ഞാൻ ചെയ്യുന്നതു യഹോവ ശ്രദ്ധിക്കുന്നുണ്ടോ?
ആ ചോദ്യത്തിന് നിങ്ങൾ എങ്ങനെ ഉത്തരം പറയും? പലരും ഇങ്ങനെ പറഞ്ഞേക്കാം: ‘മോശെ, ഗിദെയോൻ, ദാവീദ് എന്നിവരെപ്പോലുള്ളവരുടെ നേട്ടങ്ങൾ യഹോവ ശ്രദ്ധിച്ചിട്ടുണ്ടെന്നുള്ളതു ശരിതന്നെ, പക്ഷേ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അവൻ തത്പരനാണോയെന്ന് എനിക്കു സംശയമുണ്ട്. എന്നെ ഒരിക്കലും മോശെയോടോ ഗിദെയോനോടോ ദാവീദിനോടോ താരതമ്യം ചെയ്യാൻ സാധിക്കില്ലല്ലോ.’
ബൈബിൾ കാലങ്ങളിലെ ചില വിശ്വസ്ത പുരുഷന്മാർ വിശ്വാസത്തിന്റേതായ അസാധാരണ പ്രവൃത്തികൾ ചെയ്തു എന്നതു ശരിയാണ്. അവർ ‘രാജ്യങ്ങൾ പിടിച്ചടക്കി, സിംഹങ്ങളുടെ വായ്കൾ പൂട്ടി, അഗ്നിയുടെ ശക്തി കെടുത്തി, വാളിന്റെ വായ്ത്തലയിൽനിന്നു രക്ഷപ്പെട്ടു.’ (എബ്രായർ 11:33, 34, പി.ഒ.സി. ബൈബിൾ) എന്നാൽ ചിലർ അത്ര ശ്രദ്ധേയമല്ലാത്ത വിധങ്ങളിലും തങ്ങളുടെ വിശ്വാസം പ്രകടമാക്കിയിട്ടുണ്ട്; ദൈവം വിശ്വാസത്തിന്റേതായ ആ പ്രവൃത്തികളെയും ശ്രദ്ധിച്ചു എന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. ഉദാഹരണമെന്ന നിലയിൽ നമുക്ക് ഇപ്പോൾ ഒരു ഇടയന്റെയും പ്രവാചകന്റെയും വിധവയുടെയും അനുഭവങ്ങൾ ബൈബിളിൽനിന്നു പരിചിന്തിക്കാം.
ഒരു ഇടയൻ യാഗം അർപ്പിക്കുന്നു
ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ മകനായ ഹാബെലിനെ സംബന്ധിച്ച എന്തെല്ലാം സംഗതികൾ നിങ്ങൾ ഓർക്കുന്നുണ്ട്? അവൻ ഒരു രക്തസാക്ഷിയായി മരിച്ചത് നിങ്ങൾ അനുസ്മരിച്ചേക്കാം, നമ്മിൽ അധികമാർക്കും ഉണ്ടായേക്കാൻ ഇടയില്ലാത്ത ഒരു അനുഭവം ആണ് അത്. എന്നാൽ ഹാബെൽ ദൈവദൃഷ്ടിയിൽ ആദ്യമായി ശ്രദ്ധേയനായത് മറ്റൊരു കാരണത്താലാണ്.
ഒരു ദിവസം, ഹാബെൽ തന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് ഏറ്റവും നല്ലവയെ തിരഞ്ഞെടുത്ത് ദൈവത്തിനു യാഗമർപ്പിച്ചു. അവൻ അർപ്പിച്ച വഴിപാട് താരതമ്യേന നിസ്സാരമായി ഇന്ന് കണക്കാക്കപ്പെട്ടേക്കാം, പക്ഷേ യഹോവ അതു ശ്രദ്ധിക്കുകയും തന്റെ അംഗീകാരം പ്രകടമാക്കുകയും ചെയ്തു. എന്നു മാത്രമല്ല, ഏതാണ്ട് നാലായിരം വർഷത്തിനു ശേഷം, എബ്രായരുടെ പുസ്തകത്തിൽ അതു രേഖപ്പെടുത്താൻ യഹോവ പൗലൊസ് അപ്പൊസ്തലനെ നിശ്വസ്തനാക്കുകയും ചെയ്തു. അത്രയേറെ വർഷം കടന്നുപോയിട്ടും യഹോവ ആ എളിയ യാഗം വിസ്മരിച്ചിരുന്നില്ല!—എബ്രായർ 6:10; 11:4.
ഏതുതരം യാഗമാണ് അർപ്പിക്കേണ്ടത് എന്ന് ഹാബെൽ നിർണയിച്ചത് എങ്ങനെയാണ്? അതു സംബന്ധിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എങ്കിലും ഹാബെൽ ഈ വിഷയത്തെ കുറിച്ചു ഗൗരവമായി പരിചിന്തിച്ചിരുന്നിരിക്കണം. അവൻ ഒരു ആട്ടിടയനായിരുന്നു, അതുകൊണ്ടുതന്നെ അവൻ തന്റെ ആട്ടിൻകൂട്ടത്തിൽനിന്നു ചിലതിനെ തിരഞ്ഞെടുത്ത് യാഗമർപ്പിക്കാൻ തീരുമാനിച്ചതിൽ അതിശയമില്ല. എന്നാൽ, അവൻ ഏറ്റവും നല്ലത്—“മേദസ്സിൽനിന്നു തന്നേ”—നൽകി എന്നതു ശ്രദ്ധിക്കുക. (ഉല്പത്തി 4:4) ഏദെൻ തോട്ടത്തിൽവെച്ച് യഹോവ സർപ്പത്തോടു പറഞ്ഞ ഈ വാക്കുകളെ കുറിച്ച് അവൻ ധ്യാനിച്ചിരിക്കാനും സാധ്യതയുണ്ട്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15; വെളിപ്പാടു 12:9) “സ്ത്രീ”യും അവളുടെ “സന്തതി”യും ആരാണെന്ന് അറിയില്ലായിരുന്നെങ്കിലും സ്ത്രീയുടെ സന്തതിയുടെ “കുതികാൽ തകർക്കു”ന്നതിൽ രക്തം ചൊരിയുന്നത് ഉൾപ്പെടുമെന്ന് ഹാബെൽ തിരിച്ചറിഞ്ഞിരിക്കാം. ജീവനുള്ള ഒന്നിനെക്കാൾ വിലയുള്ളതായി മറ്റൊന്നുമില്ലെന്ന് അവൻ തീർച്ചയായും മനസ്സിലാക്കിയിരിക്കണം. എന്തായിരുന്നാലും, അവൻ അർപ്പിച്ച യാഗം തികച്ചും ഉചിതമായ ഒന്നായിരുന്നു എന്നതാണു പ്രധാനം.
ഹാബെലിനെ പോലെ ഇന്ന് ക്രിസ്ത്യാനികളും ദൈവത്തിനു യാഗം അർപ്പിക്കുന്നു. ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളെയല്ല മറിച്ച്, “ഒരു സ്തുതിയാഗം, അതായത് [ദൈവത്തിന്റെ] നാമത്തിനു പരസ്യപ്രഖ്യാപനം നടത്തുന്ന അധരങ്ങളുടെ ഫലം” ആണ് അവർ അർപ്പിക്കുന്നത്. (എബ്രായർ 13:15, NW) നമ്മുടെ വിശ്വാസം നാം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നമ്മുടെ അധരങ്ങൾ പരസ്യപ്രഖ്യാപനം നടത്തുന്നു.
നിങ്ങളുടെ യാഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങളെ കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുക. അവരുടെ ഉത്കണ്ഠകൾ എന്തെല്ലാമാണ്? അവരുടെ താത്പര്യങ്ങളോ? ബൈബിൾ സന്ദേശത്തിന്റെ ഏതു വശങ്ങളായിരിക്കും അവരെ ആകർഷിക്കുക? സാക്ഷീകരണവേലയിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ സന്ദർഭത്തിലും, നിങ്ങളുടെ ഫലപ്രദത്വം മെച്ചപ്പെടുത്തുന്നതിനായി, നടത്തിക്കഴിഞ്ഞ സന്ദർശനങ്ങളെ വിലയിരുത്തുക. യഹോവയെ കുറിച്ചു സംസാരിക്കുമ്പോൾ അത് ബോധ്യത്തോടും ആത്മാർഥതയോടും കൂടെ ചെയ്യുക. നിങ്ങളുടെ യാഗം യഥാർഥത്തിൽ ഒരു സ്തുതിയാഗം തന്നെയായിരിക്കട്ടെ.
ഒരു പ്രവാചകൻ സ്വീകാര്യക്ഷമരല്ലാത്ത ആളുകളോടു പ്രസംഗിക്കുന്നു
ഇനി, പ്രവാചകനായ ഹാനോക്കിനെ കുറിച്ചു ചിന്തിക്കുക. സാധ്യതയനുസരിച്ച് അവന്റെ കാലത്ത് യഹോവയാം ദൈവത്തിന്റെ സാക്ഷിയായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹാനോക്കിനെ പോലെ, കുടുംബത്തിൽ യഹോവയെ വിശ്വസ്തമായി സേവിക്കുന്ന ഏക വ്യക്തിയാണോ നിങ്ങൾ? ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കുന്ന, ക്ലാസ്സിലെ ഏക വിദ്യാർഥി അല്ലെങ്കിൽ ജോലിസ്ഥലത്തെ ഏക ജീവനക്കാരൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾ വെല്ലുവിളികൾ നേരിട്ടേക്കാം, ദൈവനിയമങ്ങൾ ലംഘിക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ സഹപാഠികളോ സഹപ്രവർത്തകരോ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. “നീ ചെയ്യുന്നത് ആരും ഒരിക്കലും അറിയാൻ പോകുന്നില്ല, ഞങ്ങൾ അത് ആരോടും പറയുകയുമില്ല” എന്ന് അവർ പറഞ്ഞേക്കാം. ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നില്ലാത്തതിനാൽ ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ ലംഘിക്കുന്നതിനെ കുറിച്ചോർത്തു വിഷമിക്കുന്നത് മൗഢ്യമാണെന്ന് അവർ നിങ്ങളെ ധരിപ്പിക്കാൻ ശ്രമിച്ചേക്കാം. നിങ്ങൾ അവരെപ്പോലെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാത്തതിൽ നീരസംപൂണ്ട്, ചെറുത്തുനിൽക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ദുർബലപ്പെടുത്താനായി തങ്ങളാൽ കഴിയുന്ന എന്തും അവർ ചെയ്തേക്കാം.
അത്തരം സമ്മർദങ്ങളെ ചെറുത്തുനിൽക്കുക എളുപ്പമല്ലെന്നതു ശരിതന്നെ, പക്ഷേ അവ അസാധ്യമല്ലെന്നതാണ് വാസ്തവം. ആദാമിൽനിന്ന് ഏഴാമത്തവനായ ഹാനോക്കിനെ കുറിച്ചു ചിന്തിക്കുക. (യൂദാ 14) ഹാനോക്ക് ജനിച്ചപ്പോഴേക്കും മിക്ക ആളുകളും മനസ്സു തഴമ്പിച്ച അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. അവരുടെ സംസാരം നിന്ദ്യവും പെരുമാറ്റം ‘ഞെട്ടിക്കുന്നതും’ ആയിരുന്നു. (യൂദാ 15, NW) ഏറെക്കുറെ ഇന്നത്തെ പലരെയും പോലെയാണ് അവരും പ്രവർത്തിച്ചത്.
ഹാനോക്ക് ഈ സാഹചര്യത്തെ തരണം ചെയ്തത് എങ്ങനെയായിരുന്നു? അതിനുള്ള ഉത്തരം ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അർഹിക്കുന്നതാണ്. അന്ന് ഭൂമിയിൽ യഹോവയെ ആരാധിച്ചിരുന്ന ഏക വ്യക്തി ഹാനോക്ക് ആയിരുന്നിരിക്കാമെങ്കിലും അവൻ വാസ്തവത്തിൽ ഒറ്റയ്ക്ക് അല്ലായിരുന്നു. ഹാനോക്ക് ദൈവത്തോടു കൂടെയാണു നടന്നിരുന്നത്.—ഉല്പത്തി 5:22.
ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരുന്നു ഹാനോക്കിന്റെ ജീവിതത്തിലെ പ്രമുഖ സംഗതി. ദൈവത്തോടു കൂടെ നടക്കുന്നതിൽ ശുദ്ധവും സദാചാരനിഷ്ഠയോടു കൂടിയതുമായ ഒരു ജീവിതം നയിക്കുന്നതിലും അധികം ഉൾപ്പെട്ടിട്ടുണ്ടെന്ന് അവന് അറിയാമായിരുന്നു. മറ്റുള്ളവരോട് അവൻ പ്രസംഗിക്കാൻ യഹോവ പ്രതീക്ഷിച്ചു. (യൂദാ 14, 15) ആളുകളുടെ ഭക്തിവിരുദ്ധമായ പ്രവൃത്തികൾ ദൈവം ശ്രദ്ധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പ് അവർക്കു നൽകേണ്ടതുണ്ടായിരുന്നു. 300-ലധികം വർഷം—നമ്മിൽ ഏതൊരു വ്യക്തിയും സഹിച്ചു നിന്നിട്ടുള്ളതിനെക്കാളുമധികം കാലം—ഹാനോക്ക് ദൈവത്തോടു കൂടെ നടക്കുന്നതിൽ തുടർന്നു. മരണംവരെ, അവൻ അതിൽ തുടർന്നു.—ഉല്പത്തി 5:23, 24.
ഹാനോക്കിനെ പോലെ നമുക്കും പ്രസംഗിക്കാനുള്ള നിയോഗമുണ്ട്. (മത്തായി 24:14) വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നതിനു പുറമേ, ബന്ധുക്കൾ, വ്യാപാര ഇടപാടുകാർ, സഹപാഠികൾ എന്നിവരോടെല്ലാം നാം സുവാർത്ത പങ്കുവെക്കുന്നു. എന്നാൽ ചിലപ്പോൾ ധൈര്യത്തോടെ സാക്ഷീകരിക്കാൻ നാം മടിച്ചേക്കാം. അങ്ങനെയൊരു പ്രശ്നം നിങ്ങൾക്കുണ്ടോ? നിരാശപ്പെടരുത്. ആദിമ ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് ധൈര്യത്തിനായി ദൈവത്തോടു പ്രാർഥിക്കുക. (പ്രവൃത്തികൾ 4:29, 30) ദൈവത്തോടു കൂടെ നടക്കുന്ന കാലത്തോളം നിങ്ങൾ ഒരിക്കലും തനിച്ചല്ലെന്ന കാര്യം മനസ്സിൽ പിടിക്കുക.
ഒരു വിധവ ആഹാരമൊരുക്കുന്നു
ഒന്നു ചിന്തിച്ചു നോക്കൂ, ലളിതമായ ഒരു വിരുന്നൊരുക്കിയതിന് ഒരു വിധവയ്ക്ക് രണ്ട് അനുഗ്രഹങ്ങൾ ലഭിക്കുകയുണ്ടായി! ബൈബിൾ പേരു വെളിപ്പെടുത്തുന്നില്ലാത്ത ഈ വിധവ ഒരു ഇസ്രായേല്യ സ്ത്രീ അല്ലായിരുന്നു, മറിച്ച് ഒരു പരദേശിയായിരുന്നു. പൊ.യു.മു പത്താം നൂറ്റാണ്ടിൽ സാരെഫാത്ത് പട്ടണത്തിലായിരുന്നു അവൾ ജീവിച്ചിരുന്നത്. ദീർഘകാലത്തെ വരൾച്ചയുടെയും ക്ഷാമത്തിന്റെയും ഫലമായി വിധവയുടെ പക്കലുള്ള ആഹാരസാധനങ്ങളെല്ലാം തീരാറായിരുന്നു. അവളുടെ കയ്യിൽ ആകെ ശേഷിച്ചിരുന്നത് തനിക്കും മകനും അവസാനമായി ഒരുനേരത്തെ ആഹാരം ഉണ്ടാക്കാനുള്ള ഒരുപിടി മാവും അതിനുവേണ്ട എണ്ണയും ആയിരുന്നു.
ഈ അവസരത്തിലാണ് ഒരു സന്ദർശകൻ എത്തുന്നത്. ദൈവത്തിന്റെ പ്രവാചകനായ ഏലിയാവ് ആയിരുന്നു അത്. വിധവയുടെ പക്കലുള്ള തുച്ഛമായ ആഹാരത്തിൽനിന്ന് ഒരു പങ്ക് തനിക്കു തരാമോയെന്ന് അവൻ അവളോടു ചോദിച്ചു. അവൾക്കും മകനും കഷ്ടിച്ച് കഴിക്കാനുള്ള ആഹാരമേ ഉണ്ടായിരുന്നുള്ളൂ, സന്ദർശകനുംകൂടെ കൊടുക്കാൻ അത് തീർച്ചയായും തികയുമായിരുന്നില്ല. എന്നാൽ അവളുടെ പക്കലുള്ള ആഹാരത്തിന്റെ ഒരു പങ്ക് തനിക്കു നൽകുകയാണെങ്കിൽ അവളും മകനും പട്ടിണിയാകില്ലെന്ന് യഹോവ അരുളിച്ചെയ്തിട്ടുണ്ടെന്ന് ഏലിയാവ് ഉറപ്പു കൊടുത്തു. പരദേശിയും വിധവയുമായ തന്നെ ഇസ്രായേലിന്റെ ദൈവം ശ്രദ്ധിക്കുമെന്ന ഉറപ്പുണ്ടായിരിക്കാൻ വിശ്വാസം ആവശ്യമായിരുന്നു. അവൾ ഏലിയാവിനെ വിശ്വസിച്ചു. യഹോവ അവൾക്കു പ്രതിഫലം നൽകുകയും ചെയ്തു. “യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.” ക്ഷാമം തീരുന്നതുവരെ സ്ത്രീക്കും അവളുടെ മകനും നിത്യേന കഴിക്കാൻ ആഹാരം ഉണ്ടായിരുന്നു.—1 രാജാക്കന്മാർ 17:8-16.
മറ്റൊരു അനുഗ്രഹവും ആ വിധവയെ കാത്തിരിപ്പുണ്ടായിരുന്നു. ആ അത്ഭുതം സംഭവിച്ച് കുറച്ചു നാളുകൾക്കു ശേഷം അവളുടെ പ്രിയപ്പെട്ട പുത്രൻ രോഗം ബാധിച്ച് മരിച്ചു. ഇതു കണ്ട് മനസ്സലിഞ്ഞ ഏലീയാവ് ബാലനെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവയോട് അപേക്ഷിച്ചു. (1 രാജാക്കന്മാർ 17:17-24) അതിനായി മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു മഹാത്ഭുതം നടക്കണമായിരുന്നു. മറ്റാരും അതിനു മുമ്പ് ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടതിന്റെ രേഖ ഇല്ല! യഹോവ വീണ്ടും ഈ പരദേശിയായ വിധവയോട് കരുണ കാണിക്കുമോ? അവൻ കാണിക്കുകതന്നെ ചെയ്തു. ബാലനെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവ ഏലിയാവിനെ പ്രാപ്തനാക്കി. അനുഗൃഹീതയായ ഈ സ്ത്രീയെ കുറിച്ച് യേശു പിന്നീട് ഇപ്രകാരം പറഞ്ഞു: ‘യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു. എന്നാൽ സീദോനിലെ സാരെഫാത്തിലുള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.’—ലൂക്കൊസ് 4:25, 26.
ഇന്ന് വ്യവസായവത്കൃത ദേശങ്ങളിൽ പോലും സാമ്പത്തിക അന്തരീക്ഷം തീർത്തും അസ്ഥിരമാണ്. ചില വലിയ സ്ഥാപനങ്ങൾ, പതിറ്റാണ്ടുകളായി വിശ്വസ്തതയോടെ സേവിച്ചിട്ടുള്ള ജോലിക്കാരെ പോലും പിരിച്ചുവിട്ടിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെടുമോയെന്ന ചിന്ത വളരെയധികം സമയം ജോലി ചെയ്യാൻ ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിച്ചേക്കാം. അങ്ങനെയാകുമ്പോൾ കമ്പനി തന്നെ പിരിച്ചുവിടുകയില്ലെന്ന് അയാൾ കരുതുന്നു. അതാകട്ടെ, ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാനോ വയൽസേവനത്തിൽ ഏർപ്പെടാനോ കുടുംബത്തിന്റെ വൈകാരിക, ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകാനോ സമയം ലഭിക്കാത്തവിധം അയാളെ തിരക്കുള്ളവനാക്കിയേക്കാം. പക്ഷേ എന്തു വന്നാലും ആ തൊഴിൽ നഷ്ടപ്പെടുത്താൻ പാടില്ലെന്ന് അയാൾക്കു തോന്നുന്നു.
അത്തരം ദുഷ്കരമായ സാമ്പത്തിക ചുറ്റുപാടിൽ ഒരു ക്രിസ്ത്യാനിക്ക് ഉത്കണ്ഠ തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. ഇക്കാലത്ത് ഒരു ജോലി കണ്ടെത്താൻ പ്രയാസമാണ്. നമ്മിൽ മിക്കവരും പണക്കാരാകാനല്ല യത്നിക്കുന്നത്, മറിച്ച് സാരെഫാത്തിലെ വിധവയെ പോലെ ജീവിതത്തിലെ അത്യാവശ്യ സംഗതികൾ ഉണ്ടായിരിക്കാൻ മാത്രമേ നാം ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ ദൈവത്തിന്റെ ഈ വാക്കുകൾ പൗലൊസ് അപ്പൊസ്തലൻ നമ്മെ അനുസ്മരിപ്പിക്കുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” “ആകയാൽ ‘കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും’ എന്നു നമുക്കു ധൈര്യത്തോടെ പറയാം.” (എബ്രായർ 13:5, 6) ആ വാഗ്ദാനത്തെപ്രതി സ്വന്തം ജീവൻ പണയപ്പെടുത്താൻ പോലും പൗലൊസ് സന്നദ്ധനായിരുന്നു. യഹോവ അവനെ എല്ലായ്പോഴും പരിപാലിക്കുകയും ചെയ്തു. നാം ദൈവത്തെ ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ നമുക്കും അപ്രകാരംതന്നെ ചെയ്യും.
മോശെ, ഗിദെയോൻ, ദാവീദ് എന്നീ ആത്മീയ വ്യക്തികൾ ചെയ്തതുപോലുള്ള ശ്രദ്ധേയമായ കാര്യങ്ങളൊന്നും ഒരിക്കലും ചെയ്യാൻ കഴിയില്ലെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ നമുക്ക് അവരുടെ വിശ്വാസം അനുകരിക്കാൻ കഴിയും. ഹാബെൽ, ഹാനോക്ക്, സാരെഫാത്തിലെ വിധവ എന്നിവർ ചെയ്തതുപോലുള്ള വിശ്വാസത്തിന്റേതായ എളിയ പ്രവൃത്തികൾ നമുക്ക് ഓർക്കാനും കഴിയും. വിശ്വാസത്തിന്റേതായ എല്ലാ പ്രവൃത്തികളിലും—കൊച്ചുകൊച്ചു പ്രവൃത്തികളിൽപ്പോലും—യഹോവ താത്പര്യം കാണിക്കുന്നു. ദൈവഭയമുള്ള ഒരു വിദ്യാർഥി, സഹപാഠി വെച്ചുനീട്ടുന്ന മയക്കുമരുന്നു സ്വീകരിക്കാൻ വിസമ്മതിക്കുമ്പോൾ, ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ അധാർമിക മുന്നേറ്റങ്ങളെ ഒരു ക്രിസ്ത്യാനി ചെറുക്കുമ്പോൾ, അല്ലെങ്കിൽ പ്രായമായ ഒരു സാക്ഷി ക്ഷീണവും അനാരോഗ്യവും ഗണ്യമാക്കാതെ വിശ്വസ്തതയോടെ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുമ്പോൾ, യഹോവ അതെല്ലാം ശ്രദ്ധിക്കുന്നു. അവൻ സന്തോഷിക്കുകയും ചെയ്യുന്നു!—സദൃശവാക്യങ്ങൾ 27:11.
മറ്റുള്ളവർ ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ?
അതേ, നാം ചെയ്യുന്നതെല്ലാം യഹോവ ശ്രദ്ധിക്കുന്നു. അതുകൊണ്ട്, ദൈവത്തെ അനുകരിക്കുന്നവരെന്ന നിലയിൽ മറ്റുള്ളവർ ചെയ്യുന്ന ശ്രമങ്ങളെ വിലമതിക്കാൻ നാമും ജാഗ്രതയുള്ളവർ ആയിരിക്കണം. (എഫെസ്യർ 5:1) ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതിനോടും വയൽസേവനത്തിൽ പങ്കുപറ്റുന്നതിനോടും എന്തിന്, ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനോടുള്ള ബന്ധത്തിൽപ്പോലും സഹക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികൾ അടുത്തു നിരീക്ഷിക്കാൻ നിങ്ങൾക്ക് എന്തുകൊണ്ടു ശ്രമിച്ചുകൂടാ?
എന്നിട്ട്, സഹാരാധകരുടെ അത്തരം ശ്രമങ്ങളെ നിങ്ങൾ വിലമതിക്കുന്നുവെന്ന് അവരെ അറിയിക്കുക. നിങ്ങൾ അവ ശ്രദ്ധിച്ചിരിക്കുന്നുവെന്ന് അറിയുന്നതിൽ അവർ സന്തോഷിക്കും. കൂടാതെ അവരിലുള്ള നിങ്ങളുടെ താത്പര്യം യഹോവയും അവരെ ശ്രദ്ധിക്കുന്നുണ്ട് എന്നതു സംബന്ധിച്ച് അവർക്ക് ഉറപ്പു നൽകിയേക്കും.