ഏറ്റവും അമൂല്യമായ പൈതൃകം
തന്റെ ജീവിത സായാഹ്നത്തിൽ വയോധികനായ യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹന്നാൻ 4.
തന്റെ ആത്മീയ മക്കളെ കുറിച്ചാണ് ആ വിശ്വസ്‌ത അപ്പൊസ്‌തലൻ പറഞ്ഞത്. എന്നാൽ നിരവധി മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ കുറിച്ച് അപ്പൊസ്‌തലനു തോന്നിയ അതേ വികാരമാണ് ഉള്ളത്. കഠിന പ്രയത്‌നത്തിലൂടെ തങ്ങൾ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” അഥവാ മാനസിക ക്രമവത്‌കരണത്തിലും വളർത്തിക്കൊണ്ടുവന്ന മക്കൾ, ‘സത്യത്തിൽ നടക്കുന്നതു’ കാണുമ്പോൾ മാതാപിതാക്കൾ സന്തോഷിക്കുന്നു. (എഫെസ്യർ 6:4) വാസ്‌തവത്തിൽ ഒരുവന് തന്റെ മക്കൾക്കു നൽകാൻ കഴിയുന്നതിലേക്കും ഏറ്റവും അമൂല്യമായ പൈതൃകം നിത്യജീവന്റെ മാർഗം അവരെ പഠിപ്പിക്കുക എന്നതാണ്. എന്തുകൊണ്ടെന്നാൽ ദൈവിക ഭക്തി പ്രകടമാക്കുന്നത്, അതായത് ക്രിസ്‌ത്യാനികൾ ജീവിക്കാൻ യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ ജീവിതം നയിക്കുന്നത് ‘ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തമുള്ളതാണ്.’—1 തിമൊഥെയൊസ് 4:8.
തങ്ങളുടെ മക്കൾക്ക് ആത്മീയ വിദ്യാഭ്യാസം നൽകാൻ കഠിനാധ്വാനം ചെയ്യുന്ന ദൈവഭയമുള്ള മാതാപിതാക്കളെ പൂർണതയുള്ള പിതാവായ യഹോവ വളരെയധികം വിലമതിക്കുന്നു. കുട്ടികൾ അനുകൂലമായി പ്രതികരിക്കുമ്പോൾ മാതാപിതാക്കളോടൊപ്പം സത്യാരാധനയിൽ പങ്കുപറ്റുന്നതിന്റെ വർധിച്ച സന്തോഷം അവർ അനുഭവിക്കുന്നു. ആ കുട്ടികൾ മുതിർന്നുവരുമ്പോൾ അത്തരം അനുഭവങ്ങളുടെ മധുര സ്‌മരണകൾ അവർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. തങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽa ആദ്യമായി പ്രസംഗം നടത്തിയത് ചിലർ സന്തോഷത്തോടെ അനുസ്‌മരിക്കുന്നു. അല്ലെങ്കിൽ ഒരുപക്ഷേ മാതാപിതാക്കളിൽ ഒരാളോടൊപ്പം വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ ആദ്യമായി ബൈബിൾ വാക്യം വായിക്കാൻ കഴിഞ്ഞ അവസരമായിരിക്കാം അവരുടെ മനസ്സിൽ തങ്ങിനിൽക്കുന്നത്. മാതാപിതാക്കൾ എന്റെ ബൈബിൾ കഥാ പുസ്‌തകമോ മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽb പുസ്‌തകമോ വായിച്ചു കേൾപ്പിച്ചിട്ടുള്ളത് അവർക്ക് എങ്ങനെ മറക്കാനാകും? തനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് എന്തെന്ന് ഗബ്രിയേൽ അനുസ്‌മരിക്കുന്നു: “എനിക്ക് നാലു വയസ്സു മാത്രം പ്രായമുള്ള സമയത്ത്, എല്ലാ ദിവസവും പാചകം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ അമ്മ ഗീതങ്ങൾ പാടി കേൾപ്പിക്കുമായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗീതം ഞാൻ ഇപ്പോഴും ഓർക്കുന്നു. യഹോവയെ സേവിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ആ ഗീതം പിന്നീട് എന്നെ സഹായിച്ചു.” ഒരുപക്ഷേ ഗബ്രിയേൽ സൂചിപ്പിച്ച മനോഹരമായ ആ ഗീതം നിങ്ങളും ഓർമിക്കുന്നുണ്ടാവാം. യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക എന്ന പാട്ടുപുസ്‌തകത്തിൽ “യൗവ്വനത്തിൽ യഹോവയെ ആരാധിക്കൽ” എന്ന ശീർഷകത്തിലുള്ള, 157-ാമത്തെ ഗീതമാണ് അത്.
ആ ഗീതം ഇങ്ങനെയാണ് ആരംഭിക്കുന്നത്: “പൈതങ്ങൾ ദൈവത്തിൻ സ്‌തുതി പാടി;/യേശുവെ വാഴ്‌ത്താനുയർത്തി ശബ്ദം.” യേശുവിനോടൊത്തു സഹവസിക്കാനുള്ള പദവി ലഭിച്ച കുട്ടികൾ ഉണ്ടായിരുന്നു. തങ്ങളുടെ നവോന്മേഷപ്രദമായ നിഷ്‌കളങ്ക പ്രകൃതത്താൽ അവർ യേശുവിനെ സന്തോഷിപ്പിച്ചിരിക്കണം. മറ്റുള്ളവരിൽനിന്നു പഠിക്കാനുള്ള കൊച്ചുകുട്ടികളുടെ മനസ്സൊരുക്കത്തെ തന്റെ ശിഷ്യന്മാർ അനുകരിക്കേണ്ട മാതൃക എന്ന നിലയിൽ യേശു അവതരിപ്പിക്കുക പോലും ചെയ്‌തു. (മത്തായി 18:3, 4) അതുകൊണ്ട് യഹോവയെ ആരാധിക്കുന്നതിൽ കുട്ടികൾക്ക് ഉചിതമായ ഒരു സ്ഥാനമുണ്ട്. വാസ്‌തവത്തിൽ ആ ഗീതത്തിന്റെ വരികൾ ഇങ്ങനെ തുടരുന്നു: “പൈതങ്ങൾക്കും മുതിർന്നവരുമായ് ദിവ്യനാമത്തെ വിശുദ്ധമാക്കാം.”
വീട്ടിലും സ്‌കൂളിലും മറ്റു സ്ഥലങ്ങളിലും പ്രകടമാക്കിയ മാതൃകാപരമായ നടത്തയിലൂടെ ധാരാളം കുട്ടികൾ ദൈവത്തിനും തങ്ങളുടെ കുടുംബത്തിനും മഹത്ത്വം കൈവരുത്തിയിട്ടുണ്ട്. സത്യസ്‌നേഹികളായ “ക്രിസ്‌ത്യമാതാപിതാക്കൾ” ഉള്ളത് അവർക്ക് എത്ര വലിയ ഒരു അനുഗ്രഹമാണ്! (ആവർത്തനപുസ്‌തകം 6:7) സ്‌നേഹവാനായ ഒരു പിതാവെന്ന നിലയിൽ പോകേണ്ടുന്ന വഴിയിൽ നടക്കാൻ തന്റെ സൃഷ്ടികളെ പഠിപ്പിക്കുന്ന ദൈവം പറയുന്നതിനു ചേർച്ചയിൽ ദൈവഭയമുള്ള മാതാപിതാക്കൾ പ്രവർത്തിക്കുന്നു. അതുനിമിത്തം എത്ര മഹത്തായ അനുഗ്രഹമാണ് അവർക്കു ലഭിക്കുന്നത്! അവർ തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുകയും, “മക്കളെയനുസരിക്കവരെ” എന്ന ആഹ്വാനത്തിനു ചേർച്ചയിൽ കുട്ടികൾ പ്രവർത്തിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുകയും ചെയ്യുന്നു. (യെശയ്യാവു 48:17, 18) ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ മെക്‌സിക്കോയിലെ ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്ന ആൻഹെലീക്കാ പറയുന്നു: “എന്റെ മാതാപിതാക്കൾ എല്ലായ്‌പോഴും ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്നു. അത് എന്റെ കുട്ടിക്കാലം ആസ്വാദ്യമാക്കിത്തീർത്തു. ഞാൻ സന്തുഷ്ടയായിരുന്നു.”
തങ്ങളുടെ ആത്മീയ പൈതൃകത്തെ നന്നായി സംരക്ഷിക്കുന്നത് മൂല്യവത്താണ് എന്നതിനോട് അത്തരം ക്രിസ്‌ത്യാനികൾ യോജിക്കും. ഒരുപക്ഷേ നിങ്ങൾ യഥാർഥ ക്രിസ്‌തീയ മൂല്യങ്ങളുള്ള ഒരു കുടുംബത്തിൽ വളർന്നുവന്ന യുവവ്യക്തി ആയിരിക്കാം. അങ്ങനെയെങ്കിൽ ആ ഗീതം നിങ്ങളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ക്രിസ്‌ത്യബാലകരേ, പാത കാക്കിൻ.” നിങ്ങൾ സ്വയം തീരുമാനങ്ങൾ എടുക്കേണ്ട സമയം വരും. അതുകൊണ്ട് ഇപ്പോൾത്തന്നെ “യാഹിലാശ്രയം അഭ്യസിക്കുവിൻ./ലോകപ്രീതിക്കായ് ചെയ്യരുതൊന്നും.”
ജനപ്രീതി നേടുന്നതാണ് പരമപ്രധാനം എന്നു തെറ്റിദ്ധരിച്ച് അതിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുകയാണെങ്കിൽ നിങ്ങൾക്കു ലഭിച്ച പരിശീലനമെല്ലാം ഫലശൂന്യമാകുകയും അത് നിങ്ങളുടെ ഭാവി പ്രത്യാശയെ താറുമാറാക്കുകയും ചെയ്യും. ജനപ്രീതി ആർജിക്കാനുള്ള ആഗ്രഹത്തിനു ജാഗ്രത നഷ്ടമാകുന്നതിലേക്കു നയിക്കാൻ കഴിയും. ചിലർ പ്രത്യക്ഷത്തിൽ നിർദോഷികളെന്നു തോന്നിക്കുന്ന, ആകർഷണീയമായ പെരുമാറ്റമുള്ള, എന്നാൽ ക്രിസ്‌തീയ നിലവാരങ്ങളിൽ യാതൊരു താത്‌പര്യവുമില്ലാത്തവരുമായുള്ള കൂട്ടുകെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട്. യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? (ഇംഗ്ലീഷ്) എന്ന വീഡിയോയിലെ താര എന്ന ഒരു മുഖ്യ കഥാപാത്രത്തിലൂടെ ഈ സംഗതിയാണ് ദൃഷ്ടാന്തീകരിച്ചത്. താരയെപ്പോലെ, സത്യാരാധനയെ വിലമതിക്കാത്തവരുമായി സഹവസിക്കുന്ന ഏതു യുവക്രിസ്‌ത്യാനിയും ഗീതത്തിലെ “മ്ലേച്ഛ സഖികൾ കെടുത്തും നൻമ” എന്ന വരികളുടെ സത്യത ഇന്നല്ലെങ്കിൽ നാളെ മനസ്സിലാക്കും. നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരും; പക്ഷേ, അവ ഇല്ലാതാക്കാൻ അധികം സമയം വേണ്ട.
ദൈവിക ഭയത്തോടെ ജീവിക്കുക അത്ര എളുപ്പമല്ലെന്നതു ശരിയാണ്. എന്നാൽ ഗീതം തുടർന്നു പറയുന്നതുപോലെ “യൗവ്വനത്തിൽ നീ ദൈവത്തെയോർത്താൽ,/യാഹെ ആത്മാവിൽ, സത്യേ സ്‌നേഹിച്ചാൽ,” നിങ്ങൾ യഥാർഥ വിജയത്തിനുള്ള ഉറച്ച അടിസ്ഥാനം ഇടുകയായിരിക്കും ചെയ്യുന്നത്. “ഏകുമതാനന്ദം വളരുമ്പോൾ.” യഹോവയുടെ സ്‌നേഹപൂർവകമായ പരിപാലനം ഉള്ളപ്പോൾ അവന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നതിൽനിന്ന് നമ്മെ തടയാൻ യാതൊന്നിനും കഴിയുകയില്ല എന്ന സംഗതിയും നിങ്ങൾ തിരിച്ചറിയും. യഹോവാഭയവും പക്വതയുമുള്ള ഒരു മുതിർന്ന വ്യക്തി ആയിത്തീരാനുള്ള മാർഗം ഇതാണ്. അതിലുപരി, ക്രിസ്‌തീയ പരിശീലനത്തെ ജ്ഞാനപൂർവം പ്രയോജനപ്പെടുത്തുന്നത് “ദൈവഹൃത്തും മോദാൽ ജ്വലിപ്പിക്കു”ന്നതിനുള്ള അവസരം നിങ്ങൾക്കു നൽകും. ഒരു മനുഷ്യന് ഇതിൽപ്പരം എന്തു പദവിയാണു കിട്ടാനുള്ളത്?—സദൃശവാക്യങ്ങൾ 27:11
അതുകൊണ്ട് യുവജനങ്ങളേ, യഹോവയും നിങ്ങളുടെ ക്രിസ്‌തീയ മാതാപിതാക്കളും നൽകുന്ന പരിശീലനം എത്ര മൂല്യവത്താണ് എന്ന് എല്ലായ്‌പോഴും ഓർമിക്കുക. അവരുടെ നിറഞ്ഞ സ്‌നേഹം യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായത് ചെയ്യാൻ നിങ്ങളെ പ്രചോദിപ്പിക്കട്ടെ. യേശുക്രിസ്‌തുവിനെയും വിശ്വസ്‌ത യുവാവായിരുന്ന തിമൊഥെയൊസിനെയും പോലെ നിങ്ങൾ നിങ്ങളുടെ സ്വർഗീയ പിതാവിനെയും ഭൗമിക മാതാപിതാക്കളെയും സന്തോഷിപ്പിക്കും. ഭാവിയിൽ നിങ്ങൾത്തന്നെ ഒരു മാതാവോ പിതാവോ ആയിത്തീരുന്നെങ്കിൽ, മുമ്പു പരാമർശിച്ച ആൻഹെലീക്കാ പറഞ്ഞ ഈ വാക്കുകളോടു നിങ്ങളും യോജിച്ചേക്കും, “എനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുകയാണെങ്കിൽ ശൈശവം മുതൽത്തന്നെ, യഹോവയോടുള്ള സ്‌നേഹം അവനിൽ ഉൾനടാൻ ഞാൻ കഠിനമായി പരിശ്രമിക്കും; അത് അവന്റെ ജീവിതത്തിനു മാർഗദീപമായിരിക്കാൻ ഞാൻ ആഗ്രഹിക്കും.” തീർച്ചയായും നിത്യജീവനിലേക്കു നയിക്കുന്ന നേരായ മാർഗമാണ് ഏറ്റവും അമൂല്യമായ പൈതൃകം.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികളുടെ സഭകളിൽ നടക്കുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടിയുടെ ഈ ഭാഗം ചെറുപ്പക്കാർക്കും പ്രായമായവർക്കും പങ്കെടുക്കാവുന്ന ഒന്നാണ്.
b പരാമർശിച്ചിരിക്കുന്ന വീഡിയോയും സാഹിത്യങ്ങളും യഹോവയുടെ സാക്ഷികൾ ഉത്‌പാദിപ്പിച്ചവയാണ്.