ഗിലെയാദ് ബിരുദധാരികൾ തീക്ഷ്ണതയോടെ കൊയ്ത്തു വേലയ്ക്കായി പുറപ്പെടുന്നു!
“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:37, 38) തങ്ങളുടെ മിഷനറി നിയമനങ്ങൾക്കായി പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 116-ാമത്തെ ക്ലാസ്സിലെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾക്കു പ്രത്യേക അർഥമുണ്ടായിരുന്നു.
2004 മാർച്ച് 13 ശനിയാഴ്ച, ബിരുദദാന പരിപാടികൾക്കായി ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലും ഇലക്ട്രോണിക് സംവിധാനംവഴി അവിടവുമായി ബന്ധിപ്പിച്ചിരുന്ന മറ്റു സ്ഥലങ്ങളിലുമായി 6,684 പേർ കൂടിവന്നു. ആ ചടങ്ങിൽവെച്ച് ക്ലാസ്സിനു വിടവാങ്ങൽ ബുദ്ധിയുപദേശവും പ്രോത്സാഹനവും ലഭിച്ചു. ആത്മീയ കൊയ്ത്തിൽ തീക്ഷ്ണതയോടെ ഏർപ്പെടുന്നവരെന്ന നിലയിൽ നമുക്കെല്ലാം അവിടെ നൽകപ്പെട്ട ബുദ്ധിയുപദേശത്തിൽനിന്നു പ്രയോജനം അനുഭവിക്കാനാകും.
പ്രാരംഭ പ്രസ്താവനകൾ നടത്തിയത് ഒരു ഭരണസംഘാംഗവും ഏഴാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നുള്ള ബിരുദധാരിയുമായ തിയോഡർ ജാരറ്റ്സ് ആയിരുന്നു. യേശുവിന്റെ പിൻവരുന്ന വാക്കുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം സംസാരിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) 20 രാജ്യങ്ങളിലേക്കു തങ്ങളുടെ നിയമനങ്ങളും പ്രതീക്ഷിച്ചിരിക്കുന്ന ബിരുദധാരികളെ സംബന്ധിച്ചിടത്തോളം ആ വാക്കുകൾ എത്ര സന്ദർഭോചിതമായിരുന്നു! സർവപ്രധാനമായ ഈ ആത്മീയ കൊയ്ത്തിലെ തീക്ഷ്ണരായ വേലക്കാരായിരിക്കാൻ ദൈവവചനത്തിൽ നിന്നുള്ള പ്രബോധനങ്ങൾ അവരെ സുസജ്ജരാക്കിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.—മത്തായി 5:16.
ഫലപ്രദരായ കൊയ്ത്തുവേലക്കാർ ആയിരിക്കേണ്ട വിധം
പരിപാടിയിലെ ആദ്യ പ്രസംഗം നിർവഹിച്ചത് റോബർട്ട് വോളെൻ ആയിരുന്നു. അദ്ദേഹം വർഷങ്ങളോളം ഗിലെയാദ് സ്കൂളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരിക്കുന്നു. “അനുകമ്പയുടെ സൗന്ദര്യം” എന്ന വിഷയത്തെ കുറിച്ചു പ്രസംഗിക്കവേ അദ്ദേഹം വിദ്യാർഥികളോട് ഇപ്രകാരം പറഞ്ഞു: “അനുകമ്പയുടെ ഭാഷ ചെകിടർക്കു കേൾക്കാനും അന്ധർക്കു കാണാനുംപോലും കഴിയുന്ന ഒന്നാണ്.” യേശുക്രിസ്തു മറ്റുള്ളവരുടെ വേദനകൾ നന്നായി മനസ്സിലാക്കുകയും അതു ശമിപ്പിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. (മത്തായി 9:36) സമാനമായ വിധത്തിൽ പ്രവർത്തിക്കുന്നതിനുള്ള അനേകം അവസരങ്ങൾ—പ്രസംഗപ്രവർത്തനത്തിൽ, സഭയിൽ, മിഷനറി ഭവനത്തിൽ, തങ്ങളുടെതന്നെ വിവാഹജീവിതത്തിൽ—വിദ്യാർഥികൾക്കും ലഭിക്കും. ബിരുദധാരികളെ പ്രസംഗകൻ പിൻവരുന്ന പ്രകാരം പ്രോത്സാഹിപ്പിച്ചു: “മറ്റുള്ളവരെ സേവിക്കുകവഴി നിങ്ങളുടെ ജീവിതത്തിൽ അനുകമ്പയുടെ സൗന്ദര്യം ദൃശ്യമായിത്തീരട്ടെ. മിഷനറി ഭവനത്തിലെ സുഗമമായ അനുദിന ജീവിതത്തിന് നിങ്ങൾ ഏറ്റവും നല്ല പെരുമാറ്റംതന്നെ കാഴ്ചവെക്കണം. അതുകൊണ്ട് അനുകമ്പ ധരിക്കാൻ ദൃഢനിശ്ചയം ചെയ്യുക.”—കൊലൊസ്സ്യർ 3:12.
അടുത്തതായി, ഒരു ഭരണസംഘാംഗവും 41-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നുള്ള ബിരുദധാരിയുമായ ഗെരിറ്റ് ലോഷ് “രക്ഷയെ പ്രസിദ്ധമാക്കുന്നവർ” എന്ന വിഷയം വികസിപ്പിച്ചു. (യെശയ്യാവു 52:7) ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ അതിജീവിക്കേണ്ടതിന് ആളുകൾ ദൈവവചനത്തിൽനിന്നു സൂക്ഷ്മപരിജ്ഞാനം ഉൾക്കൊള്ളുകയും തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തുകയും സ്നാപനമേൽക്കുകയും ചെയ്യേണ്ടതുണ്ട്. (റോമർ 10:10; 2 തിമൊഥെയൊസ് 3:14; 1 പത്രൊസ് 3:21) എന്നിരുന്നാലും, രക്ഷ പ്രസിദ്ധമാക്കുന്നതിന്റെ പ്രഥമ കാരണം മനുഷ്യന്റെ രക്ഷയല്ല മറിച്ച് ദൈവത്തിനു സ്തുതി കരേറ്റുക എന്നതാണ്. അതുകൊണ്ട്, ഭാവി മിഷനറിമാരോടു ലോഷ് സഹോദരൻ ഇപ്രകാരം ആഹ്വാനം ചെയ്തു: “രാജ്യസന്ദേശവുമായി ഭൂമിയുടെ അതിവിദൂരങ്ങളോളം പോകുക. രക്ഷയുടെ തീക്ഷ്ണരായ ഘോഷകർ ആയിരിക്കുക, എല്ലാം യഹോവയുടെ മഹത്ത്വത്തിനായി ചെയ്യുക.”—റോമർ 10:18.
“നിങ്ങൾ എത്ര നന്നായി പ്രകാശം പ്രതിഫലിപ്പിക്കുന്നു?” എന്ന ചോദ്യമായിരുന്നു ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവെന് ചോദിക്കാനുണ്ടായിരുന്നത്. “യഹോവയുടെ മഹത്ത്വത്തിലും സഹമനുഷ്യരുടെ പ്രയോജനത്തിലും കലാശിക്കുന്ന ആത്മീയ പ്രകാശം പ്രതിഫലിപ്പിക്കാൻ” കണ്ണ് ‘ചൊവ്വുള്ളതായി’ സൂക്ഷിക്കാൻ അദ്ദേഹം മത്തായി 6:22-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. യേശു തന്റെ ശുശ്രൂഷയുടെ തുടക്കം മുതൽ ദൈവേഷ്ടം ചെയ്യുന്നതിൽ തന്റെ ദൃഷ്ടി കേന്ദ്രീകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ ഒരു പൂർണ മാതൃകവെച്ചു. സ്വർഗത്തിൽവെച്ചു തന്റെ പിതാവ് പഠിപ്പിച്ച വിസ്മയാവഹമായ കാര്യങ്ങളെ കുറിച്ചു ധ്യാനിച്ചത് മരുഭൂമിയിൽ സാത്താന്റെ പരീക്ഷണങ്ങളെ നേരിടാൻ അവനു കരുത്തു പകർന്നു. (മത്തായി 3:16; 4:1-11) ദൈവം തനിക്കു നിയമിച്ചുതന്ന കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് യേശു യഹോവയിൽ പൂർണമായി ആശ്രയിച്ചു. അതുപോലെ, മുന്നിലുള്ള വെല്ലുവിളികളെ നേരിടുന്നതിന് മിഷനറിമാർക്ക് നല്ല ബൈബിൾ പഠന ശീലവും യഹോവയിൽ സമ്പൂർണ ആശ്രയവും ഉണ്ടായിരിക്കണം.
ഈ പ്രസംഗ പരമ്പരയിൽ അവസാനത്തേതു നിർവഹിച്ചത് ഒരു ഗിലെയാദ് അധ്യാപകനും 77-ാമത്തെ ഗിലെയാദ് ക്ലാസ്സ് ബിരുദധാരിയുമായ മാർക്ക് നൂമാർ ആയിരുന്നു. “ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ വിഷയം. (യോശുവ 9:25) പുരാതന ഗിബെയോന്യരുടെ മനോഭാവം അനുകരിക്കാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഗിബെയോൻ “വലിയോരു പട്ടണവും . . . അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും” ആയിരുന്നെങ്കിലും അവർ തങ്ങൾക്ക് ഉന്നത സ്ഥാനം വേണമെന്ന് അവകാശപ്പെടുകയോ തങ്ങളുടെ ഇഷ്ടാനുസൃതം കാര്യങ്ങൾ നടക്കണമെന്നു ചിന്തിക്കുകയോ ചെയ്തില്ല. (യോശുവ 10:2) യഹോവയുടെ ആരാധനയെ പിന്തുണയ്ക്കുന്നതിന് ലേവ്യരുടെ കീഴിൽ “വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി” വേലചെയ്യാൻ അവർ മനസ്സൊരുക്കം ഉള്ളവരായിരുന്നു. (യോശുവ 9:27) ഫലത്തിൽ, ബിരുദം നേടുന്ന വിദ്യാർഥികൾ വലിയ യോശുവയായ യേശുക്രിസ്തുവിനോട്, “ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു” എന്നു പറഞ്ഞിരിക്കുകയാണ്. ഇനി, തങ്ങളുടെ വിദേശ നിയമനങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ വലിയ യോശുവ നിയമിച്ചുകൊടുക്കുന്ന ഏതു നിയമനവും അവർ മനസ്സോടെ സ്വീകരിക്കേണ്ടത് ആവശ്യമാണ്.
അനുഭവങ്ങളും അഭിമുഖങ്ങളും
ഗിലെയാദ് അധ്യാപകനും ഗിലെയാദ് സ്കൂളിന്റെ 61-ാമത്തെ ക്ലാസ്സിൽനിന്ന് ബിരുദം നേടിയ വ്യക്തിയുമായ വാലസ് ലിവറൻസ് ഒരു കൂട്ടം വിദ്യാർഥികളുമായി ‘തിരുവെഴുത്തുകളെ തെളിയിക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചനടത്തി. അവർ, ഗിലെയാദ് പരിശീലനത്തിന്റെ സമയത്ത് വയൽശുശ്രൂഷയിൽ തങ്ങൾ ആസ്വദിച്ച അനുഭവങ്ങൾ പങ്കുവെക്കുകയും അവയുടെ പുനരവതരണങ്ങൾ നടത്തുകയും ചെയ്തു. അഞ്ചുമാസത്തെ പരിശീലന കാലത്ത് ശുഷ്കാന്തിയോടെ പഠിച്ച കാര്യങ്ങൾ അവരുടെ ഹൃദയത്തിൽ എത്തിച്ചേർന്നെന്നും അവ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവർ പ്രചോദിതരായിത്തീർന്നെന്നും ഉള്ളത് വ്യക്തമായിരുന്നു. (ലൂക്കൊസ് 24:32) അഞ്ചുമാസത്തെ പരിശീലന കാലത്ത് താൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ തന്റെ അനുജനുമായി പങ്കുവെക്കാൻ ഒരു വിദ്യാർഥിക്കു കഴിഞ്ഞു. ഇത് പ്രാദേശിക സഭയുമായി സമ്പർക്കത്തിൽ വരാനും ഒരു ബൈബിളധ്യയനം സ്വീകരിക്കാനും ആ വ്യക്തിയെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം ഇപ്പോൾ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായി യോഗ്യത പ്രാപിച്ചിരിക്കുന്നു.
ഈ അനുഭവങ്ങളെ തുടർന്ന്, റിച്ചാർഡ് ആഷും ജോൺ ഗിബ്ബർഡും വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രത്യേക പരിശീലനം നേടാൻ വന്ന സഞ്ചാരമേൽവിചാരകന്മാർ ഉൾപ്പെടെ യഹോവയുടെ സേവനത്തിൽ ദീർഘകാലമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന അനേകരുമായി അഭിമുഖങ്ങൾ നടത്തി. ഗിലെയാദ് സ്കൂളിന്റെ മുൻ ക്ലാസ്സുകളിൽനിന്നു ബിരുദം നേടിയവരായിരുന്നു ഇവരെല്ലാം. ഗിലെയാദ് ക്ലാസ്സിൽവെച്ച് ഒരിക്കൽ നോർ സഹോദരൻ പറഞ്ഞ ഒരു സംഗതി അവരിലൊരാൾ ഓർമിച്ചു: “ഗിലെയാദ് പരിശീലനകാലത്ത് നിങ്ങൾ ഒരുപാടു കാര്യങ്ങൾ പഠിക്കും. എന്നാൽ അത് നിങ്ങളെ തലക്കനം ഉള്ളവരാക്കിത്തീർക്കുന്നെങ്കിൽ ഞങ്ങളുടെ പ്രയത്നമെല്ലാം വ്യർഥമായിരിക്കും. ഹൃദയ വിശാലതയുള്ളവരായി നിങ്ങൾ പുറത്തുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” ആളുകളോടുള്ള ഇടപെടലുകളിൽ ക്രിസ്തുവിനെ അനുകരിക്കാനും അവരോടു പരിഗണന പ്രകടമാക്കാനും അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ബോധവാന്മാർ ആയിരിക്കാനും ഏതൊരു നിയമനവും വിനയത്തോടെ സ്വീകരിക്കാനും സഞ്ചാരമേൽവിചാരകന്മാർ പുതിയ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. ഈ ബുദ്ധിയുപദേശങ്ങൾ പ്രാവർത്തികമാക്കുന്നത് തങ്ങളുടെ നിയമനപ്രദേശത്തു ഫലകരമായി പ്രവർത്തിക്കാൻ ഈ പുതിയ മിഷനറിമാരെ സഹായിക്കുമെന്നതിൽ സംശയമില്ല.
തീക്ഷ്ണതയോടെ കൊയ്ത്തു വേലയ്ക്കായി പുറപ്പെടുക!
ഒരു ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റിൽനിന്നു കേൾക്കുന്നതിനുള്ള അവസരവും സദസ്യർക്കു ലഭിച്ചു. “തീക്ഷ്ണതയോടെ കൊയ്ത്തു വേലയ്ക്കായി പുറപ്പെടുക!” എന്ന മുഖ്യ പ്രസംഗം നിർവഹിച്ചത് അദ്ദേഹമാണ്. (മത്തായി 9:38) അക്ഷരീയ കൊയ്ത്തിൽ, വിള കൊയ്തെടുക്കാനുള്ള സമയം പരിമിതമാണ്. കൊയ്ത്തുകാരുടെ ഭാഗത്ത് കഠിനാധ്വാനം ആവശ്യമാണ്. അങ്ങനെയെങ്കിൽ ഈ വ്യവസ്ഥിതിയുടെ സമാപനകാലത്ത് അത്തരം കഠിനാധ്വാനം എത്ര സുപ്രധാനമാണ്! വലിയ ആത്മീയ കൊയ്ത്തിൽ, ആളുകളുടെ ജീവനാണ് അപകടത്തിലായിരിക്കുന്നത്. (മത്തായി 13:39) ഇനിയൊരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ കൊയ്ത്തു വേലയിൽ ‘മടുപ്പില്ലാതെ,’ ‘ആത്മാവിൽ എരിവുള്ളവരായി,’ ‘കർത്താവിനു സേവ ചെയ്യുക’ എന്ന് ലെറ്റ് സഹോദരൻ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. (റോമർ 12:11) പ്രസംഗകൻ യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഉദ്ധരിച്ചു: “തല പൊക്കി . . . നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണു”വിൻ. (യോഹന്നാൻ 4:35) അനൗപചാരിക സാക്ഷീകരണത്തിനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചുകൊണ്ട് ആളുകളെ കണ്ടെത്താനാകുന്ന സ്ഥലങ്ങളിൽ, കണ്ടെത്താൻ കഴിയുന്ന സമയത്ത് അവരെ കണ്ടുമുട്ടാൻ ആത്മാർഥ ശ്രമം ചെയ്തുകൊണ്ട് കൊയ്ത്തിനോടുള്ള തങ്ങളുടെ ശുഷ്കാന്തി പ്രകടമാക്കാൻ അദ്ദേഹം ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു. സാക്ഷീകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ ഉത്സാഹമുള്ളവരായിരിക്കുന്നത് ഫലകരമായി സാക്ഷ്യം നൽകുന്നതിനുള്ള വഴിതുറന്നേക്കാം. യഹോവ തീക്ഷ്ണതയുള്ള ദൈവമാണ്. നാം എല്ലാം അവനെ അനുകരിക്കാനും ആത്മീയ കൊയ്ത്തു വേലയിൽ കഠിനാധ്വാനം ചെയ്യാനും അവൻ പ്രതീക്ഷിക്കുന്നു.—2 രാജാക്കന്മാർ 19:31; യോഹന്നാൻ 5:17.
അധ്യക്ഷനായിരുന്ന ജാരറ്റ്സ് സഹോദരൻ പരിപാടിയുടെ ഉപസംഹാരത്തിൽ പല ബ്രാഞ്ചുകളിൽനിന്നുള്ള ആശംസകൾ അറിയിക്കുകയും വിദ്യാർഥികൾക്ക് അവരുടെ ഡിപ്ലോമകൾ നൽകുകയും ചെയ്തു. തങ്ങൾക്കു ലഭിച്ച പരിശീലനത്തോട് ആഴമായ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് ബിരുദധാരികളിൽ ഒരാൾ ക്ലാസ്സിനെ പ്രതിനിധീകരിച്ച് ഒരു കത്തു വായിച്ചു. അതേ, 116-ാമത്തെ ഗിലെയാദ് ബിരുദദാന പരിപാടി കൂടിവന്നിരുന്ന മുഴു സദസ്സിനെയും കൂടുതൽ തീക്ഷ്ണതയോടെ കൊയ്ത്തു വേലയ്ക്കായി പുറപ്പെടാൻ പ്രചോദിതരാക്കി.
[25-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധാനം ചെയ്ത രാജ്യങ്ങളുടെ എണ്ണം: 6
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 20
വിദ്യാർഥികളുടെ എണ്ണം: 46
ശരാശരി വയസ്സ്: 34.2
സത്യത്തിലായിരുന്ന ശരാശരി വർഷം: 17.2
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.9
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുന്ന 116-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) സിയോൻസൂ, ആർ.; സ്പാർക്സ്, റ്റി.; പിന്യയാ, സി.; ടർണർ, പി.; ചേനി, എൽ. (2) സ്വാർഡി, എം.; ഷോക്വിസ്റ്റ്, എ.; ആമാഡോറി, എൽ.;സ്മിത്ത്, എൻ.; ജോർഡൻ, എ.; ബ്വാസൊനോ, എൽ. (3) മാറ്റ്ലോക്, ജെ.; റൂയിത്, സി.; ഡൂലാർ, എൽ.; വിന്യറോൺ, എം.; ഹെൻറി, കെ. (4) ഷോക്വിസ്റ്റ്, എച്ച്.; ലോക്സ്, ജെ.; റൂസ്സൊ, ജെ.; ഗുസ്റ്റാഫ്സൊൺ, കെ.; ബ്വാസൊനോ, ആർ.; ജോർഡൻ, എം. (5) ഹെൻറി, ഡി.; ടർണർ, ഡി.; കർവിൻ, എസ്.; ഫ്ളോറിറ്റ്, കെ.; സിയോൻസൂ, എസ്. (6) ആമാഡോറി, എസ്.; ചേനി, ജെ.; റോസ്സ്, ആർ.; നെൽസൺ, ജെ.; റൂയിത്, ജെ.; വിന്യറോൺ, എം. (7) ഫ്ളോറിറ്റ്, ജെ.; മാറ്റ്ലോക്, ഡി.; റോസ്സ്, ബി.; ലോക്സ്, സി.; റൂസ്സൊ, റ്റി.; ഡൂലാർ, ഡി.; കർവിൻ, എൻ. (8) ഗുസ്റ്റാഫ്സൊൺ, എ.; നെൽസൺ, ഡി.; സ്വാർഡി, ഡബ്ല്യൂ.; പിന്യയാ, എം.; സ്മിത്ത്, സി.; സ്പാർക്സ്, റ്റി.