‘വൻകാര്യങ്ങൾ’ പ്രസ്താവിക്കാൻ ഗിലെയാദ് ബിരുദധാരികൾക്ക പ്രോത്സാഹനം ലഭിക്കുന്നു
അമ്പത്തിരണ്ട് ദേശങ്ങളിൽനിന്നായി 6,635 പേർ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 115-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന ചടങ്ങിൽ സംബന്ധിച്ചു. 2003 സെപ്റ്റംബർ 13-നായിരുന്നു പരിപാടി.
‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ 17 ദേശങ്ങളിലെ ജനങ്ങളോടു പ്രസ്താവിക്കാൻ ക്ലാസ്സിലെ 48 വിദ്യാർഥികൾക്ക് ലഭിച്ച ബൈബിളധിഷ്ഠിത പ്രോത്സാഹനം കൂടിവന്നവർ ശ്രദ്ധിച്ചു. (പ്രവൃത്തികൾ 2:11) ബിരുദധാരികൾ ഇപ്പോൾ മിഷനറി പ്രവർത്തനം നടത്താൻ പോകുന്നത് പ്രസ്തുത ദേശങ്ങളിൽ ആയിരിക്കുമായിരുന്നു.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റ് ആയിരുന്നു ബിരുദദാന ചടങ്ങിന്റെ അധ്യക്ഷൻ. തന്റെ പ്രാരംഭ പ്രസ്താവനകളിൽ അദ്ദേഹം വിദ്യാർഥികളെ ഇങ്ങനെ ഓർമിപ്പിച്ചു: “നിങ്ങൾക്ക് എങ്ങോട്ടു നിയമനം കിട്ടിയാലും, അവിടത്തെ സാഹചര്യം എന്തുതന്നെയായിരുന്നാലും, നിങ്ങളോടുകൂടെയുള്ളവർ നിങ്ങൾക്കു വിരോധമായിരിക്കുന്നവരെക്കാൾ അധികമായിരിക്കും.” “ദൈവത്തിന്റെ വൻകാര്യങ്ങളെ” കുറിച്ചു പ്രസ്താവിക്കവേ യഹോവയാം ദൈവത്തിന്റെയും പതിനായിരക്കണക്കിനു ദൂതന്മാരുടെയും പിന്തുണ ഉണ്ടായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകുമെന്ന് രണ്ടു രാജാക്കന്മാർ 6-ാം അധ്യായത്തെ ആസ്പദമാക്കി ലെറ്റ് സഹോദരൻ വിദ്യാർഥികളെ ഓർമിപ്പിച്ചു. (2 രാജാക്കന്മാർ 6:15, 16) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ എതിർപ്പും നിസ്സംഗതയും നേരിടേണ്ടി വന്നു. ഇന്നത്തെ ക്രിസ്തീയ മിഷനറിമാരുടെ സാഹചര്യവും അതുതന്നെയാണ്. എന്നിരുന്നാലും അവർക്ക് സ്വർഗത്തിൽനിന്നും യഹോവയുടെ ഭൗമിക സംഘടനയിൽനിന്നും ലഭിക്കുന്ന പിന്തുണയിൽ ആശ്രയം അർപ്പിക്കാൻ കഴിയും.—സങ്കീർത്തനം 34:7; മത്തായി 24:45.
“ദൈവത്തിന്റെ വൻകാര്യങ്ങളെ” പ്രസ്താവിക്കുവിൻ
അധ്യക്ഷന്റെ പ്രാരംഭ പ്രസ്താവനകളെ തുടർന്ന് ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഹാറൾഡ് കൊർക്കൺ “യാഥാർഥ്യബോധത്തോടുകൂടിയ പ്രതീക്ഷകൾ—സന്തുഷ്ടവും വിജയപ്രദവുമായ സേവനത്തിന്റെ താക്കോൽ” എന്ന പ്രതിപാദ്യവിഷയം വികസിപ്പിച്ചു. പ്രതീക്ഷകൾ നിവൃത്തിയേറാതെ വരുമ്പോൾ അതു നിരാശയിലേക്കു നയിച്ചേക്കാം എന്ന് സദൃശവാക്യങ്ങൾ 13:12 ഉപയോഗിച്ച് കൊർക്കൺ സഹോദരൻ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും അയഥാർഥ പ്രതീക്ഷകൾ ആണ് പലപ്പോഴും നിവൃത്തിയേറാതെ വരുന്നതും നിരാശയിലേക്കു നയിക്കുന്നതും. ബിരുദധാരികൾ തങ്ങളെക്കുറിച്ചും മറ്റുള്ളവരെ കുറിച്ചും സമനിലയുള്ളതും യാഥാർഥ്യബോധത്തോടു കൂടിയതുമായ വീക്ഷണം വെച്ചുപുലർത്തേണ്ടതുണ്ട്. തങ്ങൾ ചില പിഴവുകൾ വരുത്തുമെന്നുതന്നെ വേണം അവർ പ്രതീക്ഷിക്കാൻ. ‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ ഗ്രഹിക്കാൻ മറ്റുള്ളവരെ സഹായിക്കവേ ഈ പിഴവുകളാൽ അവർ അതിദുഃഖിതരായിത്തീരരുത്. “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന” യഹോവയാം ദൈവത്തിൽ പൂർണ ആശ്രയം അർപ്പിക്കാൻ കൊർക്കൺ സഹോദരൻ പുതിയ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു.—എബ്രായർ 11:6.
അടുത്ത പരിപാടി ഭരണസംഘാംഗമായ ഡാനിയേൽ സിഡ്ലിക് സഹോദരനാണു നിർവഹിച്ചത്. “ക്രിസ്തീയ പ്രത്യാശ—അത് എന്താണ്?” എന്നതായിരുന്നു പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം. അദ്ദേഹം പറഞ്ഞു: “പ്രത്യാശ എന്നത് ഒരു ക്രിസ്തീയ സദ്ഗുണമാണ്. ശരിയായ വിധത്തിലുള്ളതാണെങ്കിൽ അത്, ഒരുവനെ ദൈവവുമായുള്ള നല്ലൊരു ബന്ധത്തിലേക്കു കൊണ്ടുവരും. ക്രിസ്ത്യാനി അല്ലാത്ത ഒരാൾക്ക് നമ്മുടേതുപോലുള്ള ഒരു പ്രത്യാശ വെച്ചുപുലർത്തുക അസാധ്യമാണ്.” ജീവിതത്തിലെ ബുദ്ധിമുട്ടുകളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ ഒരുവനെ സഹായിക്കുന്ന ക്രിസ്തീയ പ്രത്യാശയുടെ വിവിധ വശങ്ങൾ സിഡ്ലിക് സഹോദരൻ തുടർന്നു വിശദീകരിച്ചു. “ദൈനംദിന ജീവിതത്തെ ഉത്സാഹത്തോടെ, വിജയകരമായി നേരിടാൻ പ്രത്യാശ നമ്മെ സഹായിക്കും.” യഹോവയെ ഉദ്ദേശ്യങ്ങളുള്ള ദൈവമായി തിരിച്ചറിഞ്ഞ് അവനെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ ഒരു ക്രിസ്ത്യാനിയുടെ പ്രത്യാശ അയാളെ പ്രാപ്തനാക്കുന്നു.—റോമർ 12:12.
“ആത്മാവിനെ അനുസരിച്ചുനടപ്പിൻ”—ഗിലെയാദ് സ്കൂൾ റജിസ്ട്രാറായ വാലസ് ലിവറൻസ് വിദ്യാർഥികൾക്കു നൽകിയ പ്രോത്സാഹനം അതായിരുന്നു. (ഗലാത്യർ 5:16) യിരെമ്യാവിന്റെ സെക്രട്ടറി ആയിരുന്ന ബാരൂക്ക് ആത്മാവിനെ അനുസരിച്ചു നടക്കുന്നത് ഏതാണ്ട് നിറുത്തിക്കളയുന്ന ഘട്ടത്തോളം എത്തിയതിനെ കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. ഒരു ഘട്ടത്തിൽ ബാരൂക്ക് തളർന്നുപോകുകയും തനിക്കുവേണ്ടിത്തന്നെ വലിയകാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങുകയും ചെയ്തു. (യിരെമ്യാവു 45:3, 5) യേശുവിനെ അനുഗമിക്കുന്നതു നിറുത്തിക്കളയുകയും രക്ഷയ്ക്ക് ആവശ്യമായ ആത്മീയ സത്യം തിരസ്കരിക്കുകയും ചെയ്ത ചിലരെ കുറിച്ചും ലിവറൻസ് സഹോദരൻ ഓർമിപ്പിച്ചു. യേശു പഠിപ്പിച്ചത് ഗ്രഹിക്കാഞ്ഞതിനാലാണ് അവർ അങ്ങനെ ചെയ്തത്. കൂടാതെ, തങ്ങളുടെ ജഡിക അഭിലാഷങ്ങൾ ആ സമയത്തു നിറവേറാഞ്ഞത് അവരെ നിരാശരാക്കി. (യോഹന്നാൻ 6:26, 27, 51, 66) ആളുകളുടെ ശ്രദ്ധ സ്രഷ്ടാവിലേക്കും അവന്റെ ഉദ്ദേശ്യത്തിലേക്കും തിരിച്ചുവിടുക എന്ന ദൗത്യമുള്ള മിഷനറിമാർക്ക് ഈ വിവരണങ്ങളിൽനിന്ന് എന്തു പഠിക്കാൻ കഴിയും? സ്ഥാനമാനങ്ങൾ കാംക്ഷിക്കുകയോ വ്യക്തിപരമായ നേട്ടങ്ങൾക്കായി ദിവ്യാധിപത്യ നിയമനങ്ങളെ ഉപയോഗിക്കുകയോ ചെയ്യാതിരിക്കാനുള്ള പ്രോത്സാഹനം വിദ്യാർഥികൾക്കു നൽകപ്പെട്ടു.
“നിങ്ങൾ ആർ ആയിരിക്കും—ദാതാക്കളോ സ്വീകർത്താക്കളോ?” എന്നതായിരുന്നു ഗിലെയാദ് അധ്യാപകനായ മാർക്ക് ന്യൂമാറിന്റെ പ്രസംഗവിഷയം. ബാരാക്കിന്റെ സൈന്യത്തിൽ സേവിക്കാൻ നിസ്വാർഥമായി മുന്നോട്ടുവന്ന ഇസ്രായേല്യരെ അഭിനന്ദിച്ചുകൊണ്ടുള്ള വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്ന ന്യായാധിപന്മാർ 5:2-നെ ആസ്പദമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. വലിയ ബാരാക്കായ യേശുക്രിസ്തുവിന്റെ ക്ഷണത്തോടു പ്രതികരിച്ചുകൊണ്ട് ആത്മീയ പോരാട്ടത്തിൽ കൂടുതലായി ഉൾപ്പെടുന്നതിന് തങ്ങളെത്തന്നെ ലഭ്യരാക്കിയ ഗിലെയാദ് വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു. തങ്ങൾക്കു നിയമനം നൽകിയവന്റെ അംഗീകാരം നേടുന്നതിലായിരിക്കണം ക്രിസ്തുവിന്റെ പടയാളികൾ തത്പരരായിരിക്കേണ്ടത്. “സ്വന്ത താത്പര്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ വ്യാപൃതരായിരിക്കുമ്പോൾ ശത്രുവിന് എതിരെയുള്ള പോരാട്ടം നാം നിറുത്തിക്കളയുന്നു. . . . മിഷനറി സേവനത്തിൽ നിങ്ങൾക്കല്ല പ്രാധാന്യം. മറിച്ച് യഹോവയ്ക്കും അവന്റെ പരമാധികാരത്തിനും അവന്റെ ഹിതത്തിന്റെ നിവൃത്തിക്കുമാണ്. നാം മിഷനറിമാരായി സേവിക്കുന്നത് യഹോവയെ സ്നേഹിക്കുന്നതുകൊണ്ടാണ്, അല്ലാതെ അവൻ നമുക്കു നൽകുന്ന സന്തോഷത്തിനു വേണ്ടിയല്ല” എന്ന് ന്യൂമാർ സഹോദരൻ വിദ്യാർഥികളെ ഓർമിപ്പിച്ചു.—2 തിമൊഥെയൊസ് 2:4.
“സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ” എന്ന വിഷയത്തിലുള്ള ഒരു ചർച്ചയായിരുന്നു അടുത്ത പരിപാടി. (യോഹന്നാൻ 17:17) ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവനാണ് ചർച്ച നയിച്ചത്. 115-ാമത്തെ ക്ലാസ്സിലെ വിദ്യാർഥികൾ ദൈവത്താൽ വിശുദ്ധീകരിക്കപ്പെട്ട ശുശ്രൂഷകരാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിൽ പരിശീലനം നേടിക്കൊണ്ടിരിക്കെ സത്യപ്രേമികളായ ആത്മാർഥഹൃദയരെ അന്വേഷിച്ചുകൊണ്ട് അവർ വയൽശുശ്രൂഷയിലും പങ്കെടുത്തിരുന്നു. യേശുവിനെയും അവന്റെ ആദിമ ശിഷ്യന്മാരെയും പോലെ ഈ വിദ്യാർഥികളും ‘സ്വയമായി സംസാരിക്കുകയായിരുന്നില്ല.’ (യോഹന്നാൻ 12:49, 50) ദിവ്യനിശ്വസ്തവും ജീവദായകവുമായ സത്യവചനമാണ് അവർ സതീക്ഷ്ണം മറ്റുള്ളവരുമായി പങ്കുവെച്ചത്. വിദ്യാർഥികളുടെ അനുഭവങ്ങളും അവർ നടത്തിയ പുനരവതരണങ്ങളും അവർ കണ്ടുമുട്ടിയവരുടെമേൽ ബൈബിൾ ചെലുത്തിയ ശക്തമായ പ്രഭാവം വെളിപ്പെടുത്തുന്നവയായിരുന്നു.
ബുദ്ധിയുപദേശവും അനുഭവസമ്പത്തും പ്രോത്സാഹനം പ്രദാനം ചെയ്യുന്നു
ഐക്യനാടുകളിലെ ബ്രാഞ്ച് ഓഫീസിലെ സേവനവിഭാഗത്തിൽനിന്നുള്ള ആന്തണി പേരെസും ആന്തണി ഗ്രിഫിനും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും എത്തിയ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമായി അഭിമുഖങ്ങൾ നടത്തി. പുതിയ മിഷനറിമാർ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് ഇവർ സംസാരിച്ചു. ഒപ്പം, സ്വന്തം അനുഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രായോഗിക ബുദ്ധിയുപദേശങ്ങളും നൽകി. സാംസ്കാരിക വ്യത്യാസങ്ങൾ, വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥ, വിദ്യാർഥികൾക്ക് അപരിചിതമായ മതപരവും രാഷ്ട്രീയവുമായ അന്തരീക്ഷം എന്നിവ ആയിരുന്നു അവർ ചൂണ്ടിക്കാണിച്ച വെല്ലുവിളികളിൽ ചിലത്. പുതിയ ചുറ്റുപാടുകളുമായി ഇഴുകിച്ചേരാൻ പുതിയ മിഷനറിമാരെ എന്തു സഹായിക്കും? യഹോവയോടും ആളുകളോടും ഉള്ള സ്നേഹം, പുറകിൽ വിട്ടുകളഞ്ഞ കാര്യങ്ങളിലേക്കു തിരിഞ്ഞുനോക്കാതിരിക്കുന്നത്, ഒപ്പം എടുത്തുചാടി പ്രവർത്തിക്കാതിരിക്കുന്നതും. ഒരു ബ്രാഞ്ച് കമ്മിറ്റി അംഗം പറഞ്ഞു: “ഞങ്ങളുടെ നിയമനസ്ഥലത്ത് ആളുകൾ നൂറ്റാണ്ടുകളായി ജീവിച്ചു പോരുന്നതാണ്. അതുകൊണ്ട് ഞങ്ങൾക്കും അവിടത്തെ ജീവിതത്തോടു പൊരുത്തപ്പെടാൻ കഴിയുമെന്ന് ഉറപ്പായിരുന്നു. ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴൊക്കെ വ്യക്തിത്വം മെച്ചപ്പെടുത്താനുള്ള അവസരങ്ങളായിട്ടാണ് ഞങ്ങൾ അവയെ കണ്ടത്. പ്രാർഥനയിലും യഹോവയുടെ ആത്മാവിലും ആശ്രയം വെക്കുന്നെങ്കിൽ ‘ഞാൻ നിങ്ങളോടുകൂടെ ഉണ്ട്’ എന്ന യേശുവിന്റെ വാക്കുകളുടെ സത്യത നിങ്ങൾ അനുഭവിച്ചറിയും.”—മത്തായി 28:20.
“ദൈവത്തിന്റെ വൻകാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നതിൽ തുടരുക” എന്ന പ്രസംഗത്തോടെ പരിപാടി അതിന്റെ പാരമ്യത്തിലെത്തി. ഭരണസംഘാംഗമായ സാമുവെൽ ഹെർഡ് ആണ് അത് നിർവഹിച്ചത്. പൊ.യു. 33-ലെ പെന്തെക്കൊസ്ത് ദിനത്തിൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ ‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ പ്രസ്താവിക്കാനുള്ള ശക്തി യേശുവിന്റെ ശിഷ്യന്മാർക്കു ലഭിച്ചു. സമാനമായ തീക്ഷ്ണതയോടെ ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കാൻ ഇന്ന് പുതിയ മിഷനറിമാരെ എന്തു സഹായിക്കും? അതേ പരിശുദ്ധാത്മാവുതന്നെ. ‘ആത്മാവിൽ എരിവുള്ളവരായിരിക്കാനും’ തങ്ങളുടെ നിയമനങ്ങൾ സംബന്ധിച്ച് ഉത്സാഹം ഉള്ളവരായിരിക്കാനും തങ്ങൾക്കു ലഭിച്ച പരിശീലനം ഒരിക്കലും മറന്നുകളയാതിരിക്കാനും ഹെർഡ് സഹോദരൻ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. (റോമർ 12:11) ബൈബിൾ ‘ദൈവത്തിന്റെ ഒരു വൻകാര്യമാണ്,’ ഹെർഡ് സഹോദരൻ പറഞ്ഞു. “ഒരിക്കലും അതിന്റെ മൂല്യം കുറച്ചുകാണരുത്. അതിലെ സന്ദേശം ജീവനുള്ള ഒന്നാണ്. കാര്യങ്ങളുടെ കാതലായ ഭാഗത്തേക്കു തുളച്ചിറങ്ങാൻ അതിനു കഴിയും. നിങ്ങളുടെ ജീവിതത്തിലെ കാര്യാദികൾ നേരെയാക്കുന്നതിന് അത് ഉപയോഗിക്കുക. നിങ്ങൾ ചിന്തിക്കുന്ന വിധത്തെ രൂപപ്പെടുത്താൻ അതിനെ അനുവദിക്കുക. തിരുവെഴുത്തുകൾ വായിക്കുകയും പഠിക്കുകയും അവയെ കുറിച്ചു ധ്യാനിക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ചിന്താപ്രാപ്തി കാത്തുസൂക്ഷിക്കുക . . . “ദൈവത്തിന്റെ വൻകാര്യങ്ങളെ” കുറിച്ചു സംസാരിക്കുന്നതിൽ തുടരാൻ നിങ്ങളുടെ ഗിലെയാദ് പരിശീലനം ഉപയോഗിക്കാനുള്ള ലക്ഷ്യവും ദൃഢനിശ്ചയവും ഉള്ളവരായിരിക്കുക.”
ലോകമെമ്പാടുനിന്നും വന്ന ആശംസകൾ വായിക്കുകയും വിദ്യാർഥികൾക്ക് അവരുടെ ഡിപ്ലോമകൾ സമ്മാനിക്കുകയും ചെയ്തശേഷം ബിരുദധാരികളിൽ ഒരാൾ ക്ലാസ്സിനെ പ്രതിനിധാനം ചെയ്തുകൊണ്ട് തങ്ങൾക്കു ലഭിച്ച പരിശീലനത്തിനുള്ള വിലമതിപ്പ് പ്രകാശിപ്പിക്കുന്ന ഒരു കത്ത് വായിച്ചു. തുടർന്ന് 2 ദിനവൃത്താന്തം 32:7-ഉം ആവർത്തനപുസ്തകം 20:1, 4-ഉം പരാമർശിച്ചുകൊണ്ട് ലെറ്റ് സഹോദരൻ സന്തോഷകരമായ ആ പരിപാടി ഉപസംഹരിച്ചു. തന്റെ പ്രാരംഭ പ്രസ്താവനകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “അതുകൊണ്ട് പ്രിയ ബിരുദധാരികളേ, ഈ പുതിയ നിയമനം സ്വീകരിച്ചുകൊണ്ട് നിങ്ങൾ ആത്മീയ പോരാട്ടത്തിൽ മുന്നേറുമ്പോൾ യഹോവയും നിങ്ങളോടൊപ്പം ഉണ്ടെന്ന് ഓർക്കുക. നിങ്ങളോടൊപ്പമുള്ളവർ നിങ്ങൾക്ക് വിരോധമായിരിക്കുന്നവരെക്കാൾ കൂടുതലാണെന്ന വസ്തുത ഒരിക്കലും മറന്നുകളയാതിരിക്കുക.”
[25 -ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധാനം ചെയ്ത രാജ്യങ്ങളുടെ എണ്ണം: 7
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 17
വിദ്യാർഥികളുടെ എണ്ണം: 48
ശരാശരി വയസ്സ്: 33.7
സത്യത്തിലായിരുന്ന ശരാശരി വർഷം: 17.8
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.5
[26 -ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുന്ന 115-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ബ്രൗൺ, റ്റി.; ഗോളർ, സി.; ഹോഫ്മൻ, എ.; ബ്രൂസീസി, ജെ.; ട്രേഹാൻ, എസ്. (2) സ്മാർട്ട്, എൻ.; കാഷ്മൻ, എഫ്.; ഗാർസിയ, കെ.; ലോഹാൻ, എം.; സീഫർട്ട്, എസ്.; ഗ്രേ, കെ. (3) ബെക്കെറ്റ്, എം.; നിക്കൊൾസ്, എസ്.; സ്മിത്ത്, കെ.; ഗൂല്യാറാ, എ.; റാപനെക്കർ, എ. (4) ഗ്രേ, എസ്.; വാസെക്ക്, കെ.; ഫ്ളെമിങ്, എം.; ബെഥെൽ, എൽ.; ഹെർമാൻസൺ, റ്റി.; ഹെർമാൻസൺ, പി. (5) റാപനെക്കർ, ജി.; ലോഹാൻ, ഡി.; ഡിക്കി, എസ്.; കിം, സി.; ട്രേഹാൻ, എ.; വാഷിങ്ടൺ എ.; സ്മാർട്ട്, എസ്. (6) ഗോളർ, എൽ.; ബർഗ്ഹോഫർ, റ്റി.; ഗൂല്യാറാ, ഡി.; നിക്കൊൾസ്, ആർ.; വാഷിങ്ടൺ, എസ്.; കിം, ജെ. (7) ബെക്കെറ്റ്, എം.; ഡിക്കി, ജെ.; സ്മിത്ത്, ആർ.; ഗാർസിയ, ആർ.; ഹോഫ്മൻ, എ.; സീഫർട്ട്, ആർ.; ബ്രൗൺ, എച്ച്. (8) ഫ്ളെമിങ്, എസ്.; ബ്രൂസീസി, പി.; ബർഗ്ഹോഫർ, ഡബ്ലിയു.; ബെഥെൽ, റ്റി.; കാഷ്മൻ, ജെ.; വാസെക്ക്, കെ.