“യഹോവയുടെ അനുഗ്രഹം—അതാണു സമ്പന്നരാക്കുന്നത്”
നാമെല്ലാം അനുഗ്രഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു. അനുഗ്രഹങ്ങൾ “സന്തുഷ്ടിയെയും സുഖത്തെയും സമൃദ്ധിയെയും” ഉന്നമിപ്പിക്കുന്നു എന്ന് ദി അമേരിക്കൻ ഹെറിറ്റേജ് കോളെജ് ഡിക്ഷണറി പറയുന്നു. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” യഹോവയിങ്കൽനിന്നു വരുന്നതിനാൽ യഥാർഥവും നിലനിൽക്കുന്നതുമായ എല്ലാ അനുഗ്രഹത്തിന്റെയും ഉറവ് നമ്മുടെ സ്നേഹവാനായ സ്രഷ്ടാവാണ്. (യാക്കോബ് 1:17) അവൻ മുഴു മനുഷ്യവർഗത്തിന്റെയുംമേൽ, തന്നെ അറിയാത്തവരുടെമേൽ പോലും അനുഗ്രഹങ്ങൾ ചൊരിയുന്നു. യേശു തന്റെ പിതാവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു.” (മത്തായി 5:45) എന്നിരുന്നാലും, തന്നെ സ്നേഹിക്കുന്നവർക്കായി യഹോവ പ്രത്യേകാൽ കരുതുന്നു.—ആവർത്തനപുസ്തകം 28:1-14; ഇയ്യോബ് 1:1; 42:12.
സങ്കീർത്തനക്കാരൻ എഴുതി: “നേരോടെ നടക്കുന്നവർക്കു [യഹോവ] ഒരു നന്മയും മുടക്കുകയില്ല.” (സങ്കീർത്തനം 84:11) അതേ, യഹോവയെ സേവിക്കുന്നവരുടെ ജീവിതം അർഥവത്തും സമ്പുഷ്ടവും ആയിരിക്കും. “യഹോവയുടെ അനുഗ്രഹം—അതാണു സമ്പന്നരാക്കുന്നത്, അവൻ അതിനോടു വേദന കൂട്ടുന്നില്ല” എന്ന് അവർക്ക് അറിയാം. ബൈബിൾ ഇങ്ങനെയും പറയുന്നു: “[യഹോവയാൽ] അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.” (സദൃശവാക്യങ്ങൾ 10:22, NW; സങ്കീർത്തനം 37:22, 29) അത് എത്ര വലിയ അനുഗ്രഹം ആയിരിക്കും!
നമുക്ക് എങ്ങനെ യഹോവയുടെ അനുഗ്രഹം നേടാൻ കഴിയും? അവനു പ്രസാദകരമായ ഗുണങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഒരു സംഗതി. (ആവർത്തനപുസ്തകം 30:16, 19, 20; മീഖാ 6:8) യഹോവയുടെ പുരാതന കാലത്തെ മൂന്നു ദാസന്മാരുടെ ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് ഇതു മനസ്സിലാക്കാം.
യഹോവ തന്റെ ദാസന്മാരെ അനുഗ്രഹിക്കുന്നു
ഒരു പ്രമുഖ ദൈവദാസൻ ആയിരുന്നു നോഹ. ഉല്പത്തി 6:8-ൽ നാം വായിക്കുന്നു: “നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നോഹ അനുസരണം ഉള്ളവനായിരുന്നു. “നോഹ ദൈവത്തോടുകൂടെ നടന്നു” എന്നു വിവരണം പറയുന്നു. അവൻ യഹോവയുടെ നീതിനിഷ്ഠമായ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു. ഭൂമിയിൽ അക്രമവും വഷളത്തവും നടമാടിയ ഒരു സമയത്ത് ‘ദൈവം തന്നോടു കല്പിച്ചതൊക്കെയും ചെയ്യാൻ’ നോഹ പ്രേരിതനായി. “അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പത്തി 6:9, 22) അതിന്റെ ഫലമായി ‘തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർക്കാൻ’ യഹോവ നോഹയ്ക്കു നിർദേശം നൽകി. (എബ്രായർ 11:7) ഈ വിധത്തിൽ നോഹയും അവന്റെ കുടുംബവും—അവരിലൂടെ മനുഷ്യവർഗവും—ആ തലമുറയുടെ നാശത്തെ അതിജീവിച്ചു. കൂടാതെ, പുനരുത്ഥാനം പ്രാപിച്ച് ഒരു ഭൗമിക പറുദീസയിൽ നിത്യജീവൻ ആസ്വദിക്കാനുള്ള പ്രത്യാശയോടെയാണ് നോഹ മരിച്ചത്. എത്ര സമൃദ്ധമായാണ് അവൻ അനുഗ്രഹിക്കപ്പെട്ടത്!
യഹോവയ്ക്കു പ്രസാദകരമായ ഗുണങ്ങൾ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയായിരുന്നു അബ്രാഹാം. അവന്റെ ഗുണങ്ങളിൽ പ്രമുഖമായ ഒന്നായിരുന്നു വിശ്വാസം. (എബ്രായർ 11:8-10) തന്റെ സന്തതി ഒരു വലിയ ജനത ആയിത്തീരുമെന്നും ആ സന്തതിയാൽ സകല ജാതികളും അനുഗ്രഹിക്കപ്പെടുമെന്നും ഉള്ള യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസം ഉണ്ടായിരുന്നതിനാൽ അബ്രാഹാം ഊരിലെയും പിന്നീട് ഹാരാനിലെയും സുഖപ്രദമായ ജീവിതം ഉപേക്ഷിച്ചു. (ഉല്പത്തി 12:2, 3) വർഷങ്ങളോളം പരീക്ഷിക്കപ്പെട്ടെങ്കിലും തന്റെ പുത്രനായ ഇസ്ഹാക്ക് ജനിച്ചപ്പോൾ അവന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു. അവനിലൂടെ അബ്രാഹാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന്റെയും കാലക്രമത്തിൽ മിശിഹായുടെയും പൂർവ പിതാവായിത്തീർന്നു. (റോമർ 4:19-21) കൂടാതെ, അവൻ ‘വിശ്വസിക്കുന്ന എല്ലാവർക്കും പിതാവായിത്തീർന്നു.’ അവൻ “ദൈവത്തിന്റെ സ്നേഹിതൻ” എന്ന് അറിയപ്പെടാൻ ഇടയായി. (റോമർ 4:11; യാക്കോബ് 2:23; ഗലാത്യർ 3:7, 29) അവന്റെ ജീവിതം എത്ര അർഥപൂർണമായിരുന്നു, എത്ര സമൃദ്ധമായാണ് അവൻ അനുഗ്രഹിക്കപ്പെട്ടത്!
വിശ്വസ്ത പുരുഷനായിരുന്ന മോശെയുടെ ദൃഷ്ടാന്തവും പരിചിന്തിക്കുക. അവന്റെ ഗുണങ്ങളിൽ മുന്തിനിന്ന ഒന്നായിരുന്നു ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പ്. മോശെ ഈജിപ്തിലെ സകല ധനവും ഉപേക്ഷിക്കുകയും ‘അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിൽക്കുകയും’ ചെയ്തു. (എബ്രായർ 11:27) മിദ്യാൻ ദേശത്തു 40 വർഷം ചെലവഴിച്ച ശേഷം വൃദ്ധനായ അവൻ ഈജിപ്തിലേക്കു മടങ്ങുകയും ആ സമയത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായ ഫറവോനെ ധൈര്യപൂർവം നേരിട്ടുകൊണ്ട് തന്റെ സഹോദരന്മാരെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. (പുറപ്പാടു 7:1-7) പത്തു ബാധകൾ, ചെങ്കടലിന്റെ വിഭജനം, ഫറവോന്റെ സൈന്യത്തിന്റെ നാശം എന്നിവയ്ക്ക് അവൻ സാക്ഷ്യം വഹിച്ചു. ഇസ്രായേലിനു ന്യായപ്രമാണം നൽകാനും ആ പുതിയ ജനതയുമായുള്ള തന്റെ ഉടമ്പടിക്കു മാധ്യസ്ഥ്യം വഹിക്കാനും യഹോവ അവനെ ഉപയോഗിച്ചു. 40 വർഷം മരുഭൂമിയിൽ മോശെ ഇസ്രായേൽ ജനതയെ നയിച്ചു. അവന്റെ ജീവിതത്തിനു വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. അതുപോലെ അമൂല്യമായ സേവനപദവികൾ ആസ്വദിക്കാനും അവനു കഴിഞ്ഞു.
ആധുനികകാല അനുഗ്രഹങ്ങൾ
ദൈവത്തെ സേവിക്കുന്നവരുടെ ജീവിതത്തിന് യഥാർഥ അർഥമുണ്ടെന്ന് ഈ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. അനുസരണം, വിശ്വാസം, ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പ് എന്നിങ്ങനെയുള്ള ഗുണങ്ങൾ നട്ടുവളർത്തുമ്പോൾ യഹോവയുടെ ജനം സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നു.
ഏതു വിധത്തിലാണു നാം അനുഗ്രഹിക്കപ്പെടുന്നത്? ക്രൈസ്തവലോകത്തിൽ ദശലക്ഷങ്ങൾ ആത്മീയ ക്ഷാമം അനുഭവിക്കുമ്പോൾ നമുക്ക് “യഹോവയുടെ നന്മ” ആസ്വദിക്കാൻ കഴിയുന്നു. (യിരെമ്യാവു 31:12) ‘ജീവങ്കലേക്കു പോകുന്ന വഴി’യിൽ തുടരാൻ നമ്മെ സഹായിക്കുന്ന സമൃദ്ധമായ ആത്മീയ ആഹാരം യേശുക്രിസ്തുവിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയും യഹോവ പ്രദാനം ചെയ്തിരിക്കുന്നു. (മത്തായി 7:13, 14; 24:45, NW; യോഹന്നാൻ 17:3) നമ്മുടെ ക്രിസ്തീയ സഹോദരവർഗത്തിന്റെ കൂട്ടായ്മയാണ് മറ്റൊരു മഹത്തായ അനുഗ്രഹം. യോഗങ്ങളിലും മറ്റ് അവസരങ്ങളിലും സ്നേഹം പ്രകടിപ്പിക്കുകയും “പുതിയ വ്യക്തിത്വം” ധരിക്കാൻ കഠിനശ്രമം ചെയ്യുകയും ചെയ്യുന്ന സഹ ആരാധകരോടൊത്ത് ആയിരിക്കുന്നത് വലിയ സന്തോഷം കൈവരുത്തുന്നു. (കൊലൊസ്സ്യർ 3:8-10, NW; സങ്കീർത്തനം 133:1) എന്നാൽ യഹോവയാം ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കാനും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിൻപറ്റാനുമുള്ള അമൂല്യ പദവിയാണ് നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം.—റോമർ 5:1, 8; ഫിലിപ്പിയർ 3:8.
ഈ അനുഗ്രഹങ്ങളെ കുറിച്ചൊക്കെ ധ്യാനിക്കുമ്പോൾ നമ്മുടെ ദൈവസേവനം യഥാർഥത്തിൽ എത്ര വിലപ്പെട്ടതാണെന്നു നാം തിരിച്ചറിയുന്നു. ഒരുപക്ഷേ നല്ല മുത്ത് അന്വേഷിച്ചു പുറപ്പെട്ട ഒരു വ്യാപാരിയെ കുറിച്ചുള്ള യേശുവിന്റെ ഉപമ നമ്മുടെ മനസ്സിലേക്കു വന്നേക്കാം. ആ മനുഷ്യനെ കുറിച്ച് യേശു പറഞ്ഞു: “അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിററു അതു വാങ്ങി.” (മത്തായി 13:46) തീർച്ചയായും ദൈവവുമായുള്ള നമ്മുടെ ബന്ധം, അവനെ സേവിക്കുകയെന്ന നമ്മുടെ അമൂല്യ പദവി, നമ്മുടെ ക്രിസ്തീയ കൂട്ടായ്മ, ക്രിസ്തീയ പ്രത്യാശ എന്നിവ ഉൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ അനുഗ്രഹങ്ങളുടെയും കാര്യത്തിൽ നമുക്ക് അങ്ങനെതന്നെയാണു തോന്നുന്നത്. അവയെക്കാൾ വിലപ്പെട്ടതായി നമ്മുടെ ജീവിതത്തിൽ മറ്റൊന്നുമില്ല.
യഹോവയ്ക്കു തിരികെ കൊടുക്കുക
എല്ലാ നല്ല ദാനത്തിന്റെയും ഉറവ് യഹോവയാണെന്നു തിരിച്ചറിയുന്നതിനാൽ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളോടുള്ള വിലമതിപ്പു പ്രകടിപ്പിക്കാൻ നമ്മുടെ ഹൃദയം നമ്മെ പ്രേരിപ്പിക്കുന്നു. നമുക്കെങ്ങനെ അതു ചെയ്യാൻ കഴിയും? ഇതേ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ മറ്റുള്ളവരെയും സഹായിക്കുക എന്നതാണ് ഒരു വിധം. (മത്തായി 28:19, 20) 230-ലേറെ രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരെ സന്ദർശിച്ച് അതു ചെയ്തുകൊണ്ടാണിരിക്കുന്നത്. അങ്ങനെ അവർ പരിമിതമായ അളവിലുള്ള തങ്ങളുടെ വ്യക്തിപരമായ ആസ്തികൾ—സമയം, ഊർജം, ഭൗതിക സ്വത്തുക്കൾ—മറ്റുള്ളവരെ ‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ’ സഹായിക്കുന്നതിനായി ചെലവിടുന്നു.—1 തിമൊഥെയൊസ് 2:4.
യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള ഗ്ലെൻഡെയ്ലിൽ താമസിക്കുന്ന പയനിയർമാരുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. എല്ലാ ശനിയാഴ്ചയും രാവിലെ അവർ ഒരു ഫെഡറൽ ജയിൽ സന്ദർശിക്കുന്നു. അതിന് അങ്ങോട്ടും ഇങ്ങോട്ടുമായി ഏകദേശം 100 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്. ഓരോ സന്ദർശനത്തിലും ഏതാനും മണിക്കൂർ മാത്രമേ ജയിൽപ്പുള്ളികളുമായി ചെലവഴിക്കാൻ കഴിയുകയുള്ളുവെങ്കിലും അത് അവരെ നിരുത്സാഹിതരാക്കുന്നില്ല. അവരിൽ ഒരാൾ ഇങ്ങനെ പറയുന്നു: “ഈ അസാധാരണ പ്രദേശത്തെ പ്രവർത്തനം വളരെ പ്രതിഫലദായകമാണ്. ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് അതു ചെയ്യുന്നത്. ഞങ്ങൾക്കു കൈകാര്യം ചെയ്യാൻ കഴിയുന്നതിനെക്കാൾ അധികം താത്പര്യക്കാരെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ അഞ്ചുപേരെ ബൈബിൾ പഠിപ്പിക്കുന്നുണ്ട്. മറ്റു നാലു പേർ കൂടെ ബൈബിൾ അധ്യയനം ആവശ്യപ്പെട്ടിട്ടുണ്ട്.”
ഈ ജീവരക്ഷാകര വേലയ്ക്കായി തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്നതിൽ തീക്ഷ്ണരായ ക്രിസ്തീയ ശുശ്രൂഷകർ സന്തുഷ്ടരാണ്. ഈ കാര്യത്തിൽ അവർക്ക് യേശുവിന്റെ അതേ മനോഭാവമാണ് ഉള്ളത്. അവൻ ഇങ്ങനെ പറഞ്ഞു: “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.” (മത്തായി 10:8) ലോകത്തിനു ചുറ്റുമുള്ള ദശലക്ഷങ്ങൾ ഇത്തരം നിസ്വാർഥ സേവനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ആത്മാർഥ ഹൃദയരുടെ വലിയ കൂട്ടങ്ങൾ അവരുടെ ശ്രമങ്ങളോടു പ്രതികരിച്ച് ശിഷ്യരായിത്തീരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിൽ മാത്രം 17 ലക്ഷത്തോളം ആളുകൾ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നു. ഈ വളർച്ചയുടെ ഫലമായുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൂടുതൽ ബൈബിളുകളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും ഉത്പാദിപ്പിക്കുകയും പുതിയ രാജ്യഹാളുകളും കൂടിവരുന്നതിനുള്ള മറ്റു കെട്ടിടങ്ങളും പണിയുകയും ചെയ്യേണ്ടതുണ്ട്. ഇതിനൊക്കെയുള്ള പണം എവിടെനിന്നാണു ലഭിക്കുന്നത്? പൂർണമായും സ്വമേധയാ സംഭാവനകളിൽനിന്ന്.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ മോശമായ സാമ്പത്തിക അവസ്ഥകൾ നിമിത്തം തങ്ങളുടെ കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങൾ നിറവേറ്റാൻതന്നെ കഷ്ടപ്പെടുന്നവരുണ്ട്. ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നതനുസരിച്ച് 100 കോടി ആളുകൾ തങ്ങളുടെ കുടുംബത്തിന്റെ മൊത്തം വരുമാനത്തിന്റെ 70 ശതമാനമെങ്കിലും ഭക്ഷണത്തിനു ചെലവഴിക്കുന്നു. ഈ അവസ്ഥയിലുള്ള അനേകം ക്രിസ്തീയ സഹോദരീസഹോദരന്മാരും ഉണ്ട്. ഇങ്ങനെയുള്ളവർക്ക് തങ്ങളുടെ സഹ ആരാധകരുടെ സഹായം കൂടാതെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നതിനോ അനുയോജ്യമായ രാജ്യഹാളുകൾ പണിയുന്നതിനോ കഴിയുകയില്ല.
ഇവർ തങ്ങളുടെ മുഴു ഭാരവും മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നു എന്നല്ല ഇതിന്റെ അർഥം. എന്നാൽ അവർക്കു സഹായം ആവശ്യമാണ്. ഭൗതികമായി സംഭാവന ചെയ്തുകൊണ്ട് യഹോവയുടെ അനുഗ്രഹങ്ങൾക്കായി നന്ദി പ്രകാശിപ്പിക്കുന്നതിന് മോശെ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ച സന്ദർഭത്തിൽ അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.” (ആവർത്തനപുസ്തകം 16:17) അതുകൊണ്ടാണ് ആലയത്തിലെ ഭണ്ഡാരത്തിൽ “രണ്ടു കാശു” മാത്രം ഇട്ട ഒരു വിധവയെ യേശു തന്റെ ശിഷ്യന്മാരുടെ മുമ്പാകെ പുകഴ്ത്തിയത്. അവൾ തന്റെ കഴിവിന്റെ പരമാവധി ചെയ്തു. (ലൂക്കൊസ് 21:2, 3) സമാനമായി, ഭൗതികമായി വളരെയൊന്നും ഇല്ലാത്ത ക്രിസ്ത്യാനികൾ തങ്ങളാലാവുന്നതു ചെയ്യുന്നു. അവരുടെ സംഭാവനകൾ ആവശ്യങ്ങൾ നിറവേറ്റാൻ തികയുന്നില്ലെങ്കിൽ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലയുള്ള സഹക്രിസ്ത്യാനികളുടെ സംഭാവനകൾ അതിനായി ഉപയോഗിക്കാൻ കഴിയും.—2 കൊരിന്ത്യർ 8:13-15.
ഈ വിധങ്ങളിൽ ദൈവത്തിനു തിരികെ കൊടുക്കുമ്പോൾ ശരിയായ ആന്തരം ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്. (2 കൊരിന്ത്യർ 8:12) പൗലൊസ് പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) ഹൃദയപൂർവം കൊടുക്കുകവഴി നാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദിവ്യാധിപത്യ വികസനത്തെ പിന്തുണയ്ക്കുന്നു. മാത്രമല്ല അതു നമ്മുടെതന്നെ സന്തോഷം വർധിപ്പിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 20:35, NW.
യഹോവ നമുക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾക്കു പകരം നൽകാൻ കഴിയുന്ന രണ്ടു വിധങ്ങളാണ് പ്രസംഗവേലയിൽ ഏർപ്പെടുന്നതും സ്വമേധയാ സംഭാവനകൾ നൽകുന്നതും. ഇതുവരെ തന്നെ കുറിച്ച് അറിഞ്ഞിട്ടില്ലാത്ത ആത്മാർഥഹൃദയരുടെമേലും തന്റെ അനുഗ്രഹം ചൊരിയാൻ യഹോവ ആഗ്രഹിക്കുന്നു എന്ന് അറിയുന്നത് എത്ര പ്രോത്സാഹജനകമാണ്! (2 പത്രൊസ് 3:9) അതുകൊണ്ട് അത്തരം ആളുകളെ കണ്ടെത്തുകയും അനുസരണം, വിശ്വാസം, വിലമതിപ്പ് എന്നിങ്ങനെയുള്ള ഗുണങ്ങൾ വളർത്താൻ അവരെ സഹായിക്കുകയും ചെയ്തുകൊണ്ട് ദൈവസേവനത്തിനായി നമ്മുടെ ആസ്തികൾ ഉപയോഗിക്കുന്നതിൽ നമുക്കു തുടരാം. അങ്ങനെ, “യഹോവ നല്ലവൻ എന്നു രുചിച്ചറി”യാൻ അവരെ സഹായിക്കുന്നതിന്റെ സന്തോഷം നമുക്ക് ആസ്വദിക്കാൻ കഴിയും.—സങ്കീർത്തനം 34:8.
[28, 29 പേജിലെ ചതുരം]
ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ
“ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.
ഓരോ മാസവും സഭകൾ ഈ തുക ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തേക്കോ പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കോ അയയ്ക്കുന്നു. സ്വമേധയാ സംഭാവനകൾ The Watch Tower Bible and Tract Society of India, G-37, South Avenue, Santacruz, Mumbai 400 054 എന്ന വിലാസത്തിലോ നിങ്ങളുടെ രാജ്യത്ത് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ ചുമതല വഹിക്കുന്ന ബ്രാഞ്ച് ഓഫീസിലേക്കോ അയയ്ക്കാവുന്നതാണ്. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്തുക്കളും സംഭാവനയായി നൽകാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.
ആസൂത്രിത കൊടുക്കൽ
നിരുപാധിക ദാനമായും സോപാധിക സംഭാവനയായും പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി വേറെയും കൊടുക്കൽ രീതികൾ ഉണ്ട്. പിൻവരുന്നവ അതിൽപ്പെടുന്നു:
ഇൻഷ്വറൻസ്: ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെന്റ്/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച് ടവർ സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക് വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈറ്റിയിൽ ട്രസ്റ്റ് ആയി അല്ലെങ്കിൽ മരണത്തിങ്കൽ സൊസൈറ്റിക്കു ലഭിക്കാവുന്നത് ആയി ഏൽപ്പിക്കാവുന്നതാണ്.
സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച് ടവർ സൊസൈറ്റിക്ക് നിരുപാധിക ദാനമായി നൽകാവുന്നതാണ്.
സ്ഥാവര വസ്തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന് ആയുഷ്കാല അവകാശം നിലനിറുത്തിക്കൊണ്ടോ വാച്ച് ടവർ സൊസൈറ്റിക്കു ദാനം ചെയ്യാവുന്നതാണ്. ഏതെങ്കിലും സ്ഥാവര വസ്തു ആധാരം ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുക.
വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവകകളോ പണമോ വാച്ച് ടവർ സൊസൈറ്റിക്ക് അവകാശമായി നൽകാവുന്നതാണ്. അല്ലെങ്കിൽ, ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച് ടവർ സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്.
അങ്ങനെ ചെയ്യാൻ താത്പര്യപ്പെടുന്നെങ്കിൽ 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമത്തിന്റെ 118-ാം വകുപ്പിലെ പിൻവരുന്ന ഭാഗം ദയവായി ശ്രദ്ധിക്കുക: ‘മരുമകനോ മരുമകളോ അടുത്ത ബന്ധുക്കളോ ഉള്ള ഏതൊരാൾക്കും യാതൊരുവിധ സ്വത്തും മതപരമോ ജീവകാരുണ്യപരമോ ആയ ഉപയോഗത്തിന് ഔസ്യത്തായി നൽകാൻ അധികാരമില്ലെങ്കിലും, ഇതിന് ഒരു അപവാദമെന്ന നിലയിൽ അങ്ങനെ നൽകാൻ പ്രസ്തുത വ്യക്തി ആഗ്രഹിക്കുന്നപക്ഷം, തന്റെ മരണത്തിനു കുറഞ്ഞത് 12 മാസം മുമ്പെങ്കിലും തയ്യാറാക്കിയ ഒരു വിൽപ്പത്രം മുഖേന ആ വ്യക്തിക്ക് അപ്രകാരം ചെയ്യാവുന്നതാണ്; ഇങ്ങനെ തയ്യാറാക്കിയ ഒരു വിൽപ്പത്രം ആറു മാസത്തിനുള്ളിൽ, ജീവിച്ചിരിക്കുന്നവരുടെ വിൽപ്പത്രങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ നിയമം അനുശാസിക്കുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കേണ്ടതുമാണ്.’
നിങ്ങളുടെ വിൽപ്പത്രത്തിൽ ഗുണഭോക്താവായി സൊസൈറ്റിയുടെ പേര് വെക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സൊസൈറ്റിയുടെ പൂർണമായ പേരും മേൽവിലാസവും ദയവായി ശ്രദ്ധിക്കുക:
The Watch Tower Bible and Tract Society of India
G-37, South Avenue,
Santa Cruz,
Mumbai-400 054.