വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
നിയമപെട്ടകത്തിൽ രണ്ടു കൽപ്പലകകൾ മാത്രമാണോ ഉണ്ടായിരുന്നത്, അതോ മറ്റെന്തെങ്കിലുംകൂടെ ഉണ്ടായിരുന്നോ?
പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 1026-ൽ ശലോമോന്റെ ആലയത്തിന്റെ സമർപ്പണവേളയിൽ, “യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.” (2 ദിനവൃത്താന്തം 5:10) എന്നാൽ സ്ഥിതി എന്നും ഇങ്ങനെ ആയിരുന്നില്ല.
“യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ” അവർ സീനായ് മരുഭൂമിയിൽ പ്രവേശിച്ചു. (പുറപ്പാടു 19:1, 2) അവിടെവെച്ച് സീനായ് പർവതത്തിൽ കയറിച്ചെന്ന മോശെക്ക് ന്യായപ്രമാണം അടങ്ങിയ രണ്ടു കൽപ്പലകകൾ ലഭിച്ചു. “അനന്തരം ഞാൻ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലക വെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ട്” എന്ന് അവൻ വിവരിക്കുന്നു. (ആവർത്തനപുസ്തകം 10:5) ന്യായപ്രമാണ ഫലകങ്ങൾ സൂക്ഷിക്കുന്നതിനായി യഹോവ മോശെയോടു നിർമിക്കാൻ പറഞ്ഞിരുന്ന ആ പെട്ടകം അഥവാ പെട്ടി ഒരു താത്കാലിക സംവിധാനം ആയിരുന്നു. (ആവർത്തനപുസ്തകം 10:1) പൊ.യു.മു. 1513-ന്റെ അവസാനത്തോടെയാണ് നിയമപെട്ടകത്തിന്റെ പണി പൂർത്തിയായത്.
ഈജിപ്തിൽനിന്നു വിടുവിക്കപ്പെട്ട് അധികം കഴിയുന്നതിനു മുമ്പുതന്നെ ഇസ്രായേല്യർ ഭക്ഷണത്തെച്ചൊല്ലി പിറുപിറുക്കാൻ തുടങ്ങി. അപ്പോൾ ദൈവം അവർക്കു മന്ന പ്രദാനം ചെയ്തു. (പുറപ്പാടു 12:17, 18; 16:1-5) ആ സന്ദർഭത്തിൽ മോശെ അഹരോന് ഈ നിർദേശം നൽകി: “ഒരു പാത്രം എടുത്തു അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വെച്ചുകൊൾക.” വിവരണം ഇങ്ങനെ തുടരുന്നു: “യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവെച്ചു.” പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്ന ഒരു സ്ഥലമായിരുന്നു അത്. (പുറപ്പാടു 16:33, 34) ആ സമയത്ത് അഹരോൻ ഒരു പാത്രത്തിൽ മന്ന ശേഖരിച്ചുവെച്ചെങ്കിലും സാക്ഷ്യസന്നിധിയിൽ അതു സൂക്ഷിക്കാൻ, മോശെ നിയമപെട്ടകം ഉണ്ടാക്കി ഫലകങ്ങൾ അതിൽ വെക്കുന്നതുവരെ കാത്തിരിക്കണമായിരുന്നു.
മുമ്പു സൂചിപ്പിച്ചതുപോലെ, പൊ.യു.മു. 1513-ന്റെ അവസാനത്തോടെയാണ് നിയമപെട്ടകം നിർമിച്ചത്. കോരഹിന്റെയും മറ്റുള്ളവരുടെയും മത്സരത്തിന് ഏറെക്കാലത്തിനുശേഷമാണ് അഹരോന്റെ വടി ആ പെട്ടകത്തിൽ വെച്ചത്. അപ്പൊസ്തലനായ പൗലൊസ് പരാമർശിച്ച നിയമപെട്ടകത്തിൽ “മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും” ഉണ്ടായിരുന്നു.—എബ്രായർ 9:4.
40 വർഷത്തെ മരുപ്രയാണകാലത്ത് ഇസ്രായേല്യർക്കു ദൈവം നൽകിയ ഭക്ഷണമാണ് മന്ന. “അവർ [വാഗ്ദത്ത]ദേശത്തെ വിളവു അനുഭവി”ച്ചുതുടങ്ങിയപ്പോൾ മന്ന നിന്നുപോയി. (യോശുവ 5:11, 12) അഹരോന്റെ വടി നിയമപെട്ടകത്തിൽ വെച്ചതിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു—അത് ആ ദുഷ്ട തലമുറയെ കുറ്റംവിധിക്കുന്ന ഒരു അടയാളം അഥവാ സാക്ഷ്യമായി ഉതകി. കുറഞ്ഞപക്ഷം മരുപ്രയാണത്തിന്റെ അന്ത്യംവരെ അഹരോന്റെ വടി അവിടെ ഉണ്ടായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. അഹരോന്റെ വടിയും മന്ന നിറച്ച പൊൻപാത്രവും, ഇസ്രായേല്യർ വാഗ്ദത്തദേശത്തു പ്രവേശിച്ചതിനും ശലോമോന്റെ ആലയത്തിന്റെ സമർപ്പണത്തിനും ഇടയിൽ എപ്പോഴോ നിയമപെട്ടകത്തിൽനിന്നു നീക്കംചെയ്തുവെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണ്.