“വിദഗ്ധരുടെ” വാഴ്ചയും വീഴ്ചയും
ഇന്റർനെറ്റിൽ “കുട്ടികളെ വളർത്തൽ” (parenting) മാർഗനിർദേശം (advice) എന്നീ വാക്കുകൾ സേർച്ചുചെയ്തു നോക്കൂ. ഞൊടിയിടയിൽ 2 കോടി 60 ലക്ഷത്തിലധികം പരാമർശങ്ങൾ നിങ്ങളുടെ കൺമുന്നിലെത്തും. അവ ഓരോന്നും വായിക്കാൻ നിങ്ങൾ വെറും ഒരു മിനിട്ടു വീതം ചെലവഴിക്കുന്നുവെന്നു വിചാരിക്കുക. എന്നാൽപ്പോലും അതു മുഴുവൻ വായിച്ചു തീർക്കുന്നതിനു മുമ്പേ നിങ്ങളുടെ കുട്ടി വളർന്നു വലുതായി സ്വന്തംകാലിൽ നിൽക്കാറായിരിക്കും.
ഇന്റർനെറ്റും ശിശുരോഗ വിദഗ്ധരും മനശ്ശാസ്ത്രജ്ഞന്മാരും ഒന്നും ഇല്ലാതിരുന്ന കാലത്ത് മാതാപിതാക്കൾ മാർഗനിർദേശത്തിനായി ആരെയാണ് ആശ്രയിച്ചിരുന്നത്? മിക്കപ്പോഴും സ്വന്തം കുടുംബാംഗങ്ങളെത്തന്നെ. ആവശ്യമായ മാർഗനിർദേശവും സാമ്പത്തിക സഹായവും നൽകാനും കുട്ടികളെ നോക്കാനും മറ്റും സന്നദ്ധരായി തങ്ങളുടെതന്നെ മാതാപിതാക്കളും അമ്മാവന്മാരും അമ്മായിമാരുമെല്ലാം ഉണ്ടായിരുന്നു, അവർക്കതിനു സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ പല രാജ്യങ്ങളിലും സ്ഥിതിഗതികൾ ആകെ മാറിയിരിക്കുകയാണ്. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർധിച്ചതോടെ അത്തരം ഉറ്റകുടുംബബന്ധങ്ങൾ ഏതാണ്ട് പൂർണമായിത്തന്നെ താറുമാറായിരിക്കുന്നു എന്നു പറയാം. അങ്ങനെ ഇക്കാലത്ത് കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ വെല്ലുവിളിയുടെ ഏറിയപങ്കും മാതാപിതാക്കൾ തനിയെ നേരിടേണ്ട സ്ഥിതിയാണുള്ളത്.
ആധുനിക ശിശുപരിപാലന ‘വ്യവസായം’ ലോകത്തിൽ തഴച്ചുവളർന്നിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ആളുകൾ പൊതുവേ ശാസ്ത്രത്തിൽ വിശ്വാസമർപ്പിക്കുന്നതാണ് മറ്റൊരു കാരണം. മനുഷ്യജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ഒരു ഉന്നതതലത്തിലേക്കു കൊണ്ടുവരാൻ ശാസ്ത്രത്തിനു കഴിയുമെന്ന ധാരണ 1800-കളുടെ അവസാനമായപ്പോഴേക്കും അമേരിക്കൻ ജനതയുടെ മനസ്സിൽ കയറിക്കൂടിയിരുന്നു. ശാസ്ത്രത്തിന് ഇത്രയൊക്കെ സാധിക്കുമെങ്കിൽ കുട്ടികളെ വളർത്തുന്ന കാര്യത്തിൽ എന്തുകൊണ്ട് ആയിക്കൂടാ? മാതാപിതാക്കളുടെ കാര്യപ്രാപ്തിയില്ലായ്മ”യെപ്രതി അമേരിക്കൻ നാഷണൽ കോൺഗ്രസ് ഓഫ് മതേഴ്സ് 1899-ൽ ആശങ്ക പ്രകടിപ്പിച്ചു തീരുംമുമ്പേ ഒരുപറ്റം ‘ശാസ്ത്രീയ വിദഗ്ധർ’ രംഗത്തിറങ്ങി, കുട്ടികളെ വളർത്താൻ പാടുപെടുന്ന മാതാപിതാക്കളെ സഹായിക്കാമെന്ന മോഹനവാഗ്ദാനവുമായി.
പുസ്തകത്താളിലൂടെ കുട്ടികളെ വളർത്തൽ
എന്നാൽ ഈ വിദഗ്ധരെക്കൊണ്ട് എന്തു നേട്ടമാണ് ഉണ്ടായത്? മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ മാതാപിതാക്കളുടെ ഉത്കണ്ഠ കുറയുകയോ അവരുടെ കാര്യപ്രാപ്തി മെച്ചപ്പെടുകയോ ചെയ്തിട്ടുണ്ടോ? ഇല്ല. ബ്രിട്ടനിൽ ഈയിടെ നടത്തിയ ഒരു സർവേ തെളിയിക്കുന്നത് അതാണ്. അതനുസരിച്ച് കൊച്ചു കുട്ടികളുള്ള മാതാപിതാക്കളിൽ ഏതാണ്ട് 35 ശതമാനവും ഇപ്പോഴും ആശ്രയയോഗ്യമായ മാർഗനിർദേശത്തിനായി പരതുന്നവരാണ്. മറ്റുള്ളവരാകട്ടെ, തങ്ങൾക്കുള്ള സ്വാഭാവിക ജ്ഞാനം ഉപയോഗിച്ച് മക്കളെ വളർത്തുകയല്ലാതെ മറ്റുമാർഗമില്ലെന്നു കരുതുന്നവരും.
ആൻ ഹൾബർട്ടിന്റെ, അമേരിക്കയിൽ കുട്ടികളെ വളർത്തൽ: വിദഗ്ധർ, മാതാപിതാക്കൾ, പിന്നെ ഒരു നൂറ്റാണ്ടിലെ മാർഗനിർദേശങ്ങളും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ കുട്ടികളെ വളർത്തുന്നതിനെക്കുറിച്ച് കാലാകാലങ്ങളിൽ ലഭ്യമായിരുന്ന, വിദഗ്ധോപദേശങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളുടെ ഒരു അവലോകനം കാണാം. രണ്ടു കുട്ടികളുടെ അമ്മയായ ആനിന്റെ അഭിപ്രായത്തിൽ, ആ വിദഗ്ധോപദേശങ്ങളിൽ ഒന്നുംതന്നെ തെളിയിക്കപ്പെട്ടിട്ടുള്ള ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളവ അല്ലായിരുന്നു. വസ്തുനിഷ്ഠമായ കാര്യങ്ങളെക്കാൾ സ്വന്തം അനുഭവങ്ങളാണ് അവരുടെ അഭിപ്രായങ്ങളെ ഏറെയും സ്വാധീനിച്ചിരിക്കുന്നതെന്നു തോന്നുന്നു. ആകമാനമൊന്നു വിലയിരുത്തിയാൽ, അവർ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ മിക്കവയും കാലത്തെ അതിജീവിക്കാത്തതും മൂല്യരഹിതവും പരസ്പരവിരുദ്ധവും ചിലപ്പോൾ തികച്ചും വിചിത്രവും ആണെന്നു കാണാം.
അതുകൊണ്ട് മാതാപിതാക്കൾ ഇന്ന് ഏത് അവസ്ഥയിലാണ്? തുറന്നുപറഞ്ഞാൽ, ഉപദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും വിവാദങ്ങളുടെയും നടുക്കടലിൽ അവർ ഇന്നു മുങ്ങിത്താഴുകയാണ്. എന്നാൽ എല്ലാ മാതാപിതാക്കളുടെയും അവസ്ഥ അതല്ല. ലോകമെമ്പാടുമുള്ള മാതാപിതാക്കൾ ജ്ഞാനത്തിന്റെ ഒരു പുരാതന ഉറവിൽനിന്ന് പ്രയോജനം അനുഭവിക്കുന്നുണ്ട്. ആശ്രയയോഗ്യമായ മാർഗനിർദേശത്തിന്റെ ഉറവായി അത് ഇപ്പോഴും വർത്തിക്കുകയും ചെയ്യുന്നു. എങ്ങനെയെന്നറിയാൻ തുടർന്നു വായിക്കുക.