ദൈവിക തത്ത്വങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്യും
മൃഗങ്ങൾ നയിക്കപ്പെടുന്നത് സഹജ ജ്ഞാനത്താൽ ആണെന്നു നമുക്കറിയാം. നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കത്തക്ക വിധമാണ് പല യന്ത്രങ്ങളും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, തത്ത്വങ്ങളാൽ നയിക്കപ്പെടത്തക്ക വിധമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു സംബന്ധിച്ച് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? നീതിനിഷ്ഠമായ എല്ലാ തത്ത്വങ്ങളുടെയും കാരണഭൂതനായ യഹോവ, ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഇങ്ങനെ അരുളിച്ചെയ്തു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” സ്രഷ്ടാവ് ഒരു ആത്മ വ്യക്തിയാണ്; നമുക്കുള്ളതുപോലെ ഒരു ഭൗതിക ശരീരം അവനില്ല. അതുകൊണ്ട്, അവന്റെ “സ്വരൂപത്തിൽ” നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിന്റെ അർഥം, അവന്റെ നല്ല ഗുണങ്ങൾ ഒരളവുവരെ പ്രകടിപ്പിച്ചുകൊണ്ട് അവന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്തി നമുക്കു നൽകപ്പെട്ടിരിക്കുന്നു എന്നാണ്. തത്ത്വങ്ങൾക്കു ചേർച്ചയിൽ, അതായത്, ശരിയായ പെരുമാറ്റച്ചിട്ട എന്നു തങ്ങൾ കരുതുന്നതിനു ചേർച്ചയിൽ, ജീവിതം നയിക്കാനുള്ള പ്രാപ്തി മനുഷ്യർക്കുണ്ട്. ഈ തത്ത്വങ്ങളിൽ പലതും യഹോവ തന്റെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.—ഉല്പത്തി 1:26; യോഹന്നാൻ 4:24; 17:17.
‘പക്ഷേ ബൈബിളിൽ നൂറുകണക്കിനു തത്ത്വങ്ങൾ ഉണ്ടല്ലോ, അവയെല്ലാം അറിഞ്ഞിരിക്കുക എളുപ്പമല്ല’ എന്ന് ഒരുവൻ പറഞ്ഞേക്കാം. അതു ശരിതന്നെ. എങ്കിലും ഈ വസ്തുത പരിചിന്തിക്കുക: എല്ലാ ദൈവിക തത്ത്വങ്ങളും പ്രയോജനപ്രദമാണെങ്കിലും ചിലതു കുറേക്കൂടെ ഘനമേറിയതാണ്. മത്തായി 22:37-39-ൽ നിന്ന് നിങ്ങൾക്കതു മനസ്സിലാക്കാൻ കഴിയും. മോശൈക ന്യായപ്രമാണത്തിലെ കൽപ്പനകളിലും ബന്ധപ്പെട്ട തത്ത്വങ്ങളിലും, ചിലതിനെ അപേക്ഷിച്ച് മറ്റു ചിലത് കൂടുതൽ പ്രാധാന്യമുള്ളവ ആയിരുന്നെന്ന് യേശു അവിടെ വ്യക്തമാക്കുകയുണ്ടായി.
ഘനമേറിയ തത്ത്വങ്ങൾ ഏതൊക്കെയാണ്? ബൈബിളിലെ പ്രധാന തത്ത്വങ്ങൾ, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ നേരിട്ടു ബാധിക്കുന്നവയാണ്. ആ തത്ത്വങ്ങൾക്കു നാം ചെവികൊടുക്കുന്നെങ്കിൽ നമ്മുടെ ധാർമിക ദിഗ്സൂചകത്തെ പ്രമുഖമായും സ്വാധീനിക്കുന്നത് സ്രഷ്ടാവായിരിക്കും. ഇതിനു പുറമേ, മറ്റാളുകളുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന തത്ത്വങ്ങളുമുണ്ട്. അവ ബാധകമാക്കുന്നത്, ‘ഞാൻ-മുമ്പൻ’ മനോഭാവത്തിന്റെ ഏതു രൂപങ്ങളെയും ചെറുക്കാൻ നമ്മെ പ്രാപ്തരാക്കും.
ആദ്യമായി, ബൈബിളിലെ ഏറ്റവും പ്രാധാന്യമേറിയ സത്യങ്ങളിൽ ഒന്നിനെ കുറിച്ചു നമുക്കു പരിചിന്തിക്കാം. എന്താണ് ആ സത്യം, അതു നമ്മെ എങ്ങനെ ബാധിക്കുന്നു?
“സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ”
നമ്മുടെ മഹാസ്രഷ്ടാവായ സർവശക്തനായ ദൈവം യഹോവയാണ് എന്നു വിശുദ്ധ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. അവനു തുല്യനായി മറ്റാരുമില്ല. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സുപ്രധാന സത്യമാണ് ഇത്.—ഉല്പത്തി 17:1; സഭാപ്രസംഗി 12:1.
‘നീ മാത്രമാണ് സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ’ എന്ന് സങ്കീർത്തന പുസ്തകത്തിന്റെ എഴുത്തുകാരിൽ ഒരാൾ യഹോവയെ കുറിച്ചു പറഞ്ഞു. പുരാതന രാജാവായ ദാവീദ് ഇങ്ങനെ പറഞ്ഞു: “യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” വിഖ്യാത പ്രവാചകനായ യിരെമ്യാവ് ഇങ്ങനെ രേഖപ്പെടുത്താൻ പ്രേരിതനായി: “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.”—സങ്കീർത്തനം 83:18; 1 ദിനവൃത്താന്തം 29:11; യിരെമ്യാവു 10:6.
ദൈവത്തെ കുറിച്ചുള്ള ആ സത്യങ്ങൾ അനുദിന ജീവിതത്തിൽ നാം എങ്ങനെ ബാധകമാക്കണം?
നമ്മുടെ ജീവിതത്തിൽ ആർക്കായിരിക്കണം പ്രഥമ സ്ഥാനം എന്നതു വ്യക്തമാണ്—നമ്മുടെ സ്രഷ്ടാവും ജീവദായകനും ആയവനുതന്നെ. അങ്ങനെയെങ്കിൽ, നമ്മിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കാനുള്ള ഏതൊരു പ്രവണതയെയും—മറ്റുള്ളവരെ അപേക്ഷിച്ച് ചിലരിൽ ഇതു കൂടുതൽ ശക്തമായിരിക്കും—നാം ചെറുക്കേണ്ടതല്ലേ? നമുക്കു പിൻപറ്റാൻ കഴിയുന്ന ജ്ഞാനപൂർവകമായ ഒരു തത്ത്വം “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ” എന്നതാണ്. (1 കൊരിന്ത്യർ 10:31) ഇക്കാര്യത്തിൽ പ്രവാചകനായ ദാനീയേൽ ഒരു ഉത്തമ മാതൃകയാണ്.
ബാബിലോണിലെ രാജാവായിരുന്ന നെബൂഖദ്നേസർ ഒരിക്കൽ ഒരു പ്രത്യേക സ്വപ്നം കണ്ടതായി ചരിത്ര രേഖ പറയുന്നു. അസ്വസ്ഥനായ രാജാവ് അതിന്റെ അർഥം അറിയണമെന്ന് ആവശ്യപ്പെട്ടു. അത് എല്ലാവരെയും കുഴപ്പിച്ചെങ്കിലും ദാനീയേൽ സ്വപ്നത്തിന്റെ അർഥം രാജാവിനു കൃത്യമായി വ്യാഖ്യാനിച്ചു കൊടുത്തു. എന്നാൽ അതിനുള്ള മഹത്ത്വം പിടിച്ചുപറ്റാൻ അവൻ ശ്രമിച്ചോ? ഇല്ല, പകരം ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന സ്വർഗ്ഗത്തിലെ ദൈവ’ത്തിന് അവൻ മഹത്ത്വം നൽകി. ദാനീയേൽ തുടർന്ന് ഇപ്രകാരം പറഞ്ഞു: “ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല . . . ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.” ദാനീയേൽ തത്ത്വദീക്ഷയുള്ള ഒരു വ്യക്തി ആയിരുന്നു. ദൈവദൃഷ്ടിയിൽ ‘ഏററവും പ്രിയനായ’ ഒരുവനായി ദാനീയേലിന്റെ പുസ്തകം മൂന്നു പ്രാവശ്യം അവനെ വിശേഷിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല.—ദാനീയേൽ 2:28, 30; 9:23; 10:11, 19.
ദാനീയേലിനെ അനുകരിക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും. ദാനീയേലിന്റെ മാതൃക പിൻപറ്റുന്നതിലെ നിർണായക ഘടകം ഒരുവന്റെ ആന്തരമാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കു മഹത്ത്വം ലഭിക്കേണ്ടത് ആർക്കായിരിക്കണം? നിങ്ങളുടെ സാഹചര്യം എന്തായിരുന്നാലും, പരമാധികാരിയാം കർത്താവു യഹോവയാണ് എന്ന മർമപ്രധാനമായ ബൈബിൾ തത്ത്വത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയും. അങ്ങനെ ചെയ്യുന്നത് അവന്റെ ദൃഷ്ടിയിൽ നിങ്ങളെ ‘ഏറ്റവും പ്രിയപ്പെട്ട’ വ്യക്തി ആക്കിത്തീർക്കും.
ഇനി, സഹമനുഷ്യരുമായുള്ള ബന്ധത്തിൽ നമ്മെ വഴിനയിക്കാൻ കഴിയുന്ന രണ്ട് അടിസ്ഥാന തത്ത്വങ്ങളെ കുറിച്ചു നമുക്കു പരിചിന്തിക്കാം. തനിക്കുതന്നെ പ്രാധാന്യം നൽകാനുള്ള പ്രവണത വ്യാപകമായിരിക്കുന്ന നമ്മുടെ നാളുകളിൽ, ജീവിതത്തിന്റെ ഈ വശം വിശേഷിച്ചും വെല്ലുവിളി നിറഞ്ഞ ഒന്നായി മാറിയിരിക്കുകയാണ്.
“താഴ്മയോടെ”
സ്വന്ത താത്പര്യങ്ങൾക്കു മുൻഗണന നൽകുന്നവർ ഒന്നിലുംതന്നെ തൃപ്തരല്ല. ജീവിതത്തിൽ എന്തു കിട്ടിയാലും എത്ര കിട്ടിയാലും മതി വരാത്തവരാണു പലരും; ആഗ്രഹിക്കുന്നതെന്തും അവർക്ക് ഉടനടി കിട്ടിയിരിക്കണം. അവരെ സംബന്ധിച്ചിടത്തോളം എളിമ ബലഹീനതയുടെ ലക്ഷണമാണ്. ക്ഷമ മറ്റുള്ളവർ മാത്രം പ്രകടമാക്കേണ്ട ഒരു ഗുണമാണ് എന്ന് അവർ കരുതുന്നു. തങ്ങളുടെ കാര്യം വരുമ്പോൾ എന്തും അനുവദനീയമാണ് അവർക്ക്. അതിൽനിന്നു വ്യത്യസ്തമായി പെരുമാറാൻ നിങ്ങൾക്കു കഴിയുമോ?
ദൈവദാസന്മാർ അങ്ങനെയുള്ള മനോഭാവത്തെ ദിവസവും നേരിടാറുണ്ട്, എന്നാൽ അത് അവരെ സ്വാധീനിക്കാൻ പാടില്ല. പക്വതയുള്ള ക്രിസ്ത്യാനികൾ, “തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ” എന്ന തത്ത്വം അംഗീകരിക്കുന്നു.—2 കൊരിന്ത്യർ 10:18.
ഫിലിപ്പിയർ 2:3, 4-ലെ തത്ത്വം ബാധകമാക്കുന്നതു സഹായകമായിരിക്കും. “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” എന്ന് ആ വാക്യം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾ, “സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണ”മായിരിക്കും നോക്കുന്നത്.
തന്നെക്കുറിച്ചുതന്നെ ആരോഗ്യാവഹമായ ഒരു വീക്ഷണം പുലർത്തിയിരുന്ന, തന്റെ പ്രാപ്തികളെയും കഴിവുകളെയും കുറിച്ച് ഉചിതമായ വിലയിരുത്തൽ നടത്തിയ ഒരുവനായിരുന്നു പുരാതന എബ്രായർക്കിടയിലെ ന്യായാധിപനായിരുന്ന ഗിദെയോൻ. ഇസ്രായേലിന്റെ അധിപതിയാകാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ ആ പദവി ഏറ്റെടുക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ താൻ അതിനു യോഗ്യനല്ലെന്ന് അവൻ വെളിപ്പെടുത്തി. “മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ” എന്ന് അവൻ പറഞ്ഞു.—ന്യായാധിപന്മാർ 6:12-16.
യഹോവ ഗിദെയോന് ഒരു യുദ്ധവിജയം നൽകിയശേഷം, എഫ്രയീമ്യർ അവനുമായി ശണ്ഠയ്ക്കു വന്നു. ഗിദെയോൻ എങ്ങനെയാണു പ്രതികരിച്ചത്? തനിക്കു ലഭിച്ച വിജയം സ്വന്തം പ്രാധാന്യത്തെ പെരുപ്പിച്ചു കാണാൻ അവനെ പ്രേരിപ്പിച്ചോ? ഇല്ല. സൗമ്യമായ ഒരു മറുപടിയിലൂടെ അവൻ ഒരു ദുരന്തം ഒഴിവാക്കി. “നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു?” അവൻ ചോദിച്ചു. ഗിദെയോൻ താഴ്മയുള്ളവൻ ആയിരുന്നു.—ന്യായാധിപന്മാർ 8:1-3.
ഗിദെയോൻ ഉൾപ്പെട്ട ഈ സംഭവം നടന്നതു ദീർഘനാൾ മുമ്പാണെന്നുള്ളതു ശരിതന്നെ. എങ്കിലും അതേക്കുറിച്ചു പരിചിന്തിക്കുന്നതു നന്നായിരിക്കും. ഇന്നു സാധാരണമായി കാണപ്പെടുന്ന മനോഭാവത്തിൽനിന്നു തികച്ചും വ്യത്യസ്തമായ മനോഭാവമായിരുന്നു ഗിദെയോന്റേത്. അവൻ അതിനു ചേർച്ചയിൽ ജീവിച്ചു, അതിൽനിന്നു പ്രയോജനം അനുഭവിക്കുകയും ചെയ്തു.
തനിക്കുതന്നെ പ്രാധാന്യം നൽകുന്ന ഇന്നത്തെ മനോഭാവം നമ്മെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ വികലമാക്കിയേക്കാം. എന്നാൽ, ബൈബിൾ തത്ത്വങ്ങൾ സ്രഷ്ടാവും മറ്റുള്ളവരും ആയുള്ള താരതമ്യത്തിൽ നമുക്കുള്ള യഥാർഥ മൂല്യത്തെ കുറിച്ചു മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട്, വികലമായ ആ വീക്ഷണത്തെ നേരെയാക്കുന്നു.
ബൈബിൾ തത്ത്വങ്ങൾക്കു ചെവികൊടുക്കുക വഴി, ‘ഞാൻ-മുമ്പൻ’ മനോഭാവത്തെ നമുക്കു തരണം ചെയ്യാനാകും. വികാരങ്ങളോ വ്യക്തിത്വങ്ങളോ നമ്മെ മേലാൽ ചഞ്ചലരാക്കുന്നില്ല. നീതിനിഷ്ഠമായ തത്ത്വങ്ങളെ കുറിച്ച് നാം എത്രയധികം പഠിക്കുന്നുവോ, അവയുടെ കാരണഭൂതനുമായി നാം അത്രയധികം അടുക്കുന്നു. അതേ, ബൈബിൾ വായിക്കുമ്പോൾ ദൈവിക തത്ത്വങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുന്നതു ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്.—ചതുരം കാണുക.
മുഖ്യമായും സഹജ ജ്ഞാനത്താൽ പ്രവർത്തിക്കുന്ന മൃഗങ്ങളെക്കാൾ ഉയർന്നവരായിട്ടാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. ദൈവേഷ്ടം ചെയ്യുന്നതിൽ ദൈവിക തത്ത്വങ്ങൾ ബാധകമാക്കുന്നത് ഉൾപ്പെടുന്നു. അതുവഴി, നമുക്ക് നമ്മുടെ ധാർമിക ദിഗ്സൂചകത്തെ പ്രവർത്തനക്ഷമമാക്കി നിറുത്താൻ സാധിക്കും, അതാകട്ടെ നമ്മെ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലേക്കു വഴി നയിക്കുകയും ചെയ്യും. വളരെ പെട്ടെന്ന് “നീതി വസിക്കുന്ന” ഒരു പുതിയ വ്യവസ്ഥിതി ഭൂവ്യാപകമായി സ്ഥാപിക്കപ്പെടുമെന്നു പ്രതീക്ഷിക്കാൻ ബൈബിൾ നമുക്കു കാരണം നൽകുന്നു.—2 പത്രൊസ് 3:13.
[6-ാം പേജിലെ ചതുരം/ചിത്രം]
ഉപയോഗപ്രദമായ ചില ബൈബിൾ തത്ത്വങ്ങൾ
കുടുംബത്തിൽ:
“ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.”—1 കൊരിന്ത്യർ 10:24.
“സ്നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
“ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്നേഹിക്കേണം.”—എഫെസ്യർ 5:32.
“ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു . . . കീഴടങ്ങുവിൻ.”—കൊലൊസ്സ്യർ 3:18.
“നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.”—സദൃശവാക്യങ്ങൾ 23:22.
സ്കൂളിൽ, ജോലിസ്ഥലത്ത്, ബിസിനസ് രംഗത്ത്:
“കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു . . . ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു.”—സദൃശവാക്യങ്ങൾ 11:1, 18.
“കള്ളൻ ഇനി കക്കാതെ . . . കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.”—എഫെസ്യർ 4:28.
“വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു.”—2 തെസ്സലൊനീക്യർ 3:10.
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ.”—കൊലൊസ്സ്യർ 3:23.
“സകലത്തിലും സത്യസന്ധരായി വർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18, NW.
സമ്പത്തിനോടുള്ള മനോഭാവത്തിൽ:
“ധനവാനാകാൻ ബദ്ധപ്പെടുന്നവൻ നിർദോഷിയായി നിലകൊള്ളുകയില്ല.”—സദൃശവാക്യങ്ങൾ 28:20, NW.
“ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും . . . തൃപ്തിവരുന്നില്ല.”—സഭാപ്രസംഗി 5:10.
സ്വന്തം മൂല്യത്തെ വിലയിരുത്തുന്നതിൽ:
“ആളുകൾ സ്വന്ത മഹത്ത്വം തേടുന്നതോ മഹത്ത്വം?”—സദൃശവാക്യങ്ങൾ 25:27, NW.
“നിന്റെ വായല്ല മറെറാരുത്തൻ . . . നിന്നെ സ്തുതിക്കട്ടെ.”—സദൃശവാക്യങ്ങൾ 27:2.
‘ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുത് എന്ന് ഞാൻ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.’—റോമർ 12:3.
“താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.”—ഗലാത്യർ 6:3.
[5-ാം പേജിലെ ചിത്രം]
ദാനീയേൽ ദൈവത്തിന് ഉചിതമായും നൽകേണ്ട മഹത്ത്വം നൽകി
[7-ാം പേജിലെ ചിത്രം]
ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ മറ്റുള്ളവരോട് ഇടപെടുന്നത് നല്ല ബന്ധങ്ങളും സന്തോഷവും നിലനിറുത്താൻ സഹായിക്കുന്നു
[7-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Fish & Wildlife Service, Washington, D.C./Robert Bridges