വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
‘ഞാൻ ഒരു പരീശൻ ആകുന്നു’ എന്നു ന്യായാധിപസംഘത്തിന്റെ മുമ്പാകെ പറഞ്ഞപ്പോൾ, അപ്പൊസ്തലനായ പൗലൊസ് തന്റെ ക്രിസ്തീയ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുകയായിരുന്നില്ലേ?
പ്രവൃത്തികൾ 23:6-ൽ കാണുന്ന പൗലൊസിന്റെ ആ പ്രസ്താവനയുടെ അർഥം മനസ്സിലാക്കുന്നതിന് നാം അതിന്റെ സന്ദർഭം പരിശോധിക്കേണ്ടിയിരിക്കുന്നു.
യെരൂശലേമിൽവെച്ച് യഹൂദന്മാരുടെ കൂട്ട ആക്രമണത്തിന് വിധേയനായശേഷം പൗലൊസ് ജനക്കൂട്ടത്തോടു സംസാരിച്ചു. “[യെരൂശലേമിൽ] വളർന്നു ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ച”വനാണ് താനെന്ന് പ്രസ്തുത സന്ദർഭത്തിൽ പൗലൊസ് സൂചിപ്പിച്ചു. ജനം കുറെ നേരത്തേക്ക് അവന്റെ വിശദീകരണം കേട്ടെങ്കിലും, അവർ കോപപരവശരായിത്തീർന്നപ്പോൾ പൗലൊസിനോടൊപ്പം ഉണ്ടായിരുന്ന സൈന്യാധിപൻ അവനെ കോട്ടയ്ക്കുള്ളിലേക്കു കൊണ്ടുപോയി. തുടർന്ന്, തന്നെ ചമ്മട്ടികൊണ്ട് അടിക്കാനൊരുങ്ങവേ പൗലൊസ് ഇപ്രകാരം ചോദിച്ചു: “റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ?”—പ്രവൃത്തികൾ 21:27-22:29.
പിറ്റേ ദിവസം സൈന്യാധിപൻ അവനെ യഹൂദ പരമോന്നത കോടതിയായ സൻഹെദ്രിമിലേക്ക് അഥവാ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുപോയി. ശ്രദ്ധിച്ചു നോക്കിയപ്പോൾ, സദൂക്യരും പരീശന്മാരും ആണ് സൻഹെദ്രിമിലെ അംഗങ്ങളെന്നു പൗലൊസിനു മനസ്സിലായി. അപ്പോൾ അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു.” അത് പരീശന്മാരും സദൂക്യരും തമ്മിൽ ഇടയാൻ കാരണമായി. എന്തെന്നാൽ, “പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.” പരീശപക്ഷത്തെ ചിലർ “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല” എന്നു ശക്തമായി വാദിച്ചു.—പ്രവൃത്തികൾ 23:6-10.
നല്ല തീക്ഷ്ണതയുള്ള ഒരു ക്രിസ്ത്യാനിയായി അറിയപ്പെട്ടിരുന്നതിനാൽ, പരീശമതത്തിലെ ഒരു സജീവ അംഗമാണ് താനെന്ന് സൻഹെദ്രിമിനെ ബോധ്യപ്പെടുത്താൻ പൗലൊസിനു കഴിയുമായിരുന്നില്ല. തങ്ങളുടെ മുഴു പഠിപ്പിക്കലും വിശ്വസിക്കുന്നവരെ മാത്രമേ അവിടെ സന്നിഹിതരായിരുന്ന പരീശന്മാർ ഒരു പരീശനായി അംഗീകരിക്കുമായിരുന്നുള്ളൂ. അതിനാൽ, താൻ ഒരു പരീശനാണെന്ന പൗലൊസിന്റെ പ്രസ്താവന ഒരു പ്രത്യേക അർഥത്തിലുള്ളതായിരുന്നിരിക്കണം. സന്നിഹിതരായിരുന്ന പരീശന്മാർ സന്ദർഭോചിതമായി മാത്രമേ ആ പ്രസ്താവന മനസ്സിലാക്കിയിരിക്കാൻ ഇടയുള്ളൂ.
മരിച്ചവരുടെ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ അക്കാര്യത്തിൽ താൻ ഒരു പരീശനെപ്പോലെ ആണെന്നാണ് വ്യക്തമായും പൗലൊസ് അർഥമാക്കിയത്. ഈ വിഷയം സംബന്ധിച്ച ഏതൊരു തർക്കത്തിലും, പൗലൊസിന്റെ വിശ്വാസത്തെ പരീശന്മാരുടേതിനോടു ബന്ധപ്പെടുത്താൻ കഴിയുമായിരുന്നു. പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടേതിനോടു ബന്ധപ്പെടുത്താൻ കഴിയുമായിരുന്നില്ല.
പുനരുത്ഥാനം, ദൂതന്മാർ, ന്യായപ്രമാണത്തിലെ ചില കാര്യങ്ങൾ എന്നിവയോടുള്ള ബന്ധത്തിൽ ഒരു ക്രിസ്ത്യാനിയെന്ന നിലയിലുള്ള പൗലൊസിന്റെ വിശ്വാസവും പരീശന്മാരുടെ വിശ്വാസങ്ങളും യോജിപ്പിലായിരുന്നു. (ഫിലിപ്പിയർ 3:5) അതുകൊണ്ട് ഈ പരിധിക്കുള്ളിൽനിന്നുകൊണ്ട്, പൗലൊസിന് പരീശന്മാരുമായി തന്നെത്തന്നെ തുലനംചെയ്യാൻ കഴിയുമായിരുന്നു. സൻഹെദ്രിമിലെ അംഗങ്ങൾ അവന്റെ പ്രസ്താവന മനസ്സിലാക്കിയതും ഈ പ്രത്യേക അർഥത്തിൽ മാത്രമാണ്. മുൻവിധിയുണ്ടായിരുന്ന യഹൂദ പരമോന്നത കോടതിയിൽ പൗലൊസ് തന്റെ യഹൂദപശ്ചാത്തലം പ്രയോജനപ്പെടുത്തുകയായിരുന്നു.
പൗലൊസിന് തുടർന്നും യഹോവയുടെ അംഗീകാരം ഉണ്ടായിരുന്നുവെന്നതാണ് അവൻ വിശ്വാസത്തിൽ വിട്ടുവീഴ്ച കാണിക്കുകയായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ‘ഞാൻ ഒരു പരീശനാകുന്നു’വെന്ന് പ്രസ്താവന നടത്തിയ അന്നു രാത്രിയിൽ യേശു അവനോട് ഇങ്ങനെ പറഞ്ഞു: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു.” പൗലൊസിന് ദൈവാംഗീകാരം ഉണ്ടായിരുന്നതിനാൽ, അവൻ തന്റെ ക്രിസ്തീയ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്തില്ലെന്ന് നമുക്ക് ഉറപ്പോടെ പറയാം.—പ്രവൃത്തികൾ 23:11.