ഞെരുക്കമുള്ള വഴിക്കായി അവർ തിരഞ്ഞു
ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ പ്രാഗ്, കെൽചിറ്റ്സ്, വിൽമോവ്, ക്ലാറ്റോവി തുടങ്ങിയ നഗരങ്ങളിൽ പാർത്തിരുന്ന, ക്രിസ്ത്യാനികളെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ആളുകളുടെ ചെറിയ കൂട്ടങ്ങൾ ഏതാണ്ട് 550 വർഷംമുമ്പ് വീടുവിട്ടിറങ്ങി. വടക്കുകിഴക്കൻ ബൊഹീമിയയിലെ ഒരു താഴ്വരയിലുള്ള കൂൻവാൾട്ട് എന്ന ഗ്രാമത്തിനടുത്ത് അവർ കുടിലുകൾ കെട്ടി താമസമാക്കി. അവിടെ അവർ നിലം ഉഴുത് കൃഷി ചെയ്തു, ബൈബിൾ വായിച്ചു. കൂടാതെ, അവർ ഒരു പേരും സ്വീകരിച്ചു: യൂണിറ്റി ഓഫ് ബ്രദറൻ, അഥവാ ലത്തീനിൽ യുനിറ്റാസ് ഫ്രാറ്റ്രൂം.
കർഷകർ, ഉന്നതകുലജാതർ, സർവകലാശാലാ വിദ്യാർഥികൾ, ദരിദ്രർ, സമ്പന്നർ, സ്ത്രീപുരുഷന്മാർ, വിധവകൾ, അനാഥർ തുടങ്ങി നാനാ പശ്ചാത്തലങ്ങളിൽനിന്നുള്ളവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പക്ഷേ അവർക്കെല്ലാം ഒരേ ആഗ്രഹമാണ് ഉണ്ടായിരുന്നത്. അവർ ഇങ്ങനെ എഴുതി: “ദൈവത്തോടുതന്നെ ഞങ്ങൾ പ്രാർഥിക്കുകയും സകലത്തെയും കുറിച്ചുള്ള അവിടുത്തെ തിരുഹിതം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തരേണമേയെന്ന് അപേക്ഷിക്കുകയും ചെയ്തു. ഞങ്ങൾ അവന്റെ മാർഗത്തിൽ ചരിക്കാൻ ആഗ്രഹിച്ചു.” അതേ, യൂണിറ്റി ഓഫ് ബ്രദറൻ അഥവാ ചെക്ക് ബ്രദറൻ എന്നു വിളിക്കപ്പെടാനിടയായ വിശ്വാസികളുടെ ഈ കൂട്ടം ‘ജീവങ്കലേക്ക് പോകുന്ന ഞെരുക്കമുള്ള വഴി’ക്കായി തിരഞ്ഞു. (മത്തായി 7:13, 14) അവരുടെ അന്വേഷണം വെളിപ്പെടുത്തിയ ബൈബിൾ സത്യങ്ങൾ എന്തൊക്കെയായിരുന്നു? അക്കാലത്ത് പരക്കെയുണ്ടായിരുന്ന വിശ്വാസങ്ങളിൽനിന്ന് അവരുടേത് വ്യത്യസ്തമായിരുന്നത് എങ്ങനെ, അവയിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
അക്രമമോ അനുരഞ്ജനമോ ഇല്ല
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലെ യൂണിറ്റി ഓഫ് ബ്രദറന്റെ രൂപവത്കരണത്തിൽ നിരവധി മതപ്രസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ട്. അവയിൽ ഒന്ന്, 12-ാം നൂറ്റാണ്ടിൽ രൂപംകൊണ്ട വാൾഡൻസുകാർ ആയിരുന്നു. തുടക്കത്തിൽ, വാൾഡൻസുകാർ മധ്യ യൂറോപ്പിലെ ഔദ്യോഗിക മതമായ
കത്തോലിക്കാസഭയിൽനിന്നു പിൻവാങ്ങി. എന്നാൽ പിന്നീട്, അവർ കത്തോലിക്കാ ഉപദേശങ്ങളിലേക്കു ഭാഗികമായി തിരിച്ചുപോയി. സ്വാധീനം ചെലുത്തിയ മറ്റൊരു കൂട്ടരായിരുന്നു ജാൻ ഹസിന്റെ അനുയായികളായ ഹസൈറ്റുകാർ. ചെക്ക് ജനതയിലെ ഭൂരിഭാഗത്തിന്റെയും മതം അതായിരുന്നു. എന്നാൽ അവർക്കിടയിൽ ഐക്യമുണ്ടായിരുന്നില്ല. അതിലെ ഒരു കക്ഷി സാമൂഹിക പ്രശ്നങ്ങളെ പ്രതിയാണ് പോരാടിയിരുന്നതെങ്കിൽ മറ്റേത് രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഒരു ചട്ടുകമാക്കുകയായിരുന്നു. സഹസ്രാബ്ദ കൂട്ടങ്ങളും സ്വദേശത്തെയും വിദേശത്തെയും ബൈബിൾ പണ്ഡിതന്മാരും ബ്രദറൻകാരെ സ്വാധീനിക്കുകയുണ്ടായി.
ചെക്ക് ബൈബിൾ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന പീറ്റർ ഹെൽച്ചിഡ്സ്ക്കി (ഏകദേശം 1390-ഏകദേശം 1460) വാൾഡൻസുകാരുടെയും ഹുസൈറ്റുകാരുടെയും ഉപദേശങ്ങളുമായി പരിചിതനായിരുന്നു. ഹുസൈറ്റുകാർ അക്രമമാർഗങ്ങൾ അവലംബിച്ചിരുന്നതിനാലും ഉപദേശപരമായ കാര്യങ്ങളിൽ അനുരഞ്ജന നിലപാടു സ്വീകരിച്ചതിനാലും അദ്ദേഹം അവരെ നിരാകരിച്ചു. യുദ്ധം ക്രിസ്തീയമല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അനന്തരഫലങ്ങൾ എന്തുതന്നെ ആയിരുന്നാലും, ഒരു ക്രിസ്ത്യാനിയെ ഭരിക്കേണ്ടത് “ക്രിസ്തുവിന്റെ ന്യായപ്രമാണം” ആയിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. (ഗലാത്യർ 6:2; മത്തായി 22:37-39) 1440-ൽ ഹെൽച്ചിഡ്സ്ക്കി തന്റെ പഠിപ്പിക്കലുകൾ അടങ്ങുന്ന വിശ്വാസശൃംഖല (ഇംഗ്ലീഷ്) എന്ന ഒരു ഗ്രന്ഥം തയ്യാറാക്കി.
പണ്ഡിതനായ ഹെൽച്ചിഡ്സ്ക്കിയുടെ സമകാലികനും യുവാവുമായ പ്രാഗിലെ ഗ്രിഗറിയെ പ്രസ്തുത പഠിപ്പിക്കലുകൾ ശക്തമായി സ്വാധീനിച്ചു. തത്ഫലമായി അദ്ദേഹം ഹുസൈറ്റ് പ്രസ്ഥാനത്തോടു വിടപറഞ്ഞു. 1458-ൽ, തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ചുപോരാൻ ചെച്ചിയയുടെ നാനാ ഭാഗങ്ങളിലുള്ള മുൻ ഹുസൈറ്റുകാരുടെ ചെറു കൂട്ടങ്ങളെ ഗ്രിഗറി പ്രേരിപ്പിച്ചു. കൂൻവാൾട്ട് എന്ന ഗ്രാമത്തിലേക്ക് അദ്ദേഹത്തെ അനുഗമിച്ചവർക്കൊപ്പം ഇവരും ഉണ്ടായിരുന്നു. അവിടെ അവർ ഒരു പുതിയ മതസമുദായത്തിനു രൂപംകൊടുത്തു. പിൽക്കാലത്ത്, ചെക്കിലെയും ജർമനിയിലെയും വാൾഡൻസുകാരുടെ കൂട്ടങ്ങൾ അവരോടു ചേർന്നു.
ഭൂതകാലത്തിലേക്ക് ഒരു എത്തിനോട്ടം
പുതിയതെങ്കിലും വളർന്നുകൊണ്ടിരുന്ന ഈ കൂട്ടം 1464 മുതൽ 1467 വരെ കൂൻവാൾട്ടിൽ നിരവധി സുന്നഹദോസുകൾ സംഘടിപ്പിക്കുകയും തങ്ങളുടെ പുതിയ മതപ്രസ്ഥാനത്തെ നിർവചിക്കുന്ന പല പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു. എല്ലാ പ്രമേയങ്ങളും ശ്രദ്ധാപൂർവം ഒരു ഗ്രന്ഥപരമ്പരയായി അവർ രേഖപ്പെടുത്തിവെച്ചു. ആക്ടാ യൂണിറ്റാറ്റിസ് ഫ്രാട്രും (യൂണിറ്റി ഓഫ് ബ്രദറന്റെ പ്രവൃത്തികൾ) എന്ന പേരിൽ അറിയപ്പെടുന്ന അത് ഇപ്പോഴുമുണ്ട്. ബ്രദറൻകാരുടെ വിശ്വാസങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം നൽകാൻ ഈ ഗ്രന്ഥങ്ങൾക്കു കഴിയും. ഇവയിൽ കത്തുകളും പ്രസംഗ കുറിപ്പുകളും മാത്രമല്ല സംവാദങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾപോലും ഉണ്ട്.
ബ്രദറൻകാരുടെ വിശ്വാസങ്ങളെ കുറിച്ച് ആക്ടാ ഇങ്ങനെ പ്രസ്താവിക്കുന്നു: “സമ്പൂർണമായ ബൈബിൾ വായനയുടെയും ധ്യാനം, എളിമ, ദീർഘക്ഷമ, ശത്രുക്കളെ സ്നേഹിക്കൽ, വൈരികളുടെ നന്മ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യൽ എന്നീ കാര്യങ്ങളിൽ നമ്മുടെ കർത്താവും അപ്പൊസ്തലന്മാരും വെച്ച മാതൃകകളുടെയും അടിസ്ഥാനത്തിൽ പ്രവർത്തനവിധം കെട്ടിപ്പടുക്കാൻ ഞങ്ങൾ ദൃഢചിത്തരാണ്.” ആരംഭത്തിൽ ബ്രദറൻകാർ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ലിഖിതരേഖ വെളിപ്പെടുത്തുന്നു. അവർ ഈരണ്ടായാണ് പോയിരുന്നത്. സ്ത്രീകൾ പ്രാദേശികമായി നല്ല മിഷനറിമാർ ആയിത്തീർന്നു. ബ്രദറൻകാർ രാഷ്ട്രീയ അധികാരപദവികൾ സ്വീകരിക്കുകയോ പ്രതിജ്ഞയെടുക്കുകയോ സൈന്യത്തിൽ ചേരുകയോ ആയുധമേന്തുകയോ ചെയ്തിരുന്നില്ല.
ഐക്യത്തിൽനിന്ന് അനൈക്യത്തിലേക്ക്
ഏതാനും ദശാബ്ദങ്ങൾക്കു ശേഷം യൂണിറ്റി ഓഫ് ബ്രദറൻകാർക്ക് തങ്ങളുടെ പേരിനൊപ്പം ജീവിക്കാനായില്ല. തങ്ങളുടെ വിശ്വാസങ്ങൾ എത്രത്തോളം അക്ഷരീയമായി പിൻപറ്റണമെന്നതു സംബന്ധിച്ച തർക്കങ്ങൾ ഭിന്നിപ്പിൽ കലാശിച്ചു. 1494-ൽ ഭൂരിപക്ഷ പാർട്ടി, ന്യൂനപക്ഷ പാർട്ടി എന്നിങ്ങനെ രണ്ടു കൂട്ടങ്ങളായി ബ്രദറൻകാർ പിരിഞ്ഞു. ഭൂരിപക്ഷ പാർട്ടി യഥാർഥ വിശ്വാസങ്ങളെ ദുർബലപ്പെടുത്തിയപ്പോൾ ന്യൂനപക്ഷ പാർട്ടി രാഷ്ട്രീയത്തോടും ലോകത്തോടുമുള്ള തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു.—“ഭൂരിപക്ഷ പാർട്ടിക്ക് എന്തു സംഭവിച്ചു?” എന്ന ചതുരം കാണുക.
ഉദാഹരണത്തിന്, ഭൂരിപക്ഷ പാട്ടിയിലെ ഒരംഗം ഇപ്രകാരം എഴുതി: “ഇരുവഴികളിലൂടെ ചരിക്കുന്നവർ ദൈവത്തോടൊത്തു നിൽക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല, കാരണം, അപൂർവമായും ചെറിയ കാര്യങ്ങളിലും മാത്രമാണ് തങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കാൻ അവർ മനസ്സൊരുക്കം കാട്ടുന്നത്. അതേസമയം, വലിയ കാര്യങ്ങൾ വരുമ്പോൾ അവർ സ്വന്ത ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നു . . . ഉറച്ച മനസ്സും നല്ല മനസ്സാക്ഷിയും ഉള്ളവരോടൊപ്പം—തങ്ങളുടെ കുരിശുകളേന്തി ഞെരുക്കമുള്ള വഴിയിലൂടെ കർത്താവായ ക്രിസ്തുവിനെ ദിനവും അനുഗമിക്കുന്നവരോടൊപ്പം—എണ്ണപ്പെടണം എന്നാണ് ഞങ്ങളുടെ ആത്മാർഥമായ ആഗ്രഹം.”
ന്യൂനപക്ഷ പാർട്ടി പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയായി, അവന്റെ “വിരൽ” ആയി വീക്ഷിച്ചിരുന്നു. പാപിയായ ആദാം എന്താണോ നഷ്ടപ്പെടുത്തിയത് അതിനു പകരമായി യേശു തന്റെ പൂർണതയുള്ള മനുഷ്യജീവൻ നൽകി എന്നതായിരുന്നു യേശുവിന്റെ മറുവില സംബന്ധിച്ച് അവർ മനസ്സിലാക്കിയിരുന്നത്. യേശുവിന്റെ അമ്മയായ മറിയയെ അവർ പൂജിച്ചിരുന്നില്ല. ബ്രഹ്മചര്യപ്രതിജ്ഞ കൂടാതെ സകല വിശ്വാസികൾക്കും പൗരോഹിത്യം എന്ന ഉപദേശം തിരിച്ചുകൊണ്ടുവന്നു. സഭയിലെ മുഴുവൻ അംഗങ്ങളും പരസ്യമായി മറ്റുള്ളവരോടു പ്രസംഗിക്കുന്നതിനെ അവർ പ്രോത്സാഹിപ്പിക്കുകയും അനുതാപമില്ലാത്ത പാപികളെ പുറത്താക്കുകയും ചെയ്തിരുന്നു. സൈനികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽനിന്ന് അവർ തീർത്തും വിട്ടുനിന്നിരുന്നു. (“ബ്രദറൻ ന്യൂനപക്ഷ പാർട്ടിയുടെ വിശ്വാസങ്ങൾ” എന്ന ചതുരം കാണുക.) ആക്ടായിലെ പ്രമേയങ്ങൾ അടുത്തു പിൻപറ്റിയിരുന്നതിനാൽ, ന്യൂനപക്ഷ പാർട്ടി തങ്ങളാണ് യഥാർഥ യൂണിറ്റി ഓഫ് ബ്രദറൻ എന്നു സ്വയം കരുതിയിരുന്നു.
വെട്ടിത്തുറന്നു പറയുന്നവരും പീഡിപ്പിക്കപ്പെടുന്നവരും
ഭൂരിപക്ഷ പാർട്ടി ഉൾപ്പെടെയുള്ള മറ്റു മതങ്ങളെ ന്യൂനപക്ഷ പാർട്ടി തുറന്ന രീതിയിൽ വിമർശിച്ചിരുന്നു. അത്തരം മതങ്ങളെ കുറിച്ച് അവർ ഇപ്രകാരം എഴുതി: “സ്വന്ത വിശ്വാസമില്ലാത്ത കൊച്ചുകുട്ടികളെ സ്നാപനപ്പെടുത്തണമെന്ന് പഠിപ്പിക്കുന്ന നിങ്ങൾ, ബുദ്ധിശൂന്യരായ ചിലരുടെ പ്രേരണയാൽ ശിശുസ്നാപനത്തിന് ഊന്നൽ നൽകിയ ഡയോണിഷ്യസ് എന്ന മെത്രാന്റെ ഏർപ്പാടാണ് പിൻപറ്റുന്നത് . . . ഇതേ പഠിപ്പിക്കൽതന്നെയാണ് ലൂഥർ, മെലക്തോൺ, ബൂറ്റ്സെറുസ്, കോർവിൻ, യിലെഷ്, ബുള്ളങ്ങർ എന്നിവരെപോലുള്ള മിക്കവാറും എല്ലാ ഉപദേഷ്ടാക്കൾക്കും ഉന്നത ദൈവശാസ്ത്രജ്ഞർക്കും . . . ഭൂരിപക്ഷ പാർട്ടിക്കും ഉള്ളത്. ഇക്കാര്യത്തിൽ ഇവരെല്ലാം ഒറ്റക്കെട്ടാണ്.”
ന്യൂനപക്ഷ പാർട്ടി പീഡിപ്പിക്കപ്പെട്ടതിൽ അതിശയിക്കാനില്ല. 1524-ൽ അതിന്റെ നേതാക്കന്മാരിൽ ഒരാളായ യാൻ കലെനെറ്റ്സിനെ ചാട്ടവാറുകൊണ്ട് അടിക്കുകയും ചുട്ടെരിക്കുകയും ചെയ്തു. പിന്നീട് ന്യൂനപക്ഷ പാർട്ടിയിലെ മൂന്നുപേരെ സ്തംഭത്തിൽ കെട്ടി ചുട്ടെരിച്ചു. ന്യൂനപക്ഷ പാർട്ടി, അതിന്റെ അവസാന നേതാവിന്റെ കാലശേഷം, ഏതാണ്ട് 1550-ഓടെ തിരോധാനം ചെയ്തതായി തോന്നുന്നു.
എങ്കിലും, ന്യൂനപക്ഷ പാർട്ടിയിലെ വിശ്വാസികൾ മധ്യകാല യൂറോപ്പിന്റെ മതാന്തരീക്ഷത്തെ സ്വാധീനിക്കുകതന്നെ ചെയ്തു. ന്യൂനപക്ഷ പാർട്ടിയുടെ കാലത്ത് “യഥാർഥ പരിജ്ഞാനം” സമൃദ്ധമായിത്തീർന്നിരുന്നില്ല. അതിനാൽ, ദീർഘകാലമായുള്ള ആത്മീയ അന്ധകാരം ഇല്ലാതാക്കാൻ അവർക്കു കഴിഞ്ഞില്ല. (ദാനീയേൽ 12:4, NW) എന്നുവരികിലും, എതിർപ്പിന്മധ്യേയും ഞെരുക്കമുള്ള വഴിക്കായി തിരയാനും അതിൽ നടക്കാനുമുള്ള അവരുടെ ഉത്കടമായ ആഗ്രഹത്തിന് ഇക്കാലത്തെ ക്രിസ്ത്യാനികൾ ശ്രദ്ധ നൽകേണ്ടതാണ്.
[13 -ാം പേജിലെ ആകർഷക വാക്യം]
1500-നും 1510-നും ഇടയ്ക്ക് അച്ചടിക്കപ്പെട്ട 60 ബൊഹീമിയൻ (ചെക്ക്) പുസ്തകങ്ങളിൽ അമ്പതെണ്ണവും പ്രസിദ്ധീകരിച്ചത് യൂണിറ്റി ഓഫ് ബ്രദറൻ അംഗങ്ങളാണെന്ന് പറയപ്പെടുന്നു
[11 -ാം പേജിലെ ചതുരം]
ഭൂരിപക്ഷ പാർട്ടിക്ക് എന്തു സംഭവിച്ചു?
ഭൂരിപക്ഷ പാർട്ടിക്ക് എന്തു സംഭവിച്ചു? ന്യൂനപക്ഷ പാർട്ടിയുടെ കാലശേഷവും ഒരു മത പ്രസ്ഥാനമെന്ന നിലയിൽ ഭൂരിപക്ഷ പാർട്ടി നിലനിന്നിരുന്നു, യൂണിറ്റി ഓഫ് ബ്രദറൻ എന്ന പേരിൽത്തന്നെ. കാലക്രമത്തിൽ, ഈ കൂട്ടം അതിന്റെ യഥാർഥ വിശ്വാസങ്ങൾക്കു ചില മാറ്റങ്ങൾ വരുത്തി. 16-ാം നൂറ്റാണ്ടിന്റെ ഒടുവിൽ യൂണിറ്റി ഓഫ് ബ്രദറൻ, അടിസ്ഥാനപരമായി ലൂഥറൻകാരായിരുന്ന ചെക്ക് യൂട്രാക്വിസ്റ്റുകളുമായിa ഒരു കൂട്ടുകെട്ടുണ്ടാക്കി. എന്നുവരികിലും, ബൈബിളും മതപരമായ മറ്റു പുസ്തകങ്ങളും പരിഭാഷ ചെയ്ത് അച്ചടിക്കുന്നതിൽ ബ്രദറൻകാർ സജീവമായി ഏർപ്പെട്ടു. ശ്രദ്ധേയമെന്നു പറയട്ടെ, അവരുടെ മുൻകാല ഗ്രന്ഥങ്ങളുടെ ശീർഷക പേജിൽ ചതുരക്ഷരി, അഥവാ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിന്റെ നാല് എബ്രായ അക്ഷരങ്ങൾ ഉണ്ടായിരുന്നു.
റോമൻ കത്തോലിക്കാ സഭ 1620-ൽ ബലപ്രയോഗത്തിലൂടെ ചെക്ക് രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കി. അതേത്തുടർന്ന്, ഭൂരിപക്ഷ പാർട്ടിയിലെ പലരും വിദേശ രാജ്യങ്ങളിലേക്കു കുടിയേറി അവിടെ തങ്ങളുടെ പ്രവർത്തനം തുടർന്നു. മറ്റു രാജ്യങ്ങളിൽ ഈ കൂട്ടം പിന്നീട് മൊറേവിയൻ സഭ (മൊറേവിയ ചെക്ക് ദേശങ്ങളുടെ ഭാഗമാണ്) എന്നറിയപ്പെടാൻ ഇടയായി. ഇന്നും ആ സഭ നിലനിൽക്കുന്നു.
[അടിക്കുറിപ്പ്]
a യൂട്രാക്വി എന്ന ലത്തീൻ പദത്തിൽനിന്ന്. “രണ്ടും” എന്നാണ് അതിനർഥം. വിശുദ്ധ കുർബാന നൽകുന്ന വേളയിൽ അൽമായർക്ക് വീഞ്ഞ് നിഷേധിച്ചിരുന്ന റോമൻ കത്തോലിക്കാ പുരോഹിതന്മാരിൽനിന്ന് വ്യത്യസ്തമായി ഊൾട്രാക്വിസ്റ്റുകൾ (ഹുസൈറ്റുകാരുടെ നാനാ കൂട്ടങ്ങൾ) അവർക്ക് അപ്പവും വീഞ്ഞും നൽകിയിരുന്നു.
[12 -ാം പേജിലെ ചതുരം]
ബ്രദറൻ ന്യൂനപക്ഷ പാർട്ടിയുടെ വിശ്വാസങ്ങൾ
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ ആക്ടാ യൂണിറ്റാറ്റിസ് ഫ്രാട്രുത്തിലെ പിൻവരുന്ന ഉദ്ധരണികളിൽനിന്നു ന്യൂനപക്ഷ പാർട്ടിയുടെ ചില വിശ്വാസങ്ങൾ മനസ്സിലാക്കാവുന്നതാണ്. ന്യൂനപക്ഷ പാർട്ടിയുടെ നേതാക്കന്മാർ രേഖപ്പെടുത്തിയ ഈ പ്രസ്താവനകൾ മുഖ്യമായും ഭൂരിപക്ഷ പാർട്ടിയെ അഭിസംബോധന ചെയ്തുള്ളതാണ്.
ത്രിത്വം: “ബൈബിൾ മുഴുവൻ പരിശോധിച്ചാലും, ആളുകൾ വിചാരിക്കുന്നതുപോലെ ദൈവം വ്യത്യസ്ത പേരിലുള്ള മൂന്നു വ്യക്തികളടങ്ങുന്ന ഒരു ത്രിത്വമായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നു നിങ്ങൾക്ക് കാണാനാവില്ല.”
പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവ് ദൈവത്തിന്റെ വിരൽ, അവന്റെ ദാനം, ഒരു ആശ്വാസകൻ, ദൈവത്തിന്റെ ശക്തി ആണ്. ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ പിതാവ് വിശ്വാസികൾക്ക് നൽകുന്ന ഒന്ന്. പരിശുദ്ധാത്മാവിനെ ദൈവമെന്നോ ഒരു വ്യക്തിയെന്നോ വിളിക്കണമെന്നു തിരുവെഴുത്തുകളിലോ അപ്പൊസ്തലിക ഉപദേശങ്ങളിലോ ഇല്ല.”
പൗരോഹിത്യം: “അവർ നിങ്ങൾക്ക് നൽകുന്ന ‘പുരോഹിതൻ’ എന്ന പദവിനാമം അനുചിതമാണ്; ഉച്ചിയിലെ മുടി വടിച്ചുകളഞ്ഞിട്ടുണ്ടെന്നും രോഗശാന്തിക്കുള്ളതെന്നു പറയപ്പെടുന്ന ആ തൈലം കയ്യിലുണ്ടെന്നും അല്ലാതെ അൽമായർക്കുള്ളതിൽ കവിഞ്ഞ് മറ്റൊന്നും നിങ്ങൾക്കില്ല. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്, എല്ലാ ക്രിസ്ത്യാനികളും പുരോഹിതർ ആയിരിക്കണമെന്ന് വിശുദ്ധ പത്രൊസ് ആഹ്വാനം ചെയ്യുന്നു: ആത്മീയ യാഗം അർപ്പിക്കുന്ന വിശുദ്ധ പുരോഹിതവർഗമാണ് നിങ്ങൾ. (1 പത്രൊസ് 2)”
സ്നാപനം: “കർത്താവായ ക്രിസ്തു തന്റെ അപ്പൊസ്തലന്മാരോട് പറഞ്ഞു: ലോകത്തിലേക്ക് പുറപ്പെട്ട് വിശ്വസിക്കുന്ന സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. (മർക്കൊസ് 16-ാം അധ്യായം) അതു നിവർത്തിച്ച് സ്നാപനമേറ്റാൽ മാത്രമേ അവർ രക്ഷിക്കപ്പെടുകയുള്ളൂ. നിങ്ങളാകട്ടെ, സ്വന്തമായി വിശ്വാസമില്ലാത്ത കുട്ടികളെ സ്നാപനപ്പെടുത്തണം എന്ന് ഉപദേശിക്കുന്നു.”
നിഷ്പക്ഷത: “നിങ്ങളുടെ മുൻകാല സഹോദരങ്ങൾക്ക് അറപ്പും വെറുപ്പും ആയിരുന്നവയെല്ലാം, അതായത് സൈന്യത്തിൽ ചേർന്ന് കൊലചെയ്യുന്നതോ ആയുധങ്ങളേന്തി വീഥികളിലൂടെ നടക്കുന്നതോ നല്ലതായി നിങ്ങൾ കരുതുന്നു . . . അതുകൊണ്ട് നിങ്ങൾക്കും മറ്റ് ഉപദേഷ്ടാക്കന്മാർക്കും ഈ പ്രാവചനിക വാക്കുകൾ സംബന്ധിച്ച് ഭാഗികമായ ഗ്രാഹ്യമേയുള്ളൂ എന്നാണ് ഞങ്ങൾക്കു തോന്നുന്നത്: അങ്ങനെ അവൻ വില്ലിന്റെ ശക്തിയെയും പരിചയെയും വാളിനെയും യുദ്ധത്തെയും തകർത്തുകളഞ്ഞു. (75-ാം സങ്കീർത്തനം [സത്യവേദപുസ്തകത്തിൽ 76]) മറ്റൊരിടത്തു പറയുന്നു: ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ അവർ ചെയ്കയില്ല. (യെശയ്യാവു 11).”
പ്രസംഗവേല: “സകല പുരോഹിതന്മാരെക്കാളും മെത്രാന്മാരെക്കാളും ശുശ്രൂഷയിൽ ഫലമുളവാക്കിയിരിക്കുന്നത് സ്ത്രീകളാണെന്നു ഞങ്ങൾക്കു നന്നായിട്ടറിയാം. പുരോഹിതന്മാർ ഇപ്പോൾ തങ്ങളുടെ സ്വദേശങ്ങളിലും പള്ളിമേടകളിലും ആണ്. എന്തൊരപരാധം! ലോകമെങ്ങും പോകുക. സകല സൃഷ്ടിയോടും . . . പ്രസംഗിക്കുക.”
[10 -ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ജർമനി
പോളണ്ട്
ചെക്ക് റിപ്പബ്ലിക്
ബൊഹീമിയ
എൽബി നദി
പ്രാഗ്
വിറ്റാവാ നദി
ക്ലാറ്റോവി
കെൽചിറ്റ്സ്
കൂൻവാൾട്ട്
വിൽമോവ്
മൊറേവിയ
ഡാന്യൂബ് നദി
[10, 11 പേജുകളിലെ ചിത്രങ്ങൾ]
ഇടത്ത്: പീറ്റർ ഹെൽച്ചിഡ്സ്ക്കി; താഴെ: “വിശ്വാസ ശൃംഖല”യുടെ ഒരു പേജ്
[11 -ാം പേജിലെ ചിത്രം]
പ്രാഗിലെ ഗ്രിഗറി
[13 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
എല്ലാ ചിത്രങ്ങളും: S laskavým svolením knihovny Národního muzea v Praze, C̆esko