ജീവിത കഥ
ഞങ്ങളുടെ നിധിവേട്ട വിജയം കാണുന്നു
ഡോറൊത്യ സ്മിത്തും ഡോറ വാർഡും പറഞ്ഞപ്രകാരം
ഞങ്ങൾ തേടിക്കൊണ്ടിരുന്ന നിധി എന്താണ്? ‘പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ അതിയായി ആഗ്രഹിച്ച രണ്ടു പെൺകുട്ടികളാണു ഞങ്ങൾ. (മത്തായി 28:19, 20) ഈ അന്വേഷണം ഞങ്ങൾക്ക് ഈടുറ്റ നിക്ഷേപങ്ങൾ സമ്മാനിച്ചതെങ്ങനെയെന്നു ഞങ്ങൾ പറയട്ടെ.
ഡോറൊത്യ: ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട് അധികം കഴിയുന്നതിനുമുമ്പാണ് ഞാൻ ജനിച്ചത്, 1915-ൽ. മൂന്നു കുട്ടികളിൽ ഇളയതായിരുന്നു ഞാൻ. ഐക്യനാടുകളിലെ മിഷിഗണിലുള്ള ഹൗവൽ നഗരത്തിനടുത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. ഒരു ഭക്തയായിരുന്നു അമ്മ, പക്ഷേ ഡാഡി നേരെ തിരിച്ചും. പത്തു കൽപ്പനകൾ അനുസരിക്കാൻ ഞങ്ങളെ പഠിപ്പിക്കുന്നതിന് അമ്മ ശ്രമിച്ചു; എന്നാൽ എന്റെ ചേട്ടൻ വില്ലിസിനും ചേച്ചി വയോലയ്ക്കും എനിക്കും യാതൊരു സഭയുമായും ബന്ധമില്ലായിരുന്നു എന്നത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചു.
എനിക്ക് 12 വയസ്സുള്ളപ്പോൾ എന്നെ മാമോദീസ മുക്കി പ്രെസ്ബിറ്റേറിയൻ സഭയിലെ അംഗമാക്കാൻ അമ്മ തീരുമാനിച്ചു. ആ ദിവസം ഞാനിന്നും ഓർക്കുന്നു. രണ്ടു കൈക്കുഞ്ഞുങ്ങളോടൊപ്പം ആയിരുന്നു എന്റെ മാമോദീസ. കുഞ്ഞുങ്ങളോടൊപ്പം മാമോദീസ മുങ്ങേണ്ടിവന്നതിൽ എനിക്കു വല്ലാത്ത നാണക്കേടു തോന്നി. പുരോഹിതൻ എന്റെ തലയിൽ അൽപ്പം വെള്ളം തളിച്ചിട്ട് എന്തോ മന്ത്രിച്ചു; എനിക്കതു മനസ്സിലായില്ല. സത്യം പറയാമല്ലോ, മാമോദീസയെക്കുറിച്ച് എനിക്ക് അറിയാവുന്നത്രയും ആ കുഞ്ഞുങ്ങൾക്കും അറിയാമായിരുന്നു!
1932-ൽ ഒരു ദിവസം ഒരു കാർ ഞങ്ങളുടെ വീട്ടിലേക്കു വന്നു. വാതിൽ തുറന്ന അമ്മ കണ്ടത് മതത്തോടു ബന്ധപ്പെട്ട പുസ്തകങ്ങളുമായിവന്ന രണ്ടു ചെറുപ്പക്കാരെയാണ്. ആൽബെർട്ട് ഷ്രോഡർ എന്നായിരുന്നു ഒരാളുടെ പേര്. യഹോവയുടെ സാക്ഷികളുടെ ചില പുസ്തകങ്ങൾ അദ്ദേഹം അമ്മയെ കാണിച്ചു. അമ്മ അതു വാങ്ങി. ദൈവവചനത്തിലെ സത്യം മനസ്സിലാക്കാൻ ആ പ്രസിദ്ധീകരണങ്ങൾ അമ്മയെ സഹായിച്ചു.
നിധിവേട്ടയുടെ തുടക്കം
കാലക്രമേണ, ചേച്ചിയോടൊപ്പം താമസിക്കുന്നതിനായി ഞാൻ ഡിട്രോയിറ്റിലേക്കു പോയി. അവിടെവെച്ച് ചേച്ചിയെ ബൈബിൾ പഠിപ്പിക്കാൻ വന്ന പ്രായമുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടുമുട്ടി. അവരുടെ ചർച്ചകൾ കേട്ടപ്പോൾ, വീട്ടിൽവെച്ച് ഞാൻ കേട്ടുകൊണ്ടിരുന്ന ഒരു റേഡിയോ പരിപാടിയാണ് എന്റെ മനസ്സിലേക്കു വന്നത്. ആഴ്ചതോറും ഉണ്ടായിരുന്ന ആ പരിപാടിയിൽ ജെ. എഫ്. റഥർഫോർഡ് ഏതെങ്കിലും ബൈബിൾ വിഷയത്തെ അടിസ്ഥാനമാക്കി 15 മിനിട്ട് നേരത്തെ ഒരു പ്രസംഗം നടത്തുമായിരുന്നു. അക്കാലത്ത് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. 1937 ആയപ്പോഴേക്കും ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ ഡിട്രോയിറ്റിലെ ആദ്യത്തെ സഭയിൽ പോകാൻ തുടങ്ങി. പിറ്റേ വർഷം ഞാൻ സ്നാപനമേറ്റു.
1940-കളുടെ ആരംഭത്തിൽ മിഷനറിമാരാകാനുള്ള പരിശീലനം നൽകുന്നതിനായി ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽ ഗിലെയാദ് എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങാൻ പോകുന്നുവെന്ന് അറിയിപ്പുണ്ടായി. ആ സ്കൂളിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്ന ചിലർക്ക് വിദേശത്തു നിയമനം ലഭിക്കും എന്നറിഞ്ഞപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ഇതെനിക്കുള്ളതുതന്നെ!’ ഗിലെയാദിൽ സംബന്ധിക്കാൻ ഞാൻ ലക്ഷ്യംവെച്ചു. നിധികൾ തേടി, അതായത് ക്രിസ്തുയേശുവിന്റെ ശിഷ്യരാകാൻ ആഗ്രഹിക്കുന്നവരെ അന്വേഷിച്ച്, മറ്റു രാജ്യങ്ങളിലേക്കു പോകുന്നത് എത്ര വലിയ പദവിയാണ്!—ഹഗ്ഗായി 2:6, 7.
ലക്ഷ്യം കൈപ്പിടിയിൽ
1942 ഏപ്രിലിൽ ഞാൻ ജോലി രാജിവെച്ച് ഒഹായോയിലെ ഫിൻലിയിൽ പയനിയറിങ് അഥവാ മുഴുസമയ സുവിശേഷവേല ചെയ്യാൻ തുടങ്ങി. മറ്റ് അഞ്ചു സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. ക്രമമായി യോഗങ്ങൾ നടത്തിയിരുന്ന സഭകളൊന്നും അവിടെയില്ലായിരുന്നു. എന്നാൽ ഒരുമിച്ചിരുന്ന് നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽനിന്നുള്ള ലേഖനങ്ങൾ വായിച്ചുകൊണ്ട് ഞങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുമായിരുന്നു. പയനിയറിങ് ചെയ്ത ആദ്യത്തെ മാസം താത്പര്യക്കാർക്ക് ഞാൻ 95 പുസ്തകങ്ങൾ സമർപ്പിച്ചു. ഏതാണ്ട് ഒന്നര വർഷത്തിനുശേഷം പെൻസിൽവേനിയയിലെ ഷേമ്പെസ്ബെർഗിൽ പ്രത്യേക പയനിയറായി സേവിക്കാനുള്ള നിയമനം ലഭിച്ചു. അവിടെ മറ്റ് അഞ്ചു പയനിയർ സഹോദരിമാരും ഉണ്ടായിരുന്നു; ഐയൊവയിൽനിന്നുള്ള ഡോറ വാർഡ് ആയിരുന്നു ഒരാൾ. പയനിയറിങ്ങിൽ ഞാനും ഡോറയും ഒരുമിച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരേ വർഷമാണു സ്നാപനമേറ്റത്; രണ്ടുപേർക്കും ഗിലെയാദിൽ സംബന്ധിക്കാനും ഒരു വിദേശരാജ്യത്ത് മിഷനറിയായി സേവിക്കാനും ആഗ്രഹമുണ്ടായിരുന്നു.
1944-ന്റെ തുടക്കത്തിൽ കാത്തുകാത്തിരുന്ന ആ സുദിനം വന്നെത്തി! നാലാമത്തെ ഗിലെയാദ് ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. ആഗസ്റ്റിൽ ഞങ്ങൾ ക്ലാസ്സിൽ ചേർന്നു. എന്റെ കഥ ഇവിടെ നിൽക്കട്ടെ. നിധി തേടിയുള്ള യാത്രയിൽ എന്നോടൊപ്പം കൂടിയത് എങ്ങനെയെന്ന് ഇനി ഡോറ നിങ്ങളോടു പറയും.
മുഴുസമയ സാക്ഷീകരണം തുടങ്ങാൻ മോഹിച്ച്
ഡോറ: ദൈവവചനത്തെക്കുറിച്ച് അറിയാൻ സഹായിക്കണമേയെന്ന് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ. അങ്ങനെയിരിക്കെ, ഒരു ഞായറാഴ്ച ഞാനും അമ്മയും ജെ. എഫ്. റഥർഫോർഡിന്റെ പ്രസംഗം റേഡിയോയിൽ കേൾക്കാനിടയായി. പ്രസംഗത്തിന്റെ അവസാനം അമ്മ പറഞ്ഞു: “ഇതാണു സത്യം!” പിന്നെ താമസിച്ചില്ല, ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ പഠിക്കാൻ തുടങ്ങി. 1935-ൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ നടത്തിയ സ്നാപനപ്രസംഗം ഞാൻ കേട്ടു. അന്നെനിക്ക് 12 വയസ്സ്. യഹോവയ്ക്കു ജീവിതം സമർപ്പിക്കണമെന്ന് മനസ്സ് എന്നോടു പറഞ്ഞു. മൂന്നു വർഷത്തിനുശേഷം ഞാൻ സ്നാപനമേറ്റു. സ്കൂളിലെ തുടർന്നുള്ള വർഷങ്ങളിലും ചാഞ്ചല്യം കൂടാതെ എന്റെ ലക്ഷ്യം മനസ്സിൽ ജ്വലിപ്പിച്ചുനിറുത്താൻ സമർപ്പണവും സ്നാപനവും എന്നെ സഹായിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ; എന്തിനാണെന്നോ? പയനിയറിങ് തുടങ്ങാൻ.
ആ സമയമായപ്പോഴേക്കും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഒരു കൂട്ടം സാക്ഷികൾ ഐയോവയിലെ ഫോർട്ട്ഡോജിൽ ഒരു സഭയായി കൂടിവരാൻ തുടങ്ങി. ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരാകുന്നത് അത്ര എളുപ്പമല്ലായിരുന്നു. അന്നൊക്കെ വീക്ഷാഗോപുര അധ്യയന ലേഖനങ്ങളിൽ ചോദ്യങ്ങൾ ഇല്ലായിരുന്നു. ഓരോ പ്രസാധകരും ചോദ്യങ്ങൾ തയ്യാറാക്കി അധ്യയനം നടത്തുന്ന സഹോദരനു കൊടുക്കണമായിരുന്നു. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം ഞാനും അമ്മയുംകൂടെ ഓരോ ഖണ്ഡികയ്ക്കുമുള്ള ചോദ്യം തയ്യാറാക്കുമായിരുന്നു; എന്നിട്ട് അധ്യയന നിർവാഹകനു കൊടുക്കും. അദ്ദേഹം അതിൽനിന്ന് അനുയോജ്യമായ ചോദ്യങ്ങൾ തിരഞ്ഞെടുക്കും.
സഞ്ചാര മേൽവിചാരകൻ കാലാകാലങ്ങളിൽ ഞങ്ങളുടെ സഭ സന്ദർശിച്ചിരുന്നു. ജോൺ ബൂത്ത് എന്ന സഞ്ചാര മേൽവിചാരകനാണ് വീടുതോറുമുള്ള ശുശ്രൂഷയ്ക്കു തുടക്കം കുറിക്കാൻ എന്നെ സഹായിച്ചത്, എന്റെ 12-ാമത്തെ വയസ്സിൽ. 17 വയസ്സായപ്പോൾ പയനിയർ അപേക്ഷാഫാറം പൂരിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു; അദ്ദേഹം സഹായിച്ചു. ഒരു ആയുഷ്കാലത്തിന്റെ സൗഹൃദം മുഴുവൻ പങ്കിടാനായി ജീവിതത്തിന്റെ വഴിത്താരയിൽവെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുമെന്ന് സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയതല്ല!
പയനിയറായിരിക്കെ ഞാൻ പലപ്പോഴും മുഴുസമയശുശ്രൂഷകയായ ഡോറൊത്തി ആരോൺസൺ സഹോദരിയോടൊപ്പം പ്രവർത്തിക്കുമായിരുന്നു, എന്നെക്കാൾ 15 വയസ്സു മൂത്തതായിരുന്നു അവർ. 1943-ൽ സഹോദരിക്ക് ആദ്യത്തെ ഗിലെയാദ് ക്ലാസ്സിൽ സംബന്ധിക്കുന്നതിനുള്ള ക്ഷണം ലഭിച്ചു, അന്നോളം ഞങ്ങൾ ഒരുമിച്ചു പയനിയറിങ് ചെയ്തു. അതിനുശേഷം ഞാൻ ഒറ്റയ്ക്കു പയനിയറിങ് തുടർന്നു.
എതിർപ്പുകൾ വകവെക്കാതെ
രണ്ടാം ലോകമഹായുദ്ധം അഴിച്ചുവിട്ട ദേശീയവികാരങ്ങൾ നിമിത്തം 1940-കൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. വീടുതോറും പ്രസംഗിക്കവേ ആളുകൾ പലപ്പോഴും ചീമുട്ടയും തക്കാളിയും ഞങ്ങളുടെമേൽ എറിയുക പതിവായിരുന്നു; എന്തിന് കല്ലേറുപോലും സഹിക്കേണ്ടിവന്നിട്ടുണ്ട് ഞങ്ങൾക്ക്! ഒരു തെരുവിൽ വീക്ഷാഗോപുരവും ആശ്വാസവും (ഇപ്പോഴത്തെ ഉണരുക!) വിതരണംചെയ്തത് ഞങ്ങളെ ശരിക്കും കുഴപ്പത്തിലാക്കി. മതവൈരികൾ ഇളക്കിവിട്ട പോലീസുകാർ ഞങ്ങളുടെ അടുത്തുവന്നിട്ട് ഇനി പരസ്യമായി പ്രസംഗിക്കുന്നതു കണ്ടാൽ അറസ്റ്റുചെയ്യുമെന്നു ഭീഷണി മുഴക്കി.
എന്തായാലും ഞങ്ങൾ സാക്ഷീകരിക്കുന്നതു നിറുത്തിയില്ല. അതുകൊണ്ട് ചോദ്യം ചെയ്യാനായി ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. വിട്ടയച്ചപ്പോൾ ഞങ്ങൾ അതേ തെരുവിലേക്കു തിരികെപ്പോയി അതേ മാസികകൾ കൊടുത്തു. ഞങ്ങളുടെ നിലപാടു വ്യക്തമാക്കുന്നതിനായി ഞങ്ങൾ യെശയ്യാവു 61:1, 2 ഉപയോഗിച്ചു; ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരുടെ നിർദേശപ്രകാരമായിരുന്നു അത്. ഒരിക്കൽ ചെറുപ്പക്കാരനായ ഒരു പോലീസുകാരൻ വന്നപ്പോൾ ഞാൻ പരിഭ്രമത്തോടെ ആ തിരുവെഴുത്തുഭാഗം ഉദ്ധരിച്ചു. അതിശയമെന്നല്ലാതെ എന്തുപറയാൻ, അതുകേട്ടതും അദ്ദേഹം തിരിഞ്ഞുനടന്നു! ദൂതന്മാർ ഞങ്ങളെ സംരക്ഷിക്കുകയാണെന്ന് എനിക്കു തോന്നി.
മറക്കാനാവാത്ത ഒരു ദിവസം
1941-ൽ മിസൗറിയിലെ സെന്റ് ലൂയിസിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അഞ്ചു ദിവസത്തെ കൺവെൻഷനിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ കൺവെൻഷനിൽവെച്ച് 5-നും 18-നും ഇടയ്ക്കു പ്രായമുള്ള എല്ലാ കുട്ടികളോടും സ്റ്റേഡിയത്തിന്റെ മുൻവശത്ത് കൂടിവരാൻ റഥർഫോർഡ് സഹോദരൻ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു കുട്ടികളുണ്ടായിരുന്നു. തൂവാല വീശിക്കൊണ്ട് അദ്ദേഹം എല്ലാവരെയും അഭിവാദനം ചെയ്തു. ഞങ്ങൾ തിരിച്ചും അങ്ങനെ ചെയ്തു. ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു പ്രസംഗത്തിനൊടുവിൽ അദ്ദേഹം ചോദിച്ചു: “ദൈവത്തിന്റെ ഇഷ്ടം ചെയ്യാമെന്നും ക്രിസ്തുയേശുവിനാലുള്ള ദിവ്യാധിപത്യ ഗവൺമെന്റിന്റെ പക്ഷംചേർന്നുകൊണ്ട് ദൈവത്തെയും അവന്റെ രാജാവിനെയും അനുസരിച്ചുകൊള്ളാമെന്നും സമ്മതിച്ചിരിക്കുന്ന കുട്ടികൾ ദയവായി എഴുന്നേറ്റു നിൽക്കാമോ?” 15,000 കുട്ടികൾ ഒരുമിച്ച് എഴുന്നേറ്റുനിന്നു; ഞാനും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. അദ്ദേഹം ഇങ്ങനെ തുടർന്നു: “ദൈവരാജ്യത്തെയും അതിന്റെ അനുഗ്രഹങ്ങളെയും കുറിച്ച് ആളുകളോടു പറയാനായി നിങ്ങൾക്കാകുന്നതെല്ലാം ചെയ്യാൻ നിങ്ങൾക്കു മനസ്സുണ്ടോ? എങ്കിൽ, ഉവ്വ് എന്നു പറയുക.” ഞങ്ങൾ അങ്ങനെ ചെയ്തു; കാതടപ്പിക്കുന്ന ഒരു കരഘോഷമാണ് പിന്നെ അവിടെ മുഴങ്ങിക്കേട്ടത്.
തുടർന്ന് കുട്ടികൾa (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. കുട്ടികളെല്ലാം പ്ലാറ്റ്ഫോമിനടുത്ത് നിരയായിനിന്ന് റഥർഫോർഡ് സഹോദരന്റെ കയ്യിൽനിന്ന് പുതിയ പുസ്തകത്തിന്റെ ഓരോ കോപ്പി വാങ്ങി. എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു! അന്ന് ആ പുസ്തകം കൈപ്പറ്റിയ അനേകരും ഇപ്പോൾ ലോകവ്യാപകമായി ദൈവത്തിന്റെ രാജ്യത്തെയും അവന്റെ നീതിയെയും കുറിച്ചു സംസാരിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നതിൽ തീക്ഷ്ണതയോടെ പങ്കുപറ്റുന്നു.—സങ്കീർത്തനം 148:12, 13.
മൂന്നുവർഷം തനിച്ചു പയനിയറിങ് ചെയ്തതിനുശേഷം ഷാമ്പെസ്ബർഗിൽ ഒരു പ്രത്യേക പയനിയറായി നിയമനം ലഭിച്ചപ്പോൾ എനിക്കെത്ര സന്തോഷം തോന്നിയെന്നോ! അവിടെവെച്ചാണ് ഞാൻ ഡോറൊത്യയെ പരിചയപ്പെട്ടത്; പെട്ടെന്നുതന്നെ ഞങ്ങൾ ഇണപിരിയാത്ത കൂട്ടുകാരായി. യുവത്വത്തിന്റേതായ ഉത്സാഹവും ഊർജസ്വലതയും കൈമുതലായുണ്ടായിരുന്നു ഞങ്ങൾക്ക്. പ്രസംഗവേലയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു. അങ്ങനെ ഞങ്ങൾ നിധി തേടിയുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു, ഒരായുഷ്കാലം നീണ്ടുനിന്ന ഒരു യാത്രയ്ക്ക്.—സങ്കീർത്തനം 110:3.
പ്രത്യേക പയനിയറിങ് തുടങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നാമത്തെ ഗിലെയാദ് ക്ലാസ്സിൽ സംബന്ധിച്ച ആൽബെർട്ട് മാൻ എന്ന സഹോദരനെ ഞങ്ങൾ കണ്ടുമുട്ടി. ഒരു വിദേശരാജ്യത്ത് സേവിക്കുന്നതിനായി അങ്ങോട്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. വിദേശ നിയമനം ലഭിച്ചാൽ അത് ഏറ്റെടുക്കാൻ അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
മിഷനറിസ്കൂളിലും ഒരുമിച്ച്
ഡോറയും ഡോറൊത്യയും: മിഷനറി പരിശീലനം തുടങ്ങിയപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്യുക! കോഴ്സിന്റെ ആദ്യ ദിവസം ആൽബെർട്ട് ഷ്രോഡർ സഹോദരനാണ് ഞങ്ങളുടെ പേര് രജിസ്റ്റർ ചെയ്തത്; 12 വർഷം മുമ്പ് ഡോറൊത്യയുടെ അമ്മയ്ക്ക് വേദാധ്യയന പത്രിക കൊടുത്തത് സഹോദരനാണ്. ജോൺ ബൂത്തും അവിടെ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹം സ്കൂൾ സ്ഥിതിചെയ്തിരുന്ന ‘രാജ്യ കൃഷിയിട’ത്തിൽ സേവിക്കുകയായിരുന്നു. പിന്നീട് ഇരുവരും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളായി.
ഗിലെയാദ് സ്കൂളിൽ ബൈബിൾ സത്യങ്ങൾ ഗഹനമായി പഠിച്ചു. പരിശീലനം ഗംഭീരമായിരുന്നു. 104 വിദ്യാർഥികൾ ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസ്സിൽ, മെക്സിക്കോയിൽനിന്നുള്ള ഒരു വിദ്യാർഥി ഉൾപ്പെടെ—അമേരിക്കയ്ക്കു പുറത്തുനിന്നുള്ള ആദ്യത്തെ വിദ്യാർഥി. അദ്ദേഹം ഇംഗ്ലീഷ് വശമാക്കാൻ ശ്രമിച്ചപ്പോൾ സ്പാനീഷ് പഠിക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. നേഥൻ എച്ച്. നോർ സഹോദരൻ വിദേശ നിയമനം നൽകിയ ദിവസം എന്തെന്നില്ലാത്ത ആവേശത്തിലായിരുന്നു ഞങ്ങളെല്ലാം! ഭൂരിഭാഗം പേരെയും മധ്യ, ദക്ഷിണ അമേരിക്കയിലേക്കാണു നിയമിച്ചത്; ഞങ്ങളെ ചിലിയിലേക്കും.
നിധിവേട്ടയ്ക്കായി ചിലിയിലേക്ക്
ചിലിയിൽ കടക്കുന്നതിന് ഞങ്ങൾ വിസ സംഘടിപ്പിക്കണമായിരുന്നു; അതിന് കുറച്ചധികം സമയമെടുത്തു. അതുകൊണ്ട് 1945-ൽ പരിശീലനം പൂർത്തിയായെങ്കിലും ഒന്നരവർഷം ഞങ്ങൾ വാഷിങ്ടൺ ഡി.സി.-യിൽ പയനിയറിങ് ചെയ്തു. വിസ കിട്ടിയപ്പോൾ ഞങ്ങൾ ചിലിയിലേക്കു യാത്രയായി. ഗിലെയാദിന്റെ മുൻക്ലാസ്സുകളിൽനിന്ന് പരിശീലനം നേടിയ മറ്റ് ഏഴു മിഷനറിമാർ ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
തലസ്ഥാനമായ സാന്റിയാഗോയിൽ എത്തിയപ്പോൾ അനേകം ക്രിസ്തീയ സഹോദരങ്ങൾ ഞങ്ങളെ വന്നുകണ്ടു. ഏതാനും വർഷം മുമ്പ് ഞങ്ങളെ പ്രോത്സാഹിപ്പിച്ച, ഗിലെയാദ് ബിരുദധാരിയായ ആൽബെർട്ട് മാൻ ആയിരുന്നു അതിലൊരാൾ. രണ്ടാമത്തെ ക്ലാസ്സിൽ പങ്കെടുത്ത ജോസഫ് ഫേറാറിയോടൊപ്പം ഒരു വർഷം മുമ്പാണ് അദ്ദേഹം ചിലിയിലെത്തിയത്. ഞങ്ങൾ വന്നപ്പോൾ ചിലിയിൽ മൊത്തം 100-ൽ താഴെ പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ നിധികൾ—സന്മനസ്സുള്ള മനുഷ്യരെ—അന്വേഷിച്ചു കണ്ടെത്താൻ അതിയായി ആഗ്രഹിച്ചിരുന്നു ഞങ്ങൾ.
ഞങ്ങൾക്ക് സാന്റിയാഗോയിലെ ഒരു മിഷനറിഭവനത്തിൽ സേവിക്കാനുള്ള നിയമനം ലഭിച്ചു. ഒരുപാട് അംഗങ്ങളുള്ള മിഷനറി ഭവനത്തിലെ ജീവിതം ഞങ്ങളെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയ ഒരനുഭവമായിരുന്നു. പ്രസംഗവേലയിൽ ഒരു നിശ്ചിതസമയം ചെലവഴിക്കണമായിരുന്നു ഞങ്ങൾക്ക്; അതിനുപുറമേ മിഷനറിഭവനത്തിലുള്ളവർക്കു വേണ്ടി ഓരോരുത്തരും ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം പാകംചെയ്യണമായിരുന്നു. അതിനിടെ ഞങ്ങൾക്ക് ചില അമളികളും പറ്റിയിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ പ്രാതലിനു ബിസ്കറ്റ് ഉണ്ടാക്കി. പക്ഷേ അവെനിൽനിന്ന് ബിസ്കറ്റ് പുറത്തെടുത്തപ്പോഴല്ലേ രസം; വല്ലാത്ത ഒരു മണം. ബേക്കിങ് പൗഡറിനു പകരം ഞങ്ങൾ ബേക്കിങ് സോഡയാണു ചേർത്തത്! ബേക്കിങ് പൗഡറിട്ട് വെക്കാറുള്ള പാത്രത്തിൽ ആരോ ബേക്കിങ് സോഡയിട്ടുവെച്ചിരുന്നത്രേ!
എന്നാൽ സ്പാനീഷ് പഠിച്ചുകൊണ്ടിരുന്നപ്പോൾ പറ്റിയ അമളികളായിരുന്നു അതിലും ഭയങ്കരം. ഞങ്ങളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന വലിയൊരു കുടുംബം ഞങ്ങൾ പറയുന്നതു മനസ്സിലാകാത്തതിന്റെ പേരിൽ പഠനം ഏതാണ്ടു നിറുത്തിയതായിരുന്നു. പക്ഷേ സ്വന്തം ബൈബിളിൽനിന്ന് തിരുവെഴുത്തുകൾ എടുത്തുനോക്കിക്കൊണ്ട് അവർ എങ്ങനെയോ സത്യം പഠിച്ചു; ആ കുടുംബത്തിലെ അഞ്ചുപേർ സാക്ഷികളായിത്തീർന്നു. അന്നൊക്കെ പുതിയ മിഷനറിമാർക്കായി ഭാഷാപഠന കോഴ്സുകളൊന്നും ഇല്ലായിരുന്നു. ഞങ്ങൾ നേരെ വയലിലേക്ക് ഇറങ്ങി കണ്ടുമുട്ടിയ ആളുകളിൽനിന്ന് ഭാഷ പഠിക്കാൻ ശ്രമിക്കുകയായിരുന്നു.
ഞങ്ങൾക്ക് ധാരാളം ബൈബിളധ്യയനങ്ങൾ ഉണ്ടായിരുന്നു, ചില വിദ്യാർഥികൾ പെട്ടെന്നുതന്നെ സത്യം സ്വീകരിച്ചു. മറ്റുചിലരുടെ കാര്യത്തിൽ നല്ല ക്ഷമ വേണമായിരുന്നു. ബൈബിൾ സന്ദേശം കേട്ടിട്ട് തെരേസ റ്റെയോ എന്ന യുവതി “എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ട്; മടങ്ങിവരാമോ” എന്നു ഞങ്ങളോടു ചോദിച്ചു. പക്ഷേ 12 പ്രാവശ്യം ചെന്നെങ്കിലും അവരെ കണ്ടില്ല. മൂന്നുവർഷം കടന്നുപോയി. ഞങ്ങൾ സാന്റിയാഗോയിലെ ഒരു തീയേറ്ററിൽവെച്ചു നടന്ന സമ്മേളനത്തിനു പോയി. ഞായറാഴ്ച സമ്മേളനം കഴിഞ്ഞു തിരിച്ചുവരാൻ ഒരുങ്ങവേ “സെനോരിറ്റാ ഡോറ, സെനോരിറ്റാ ഡോറ” എന്നാരോ വിളിക്കുന്നതു കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾ തെരേസയെയാണു കണ്ടത്. തെരുവിന്റെ മറുവശത്തു താമസിക്കുന്ന ചേച്ചിയുടെ അടുത്തു വന്ന അവർ തീയേറ്ററിൽ എന്താണു നടക്കുന്നതെന്ന് അറിയാൻ അവിടേക്കു വന്നതാണ്. തെരേസയെ വീണ്ടും കണ്ടപ്പോൾ ഞങ്ങൾക്ക് എത്ര സന്തോഷം തോന്നിയെന്നോ! ഞങ്ങൾ ഒരു ബൈബിളധ്യയനത്തിനുള്ള ക്രമീകരണം ചെയ്തു; അധികം വൈകാതെ തെരേസ സ്നാപനമേറ്റു. പിന്നീട് അവർ പ്രത്യേക പയനിയറായി. ഇന്ന്, 45 വർഷത്തിനുശേഷവും തെരേസ മുഴുസമയ ശുശ്രൂഷയിലാണ്.—സഭാപ്രസംഗി 11:1.
“മണലാരണ്യത്തിൽ” നിധി കണ്ടെത്തുന്നു
1959-ൽ ഞങ്ങളെ പൂൻറ്റാ ആറേയ്നാസിലേക്കു—മണലാരണ്യങ്ങളുടെ ദേശം എന്നർഥം—നിയമിച്ചു. 4,300 കിലോമീറ്റർ നീണ്ടുകിടക്കുന്ന ചിലിയുടെ തീരദേശത്തിന്റെ തെക്കേ അറ്റമാണിത്. വൈചിത്ര്യങ്ങളുടെ നാടാണിത്. വേനൽക്കാലമാസങ്ങളിൽ പകൽ കൂടുതലാണ്. രാത്രി 11:30 വരെ പകൽവെളിച്ചംകാണും. അതുകൊണ്ട് ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. എന്നാൽ പ്രശ്നങ്ങൾ ഇല്ലാതിരുന്നില്ല. കാരണം രൂക്ഷമായ അന്റാർട്ടിക് കാറ്റ് വീശുന്ന സമയമാണ് വേനൽക്കാലം. ശൈത്യകാലങ്ങളിൽ പകലിനു ദൈർഘ്യം കുറവാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും, വശ്യസുന്ദരമാണ് പൂൻറ്റാ ആറേയ്നാസ്. പടിഞ്ഞാറൻ ചക്രവാളത്തിൽ വേനൽക്കാലം, പഞ്ഞിക്കെട്ടു കണക്കെ തെന്നിനീങ്ങുന്ന മഴമേഘങ്ങളുടെ ഒരു തീരാപ്രദർശനം കാഴ്ചവെക്കുന്നു. ഇടയ്ക്കൊക്കെ ഈ മേഘങ്ങൾ ഒരു മഴയായി പെയ്തിറങ്ങി നിങ്ങളെ കുളിപ്പിക്കുമ്പോൾ കാറ്റു വന്ന് നിങ്ങളുടെ ഈറനൊപ്പും. പിന്നെ മേഘങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ മഴവില്ലിന്റെ ഒരു മായാപ്രപഞ്ചം തീർക്കുകയായി. സൂര്യൻ മഴമേഘങ്ങൾക്കിടയിലൂടെ എത്തിനോക്കവേ ഒളിഞ്ഞും തെളിഞ്ഞും ഈ മഴവില്ല് മടങ്ങാൻ മടിച്ച് ചിലപ്പോൾ മണിക്കൂറുകളോളം അങ്ങനെ നിൽക്കും.—ഇയ്യോബ് 37:14.
അന്ന് അവിടെ വളരെക്കുറച്ചു പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. പ്രദേശത്തെ കൊച്ചുസഭകളിൽ സഹോദരിമാരായ ഞങ്ങളാണ് യോഗങ്ങൾ നടത്തേണ്ടിയിരുന്നത്. യഹോവ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. 37 വർഷത്തിനുശേഷം ഈ സ്ഥലമൊന്നു കാണാനായി ഞങ്ങൾ തിരിച്ചുവന്നു. അപ്പോൾ കണ്ടതോ? പുരോഗതിയുടെ പടവുകൾ താണ്ടിക്കൊണ്ടിരിക്കുന്ന ആറു സഭകളും മനോഹരമായ മൂന്നു രാജ്യഹാളുകളും. ആ തെക്കൻ മണലാരണ്യങ്ങളിൽ ഒളിഞ്ഞുകിടന്നിരുന്ന ആത്മീയ നിധികൾ കണ്ടെത്താൻ യഹോവ അവസരം തന്നതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണെന്നോ!—സെഖര്യാവു 4:10.
നിധിതേടി “വിശാലമായ കടപ്പുറ”ത്തേക്ക്
മൂന്നര വർഷം അവിടെ സേവിച്ചതിനുശേഷം ഞങ്ങൾക്ക് വൽപറെയ്സോ എന്ന തുറമുഖനഗരത്തിലേക്കു നിയമനം ലഭിച്ചു. ഒരു ഉൾക്കടലിനു (അവിടെനിന്നു നോക്കിയാൽ പസിഫിക് സമുദ്രം വ്യക്തമായി കാണാം) ചുറ്റുമായി 41 കുന്നുകളുണ്ട് ഇവിടെ. ഇതിൽ ഒരു കുന്നിൻപ്രദേശത്താണ് ഞങ്ങൾ പ്രസംഗ പ്രവർത്തനം കേന്ദ്രീകരിച്ചത്. “വിശാലമായ കടപ്പുറം” എന്നർഥം വരുന്ന പ്ലായാ ആൻഖാ എന്നാണ് അതിന്റെ പേര്. അവിടെ തങ്ങിയ 16 വർഷക്കാലത്ത് ചെറുപ്പക്കാരായ ഒരു കൂട്ടം ക്രിസ്തീയ സഹോദരന്മാർ ആത്മീയമായി പുരോഗമിക്കുന്നതു കാണാൻ ഞങ്ങൾക്കു സാധിച്ചു; ഇന്ന് അവർ ചിലിയിൽ സഞ്ചാര മേൽവിചാരകന്മാരും സഭാമൂപ്പന്മാരുമായി സേവിക്കുന്നു.
വീന്യാ തെൽമാർ എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ അടുത്ത നിയമനം. ഒരു ഭൂകമ്പത്തിൽ മിഷനറിഭവനത്തിനു കേടുപാടു സംഭവിക്കുന്നതുവരെ മൂന്നരവർഷം ഞങ്ങൾ അവിടെ സേവിച്ചു. തുടർന്ന് സാന്റിയാഗോയിലേക്കു തിരിച്ചുവന്നു, 40 വർഷംമുമ്പ് ഞങ്ങൾ മിഷനറിസേവനത്തിനു തുടക്കമിട്ട ഇടത്തേക്ക്. കാലപ്രവാഹം സാന്റിയാഗോയെ മാറ്റിക്കളഞ്ഞിരുന്നു. പഴയ ബ്രാഞ്ചിനു പകരം പുതിയ ബ്രാഞ്ച് വന്നു. പഴയ ബ്രാഞ്ചാണെങ്കിൽ മിഷനറിഭവനമായി മാറി; രാജ്യത്തു ശേഷിച്ചിരുന്ന മിഷനറിമാർ അവിടെ താമസിച്ചു. പിന്നീടത് ശുശ്രൂഷാ പരിശീലന സ്കൂളിനു വേദിയായി. ആ സമയത്ത് യഹോവയുടെ മഹാദയ ഞങ്ങൾ വീണ്ടും രുചിച്ചറിഞ്ഞു. വാർധക്യത്തിലായിരുന്ന ഞങ്ങൾ അഞ്ചുപേർക്ക് ബെഥേലിൽ താമസിക്കുന്നതിനുള്ള ക്ഷണം ലഭിച്ചു. ചിലിയിലായിരിക്കെ ഞങ്ങൾക്ക് 15 നിയമനങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടെ സേവിച്ച കാലത്ത് 100-ൽ താഴെയുണ്ടായിരുന്ന പ്രസാധകർ ഏകദേശം 70,000 ആയിമാറുന്നത് നേരിൽ കാണാൻ ഞങ്ങൾക്കു സാധിച്ചു! ചിലിയിലെ 57 വർഷത്തെ നിധിവേട്ട ഞങ്ങൾക്കു സമ്മാനിച്ച സന്തോഷം വർണിക്കാൻ വാക്കുകൾ പോരാ!
യഥാർഥ നിധികളായിരിക്കുന്ന അനേകം പേരെ കണ്ടെത്താൻ യഹോവ അനുവദിച്ചതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞങ്ങൾ എത്ര അനുഗൃഹീതരാണെന്ന് ഓർത്തുപോകുന്നു. ആ നിധികളെ യഹോവ ഇന്നും തന്റെ സംഘടനയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഒരുമിച്ചു യഹോവയെ സേവിച്ച 60-ലധികം വർഷത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ദാവീദു രാജാവിന്റെ പിൻവരുന്ന വാക്കുകളാണ് ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്രവലിയതാകുന്നു.”—സങ്കീർത്തനം 31:19.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയ ഈ പുസ്തകം ഇപ്പോൾ അച്ചടിക്കുന്നില്ല.
[9-ാം പേജിലെ ചിത്രങ്ങൾ]
ഡോറൊത്യ, 2002-ലും 1943-ൽ പ്രസംഗവേലയിൽ പങ്കെടുക്കുമ്പോഴും
[10-ാം പേജിലെ ചിത്രം]
ഐയോവയിലെ ഫോർട്ട്ഡോജിൽ തെരുവുസാക്ഷീകരണത്തിനിടെ, 1942
[10-ാം പേജിലെ ചിത്രം]
ഡോറ, 2002-ൽ
[12-ാം പേജിലെ ചിത്രം]
ഡോറൊത്യയും ഡോറയും ചിലിയിലെ അവരുടെ ആദ്യത്തെ മിഷനറിഭവനത്തിനു പുറത്ത്, 1946