വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഭൂതങ്ങളിൽനിന്ന് ഉപദ്രവം നേരിടുന്ന ഒരു വ്യക്തിക്ക് അതിൽനിന്നുള്ള മോചനത്തിനായി എന്തു ചെയ്യാനാകും?
ഭൂതങ്ങളുടെ ആക്രമണം നേരിടുന്നവർക്ക് അതിൽനിന്നു മോചനം നേടാനാകുമെന്ന് ദൈവവചനം വ്യക്തമാക്കുന്നു. ഇതിൽ പ്രാർഥന ഒരു നിർണായക പങ്കുവഹിക്കുന്നു. (മർക്കൊസ് 9:25-29) എന്നാൽ അത്തരമൊരു വ്യക്തി മറ്റു ചില കാര്യങ്ങൾകൂടെ ചെയ്യേണ്ടതുണ്ടായിരിക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ അതിലേക്കു വെളിച്ചംവീശുന്നു.
പുരാതന എഫെസൊസിലെ ചിലർ ക്രിസ്തുവിന്റെ അനുഗാമികളായിത്തീരുന്നതിനുമുമ്പ് ഭൂതാരാധനയിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, ദൈവത്തെ സേവിക്കാൻ നിശ്ചയിച്ചതോടെ “ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു.” (പ്രവൃത്തികൾ 19:19) മന്ത്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ നശിപ്പിച്ചുകളഞ്ഞ എഫെസൊസിലെ ആ പുതിയ വിശ്വാസികൾ, ഇന്നു ഭൂതാക്രമണത്തിൽനിന്നു സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്ന ഏവർക്കും ഒരു നല്ല മാതൃകയാണ്. അങ്ങനെയുള്ളവർ ആത്മവിദ്യയുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കലുള്ള സകല വസ്തുക്കളും കളയേണ്ടത് അനിവാര്യമാണ്. ആത്മവിദ്യാപരമായ വിഷയങ്ങൾ അടങ്ങിയ പുസ്തകങ്ങൾ, മാസികകൾ, കാസെറ്റുകൾ, സിഡി-കൾ എന്നിവയും ഏലസ്സുകളും ഇതിൽ ഉൾപ്പെടുന്നു.—ആവർത്തനപുസ്തകം 7:25, 26; 1 കൊരിന്ത്യർ 10:21.
എഫെസൊസിലെ ക്രിസ്ത്യാനികൾ മേൽപ്പറഞ്ഞ നിർണായക നടപടി സ്വീകരിച്ച് ഏതാനും വർഷങ്ങൾക്കുശേഷം പൗലൊസ് അപ്പൊസ്തലൻ, “ദുഷ്ടാത്മസേന”യോട് ‘നമുക്ക് ഒരു പോരാട്ടം’ ഉള്ളതായി എഴുതി. (എഫെസ്യർ 6:12) അവൻ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.” (എഫെസ്യർ 6:11) ആ ബുദ്ധിയുപദേശം ഇന്നും പ്രസക്തമാണ്. ദുഷ്ടാത്മാക്കളുടെ സ്വാധീനത്തിൽനിന്നു സ്വതന്ത്രരായിരിക്കാൻ ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയ പ്രതിരോധ നടപടികൾ സുശക്തമാക്കണം. “എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ” എന്ന് പൗലൊസ് ഉദ്ബോധിപ്പിച്ചു. (എഫെസ്യർ 6:16) ബൈബിൾ പഠനത്തിലൂടെ ഒരു വ്യക്തിക്ക് തന്റെ വിശ്വാസം ബലപ്പെടുത്താനാകും. (റോമർ 10:17; കൊലൊസ്സ്യർ 2:6, 7) അതുകൊണ്ട് ദുഷ്ടാത്മാക്കളുടെ സ്വാധീനത്തിൽനിന്നു നമ്മെ സംരക്ഷിക്കാൻ പര്യാപ്തമായ വിശ്വാസം വളർത്തിയെടുക്കുന്നതിന് ക്രമമായ ബൈബിൾ പഠനം നമ്മെ സഹായിക്കും.—സങ്കീർത്തനം 91:4; 1 യോഹന്നാൻ 5:5.
എഫെസൊസിലെ ക്രിസ്ത്യാനികൾ സുപ്രധാനമായ മറ്റൊരു നടപടികൂടെ കൈക്കൊള്ളേണ്ടിയിരുന്നു. പൗലൊസ് അവരോടു പറഞ്ഞു: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ . . . ജാഗരിച്ചുംകൊണ്ടു . . . പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” (എഫെസ്യർ 6:18) അതേ, ഇന്നു ഭൂതാക്രമണങ്ങളിൽനിന്നു മോചനം തേടുന്ന സകലരും യഹോവയുടെ സംരക്ഷണത്തിനായി ഉള്ളുരുകി പ്രാർഥിക്കേണ്ടത് അനിവാര്യമാണ്. (സദൃശവാക്യങ്ങൾ 18:10; മത്തായി 6:13; 1 യോഹന്നാൻ 5:18, 19) “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്ന തിരുവെഴുത്ത് തികച്ചും അർഥവത്താണ്.—യാക്കോബ് 4:7.
ഭൂതാക്രമണം നേരിടുന്ന വ്യക്തി അതിൽനിന്നുള്ള മോചനത്തിനായി തീവ്രമായി പ്രാർഥിക്കണമെന്നിരിക്കേ, യഹോവയെ സേവിക്കാൻ അതിയായി ആഗ്രഹിക്കുകയും ദുഷ്ടാത്മാക്കളെ ചെറുക്കാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനുവേണ്ടി മറ്റു സത്യക്രിസ്ത്യാനികൾക്കും പ്രാർഥിക്കാവുന്നതാണ്. ഭൂതശല്യം ചെറുക്കാൻ ആവശ്യമായ ആത്മീയ ബലം ആർജിച്ചെടുക്കാനുള്ള ആ വ്യക്തിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമേയെന്ന് അവർക്ക് ദൈവത്തോട് അപേക്ഷിക്കാൻ കഴിയും. “നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കു”ന്നുവെന്ന് ദൈവവചനം പറയുന്നതിനാൽ, ദൈവദാസന്മാരുടെ പ്രാർഥനകൾ “പിശാചിനോടു എതിർത്തു”നിൽക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന അത്തരം വ്യക്തികൾക്കു തീർച്ചയായും പ്രയോജനം ചെയ്യും.—യാക്കോബ് 5:16.
[31-ാം പേജിലെ ചിത്രം]
എഫെസൊസിലെ വിശ്വാസികൾ മന്ത്രവാദ വുമായി ബന്ധപ്പെട്ട് തങ്ങൾക്കുണ്ടായി രുന്ന പുസ്തകങ്ങൾ നശിപ്പിച്ചുകളഞ്ഞു