യേശുവിൽനിന്നു പഠിക്കുക
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം?
ദയ കാണിക്കേണ്ടത് എന്തുകൊണ്ട്?
മറ്റുള്ളവർ ദയാരഹിതമായി പെരുമാറുമ്പോഴും നിങ്ങൾ ദയയുള്ളവരാണോ? യേശുവിനെ അനുകരിക്കാൻ ആഗ്രഹിക്കുന്നപക്ഷം, നമ്മെ വെറുക്കുന്നവരോടുപോലും നാം ദയ കാണിക്കണം. യേശു പറഞ്ഞു: “നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ. . . . നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; . . . എന്നാൽ . . . നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.”—ലൂക്കൊസ് 6:32-36; 10:25-37.
ക്ഷമിക്കേണ്ടത് എന്തുകൊണ്ട്?
തെറ്റുചെയ്യുമ്പോൾ ദൈവം നമ്മോടു ക്ഷമിക്കണമെന്ന് നാമാഗ്രഹിക്കുന്നു. അവനോടു ക്ഷമചോദിക്കുന്നത് ഉചിതമാണെന്ന് യേശു പഠിപ്പിച്ചിട്ടുമുണ്ട്. (മത്തായി 6:12) എന്നാൽ മറ്റുള്ളവരോടു നാം എത്രത്തോളം ക്ഷമിക്കുന്നുവോ അത്രത്തോളമേ ദൈവവും നമ്മോടു ക്ഷമിക്കുകയുള്ളുവെന്ന് യേശു പറഞ്ഞു. “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.”—മത്തായി 6:14, 15.
കുടുംബസന്തുഷ്ടി എങ്ങനെ കണ്ടെത്താം?
യേശു അവിവാഹിതനായിരുന്നെങ്കിലും, കുടുംബജീവിതം സന്തുഷ്ടമാക്കാൻ കഴിയുന്ന നിരവധി കാര്യങ്ങൾ അവനിൽനിന്നു പഠിക്കാനാകും. വാക്കാലും പ്രവൃത്തിയാലും അവൻ മാതൃകവെച്ചിരിക്കുന്നു. താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക:
1. ഭർത്താവ് ഭാര്യയെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം. ഭർത്താക്കന്മാർക്ക് യേശു നല്ലൊരു മാതൃകയാണ്. ശിഷ്യന്മാരോട് അവൻ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു.” ഏതളവോളം? “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ,” അവൻ പറഞ്ഞു. (യോഹന്നാൻ 13:34) ഈ തത്ത്വം ഭർത്താക്കന്മാർക്കു ബാധകമാക്കിക്കൊണ്ട് ബൈബിൾ പറയുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. . . . അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്.”—എഫെസ്യർ 5:25, 28, 29.
2. ഭാര്യാഭർത്താക്കന്മാർ വിശ്വസ്തരായിരിക്കണം. ദാമ്പത്യത്തിനു വെളിയിലുള്ള ലൈംഗികബന്ധം ദൈവത്തിനെതിരായ പാപമാണ്, അതു കുടുംബങ്ങളെ ശിഥിലമാക്കും. യേശു പറഞ്ഞു: “മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു . . . നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്. . . . ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:4-9.
3. മക്കൾ മാതാപിതാക്കൾക്ക് കീഴ്പെട്ടിരിക്കണം. യേശു പൂർണനും അവന്റെ മാതാപിതാക്കൾ അപൂർണരും ആയിരുന്നിട്ടും ഒരു കുട്ടിയെന്ന നിലയിൽ അവൻ അവരെ അനുസരിച്ചുപോന്നു. അവനു 12 വയസ്സായിരുന്ന സമയത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൻ അവരോടുകൂടെ [മാതാപിതാക്കളോടുകൂടെ] ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു.”—ലൂക്കൊസ് 2:51; എഫെസ്യർ 6:1-3.
ഈ തത്ത്വങ്ങൾ ബാധകമാക്കേണ്ടത് എന്തുകൊണ്ട്?
ശിഷ്യന്മാരെ പഠിപ്പിച്ച കാര്യങ്ങളോടുള്ള ബന്ധത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.” (യോഹന്നാൻ 13:17) മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് യേശു നൽകിയ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിച്ചാൽ മാത്രമേ സത്യക്രിസ്ത്യാനികളായിരിക്കാൻ നമുക്കു കഴിയൂ. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും,” അവൻ പറഞ്ഞു.—യോഹന്നാൻ 13:35.
കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 14-ാം അധ്യായം കാണുക.a
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[24, 25 പേജിലെ ചിത്രം]
മുടിയനായ പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ ദയയും ക്ഷമയും എത്ര പ്രധാനമാണെന്നു പഠിപ്പിക്കുന്നു.—ലൂക്കൊസ് 15:11-32
[25-ാം പേജിലെ ചിത്രം]
ഭാര്യാഭർത്താക്കന്മാർ പരസ്പരം വിശ്വസ്തരായിരിക്കണം