വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w04 5/15 പേ. 8-9
  • “പ്രവാഹങ്ങൾ കൈകൊട്ടട്ടെ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “പ്രവാഹങ്ങൾ കൈകൊട്ടട്ടെ”
  • 2004 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • പ്രതിസന്ധി രൂക്ഷമായിരിക്കുന്നിടം
    ഉണരുക!—1997
  • യൂഫ്രട്ടീസ്‌
    പദാവലി
  • ആഗോള ജലക്ഷാ​മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    മറ്റു വിഷയങ്ങൾ
  • മഴ! ദൈവം വർഷിക്കുന്ന അനുഗ്രഹം!
    2009 വീക്ഷാഗോപുരം
കൂടുതൽ കാണുക
2004 വീക്ഷാഗോപുരം
w04 5/15 പേ. 8-9

യഹോവയുടെ സൃഷ്ടിയിലെ വിസ്‌മയം

“പ്രവാഹങ്ങൾ കൈകൊട്ടട്ടെ”

ഭൂപടം നോക്കിയാൽ, മിക്കയിടങ്ങളിലും വൻകരകൾക്ക്‌ തലങ്ങും വിലങ്ങുമായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന വരകൾ കാണാം. സമതലങ്ങൾ, മരുഭൂമികൾ, പുൽമേടുകൾ എന്നിവയ്‌ക്കു കുറുകെയായിരിക്കും ഈ വരകൾ പോകുന്നത്‌. താഴ്‌വാരങ്ങൾ, മലയിടുക്കുകൾ, വനങ്ങൾ എന്നിവയിലൂടെയും അവ കടന്നുപോകുന്നു. (ഹബക്കൂക്‌ 3:9) നമ്മുടെ ഗ്രഹത്തിന്റെ ജീവധാരകളായ നദികളാണ്‌ ഇവ. ഇത്തരം പ്രവാഹങ്ങൾ ഭൂമിയുടെ സ്രഷ്ടാവായ യഹോവയുടെ ജ്ഞാനത്തെയും ശക്തിയെയും സാക്ഷ്യപ്പെടുത്തുന്നു. അവയെ നോക്കിനിൽക്കുമ്പോൾ, പിൻവരുംവിധം പാടിയ സങ്കീർത്തനക്കാരന്റെ വികാരങ്ങൾ പങ്കിടാൻ നാം പ്രേരിതരാകുന്നു: “പ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.”​—⁠സങ്കീർത്തനം 98:8, 9.a

നദികൾ മനുഷ്യചരിത്രത്തോട്‌ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏദെനിൽനിന്നു പുറപ്പെട്ട ഒരു നദിയുടെ ശാഖകളായ നാലു പ്രധാന നദികളെ കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. (ഉല്‌പത്തി 2:10-14) മധ്യപൂർവദേശത്തെ ടൈഗ്രീസ്‌, യൂഫ്രട്ടീസ്‌ എന്നീ നദികളുടെ ഫലഭൂയിഷ്‌ഠമായ താഴ്‌വരകളിലാണ്‌ പ്രാചീന സംസ്‌കാരങ്ങളിലൊന്ന്‌ രൂപംകൊണ്ടത്‌. ചൈനയിലെ ഹ്വാങ്‌, ദക്ഷിണേഷ്യയിലെ ഗംഗ, സിന്ധു, ഈജിപ്‌തിലെ നൈൽ എന്നീ നദികളുടെ തടങ്ങൾ വലിയ സംസ്‌കാരങ്ങളുടെ പിള്ളത്തൊട്ടിലുകളാണ്‌.

നദികളുടെ ശക്തിയും പ്രവാഹവും സൗന്ദര്യവും എക്കാലത്തും മനുഷ്യനെ അമ്പരപ്പിച്ചിട്ടുള്ളതിൽ അതിശയമില്ല. ഈജിപ്‌തിലെ നൈൽ നദി ഏതാണ്ട്‌ 6,670 കിലോമീറ്റർ ഒഴുകുന്നുണ്ട്‌. ഏറ്റവും വലിയ നദിയെന്ന ബഹുമതി ദക്ഷിണ അമേരിക്കയിലെ ആമസോണിനാണ്‌. ചില നദികൾ വലുപ്പംകൊണ്ട്‌ നമ്മിൽ വിസ്‌മയം ഉണർത്തുമ്പോൾ, ജപ്പാനിലെ ടോണേ പോലുള്ള ചെറിയ, ദ്രുതപ്രവാഹമുള്ള നദികൾ അവയുടെ മനോഹാരിത നിമിത്തം നമ്മെ ആകർഷിക്കുന്നു.

നദീപ്രവാഹത്തിന്‌ കാരണം എന്താണ്‌? ഒറ്റവാക്കിൽ പറഞ്ഞാൽ, ഭൂഗുരുത്വബലം. ഉയർന്ന സ്ഥലത്തുനിന്ന്‌ താഴ്‌ന്ന സ്ഥലത്തേക്ക്‌ ജലത്തെ വലിക്കുന്നത്‌ ഭൂഗുരുത്വമാണ്‌. അതിന്റെ ഫലം ചിലപ്പോൾ അതിഗംഭീരമായ വെള്ളച്ചാട്ടങ്ങളാണ്‌. ശക്തിയുടെയും ഗാംഭീര്യത്തിന്റെയും ഈ പ്രകടനങ്ങളെ വർണിച്ചുകൊണ്ട്‌ ബൈബിൾ ഇപ്രകാരം പറയുന്നു: “യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.” —⁠സങ്കീർത്തനം 93:⁠3.

‘മഴ പെയ്യിക്കുന്നത്‌ ആർ?’ എന്ന്‌ യഹോവ ദൈവഭക്തനായ ഇയ്യോബിനോട്‌ ചോദിച്ചു. (ഇയ്യോബ്‌ 38:​25-27) അതേ, ഈ ജലമെല്ലാം എവിടെനിന്നാണ്‌ വരുന്നത്‌? അതിനുള്ള ഉത്തരത്തിൽ, ജലപരിവൃത്തി എന്ന സങ്കീർണമായ ഒരു സംവിധാനം ഉൾപ്പെട്ടിരിക്കുന്നു. സൗരോർജത്തിന്റെയും ഭൂഗുരുത്വബലത്തിന്റെയും ഫലമായി ഭൗമജലം നിരന്തരം അവസ്ഥാഭേദങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക്‌ ഉയരുന്നു. ക്രമേണ ഇത്‌ തണുത്ത്‌ ഘനീഭവിച്ച്‌ മേഘങ്ങൾ രൂപംകൊള്ളുന്നു. തുടർന്ന്‌ ഈ ആവി മഞ്ഞോ മഴയോ ആയി ഭൂമിയിലേക്ക്‌ തിരിച്ചുവരുന്നു. മഹാസമുദ്രങ്ങൾ, തടാകങ്ങൾ, നദികൾ, മഞ്ഞുമലകൾ, ധ്രുവഹിമാനികൾ എന്നിവയിലും ഭൂഗർഭത്തിലുമായാണ്‌ ജലത്തിലേറെയും സംഭരിക്കപ്പെട്ടിരിക്കുന്നത്‌.

ശ്രദ്ധേയമായ ഈ പരിവൃത്തിയെ കുറിച്ച്‌ ബൈബിൾ ഇപ്രകാരം പറയുന്നു: “സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.” (സഭാപ്രസംഗി 1:7) അപരിമേയ ജ്ഞാനവും സ്‌നേഹപൂർവകമായ കരുതലും ഉള്ളവനായ യഹോവയാം ദൈവത്തിനു മാത്രമേ അത്തരമൊരു പരിവൃത്തി സ്ഥാപിക്കാനാകൂ. അത്തരം വിദഗ്‌ധമായ രൂപകൽപ്പന ദൈവം ഏതുതരം വ്യക്തിയാണ്‌ എന്നതു സംബന്ധിച്ച്‌ നമ്മോട്‌ എന്തു പറയുന്നു? അവൻ മഹാജ്ഞാനിയും സ്‌നേഹപൂർവം കരുതുന്നവനുമായ ഒരു ദൈവമാണെന്നുതന്നെ.​—⁠സങ്കീർത്തനം 104:13-15, 24, 25; സദൃശവാക്യങ്ങൾ 3:19, 20.

എത്രയധികം നദികൾ ഉണ്ടായിരുന്നാലും അവ എത്രതന്നെ വലുതായിരുന്നാലും, ലോകത്തിലെ ശുദ്ധജലത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ്‌ നദികളിലുള്ളത്‌. എങ്കിലും അവ ജീവന്‌ അത്യന്താപേക്ഷിതമാണ്‌. ജലം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ജല ലഭ്യത കൂടാതെയും ജലത്തിന്മേൽ ഒരു പരിധിവരെയുള്ള നിയന്ത്രണമില്ലാതെയും മനുഷ്യ ജീവിതത്തിലെ ലളിതമായതു മുതൽ അതിസങ്കീർണമായതു വരെയുള്ള ആവശ്യങ്ങൾ നിറവേറ്റുക അസാധ്യമായിരിക്കും. ആ വസ്‌തുതയോട്‌ മനുഷ്യൻ പ്രതികരിച്ചിരിക്കുന്നതിന്റെ രേഖ സാംസ്‌കാരിക ചരിത്രത്തിന്റെ ശ്രദ്ധേയമായ ഒരു ഭാഗമാണ്‌.”

ആയിരക്കണക്കിന്‌ വർഷങ്ങളായി നദികൾ മനുഷ്യന്റെ ദാഹം ശമിപ്പിക്കുകയും അവന്റെ തോട്ടങ്ങൾക്ക്‌ ആവശ്യമായ ജലം നൽകുകയും ചെയ്‌തിരിക്കുന്നു. അനേകം നദികളുടെയും ഫലഭൂയിഷ്‌ഠമായ തീരപ്രദേശങ്ങൾ കാർഷിക വിളകൾക്കു യോജിച്ചതാണ്‌. യഹോവയുടെ ദാസന്മാരുടെമേലുള്ള ഒരു അനുഗ്രഹത്തിൽ ഈ ആശയം എപ്രകാരം പ്രകടമാക്കപ്പെട്ടിരിക്കുന്നു എന്നു ശ്രദ്ധിക്കുക: “യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം! താഴ്‌വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.” (സംഖ്യാപുസ്‌തകം 24:5, 6) ഈ ചിത്രത്തിൽ കാണുന്ന താറാവിനെയും കുറുക്കനെയുംപോലുള്ള ജന്തുക്കളെയും നദികൾ പുലർത്തുന്നു. വാസ്‌തവത്തിൽ, നദികളെ കുറിച്ച്‌ നാം എത്രയധികം പഠിക്കുന്നുവോ അത്രയധികമായി യഹോവയ്‌ക്ക്‌ നന്ദി നൽകാൻ നാം പ്രേരിതരാകും.

[അടിക്കുറിപ്പ്‌]

a 2004 യഹോവയുടെ സാക്ഷികളുടെ കലണ്ടർ, മേയ്‌/ജൂൺ കാണുക.

[8-ാം പേജിലെ ചതുരം/ചിത്രം]

അർജന്റീന-ബ്രസീൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇഗ്വാസൂവാണ്‌ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടം. അതിന്‌ മൂന്നു കിലോമീറ്ററിലധികം വീതിയുണ്ട്‌. ഒരു ഉഷ്‌ണമേഖലാ വനത്തിൽ സ്ഥിതിചെയ്യുന്ന ഇത്‌ 300-ഓളം ചെറു വെള്ളച്ചാട്ടങ്ങൾ ചേർന്നാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇവിടെ മഴക്കാലത്ത്‌ ഏതാണ്ട്‌ 10,000 ഘനമീറ്റർ ജലമാണ്‌ ഓരോ സെക്കന്റിലും താഴേക്കു പതിക്കുന്നത്‌.

[9-ാം പേജിലെ ചിത്രം]

ജപ്പാനിലെ ടോണേ നദി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക