നേരായ വിധത്തിൽ ചിന്തിക്കുക ജ്ഞാനത്തോടെ പ്രവർത്തിക്കുക
പിൻവരുന്ന രംഗം വിഭാവന ചെയ്യുക: യെരൂശലേമിലുള്ള മതവൈരികൾ തന്നെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുമെന്ന് വിശദീകരിക്കുകയാണ് യേശുക്രിസ്തു. അവന്റെ അടുത്ത സുഹൃത്തും അപ്പൊസ്തലനുമായ പത്രൊസിന് അതു വിശ്വസിക്കാനാവുന്നില്ല. അവൻ യേശുവിനെ മാറ്റിനിറുത്തി ശാസിക്കുന്നു. പത്രൊസിന് യേശുവിനോടുള്ള ആത്മാർഥതയും താത്പര്യവും നിമിത്തമാണ് അങ്ങനെ ചെയ്യുന്നത് എന്നതിനു സംശയമില്ല. എന്നാൽ പത്രൊസിന്റെ ചിന്താഗതിയെ യേശു എങ്ങനെയാണു വീക്ഷിക്കുന്നത്? അവൻ പറയുന്നു: “സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് [“ചിന്തിക്കുന്നത്,” NW].”—മത്തായി 16:21-23.
അത് പത്രൊസിനെ എത്രമാത്രം ഞെട്ടിച്ചിരിക്കണം! ഒരു സഹായവും പിന്തുണയും ആയിരിക്കുന്നതിനു പകരം അവൻ ഈ സന്ദർഭത്തിൽ തന്റെ പ്രിയപ്പെട്ട ഗുരുവിന് ഒരു “ഇടർച്ച” ആയിത്തീർന്നു. അത് എങ്ങനെയാണു സംഭവിച്ചത്? മാനുഷിക ചിന്താഗതിയിൽ സാധാരണ കണ്ടുവരുന്ന ഒരു പിഴവ്—തങ്ങൾ ആഗ്രഹിക്കുന്നതു മാത്രം വിശ്വസിക്കൽ—പത്രൊസിനെ കെണിയിലാക്കിയിരിക്കാം.
അമിത ആത്മവിശ്വാസം പാടില്ല
നേരായവിധത്തിൽ ചിന്തിക്കുന്നതിൽനിന്ന് നമ്മെ തടയുന്ന ഒരു ഘടകം അമിത ആത്മവിശ്വാസമാണ്. പുരാതന കൊരിന്തിലെ സഹക്രിസ്ത്യാനികൾക്ക് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” (1 കൊരിന്ത്യർ 10:12) എന്തുകൊണ്ടാണ് പൗലൊസ് ഇതു പറഞ്ഞത്? സാധ്യതയനുസരിച്ച്, മാനുഷിക ചിന്താഗതി വികലമായിത്തീരുക എത്ര എളുപ്പമാണെന്ന്, ക്രിസ്ത്യാനികളുടെ മനസ്സുപോലും അനായാസം “ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായി” പോയേക്കാമെന്ന് അവന് അറിയാമായിരുന്നതുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്.—2 കൊരിന്ത്യർ 11:3.
പൗലൊസിന്റെ പൂർവികരുടെ ഒരു തലമുറയ്ക്കു മൊത്തം ഇതു സംഭവിച്ചിരുന്നു. ആ സമയത്ത് യഹോവ അവരോട് ഇങ്ങനെ പറഞ്ഞു: “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല.” (യെശയ്യാവു 55:8) “തങ്ങൾക്കുതന്നേ ജ്ഞാനികളാ”യി അവർക്കു തോന്നിയിരുന്നു. ഫലം വിപത്കരമായിരുന്നു. (യെശയ്യാവു 5:21) അപ്പോൾ തീർച്ചയായും, നമുക്ക് എങ്ങനെ നേരായവിധത്തിൽ ചിന്തിക്കാനും അവർക്ക് നേരിട്ടതുപോലുള്ള വിപത്ത് ഒഴിവാക്കാനും കഴിയും എന്നു പരിശോധിക്കുന്നതു ബുദ്ധിയാണ്.
ജഡിക ചിന്തയ്ക്കെതിരെ ജാഗ്രത പുലർത്തുക
കൊരിന്തിലെ ചിലരെ ജഡിക ചിന്ത വല്ലാതെ ബാധിച്ചിരുന്നു. (1 കൊരിന്ത്യർ 3:1-3) ദൈവവചനത്തെക്കാൾ മാനുഷ തത്ത്വജ്ഞാനത്തിനാണ് അവർ പ്രാധാന്യം കൽപ്പിച്ചത്. അക്കാലത്തെ ഗ്രീക്ക് ചിന്തകർ അതീവ ബുദ്ധിശാലികൾ ആയിരുന്നു എന്നതിനു സംശയമില്ല. എന്നാൽ ദൈവദൃഷ്ടിയിൽ അവർ ഭോഷന്മാർ ആയിരുന്നു. പൗലൊസ് ഇങ്ങനെ പറഞ്ഞു: “‘ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും’ എന്നു എഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” (1 കൊരിന്ത്യർ 1:19, 20) അത്തരം ബുദ്ധിജീവികളെ ഭരിച്ചിരുന്നത് ദൈവത്തിന്റെ ആത്മാവല്ല, മറിച്ച് ‘ലോകത്തിന്റെ ആത്മാവ്’ ആയിരുന്നു. (1 കൊരിന്ത്യർ 2:12) അവരുടെ തത്ത്വജ്ഞാനങ്ങളും ആശയങ്ങളും യഹോവയുടെ ചിന്തയ്ക്കു ചേർച്ചയിലായിരുന്നില്ല.
അത്തരം ജഡിക ചിന്തയുടെ ആത്യന്തിക ഉറവ് സർപ്പത്തെ ഉപയോഗിച്ചുകൊണ്ട് ഹവ്വായെ വഴിതെറ്റിച്ച പിശാചായ സാത്താനാണ്. (ഉല്പത്തി 3:1-6; 2 കൊരിന്ത്യർ 11:3) അവൻ ഇപ്പോഴും അപകടകാരിയാണോ? തീർച്ചയായും! ദൈവവചനം പറയുന്നതനുസരിച്ച്, സാത്താൻ ആളുകളുടെ “മനസ്സു കുരുടാക്കി”യിരിക്കുന്നു. അതേ, അവൻ ഇപ്പോൾ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയു”കയാണ്. (2 കൊരിന്ത്യർ 4:4; വെളിപ്പാടു 12:9) അവന്റെ തന്ത്രങ്ങൾ സംബന്ധിച്ച് ജാഗ്രതയുള്ളവർ ആയിരിക്കേണ്ടത് എത്ര പ്രധാനമാണ്!—2 കൊരിന്ത്യർ 2:11.
“മനുഷ്യരുടെ ചതി”ക്കെതിരെ ജാഗ്രത പുലർത്തുക
“മനുഷ്യരുടെ ചതി”ക്കെതിരെയും അപ്പൊസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. (എഫെസ്യർ 4:14) സത്യമാണ് പറയുന്നതെന്ന് നടിച്ചുകൊണ്ട് വാസ്തവത്തിൽ അതിനെ വളച്ചൊടിച്ചിരുന്ന ‘കപടവേലക്കാരെ’ അവന് അഭിമുഖീകരിക്കേണ്ടി വന്നു. (2 കൊരിന്ത്യർ 11:12-15) ലക്ഷ്യപ്രാപ്തിക്കായി അത്തരക്കാർ സ്വന്ത ചിന്താഗതിയെ മാത്രം പിന്താങ്ങുന്ന തെളിവുകൾ തിരഞ്ഞെടുക്കുകയും വികാരോജ്ജ്വലമായ ഭാഷയും വഴിതെറ്റിക്കുന്ന അർധസത്യങ്ങളും വക്രോക്തിയും കല്ലുവെച്ച നുണ പോലും ഉപയോഗിക്കുകയും ചെയ്യുന്നു.
ദുഷ്പ്രചാരണം നടത്തുന്നവർ മറ്റുള്ളവരെ അപമാനിക്കാനായി “മതഭേദം” എന്നതുപോലുള്ള ഒരു വാക്ക് ഉപയോഗിക്കാറുണ്ട്. പുതിയ മത വിഭാഗങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരോട് “ആ പദം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടണമെന്ന്” യൂറോപ്യൻ കൗൺസിലിന്റെ പാർലമെന്ററി അസംബ്ലിക്കുള്ള ഒരു ശുപാർശയിൽ നിർദേശിക്കപ്പെട്ടു. എന്തുകൊണ്ട്? “വ്യക്തിപൂജാപ്രസ്ഥാനം” എന്നതുപോലുള്ള പദങ്ങൾക്ക് അങ്ങേയറ്റം മോശമായ ധ്വനി ഉള്ളതായി കരുതപ്പെട്ടു. സമാനമായി, അപ്പൊസ്തലനായ പൗലൊസ് “വിടുവായൻ,” മൂല ഗ്രീക്ക് പദം അനുസരിച്ച് “വിത്തു കൊത്തിയെടുക്കുന്നവൻ” ആണെന്ന് ഗ്രീസിലെ ബുദ്ധിജീവികൾ തെറ്റായി ആരോപിച്ചു. അവൻ അർഥമില്ലാതെ വെറുതെ പുലമ്പുന്നവനാണ്, വെറും വിജ്ഞാനശകലങ്ങൾ പെറുക്കിയെടുത്ത് ആവർത്തിക്കുന്നവനാണ് എന്നു സൂചിപ്പിക്കാനായിരുന്നു അത്. വാസ്തവത്തിൽ, പൗലൊസ് ‘യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ചു പ്രസംഗിക്കുകയായിരുന്നു.’—പ്രവൃത്തികൾ 17:18.
ദുഷ്പ്രചാരകരുടെ രീതികൾ ഫലിക്കുന്നുണ്ടോ? ഉവ്വ്. മറ്റ് രാഷ്ട്രങ്ങളെയോ മതങ്ങളെയോ കുറിച്ച് ആളുകൾക്കുള്ള ധാരണകളെ വികലമാക്കിക്കൊണ്ട് വംശീയവും മതപരവുമായ വിദ്വേഷങ്ങൾ ഇളക്കിവിടുന്നതിൽ അവ ഒരു മുഖ്യപങ്ക് വഹിച്ചിരിക്കുന്നു. ജനസമ്മതിയില്ലാത്ത ന്യൂനപക്ഷങ്ങളെ തഴയാൻ അനേകർ അവ ഉപയോഗിച്ചിട്ടുണ്ട്. യഹൂദന്മാരെയും മറ്റുള്ളവരെയും “അധഃപതിച്ചവർ,” “ദുഷ്ടന്മാർ,” രാജ്യത്തിന് ഒരു “ഭീഷണി” എന്നീ നിലകളിൽ ചിത്രീകരിച്ചപ്പോൾ അഡോൾഫ് ഹിറ്റ്ലർ അത്തരം രീതികളെ ഫലകരമായി പ്രയോജനപ്പെടുത്തുകയായിരുന്നു. നിങ്ങളുടെ ചിന്താഗതിയെ വിഷലിപ്തമാക്കാൻ ഇത്തരം ചതിയെ ഒരിക്കലും അനുവദിക്കരുത്.—പ്രവൃത്തികൾ 28:19-22.
സ്വയം വഞ്ചിക്കരുത്
സ്വയം വഞ്ചിക്കാൻ എളുപ്പമാണ്. ഉള്ളിൽ താലോലിച്ചു പോന്നിരിക്കുന്ന അഭിപ്രായങ്ങളെ തള്ളിക്കളയാനോ സംശയിക്കാൻ പോലുമോ വളരെ ബുദ്ധിമുട്ടായിരിക്കാം. എന്തുകൊണ്ട്? കാരണം, നമ്മുടെ വീക്ഷണങ്ങളോടു നാം വൈകാരികമായി ഇഴുകിച്ചേരുന്നു. അങ്ങനെ വരുമ്പോൾ തെറ്റായി ന്യായവാദം ചെയ്തുകൊണ്ട്, അതായത് യഥാർഥത്തിൽ വ്യാജവും വഴിതെറ്റിക്കുന്നതുമായ വിശ്വാസങ്ങളെ ന്യായീകരിക്കാനുള്ള കാരണങ്ങൾ മെനഞ്ഞെടുത്തുകൊണ്ട് നാം നമ്മെത്തന്നെ വഞ്ചിച്ചേക്കാം.
ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇതു സംഭവിച്ചു. അവർക്ക് ദൈവവചനം അറിയാമായിരുന്നു. എന്നാൽ, തങ്ങളുടെ ചിന്തയെ ഭരിക്കാൻ അവർ ദൈവവചനത്തെ അനുവദിച്ചില്ല. അങ്ങനെ അവർ ‘തങ്ങളെത്തന്നേ ചതിച്ചു.’ (യാക്കോബ് 1:22, 26) നമ്മുടെ വിശ്വാസങ്ങൾ ചോദ്യംചെയ്യപ്പെടുമ്പോൾ കോപാകുലരായിത്തീരുന്നത് ഈ വിധത്തിലുള്ള ആത്മവഞ്ചനയ്ക്കു നാം ഇരയായിട്ടുണ്ട് എന്നതിന്റെ ഒരു സൂചനയായിരിക്കാം. കോപിക്കുന്നതിനു പകരം മറ്റുള്ളവർക്കു പറയാനുള്ളത്—നമ്മുടെ അഭിപ്രായമാണു ശരി എന്ന് ഉറപ്പുള്ളപ്പോൾ പോലും—ഒരു തുറന്ന മനസ്സോടെ ശ്രദ്ധിക്കുന്നതാണു ബുദ്ധി.—സദൃശവാക്യങ്ങൾ 18:17.
“ദൈവപരിജ്ഞാന”ത്തിനായി കുഴിക്കുക
എല്ലായ്പോഴും നേരായവിധത്തിൽ ചിന്തിക്കാനായി നമുക്ക് എന്തു ചെയ്യാനാകും? ധാരാളം സഹായം ലഭ്യമാണ്, നാം അതിനായി ശ്രമിക്കാൻ സന്നദ്ധരായിരിക്കണമെന്നു മാത്രം. ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.” (സദൃശവാക്യങ്ങൾ 2:1-5) അതേ, ദൈവവചനത്തിലെ സത്യങ്ങൾകൊണ്ട് ഹൃദയവും മനസ്സും നിറയ്ക്കാൻ വ്യക്തിപരമായി ശ്രമിക്കുന്നെങ്കിൽ, യഥാർഥ ജ്ഞാനവും ഉൾക്കാഴ്ചയും വിവേകവും നമുക്ക് ലഭിക്കും. ഫലത്തിൽ, വെള്ളിയെക്കാളും മറ്റേതെങ്കിലും ഭൗതിക നിധിയെക്കാളും വളരെയേറെ മൂല്യവത്തായ കാര്യങ്ങൾക്കുവേണ്ടിയായിരിക്കും നാം കുഴിക്കുന്നത്.—സദൃശവാക്യങ്ങൾ 3:13-15.
നേരായവിധത്തിൽ ചിന്തിക്കുന്നതിന് തികച്ചും അനിവാര്യമായ ഘടകങ്ങളാണ് ജ്ഞാനവും അറിവും. ദൈവവചനം പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും പരിജ്ഞാനം നിനക്ക് ഇമ്പമായിത്തീരുകയും ചെയ്യുമ്പോൾ ദുർമാർഗത്തിൽനിന്നും വ്യാജം പറയുന്നവനിൽനിന്നും ഇരുട്ടിന്റെ വഴികളിൽ നടക്കാനായി നീതിയുടെ വഴികൾ ഉപേക്ഷിക്കുന്നവരിൽനിന്നും നിന്നെ വിടുവിച്ചുകൊണ്ട് ചിന്താപ്രാപ്തി നിന്നെ കാവൽ ചെയ്യുകയും വിവേകം നിന്നെ കാത്തുസംരക്ഷിക്കുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 2:10-13, NW.
പിരിമുറുക്കമോ അപകടമോ നേരിടുന്ന സമയത്ത് നമ്മുടെ ചിന്തയെ നയിക്കാൻ ദൈവത്തിന്റെ ചിന്തകളെ അനുവദിക്കുന്നതു വിശേഷാൽ പ്രധാനമാണ്. കോപമോ ഭയമോ പോലുള്ള ശക്തമായ വികാരങ്ങൾ അനുഭവപ്പെടുമ്പോൾ നേരായ വിധത്തിൽ ചിന്തിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. “മർദ്ദനം ജ്ഞാനിയെ ഭോഷനാക്കും” എന്നു ശലോമോൻ പറയുന്നു. (സഭാപ്രസംഗി 7:7, പി.ഒ.സി. ബൈബിൾ) ‘യഹോവക്കെതിരെ രോഷം കൊള്ളാൻ’പോലും ഇടയായേക്കാം. (സദൃശവാക്യങ്ങൾ 19:3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) എങ്ങനെ? നമ്മുടെ പ്രശ്നങ്ങൾക്ക് ദൈവത്തെ കുറ്റപ്പെടുത്തുകയും അവന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേരാത്ത കാര്യങ്ങൾ ചെയ്യുന്നതിനെ ന്യായീകരിക്കാൻ അവ ഉപയോഗിക്കുകയും ചെയ്തുകൊണ്ട്. നമുക്കാണ് കാര്യങ്ങൾ ഏറ്റവും മെച്ചമായി അറിയാവുന്നത് എന്നു വിചാരിക്കുന്നതിനു പകരം, തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ടു നമ്മെ സഹായിക്കാൻ ശ്രമിക്കുന്ന ജ്ഞാനികളായ ബുദ്ധിയുപദേശകരെ നമുക്കു താഴ്മയോടെ ശ്രദ്ധിക്കാം. മാത്രവുമല്ല, തെറ്റാണെന്നു തെളിയുന്ന വീക്ഷണങ്ങൾ, അത് ആഴത്തിൽ വേരൂന്നിയതാണെങ്കിൽ പോലും, തള്ളിക്കളയാൻ നമുക്കു സജ്ജരായിരിക്കാം.—സദൃശവാക്യങ്ങൾ 1:1-5; 15:22.
‘ദൈവത്തോട് യാചിക്കുക’
അപകടകരവും പ്രശ്നപൂരിതവുമായ ഒരു കാലത്താണു നാം ജീവിക്കുന്നത്. നല്ല രീതിയിൽ ന്യായനിർണയം നടത്തുകയും ജ്ഞാനത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നതിന് യഹോവയുടെ മാർഗനിർദേശത്തിനായുള്ള നിരന്തര പ്രാർഥന അനിവാര്യമാണ്. അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) കുഴപ്പിക്കുന്ന പ്രശ്നങ്ങളോ പരിശോധനകളോ കൈകാര്യം ചെയ്യാൻ മതിയായ ജ്ഞാനം നമുക്കില്ലെങ്കിൽ ‘ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു നാം യാചിക്കേണ്ടതുണ്ട്.’—യാക്കോബ് 1:5-8.
സഹക്രിസ്ത്യാനികൾ ജ്ഞാനം പ്രകടമാക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു മനസ്സിലാക്കിയ അപ്പൊസ്തലനായ പത്രൊസ് ‘അവരുടെ പരമാർത്ഥമനസ്സു [“വ്യക്തമായ ചിന്താപ്രാപ്തികളെ,” NW] ഉണർത്തി.’ അവർ “വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും . . . കർത്താവും രക്ഷിതാവുമായ” യേശുക്രിസ്തു “തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന്” അവൻ ആഗ്രഹിച്ചു. (2 പത്രൊസ് 3:1, 2) നാം അപ്രകാരം ചെയ്യുകയും നമ്മുടെ മനസ്സിനെ യഹോവയുടെ വചനത്തിനു ചേർച്ചയിൽ വഴിനയിക്കുകയും ചെയ്യുന്നെങ്കിൽ, നേരായ വിധത്തിൽ ചിന്തിക്കുന്നതിനും ജ്ഞാനത്തോടെ പ്രവർത്തിക്കുന്നതിനും നമുക്കു സാധിക്കും.
[21 -ാം പേജിലെ ചിത്രങ്ങൾ]
തങ്ങളുടെ ചിന്തയെ രൂപപ്പെടുത്താൻ ആദിമ ക്രിസ്ത്യാനികൾ തത്ത്വജ്ഞാനപരമായ ന്യായവാദത്തെയല്ല, ദൈവിക ജ്ഞാനത്തെ അനുവദിച്ചു
[കടപ്പാട്]
തത്ത്വചിന്തകന്മാർ, ഇടത്തുനിന്ന്: എപ്പിക്യൂറസ്: Photograph taken by courtesy of the British Museum; സിസറോ: Reproduced from The Lives of the Twelve Caesars; പ്ലേറ്റോ: Roma, Musei Capitolini
[23 -ാം പേജിലെ ചിത്രങ്ങൾ]
പ്രാർഥനയും ദൈവവചനത്തിന്റെ പഠനവും അനിവാര്യമാണ്