റഷ്യയിലെ ഏറ്റവും പുരാതനമായ ഗ്രന്ഥശാല ബൈബിളിന്മേൽ “ഉജ്ജ്വലപ്രകാശം” ചൊരിയുന്നു
രണ്ടു പണ്ഡിതന്മാർ ബൈബിളിന്റെ പുരാതന കയ്യെഴുത്തുപ്രതികൾക്കായുള്ള അന്വേഷണത്തിലാണ്. അവർ ഒറ്റയ്ക്കൊറ്റയ്ക്കു മരുഭൂമികളിലൂടെ സഞ്ചരിക്കുകയും ഗുഹകളും ആശ്രമങ്ങളും പർവതശിഖരങ്ങളിലുള്ള പുരാതന ദുർഗങ്ങളും കയറിയിറങ്ങുകയും ചെയ്യുന്നു. വർഷങ്ങൾക്കുശേഷം ഇരുവരുടെയും കണ്ടെത്തലുകൾ റഷ്യയിലെ ഏറ്റവും പുരാതനമായ പബ്ലിക് ലൈബ്രറിയിൽ വന്നുചേരുന്നു. ബൈബിളിനോടു ബന്ധപ്പെട്ട് ഏറ്റവും ആവേശകരമായ ചില കണ്ടെത്തലുകൾ ഈ ഗ്രന്ഥശാലയിൽ കാണാൻ കഴിയും. ഈ മനുഷ്യർ ആരായിരുന്നു? അവർ മുമ്പു കണ്ടെടുത്ത വിലയേറിയ രേഖകൾ റഷ്യയിൽ എത്തിപ്പെട്ടത് എങ്ങനെ?
പുരാതന കയ്യെഴുത്തുപ്രതികൾ—ദൈവവചനത്തിന്റെ വക്താക്കൾ
ഈ പണ്ഡിതന്മാരിൽ ഒരാളെ കണ്ടുമുട്ടാൻ നാം 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലേക്കു പോകേണ്ടിയിരിക്കുന്നു. യൂറോപ്പിലുടനീളം ബൗദ്ധികവിപ്ലവം അലയടിക്കുന്ന സമയമായിരുന്നു അത്. ശാസ്ത്രീയ പുരോഗതിയുടെയും സാംസ്കാരിക നേട്ടങ്ങളുടെയും ആ കാലഘട്ടം, പരമ്പരാഗത വിശ്വാസങ്ങളെ സംശയത്തോടെ വീക്ഷിക്കാൻ ആളുകളെ പ്രേരിപ്പിച്ചിരുന്നു. അതികൃത്തിപ്പുകാർ ബൈബിളിന്റെ ആധികാരികതയ്ക്കു തുരങ്കംവെക്കാൻ ശ്രമിച്ചു. യഥാർഥത്തിൽ, ബൈബിൾ പാഠത്തിന്റെതന്നെ ആധികാരികതയെ പണ്ഡിതന്മാർ പ്രതിക്കൂട്ടിലാക്കിയിരുന്നു.
ബൈബിളിന്റെ പുരാതന കയ്യെഴുത്തുപ്രതികൾ കണ്ടെത്തിയാൽ അവ നിസ്സംശയമായും ദൈവവചനത്തിന്റെ ആശ്രയയോഗ്യതയെ ഉയർത്തിപ്പിടിക്കുമെന്ന് ബൈബിളിനോടു കൂറുപുലർത്തിയിരുന്ന ചിലർ തിരിച്ചറിഞ്ഞു. ബൈബിളിനെ ഉന്മൂലനം ചെയ്യാനോ അതിന്റെ സന്ദേശത്തെ വളച്ചൊടിക്കാനോ ദീർഘകാലം ശ്രമം നടന്നിട്ടുണ്ടെങ്കിലും, നിലവിലുള്ളതിനെക്കാൾ പഴക്കമുള്ള കയ്യെഴുത്തുപ്രതികൾ ലഭ്യമായാൽ അവ ബൈബിൾപാഠത്തിന്റെ നൈർമല്യത്തിനു നിശ്ശബ്ദ സാക്ഷ്യം വഹിക്കുമായിരുന്നു. പരിഭാഷയിൽ കടന്നുകൂടിയിരുന്ന ചില തെറ്റുകൾ വെളിച്ചത്തു കൊണ്ടുവരാനും അത്തരം പ്രതികൾ സഹായിക്കുമായിരുന്നു.
ബൈബിളിന്റെ ആധികാരികത സംബന്ധിച്ചുള്ള അത്യുഗ്രമായ ചില വാദപ്രതിവാദങ്ങൾ അരങ്ങേറിയത് ജർമനിയിലായിരുന്നു. അവിടെയുള്ള ചെറുപ്പക്കാരനായ ഒരു പ്രൊഫസർ, അല്ലലില്ലാത്ത തന്റെ കലാലയജീവിതത്തോടു വിടപറഞ്ഞുകൊണ്ട് ഒരു യാത്ര പുറപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ, ബൈബിൾസംബന്ധമായ കണ്ടുപിടിത്തങ്ങളിൽ ഒന്നിലേക്കാണ് അത് അദ്ദേഹത്തെ നയിച്ചത്. അതികൃത്തിപ്പിനെ പുറംതള്ളുകയും ബൈബിൾപാഠത്തിന്റെ ആധികാരികത ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധാർഹമായ വിജയം കൈവരിക്കുകയും ചെയ്ത കോൺസ്റ്റാന്റിൻ വോൺ ടിഷെൻഡോർഫ് എന്ന ബൈബിൾപണ്ഡിതനായിരുന്നു അദ്ദേഹം. 1844-ൽ അദ്ദേഹം സീനായ് മരുഭൂമിയിലേക്കു നടത്തിയ യാത്രയുടെ ഫലം അവിശ്വസനീയമായിരുന്നു. ഒരു ആശ്രമത്തിലെ ചവറ്റുകൊട്ടയിലേക്ക് അലസമായി കണ്ണുകൾ പായിച്ച അദ്ദേഹം കണ്ടത് എബ്രായ തിരുവെഴുത്തുകളുടെ സെപ്റ്റുവജിന്റ് എന്നറിയപ്പെടുന്ന ഗ്രീക്കു പരിഭാഷയുടെ ചർമപത്ര ലിഖിതങ്ങളായിരുന്നു. അന്നുവരെ കണ്ടെടുത്തിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ളവ ആയിരുന്നു അവ!
സന്തോഷത്താൽ മതിമറന്ന അദ്ദേഹത്തിന് അതിന്റെ 43 താളുകൾ കൂടെക്കൊണ്ടുപോകാൻ കഴിഞ്ഞു. കൂടുതൽ ഭാഗങ്ങൾ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും 1853-ൽ മടങ്ങിവന്നപ്പോൾ ഒരു ചർമപത്രം മാത്രമാണ് അദ്ദേഹത്തിനു കിട്ടിയത്. ശേഷം ഭാഗങ്ങൾ എവിടെയായിരുന്നു? അന്വേഷണം തുടരാൻ പണം ഇല്ലായിരുന്നതിനാൽ ടിഷെൻഡോർഫ് ധനികനായ ഒരു വ്യക്തിയുടെ സാമ്പത്തിക പിന്തുണ തേടുകയും വീണ്ടും സ്വദേശം വിട്ട് പുരാതന കയ്യെഴുത്തുപ്രതികൾ തേടിപ്പോകാൻ തീരുമാനിക്കുകയും ചെയ്തു. യാത്ര പുറപ്പെടുന്നതിനുമുമ്പായി അദ്ദേഹം റഷ്യയിലെ സാർചക്രവർത്തിയുടെ സഹായം അഭ്യർഥിച്ചു.
ചക്രവർത്തി താത്പര്യമെടുക്കുന്നു
ഒരു പ്രൊട്ടസ്റ്റന്റ് പണ്ഡിതനായ തന്നെ റഷ്യൻ ഓർത്തഡോക്സ് മതാനുസാരികളായ ഒരു വൻ ജനത എങ്ങനെ സ്വീകരിക്കുമെന്ന് ടിഷെൻഡോർഫ് തീർച്ചയായും ചിന്തിച്ചിരിക്കണം. സന്തോഷകരമെന്നു പറയട്ടെ, മാറ്റത്തിന്റെയും പരിഷ്കരണത്തിന്റെയും ഒരു അനുകൂല കാലത്തിലേക്കു റഷ്യ പ്രവേശിച്ചുകഴിഞ്ഞിരുന്നു. വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകിയതിന്റെ ഫലമായി കാതറിൻ-II ചക്രവർത്തിനി (മഹതിയാം കാതറിൻ എന്നും അറിയപ്പെടുന്നു) 1795-ൽ സെന്റ് പീറ്റേഴ്സ്ബർഗിലെ ഇംപീരിയൽ ലൈബ്രറി സ്ഥാപിച്ചു. റഷ്യയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയെന്ന നിലയിൽ, കോടിക്കണക്കിന് ആളുകളുടെ വായനയ്ക്കായി പ്രസിദ്ധീകരണങ്ങളുടെ ഒരു വൻശേഖരംതന്നെ അവിടെയുണ്ടായിരുന്നു.
യൂറോപ്പിലെ ഏറ്റവും നല്ല ലൈബ്രറികളിൽ ഒന്നായി പുകഴ്ത്തപ്പെട്ട ഇംപീരിയൽ ലൈബ്രറിക്ക് ഒരു പോരായ്മ ഉണ്ടായിരുന്നു. സ്ഥാപിക്കപ്പെട്ട് അമ്പതു വർഷത്തിനുശേഷവും അതിൽ ആറ് എബ്രായ കയ്യെഴുത്തുപ്രതികളേ ഉണ്ടായിരുന്നുള്ളൂ. ബൈബിൾ എഴുതപ്പെട്ട ഭാഷകളുടെയും ബൈബിളിന്റെ പരിഭാഷകളുടെയും പഠനത്തിൽ റഷ്യൻ ജനതയ്ക്കുണ്ടായിരുന്ന ശക്തമായ താത്പര്യത്തെ തൃപ്തിപ്പെടുത്താൻ അതിനു കഴിയുമായിരുന്നില്ല. എബ്രായ ഭാഷ പഠിക്കാൻ കാതറിൻ-II പണ്ഡിതന്മാരെ യൂറോപ്പിലെ യൂണിവേഴ്സിറ്റികളിലേക്കു വിട്ടിരുന്നു. അവർ മടങ്ങിവന്നശേഷം, റഷ്യയിലെ പ്രധാന ഓർത്തഡോക്സ് സെമിനാരികളിലെല്ലാം എബ്രായഭാഷാ പഠനക്ലാസ്സുകൾ ആരംഭിച്ചു. കൂടാതെ, പുരാതന എബ്രായയിൽനിന്നു റഷ്യൻ ഭാഷയിലേക്കു ബൈബിൾ കൃത്യമായി പരിഭാഷപ്പെടുത്താൻ പണ്ഡിതന്മാർ ഇദംപ്രഥമമായി രംഗത്തുവന്നു. എന്നാൽ സാമ്പത്തിക പരാധീനതകളും യാഥാസ്ഥിതിക സഭാനേതാക്കളുടെ എതിർപ്പും അവർക്കു വെല്ലുവിളിയായി. ബൈബിൾ പരിജ്ഞാനം തേടുന്നവരുടെ കാര്യത്തിൽ യഥാർഥ പ്രബുദ്ധത അപ്പോഴും അകലെയായിരുന്നു.
ടിഷെൻഡോർഫിന്റെ സംരംഭത്തിന്റെ പ്രാധാന്യം ഉടൻതന്നെ തിരിച്ചറിഞ്ഞ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തി ആവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചു. “അസൂയയും മതഭ്രാന്തും മൂത്ത” ചിലരുടെ എതിർപ്പു കണക്കിലെടുക്കാതെ, സെപ്റ്റുവജിന്റിന്റെ ശേഷം ഭാഗങ്ങളുമായി ടിഷെൻഡോർഫ് സീനായിയിൽനിന്നു തിരിച്ചെത്തി.a കോഡക്സ് സൈനാറ്റിക്കസ് എന്ന് അറിയപ്പെടാനിടയായ അത്, ബൈബിളിന്റെ ഏറ്റവും പഴക്കമുള്ള കയ്യെഴുത്തുപ്രതികളിൽ ഒന്നായി തുടരുന്നു. സെന്റ് പീറ്റേഴ്സ്ബർഗിൽ എത്തിച്ചേർന്ന ഉടൻ ടിഷെൻഡോർഫ്, സാർചക്രവർത്തിയുടെ ശീതകാല കൊട്ടാരം സന്ദർശിച്ചു. “ചരിത്രത്തിലെ വിശകലനാത്മകവും ബൈബിൾപരവും ആയ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഒന്ന്” എന്ന നിലയിൽ, പുതുതായി കണ്ടെത്തിയ കയ്യെഴുത്തുപ്രതികളുടെ—പിന്നീട് അവ ഇംപീരിയൽ ലൈബ്രറിയിൽ സ്ഥാനംപിടിച്ചു—അച്ചടിക്കു പിന്തുണ നൽകാൻ അദ്ദേഹം സാർചക്രവർത്തിയോട് അഭ്യർഥിച്ചു. അതിനു സമ്മതംമൂളാൻ ചക്രവർത്തിക്ക് ഒട്ടും താമസമുണ്ടായില്ല. ആഹ്ലാദഭരിതനായ ടിഷെൻഡോർഫ് പിൽക്കാലത്ത് ഇപ്രകാരം എഴുതി: “ദൈവവചനത്തിന്റെ മൂലപാഠത്തിൽ എഴുതപ്പെട്ടത് കൃത്യമായി എന്തായിരുന്നെന്നു മനസ്സിലാക്കാനും ആധികാരികമായ രേഖകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ബൈബിൾസത്യം ഉയർത്തിപ്പിടിക്കാനും നമ്മെ സഹായിക്കുന്ന ഒരു ഉജ്ജ്വലപ്രകാശം എന്ന നിലയിൽ . . . ദിവ്യശക്തി നമ്മുടെ തലമുറയ്ക്കു സൈനാറ്റിക്ക് ബൈബിൾ പ്രദാനം ചെയ്തിരിക്കുന്നു.”
ക്രിമിയയിൽനിന്നു മൂല്യവത്തായ ബൈബിൾ നിക്ഷേപങ്ങൾ
മൂല്യവത്തായ ബൈബിൾ നിക്ഷേപങ്ങൾ തേടി പുറപ്പെട്ട മറ്റൊരു പണ്ഡിതനെക്കുറിച്ചും ആരംഭത്തിൽ പറഞ്ഞിരുന്നല്ലോ. ആരായിരുന്നു അദ്ദേഹം? ടിഷെൻഡോർഫ് റഷ്യയിൽ മടങ്ങിയെത്തുന്നതിന് ഏതാനും വർഷങ്ങൾക്കുമുമ്പ്, അവിശ്വസനീയമായ അളവിലുള്ള ഒരു പാഠശേഖരം ഇംപീരിയൽ ലൈബ്രറിക്കു ലഭിക്കുകയുണ്ടായി. അതു ചക്രവർത്തിയുടെ ശ്രദ്ധയാകർഷിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പണ്ഡിതന്മാരും എത്തിച്ചേർന്നു. അവർക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. കയ്യെഴുത്തുപ്രതികളുടെയും മറ്റു രേഖകളുടെയും ഒരു വൻ ശേഖരമാണ് അവർ കണ്ടത്—975 കയ്യെഴുത്തുപ്രതികളും ചുരുളുകളും ഉൾപ്പെടെ 2,412 ഇനങ്ങൾ! പത്താം നൂറ്റാണ്ടിനുമുമ്പുള്ള 45 ബൈബിൾ കയ്യെഴുത്തുപ്രതികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിശയകരമെന്നു പറയട്ടെ, 70-നു മുകളിൽ പ്രായമുണ്ടായിരുന്ന ഒരു കാരേറ്റു പണ്ഡിതനായ എവ്റാം ഫിർകൊവിച്ചായിരുന്നു ഈ കയ്യെഴുത്തുപ്രതികളെല്ലാംതന്നെ സ്വരൂപിച്ചത്. എന്നാൽ കാരേറ്റുകാർ ആരായിരുന്നു?b
ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ ചക്രവർത്തി അതിയായി ആഗ്രഹിച്ചു. മുമ്പു മറ്റു രാജ്യങ്ങൾക്കു സ്വന്തമായിരുന്ന പ്രദേശങ്ങൾ വെട്ടിപ്പിടിച്ചുകൊണ്ട് റഷ്യ അതിന്റെ അതിർത്തികൾ വികസിപ്പിച്ചിരുന്നു. അതു സാമ്രാജ്യത്തിനു പുതിയ വംശീയകൂട്ടങ്ങളെ സമ്മാനിച്ചു. കരിങ്കടലിന്റെ തീരത്തുള്ള പ്രകൃതിരമണീയ ഭൂപ്രദേശമായ ക്രിമിയയിൽ, കാഴ്ചയ്ക്ക് യഹൂദരെപ്പോലുള്ളവരും എന്നാൽ തുർക്കികളുടെ ആചാരമര്യാദകൾ പിൻപറ്റുകയും ടാറ്ററിനോടു ബന്ധമുള്ള ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകൾ വസിച്ചിരുന്നു. പൊതുയുഗത്തിനുമുമ്പ് 607-ലെ, യെരൂശലേമിന്റെ നാശത്തെത്തുടർന്ന് ബാബിലോണിൽ പ്രവാസികളായിത്തീർന്ന യഹൂദരായിരുന്നു ഈ കാരേറ്റുകാരുടെ പൂർവികർ. യഹൂദ റബ്ബിമാരിൽനിന്നു വ്യത്യസ്തരായി ഇവർ, തൽമൂദ് തള്ളിക്കളയുകയും തിരുവെഴുത്തുകളുടെ വായനയ്ക്കു പ്രാധാന്യം കൽപ്പിക്കുകയും ചെയ്തു. ക്രിമിയയിലുള്ള കാരേറ്റുകാർ, റബ്ബിമാരിൽനിന്നു തങ്ങൾക്കുള്ള വ്യത്യാസങ്ങളുടെ തെളിവുകൾ അത്യുത്സാഹത്തോടെ ചക്രവർത്തിമുമ്പാകെ സമർപ്പിച്ചു. അത് അവർക്ക് ഒരു വ്യതിരിക്ത നില നേടിക്കൊടുത്തു. കൈവശമുണ്ടായിരുന്ന പുരാതന കയ്യെഴുത്തുപ്രതികൾ ഹാജരാക്കിക്കൊണ്ട്, ബാബിലോണിലെ പ്രവാസത്തിനുശേഷം ക്രിമിയയിലേക്കു കുടിയേറിയ യഹൂദരുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്നു തെളിയിക്കാൻ കാരേറ്റുകാർ ശ്രമിച്ചു.
ചൂഫൂട് കാലേയിലെ പർവതശിഖരങ്ങളിലുള്ള പാർപ്പിടങ്ങളിലാണ് പുരാതന ലിഖിതങ്ങൾക്കും കയ്യെഴുത്തുപ്രതികൾക്കും വേണ്ടി ഫിർകൊവിച്ച് അന്വേഷണം ആരംഭിച്ചത്. പാറകൾ വെട്ടിയുണ്ടാക്കിയ ഈ കൊച്ചുഭവനങ്ങളിലായിരുന്നു കാരേറ്റുകാർ തലമുറകളായി താമസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നത്. യഹോവ എന്ന പാവനനാമം കാണപ്പെടുന്ന തിരുവെഴുത്തുകളുടെ പ്രതികൾ—അവ ജീർണിച്ചുതുടങ്ങിയാലും—കാരേറ്റുകാർ നശിപ്പിച്ചിരുന്നില്ല. അങ്ങനെ ചെയ്യുന്നതു ദൈവദോഷമായിട്ടാണ് അവർ കരുതിയിരുന്നത്. എബ്രായയിൽ “മറവിടം” എന്ന് അർഥംവരുന്ന ഗെനീസ എന്ന ചെറിയ സംഭരണശാലകളിൽ ആ കയ്യെഴുത്തുപ്രതികൾ അവർ ഭദ്രമായി സൂക്ഷിച്ചിരുന്നു. കാരേറ്റുകാർക്കു ദിവ്യനാമത്തോട് ആഴമായ ആദരവ് ഉണ്ടായിരുന്നതിനാൽ അത്തരം പത്രഖണ്ഡങ്ങൾ കാലങ്ങളോളം പരിപാലിക്കപ്പെട്ടു.
നൂറ്റാണ്ടുകളോളം അടിഞ്ഞുകൂടിയ പൊടിപടലങ്ങൾ തട്ടിമാറ്റിക്കൊണ്ട് ഫിർകൊവിച്ച് ഗെനീസകളിൽ ശ്രദ്ധാപൂർവം പരിശോധന നടത്തി. അവയിലൊന്നിൽനിന്ന് അദ്ദേഹം, പൊ.യു. 916-ൽ എഴുതപ്പെട്ട പ്രശസ്തമായ ഒരു കയ്യെഴുത്തുപ്രതി കണ്ടെടുത്തു. പീറ്റേഴ്സ്ബർഗ് കോഡക്സ് ഓഫ് ദ ലാറ്റർ പ്രോഫറ്റ്സ് എന്നറിയപ്പെടുന്ന ഇത് എബ്രായ തിരുവെഴുത്തുകളുടെ നിലവിലുള്ള ഏറ്റവും പഴയ പ്രതികളിൽ ഒന്നാണ്.
അസംഖ്യം കയ്യെഴുത്തുപ്രതികൾ സമാഹരിച്ചശേഷം, 1859-ൽ ആ വൻ ശേഖരം ഇംപീരിയൽ ലൈബ്രറിക്കു നൽകാൻ ഫിർകൊവിച്ച് തീരുമാനിച്ചു. 1862-ൽ, അന്നു വലിയ മൂല്യം വരുമായിരുന്ന 1,25,000 റൂബിൾ നൽകിക്കൊണ്ട് ലൈബ്രറിക്കുവേണ്ടി അതു വാങ്ങാൻ അലക്സാണ്ടർ രണ്ടാമൻ സഹായിച്ചു—അന്നു ലൈബ്രറിയുടെ വാർഷിക ബജറ്റ് 10,000 റൂബിളിൽ അധികം ആയിരുന്നില്ലെന്ന് ഓർക്കണം! ഇക്കൂട്ടത്തിൽ, പ്രസിദ്ധമായ ലെനിൻഗ്രാഡ് കോഡക്സ് (B 19A)-ഉം ഉണ്ടായിരുന്നു. 1008-ൽ എഴുത്തു തുടങ്ങിയ ഈ കോഡക്സ് എബ്രായ തിരുവെഴുത്തുകളുടെ ഏറ്റവും പഴക്കമുള്ള സമ്പൂർണ പ്രതിയാണ്. “എബ്രായ ബൈബിളിന്റെ ഏറ്റവും ആധുനികവും പണ്ഡിതോചിത ഭേദഗതികൾ അടങ്ങിയതും ആയ മിക്ക പതിപ്പുകളുടെയും പാഠങ്ങളുടെ ആധികാരികത തെളിയിക്കുന്നതിനാൽ സാധ്യതയനുസരിച്ച് ഇത് ബൈബിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏക കയ്യെഴുത്തുപ്രതി” ആണെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടു. (ചതുരം കാണുക.) 1862-ൽത്തന്നെ ടിഷെൻഡോർഫിന്റെ കോഡക്സ് സൈനാറ്റിക്കസ് പ്രസിദ്ധീകരിച്ചപ്പോൾ ലോകം കോരിത്തരിച്ചു.
ആത്മീയ പ്രബുദ്ധത ആധുനികകാലത്ത്
ഇപ്പോൾ, ദ നാഷണൽ ലൈബ്രറി ഓഫ് റഷ്യ എന്നറിയപ്പെടുന്ന ഗ്രന്ഥശാലയിൽ, പുരാതന കയ്യെഴുത്തുപ്രതികളുടെ ലോകമെങ്ങുമുള്ള വൻശേഖരങ്ങളിൽ ഒന്നു കാണാവുന്നതാണ്.c റഷ്യൻ ചരിത്രത്തിന്റെ വഴിത്തിരിവുകൾ അടിസ്ഥാനമാക്കി ഈ ലൈബ്രറിയുടെ പേര് രണ്ടു നൂറ്റാണ്ടിനുള്ളിൽ ഏഴു പ്രാവശ്യം മാറിയിട്ടുണ്ട്. ഇതിൽ, ദ സ്റ്റേറ്റ് സൾറ്റിക്കോഫ് ഷ്ചെഡ്രൈൻ പബ്ലിക് ലൈബ്രറി എന്ന പേര് സുപ്രസിദ്ധി നേടിയ ഒന്നാണ്. 20-ാം നൂറ്റാണ്ടിന്റെ പ്രക്ഷുബ്ധതകൾ ലൈബ്രറിക്കു ഹാനിവരുത്തിയെങ്കിലും അതിലുണ്ടായിരുന്ന കയ്യെഴുത്തുപ്രതികൾ രണ്ടു ലോകയുദ്ധങ്ങളെയും ലെനിൻഗ്രാഡ് ഉപരോധത്തെയും ഒരു പോറലുമേൽക്കാതെ അതിജീവിച്ചു. അത്തരം കയ്യെഴുത്തുപ്രതികളിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാം?
പുരാതന കയ്യെഴുത്തുപ്രതികൾ ബൈബിളിന്റെ അനേകം ആധുനിക പരിഭാഷകൾക്കും ആശ്രയയോഗ്യമായ ഒരു അടിസ്ഥാനമാണ്. ആത്മാർഥഹൃദയമുള്ള സത്യാന്വേഷികൾക്കു വിശുദ്ധ തിരുവെഴുത്തുകളുടെ കൂടുതൽ കൃത്യമായ ഒരു ഭാഷാന്തരം ലഭ്യമാക്കാൻ ഇതു സഹായിച്ചിരിക്കുന്നു. സൈനാറ്റിക്കസ് കോഡക്സും ലെനിൻഗ്രാഡ് കോഡക്സും വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—1961-ൽ യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ ഈ സമ്പൂർണ ഭാഷാന്തരം പ്രസിദ്ധീകരിച്ചു—തയ്യാറാക്കുന്നതിൽ അമൂല്യമായ സഹായം പ്രദാനം ചെയ്തു. ഉദാഹരണത്തിന്, പുതിയലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി ഉപയോഗപ്പെടുത്തിയ ബിബ്ലിയാ ഹെബ്രായിക്ക സ്റ്റുട്ഗാർട്ടെൻസ്യായും കിറ്റലിന്റെ ബിബ്ലിയ ഹെബ്രായിക്കയും തയ്യാറാക്കിയിട്ടുള്ളത് ലെനിൻഗ്രാഡ് കോഡക്സിന്റെ അടിസ്ഥാനത്തിലാണ്. അവയുടെ മൂലപാഠത്തിൽ ചതുരക്ഷര ദൈവനാമം 6,828 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്.
സെന്റ് പീറ്റേഴ്സ്ബർഗിൽ മൂകമായി നിലകൊള്ളുന്ന ലൈബ്രറിയോടും അതിലെ കയ്യെഴുത്തുപ്രതികളോടും—ആ പട്ടണത്തിന്റെ ലെനിൻഗ്രാഡ് എന്ന പഴയ പേരിലാണ് അവയിൽ ചിലത് അറിയപ്പെടുന്നത്—തങ്ങൾക്കുള്ള കടപ്പാട് തിരിച്ചറിയുന്ന ബൈബിൾ വായനക്കാർ ചുരുക്കമാണ്. എന്നാൽ, ആത്മീയ വെളിച്ചത്തിന്റെ ഉറവിടവും ബൈബിളിന്റെ ഗ്രന്ഥകർത്താവും ആയ യഹോവയോടാണ് നാം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ്, സങ്കീർത്തനക്കാരൻ അവനോട് ഇങ്ങനെ അപേക്ഷിച്ചത്: “നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ.”—സങ്കീർത്തനം 43:3.
[അടിക്കുറിപ്പുകൾ]
a പൊതുയുഗം നാലാം നൂറ്റാണ്ടിലുള്ള, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു സമ്പൂർണപ്രതിയും അദ്ദേഹം കൊണ്ടുവന്നു.
b കാരേറ്റുകാരെക്കുറിച്ചു കൂടുതലായി അറിയാൻ, 1995 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിലെ “കാരേറ്റുകാരും അവരുടെ സത്യാന്വേഷണവും” എന്ന ലേഖനം കാണുക.
c കോഡക്സ് സൈനാറ്റിക്കസിന്റെ അധികപങ്കും ബ്രിട്ടീഷ് മ്യൂസിയത്തിനു വിറ്റിരുന്നു. അതിന്റെ ചില ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ റഷ്യയിലെ നാഷണൽ ലൈബ്രറിയിൽ ഉള്ളത്.
[13-ാം പേജിലെ ചതുരം]
ദിവ്യനാമത്തിന്റെ പ്രചാരവും ഉപയോഗവും
തന്റെ വചനമായ ബൈബിൾ ഇക്കാലംവരെയും അതിജീവിക്കാൻ യഹോവ ജ്ഞാനപൂർവം ഇടയാക്കി. യുഗങ്ങളോളം അതു കാത്തുസൂക്ഷിക്കുന്നതിൽ പകർപ്പെഴുത്തുകാരുടെ അക്ഷീണ പരിശ്രമം ഉൾപ്പെട്ടിട്ടുണ്ട്. പൊ.യു. ആറുമുതൽ പത്തുവരെയുള്ള നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മാസൊരിറ്റുകാർ എന്ന വിദഗ്ധ എബ്രായ പകർപ്പെഴുത്തുകാർ ആയിരുന്നു ഇക്കാര്യത്തിൽ ഏറ്റവും സൂക്ഷ്മത പ്രകടിപ്പിച്ചവർ. പുരാതന എബ്രായ ഭാഷയ്ക്ക് സ്വരാക്ഷരങ്ങൾ ഇല്ലായിരുന്നതിനാൽ കാലം കടന്നുപോകവേ, എബ്രായ പാഠത്തിന്റെ കൃത്യമായ ഉച്ചാരണം അജ്ഞാതമായിത്തീരുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നു. എബ്രായ ഭാഷയ്ക്കു പകരമായി അരമായ ഭാഷ രംഗപ്രവേശം ചെയ്തുകൊണ്ടിരുന്നതായിരുന്നു കാരണം. എബ്രായ പദങ്ങളുടെ കൃത്യമായ ഉച്ചാരണം സൂചിപ്പിക്കാൻ മാസൊരിറ്റുകാർ ഒരു കൂട്ടം സ്വരാക്ഷര ചിഹ്നങ്ങൾ കണ്ടുപിടിക്കുകയും അത് ബൈബിൾ പാഠത്തിൽ ചേർക്കുകയും ചെയ്തു.
ലെനിൻഗ്രാഡ് കോഡക്സിലുള്ള മാസൊരിറ്റിക് സ്വരാക്ഷര ചിഹ്നങ്ങൾ, ദിവ്യനാമത്തെ സൂചിപ്പിക്കുന്ന നാല് എബ്രായ വ്യഞ്ജനങ്ങളായ ചതുരക്ഷരിക്ക് യേഹ്വാ, യേഹ്വി, യഹോവ എന്നീ ഉച്ചാരണങ്ങൾ കൊടുക്കാൻ അനുവദിക്കുന്നു എന്നതു ശ്രദ്ധാർഹമാണ്. ഇന്ന് ആ പദത്തിന്റെ, ഏറ്റവും വ്യാപകമായി അറിയപ്പെടുന്ന ഉച്ചാരണം “യഹോവ” എന്നാണ്. മൂല്യവത്തും സുപരിചിതവും ആയ ഒരു പദം ആയിട്ടാണു ദൈവനാമത്തെ ബൈബിളെഴുത്തുകാരും അവരുടെ സമകാലീനരും വീക്ഷിച്ചിരുന്നത്. ‘യഹോവ മാത്രമാണ് സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ’ എന്നു തിരിച്ചറിഞ്ഞിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ന് അവന്റെ നാമം അറിയാം. അവർ അത് ഉപയോഗിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 83:18.
[10-ാം പേജിലെ ചിത്രം]
നാഷണൽ ലൈബ്രറിയിൽ കയ്യെഴുത്തുപ്രതികൾ സൂക്ഷിച്ചിരിക്കുന്ന മുറി
[11-ാം പേജിലെ ചിത്രം]
കാതറിൻ-II ചക്രവർത്തിനി
[11-ാം പേജിലെ ചിത്രങ്ങൾ]
കോൺസ്റ്റാന്റിൻ വോൺ ടിഷെൻഡോർഫും (മധ്യത്തിൽ) റഷ്യയിലെ സാർചക്രവർത്തിയായ അലക്സാണ്ടർ രണ്ടാമനും
[12-ാം പേജിലെ ചിത്രം]
എവ്റാം ഫിർകൊവിച്ച്
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
രണ്ടു ചിത്രങ്ങളും: നാഷണൽ ലൈബ്രറി ഓഫ് റഷ്യ, സെന്റ് പീറ്റേഴ്സ്ബർഗ്
[11-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കാതറിൻ-II: നാഷണൽ ലൈബ്രറി ഓഫ് റഷ്യ, സെന്റ് പീറ്റേഴ്സ്ബർഗ്; അലക്സാണ്ടർ രണ്ടാമൻ: From the book Spamers Illustrierte Weltgeschichte, Leipzig, 1898