ജീവിത കഥ
സ്ഥിരോത്സാഹം സന്തോഷം കൈവരുത്തുന്നു
മാരിയോ റോഷ ഡി സോസ പറഞ്ഞ പ്രകാരം
“മിസ്റ്റർ റോഷ ഒരു ഓപ്പറേഷനെ അതിജീവിക്കുന്ന കാര്യം സംശയമാണ്.” ഒരു ഡോക്ടറുടെ ആശയറ്റ ആ വാക്കുകൾ കേട്ടിട്ട് ഏകദേശം 20 വർഷം പിന്നിട്ടിരിക്കുന്നു. പക്ഷേ ഞാൻ ഇപ്പോഴും ജീവനോടിരിക്കുന്നു; യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുകയും ചെയ്യുന്നു. ഈ കാലമത്രയും പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത് എന്താണ്?
സാന്റൂ എസ്റ്റാവൗന് അടുത്തുള്ള ഒരു ഫാമിലായിരുന്നു ഞാൻ എന്റെ കുട്ടിക്കാലം ചെലവഴിച്ചത്. വടക്കുകിഴക്കൻ ബ്രസീലിലുള്ള ബഹിയ സംസ്ഥാനത്തിലെ ഒരു ഗ്രാമമായിരുന്നു അത്. ഏഴു വയസ്സുള്ളപ്പോൾ ഫാമിലെ ജോലിയിൽ ഞാൻ പിതാവിനെ സഹായിക്കാൻ തുടങ്ങി. ദിവസവും സ്കൂൾ വിട്ടുവരുമ്പോൾ അദ്ദേഹം എനിക്ക് എന്തെങ്കിലും ജോലി തരുമായിരുന്നു. ക്രമേണ, ബിസിനസ്സിനോടു ബന്ധപ്പെട്ട് പിതാവ് തലസ്ഥാന നഗരിയായ സാൽവഡോറിലേക്ക് പോകുമ്പോഴൊക്കെ ഫാമിലെ കാര്യങ്ങൾ നോക്കിനടത്താനുള്ള ഉത്തരവാദിത്വം എനിക്കായി.
വൈദ്യുതിയോ പൈപ്പുവെള്ളമോ ഇന്നു കാണുന്ന സൗകര്യങ്ങളോ ഒന്നും ഞങ്ങൾക്കില്ലായിരുന്നു. എന്നിട്ടും ഞങ്ങൾ സന്തുഷ്ടരായിരുന്നു. പട്ടം പറത്തുക, കൂട്ടുകാരും ഞാനും ചേർന്ന് ഉണ്ടാക്കിയ മരംകൊണ്ടുള്ള കാറുകൾ ഓടിക്കുക—ഇതൊക്കെയായിരുന്നു എന്റെ കളികൾ. മതപരമായ ജാഥകളിൽ ഞാൻ ക്ലാരിനെറ്റ് എന്ന കുഴൽവാദ്യം വായിക്കുമായിരുന്നു. സ്ഥലത്തെ പള്ളിയിലെ ഗായകസംഘത്തിൽ അംഗമായിരുന്നു ഞാൻ. അവിടെവെച്ച് ഇസ്റ്റോറിയ സാഗ്രാഡ (വിശുദ്ധ ചരിത്രം) എന്ന പുസ്തകം കാണാനിടയായി, അത് ബൈബിളിൽ താത്പര്യം ജനിപ്പിച്ചു.
1932-ൽ, എനിക്ക് 20 വയസ്സുള്ളപ്പോൾ, വടക്കുകിഴക്കൻ ബ്രസീൽ കടുത്ത വരൾച്ചയുടെ പിടിയിലായി. കുറെക്കാലം നീണ്ടുനിന്ന ആ വരൾച്ചയുടെ ഫലമായി ഞങ്ങളുടെ കന്നുകാലികൾ ചത്തൊടുങ്ങി, വിളവുകൾ നശിച്ചു. അതുകൊണ്ട് ഞാൻ സാൽവഡോറിലേക്കു താമസം മാറ്റി. അവിടെ ഞാൻ ഒരു ട്രാം ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ഞാൻ ഒരു വീട് വാടകയ്ക്കെടുത്തു, കുടുംബാംഗങ്ങളെയും അങ്ങോട്ടു കൊണ്ടുവന്നു. അങ്ങനെയിരിക്കെ എന്റെ എട്ട് അനുജത്തിമാരെയും മൂന്ന് അനുജന്മാരെയും അമ്മയെയും എന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് എന്റെ പിതാവ് മരിച്ചു. 1944-ൽ ആയിരുന്നു അത്.
ഒരു സുവിശേഷകനായിത്തീരുന്നു
സാൽവഡോറിൽ എത്തിയ ഞാൻ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ഒരു ബൈബിൾ വാങ്ങുകയെന്നതാണ്. ഏതാനും വർഷത്തേക്ക് ഞാൻ ബാപ്റ്റിസ്റ്റ് പള്ളിയിൽ പോയിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് മറ്റൊരു ട്രാം ഡ്രൈവറായ ഡൂർവാലുമായി ഞാൻ സൗഹൃദത്തിലായത്. ഞങ്ങൾ ബൈബിളിനെക്കുറിച്ച് ദീർഘനേരം ചർച്ചചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എനിക്ക് മരിച്ചവർ എവിടെ?a എന്ന ചെറുപുസ്തകം തന്നു. മനുഷ്യന് ഒരു അമർത്യദേഹിയുണ്ടെന്നു വിശ്വസിച്ചിരുന്നെങ്കിലും, ഈ ചെറുപുസ്തകത്തിൽ ഉദ്ധരിച്ചിരുന്ന ബൈബിൾ വാക്യങ്ങൾ പരിശോധിച്ചുനോക്കാൻ എനിക്കു ജിജ്ഞാസ തോന്നി. പാപം ചെയ്യുന്ന ദേഹി മരിക്കുമെന്ന് ബൈബിൾ പഠിപ്പിക്കുന്നുവെന്നു കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി.—യെഹെസ്കേൽ 18:4
എന്റെ താത്പര്യം മനസ്സിലാക്കിയ ഡൂർവാൽ, എന്നെ വീട്ടിൽ വന്നു കാണാൻ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായ ആന്റോണ്യൂ ആൻഡ്രാഡിയോട് ആവശ്യപ്പെട്ടു. മൂന്നു തവണ എന്നെ സന്ദർശിച്ചതിനുശേഷം ബൈബിൾ സത്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാനായി തന്നോടൊപ്പം ചെല്ലാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. ആദ്യത്തെ രണ്ടു വീട്ടിൽ സംസാരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു, “ഇനി താങ്കളുടെ ഊഴമാണ്.” എനിക്ക് എന്തെന്നില്ലാത്ത പരിഭ്രമം തോന്നി. എന്നാൽ ഒരു കുടുംബം നന്നായി ശ്രദ്ധിക്കുകയും ഞാൻ കൊടുത്ത രണ്ടു പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തപ്പോൾ എനിക്കു സന്തോഷമായി. ബൈബിൾ സത്യത്തിൽ താത്പര്യമുള്ള ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ അതേ സന്തോഷമാണ് എനിക്കിന്നും.
1943 ഏപ്രിൽ 19-ാം തീയതി സാൽവഡോറിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ഞാൻ സ്നാപനമേറ്റു. ആ വർഷത്തെ, ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികം ആയിരുന്നു അന്ന്. പരിചയസമ്പന്നരായ ക്രിസ്തീയ പുരുഷന്മാർ കുറവായിരുന്നതിനാൽ ആൻഡ്രാഡി സഹോദരന്റെ വീട്ടിൽ കൂടിവന്നിരുന്ന സാക്ഷികളുടെ കൂട്ടത്തെ സഹായിക്കാൻ എന്നെ നിയമിച്ചു. സാൽവഡോറിന്റെ കുന്നിൻ പ്രദേശത്തെ താണ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ തെരുവുകളിലൊന്നിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
ആദ്യകാല എതിർപ്പ്
രണ്ടാം ലോകമഹായുദ്ധകാലത്ത് (1939-45) നമ്മുടെ ക്രിസ്തീയ പ്രവർത്തനത്തിന് തീരെ ജനസമ്മതിയില്ലായിരുന്നു. ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ഭൂരിഭാഗവും വന്നിരുന്നത് അമേരിക്കൻ ഐക്യനാടുകളിൽനിന്ന് ആയിരുന്നതിനാൽ ഞങ്ങൾ വടക്കേ അമേരിക്കൻ ചാരന്മാരാണെന്നു ചില അധികാരികൾ സംശയിച്ചു. അറസ്റ്റും ചോദ്യംചെയ്യലും സ്ഥിരം സംഭവങ്ങളായി. ഒരു സാക്ഷി വയൽശുശ്രൂഷ കഴിഞ്ഞ് മടങ്ങിവരാതിരുന്നാൽ അദ്ദേഹം പോലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നു ഞങ്ങൾ നിഗമനം ചെയ്യുകയും അദ്ദേഹത്തെ വിട്ടുകിട്ടുന്നതിനായി പോലീസ് സ്റ്റേഷനിലേക്കു പോകുകയും ചെയ്യുമായിരുന്നു.
1943 ആഗസ്റ്റിൽ ആഡോൾഫ് മെസ്മർ എന്ന ജർമനിക്കാരനായ സാക്ഷി ഞങ്ങളുടെ ആദ്യത്തെ സമ്മേളനം സംഘടിപ്പിക്കുന്നതിൽ സഹായിക്കാനായി സാൽവഡോറിലെത്തി. അധികാരികളിൽനിന്ന് സമ്മേളനം നടത്താനുള്ള അനുമതി കിട്ടിയശേഷം, “പുതിയ ലോകത്തിൽ സ്വാതന്ത്ര്യം” എന്ന പരസ്യപ്രസംഗത്തെ കുറിച്ച് അറിയിച്ചുകൊണ്ടുള്ള വാർത്ത പ്രാദേശിക പത്രങ്ങളിൽ കൊടുത്തു. ട്രാമുകളിലും കടകളുടെ ജനലുകളിലുമൊക്കെ പ്രസംഗം പരസ്യപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ ഒട്ടിച്ചു. എന്നാൽ സമ്മേളനത്തിന്റെ രണ്ടാം ദിവസം, കൂടിവരുന്നതിനുള്ള ഞങ്ങളുടെ ലൈസൻസ് റദ്ദുചെയ്തെന്ന വിവരം ഒരു പോലീസുകാരൻ ഞങ്ങളെ അറിയിച്ചു. സമ്മേളനം തടയാനായി സാൽവഡോറിലെ ആർച്ചുബിഷപ്പ് പോലീസ് ചീഫിന്റെമേൽ സമ്മർദം ചെലുത്തുകയായിരുന്നു. എന്നാൽ തുടർന്നുവന്ന ഏപ്രിലിൽ, ആ പരസ്യപ്രസംഗം നടത്തുന്നതിനുള്ള അനുമതി ഞങ്ങൾക്കു ലഭിച്ചു.
പയനിയറിങ് എന്ന ലക്ഷ്യത്തിലേക്ക്
1946-ൽ, സാവൊ പൗലോ നഗരത്തിൽവെച്ചു നടന്ന ‘സന്തുഷ്ട ജനതകൾ ദിവ്യാധിപത്യ സമ്മേളന’ത്തിൽ സംബന്ധിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. കപ്പലിന്റെ മേൽത്തട്ടിൽ കിടന്നുറങ്ങാമെങ്കിൽ ഞങ്ങളിൽ കുറച്ചുപേർക്ക് തന്റെ ചരക്കുകപ്പലിൽ യാത്ര ചെയ്യാമെന്ന് സാൽവഡോറിലെ ഒരു കപ്പിത്താൻ ഞങ്ങളോടു പറഞ്ഞു. കാറ്റും കോളും കാരണം കടൽ പ്രക്ഷുബ്ധമായിരുന്നു; ഞങ്ങൾക്കൊക്കെ കടൽച്ചൊരുക്കും ഉണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും, നാലു ദിവസങ്ങൾക്കുശേഷം ഞങ്ങൾ സുരക്ഷിതരായി റിയോ ഡി ജനീറോയിൽ എത്തിച്ചേർന്നു. അവിടെയുള്ള സാക്ഷികൾ സന്തോഷത്തോടെ ഞങ്ങളെ അവരുടെ വീടുകളിൽ സ്വീകരിച്ചു. ഏതാനും ദിവസം അവിടെ തങ്ങിയശേഷം ഞങ്ങൾ ട്രെയിനിൽ യാത്ര തുടർന്നു. ട്രെയിൻ സാവൊ പൗലോയിൽ എത്തിയപ്പോൾ “യഹോവയുടെ സാക്ഷികൾക്കു സ്വാഗതം” എന്ന ബാനറുകളുമായി ഒരു കൂട്ടം സഹോദരങ്ങൾ ഞങ്ങളെ അഭിവാദ്യംചെയ്തു.
സാൽവഡോറിൽ തിരിച്ചെത്തി അധികം താമസിയാതെ, ഐക്യനാടുകളിൽനിന്നുള്ള ഒരു മിഷനറിയായ ഹാരെ ബ്ലാക്കിനോട് ഒരു പയനിയർ—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ് അറിയപ്പെടുന്നത്—ആയിത്തീരുകയെന്ന എന്റെ ആഗ്രഹം അറിയിച്ചു. എനിക്ക് കുടുംബ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന കാര്യം എന്നെ ഓർമിപ്പിച്ചിട്ട് കാത്തിരിക്കാൻ അദ്ദേഹം എന്നോടു പറഞ്ഞു. അവസാനം 1952 ജൂൺ ആയപ്പോഴേക്കും എന്റെ കൂടെപ്പിറപ്പുകൾക്ക് സ്വന്തം കാലിൽ നിൽക്കാമെന്നായി; സാൽവഡോറിന് 210 കിലോമീറ്റർ തെക്കായി ഇല്യായുസിലെ ഒരു ചെറിയ സഭയിൽ ഒരു പയനിയറായി എനിക്കു നിയമനം ലഭിക്കുകയും ചെയ്തു.
ഉദാരമായ ഒരു കരുതൽ
പിറ്റേ വർഷം, സാക്ഷികൾ ആരുമില്ലാത്ത ഉൾപ്രദേശത്തുള്ള ഷെക്ക്യേ എന്ന വലിയ പട്ടണത്തിലേക്ക് എനിക്കു നിയമനം ലഭിച്ചു. ഞാൻ ആദ്യം സന്ദർശിച്ചത് സ്ഥലത്തെ വൈദികനെയാണ്. ആ പട്ടണം തന്റെ അധികാര പരിധിയിൽ വരുന്നതാണെന്നു പറഞ്ഞ അദ്ദേഹം അവിടെ പ്രസംഗിക്കുന്നതിൽനിന്ന് എന്നെ വിലക്കി. ‘കള്ളപ്രവാചകന്റെ’ ആഗമനത്തെക്കുറിച്ച് അദ്ദേഹം തന്റെ ഇടവകാംഗങ്ങൾക്കു മുന്നറിയിപ്പു നൽകുകയും എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒറ്റിക്കൊടുക്കാൻ പട്ടണത്തിലുടനീളം ചാരന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നിരുന്നാലും, അന്ന് ഞാൻ 90-ലധികം ബൈബിൾ പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയും നാലു ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്തു. രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ഷെക്ക്യേയിൽ 36 പേർ സാക്ഷികളായിത്തീർന്നിരുന്നു, അവർക്ക് സ്വന്തമായി ഒരു രാജ്യഹാളുമായി! ഇന്ന് അവിടെ എട്ടു സഭകളും ഏതാണ്ട് 700 സാക്ഷികളുമുണ്ട്.
ഷെക്ക്യേയിലെത്തി ആദ്യ മാസങ്ങളിൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി, വാടകയ്ക്കെടുത്ത ഒരു ചെറിയ മുറിയിലായിരുന്നു എന്റെ താമസം. അങ്ങനെയിരിക്കെ ഷെക്ക്യേയിലെ ഏറ്റവും നല്ല ഹോട്ടലുകളിൽ ഒന്നായ ‘ഹോട്ടൽ സൂഡയെസ്റ്റ’യുടെ ഉടമയായ മിഗെൽ വാസ് ഡി ഓലിവേറയെ ഞാൻ കണ്ടുമുട്ടി. മിഗെൽ ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ഹോട്ടലിലേക്കു താമസം മാറ്റാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു. മിഗെലും ഭാര്യയും പിന്നീട് സാക്ഷികളായിത്തീർന്നു.
ഷെക്ക്യേയെക്കുറിച്ചുള്ള മധുര സ്മരണകളിൽ മറ്റൊന്ന് ലൂയിസ് കോട്രിൻ എന്ന ഹൈസ്കൂൾ അധ്യാപകനുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തോടൊപ്പവും ഞാൻ ബൈബിൾ പഠിച്ചു. പോർച്ചുഗീസ് ഭാഷയിലും കണക്കിലുമുള്ള എന്റെ അറിവ് വർധിപ്പിക്കാൻ സഹായിക്കാമെന്ന് ലൂയിസ് പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഞാൻ തത്ക്ഷണം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു. ഓരോ ആഴ്ചയും ബൈബിളധ്യയനത്തിനുശേഷം ലൂയിസ് പഠിപ്പിച്ച പാഠങ്ങൾ, പെട്ടെന്നുതന്നെ യഹോവയുടെ സംഘടന എനിക്കു നൽകുമായിരുന്ന പ്രത്യേക നിയമനങ്ങൾക്കായി ഒരുങ്ങാൻ എന്നെ സഹായിച്ചു.
ഒരു പുതിയ വെല്ലുവിളി
1956-ൽ, അന്ന് റിയോ ഡി ജനീറോയിൽ സ്ഥിതിചെയ്തിരുന്ന ബ്രാഞ്ച് ഓഫീസിൽനിന്ന് ഒരു കത്ത് കിട്ടി. ഒരു സർക്കിട്ട് മേൽവിചാരകൻ—യഹോവയുടെ സാക്ഷികളുടെ സഞ്ചാര ശുശ്രൂഷകർ ആ പേരിലാണ് അറിയപ്പെടുന്നത്—ആകാനുള്ള പരിശീലനം നേടുന്നതിനായി അവിടേക്കു ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. ഒരു മാസത്തിലേറെ നീണ്ടുനിന്ന ഈ കോഴ്സിൽ എന്നെക്കൂടാതെ മറ്റ് എട്ടുപേർ കൂടെ ഉണ്ടായിരുന്നു. കോഴ്സിനൊടുവിൽ സാവൊ പൗലോയിലേക്ക് എനിക്ക് നിയമനം ലഭിച്ചു. അത് എന്നിൽ അൽപ്പം ഉത്കണ്ഠ ഉളവാക്കി. ഞാൻ സ്വയം ഇങ്ങനെ ചോദിച്ചു: ‘ആ ഇറ്റലിക്കാർക്കിടയിൽ കറുത്ത വർഗക്കാരനായ ഈ ഞാൻ എന്തു ചെയ്യാനാണ്? അവർക്ക് എന്നെ ഉൾക്കൊള്ളാനാകുമോ?’b
ഞാൻ ആദ്യം സന്ദർശിച്ച സഭയിലെ രാജ്യഹാൾ സാക്ഷികളെയും താത്പര്യക്കാരെയുംകൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ എനിക്കു സന്തോഷമായി. സാന്റൂ ആമാരൂ ജില്ലയിലുള്ള ആ സഭയിലെ 97 പേരും ആ വാരാന്തത്തിൽ എന്നോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടു. എന്റെ ഉത്കണ്ഠകൾ അസ്ഥാനത്തായിരുന്നെന്ന് അതോടെ എനിക്കു ബോധ്യമായി. ‘ഇവർ എന്റെ സഹോദരങ്ങൾ തന്നെ,’ ഞാൻ മനസ്സിൽ പറഞ്ഞു. ആ പ്രിയ സഹോദരീസഹോദരന്മാരുടെ ഊഷ്മളതയാണ് സഞ്ചാര ശുശ്രൂഷയിൽ തുടരാൻ എനിക്ക് കരുത്തേകിയത്.
കഴുതകളും കുതിരകളും ഉറുമ്പുതീനികളും
നാട്ടിൻപുറങ്ങളിലുള്ള സഭകളെയും സാക്ഷികളുടെ ചെറിയ കൂട്ടങ്ങളെയും സന്ദർശിക്കുന്നതിനായി ആദ്യകാലങ്ങളിൽ സഞ്ചാര മേൽവിചാരകന്മാർക്ക് ദീർഘദൂരം യാത്രചെയ്യേണ്ടിയിരുന്നു. അവർ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു അത്. അവിടങ്ങളിൽ പൊതു ഗതാഗത സംവിധാനം സുരക്ഷിതമല്ലായിരുന്നു; ചില സ്ഥലങ്ങളിലാണെങ്കിൽ ഗതാഗത സൗകര്യങ്ങൾ ഇല്ലായിരുന്നു. മിക്ക റോഡുകളും ഇടുങ്ങിയ മൺപാതകളായിരുന്നു.
സർക്കിട്ട് മേൽവിചാരകനു യാത്ര ചെയ്യുന്നതിനായി ഒരു കഴുതയെയോ കുതിരയെയോ വാങ്ങി ചില സർക്കിട്ടുകൾ ഈ പ്രശ്നം പരിഹരിച്ചു. പല തിങ്കളാഴ്ചകളിലും ഞാൻ മൃഗത്തിനു കോപ്പിട്ട് സാധനങ്ങളൊക്കെ അതിന്റെ പുറത്തുവെച്ചു കെട്ടി അടുത്ത സഭയിലേക്കു പോകും, 12 മണിക്കൂർവരെ അങ്ങനെ യാത്രചെയ്യുമായിരുന്നു. സാന്റ ഫേ ഡൂ സൂൽ നഗരത്തിലെ സാക്ഷികൾക്ക് സ്വന്തമായി ഒരു കഴുതയുണ്ടായിരുന്നു, ഡോറാഡൂ (ഗോൾഡി) എന്നായിരുന്നു അതിന്റെ പേര്. നാട്ടിൻപ്രദേശത്തെ അധ്യയനക്കൂട്ടങ്ങളിലേക്കുള്ള വഴി അതിനറിയാമായിരുന്നു. ഫാമുകളിൽ എത്തുമ്പോൾ ഞാൻ ഗേറ്റ് തുറന്നുകൊടുക്കുന്നതിനായി ഡോറാഡൂ ക്ഷമയോടെ കാത്തുനിൽക്കും. ഒരിടത്തെ സന്ദർശനത്തിനുശേഷം ഞാനും ഡോറാഡൂവും കൂടി അടുത്ത അധ്യയനക്കൂട്ടത്തിലേക്കു പോകുമായിരുന്നു.
സർക്കിട്ട് വേല ബുദ്ധിമുട്ടാക്കിത്തീർത്ത മറ്റൊരു സംഗതി, ആശ്രയയോഗ്യമായ ആശയവിനിമയ സംവിധാനത്തിന്റെ അഭാവമായിരുന്നു. ഉദാഹരണത്തിന് മാറ്റ ഗ്രോസോ സംസ്ഥാനത്തിലെ ഒരു ഫാമിൽ കൂടിവന്നിരുന്ന സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തെ സന്ദർശിക്കുന്നതിന് ആറഗ്വൈയ നദി ബോട്ടിൽ കുറുകെ കടന്നതിനുശേഷം വനത്തിലൂടെ 25 കിലോമീറ്ററോളം കഴുതപ്പുറത്തോ കുതിരപ്പുറത്തോ യാത്ര ചെയ്യണമായിരുന്നു. ഒരിക്കൽ എന്റെ സന്ദർശനത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് ഞാൻ ഈ കൂട്ടത്തിന് ഒരു കത്തെഴുതിയെങ്കിലും അത് അവർക്കു കിട്ടിയില്ലെന്നു തോന്നുന്നു. കാരണം, നദി കുറുകെ കടന്ന് അക്കരെ എത്തിയപ്പോൾ എന്നെ കാത്ത് ആരും അവിടെ നിൽക്കുന്നില്ലായിരുന്നു. വൈകുന്നേരം ആകാറായിരുന്നു. അതുകൊണ്ട് എന്റെ സാമാനങ്ങൾ അവിടെയുണ്ടായിരുന്ന ഒരു ചെറിയ ബാറിന്റെ ഉടമയെ ഏൽപ്പിച്ചിട്ട് ബ്രീഫ്കേസുമായി ഞാൻ നടക്കാൻ തുടങ്ങി.
പെട്ടെന്ന് ഇരുട്ടുവീണു. ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് നടക്കവേ ഞാൻ ഒരു ഉറുമ്പുതീനിയുടെ ശബ്ദം കേട്ടു. ഉറുമ്പുതീനിക്ക് അതിന്റെ പിൻകാലുകൾ ഊന്നിനിന്ന് കരുത്തുറ്റ മുൻകാലുകൾകൊണ്ട് ഒരാളെ കൊല്ലാൻ കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് പൊന്തക്കാടുകളിൽനിന്ന് എന്തെങ്കിലും അനക്കം കേട്ടപ്പോഴെല്ലാം ബ്രീഫ്കേസ് മുന്നിൽ ഒരു മറയായി പിടിച്ചിട്ട് ഞാൻ ജാഗ്രതയോടെ മുന്നോട്ടു നീങ്ങി. മണിക്കൂറുകളോളം ഇങ്ങനെ നടന്ന് ഞാൻ ഒരു കൊച്ചരുവിയുടെ കരയിലെത്തി. മറുകരയിൽ മുള്ളുകമ്പികൊണ്ടുള്ള ഒരു വേലിയുണ്ടായിരുന്ന കാര്യം ഇരുട്ടത്തു ഞാൻ ശ്രദ്ധിച്ചില്ല. ഒറ്റച്ചാട്ടത്തിന് ഞാൻ അപ്പുറത്തെത്തി. മുള്ളുവേലിയിൽ ചെന്നിടിച്ച് എന്റെ ദേഹമാകെ മുറിഞ്ഞു!
ഒടുവിൽ, ഞാൻ ഫാമിൽ എത്തിച്ചേർന്നു. എന്നെക്കണ്ടപാടെ ഒരുകൂട്ടം പട്ടികൾ കുരയ്ക്കാൻ തുടങ്ങി. ആടിനെ മോഷ്ടിക്കുന്നവർ രാത്രിയിൽ വരുക പതിവായിരുന്നു, അതുകൊണ്ട് വാതിൽ തുറക്കവേ തിടുക്കത്തിൽ ഞാൻ സ്വയം പരിചയപ്പെടുത്തി. കീറിപ്പറിഞ്ഞ, രക്തം പുരണ്ട വസ്ത്രത്തോടുകൂടി ഞാൻ നിൽക്കുന്ന ആ കാഴ്ച ദയനീയമായിരുന്നിരിക്കണം. എന്നാൽ എന്നെ കാണാൻ കഴിഞ്ഞതിൽ സഹോദരങ്ങൾ സന്തോഷമുള്ളവരായിരുന്നു.
ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അവ. കുതിരപ്പുറത്തും കാൽനടയായുമുള്ള നീണ്ട യാത്രകൾ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. ഇടയ്ക്കൊക്കെ ഞാൻ മരത്തണലിൽ വിശ്രമിക്കുകയും കിളികളുടെ പാട്ടുകൾക്ക് കാതോർക്കുകയും ചെയ്യുമായിരുന്നു. ആളൊഴിഞ്ഞ ആ പാതകളിലൂടെ പോകുമ്പോൾ ചിലപ്പോഴൊക്കെ കുറുക്കന്മാരെയും കാണാമായിരുന്നു. എന്റെ സന്ദർശനം ആളുകൾക്ക് ശരിക്കും പ്രയോജനം ചെയ്യുന്നു എന്ന അറിവാണ് എനിക്ക് സന്തോഷത്തിനു വകനൽകിയ മറ്റൊരു സംഗതി. നന്ദിപൂർവം പലരും എനിക്ക് കത്തെഴുതി. മറ്റുചിലരാകട്ടെ സമ്മേളന സ്ഥലങ്ങളിൽവെച്ച് നേരിട്ടു വന്ന് നന്ദി പറഞ്ഞു. ആളുകൾ വ്യക്തിപരമായ പ്രശ്നങ്ങൾ തരണംചെയ്ത് ആത്മീയ പുരോഗതി വരുത്തുന്നത് കണ്ടപ്പോൾ എനിക്ക് എത്ര സന്തോഷം തോന്നിയെന്നോ!
അവസാനം, തുണയായി ഒരാൾ
സഞ്ചാരവേലയിലെ ആ വർഷങ്ങളിൽ പലപ്പോഴും ഞാൻ തനിച്ചായിരുന്നു, അത് “എന്റെ ശൈലവും എന്റെ കോട്ടയും” എന്നനിലയിൽ യഹോവയിൽ ആശ്രയിക്കാൻ എന്നെ പഠിപ്പിച്ചു. (സങ്കീർത്തനം 18:2) മാത്രവുമല്ല, ഏകാകിയായിരുന്നത് രാജ്യതാത്പര്യങ്ങൾക്കു പൂർണശ്രദ്ധ നൽകാൻ എന്നെ സഹായിച്ചുവെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എന്നാൽ 1978-ൽ ഞാൻ ഷൂല്യാ ടാക്കാഹാഷി എന്ന ഒരു പയനിയർ സഹോദരിയെ കണ്ടുമുട്ടി. സാവൊ പൗലോയിലെ ഒരു വലിയ ആശുപത്രിയിൽ നഴ്സായിരുന്ന അവൾ, രാജ്യപ്രസാധകരുടെ ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിനുവേണ്ടി നല്ല ശമ്പളം ഉണ്ടായിരുന്ന ആ ജോലി രാജിവെക്കുകയായിരുന്നു. അവളെ അറിയാമായിരുന്ന ക്രിസ്തീയ മൂപ്പന്മാർക്ക് അവളുടെ ആത്മീയ ഗുണങ്ങളെയും പയനിയർ എന്ന നിലയിലുള്ള പ്രാപ്തികളെയും കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. വളരെയേറെ വർഷങ്ങൾ ഏകനായി കഴിഞ്ഞശേഷം ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത് ചിലരെ അത്ഭുതപ്പെടുത്തി എന്നു പറയേണ്ടതില്ലല്ലോ. എന്റെ ഒരു സ്നേഹിതന് ഇക്കാര്യം വിശ്വസിക്കാൻ കഴിഞ്ഞില്ല; ഞാൻ വിവാഹിതനാകുകയാണെങ്കിൽ 270 കിലോ തൂക്കംവരുന്ന ഒരു കാളയെ നൽകാമെന്ന് അദ്ദേഹം വാക്കുതന്നു. 1978 ജൂലൈ 1-ന് ഞങ്ങളുടെ വിവാഹ സൽക്കാരത്തോട് അനുബന്ധിച്ച് ഞങ്ങൾ ആ കാളയെ പാകംചെയ്തു.
ആരോഗ്യം മോശമാണെങ്കിലും സ്ഥിരോത്സാഹത്തോടെ
ഷൂല്യാ സഞ്ചാരവേലയിൽ എന്നോടൊപ്പം ചേർന്നു. തുടർന്നുവന്ന എട്ടു വർഷം ഞങ്ങൾ ഒരുമിച്ച് ബ്രസീലിന്റെ തെക്കും തെക്കുകിഴക്കും ഭാഗങ്ങളിലുള്ള സഭകൾ സന്ദർശിച്ചു. അപ്പോഴാണ് എനിക്ക് ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായത്. പ്രസംഗവേലയിൽ ആയിരിക്കെ വീട്ടുകാരോടു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ രണ്ടു പ്രാവശ്യം എനിക്കു ബോധക്ഷയമുണ്ടായി. എന്റെ ആരോഗ്യപ്രശ്നങ്ങൾ നിമിത്തം ഞങ്ങൾ പ്രത്യേക പയനിയർമാരായി നിയമനം സ്വീകരിച്ചു. സാവൊ പൗലോ സംസ്ഥാനത്തിലെ ബിറിഗ്വി നഗരത്തിലേക്കായിരുന്നു നിയമനം.
ഈ സമയത്ത്, ഏകദേശം 500 കിലോമീറ്റർ അകലെ ഗോയ്യാനിയ നഗരത്തിലുള്ള ഒരു ഡോക്ടറെ കാണുന്നതിനായി ബിറിഗ്വിയിലെ സാക്ഷികൾ എന്നെ കാറിൽ കൊണ്ടുപോകാമെന്നേറ്റു. എന്റെ അവസ്ഥ മെച്ചപ്പെട്ടപ്പോൾ പേസ്മേക്കർ ഘടിപ്പിക്കുന്നതിനായി എന്നെ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഏകദേശം 20 വർഷം മുമ്പായിരുന്നു അത്. രണ്ടു ഹൃദയ ശസ്ത്രക്രിയകൾക്കുകൂടി വിധേയനായെങ്കിലും ഞാൻ ഇപ്പോഴും ശിഷ്യരാക്കൽ വേലയിൽ സജീവമായി ഏർപ്പെടുന്നു. വിശ്വസ്തരായ മറ്റനേകം ക്രിസ്തീയ ഭാര്യമാരെപ്പോലെ, ഷൂല്യാ എനിക്കെപ്പോഴും ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും ഒരു ഉറവായിരുന്നിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ എന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുന്നു; ചിലപ്പോഴൊക്കെ അത് എന്നെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്കിപ്പോഴും പയനിയറിങ് ചെയ്യാൻ കഴിയുന്നുണ്ട്. ഈ പഴയ വ്യവസ്ഥിതിയിൽ യഹോവയാം ദൈവം പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം വാഗ്ദാനം ചെയ്തിട്ടില്ല എന്ന കാര്യം ഞാൻ എന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസിനും പുരാതന കാലത്തെ മറ്റ് വിശ്വസ്ത ക്രിസ്ത്യാനികൾക്കും സഹിച്ചു നിൽക്കേണ്ടിവന്നിട്ടുള്ള സ്ഥിതിക്ക് നമ്മുടെ കാര്യത്തിൽ അവസ്ഥകൾ വ്യത്യസ്തമായിരിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാനാകുമോ?—പ്രവൃത്തികൾ 14:22.
1930-കളിൽ ഞാൻ വാങ്ങിയ എന്റെ ആദ്യത്തെ ബൈബിൾ അടുത്തയിടെ ഞാൻ കാണാനിടയായി. അതിന്റെ കവറിൽ അകത്തായി ഞാൻ 350 എന്ന് എഴുതിയിരുന്നു—1943-ൽ ഞാൻ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയപ്പോൾ ബ്രസീലിലുണ്ടായിരുന്ന രാജ്യഘോഷകരുടെ എണ്ണമായിരുന്നു അത്. ഇന്ന് ബ്രസീലിൽ 6,00,000-ത്തിലധികം സാക്ഷികൾ ഉണ്ടെന്നുള്ളത് അവിശ്വസനീയമായി തോന്നുന്നു. ഈ വർധനയിൽ ഒരു ചെറിയ പങ്കുവഹിക്കാൻ കഴിഞ്ഞത് എത്ര മഹത്തായ പദവിയാണ്! സ്ഥിരോത്സാഹം പ്രകടമാക്കിയതിനെപ്രതി യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. “യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു” എന്ന് സങ്കീർത്തനക്കാരനെപ്പോലെ എനിക്കും പറയാനാകും.—സങ്കീർത്തനം 126:3.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ അച്ചടിക്കുന്നില്ല.
b 1870-നും 1920-നും ഇടയ്ക്ക് ഏകദേശം 10,00,000 ഇറ്റലിക്കാർ സാവൊ പൗലോയിലേക്കു കുടിയേറിപ്പാർത്തു.
[9-ാം പേജിലെ ചിത്രം]
സാൽവഡോർ നഗരത്തിലെ ആദ്യത്തെ സമ്മേളനത്തിന്റെ പരസ്യപ്രസംഗം പ്രസിദ്ധമാക്കുന്ന സാക്ഷികൾ, 1943
[10-ാം പേജിലെ ചിത്രം]
സാവൊ പൗലോയിൽവെച്ചു നടന്ന ‘സന്തുഷ്ട ജനതകൾ സമ്മേളന’ത്തിന് സാക്ഷികൾ എത്തിച്ചേരുന്നു, 1946
[10, 11 പേജുകളിലെ ചിത്രങ്ങൾ]
1950-കളുടെ അവസാനത്തിൽ സഞ്ചാരവേലയിൽ
[12-ാം പേജിലെ ചിത്രം]
ഭാര്യ ഷൂല്യായോടൊപ്പം