“യിസ്രായേൽഗൃഹം പണിത” സഹോദരിമാരുടെ ഹൃദയനൊമ്പരം
നേരം പുലരാറായി. സത്യം വെളിച്ചത്തുവരാൻ ഇനി ഏറെ താമസമില്ലെന്നു ലേയയ്ക്ക് അറിയാം. യാക്കോബ് വൈകാതെതന്നെ, തന്റെ മാറോടു ചേർന്നു കിടക്കുന്നതു റാഹേൽ അല്ലെന്നു മനസ്സിലാക്കും. യാക്കോബിനും റാഹേലിനുമായി ഒരുക്കിയ വിവാഹശയ്യയിൽ തലേരാത്രി ശയിച്ചത് പിതാവിന്റെ നിർദേശപ്രകാരം മൂടുപടമണിഞ്ഞെത്തിയ ലേയയാണ്.
നേരം വെളുത്തപ്പോൾ സത്യാവസ്ഥ മനസ്സിലാക്കിയ യാക്കോബിന്റെ മാനസികാവസ്ഥയോ? കലികയറിയ അവൻ ലേയയുടെ പിതാവായ ലാബാനോടു കയർത്തു. അതേസമയം, ആ നാടകത്തിലെ തന്റെ ഭാഗധേയത്തെക്കുറിച്ചും ഭാവിയിൽ ഉണ്ടായേക്കാവുന്ന വിനകളെക്കുറിച്ചും ഓർത്ത് ലേയ നെടുവീർപ്പിടുകയായിരുന്നിരിക്കണം. ലേയയുടെയും റാഹേലിന്റെയും വിവരണം ബൈബിൾ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. ബഹുഭാര്യത്വം ഒഴിവാക്കുന്നതിലെയും വൈവാഹിക വിശ്വസ്തത കാക്കുന്നതിലെയും ജ്ഞാനം സംബന്ധിച്ച ഉൾക്കാഴ്ച അതു പകരുന്നു.
കിണറ്റിൻകരയിൽ ഒരു അപരിചിതൻ
ഏഴു വർഷംമുമ്പുള്ള ഒരു ദിവസം. ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തിയ ഒരു അപരിചിതനെ കിണറ്റിൻകരയിൽവെച്ചു കണ്ടുമുട്ടിയ വിവരം അന്ന് റാഹേൽ തന്റെ പിതാവിനെ അറിയിക്കുകയുണ്ടായി. വാസ്തവത്തിൽ അവളുടെ പിതൃസഹോദരിയുടെ പുത്രനായ യാക്കോബായിരുന്നു അത്. അവൻ യഹോവയുടെ ഒരു ആരാധകനുമായിരുന്നു. ഒരു മാസത്തിനുശേഷം, റാഹേലിനെ ഭാര്യയായി കിട്ടുന്നതിനുവേണ്ടി ഏഴു വർഷം ലാബാനെ സേവിച്ചുകൊള്ളാമെന്നു യാക്കോബ് വാക്കുകൊടുത്തു. തന്റെ മരുമകൻ കഠിനാധ്വാനിയാണെന്നു ലാബാൻ നിരീക്ഷിച്ചിരുന്നു; തന്നെയുമല്ല ബന്ധുക്കൾ തമ്മിൽ വിവാഹിതരാകുന്നതു സ്വന്തം ജനത്തിനിടയിൽ നടപ്പുള്ളതുമായിരുന്നു. അതുകൊണ്ടുതന്നെ ലാബാനും അതു സമ്മതമായിരുന്നു.—ഉല്പത്തി 29:1-19.
യാക്കോബിനു റാഹേലിനോടുണ്ടായിരുന്ന സ്നേഹം അൽപ്പായുസ്സുള്ള ഒരു അഭിനിവേശമായിരുന്നില്ല. “അവൻ അവളെ സ്നേഹിക്കകൊണ്ടു” വിവാഹനിശ്ചയത്തിനു ശേഷമുള്ള ഏഴു വർഷങ്ങൾ “അവന്നു അല്പകാലം പോലെ തോന്നി.” (ഉല്പത്തി 29:20) റാഹേലിന്റെ മരണംവരെ അവൻ അവളെ സ്നേഹിച്ചു. ആകർഷകമായ പല ഗുണങ്ങളും ഉണ്ടായിരുന്നതിനാൽ ആയിരിക്കണം അവൾ അവന്റെ സ്നേഹം പിടിച്ചുപറ്റിയത്.
യഹോവയുടെ ഒരു വിശ്വസ്ത ആരാധകനെ വിവാഹംകഴിക്കണമെന്നു ലേയയും സ്വപ്നം കണ്ടിരുന്നോ? ബൈബിൾ അതേക്കുറിച്ചൊന്നും പറയുന്നില്ല. എന്നാൽ അവളുടെ വിവാഹത്തെക്കുറിച്ചു ലാബാനു ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. റാഹേലിന്റെ വിവാഹത്തിനുള്ള സമയമായപ്പോഴേക്കും, ലാബാൻ ഒരു വിവാഹവിരുന്നു നടത്തി. എന്നാൽ അന്നു രാത്രിയിൽ അവൻ ലേയയെ യാക്കോബിന്റെ “അടുക്കൽ കൊണ്ടുപോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു” എന്നു ബൈബിൾ വിവരണം പറയുന്നു.—ഉല്പത്തി 29:23.
യാക്കോബിനെ വഞ്ചിക്കുന്നതിൽ ലേയയും കൂട്ടുനിന്നോ? അതോ അവൾ തന്റെ പിതാവിന്റെ താളത്തിനൊത്തു തുള്ളുകയായിരുന്നോ? അപ്പോൾ റാഹേൽ എവിടെയായിരുന്നു? സംഭവവികാസങ്ങളെക്കുറിച്ച് അവൾക്ക് അറിയാമായിരുന്നോ? എങ്കിൽ, അവൾക്ക് എന്തു തോന്നിയിരിക്കണം? കടുംപിടുത്തക്കാരനായ പിതാവിനെ അനുസരിക്കുകയല്ലാതെ അവൾക്കു മറ്റു മാർഗമൊന്നുമില്ലായിരുന്നോ? ഈ ചോദ്യങ്ങൾക്കൊന്നും ബൈബിൾ ഉത്തരം നൽകുന്നില്ല. ഇക്കാര്യത്തിൽ ലേയയുടെയും റാഹേലിന്റെയും നിലപാട് എന്തായിരുന്നിരിക്കാമെങ്കിലും ശരി, ആ കരുനീക്കങ്ങൾ യാക്കോബിനെ ചൊടിപ്പിച്ചു. ലാബാന്റെ പുത്രിമാരോടല്ല, ലാബാനോടാണ് അവൻ അമർഷത്തോടെ ചോദിച്ചത്: “റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു.” (ഉല്പത്തി 29:25-27) ലാബാന്റെ പ്രതികരണമോ? “മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം.” (ഉല്പത്തി 29:25-27) അങ്ങനെ അസൂയയുടെയും നീരസത്തിന്റെയും വിളനിലമായിത്തീരുമായിരുന്ന ബഹുഭാര്യത്വത്തിലേക്കു യാക്കോബ് വലിച്ചിഴയ്ക്കപ്പെട്ടു.
ഒരു അസംതൃപ്ത കുടുംബം
യാക്കോബ് റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു. ലേയ “അനിഷ്ട”യെന്നു കണ്ട യഹോവ അവളുടെ ഗർഭത്തെ തുറന്നു. അതേസമയം റാഹേൽ മച്ചിയായിരുന്നു. എന്നാൽ ഒരു കുഞ്ഞിനെക്കാളുപരി ലേയയ്ക്ക് ആവശ്യം ഭർത്താവിന്റെ സ്നേഹമായിരുന്നു. യാക്കോബ് റാഹേലിനു സ്നേഹം വാരിക്കോരി കൊടുക്കുന്നതു കണ്ടപ്പോൾ ലേയയ്ക്ക് എന്തെന്നില്ലാത്ത വിഷമംതോന്നി. എന്നിട്ടും, അവൾ പ്രതീക്ഷ കൈവിട്ടില്ല. യാക്കോബിന്റെ ആദ്യജാതനു ജന്മംനൽകുന്നതിന്റെ പേരിലെങ്കിലും താൻ സ്നേഹിക്കപ്പെടുമെന്നു കരുതിയ അവൾ തന്റെ മകന് “ഇതാ ഒരു പുത്രൻ!” എന്ന് അർഥമുള്ള രൂബേൻ എന്നു പേരിട്ടു. അതിനു തക്കകാരണവുമുണ്ടായിരുന്നു: “യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും” എന്നവൾ പറഞ്ഞു. എന്നാൽ ലേയയുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു; മറ്റൊരു പുത്രനുണ്ടായിട്ടും സ്ഥിതിഗതികൾക്കു മാറ്റമുണ്ടായില്ല. ലേയ രണ്ടാമത്തെ മകന് “കേട്ടു” എന്നർഥംവരുന്ന ശിമെയോൻ എന്നു പേരിട്ടു. അവൾ പറഞ്ഞു: “ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു.”—ഉല്പത്തി 29:30-33.
ദൈവം “കേട്ടു” എന്നു പറയുമ്പോൾ, ലേയ തന്റെ അവസ്ഥയെക്കുറിച്ചു പ്രാർഥിച്ചിരുന്നു എന്നു വ്യക്തം. അവൾ നല്ല വിശ്വാസമുള്ള ഒരു സ്ത്രീ ആയിരുന്നിരിക്കണം. എങ്കിലും മൂന്നാമത്തെ പുത്രനായ ലേവിക്കു ജന്മംനൽകിയശേഷവും അവളുടെ ഹൃദയവേദനയ്ക്കു ശമനമുണ്ടായില്ല. ലേവി എന്ന പേരിനർഥം “പറ്റിച്ചേരുക” എന്നാണ്. അവൾ പറഞ്ഞു: “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ.” എന്നിട്ടും യാക്കോബിന് അവളോടുള്ള മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല എന്നുവേണം കരുതാൻ. ലേയ ആ യാഥാർഥ്യം അംഗീകരിച്ചു എന്നു തോന്നുന്നു, കാരണം യാക്കോബുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകുമെന്ന യാതൊരു പ്രതീക്ഷയും നിഴലിക്കാത്തതായിരുന്നു നാലാമത്തെ പുത്രന്റെ പേര്. പകരം ദൈവത്തോടുള്ള നന്ദി പ്രതിഫലിപ്പിക്കുന്ന ഒരു പേരായിരുന്നു അത്. “യെഹൂദാ” എന്ന പേരിനർഥം “സ്തുതിക്കപ്പെടുന്ന” അല്ലെങ്കിൽ “സ്തുത്യമായത്” എന്നാണ്. ലേയ ഇത്രമാത്രം പറഞ്ഞു: “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും.”—ഉല്പത്തി 29:34, 35.
നീറുന്ന മനസ്സുമായാണു ലേയ ജീവിച്ചതെങ്കിൽ റാഹേലിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അവൾ യാക്കോബിനോടു കേണപേക്ഷിച്ചു: “എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും.” (ഉല്പത്തി 30:1) റാഹേൽ യാക്കോബിന്റെ സ്നേഹം ആവോളം നുകർന്നു, എങ്കിലും ഒരു കുഞ്ഞിക്കാലു കാണാൻ അവൾ വല്ലാതെ കൊതിച്ചു. ലേയയ്ക്കു പുത്രസൗഭാഗ്യമുണ്ടായിരുന്നു, എങ്കിലും യാക്കോബിന്റെ സ്നേഹത്തിനായി അവൾ ദാഹിച്ചു. ലേയയ്ക്കുള്ളതു റാഹേലും റാഹേലിനുള്ളതു ലേയയും ആഗ്രഹിച്ചു, ഇരുവരുടെയും ജീവിതത്തിൽ നിരാശ മാത്രം ബാക്കി. രണ്ടുപേരും യക്കോബിനെ ജീവനുതുല്യം സ്നേഹിക്കുകയും അവന്റെ കുഞ്ഞുങ്ങൾക്കു ജന്മംനൽകാൻ ആശിക്കുകയും ചെയ്തു. ഇരുവരും പരസ്പരം അസൂയപ്പെട്ടു. എത്ര സംഘർഷഭരിതമായ ഒരു കുടുംബം!
റാഹേലിന്റെ മക്കൾ
അന്നൊക്കെ, വന്ധ്യതയെ ഒരു ശാപമായാണു വീക്ഷിച്ചിരുന്നത്. അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും അവരുടെ പരമ്പരയിൽ ഒരു “സന്തതി” ജനിക്കുമെന്നും ആ “സന്തതി മുഖാന്തരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടു”മെന്നും ദൈവം വാഗ്ദാനം ചെയ്തിരുന്നു. (ഉല്പത്തി 26:4; 28:14) എങ്കിലും റാഹേൽ വന്ധ്യയായിരുന്നു. ആ വാഗ്ദാനനിവൃത്തിയിൽ ഒരു പങ്കുണ്ടായിരിക്കാൻ തക്കവണ്ണം റാഹേലിനു മക്കളെ നൽകാൻ ദൈവത്തിനു മാത്രമേ കഴിയൂവെന്നു പറഞ്ഞു മനസ്സിലാക്കാൻ യാക്കോബ് ശ്രമിച്ചു. എന്നാൽ അക്ഷമയായിത്തീർന്ന റാഹേൽ ഇങ്ങനെ പറഞ്ഞു: “എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും.”—ഉല്പത്തി 30:2, 3.
എന്തുകൊണ്ടാണ് റാഹേൽ അങ്ങനെ ചെയ്തത് എന്നു നാം ചിന്തിച്ചേക്കാം. എന്നാൽ പിൻവരുന്ന സംഗതി കണക്കിലെടുക്കേണ്ടതുണ്ട്. ഒരു അവകാശിയെ ലഭിക്കുന്നതിനായി വന്ധ്യയായ ഒരു സ്ത്രീ തന്റെ ഭർത്താവിനു സ്വന്തം ദാസിയെ നൽകുന്ന രീതി സമീപ പൗരസ്ത്യദേശത്ത് ഉണ്ടായിരുന്നു എന്നാണ് അവിടെനിന്നു കണ്ടെടുത്ത പുരാതന വിവാഹ ഉടമ്പടികൾ സൂചിപ്പിക്കുന്നത്.a (ഉല്പത്തി 16:1-3) അത്തരം സാഹചര്യങ്ങളിൽ ചിലപ്പോൾ ദാസിയുടെ മക്കളെ ഭാര്യയുടെ മക്കളായി പരിഗണിച്ചിരുന്നു.
ബിൽഹാ ഒരു മകനെ പ്രസവിച്ചപ്പോൾ, “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു” എന്നു പറഞ്ഞ് റാഹേൽ സന്തോഷിച്ചു. അവൾ അവനെ “ന്യായാധിപൻ” എന്ന് അർഥമുള്ള ദാൻ എന്നു വിളിച്ചു. അവളും തന്റെ ദുരവസ്ഥയെക്കുറിച്ചു പ്രാർഥിച്ചിരുന്നിരിക്കണം. ബിൽഹാ രണ്ടാമത്തെ പുത്രനു ജന്മംനൽകിയപ്പോൾ “എന്റെ പോരാട്ടങ്ങൾ” എന്നർഥമുള്ള നഫ്താലി എന്നു പേരിട്ടശേഷം റാഹേൽ പറഞ്ഞു: “ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു.” രണ്ടു സഹോദരിമാർ തമ്മിൽ കലഹിച്ചിരുന്നു എന്നാണ് ആ പേരുകൾ വ്യക്തമാക്കുന്നത്.—ഉല്പത്തി 30:5-8.
ബിൽഹായെ യാക്കോബിനു നൽകിയ റാഹേൽ യഹോവയോടുള്ള പ്രാർഥനയ്ക്കു ചേർച്ചയിൽ താൻ പ്രവർത്തിക്കുകയാണ് എന്നായിരിക്കാം വിചാരിച്ചത്. എന്നാൽ അവൾക്കു മക്കളെ നൽകാനുള്ള യഹോവയുടെ മാർഗം അതായിരുന്നില്ല. ഇവിടെ നമുക്ക് ഒരു പാഠമുണ്ട്. യഹോവയോട് അപേക്ഷ കഴിക്കുമ്പോൾ നാം ഒരിക്കലും അക്ഷമരാകരുത്. പ്രതീക്ഷിക്കാത്ത വിധങ്ങളിൽ, തെല്ലും നിനയ്ക്കാത്ത നേരത്ത് നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകാൻ അവനാകും.
താനും ഒട്ടും മോശമല്ലെന്നു കാണിക്കാൻ ലേയയും തന്റെ ദാസി സില്പയെ യാക്കോബിനു നൽകി. അവൾ ആദ്യം ഗാദിനും പിന്നെ ആശേറിനും ജന്മംനൽകി.—ഉല്പത്തി 30:9-13.
ലേയയുടെ മകനായ രൂബേൻ കുറെ ദൂദായിപ്പഴം കൊണ്ടുവന്നതിനെ തുടർന്നുണ്ടായ സംഭവം റാഹേലിനും ലേയയ്ക്കും ഇടയിലുണ്ടായിരുന്ന ഭിന്നത വെളിവാക്കുന്നതാണ്. ഗർഭംധരിക്കാൻ ഈ പഴം സഹായിക്കുമെന്നു കരുതപ്പെട്ടിരുന്നു. റാഹേൽ അതിൽ കുറെ ചോദിച്ചപ്പോൾ, “നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ” എന്നായിരുന്നു അരിശംപൂണ്ട ലേയയുടെ മറുപടി. യാക്കോബ് കൂടുതൽ സമയവും റാഹേലിനോടൊപ്പമാണു ചെലവഴിച്ചത് എന്ന ധ്വനിയാണ് ആ വാക്കുകൾക്കുള്ളതെന്നു ചിലർ പറയുന്നു. ലേയയുടെ പരാതിക്കു കാരണം പിടികിട്ടിയതുകൊണ്ടായിരിക്കണം റാഹേൽ ഇങ്ങനെ മറുപടി പറഞ്ഞത്: “ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ.” അങ്ങനെ വൈകുന്നേരം യാക്കോബ് വീട്ടിലെത്തിയപ്പോൾ, ലേയ അവനോടു പറഞ്ഞു: “നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴംകൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു.”—ഉല്പത്തി 30:15, 16.
ലേയയ്ക്ക് അഞ്ചാമതായി യിസ്സാഖാറും ആറാമതായി സെബൂലൂനും ജനിച്ചു. അതിനുശേഷം അവൾ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ.”b—ഉല്പത്തി 30:17-20.
ദൂദായിപ്പഴം ഗുണംചെയ്തില്ല. വിവാഹംകഴിഞ്ഞ് ആറു വർഷത്തിനുശേഷം ഒടുവിൽ റാഹേൽ ഗർഭംധരിച്ച് യോസേഫിനെ പ്രസവിച്ചു; യഹോവ അവളെ ‘ഓർക്കുകയും’ അവളുടെ പ്രാർഥനയ്ക്ക് ഉത്തരംനൽകുകയും ചെയ്തതിനാലായിരുന്നു അങ്ങനെ സംഭവിച്ചത്. “ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്ന് അപ്പോൾ മാത്രമാണു റാഹേലിനു പറയാൻ കഴിഞ്ഞത്.—ഉല്പത്തി 30:22-24.
മരണവും പൈതൃകവും
രണ്ടാമത്തെ പുത്രനായ ബെന്യാമീനിന്റെ പ്രസവത്തോടെ റാഹേൽ മരണമടഞ്ഞു. യാക്കോബ് അവളെ അതിയായി സ്നേഹിച്ചിരുന്നു, അവളുടെ പുത്രന്മാർ അവനു ജീവനായിരുന്നു. വർഷങ്ങൾക്കുശേഷം, മരിക്കാറായ യാക്കോബിന്റെ മനസ്സിലേക്കു പ്രിയസഖിയായ റാഹേലിന്റെ അകാല നഷ്ടത്തെക്കുറിച്ചുള്ള ഓർമകൾ ഓടിയെത്തി. (ഉല്പത്തി 30:1; 35:16-19; 48:7) യാക്കോബ്, മരണശേഷം തന്നെ ഏതു ഗുഹയിൽ അടക്കാനാണോ ആഗ്രഹിച്ചിരുന്നത് അതേ ഗുഹയിൽത്തന്നെ ലേയയെ അടക്കം ചെയ്തു. ഇത് ഒഴികെ ലേയയുടെ മരണത്തെക്കുറിച്ച് നമുക്കു മറ്റൊന്നും അറിയില്ല.—ഉല്പത്തി 49:29-32.
കുടുംബജീവിതം ഉൾപ്പെടെ മൊത്തത്തിലുള്ള തന്റെ ജീവിതം ദുരിതമയമായിരുന്നുവെന്ന് ജീവിതസായാഹ്നത്തിൽ യാക്കോബ് സമ്മതിച്ചുപറഞ്ഞു. (ഉല്പത്തി 47:9) ലേയയുടെയും റാഹേലിന്റെയും ജീവിതവും സങ്കടങ്ങൾ ഒഴിയാത്തതായിരുന്നു. ബഹുഭാര്യത്വത്തിന്റെ ദാരുണ ഫലങ്ങളെ എടുത്തുകാട്ടുന്നതും പുരുഷന് ഏക ഭാര്യയേ ആകാവൂ എന്നു യഹോവ നിബന്ധന നൽകിയതിന്റെ കാരണം വ്യക്തമാക്കുന്നതുമാണ് അവരുടെ അനുഭവം. (മത്തായി 19:4-8; 1 തിമൊഥെയൊസ് 3:2, 12) ഭാര്യാഭർത്താക്കന്മാർ ലൈംഗിക താത്പര്യങ്ങൾ ഒരാളിൽ മാത്രം, അതായത് സ്വന്തം ഇണയിൽമാത്രം പരിമിതപ്പെടുത്തുന്നില്ലെങ്കിൽ അസൂയ മുളപൊട്ടുമെന്നു തീർച്ച. വ്യഭിചാരവും പരസംഗവും ദൈവം വിലക്കുന്നതിനുള്ള ഒരു കാരണം അതാണ്.—1 കൊരിന്ത്യർ 6:18; എബ്രായർ 13:4.
ഏതായാലും, അപൂർണരായ അതേസമയം വിശ്വസ്തരായ സ്ത്രീപുരുഷന്മാരെ ഉപയോഗിച്ചുകൊണ്ട് തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ യഹോവ തുടർന്നു, ഇനിയും അതു തുടരും. നമ്മെപ്പോലെതന്നെ, ആ രണ്ടു സഹോദരിമാർക്കും ബലഹീനതകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും അവരിലൂടെ യഹോവ അബ്രാഹാമിനോടുള്ള വാഗ്ദാനം നിവർത്തിച്ചു. “യിസ്രായേൽഗൃഹം പണിതതു” ലേയയും റാഹേലും അല്ലോ എന്ന വാക്കുകൾ എത്ര അന്വർഥമാണ്!—രൂത്ത് 4:11.
[അടിക്കുറിപ്പുകൾ]
a ഇറാക്കിലെ നോസീയിൽനിന്നു കണ്ടെടുത്ത ഒരു വിവാഹ ഉടമ്പടി ഇങ്ങനെയാണ്: “കെലീം നീനോവിനെ ഷെനീമയ്ക്കു വിവാഹംകഴിച്ചു കൊടുത്തിരിക്കുന്നു . . . കെലീം നീനോവിനു കുട്ടികൾ ഉണ്ടാകുന്നില്ലെങ്കിൽ, അവൾ ലൂലൂ ദേശത്തുനിന്ന് ഒരു സ്ത്രീയെ [ഒരു ദാസിയെ] ഷെനീമയ്ക്കു ഭാര്യയായി കൊടുക്കും.”
b ദീനാ എന്നു പേരുള്ള ഒരു മകളും ലേയയ്ക്കുണ്ടായി. യാക്കോബിന്റെ പുത്രിമാരിൽ അവളുടെ പേരു മാത്രമേ നമുക്ക് അറിയാവൂ.—ഉല്പത്തി 30:21; 46:7.
[9-ാം പേജിലെ ചിത്രം]
ലേയയ്ക്കുള്ളതു റാഹേലും റാഹേലിനുള്ളതു ലേയയും ആഗ്രഹിച്ചു, ഇരുവരും അസംതൃപ്തരായിരുന്നു
[10-ാം പേജിലെ ചിത്രം]
ഇസ്രായേൽ ജനത ഉളവായത് യാക്കോബിന്റെ 12 പുത്രന്മാരിൽനിന്നാണ്