വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w02 1/1 പേ. 13-22
  • സദ്വാർത്തയുടെ അനുഗ്രഹങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സദ്വാർത്തയുടെ അനുഗ്രഹങ്ങൾ
  • 2002 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സദ്വാർത്ത അറിയിക്കുന്ന വേല ഇന്ന്‌
  • നിത്യാനുഗ്രഹങ്ങൾ കൈവരുത്തുന്ന സദ്വാർത്ത
  • സദ്വാർത്ത ആളുകളിൽ പരിവർത്തനം വരുത്തുന്നു
  • സദ്വാർത്ത​—⁠സൗമ്യർക്ക്‌ ഒരു അനുഗ്രഹം
  • ‘ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിക്കുന്നു’
  • സമൂഹത്തിന്‌ ഒരു അനുഗ്രഹം
  • എല്ലാ സത്യക്രിസ്‌ത്യാനികളും സദ്വാർത്ത അറിയിക്കുന്നവരാണ്‌
    2002 വീക്ഷാഗോപുരം
  • ‘നന്മ സുവിശേഷിക്കുന്നു’
    2005 വീക്ഷാഗോപുരം
  • ‘ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കുക’
    2011 വീക്ഷാഗോപുരം
  • ദുഃഖാർത്തരെ ആശ്വസിപ്പിക്കുക
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
2002 വീക്ഷാഗോപുരം
w02 1/1 പേ. 13-22

സദ്വാർത്തയുടെ അനുഗ്രഹങ്ങൾ

‘എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ഹൃദയം തകർന്നവരെ മുറികെട്ടുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു.’​—⁠യെശയ്യാവു 61:1-3.

1, 2. (എ) താൻ ആരാണെന്ന്‌ യേശു വെളിപ്പെടുത്തി, എങ്ങനെ? (ബി) യേശു അറിയിച്ച സദ്വാർത്ത എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തി?

തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ ഒരു ദിവസം യേശു നസറെത്തിലെ സിനഗോഗിൽ ആയിരുന്നു. ബൈബിൾ രേഖ പറയുന്ന പ്രകാരം, ‘യെശയ്യാപ്രവാചകന്റെ പുസ്‌തകം അവന്നു കൊടുത്തു; അവൻ പുസ്‌തകം വിടർത്തി: ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.’ ആ പ്രവാചക സന്ദേശത്തിന്റെ കുറെ ഭാഗം യേശു വായിച്ചു. എന്നിട്ട്‌ ഇരുന്നശേഷം അവൻ പറഞ്ഞു: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.”​—⁠ലൂക്കൊസ്‌ 4:16-21.

2 ഈ വിധത്തിൽ, താൻ പ്രവചിക്കപ്പെട്ടിരിക്കുന്ന സുവിശേഷകൻ, സദ്വാർത്ത അറിയിക്കുന്നവനും ആശ്വാസ വാഹകനുമായവൻ, ആണെന്ന്‌ യേശു തിരിച്ചറിയിച്ചു. (മത്തായി 4:23) എത്ര മഹത്തായ സദ്വാർത്തയാണ്‌ യേശുവിനു പറയാൻ ഉണ്ടായിരുന്നത്‌! തന്റെ ശ്രോതാക്കളോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.” (യോഹന്നാൻ 8:12) യേശു ഇങ്ങനെയും പ്രസ്‌താവിച്ചു: “എന്റെ വചനത്തിൽ നിലനില്‌ക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:31, 32) അതേ, യേശുവിന്റെ പക്കൽ “നിത്യജീവന്റെ വചനങ്ങൾ” ഉണ്ടായിരുന്നു. (യോഹന്നാൻ 6:68, 69) വെളിച്ചം, ജീവൻ, സ്വാതന്ത്ര്യം​—⁠ഇവ തീർച്ചയായും അമൂല്യമായ അനുഗ്രഹങ്ങൾ തന്നെയാണ്‌!

3. ഏതു സദ്വാർത്തയാണ്‌ യേശുവിന്റെ ശിഷ്യന്മാർ അറിയിച്ചത്‌?

3 പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനു ശേഷം, യേശുവിന്റെ ശിഷ്യന്മാർ അവൻ ഏർപ്പെട്ടിരുന്ന സദ്വർത്തമാനം അറിയിക്കുന്ന വേലയിൽ തുടർന്നു. അവർ ‘രാജ്യത്തിന്റെ സുവിശേഷം’ ഇസ്രായേല്യരോടും ജനതകളിൽ പെട്ട ആളുകളോടും അറിയിച്ചു. (മത്തായി 24:14; പ്രവൃത്തികൾ 15:7; റോമർ 1:16) അതിനോട്‌ അനുകൂലമായി പ്രതികരിച്ചവർ യഹോവയാം ദൈവത്തെ അറിയാൻ ഇടയായി. അവർ മതപരമായ അടിമത്തത്തിൽനിന്നു സ്വതന്ത്രരായി ഒരു പുതിയ ആത്മീയ ജനതയുടെ, “ദൈവത്തിന്റെ യിസ്രായേലി”ന്റെ ഭാഗമായിത്തീർന്നു. ആ ജനതയിലെ അംഗങ്ങൾക്ക്‌ തങ്ങളുടെ കർത്താവായ യേശുവിനോടൊപ്പം സ്വർഗത്തിൽ എന്നേക്കും ഭരിക്കുന്നതിനുള്ള പ്രത്യാശയുണ്ട്‌. (ഗലാത്യർ 5:1; 6:16; എഫെസ്യർ 3:5-7; കൊലൊസ്സ്യർ 1:​4-6; വെളിപ്പാടു 22:5) അവ തീർച്ചയായും മഹത്തായ അനുഗ്രഹങ്ങൾ ആയിരുന്നു!

സദ്വാർത്ത അറിയിക്കുന്ന വേല ഇന്ന്‌

4. സദ്വാർത്ത അറിയിക്കാനുള്ള നിയമനം ഇന്ന്‌ എങ്ങനെയാണ്‌ നിറവേറ്റപ്പെടുന്നത്‌?

4 ഇന്ന്‌, അഭിഷിക്ത ക്രിസ്‌ത്യാനികൾ “വേറെ ആടുക”ളുടെ “മഹാപുരുഷാര”ത്തിന്റെ പിന്തുണയാൽ ആദ്യം യേശുവിനു നൽകപ്പെട്ട ഈ പ്രാവചനിക നിയമനം നിറവേറ്റുന്നതിൽ തുടരുന്നു. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) തത്‌ഫലമായി, സദ്വാർത്ത ഇന്ന്‌ അഭൂതപൂർവമായ അളവിൽ അറിയിക്കപ്പെടുന്നു. 235 രാജ്യങ്ങളിലേക്കും ദേശങ്ങളിലേക്കും യഹോവയുടെ സാക്ഷികൾ ‘എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാനും ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും’ പുറപ്പെട്ടു പോയിരിക്കുന്നു. (യെശയ്യാവു 61:1, 2) അതിനാൽ, സദ്വാർത്ത അറിയിക്കുന്ന ഈ വേല പലർക്കും അനുഗ്രഹങ്ങളും ‘യാതൊരു കഷ്ടത്തിലുമുള്ളവർക്ക്‌’ യഥാർഥ ആശ്വാസവും കൈവരുത്തുന്നതിൽ തുടരുന്നു.​—⁠2 കൊരിന്ത്യർ 1:3, 4.

5. ദൈവരാജ്യ സന്ദേശം അറിയിക്കുന്ന കാര്യത്തിൽ, യഹോവയുടെ സാക്ഷികൾ ക്രൈസ്‌തവലോകത്തിലെ സഭകളിൽനിന്നു വ്യത്യസ്‌തർ ആയിരിക്കുന്നത്‌ എങ്ങനെ?

5 ക്രൈസ്‌തവലോകത്തിലെ സഭകൾ സുവിശേഷ പ്രവർത്തനം നടത്തുന്നു എന്നതു ശരിയാണ്‌. മറ്റുള്ളവരെ തങ്ങളുടെ മതത്തിൽ ചേർക്കാൻ പല സഭകളും മിഷനറിമാരെ മറ്റു ദേശങ്ങളിലേക്ക്‌ അയയ്‌ക്കുന്നു. ഉദാഹരണത്തിന്‌, ടാൻസാനിയ, തെക്കൻ ആഫ്രിക്ക, മഡഗാസ്‌കർ, സിംബാബ്‌വേ എന്നിവിടങ്ങളിൽ ഓർത്തഡോക്‌സ്‌ മിഷനറിമാർ നടത്തുന്ന പ്രവർത്തനത്തെ കുറിച്ച്‌ ദി ഓർത്തഡോക്‌സ്‌ ക്രിസ്റ്റിയൻ മിഷൻ സെന്റർ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. എന്നിരുന്നാലും, ക്രൈസ്‌തവലോകത്തിലെ മറ്റു സഭകളുടെ കാര്യത്തിൽ എന്നപോലെ, ഓർത്തഡോക്‌സ്‌ സഭയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും അത്തരമൊരു വേലയിൽ പങ്കുപറ്റുന്നില്ല. അതിൽനിന്നു ഭിന്നമായി, യഹോവയുടെ എല്ലാ സമർപ്പിത സാക്ഷികളും ദൈവരാജ്യ സന്ദേശം അറിയിക്കുന്ന വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ വിശ്വാസം യഥാർഥമാണ്‌ എന്നതിന്റെ ഒരു തെളിവായി അവർ ഈ വേലയെ കാണുന്നു. ഒരുവൻ “ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏററുപറകയും ചെയ്യുന്നു” എന്ന്‌ പൗലൊസ്‌ പറഞ്ഞു. ഒരുവനെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കാത്ത വിശ്വാസം ഫലത്തിൽ നിർജീവമാണ്‌.​—⁠റോമർ 10:10; യാക്കോബ്‌ 2:⁠17.

നിത്യാനുഗ്രഹങ്ങൾ കൈവരുത്തുന്ന സദ്വാർത്ത

6. ഏതു സദ്വാർത്തയാണ്‌ ഇന്ന്‌ അറിയിക്കപ്പെടുന്നത്‌?

6 സാധ്യമായതിൽ ഏറ്റവും നല്ല വാർത്തയാണ്‌ യഹോവയുടെ സാക്ഷികൾ അറിയിക്കുന്നത്‌. മനുഷ്യവർഗത്തിനു ദൈവത്തെ സമീപിക്കുന്നതിനുള്ള ഒരു മാർഗവും പാപങ്ങളുടെ ക്ഷമയും നിത്യജീവന്റെ പ്രത്യാശയും നൽകുന്നതിനു യേശു തന്റെ ജീവനെ യാഗമായി അർപ്പിച്ചുവെന്ന്‌ അവർ ബൈബിൾ തുറന്ന്‌ മനസ്സൊരുക്കമുള്ള ആളുകൾക്കു കാണിച്ചുകൊടുക്കുന്നു. (യോഹന്നാൻ 3:16; 2 കൊരിന്ത്യർ 5:18, 19) അഭിഷിക്ത രാജാവായ യേശുക്രിസ്‌തുവിന്റെ കീഴിൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്നു എന്നും അതു താമസിയാതെ ഭൂമിയിൽനിന്നു സകല ദുഷ്ടതയും തുടച്ചുനീക്കുമെന്നും പറുദീസയുടെ പുനഃസ്ഥിതീകരണത്തിനു മേൽനോട്ടം വഹിക്കുമെന്നും അവർ ഘോഷിക്കുന്നു. (വെളിപ്പാടു 11:15; 21:​3-5) യെശയ്യാ പ്രവചനത്തിന്റെ നിവൃത്തി എന്ന നിലയിൽ, മനുഷ്യർക്കു സദ്വാർത്തയോടു പ്രതികരിക്കാൻ കഴിയുന്ന സമയമായ ‘യഹോവയുടെ പ്രസാദവർഷം’ ഇപ്പോഴാണ്‌ എന്ന്‌ അവർ അയൽക്കാരോടു പറയുന്നു. അനുതാപമില്ലാത്ത ദുഷ്‌പ്രവൃത്തിക്കാരെ യഹോവ നശിപ്പിക്കുന്ന ‘നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസം’ പെട്ടെന്നുതന്നെ വരുമെന്ന്‌ അവർ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.​—⁠സങ്കീർത്തനം 37:​9-11.

7. എന്ത്‌ അനുഭവം യഹോവയുടെ സാക്ഷികളുടെ ഐക്യത്തെ എടുത്തു കാണിക്കുന്നു, അവരുടെ ഇടയിൽ അത്തരം ഐക്യം ഉള്ളത്‌ എന്തുകൊണ്ട്‌?

7 ദുരന്തങ്ങളാലും വിപത്തുകളാലും കലുഷിതമായ ഒരു ലോകത്തിൽ, നിത്യ പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരേയൊരു സദ്വാർത്ത ഇതാണ്‌. അതു സ്വീകരിക്കുന്നവർ, ദേശീയമോ വർഗീയമോ സാമ്പത്തികമോ ആയ വ്യത്യാസങ്ങളാൽ വിഭജിക്കപ്പെടാത്ത ക്രിസ്‌ത്യാനികളുടെ ഏകീകൃതമായ ഒരു ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായിത്തീരുന്നു. അവർ ‘സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിച്ചിരിക്കുന്നു.’ (കൊലൊസ്സ്യർ 3:14; യോഹന്നാൻ 15:12) കഴിഞ്ഞ വർഷം ആഫ്രിക്കയിലെ ഒരു രാജ്യത്ത്‌ അതു പ്രകടമാക്കപ്പെട്ടു. ഒരു ദിവസം ആ രാജ്യത്തിന്റെ തലസ്ഥാനനഗരിയിലെ ആളുകൾ ഉറക്കമുണർന്നത്‌ വെടിയൊച്ച കേട്ടാണ്‌. അവിടത്തെ സർക്കാരിനെ മറിച്ചിടാനുള്ള വിമതശ്രമം നടക്കുകയായിരുന്നു. അതിനോടു ബന്ധപ്പെട്ട സംഭവങ്ങൾക്കു വംശീയതയുടെ നിറം കൈവന്നു. തന്മൂലം, മറ്റൊരു വംശത്തിൽപ്പെട്ട സഹസാക്ഷികളെ സംരക്ഷിച്ചതിനെ പ്രതി സാക്ഷികളുടെ ഒരു കുടുംബം വിമർശിക്കപ്പെട്ടു. എന്നാൽ അവരുടെ മറുപടി ഇതായിരുന്നു: “ഞങ്ങളുടെ വീട്ടിൽ യഹോവയുടെ സാക്ഷികൾ മാത്രമേ താമസിക്കുന്നുള്ളൂ.” അവരെ സംബന്ധിച്ചിടത്തോളം വംശീയ ഭിന്നതകൾ പ്രധാനമല്ലായിരുന്നു; മറിച്ച്‌ ക്രിസ്‌തീയ സ്‌നേഹം​—⁠ആവശ്യക്കാർക്കു സഹായം നൽകുന്നത്‌​—⁠ആയിരുന്നു പ്രധാനം. അവരുടെ സാക്ഷിയല്ലാത്ത ഒരു ബന്ധു ഇങ്ങനെ പറഞ്ഞു: “എല്ലാ മതങ്ങളിലെയും അംഗങ്ങൾ തങ്ങളുടെ സഹ ആരാധകരെ ഒറ്റിക്കൊടുത്തു. യഹോവയുടെ സാക്ഷികൾ മാത്രമാണ്‌ അങ്ങനെ ചെയ്യാതിരുന്നത്‌.” ആഭ്യന്തര കലാപത്താൽ ശിഥിലമായ ദേശങ്ങളിൽനിന്നു റിപ്പോർട്ടു ചെയ്യപ്പെട്ട സമാനമായ നിരവധി സംഭവങ്ങൾ, യഹോവയുടെ സാക്ഷികൾക്ക്‌ യഥാർഥത്തിൽ മുഴു ‘സഹോദരവർഗത്തോടും സ്‌നേഹം’ ഉണ്ടെന്നു പ്രകടമാക്കുന്നു.​—⁠1 പത്രൊസ്‌ 2:⁠17.

സദ്വാർത്ത ആളുകളിൽ പരിവർത്തനം വരുത്തുന്നു

8, 9. (എ) സദ്വാർത്ത സ്വീകരിക്കുന്നവർ എന്തു മാറ്റങ്ങളാണു വരുത്തുന്നത്‌? (ബി) ഏത്‌ അനുഭവങ്ങൾ സദ്വാർത്തയുടെ ശക്തിയെ കാണിക്കുന്നു?

8 സദ്വാർത്ത ‘ഇപ്പോഴത്തെ ജീവനും വരുവാനിരിക്കുന്ന ജീവനും’ എന്നു പൗലൊസ്‌ വിളിച്ചതിനോടു ബന്ധപ്പെട്ടിരിക്കുന്നു. (1 തിമൊഥെയൊസ്‌ 4:8) അതു ഭാവി സംബന്ധിച്ച്‌ വിസ്‌മയകരവും ഉറപ്പുള്ളതുമായ ഒരു പ്രത്യാശ നൽകുക മാത്രമല്ല ചെയ്യുന്നത്‌, മറിച്ച്‌ ‘ഇപ്പോഴത്തെ ജീവനെ’ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വ്യക്തികൾ എന്ന നിലയിൽ, ജീവിതത്തെ ദൈവഹിതവുമായി ചേർച്ചയിൽ കൊണ്ടുവരാൻ ദൈവവചനമായ ബൈബിൾ യഹോവയുടെ സാക്ഷികൾക്കു വഴികാട്ടുന്നു. (സങ്കീർത്തനം 119:101) നീതിയും വിശ്വസ്‌തതയും പോലുള്ള ഗുണങ്ങൾ നട്ടുവളർത്തവേ, അവരുടെ വ്യക്തിത്വങ്ങൾ പുതിയത്‌ ആയിത്തീരുന്നു.​—⁠എഫെസ്യർ 4:⁠24, NW.

9 ഫ്രാങ്കോയുടെ കാര്യം പരിചിന്തിക്കുക. പെട്ടെന്നു കോപിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്‌. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാൽ, അദ്ദേഹം ഉഗ്രമായി കോപിക്കുകയും സാധനങ്ങളൊക്കെ നശിപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചു. സാക്ഷികളുടെ ക്രിസ്‌തീയ മാതൃക, തനിക്കും മാറ്റം ആവശ്യമാണെന്നു ബോധ്യം വരാൻ ഫ്രാങ്കോയെ സഹായിച്ചു. അദ്ദേഹം അവരോടൊത്തു ബൈബിൾ പഠിക്കുകയും അങ്ങനെ ഒടുവിൽ സമാധാനവും ആത്മനിയന്ത്രണവുമെന്ന പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്നതിൽ വിജയിക്കുകയും ചെയ്‌തു. (ഗലാത്യർ 5:​22, ഓശാന ബൈബിൾ) സേവനവർഷം 2001-ൽ ബെൽജിയത്തിൽ സ്‌നാപനമേറ്റ 492 പേരിൽ ഒരാളാണ്‌ അദ്ദേഹം. ആലേഹാൻഡ്രോയുടെ കാര്യവും പരിചിന്തിക്കുക. ചവറ്റുകൂനയെ ആശ്രയിച്ചു കഴിയുന്ന അളവോളം ആ ചെറുപ്പക്കാരൻ മയക്കുമരുന്നിന്‌ അടിമ ആയിക്കഴിഞ്ഞിരുന്നു. ചവറ്റുകൂനകളിൽനിന്നു കിട്ടുന്ന സാധനങ്ങൾ പെറുക്കി വിറ്റാണ്‌ മയക്കുമരുന്നിനുള്ള പണം അദ്ദേഹം സമ്പാദിച്ചിരുന്നത്‌. 22-ാമത്തെ വയസ്സിൽ, ബൈബിൾ പഠിക്കാൻ യഹോവയുടെ സാക്ഷികൾ ആലേഹാൻഡ്രോയെ ക്ഷണിച്ചു, അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്‌തു. ദിവസവും ബൈബിൾ വായിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്‌ത അദ്ദേഹം തന്റെ ജീവിതത്തെ വളരെ പെട്ടെന്നു നേരെയാക്കുകയും ആറു മാസത്തിൽ കുറഞ്ഞ കാലയളവുകൊണ്ട്‌ ദൈവരാജ്യ സന്ദേശം അറിയിക്കുന്ന വേലയിൽ പങ്കെടുക്കുന്നതിനു യോഗ്യത പ്രാപിക്കുകയും ചെയ്‌തു. കഴിഞ്ഞ വർഷം പാനമയിൽ ഈ നടപടി എടുത്ത 10,115 പേരിൽ ഒരാളാണ്‌ ആലേഹാൻഡ്രോ.

സദ്വാർത്ത​—⁠സൗമ്യർക്ക്‌ ഒരു അനുഗ്രഹം

10. സദ്വാർത്തയോട്‌ ആർ അനുകൂലമായി പ്രതികരിക്കുന്നു, അവരുടെ വീക്ഷണത്തിനു മാറ്റം വരുന്നത്‌ എങ്ങനെ?

10 സൗമ്യരോടു സദ്വാർത്ത അറിയിക്കപ്പെടുമെന്ന്‌ യെശയ്യാവ്‌ പ്രവചിച്ചു. ഈ സൗമ്യർ ആരാണ്‌? ഇവർ പ്രവൃത്തികളുടെ പുസ്‌തകത്തിൽ “നിത്യജീവനു ചേർന്ന ശരിയായ മനോനിലയുള്ളവർ” എന്നു വർണിക്കപ്പെട്ടിരിക്കുന്നവർ ആണ്‌. (പ്രവൃത്തികൾ 13:​48, NW) സമൂഹത്തിലെ എല്ലാ തുറകളിലും നിന്നുള്ള, സത്യത്തിന്റെ സന്ദേശത്തിനായി തങ്ങളുടെ ഹൃദയം തുറക്കുന്ന എളിയവരായ വ്യക്തികളാണ്‌ അവർ. ഈ ലോകം വെച്ചുനീട്ടുന്ന എന്തിനെക്കാളും വളരെയധികം മൂല്യമുള്ള അനുഗ്രഹങ്ങൾ ദൈവഹിതം ചെയ്യുന്നതിന്റെ ഫലമായി ലഭിക്കുന്നു എന്ന അറിവ്‌ അവർ നേടുന്നു. (1 യോഹന്നാൻ 2:15-17) എന്നാൽ, സദ്വാർത്ത അറിയിക്കുന്നതിലൂടെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണ്‌ ആളുകളുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നത്‌?

11. പൗലൊസ്‌ പറയുന്നതനുസരിച്ച്‌, സദ്വാർത്ത എങ്ങനെ അറിയിക്കേണ്ടതാണ്‌?

11 കൊരിന്ത്യർക്കു പിൻവരുന്ന പ്രകാരം എഴുതിയ പൗലൊസ്‌ അപ്പൊസ്‌തലന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക: “ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്‌താവിപ്പാൻ വന്നതു. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്‌തുവിനെ അല്ലാതെ മറെറാന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.” (1 കൊരിന്ത്യർ 2:1, 2) തന്റെ അറിവുകൊണ്ട്‌ മറ്റുള്ളവരിൽ മതിപ്പ്‌ ഉളവാക്കാൻ പൗലൊസ്‌ ശ്രമിച്ചില്ല. ദിവ്യമായി ഉറപ്പാക്കപ്പെട്ട വസ്‌തുതകൾ മാത്രമേ അവൻ പഠിപ്പിച്ചുള്ളൂ. ആ വസ്‌തുതകൾ ഇന്നു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ സഹസുവിശേഷകനായ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പൗലൊസ്‌ എഴുതിയതു നോക്കുക: “വചനം പ്രസംഗിക്കുക . . . അടിയന്തിരതയോടെ അതു നിർവഹിക്കുക.” (2 തിമൊഥെയൊസ്‌ 4:​2, NW) തിമൊഥെയൊസ്‌ “വചനം,” ദൈവത്തിന്റെ സന്ദേശം, പ്രസംഗിക്കണമായിരുന്നു. പൗലൊസ്‌ ഇങ്ങനെയും തിമൊഥെയൊസിന്‌ എഴുതി: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്‌പാൻ ശ്രമിക്ക.”​—⁠2 തിമൊഥെയൊസ്‌ 2:15.

12. ഇന്ന്‌ യഹോവയുടെ സാക്ഷികൾ പൗലൊസിന്റെ മാതൃകയ്‌ക്കും വാക്കുകൾക്കും ചെവി കൊടുക്കുന്നത്‌ എങ്ങനെ?

12 യഹോവയുടെ സാക്ഷികൾ പൗലൊസിന്റെ മാതൃകയ്‌ക്കും തിമൊഥെയൊസിനോടുള്ള അവന്റെ വാക്കുകൾക്കും ശ്രദ്ധ കൊടുക്കുന്നു. അവർ ദൈവവചനത്തിന്റെ ശക്തി തിരിച്ചറിയുകയും പ്രത്യാശയുടെയും ആശ്വാസത്തിന്റെയും ഉചിതമായ വാക്കുകൾ അയൽക്കാർക്കു കാണിച്ചുകൊടുക്കാൻ ശ്രമിക്കവേ അതു നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 119:52; 2 തിമൊഥെയൊസ്‌ 3:16, 17; എബ്രായർ 4:12) താത്‌പര്യക്കാർക്ക്‌ അവരുടെ ഒഴിവുസമയത്തു കൂടുതൽ ബൈബിൾ പരിജ്ഞാനം പകർന്നുകൊടുക്കാൻ സാക്ഷികൾ ബൈബിൾ സാഹിത്യങ്ങൾ നന്നായി ഉപയോഗിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ തിരുവെഴുത്തിലെ വാക്കുകൾ ആളുകൾക്കു കാണിച്ചുകൊടുക്കാനാണ്‌ അവർ സദാ ശ്രമിക്കുന്നത്‌. ദൈവത്തിന്റെ നിശ്വസ്‌ത വചനം താഴ്‌മയുള്ളവരുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കുമെന്ന്‌ അവർക്ക്‌ അറിയാം. അത്‌ ഈ വിധത്തിൽ ഉപയോഗിക്കുന്നത്‌ അവരുടെ വിശ്വാസത്തെയും ബലപ്പെടുത്തുന്നു.

‘ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിക്കുന്നു’

13. 2001-ൽ, ഏത്‌ സംഭവങ്ങൾ ദുഃഖിതർക്ക്‌ ആശ്വാസം നൽകേണ്ടതിന്റെ ആവശ്യം വർധിപ്പിച്ചു?

13 പല ദുരന്തങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു വർഷമാണ്‌ 2001. തന്മൂലം, പലരും ആശ്വാസം ആവശ്യമായ ഒരു അവസ്ഥയിൽ ആയിരുന്നു. അതിന്റെ ശ്രദ്ധേയമായ ഉദാഹരണമായിരുന്നു കഴിഞ്ഞ സെപ്‌റ്റംബറിൽ ഐക്യനാടുകളിൽ സംഭവിച്ചത്‌. ന്യൂയോർക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്ററും വാഷിങ്‌ടൺ ഡി.സി.-ക്ക്‌ അടുത്തുള്ള പെന്റഗണും ഭീകരപ്രവർത്തകരുടെ ആക്രമണത്തിന്‌ ഇരയായി. രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്‌! അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ, ‘ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിക്കാനുള്ള’ തങ്ങളുടെ നിയോഗം നിവർത്തിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. അവർ ഇത്‌ എങ്ങനെ ചെയ്യുന്നു എന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.

14, 15. ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാൻ രണ്ടു വ്യത്യസ്‌ത അവസരങ്ങളിൽ തിരുവെഴുത്തുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാക്ഷികൾക്കു കഴിഞ്ഞത്‌ എങ്ങനെ?

14 മുഴുസമയ ശുശ്രൂഷകയായ ഒരു സാക്ഷി വഴിയരികിൽ കണ്ടുമുട്ടിയ ഒരു വനിതയോട്‌, ഭീകരപ്രവർത്തകർ അടുത്തകാലത്തു നടത്തിയ ആക്രമണങ്ങളെ കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്നു ചോദിച്ചു. ആ വനിത കരയാൻ തുടങ്ങി. അതിൽ അങ്ങേയറ്റം ദുഃഖം തോന്നുന്നുവെന്നും തനിക്ക്‌ എന്തെങ്കിലും സഹായം നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആശിക്കുന്നുവെന്നും അവർ പറഞ്ഞു. ദൈവം നമ്മിൽ എല്ലാവരിലും വളരെയധികം താത്‌പര്യം ഉള്ളവനാണെന്നു പറഞ്ഞുകൊണ്ട്‌ സാക്ഷി യെശയ്യാവു 61:1, 2 അവരെ വായിച്ചു കേൾപ്പിച്ചു. ദിവ്യനിശ്വസ്‌തമായ ആ വാക്കുകൾ അവർക്കു നന്നേ ബോധിച്ചു. എല്ലാവരും ഇപ്പോൾ ദുഃഖത്തിന്റെ ഒരു അവസ്ഥയിൽ ആണെന്ന്‌ അവർ പറയുകയും ചെയ്‌തു. ആ വനിത ഒരു ലഘുലേഖ സ്വീകരിക്കുകയും തന്റെ വീട്ടിൽ വരാൻ ആ സാക്ഷിയെ ക്ഷണിക്കുകയും ചെയ്‌തു.

15 സാക്ഷീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു സാക്ഷികൾ, തന്റെ ഷെഡ്ഡിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന ഒരു മനുഷ്യനെ കണ്ടുമുട്ടി. വേൾഡ്‌ ട്രേഡ്‌ സെന്ററിൽ ഉണ്ടായ അടുത്തകാലത്തെ ദുരന്തത്തിന്റെ വീക്ഷണത്തിൽ, തിരുവെഴുത്തുകളിൽനിന്ന്‌ ആശ്വാസ വചനങ്ങൾ അദ്ദേഹവുമായി പങ്കുവെക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന്‌ അവർ പറഞ്ഞു. അദ്ദേഹത്തിന്റെ അനുമതിയോടെ അവർ 2 കൊരിന്ത്യർ 1:3-7 വായിച്ചു: “ക്രിസ്‌തുവിനാൽ . . . ആശ്വാസവും പെരുകുന്നു” എന്ന വാക്കുകൾ അതിൽ ഉണ്ടായിരുന്നു. ആശ്വാസകരമായ ഒരു സന്ദേശം മറ്റുള്ളവരെ അറിയിക്കുന്നതിനു സാക്ഷികൾ നടത്തുന്ന ശ്രമങ്ങളെ വിലമതിച്ച ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഈ വേലയെ ദൈവം അനുഗ്രഹിക്കട്ടെ.”

16, 17. ദുരന്തങ്ങളാൽ ദുഃഖിതരും അസ്വസ്ഥരുമായ ആളുകളെ സഹായിക്കാനുള്ള ബൈബിളിന്റെ ശക്തി പ്രകടമാക്കുന്ന രണ്ട്‌ അനുഭവങ്ങൾ ഏവ?

16 താത്‌പര്യക്കാരെ സന്ദർശിക്കുകയായിരുന്ന ഒരു സാക്ഷി, മുമ്പ്‌ താത്‌പര്യം പ്രകടമാക്കിയ ഒരു സ്‌ത്രീയുടെ മകനെ കണ്ടുമുട്ടി. അടുത്ത കാലത്തെ ദുരന്തത്തിനു ശേഷം ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവർ എങ്ങനെയിരിക്കുന്നു എന്ന്‌ അറിയാൻ താൻ ആഗ്രഹിക്കുന്നതായി ആ സാക്ഷി വിശദീകരിച്ചു. മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കുന്നതിനായി സാക്ഷി സമയം ചെലവഴിച്ചതിൽ അദ്ദേഹം വിസ്‌മയം പ്രകടമാക്കി. ആക്രമണം നടക്കുമ്പോൾ താൻ വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ വളരെ അടുത്ത്‌ ജോലി ചെയ്യുകയായിരുന്നു എന്നും മുഴു സംഭവങ്ങളും താൻ നേരിൽ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. അത്തരം സംഭവങ്ങൾ ദൈവം എന്തുകൊണ്ട്‌ അനുവദിക്കുന്നു എന്ന്‌ അദ്ദേഹം ചോദിച്ചപ്പോൾ, സങ്കീർത്തനം 37:39 ഉൾപ്പെടെയുള്ള ചില വാക്യങ്ങൾ സാക്ഷി ബൈബിളിൽനിന്നു വായിച്ചു കേൾപ്പിച്ചു. ആ വാക്യം ഇങ്ങനെ പറയുന്നു: “നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.” അദ്ദേഹം ആ സാക്ഷിയുടെയും കുടുംബത്തിന്റെയും ക്ഷേമത്തെ കുറിച്ച്‌ ആരായുകയും മടങ്ങിവരാൻ ക്ഷണിക്കുകയും തന്നെ വന്നുകണ്ടതിൽ ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കുകയും ചെയ്‌തു.

17 ഭീകരപ്രവർത്തകരുടെ ആക്രമണങ്ങളെ തുടർന്നുള്ള ദിവസങ്ങളിൽ ആയിരക്കണക്കിനു ദുഃഖാർത്തരെ ആശ്വസിപ്പിക്കുന്ന കൂട്ടത്തിൽ യഹോവയുടെ സാക്ഷികൾ ഒരു സ്‌ത്രീയെ കണ്ടുമുട്ടി. നടന്ന സംഭവങ്ങളുടെ ഫലമായി വളരെ ദുഃഖിതയായിരുന്ന അവരെ സാക്ഷികൾ സങ്കീർത്തനം 72:12-14-ലെ പിൻവരുന്ന വാക്കുകൾ വായിച്ചു കേൾപ്പിച്ചു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.” ആ വാക്കുകൾ എത്ര അർഥവത്തായിരുന്നു! ആ വാക്യങ്ങൾ തന്നെ വീണ്ടും വായിച്ചു കേൾപ്പിക്കാൻ ആവശ്യപ്പെട്ട ആ സ്‌ത്രീ ചർച്ച തുടരാനായി സാക്ഷികളെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുകയുണ്ടായി. സംഭാഷണം അവസാനിച്ചപ്പോഴേക്കും സാക്ഷികൾ അവർക്ക്‌ ഒരു ബൈബിൾ അധ്യയനം തുടങ്ങിക്കഴിഞ്ഞിരുന്നു.

18. തന്റെ അയൽക്കാർക്കായി പ്രാർഥിക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ ഒരു സാക്ഷി അവരെ എങ്ങനെയാണു സഹായിച്ചത്‌?

18 ഒരു സാക്ഷി ജോലി ചെയ്യുന്നത്‌ സമ്പന്നരായ ആളുകൾ താമസിക്കുന്ന പ്രദേശത്തുള്ള ഒരു റെസ്റ്ററന്റിൽ ആണ്‌. അവിടത്തെ ആളുകൾ മുമ്പ്‌ രാജ്യസന്ദേശത്തിൽ കാര്യമായ താത്‌പര്യമൊന്നും പ്രകടമാക്കിയിരുന്നില്ല. ഭീകരരുടെ ആക്രമണങ്ങൾക്കു ശേഷം, അവിടത്തുകാർ ഭയപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു. ആക്രമണത്തെ തുടർന്നുവന്ന വെള്ളിയാഴ്‌ച വൈകുന്നേരം, ദുരന്തത്തിൽ മരിച്ചവരുടെ സ്‌മരണയ്‌ക്കായി വെളിയിൽ പോയി മെഴുകുതിരി കത്തിച്ചു പിടിച്ച്‌ ഒരു നിമിഷം മൗനം ആചരിക്കാൻ ആ റെസ്റ്ററന്റിൽ ഉണ്ടായിരുന്ന എല്ലാവരെയും അതിന്റെ മാനേജർ ക്ഷണിച്ചു. അവരുടെ വികാരങ്ങളോട്‌ ആദരവു കാട്ടിക്കൊണ്ട്‌, സാക്ഷി പുറത്തിറങ്ങി വഴിയുടെ ഓരം ചേർന്നു നിശ്ശബ്ദം നിന്നു. അദ്ദേഹം യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു ശുശ്രൂഷകൻ ആണെന്ന്‌ അറിയാമായിരുന്ന മാനേജർ, മൗനാചരണത്തിനു ശേഷം, എല്ലാവരെയും പ്രതിനിധീകരിച്ചു പ്രാർഥിക്കാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. സാക്ഷി അതിനു സമ്മതിച്ചു. നിരവധി ആളുകൾ ദുഃഖാർത്തരാണെന്നും എന്നാൽ അവർ പ്രത്യാശയില്ലാത്ത അവസ്ഥയിൽ ആയിരിക്കേണ്ടതില്ലെന്നുമുള്ള കാര്യം പ്രാർഥനയിൽ അദ്ദേഹം പരാമർശിച്ചു. അത്തരം കിരാതമായ സംഭവങ്ങൾ ഒരിക്കലും ഉണ്ടായിരിക്കുകയില്ലാത്ത ഒരു സമയത്തെ കുറിച്ചും ബൈബിളിൽ നിന്നുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിലൂടെ ആശ്വാസം നൽകുന്ന ദൈവത്തിലേക്കു സകലർക്കും അടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. “ആമേൻ” പറഞ്ഞതിനു ശേഷം, മാനേജർ​—⁠തുടർന്ന്‌ റെസ്റ്ററന്റിന്റെ വെളിയിൽ ഉണ്ടായിരുന്ന 60-ലധികം പേരും​—⁠വന്ന്‌ ആ സാക്ഷിയെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു. താൻ കേട്ടിട്ടുള്ളതിൽവെച്ച്‌ ഏറ്റവും നല്ല പ്രാർഥന ആയിരുന്നു അതെന്ന്‌ അവർ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‌ ഒരു അനുഗ്രഹം

19. യഹോവയുടെ സാക്ഷികളുടെ ഉന്നത നിലവാരങ്ങളെ ചിലർ അംഗീകരിക്കുന്നുവെന്ന്‌ ഏത്‌ അനുഭവം വ്യക്തമാക്കുന്നു?

19 പലരും അഭിപ്രായപ്പെട്ടിട്ടുള്ളതു പോലെ, യഹോവയുടെ സാക്ഷികൾ സജീവമായി പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ ആളുകൾ, പ്രത്യേകിച്ചും ഈ നാളുകളിൽ, അവരുടെ പ്രവർത്തനത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. സമാധാനവും സത്യസന്ധതയും ശുദ്ധമായ ധാർമിക മൂല്യങ്ങളും ഉന്നമിപ്പിക്കുന്ന ഒരു കൂട്ടമാളുകൾക്ക്‌ നന്മയ്‌ക്കുള്ള ഒരു പ്രേരകശക്തി അല്ലാതിരിക്കാൻ എങ്ങനെയാണു കഴിയുക? ഒരു മധ്യേഷ്യൻ രാജ്യത്ത്‌, മുൻ രാജ്യ സുരക്ഷാ ഏജൻസിയിൽനിന്നു വിരമിച്ച ഒരു ഓഫീസറെ സാക്ഷികൾ കണ്ടുമുട്ടി. വിവിധ മതസംഘടനകളെ കുറിച്ച്‌ അന്വേഷണം നടത്താൻ തനിക്ക്‌ ഒരിക്കൽ നിയമനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. യഹോവയുടെ സാക്ഷികളുടെ മതം പരിശോധിച്ചപ്പോൾ, അവരുടെ സത്യസന്ധതയും നല്ല നടത്തയും അദ്ദേഹത്തിൽ മതിപ്പുളവാക്കി. അവരുടെ ഉറച്ച വിശ്വാസത്തെ പ്രശംസിച്ച അദ്ദേഹം അവരുടെ പഠിപ്പിക്കലുകൾ തിരുവെഴുത്തുകളിൽ അധിഷ്‌ഠിതമാണെന്ന വസ്‌തുതയെ വിലമതിച്ചു. ആ മനുഷ്യൻ ബൈബിൾ പഠിക്കാൻ സമ്മതിച്ചു.

20. (എ) കഴിഞ്ഞ വർഷം യഹോവയുടെ സാക്ഷികൾ റിപ്പോർട്ടു ചെയ്‌ത പ്രവർത്തനം എന്തു സൂചിപ്പിക്കുന്നു? (ബി) ഇനിയും വളരെയേറെ വേല നിർവഹിക്കാനുണ്ട്‌ എന്ന്‌ എന്തു സൂചിപ്പിക്കുന്നു, സദ്വാർത്ത അറിയിക്കുന്നതിനുള്ള പദവിയെ നാം എങ്ങനെ വീക്ഷിക്കുന്നു?

20 ആയിരക്കണക്കിന്‌ അനുഭവങ്ങളിൽ ഏതാനും മാത്രമേ ഈ ലേഖനത്തിൽ വിവരിച്ചുള്ളൂ. സേവനവർഷം 2001-ൽ യഹോവയുടെ സാക്ഷികൾ വളരെ തിരക്കുള്ളവർ ആയിരുന്നു എന്ന്‌ ആ അനുഭവങ്ങൾ വ്യക്തമാക്കുന്നു.a അവർ ദശലക്ഷക്കണക്കിന്‌ ആളുകളോടു സംസാരിച്ചു, ദുഃഖാർത്തരായ പലരെയും ആശ്വസിപ്പിച്ചു, അങ്ങനെ സദ്വാർത്ത അറിയിക്കുന്ന അവരുടെ വേല അനുഗ്രഹിക്കപ്പെട്ടു. 2,63,431 പേർ സ്‌നാപനമേറ്റുകൊണ്ട്‌ ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി. സദ്വാർത്ത അറിയിക്കുന്നവരുടെ എണ്ണം ലോകവ്യാപകമായി 1.7 ശതമാനം വർധിച്ചു. 1,53,74,986 പേർ യേശുവിന്റെ മരണത്തിന്റെ വാർഷിക സ്‌മാരകാഘോഷത്തിൽ സംബന്ധിച്ചു എന്ന വസ്‌തുത ഇനിയും വളരെയേറെ വേല നിർവഹിക്കാനുണ്ട്‌ എന്നു സൂചിപ്പിക്കുന്നു. (1 കൊരിന്ത്യർ 11:23-26) സദ്വാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുന്ന സൗമ്യരെ അന്വേഷിക്കുന്നതിൽ നമുക്കു തുടരാം. യഹോവയുടെ പ്രസാദവർഷം തുടരുന്നിടത്തോളം കാലം, “ഹൃദയം തകർന്നവരെ” ആശ്വസിപ്പിക്കുന്നതിൽ നമുക്ക്‌ തുടരാം. എത്ര അനുഗൃഹീതമായ പദവിയാണു നമുക്കുള്ളത്‌! തീർച്ചയായും നാമെല്ലാം യെശയ്യാവിന്റെ വാക്കുകൾ ഏറ്റുപറയുന്നു: “ഞാൻ യഹോവയിൽ ഏററവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (യെശയ്യാവു 61:10) പിൻവരുന്ന പ്രാവചനിക വാക്കുകൾ ദൈവം നിവർത്തിക്കവേ, അവൻ നമ്മെ ഉപയോഗിക്കുന്നതിൽ തുടരുമാറാകട്ടെ: “യഹോവയായ കർത്താവു സകല ജാതികളും കാൺകെ നീതിയെയും സ്‌തുതിയെയും മുളപ്പിക്കും.”​—⁠യെശയ്യാവു 61:⁠11.

[അടിക്കുറിപ്പ്‌]

a സേവനവർഷം 2001-ലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ കുറിച്ചുള്ള റിപ്പോർട്ട്‌ 19-22 പേജുകളിലെ ചാർട്ടിൽ കാണാം.

നിങ്ങൾ ഓർമിക്കുന്നുവോ?

• യേശു അറിയിച്ച സദ്വാർത്തയാൽ സൗമ്യർ അനുഗ്രഹിക്കപ്പെട്ടത്‌ എങ്ങനെ?

• ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ ശിഷ്യന്മാർ അറിയിച്ച ദൈവരാജ്യ സന്ദേശത്തോടു പ്രതികരിച്ചവർക്ക്‌ എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചു?

• അനുകൂലമായി പ്രതികരിക്കുന്നവർ ഇന്നു സദ്വാർത്തയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

• സദ്വാർത്ത അറിയിക്കുന്നവർ ആയിരിക്കാനുള്ള നമ്മുടെ പദവിയെ നാം എങ്ങനെ വീക്ഷിക്കുന്നു?

[19-22 പേജുകളിലെ ചാർട്ട്‌]

2001 സേവനവർഷത്തിലെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകറിപ്പോർട്ട്‌

(അച്ചടിച്ച മാസിക കാണുക)

[15-ാം പേജിലെ ചിത്രങ്ങൾ]

സദ്വാർത്ത അറിയിക്കുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്വം യഹോവയുടെ സാക്ഷികൾ സദാ ഓർക്കുന്നു

[17-ാം പേജിലെ ചിത്രങ്ങൾ]

സദ്വാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുന്നവർ ഏകീകൃതമായ ഒരു ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായിത്തീരുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക