി അധഃപതിച്ച ആ കാലഘട്ടത്തിലാണ് ഹാനോക്ക് രംഗപ്രവേശം ചെയ്യുന്നത്. ബൈബിൾ കാലഗണന പ്രകാരം അവന്റെ ജനനം പൊ.യു.മു. 3404-ൽ ആയിരുന്നു. തന്റെ സമകാലികരിൽനിന്നു വ്യത്യസ്തനായി ഹാനോക്ക് ദൈവാംഗീകാരമുള്ള ഒരു പുരുഷനാണെന്നു തെളിഞ്ഞു. ക്രിസ്ത്യാനികൾക്ക് അനുകരിക്കാൻ കഴിയുന്ന മാതൃകായോഗ്യമായ വിശ്വാസം കാഴ്ചവെച്ച യഹോവയുടെ ദാസരുടെ കൂട്ടത്തിൽ അപ്പൊസ്തലനായ പൗലൊസ് അവനെ ഉൾപ്പെടുത്തി. ഹാനോക്ക് ആരായിരുന്നു? അവനു നേരിടേണ്ടതായിവന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അവൻ അവയെ എങ്ങനെ നേരിട്ടു? അവൻ പ്രകടമാക്കിയ അചഞ്ചലമായ വിശ്വസ്തതയ്ക്ക് നമ്മെ സംബന്ധിച്ചിടത്തോളം എന്തു പ്രസക്തിയാണ് ഉള്ളത്?
എനോശിന്റെ കാലത്ത്, അതായത് ഹാനോക്ക് ജീവിച്ചിരുന്നതിന് ഏതാണ്ട് നാല് നൂറ്റാണ്ടുകൾക്കു മുമ്പ്, ആളുകൾ “യഹോവയുടെ നാമം വിളിക്കാൻ തുടങ്ങി” എന്നു ബൈബിൾ പറയുന്നു. (ഉല്പത്തി 4:26, NW) മാനവചരിത്രത്തിന്റെ പ്രാരംഭം മുതൽക്കേ ദിവ്യ നാമം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തെളിവനുസരിച്ച്, എനോശിന്റെ കാലത്ത് യഹോവയുടെ നാമം വിളിക്കാൻ തുടങ്ങിയത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ ശുദ്ധാരാധനയോടുള്ള ബന്ധത്തിലോ ആയിരുന്നില്ല. ഉല്പത്തി 4:26 വായിക്കേണ്ടത് “ദുഷിപ്പിക്കത്തക്കവിധം” വിളിച്ചു“തുടങ്ങി” അല്ലെങ്കിൽ “അപ്പോൾ ദുഷിപ്പിക്കൽ തുടങ്ങി” എന്നാണെന്ന് ചില എബ്രായഭാഷാ പണ്ഡിതന്മാർ വിശ്വസിക്കുന്നു. ആളുകൾ അന്ന് യഹോവ എന്ന പേര് തങ്ങൾക്കിടുകയോ ചില പ്രത്യേക വ്യക്തികൾക്ക് ആ പേരു നൽകിയിട്ട് അവരിലൂടെ ആരാധനയിൽ ദൈവത്തെ സമീപിക്കുന്നതായി ഭാവിക്കുകയോ ചെയ്തിരിക്കാം. അല്ലെങ്കിൽ അവർ ദിവ്യനാമം വിഗ്രഹങ്ങൾക്ക് ഇട്ടിരിക്കാനും സാധ്യതയുണ്ട്.
“ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു”
ഒരു ഭക്തികെട്ട ലോകത്തിലാണ് ഹാനോക്ക് ജീവിച്ചിരുന്നതെങ്കിലും അവൻ “[യഹോവയാം] ദൈവത്തോടുകൂടെ നടന്നു.” അവന്റെ പൂർവികരായിരുന്ന ശേത്ത്, എനോശ്, കേനാൻ, മഹലലേൽ, യാരെദ് എന്നിവരൊന്നും ദൈവത്തോടുകൂടെ നടന്നതായി പറഞ്ഞിട്ടില്ല. ചുരുങ്ങിയപക്ഷം അവരാരും ഹാനോക്കിന്റെ അത്രയും യഹോവാഭക്തി പ്രകടമാക്കുകയുണ്ടായില്ല. ഹാനോക്കിന്റെ ജീവിതരീതി അവരിൽനിന്നെല്ലാം അവനെ വ്യത്യസ്തനാക്കി നിറുത്തി.—ഉല്പത്തി 5:3-27.
ഹാനോക്ക് യഹോവയോടുകൂടെ നടന്നു എന്നു പറയുമ്പോൾ അത് അവന് ദൈവവുമായി ഉണ്ടായിരുന്ന അടുപ്പത്തെ സൂചിപ്പിക്കുന്നു. ദിവ്യ ഹിതത്തിനു ചേർച്ചയിൽ ജീവിച്ചതുകൊണ്ടു മാത്രമാണ് ഹാനോക്കിന് അതു സാധിച്ചത്. യഹോവ അവൻ പ്രകടമാക്കിയ ഭക്തിയെ അംഗീകരിച്ചു. “ഹാനോക്ക് [ദൈവത്തെ] നന്നായി പ്രസാധിപ്പിച്ചു” എന്ന് ഗ്രീക്ക് സെപ്റ്റുവജിന്റ് പറയുന്നു. അപ്പൊസ്തലനായ പൗലൊസും അതേ ആശയം പ്രകടിപ്പിക്കുകയുണ്ടായി.—ഉല്പത്തി 5:22; എബ്രായർ 11:5.
ഹാനോക്കിന് യഹോവയുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിന്റെ അടിസ്ഥാനം അവന്റെ വിശ്വാസമായിരുന്നു. ദൈവത്തിന്റെ “സ്ത്രീ”യുടെ വാഗ്ദത്ത “സന്തതി”യിൽ അവൻ വിശ്വാസം പ്രകടമാക്കിയിരുന്നിരിക്കണം. ഹാനോക്കിന് ആദാമുമായി വ്യക്തിപരമായ പരിചയം ഉണ്ടായിരുന്നെങ്കിൽ അത്, ഏദെനിൽവെച്ച് ദൈവം ആദ്യ മനുഷ്യജോഡിയുമായി ഇടപെട്ട വിധം സംബന്ധിച്ച് ചില വിവരങ്ങൾ മനസ്സിലാക്കാൻ അവനു കഴിഞ്ഞിരിക്കാം. ദൈവത്തെ കുറിച്ചുള്ള അറിവ് അവനെ ‘ആത്മാർഥമായി അന്വേഷിക്കുന്ന’ ഒരു വ്യക്തിയായിത്തീരാൻ ഹാനോക്കിനെ പ്രാപ്തനാക്കി.—ഉല്പത്തി 3:15; എബ്രായർ 11:6, 13, NW.
ഹാനോക്കിന്റെ കാര്യത്തിലായാലും നമ്മുടെ കാര്യത്തിലായാലും, യഹോവയുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കാൻ അവനെ കുറിച്ചുള്ള അറിവു മാത്രം പോരാ. ഒരു പ്രത്യേക വ്യക്തിയുമായുള്ള അടുപ്പത്തെ നാം മൂല്യവത്തായി കരുതുന്നെങ്കിൽ, അയാളുടെ വീക്ഷണങ്ങൾ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിക്കുമെന്നതു ശരിയല്ലേ? ആ സൗഹൃദത്തിന് ഉലച്ചിൽ തട്ടാൻ ഇടയാക്കിയേക്കാവുന്ന വാക്കുകളും പ്രവൃത്തികളും നാം ഒഴിവാക്കും. കൂടാതെ, നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെ കുറിച്ചു നാം ചിന്തിക്കുന്നെങ്കിൽ അവ ആ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നുകൂടെ നാം കണക്കിലെടുക്കുകയില്ലേ?
ദൈവവുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കാനുള്ള ആഗ്രഹം നാം ചെയ്യുന്ന കാര്യങ്ങളെ സ്വാധീനിക്കണം. അതിനായി ആദ്യംതന്നെ, അവന് ഹിതകരമായതും അല്ലാത്തതുമായ സംഗതികളെ കുറിച്ച് നമുക്ക് സൂക്ഷ്മ പരിജ്ഞാനം ഉണ്ടായിരിക്കണം. എന്നിട്ട് ആ പരിജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ—ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും അവനെ പ്രസാദിപ്പിക്കാൻ—നാം യത്നിക്കണം.
അതേ, ദൈവത്തോടുകൂടെ നടക്കണമെങ്കിൽ നാം അവനെ പ്രസാദിപ്പിക്കണം. നൂറുകണക്കിനു വർഷങ്ങൾ ഹാനോക്ക് ചെയ്തത് അതാണ്. ഹാനോക്ക് ദൈവത്തോടുകൂടെ “നടന്നു” എന്നു സൂചിപ്പിക്കുന്ന എബ്രായ ക്രിയാപദം ആവർത്തിച്ചുള്ള, തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ്. “ദൈവത്തോടുകൂടെ നടന്ന” മറ്റൊരു വിശ്വസ്ത പുരുഷനായിരുന്നു നോഹ.—ഉല്പത്തി 6:9.
ഭാര്യയും ‘പുത്രന്മാരും പുത്രിമാരും’ ഒക്കെ ഉണ്ടായിരുന്ന ഒരു കുടുംബനാഥൻ ആയിരുന്നു ഹാനോക്ക്. അവന്റെ പുത്രന്മാരിൽ ഒരാൾ ആയിരുന്നു മെഥൂശലഹ്. (ഉല്പത്തി 5:21, 22) തന്റെ കുടുംബത്തെ നന്നായി നോക്കിനടത്താൻ ആകുന്നതെല്ലാം ഹാനോക്ക് ചെയ്തിരിക്കണം. ഭക്തികെട്ട ആളുകളുടെ മധ്യേ ജീവിച്ചിരുന്നതുകൊണ്ട് ദൈവത്തെ സേവിക്കുക അവന് എളുപ്പമല്ലായിരുന്നു. അവന്റെ സമകാലികരിൽ യഹോവയിൽ വിശ്വസിച്ചിരുന്ന ഏക വ്യക്തി നോഹയുടെ പിതാവായ ലാമേക്ക് ആയിരുന്നിരിക്കാം. (ഉല്പത്തി 5:28, 29) എങ്കിലും ഹാനോക്ക് സധൈര്യം സത്യാരാധനയിൽ തുടർന്നു.
ദൈവത്തോടു വിശ്വസ്തത പുലർത്താൻ ഹാനോക്കിനെ സഹായിച്ചത് എന്തായിരുന്നു? യഹോവയുടെ നാമത്തെ ദുഷിക്കുന്നവരുമായി അല്ലെങ്കിൽ ദൈവത്തിന്റെ ആരാധകർക്ക് സഹവസിക്കാൻ കൊള്ളാത്തവരുമായി അവൻ അടുത്ത് ഇടപഴകിയിരുന്നില്ലെന്നുള്ളതു തീർച്ചയാണ്. ഹാനോക്ക് പ്രാർഥനയിൽ യഹോവയുടെ സഹായം തേടിയതും തന്റെ സ്രഷ്ടാവിനെ അപ്രീതിപ്പെടുത്തുന്ന യാതൊന്നും ചെയ്യാതിരിക്കാനുള്ള അവന്റെ ദൃഢനിശ്ചയത്തെ ബലപ്പെടുത്തിയിരിക്കണം.
അഭക്തരെ കുറിച്ചുള്ള പ്രവചനം
ഭക്തികെട്ട ആളുകളുടെ മധ്യേ ജീവിക്കുമ്പോൾ ഉയർന്ന നിലവാരങ്ങൾ പുലർത്തുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഹാനോക്ക് അതു ചെയ്തതിനു പുറമേ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ ദുഷ്ടർക്കെതിരെ ന്യായവിധി സന്ദേശം അറിയിക്കുകയും ചെയ്തു. ദൈവാത്മാവിന്റെ നിർദേശമനുസരിച്ച് ഹാനോക്ക് പ്രാവചനികമായി ഇങ്ങനെ പ്രഖ്യാപിച്ചു: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു.”—യൂദാ 14, 15.
നീചരായ അവിശ്വാസികളെ ആ സന്ദേശം എങ്ങനെ ബാധിച്ചിരിക്കാം? കുത്തിത്തുളക്കുന്നതു പോലുള്ള ഹാനോക്കിന്റെ ആ വാക്കുകൾ അവനെ ആളുകളുടെ അപ്രീതിക്ക് പാത്രമാക്കിയിരുന്നിരിക്കണം. ചുറ്റുമുള്ളവരിൽനിന്ന് അവന് പരിഹാസവും ഭീഷണികളും നേരിട്ടിരിക്കാം. എന്തിന്, ചിലർ അവനെ ഇല്ലാതാക്കാൻ പോലും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ അതൊന്നും ഹാനോക്കിനെ അധൈര്യപ്പെടുത്തിയില്ല. നീതിമാനായ ഹാബേലിന് സംഭവിച്ചത് എന്താണെന്ന് അവന് അറിയാമായിരുന്നു. എന്തു വന്നാലും, ഹാബേലിനെ പോലെ ദൈവത്തെ സേവിക്കാൻ ഹാനോക്കും ദൃഢചിത്തനായിരുന്നു.
‘ദൈവം അവനെ എടുത്തുകൊണ്ടു’
ഹാനോക്കിന്റെ ജീവൻ വ്യക്തമായും അപകടത്തിലായിരുന്ന ഒരു സമയത്താണ് ‘ദൈവം അവനെ എടുത്തത്.’ (ഉല്പത്തി 5:24) തന്റെ വിശ്വസ്ത പ്രവാചകൻ ക്രൂരരായ ശത്രുക്കളുടെ കയ്യാൽ കഷ്ടം സഹിക്കാൻ യഹോവ അനുവദിച്ചില്ല. അപ്പൊസ്തലനായ പൗലൊസ് പറയുന്നപ്രകാരം ‘ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു.’ (എബ്രായർ 11:5) ഹാനോക്ക് മരിച്ചില്ലെന്നും ദൈവം അവനെ സ്വർഗത്തിലേക്ക് എടുത്തെന്നും അവൻ അവിടെ തുടർന്നു ജീവിച്ചെന്നുമൊക്കെ പലരും പറയുന്നു. എന്നാൽ യേശു പറഞ്ഞതു ശ്രദ്ധിക്കുക: “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന . . . മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” സ്വർഗത്തിലേക്ക് പോകുന്നവർക്കായി “മുമ്പുകൂട്ടി” അവിടേക്കു പ്രവേശിച്ചത് യേശുവായിരുന്നു.—യോഹന്നാൻ 3:13; എബ്രായർ 6:19, 20.
അങ്ങനെയെങ്കിൽ ഹാനോക്കിന് എന്തു സംഭവിച്ചു? അവൻ “മരണം കാണാതെ എടുക്കപ്പെട്ടു” എന്നു പറയുമ്പോൾ അതിനർഥം അവൻ ഒരു പ്രാവചനിക ദർശനത്തിൽ പൂർണമായി ലയിക്കാൻ ദൈവം ഇടയാക്കിയിരിക്കാമെന്നും ആ അവസ്ഥയിൽ അവന്റെ ജീവനെ എടുത്തിരിക്കാമെന്നും ആയിരിക്കാം. അങ്ങനെയുള്ള അവസ്ഥയിൽ ഹാനോക്ക് മരണത്തിന്റെ വേദന അറിയുകയില്ലായിരുന്നു. പിന്നീട്, യഹോവ മോശെയുടെ ശരീരം നീക്കം ചെയ്തതുപോലെ ഹാനോക്കിന്റെ ശരീരവും നീക്കം ചെയ്തിരിക്കാനാണ് സാധ്യത. അതുകൊണ്ടാണ് അവനെ “കാണാതെയാ”യത്.—ആവർത്തനപുസ്തകം 34:5, 6.
ഹാനോക്ക് അവന്റെ സമകാലികരുടെ അത്രയും കാലം ജീവിച്ചിരുന്നില്ല. അവന്റെ ആയുർദൈർഘ്യം 365 വർഷമായിരുന്നു. എന്നാൽ യഹോവയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനം തങ്ങളുടെ മരണംവരെ അവനെ വിശ്വസ്തതയോടെ സേവിക്കുക എന്നതാണ്. ഹാനോക്കിന് അതിനു സാധിച്ചെന്ന് നമുക്ക് അറിയാം. കാരണം “അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.” യഹോവ അത് ഹാനോക്കിന് എങ്ങനെ വെളിപ്പെടുത്തിക്കൊടുത്തു എന്ന് തിരുവെഴുത്തുകൾ പറയുന്നില്ല. എന്തായാലും, ഹാനോക്ക് മരിക്കുന്നതിനു മുമ്പ് ദൈവാംഗീകാരം സംബന്ധിച്ച ഉറപ്പ് അവനു ലഭിച്ചു. യഹോവ പുനരുത്ഥാനത്തിൽ അവനെ ഓർക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.
ഹാനോക്കിന്റെ വിശ്വാസം അനുകരിക്കുക
ദൈവഭക്തരായ മനുഷ്യരുടെ വിശ്വാസം അനുകരിക്കുന്നത് ഉചിതമാണ്. (എബ്രായർ 13:7) വിശ്വാസം നിമിത്തമാണ് ഹാനോക്ക് ദൈവത്തിന്റെ ആദ്യത്തെ വിശ്വസ്ത പ്രവാചകനായി സേവിച്ചത്. ഹാനോക്കിന്റെ കാലത്ത് ലോകം നമ്മുടേതിനു സമാനമായിരുന്നു—അക്രമാസക്തവും അധഃപതിച്ചതും അഭക്തവുമായ ഒന്ന്. എന്നാൽ ഹാനോക്ക് തികച്ചും വ്യത്യസ്തനായിരുന്നു. അവന് യഥാർഥ വിശ്വാസം ഉണ്ടായിരുന്നു. ദൈവികഭക്തിയുടെ ഒരു ഉത്തമ മാതൃകയുമായിരുന്നു അവൻ. വളരെ പ്രധാനപ്പെട്ട ഒരു ന്യായവിധി സന്ദേശമായിരുന്നു പ്രഖ്യാപിക്കാനായി യഹോവ അവനു നൽകിയത്. അതിനായി യഹോവ അവനെ ശക്തീകരിക്കുകയും ചെയ്തു. ഹാനോക്ക് ധൈര്യപൂർവം തന്റെ നിയമനം നിർവഹിച്ചു. ശത്രുക്കളിൽനിന്ന് എതിർപ്പുണ്ടായപ്പോൾ യഹോവ അവനെ കാത്തുപരിപാലിച്ചു.
ഹാനോക്കിനെ പോലെ നാമും വിശ്വാസം പ്രകടമാക്കുന്നെങ്കിൽ ഈ അന്ത്യ നാളുകളിൽ തന്റെ സന്ദേശം പ്രഖ്യാപിക്കാൻ യഹോവ നമ്മെ ശക്തീകരിക്കും. എതിർപ്പുകളെ ധൈര്യപൂർവം നേരിടാൻ അവൻ നമ്മെ സഹായിക്കും. നമ്മുടെ ദൈവികഭക്തി ഭക്തികെട്ട മനുഷ്യരിൽനിന്ന് നമ്മെ വ്യത്യസ്തരാക്കി നിറുത്തുകയും ചെയ്യും. ദൈവത്തോടൊത്തു നടക്കാനും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ പെരുമാറാനും വിശ്വാസം നമ്മെ പ്രാപ്തരാക്കും. (സദൃശവാക്യങ്ങൾ 27:11) വിശ്വാസം നിമിത്തം, നീതിമാനായ ഹാനോക്ക് ഭക്തികെട്ട ഒരു ലോകത്തിൽ ദൈവത്തോടുകൂടെ നടക്കുന്നതിൽ വിജയിച്ചു. നമുക്കും അതിൽ വിജയിക്കാനാകും.
[30-ാം പേജിലെ ചതുരം]
ബൈബിൾ ഹാനോക്കിന്റെ പുസ്തകത്തിൽനിന്ന് ഉദ്ധരിക്കുന്നുവോ?
ഹാനോക്കിന്റെ പുസ്തകം ബൈബിൾ കാനോനിൽ പെടാത്ത ഒരു ഉത്തരകാനോനിക ഗ്രന്ഥമാണ്. അത് ഹാനോക്ക് എഴുതിയതാണ് എന്ന അവകാശവാദം വ്യാജമാണ്. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലോ ഒന്നാം നൂറ്റാണ്ടിലോ എഴുതപ്പെട്ടിരിക്കാൻ ഇടയുള്ള ഈ പുസ്തകം അതിശയോക്തികൾ നിറഞ്ഞതും ചരിത്രപരമായി സത്യമല്ലാത്ത യഹൂദ കെട്ടുകഥകളുടെ ഒരു സമാഹാരവുമാണ്. ഹാനോക്കിനെ കുറിച്ച് ഉല്പത്തി പുസ്തകത്തിൽ കാണുന്ന ഹ്രസ്വമായ പരാമർശത്തെ ഊതിപ്പെരുപ്പിച്ച് തയ്യാറാക്കിയിരിക്കുന്നതാണ് ആ പുസ്തകമെന്നു വ്യക്തം. ദൈവത്തിന്റെ നിശ്വസ്ത വചനത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാനോക്കിന്റെ പുസ്തകത്തെ ബൈബിളിന്റെ ഭാഗമായി അംഗീകരിക്കാതിരിക്കാൻ മേൽപ്പറഞ്ഞ കാരണംതന്നെ ധാരാളമാണ്.
“ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” എന്ന ഹാനോക്കിന്റെ പ്രാവചനിക വാക്കുകൾ കാണുന്നത് ബൈബിളിൽ യൂദായുടെ പുസ്തകത്തിൽ മാത്രമാണ്. (യൂദാ 14, 15) തന്റെ അഭക്തരായ സമകാലികർക്കെതിരെയുള്ള ഹാനോക്കിന്റെ പ്രവചനം ഹാനോക്കിന്റെ പുസ്തകത്തിൽനിന്ന് നേരിട്ട് ഉദ്ധരിക്കപ്പെട്ടതാണെന്നാണ് പല പണ്ഡിതന്മാരുടെയും ഭാഷ്യം. ആശ്രയയോഗ്യമല്ലാത്ത ഒരു ഉത്തരകാനോനിക പുസ്തകത്തെ യൂദാ ആധികാരിക ഗ്രന്ഥമായി ഉപയോഗിക്കാൻ ഇടയുണ്ടോ?
ഹാനോക്കിന്റെ പ്രവചനത്തെ കുറിച്ച് യൂദാ എങ്ങനെ മനസ്സിലാക്കിയെന്നു തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നില്ല. ഒരുപക്ഷേ, പൂർവികരിൽനിന്ന് കൈമാറിക്കിട്ടിയ ആശ്രയയോഗ്യമായ വിവരം അവൻ ഉദ്ധരിച്ചതായിരിക്കാം. പൗലൊസ് സമാനമായ ഒരു കാര്യം ചെയ്യുകയുണ്ടായി. ഫറവോന്റെ രാജധാനിയിൽ മോശെയോടു എതിർത്തുനിന്ന മന്ത്രവാദികളുടെ പേരുകൾ യന്നേസും യംബ്രേസും എന്നായിരുന്നുവെന്ന് പൗലൊസ് പറയുന്നു. എന്നാൽ ബൈബിളിൽ മറ്റൊരിടത്തും ആ പേരുകൾ കാണുന്നില്ല. ഹാനോക്കിന്റെ പുസ്തകം എഴുതിയ വ്യക്തിക്ക് ഇത്തരത്തിലുള്ള ഒരു പുരാതന ഉറവിടത്തെ ആശ്രയിക്കാൻ കഴിയുമായിരുന്നെങ്കിൽ യൂദായ്ക്കു മാത്രമായി അത് എന്തിനു നിഷേധിക്കപ്പെടണം?a—പുറപ്പാടു 7:11, 22; 2 തിമൊഥെയൊസ് 3:8.
ഭക്തികെട്ടവർക്ക് എതിരെയുള്ള ഹാനോക്കിന്റെ സന്ദേശത്തെ സംബന്ധിച്ച വിവരം യൂദായ്ക്ക് ലഭിച്ചത് എങ്ങനെയാണെന്നുള്ളത് ചെറിയ ഒരു സംഗതിയാണ്. യൂദാ അത് എഴുതിയത് ദിവ്യ നിശ്വസ്തതയിൻ കീഴിൽ ആണെന്ന വസ്തുത ആ സന്ദേശത്തിന്റെ ആശ്രയയോഗ്യതയെ തെളിയിക്കുന്നു. (2 തിമൊഥെയൊസ് 3:16) സത്യമല്ലാത്ത ഒന്നും ഇതിൽ പ്രതിപാദിക്കാതിരിക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവനെ കാത്തു.
[അടിക്കുറിപ്പ്]
a ശിഷ്യനായ സ്തെഫാനോസും എബ്രായ തിരുവെഴുത്തുകളിൽ ഒരിടത്തും കാണാൻ സാധിക്കാത്ത വിവരങ്ങൾ പ്രദാനം ചെയ്യുകയുണ്ടായി. ഈജിപ്തിൽ വെച്ച് മോശെക്കു ലഭിച്ച വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങൾക്കു പുറമേ, ഈജിപ്തിൽനിന്ന് പലായനം ചെയ്തപ്പോൾ അവന് 40 വയസ്സായിരുന്നുവെന്നും മിദ്യാനിൽ അവൻ 40 വർഷം താമസിച്ചുവെന്നും മോശൈക ന്യായപ്രമാണം കൈമാറുന്നതിൽ ദൈവദൂതനു പങ്കുണ്ടായിരുന്നുവെന്നും സ്തെഫാനോസ് പറഞ്ഞു.—പ്രവൃത്തികൾ 7:22, 23, 30, 38.
[31-ാം പേജിലെ ചിത്രം]
ഹാനോക്ക് യഹോവയിൽ നിന്നുള്ള സന്ദേശം സധൈര്യം പ്രഖ്യാപിച്ചു