ദൈവേഷ്ടം ചെയ്യാനായി സന്തോഷത്തോടെ
യേശു തന്റെ പിതാവിനോട് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ.” (ലൂക്കൊസ് 22:42) അതുവഴി അവൻ ക്രിസ്ത്യാനികൾക്കെല്ലാമുള്ള ഒരു മാതൃക പ്രദാനം ചെയ്യുകയായിരുന്നു. ഇന്ന് ദശലക്ഷക്കണക്കിനു ദൈവദാസന്മാർ കീഴ്പെടലിന്റെതായ അതേ മനോഭാവം പ്രകടമാക്കുന്നു. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 120-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത 52 വിദ്യാർഥികൾ അവരിൽപ്പെടുന്നു. 2006 മാർച്ച് 11-ന് ബിരുദധാരികളായിത്തീർന്ന അവർ, പല ദേശങ്ങളിൽപോയി ദൈവേഷ്ടം ചെയ്യാനുള്ള അവസരം തുറന്നുകിട്ടിയതിൽ പുളകിതരായി, വെല്ലുവിളിനിറഞ്ഞ സാഹചര്യങ്ങൾ ഉണ്ടെന്നുവരികിലും.
യഹോവയുടെ ഇഷ്ടത്തിനു തങ്ങളുടെ ജീവിതത്തിൽ മുൻതൂക്കം കൊടുക്കാൻ ഈ ബിരുദധാരികളെ പ്രചോദിപ്പിക്കുന്നതെന്താണ്? ബൊളീവിയയിൽ മിഷനറിമാരായി സേവിക്കാൻ നിയമനം ലഭിച്ച ദമ്പതികളായ ക്രിസ്സും ലെസ്ലിയും ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ സ്വയം ത്യജിച്ചവരാണല്ലോ. ആ സ്ഥിതിക്ക് യഹോവയുടെ സംഘടനയോടു ബന്ധപ്പെട്ട എന്തും ചെയ്യാൻ ഞങ്ങളെത്തന്നെ ലഭ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” (മർക്കൊസ് 8:34) അൽബേനിയയിൽ സേവിക്കാൻ നിയമിതരായ ജാസനും ഷെറിയും ഇപ്രകാരം കൂട്ടിച്ചേർത്തു: “യഹോവയുടെ സംഘടനയിൽനിന്നു ലഭിക്കുന്ന ഏതൊരു നിയമനത്തിനും അതിന്റേതായ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടുണ്ട്. എങ്കിലും യഹോവയിൽ പൂർണ ആശ്രയം വെക്കാനാകുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.”
യഹോവയുടെ ഇഷ്ടത്തിനു കീഴ്പെടാനുള്ള പ്രോത്സാഹനം
ബെഥേലിലെ ആർട്ട് ഡിപ്പാർട്ടുമെന്റിൽ സേവിക്കുന്ന ജോർജ് സ്മിത്തിന്റെ പ്രാർഥനയോടെ ബിരുദദാന ചടങ്ങ് ആരംഭിച്ചു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗവും ബിരുദദാന ചടങ്ങിന്റെ അധ്യക്ഷനും ആയിരുന്ന സ്റ്റീഫൻ ലെറ്റ്, ഹാജരായ ഏവർക്കും സ്വാഗതമരുളി. പ്രസ്തുത ആഹ്ലാദ വേളയ്ക്കു സാക്ഷ്യം വഹിക്കാൻ 23 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ എത്തിച്ചേർന്നു. ലെറ്റ് സഹോദരൻ ബിരുദധാരികളോട് അവർ “വളരെ ശക്തമായ” ചിലതു നിർവഹിക്കാൻ പോകുകയാണെന്നു പറഞ്ഞു. ഈ പുതിയ മിഷനറിമാർക്ക് തിരുവെഴുത്തിന്റെ ശക്തിയാൽ വ്യാജ പഠിപ്പിക്കലുകൾപോലുള്ള “ശക്തിയേറിയ കോട്ട”കളെ തകർക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. (2 കൊരിന്ത്യർ 10:4, 5) “നിങ്ങളുടെ നിയമിതപ്രദേശത്തുള്ള ആത്മാർഥഹൃദയരായ ആളുകളിലെ ‘ശക്തിയേറിയ കോട്ട’ സമാന കാര്യങ്ങളെ തകർക്കാൻ യഹോവയാൽ ഉപയോഗിക്കപ്പെടുന്നത് നിങ്ങൾക്ക് എത്രമാത്രം സന്തോഷം കൈവരുത്തും!” ഉപസംഹാരമായി അദ്ദേഹം പ്രസ്താവിച്ചു.
ഹെഡ്ക്വാർട്ടേഴ്സിലെ ഒരംഗമായ ഹാരോൾഡ് ജാക്സൺ, “ഓർമിക്കേണ്ട ചില കാര്യങ്ങൾ” എന്ന വിഷയം വികസിപ്പിച്ചു. “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷി”ക്കാൻ പുതിയ മിഷനറിമാർ ഒരിക്കലും മറക്കരുതെന്ന് അദ്ദേഹം പ്രസ്താവിച്ചു. (മത്തായി 6:33) “സ്നേഹം ആത്മികവർദ്ധന വരുത്തുന്നു” എന്നും അതാണ് വിജയത്തിനുള്ള സുനിശ്ചിത ഘടകമെന്നും അവർ ഓർക്കണം. (1 കൊരിന്ത്യർ 8:1) അദ്ദേഹം പറഞ്ഞു: “മറ്റുള്ളവരോടുള്ള ഇടപെടലിൽ സ്നേഹം നിങ്ങളെ നയിക്കട്ടെ.”
അടുത്തതായി, 1979 മുതൽ 2003 വരെ മിഷനറിയായി സേവിച്ച, ഒരു ഭരണസംഘാംഗമായ ജഫ്രി ജാക്സൺ ബിരുദധാരികളോട് പിൻവരുന്ന ചോദ്യം ചോദിച്ചു: “നിങ്ങൾ ഉത്തരവാദിയാണോ?” തങ്ങളെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു. സത്യത്തിന്റെ വിത്ത് നടാനും നനയ്ക്കാനുമുള്ള ഉത്തരവാദിത്വം ക്രിസ്ത്യാനികൾക്കുണ്ട്. എന്നിരുന്നാലും, ‘വളരുമാറാക്കുന്നതു ദൈവമായതിനാൽ’ ആത്മീയ വളർച്ച നൽകുന്നതിനുള്ള ഉത്തരവാദിത്വവും ദൈവത്തിന്റേതാണ്. (1 കൊരിന്ത്യർ 3:6-9) “നിങ്ങളുടെ ആത്മീയ അവസ്ഥയ്ക്കു നിങ്ങൾ യഹോവയോടു കണക്കുബോധിപ്പിക്കേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ മുഖ്യ ഉത്തരവാദിത്വം എന്താണ്? യഹോവയെയും നിങ്ങൾ സേവിക്കാൻ പോകുന്നവരെയും സ്നേഹിക്കുക,” ജാക്സൺ സഹോദരൻ കൂട്ടിച്ചേർത്തു.
ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവെൻ “നിങ്ങൾ നടക്കേണ്ടത് എങ്ങനെയെന്നറിയുക” എന്ന വിഷയം കൈകാര്യം ചെയ്തു. യഹോവ മരുഭൂമിയിലൂടെ ഇസ്രായേല്യരെ അത്ഭുതകരമായി നയിച്ചതിനെയും സംരക്ഷിച്ചതിനെയുംകുറിച്ച് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. (പുറപ്പാടു 13:21, 22) ഇന്നും അവൻ നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു, “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മായ അഭിഷിക്ത ക്രിസ്തീയ സഭയാണ് അവൻ അതിന് ഉപയോഗിക്കുന്ന ഒരു സരണി. (1 തിമൊഥെയൊസ് 3:14, 15) താഴ്മയുള്ളവർക്ക് മാർഗനിർദേശവും സംരക്ഷണവും നൽകുന്ന ബൈബിൾ സത്യത്തെ പുതിയ മിഷനറിമാർ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.
മറ്റൊരു ഗിലെയാദ് അധ്യാപകനായ വാലസ് ലിവറൻസ്, തങ്ങളുടെ “പിറകിൽനിന്നു” കേൾക്കുന്ന ദൈവവചനം മറക്കരുതെന്നു ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു. നൂറ്റാണ്ടുകൾക്കുമുമ്പ് ബൈബിൾ എഴുതി പൂർത്തിയാക്കിയെന്ന അർഥത്തിൽ ദൈവവചനം നമുക്കു പിറകിലുണ്ട്. ഒരു ആട്ടിടയൻ ആട്ടിൻകൂട്ടത്തിനു പിന്നാലെ നടന്നുകൊണ്ട് മാർഗനിർദേശങ്ങൾ നൽകുന്നതുപോലെ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് യഹോവ തന്റെ ജനത്തിനു പിന്നിലുണ്ട്. (യെശയ്യാവു 30:21; മത്തായി 24:45-47, NW) ഗിലെയാദ് സ്കൂൾ അടിമവർഗത്തോടുള്ള വിലമതിപ്പ് വർധിപ്പിക്കാൻ ബിരുദധാരികളെ സഹായിച്ചു. തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്) പോലും “അടിമ” പ്രദാനം ചെയ്തു. പ്രസംഗകൻ ബിരുദധാരികളെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “മറ്റുള്ളവരെ പഠിപ്പിക്കാൻ അറിവിന്റെ ഈ നിക്ഷേപം ഉപയോഗിക്കുക.”—മത്തായി 13:52.
യഹോവയുടെ ഇഷ്ടം ചെയ്യൽ—വയൽശുശ്രൂഷയിൽ
ഗിലെയാദ് അധ്യാപകനായ മാർക്ക് നൂമാർ “സുവാർത്ത പ്രസംഗിക്കാൻ ഉത്സാഹമുള്ളവർ” എന്ന പരിപാടിയിൽ, സ്കൂൾ നടന്ന സമയത്ത് ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ ബിരുദധാരികൾക്കുണ്ടായ ചില അനുഭവങ്ങൾ വിശേഷവത്കരിച്ചു. (റോമർ 1:15) പ്രസംഗിക്കാൻ ലഭിച്ച ഓരോ അവസരവും ഉപയോഗപ്പെടുത്തുന്നതിൽ അവർ അതീവ താത്പര്യം കാണിച്ചതായി ബിരുദധാരികളുമായുള്ള അഭിമുഖം വ്യക്തമാക്കി.
ഐക്യനാടുകളിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന മൂന്ന് സഞ്ചാര മേൽവിചാരകന്മാരുമായി കെന്നത്ത് ഫോൾഡിൻ സഹോദരൻ നടത്തിയ അഭിമുഖം ബിരുദധാരികൾക്ക് കൂടുതലായ പ്രോത്സാഹനമേകി. മുമ്പ് ദക്ഷിണ അമേരിക്കയിൽ സേവിച്ചിരുന്ന റിച്ചാർഡ് കെല്ലറും മധ്യ അമേരിക്കയിൽ സേവിച്ചിരുന്ന അലഹാൻഡ്രോ ലെക്കിയോയും മിഷനറി സേവനത്തിലുണ്ടായ വിവിധ വെല്ലുവിളികളെ എങ്ങനെ തരണംചെയ്തെന്നും തങ്ങൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാനായെന്നും വിവരിച്ചു. മൊവാസിർ ഫലിസ്ബിനോ സഹോദരൻ ബ്രസീലിലായിരുന്നു വളർന്നത്. അദ്ദേഹം അവിടെ മിഷനറിമാരോടൊപ്പം പ്രവർത്തിച്ചതിന്റെ ഫലമായി ലഭിച്ച പരിശീലനത്തെക്കുറിച്ചു വിശദീകരിക്കുകയുണ്ടായി.
ഡേവിഡ് ഷാഫെർ മൂന്ന് അനുഭവസമ്പന്നരായ മിഷനറിമാരുമായി അഭിമുഖങ്ങൾ നടത്തി, റോബർട്ട് ജോൺസ്, വുഡ്വർത്ത് മിൽസ്, ക്രിസ്റ്റഫർ സ്ലേ എന്നിവരായിരുന്നു അവർ. വിഷമകരമായ സാഹചര്യങ്ങളിൽ യഹോവയിൽ ആശ്രയിച്ചുകൊണ്ട് പ്രവർത്തിക്കാൻ പഠിച്ചതെങ്ങനെയെന്ന് മൂവരും വിവരിച്ചു. യഹോവയുടെ സംഘടനയിൽനിന്നു ലഭിച്ച പരിശീലനം മിഷനറിവേലയ്ക്ക് തങ്ങളെ സുസജ്ജരാക്കിയിട്ടുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. മിൽസ് സഹോദരൻ ഇപ്രകാരം സംഗ്രഹിച്ചു: “അവിടെ പഠിച്ച ബൈബിൾ വിഷയങ്ങളെക്കാൾ എന്നെ കൂടുതൽ സഹായിച്ചത് താഴ്മയെയും സ്നേഹത്തെയുംകുറിച്ചു പഠിച്ച പാഠങ്ങളാണ്.”
ഭരണസംഘത്തിലെ ഒരു അംഗമായ ഗൈ പിയേഴ്സ് “യഹോവ ഒരിക്കലും പരാജയപ്പെടില്ല” എന്ന മുഖ്യപ്രസംഗം നടത്തി. ആദാം പരാജയപ്പെട്ടു, അത് ദൈവത്തിന്റെ ഭാഗത്തെ പരാജയമായിരുന്നോ? ചിലർ പറയുന്നതുപോലെ യഹോവ ആദാമിനെ പൂർണനായി സൃഷ്ടിക്കാൻ പരാജയപ്പെട്ടോ? ഒരിക്കലുമില്ല, കാരണം “ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു.” (സഭാപ്രസംഗി 7:29) ഭൂമിയിൽവെച്ച് അതികഠിനമായ പരിശോധനകൾ ഉണ്ടായപ്പോൾപ്പോലും യേശു നിർമലതപാലിക്കുന്നതിൽ വിജയിച്ചു എന്നത് “ആദാമിന്റെ പരാജയത്തിനു യാതൊരു ന്യായീകരണവും, യാതൊരു കാരണവും ഇല്ലായിരുന്നു” എന്നു തെളിയിക്കുന്നതായി പ്രസംഗകൻ ചൂണ്ടിക്കാട്ടി. യേശു നേരിട്ട പരിശോധനകളോടുള്ള താരതമ്യത്തിൽ ഏദെൻ തോട്ടത്തിൽ ആദാമിനുണ്ടായ അനുസരണത്തിന്റെ പരിശോധന അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. എന്നിട്ടും ആദാം പരാജിതനായി. എന്നിരുന്നാലും യഹോവ ഒരിക്കലും പരാജയപ്പെടില്ല. അവന്റെ ഉദ്ദേശ്യം നിറവേറുകതന്നെ ചെയ്യും. (യെശയ്യാവു 55:11) പിയേഴ്സ് സഹോദരൻ പുതിയ മിഷനറിമാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ആത്മത്യാഗപരമായ മനോഭാവത്താൽ നിങ്ങൾക്ക് യഹോവയെ മഹത്വപ്പെടുത്താനുള്ള പദവിയുണ്ട്. മിഷനറിമാരായി നിങ്ങൾ എവിടെ സേവിച്ചാലും യഹോവ നിങ്ങൾ ഓരോരുത്തരോടുംകൂടെ ഉണ്ടായിരിക്കട്ടെ.”
യഹോവയുടെ സാക്ഷികളുടെ വിവിധ ബ്രാഞ്ചോഫീസുകളിൽനിന്നുള്ള ആശംസകൾ അറിയിച്ചശേഷം അധ്യക്ഷനായ സ്റ്റീഫൻ ലെറ്റ് സഹോദരൻ ബിരുദധാരികൾക്ക് അവരുടെ ഡിപ്ലോമകളും നിയമനങ്ങളും നൽകി. ദീർഘകാല ബെഥേൽ കുടുംബാംഗമായ വെർനൻ വിസ്ഗാർവർ ഉപസംഹാര പ്രാർഥന നടത്തി.
ബിരുദദാന പരിപാടിയിൽ പങ്കെടുത്ത 6,872 പേർക്കും ദൈവേഷ്ടം ചെയ്യാനുള്ള തങ്ങളുടെ ഉത്സാഹം വർധിച്ചതായി അനുഭവപ്പെട്ടു. (സങ്കീർത്തനം 40:8) ബിരുദം നേടിയ ആൻഡ്രൂവും അന്നയും പറഞ്ഞു: “ഞങ്ങൾ ജീവിതം യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നു. ദൈവം ആവശ്യപ്പെടുന്ന എന്തും ചെയ്യുമെന്ന് ഞങ്ങൾ അവനു വാക്കുകൊടുത്തിരിക്കുന്നു. ആഫ്രിക്കയിലെ കാമറൂണിൽ സേവിക്കാനാണ് യഹോവ ഇപ്പോൾ ഞങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്.” അവരുൾപ്പെടെയുള്ള എല്ലാ ബിരുദധാരികളും ആസ്വാദ്യവും സംതൃപ്തിദായകവുമായ ഒരു ജീവിതവൃത്തിയിൽ പ്രവേശിക്കാൻ ഉത്സുകരാണ്. അവർ ദൈവേഷ്ടം ചെയ്യാനായി സന്തോഷമുള്ളവരാണ്.
[17-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 6
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 20
വിദ്യാർഥികളുടെ എണ്ണം: 52
ശരാശരി വയസ്സ്: 35.7
സത്യത്തിലായിരുന്ന ശരാശരി വർഷം: 18.3
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 14.5
[18-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുന്ന 120-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) സൂസൻ റൈറ്റ്; ബിയാ സ്വരേസ്; ബിഥിയാ ക്രിസെന്റ്; ലോയ്ഡ ഡവെൻപോർട്ട് (2) അന്ന ജോൺസൺ; ഷെറി അലി; കിമിയേ കേയ്ഡി; പീലേർ ഗ്വരേരോ; ആങ്കെലീറ്റ ഏസെസ് (3) ലൂസി ഒർട്ടീസ്; കിം ലിൽ; മരിയ യൂസെറ്റാ; റേച്ചെൽ പെരെസ്; കാരീസ് ബാക്കെസ്; ക്ലൗദ്യ കാറ്റെറീനാ (4) ബ്രിജെറ്റ് പാൽമെർ; ഡെബി ലവിങ്; ജെസിക്ക മക്ഡോണോ; ഡയൻ ബോസ്റ്റോക്; ലെസ്ലി ബെനെറ്റേറ്റോസ്; (5) മോളി ജസിക്കീ; എലിസബെത്ത് സാറാഫീയാനോസ്; കൊറീന സ്റ്റെൽറ്റർ; റോബെർട്ടാ വൈരാ; ജെനീൻ വൂൺ; കാരെൻ പ്രെന്റിസ് (6) എച്ച്. ഡവെൻപോർട്ട്; എച്ച്. ക്രിസെന്റ്; എം. പെരെസ്; ഇ. വൈരാ; എ. സ്വരേസ്; ഐ. കാറ്റെറീനാ; സി. റൈറ്റ് (7) കെ. കേയ്ഡി; ജെ. മക്ഡോണോ; എം. ഒർട്ടീസ്; ജെ. വൂൺ; ജെ. അലി; എം. ഏസെസ് (8) ജി. സാറാഫീയാനോസ്; ഡി. ലിൽ; സി. യൂസെറ്റാ; പി. സ്റ്റെൽറ്റർ; ജി. പ്രെന്റിസ്; എ. ജോൺസൺ; സി. ബെനെറ്റേറ്റോസ് (9) ജെ. പാൽമെർ; ഡബ്ല്യൂ. ജസിക്കീ; ജെ. ബാക്കെസ്; എസ്. ബോസ്റ്റോക്; ജെ. എം. ഗ്വരേരോ; എസ്. ലവിങ്