രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സത്യസന്ധരായ ഒരു ജനം യഹോവയ്ക്കു സ്തുതി കരേറ്റുന്നു
ലോകമെങ്ങും യഹോവയുടെ സാക്ഷികൾ—ആബാലവൃദ്ധം—സത്യസന്ധതയ്ക്കു പേരുകേട്ടവരാണ്. മൂന്നു ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഉദാഹരണങ്ങൾ പരിചിന്തിക്കുക.
പതിനേഴു വയസ്സുള്ള ഓലൂസോലാ താമസിക്കുന്നത് നൈജീരിയയിലാണ്. ഒരു ദിവസം സ്കൂളിൽനിന്നു വീട്ടിലേക്കു പോകുമ്പോൾ നിലത്തുകിടന്ന് അവൾക്കൊരു പേഴ്സ് കിട്ടി. അവൾ അത് പ്രിൻസിപ്പലിനെ ഏൽപ്പിച്ചു. അദ്ദേഹം അതിലെ പണം എണ്ണിനോക്കി, 6,200 നൈരാ (നൈജീരിയൻ കറൻസി, ഏകദേശം 2,000 രൂപ) ഉണ്ടായിരുന്നു. പ്രിൻസിപ്പൽ പേഴ്സ് അതിന്റെ ഉടമയായ അധ്യാപകനു കൊടുത്തു. വിലമതിപ്പുതോന്നിയ ആ അധ്യാപകൻ ഓലൂസോലായ്ക്ക് 1,000 നൈരാ (ഏകദേശം 300 രൂപ) കൊടുത്തിട്ട് അവളുടെ സ്കൂൾ ഫീസ് അടച്ചുകൊള്ളാൻ പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് അറിഞ്ഞ മറ്റു കുട്ടികൾ അവളെ പരിഹസിച്ചു. ഏതാനും ആഴ്ചകൾക്കു ശേഷം, തന്റെ പണം ആരോ മോഷ്ടിച്ചതായി ഒരു വിദ്യാർഥി പരാതിപ്പെട്ടു. എല്ലാ കുട്ടികളെയും പരിശോധിക്കാൻ അധ്യാപകർക്ക് നിർദേശം ലഭിച്ചു. “നീയിവിടെ നിൽക്കൂ” അധ്യാപകൻ ഓലൂസോലായോടു പറഞ്ഞു. “യഹോവയുടെ സാക്ഷികളിൽ ഒരാളായ നീ മോഷ്ടിക്കില്ലെന്ന് എനിക്കറിയാം.” നഷ്ടപ്പെട്ട പണം, മുമ്പ് ഓലൂസോലായെ കളിയാക്കിയ രണ്ട് ആൺകുട്ടികളുടെ പക്കൽനിന്നു കണ്ടെടുത്തു, അവർക്ക് കടുത്ത ശിക്ഷ ലഭിച്ചു. ഓലൂസോലാ ഇങ്ങനെ എഴുതി: “ഒരിക്കലും മോഷണം നടത്താതിരുന്നുകൊണ്ട് യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടുന്നതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു.”
അർജന്റീനക്കാരനായ മാർസെലോയുടെ അനുഭവമാണു മറ്റൊന്ന്. ഒരു ദിവസം വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ വീടിന്റെ പിൻവാതിലിൽനിന്ന് ഏതാനും വാര അകലെയായി ഒരു ബ്രീഫ്കേസ് കിടക്കുന്നു. അത് എടുത്തു വീട്ടിൽകൊണ്ടുവന്ന് അദ്ദേഹവും ഭാര്യയും തുറന്നുനോക്കി. അതിൽ ഭീമമായ ഒരു തുകയും, ക്രെഡിറ്റ് കാർഡുകളും, ഒപ്പിട്ട ഏതാനും ചെക്കുകളും കണ്ട് അവർ അന്തംവിട്ടു. അതിൽ ഒരു ചെക്ക് പത്തുലക്ഷം പെസോസിന്റേതായിരുന്നു (ഏകദേശം 1,35,00,000 രൂപ). ബ്രീഫ്കേസിനുള്ളിൽ ഉണ്ടായിരുന്ന ഒരു ബില്ലിൽ അവർ ഒരു ഫോൺനമ്പർ കണ്ടു. അവർ ഉടമസ്ഥനു ഫോൺ ചെയ്യുകയും പെട്ടിയും അതിലുള്ള സകലസാമഗ്രികളും മാർസെലോ ജോലിചെയ്യുന്ന സ്ഥലത്തുവെച്ചു കൈമാറാം എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു. ഉടമസ്ഥൻ ആകെ പരിഭ്രമിച്ചാണു വന്നത്. മാർസെലോ യഹോവയുടെ സാക്ഷികളിൽ ഒരാളായതിനാൽ ഒട്ടും വിഷമിക്കാനില്ലെന്ന് മാർസെലോയുടെ തൊഴിലുടമ ഉടമസ്ഥനോടു പറഞ്ഞു. ബ്രീഫ്കേസ് കണ്ടെത്തി തിരികെ ഏൽപ്പിച്ചതിന് ഉടമസ്ഥൻ മാർസെലോയ്ക്കു കൊടുത്തത് വെറും 20 പെസോസ് (ഏകദേശം 300 രൂപ) ആയിരുന്നു. ഇതുകണ്ട തൊഴിലുടമ രോഷാകുലനായി. കാരണം, മാർസെലോയുടെ സത്യസന്ധതയിൽ അദ്ദേഹത്തിനു വളരെയധികം മതിപ്പുതോന്നിയിരുന്നു. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ താൻ എല്ലായ്പോഴും സത്യസന്ധനായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നു വിശദീകരിക്കാൻ ഇത് മാർസെലോയ്ക്ക് അവസരം നൽകി.
അടുത്ത അനുഭവം കിർഗിസ്ഥാനിൽനിന്നുള്ളതാണ്. ആറുവയസ്സുകാരൻ റിനാറ്റിന് അയൽവക്കത്തു താമസിക്കുന്ന ഒരു സ്ത്രീയുടെ പേഴ്സു കളഞ്ഞുകിട്ടി. അതിൽ 1,100 സോം (ഏകദേശം 1,125 രൂപ) ഉണ്ടായിരുന്നു. റിനാറ്റ് പേഴ്സ് ആ സ്ത്രീക്കു കൊടുത്തു, അവർ എണ്ണിനോക്കിയപ്പോൾ 200 സോം (ഏകദേശം 225 രൂപ) കുറവ്. അവർ അത് റിനാറ്റിന്റെ അമ്മയോടു പറഞ്ഞു. താൻ പണമൊന്നും എടുത്തില്ലെന്നു റിനാറ്റ് പറഞ്ഞു. അപ്പോൾ എല്ലാവരും കൂടി പണം തിരയാൻ തുടങ്ങി, പേഴ്സ് കിടന്നിരുന്നതിന്റെ സമീപത്തായി അവർ ആ പണം കണ്ടെത്തി. ആ സ്ത്രീക്കു വളരെ വിസ്മയംതോന്നി. അവർ റിനാറ്റിനും അമ്മയ്ക്കും നന്ദിപറഞ്ഞു, പണം തിരിച്ചുതന്നതിനും പിന്നെ അവനെ ക്രിസ്തീയ രീതിയിൽ വളർത്തിക്കൊണ്ടുവരുന്നതിനും.