വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പ്രളയശേഷം നോഹ പെട്ടകത്തിൽനിന്നു പുറത്തുവിട്ട ഒരു പ്രാവ് “ഒരു പച്ച ഒലിവില”യുമായി മടങ്ങിയെത്തി. പ്രാവിനു പച്ചില ലഭിച്ചത് എവിടെനിന്നാണ്?
“വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി” എന്ന് ബൈബിൾ നമ്മോടു പറയുന്നു. (ഉല്പത്തി 7:19) വെള്ളം താഴ്ന്നുതുടങ്ങിയപ്പോൾ, ഒരാഴ്ച ഇടവിട്ട് നോഹ മൂന്നു പ്രാവശ്യം പ്രാവിനെ പുറത്തേക്ക് അയച്ചു. രണ്ടാമത്തെ പ്രാവശ്യം പ്രാവു മടങ്ങി വന്നപ്പോൾ ‘അതിന്റെ വായിൽ ഒരു പച്ച ഒലിവില’ ഉണ്ടായിരുന്നു. “അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.”—ഉല്പത്തി 8:8-11.
ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് വെള്ളം എത്രനാൾ മൂടിക്കിടന്നു എന്നു പറയാൻ ഇന്നു തീർച്ചയായും മാർഗമൊന്നുമില്ല. എന്തുകൊണ്ടെന്നാൽ പ്രളയം കരയുടെ വിന്യാസത്തിൽ വലിയ മാറ്റം വരുത്തി എന്നതിനു സംശയമില്ല. എന്നുവരികിലും, ഒട്ടനവധി മരങ്ങൾ നശിക്കുംവിധം മിക്കവാറും പ്രദേശങ്ങളിൽ കുറേനാൾ വെള്ളം മൂടിക്കിടന്നിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ വീണ്ടും പൊട്ടിമുളയ്ക്കാൻ ഇടയാക്കിക്കൊണ്ട് ചില മരങ്ങൾ സാധ്യതയനുസരിച്ച് ജീവൻ നിലനിറുത്തി.
ഒലിവുമരത്തെ കുറിച്ച് ദ ന്യൂ ബൈബിൾ ഡിക്ഷണറി ഇങ്ങനെ പ്രസ്താവിക്കുന്നു: “വെട്ടിക്കളഞ്ഞാൽ വേരിൽനിന്നു മുളകൾ വീണ്ടും പൊട്ടിക്കിളിർക്കുന്നു. തന്നിമിത്തം അതിൽനിന്ന് അഞ്ചു തായ്ത്തടികൾവരെ വളർന്നു വന്നേക്കാം. മൃതപ്രായമായ ഒലിവു മരങ്ങൾ സാധാരണമായി ഇപ്രകാരം പൊട്ടിത്തളിർക്കാറുണ്ട്.” “ഒലിവുമരം ചിരഞ്ജീവി കണക്കാണ്” എന്ന് ദ ന്യൂ ഷാഫ്ഹെർട്ട്സോക് എൻസൈക്ലോപീഡിയ ഓഫ് റിലീജിയസ് നോളജ് പറയുന്നു. പ്രളയജലത്തിന്റെ ലവണമാനവും താപവും പോലുള്ള വിശദാംശങ്ങൾ ഇന്ന് യാതൊരു മനുഷ്യനും അറിവില്ല. അതുകൊണ്ട്, ഒലിവുമരങ്ങളുടെയും മറ്റു സസ്യജാലങ്ങളുടെയുംമേൽ അത് എന്തു ഫലം ഉളവാക്കിയിരിക്കാം എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല.
എന്നിരുന്നാലും, ഉയരംകൂടിയ പർവതങ്ങളിൽ കണ്ടുവരുന്നതുപോലുള്ള തണുത്ത കാലാവസ്ഥയിൽ കാട്ടൊലിവിന് അതിജീവിക്കാനാവില്ല. ശരാശരി താപനില 10 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള, 1,000 മീറ്ററിൽ താഴെ ഉയരമുള്ള പ്രദേശങ്ങളിലാണ് അതു സാധാരണമായി വളരുന്നത്. “തന്നിമിത്തം,” ദ ഫ്ളഡ് റീകൺസിഡേർഡ് എന്ന പുസ്തകം പറയുന്ന പ്രകാരം, “താഴ്വാരങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിരിക്കുന്നു എന്ന് [പ്രാവ്] കൊത്തിക്കൊണ്ടുവന്ന പച്ച ഒലിവിലയിൽനിന്നു നോഹയ്ക്കു നിഗമനം ചെയ്യാൻ കഴിഞ്ഞു.” ഒരാഴ്ച കഴിഞ്ഞ് നോഹ പ്രാവിനെ അയച്ചപ്പോൾ അതു തിരിച്ചു വന്നില്ല. സസ്യലതാദികൾ കൂടുതൽ സമൃദ്ധമായി കണ്ടുതുടങ്ങിയെന്നും സാധ്യതയനുസരിച്ച് പ്രാവിനു ചേക്കേറാൻ ഒരിടം കിട്ടിയെന്നും അതു സൂചിപ്പിച്ചു.—ഉല്പത്തി 8:12.