നിഷ്പക്ഷത ക്രിസ്തീയ സ്നേഹത്തിന് വിലങ്ങുതടിയോ?
ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നതിൽ ബൈബിൾ വായിക്കുക, പ്രാർഥിക്കുക, ഞായറാഴ്ചകളിൽ സ്തോത്രഗീതങ്ങൾ ആലപിക്കുക എന്നിവയിലും അധികം ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിനും മനുഷ്യർക്കും വേണ്ടി പ്രവർത്തിക്കുന്നത് അതിൽ ഉൾപ്പെടുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.” (1 യോഹന്നാൻ 3:18) മറ്റുള്ളവരുടെ ക്ഷേമത്തിൽ യേശുവിന് ആത്മാർഥമായ താത്പര്യം ഉണ്ടായിരുന്നു. അവനെ അനുകരിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നു. “കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവ”രായിരിക്കാൻ അപ്പൊസ്തലനായ പൗലൊസ് സഹവിശ്വാസികളെ ഉദ്ബോധിപ്പിച്ചു. (1 കൊരിന്ത്യർ 15:58) എന്നാൽ എന്താണ് കർത്താവിന്റെ വേല? പാവപ്പെട്ടവരുടെയും മർദിതരുടെയും പ്രയോജനത്തിനായി സർക്കാർ നയങ്ങൾ തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്നത് അതിൽ ഉൾപ്പെടുന്നുണ്ടോ? അതാണോ യേശു ചെയ്തത്?
രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടാനോ കക്ഷി ചേരാനോ ക്ഷണം ലഭിച്ചെങ്കിലും അവൻ അതെല്ലാം തള്ളിക്കളഞ്ഞു. ലോകത്തിലെ സകല രാജ്യങ്ങളുടെയും മേലുള്ള അധികാരം സാത്താൻ വെച്ചുനീട്ടിയപ്പോൾ അവൻ അതു തിരസ്കരിച്ചു, നികുതി നൽകുന്നതിനെ കുറിച്ചുള്ള ഒരു വാഗ്വാദത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ അവൻ വിസമ്മതിച്ചു, തന്നെ രാജാവാക്കാനുള്ള ഒരു ശ്രമം നടന്നപ്പോൾ അവൻ അതിൽനിന്ന് ഒഴിഞ്ഞുമാറി. (മത്തായി 4:8-10; 22:17-21; യോഹന്നാൻ 6:15) എന്നാൽ തന്റെ നിഷ്പക്ഷത മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതിൽനിന്ന് അവനെ തടഞ്ഞില്ല.
ആളുകൾക്കു നിലനിൽക്കുന്ന നന്മ കൈവരുത്തുന്ന സംഗതിയിൽ ആയിരുന്നു യേശു ശ്രദ്ധയൂന്നിയത്. അയ്യായിരത്തെ പോഷിപ്പിച്ചതും രോഗികളെ സൗഖ്യമാക്കിയതുമെല്ലാം കുറെപ്പേർക്ക് താത്കാലിക ആശ്വാസം കൈവരുത്തിയെങ്കിലും അവന്റെ പഠിപ്പിക്കൽ മുഴുമനുഷ്യവർഗത്തിനും നിത്യാനുഗ്രഹങ്ങൾ ലഭ്യമാക്കി. ഒരു ദുരിതാശ്വാസ സംഘാടകനായല്ല പിന്നെയോ “ഗുരു” എന്ന നിലയിലാണ് യേശു അറിയപ്പെടാൻ ഇടയായത്. (മത്തായി 26:18; മർക്കൊസ് 5:35; യോഹന്നാൻ 11:28) അവൻ ഇങ്ങനെ പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.”—യോഹന്നാൻ 18:37.
രാഷ്ട്രീയത്തെക്കാൾ ശ്രേഷ്ഠമായ ഒന്നിനെ കുറിച്ചു പ്രസംഗിക്കുന്നു
യേശു പഠിപ്പിച്ച സത്യം ഏതെങ്കിലും രാഷ്ട്രീയ സിദ്ധാന്തം ആയിരുന്നില്ല. മറിച്ച്, താൻതന്നെ രാജാവായി വാഴാനുള്ള രാജ്യത്തിലാണ് അതു ശ്രദ്ധ കേന്ദ്രീകരിച്ചത്. (ലൂക്കൊസ് 4:43) ഈ രാജ്യം ഒരു സ്വർഗീയ ഭരണകൂടമാണ്, അത് സകല മാനുഷ ഭരണക്രമത്തെയും നീക്കം ചെയ്ത് മനുഷ്യവർഗത്തിനു ശാശ്വത സമാധാനം കൈവരുത്തും. (യെശയ്യാവു 9:6, 7; 11:9; ദാനീയേൽ 2:44) തന്നിമിത്തം മനുഷ്യവർഗത്തിന്റെ ഏക യഥാർഥ പ്രത്യാശ അതു മാത്രമാണ്. ഒരു സുരക്ഷിത ഭാവി ആനയിക്കുമെന്ന പ്രതീക്ഷയിൽ മനുഷ്യരിൽ ആശ്രയിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഭാവി സംബന്ധിച്ച് അത്തരമൊരു സുനിശ്ചിത പ്രത്യാശ അവർക്കു വെച്ചുനീട്ടുന്നതായിരിക്കില്ലേ കൂടുതൽ സ്നേഹപൂർവകമായ സംഗതി? ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.” (സങ്കീർത്തനം 146:3-5) അതുകൊണ്ട്, മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഭരണകൂടങ്ങൾ രൂപസംവിധാനം ചെയ്യാം എന്നു പ്രസംഗിക്കാനല്ല യേശു തന്റെ ശിഷ്യന്മാരെ അയച്ചത്. ‘രാജ്യത്തിന്റെ സുവിശേഷം’ ഘോഷിക്കാനാണ് അവൻ അവരെ പഠിപ്പിച്ചത്.—മത്തായി 10:6, 7; 24:14.
ക്രിസ്തീയ ഘോഷകരോടു ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന “കർത്താവിന്റെ വേല” ഇതാണ്. ദൈവരാജ്യത്തിന്റെ പ്രജകൾ അന്യോന്യം സ്നേഹിക്കാനുള്ള കൽപ്പനയിൻകീഴിലാണ്. തന്മൂലം മനുഷ്യവർഗത്തിന്റെ വിഭവങ്ങൾ സന്തുലിതമായി വിതരണം ചെയ്യുക സാധ്യമായിരിക്കും. അങ്ങനെ ദൈവരാജ്യം ദാരിദ്ര്യം നിർമാർജനം ചെയ്യും. (സങ്കീർത്തനം 72:8, 12, 13) ഇതു സുവാർത്തയാണ്; തീർച്ചയായും ഘോഷിക്കപ്പെടേണ്ടതുമാണ്!
ഇന്ന്, യഹോവയുടെ സാക്ഷികൾ 235 രാജ്യങ്ങളിൽ ‘കർത്താവിന്റെ ഈ വേലയ്ക്കായി’ സംഘടിതരാണ്. യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട് അവർ സകല ഗവൺമെന്റുകളോടും ആദരവു പുലർത്തുന്നു. (മത്തായി 22:21) അതോടൊപ്പം തന്റെ അനുഗാമികളോട് യേശു പറഞ്ഞ പിൻവരുന്ന വാക്കുകൾക്കും അവർ ചെവി കൊടുക്കുന്നു: ‘നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല, നിങ്ങളെ ഞാൻ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നു.’—യോഹന്നാൻ 15:19, NW.
രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ചിലർ ബൈബിളിന്റെ ശ്രദ്ധാപൂർവമായ ഒരു പഠനത്തെ തുടർന്ന് മാറ്റം വരുത്തിയിട്ടുണ്ട്. പള്ളിയുടെ നിയന്ത്രണത്തിലുള്ള കാത്തലിക് ആക്ഷൻ എന്ന സംഘടനയിൽ അംഗമായിരുന്ന ഒരു ഇറ്റാലിയൻ രാഷ്ട്രീയ പ്രവർത്തകൻ ഇങ്ങനെ പറഞ്ഞു: “സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്കാരിക വികസനത്തിനായി സജീവമായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം ഓരോ വ്യക്തിക്കുമുണ്ട് എന്നു വിശ്വസിച്ചിരുന്നതിനാലാണ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.” യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ എന്ന നിലയിൽ ദൈവരാജ്യം പ്രസംഗിക്കാനായി നഗര ഭരണാധികാരി എന്ന സ്ഥാനം രാജിവെച്ച ശേഷം, ആത്മാർഥതയുള്ളവരുടെ ശ്രമങ്ങൾ രാഷ്ട്രീയത്തിൽ പരാജയപ്പെടുന്നതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു. “ലോകം ഇന്നത്തെ സ്ഥിതിയിൽ ആയിരിക്കുന്നത് സാമൂഹിക പരിതഃസ്ഥിതി മെച്ചപ്പെടുത്താൻ മാന്യരായ വ്യക്തികൾ ഇന്നുവരെ പരിശ്രമിക്കാഞ്ഞിട്ടൊന്നുമല്ല. വിരലിൽ എണ്ണാൻ മാത്രം ആളുകൾ നടത്തിയ അത്തരം ആത്മാർഥ ശ്രമങ്ങളെ ഭൂരിപക്ഷത്തിന്റെ ദുഷ്ടത മൂടിക്കളഞ്ഞിരിക്കുന്നു എന്നതാണു വാസ്തവം.”
മനുഷ്യവർഗത്തിന്റെ ഒരേയൊരു യഥാർഥ പ്രത്യാശയെ കുറിച്ചു പ്രസംഗിക്കുന്നതിനായി രാഷ്ട്രീയത്തിൽ ഉൾപ്പെടാതെ മാറിനിൽക്കുന്നത് പ്രായോഗിക വിധങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതിൽനിന്നു സത്യക്രിസ്ത്യാനികളെ തടയുന്നില്ല. ദൈവരാജ്യത്തിന്റെ പ്രജകളായിത്തീരാൻ അവർ സഹായിക്കുന്ന ആളുകൾ, നശീകരണ മനോഭാവങ്ങൾക്കു മാറ്റം വരുത്താനും അധികാരത്തെ ആദരിക്കാനും കുടുംബജീവിതം മെച്ചപ്പെടുത്താനും ഭൗതിക ധനത്തോട് ഒരു സന്തുലിത വീക്ഷണം പുലർത്താനും പഠിക്കുന്നു. അതിലുപരിയായി, ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാൻ യഹോവയുടെ സാക്ഷികൾ ആളുകളെ സഹായിക്കുന്നു.
ദൈവരാജ്യ ഘോഷകർ തങ്ങൾ ജീവിക്കുന്ന സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്. എന്നാൽ അതിലും പ്രധാനമായി, ദൈവത്തെ സ്നേഹിക്കുന്ന സകലർക്കും നിലനിൽക്കുന്ന സമാധാനം കൈവരുത്താൻ പോകുന്ന ഒരു യഥാർഥ ഭരണകൂടത്തിൽ തങ്ങളുടെ ആശ്രയം വെക്കാൻ അവർ ആളുകളെ സഹായിക്കുന്നു. തങ്ങളുടെ നിഷ്പക്ഷതയുടെ ഫലമായി, ഇന്നു ലഭ്യമായതിൽ ഏറ്റവും സ്ഥായിയും പ്രായോഗികവുമായ സഹായം പ്രദാനം ചെയ്യാൻ തക്കവണ്ണം ഈ ക്രിസ്ത്യാനികൾ സ്വതന്ത്രരാണ്.
[7-ാം പേജിലെ ചതുരം/ചിത്രം]
രാഷ്ട്രീയത്തിൽനിന്ന് ദൈവരാജ്യഘോഷണത്തി ലേക്ക്
ചെറുപ്പമായിരിക്കെ ആറ്റിലാ, ബ്രസീലിലെ ബെലെമിൽവെച്ച് തന്റെ ഇടവകയിലെ വൈദികരിൽനിന്ന് വിമോചന ദൈവശാസ്ത്രം പഠിച്ചു. മനുഷ്യവർഗം അടിച്ചമർത്തലിൽനിന്ന് ഒടുവിൽ വിമുക്തമാകുന്നതിനെ കുറിച്ചു കേട്ടത് അദ്ദേഹത്തെ ആകർഷിച്ചു. അദ്ദേഹം ഒരു പ്രതിഷേധ പ്രസ്ഥാനത്തിൽ അംഗമായി. പ്രതിഷേധ മാർച്ചുകളും അക്രമരഹിത സമര, പ്രചാരണ പരിപാടികളും സംഘടിപ്പിക്കാൻ അദ്ദേഹം അവിടെവെച്ചു പഠിക്കുകയുണ്ടായി.
എന്നാൽ തനിക്കു ലഭിച്ചിരുന്ന മഹദ്ഗുരുവിനെ ശ്രദ്ധിക്കൽa എന്ന പുസ്തകം ഉപയോഗിച്ച് പ്രവർത്തകരുടെ കുട്ടികളെ പഠിപ്പിക്കുന്നതും ആറ്റിലാ ആസ്വദിച്ചിരുന്നു. നല്ല പെരുമാറ്റത്തെയും അധികാരികളോടുള്ള അനുസരണത്തെയും ആ പുസ്തകത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത് ആറ്റിലായെ ഇരുത്തിച്ചിന്തിപ്പിച്ചു. വിമോചന ദൈവശാസ്ത്രത്തെ പിന്തുണയ്ക്കുന്നവർ യേശുവിന്റെ ഉന്നത ധാർമിക നിലവാരങ്ങൾ പിൻപറ്റാത്തതും അധികാരം കൈവന്നാൽപ്പിന്നെ പലരും മർദിത ജനവിഭാഗത്തെ മറന്നുകളയുന്നതും എന്തുകൊണ്ടാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. അദ്ദേഹം പ്രസ്ഥാനം വിട്ടുപോന്നു. പിന്നീട്, യഹോവയുടെ സാക്ഷികൾ അദ്ദേഹത്തിന്റെ വീടു സന്ദർശിച്ച് ദൈവരാജ്യത്തെ കുറിച്ച് അദ്ദേഹത്തോടു സംസാരിച്ചു. താമസിയാതെ അദ്ദേഹം ബൈബിൾ പഠിക്കാനും മനുഷ്യവർഗം അനുഭവിക്കുന്ന അടിച്ചമർത്തലുകൾക്കുള്ള യഥാർഥ പ്രതിവിധിയെ കുറിച്ചു മനസ്സിലാക്കാനും തുടങ്ങി.
ഏതാണ്ട് അതേസമയത്ത് മതവും രാഷ്ട്രീയവും എന്ന വിഷയത്തിലുള്ള ഒരു കത്തോലിക്ക സെമിനാറിൽ ആറ്റിലാ പങ്കെടുത്തു. “ഇവ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്,” സെമിനാർ നയിച്ച അധ്യാപകർ പറഞ്ഞു. അദ്ദേഹം രാജ്യഹാളിൽ ഒരു യോഗത്തിനും പോയി. എത്ര വ്യത്യസ്തം! അവിടെ പുകവലിയോ മദ്യപാനമോ അശ്ലീല തമാശകളോ ഇല്ലായിരുന്നു. അദ്ദേഹം അവരുടെ പ്രസംഗവേലയിൽ അവരോടൊപ്പം ചേരാൻ തീരുമാനിക്കുകയും വൈകാതെ സ്നാപനമേൽക്കുകയും ചെയ്തു. വിമോചന ദൈവശാസ്ത്രം ദരിദ്രരുടെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരമല്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[6-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തീയ ശുശ്രൂഷകരുടെ നിഷ്പക്ഷത മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് അവരെ തടയുന്നില്ല