യഹോവ ‘വിടുവിക്കുന്നു’—ബൈബിൾക്കാലങ്ങളിൽ
“ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു.”—സങ്കീ. 70:5.
1, 2. (എ) സത്യാരാധകർ സഹായത്തിനായി ദൈവത്തിലേക്കു തിരിയുന്ന ചില സാഹചര്യങ്ങളേവ? (ബി) ഏതു സുപ്രധാന ചോദ്യം ഉദിക്കുന്നു, അതിനുള്ള ഉത്തരം എവിടെ കണ്ടെത്താം?
ദൂരെ ഒരിടത്ത് അവധിക്കാലം ചെലവഴിക്കുകയായിരുന്നു ആ ദമ്പതികൾ. അപ്പോഴാണ്, വിവാഹിതയായ 23-കാരി മകളെ കാണാനില്ല എന്ന ഞെട്ടിക്കുന്ന വാർത്ത അവർ കേൾക്കുന്നത്. ആ തിരോധാനത്തിൽ ദുരൂഹത തോന്നിയ അവർ ഉടൻതന്നെ മടക്കയാത്ര ആരംഭിക്കുന്നു. യാത്രയിലുടനീളം യഹോവയോട് കരളുരുകി പ്രാർഥിക്കുകയായിരുന്നു അവർ. 20 വയസ്സുള്ള ഒരു യുവസാക്ഷിക്ക് ശരീരം മുഴുവൻ തളർത്തിക്കളയുന്ന ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നതായി ഡോക്ടർമാർ കണ്ടുപിടിക്കുന്നു. അതറിഞ്ഞയുടൻ അവൻ സഹായത്തിനായി യഹോവയിലേക്കു തിരിയുന്നു. ജോലിയില്ലാതെ വലയുന്ന ഒറ്റയ്ക്കുള്ള ഒരു മാതാവ് തനിക്കും 12 വയസ്സുള്ള മകൾക്കും ആഹാരത്തിനുള്ള വക കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ്. ആ അമ്മയും യഹോവയോടു കരഞ്ഞപേക്ഷിക്കുന്നു. ഗുരുതരമായ പ്രശ്നങ്ങളും പരിശോധനകളും ഉണ്ടാകുമ്പോൾ സത്യാരാധകർ യഹോവയുടെ സഹായം തേടുന്നതു സ്വാഭാവികമാണ്. ആകട്ടെ, തീർത്തും ആശയറ്റ ഒരു സാഹചര്യത്തിൽ സഹായത്തിനായി നിങ്ങൾ യഹോവയിലേക്കു തിരിഞ്ഞിട്ടുണ്ടോ?
2 ഇപ്പോൾ ഉദിക്കുന്ന സുപ്രധാന ചോദ്യം ഇതാണ്: സഹായത്തിനായുള്ള നമ്മുടെ നിലവിളിക്ക് യഹോവ ഉത്തരമേകുമെന്ന് നമുക്ക് ശരിക്കും പ്രതീക്ഷിക്കാനാകുമോ? വിശ്വാസത്തെ ബലപ്പെടുത്തുന്ന ഉത്തരം 70-ാം സങ്കീർത്തനത്തിൽ നമുക്കു കാണാനാകും. ജീവിതത്തിൽ നിരവധി വെല്ലുവിളികളും പ്രശ്നപൂരിതമായ സാഹചര്യങ്ങളും അഭിമുഖീകരിച്ചിട്ടുള്ള ഒരു വിശ്വസ്ത ദൈവദാസനായ ദാവീദാണ് പ്രചോദനാത്മകമായ ഈ സങ്കീർത്തനത്തിന്റെ രചയിതാവ്. ഈ നിശ്വസ്ത സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഇങ്ങനെ എഴുതാൻ പ്രേരിതനായി: “ദൈവമേ, . . . നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു.” (സങ്കീ. 70:5) പ്രയാസസാഹചര്യങ്ങളിൽ എന്തുകൊണ്ട് നമുക്കും യഹോവയിലേക്കു തിരിയാനാകും? അവൻ നമ്മെ ‘വിടുവിക്കുമെന്ന്’ നമുക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? 70-ാം സങ്കീർത്തനം ഉത്തരം നൽകുന്നു.
‘നീ എന്നെ വിടുവിക്കുന്നവൻ ആകുന്നു’
3. (എ) സഹായത്തിനായുള്ള ഏത് അടിയന്തിര അപേക്ഷകളാണ് 70-ാം സങ്കീർത്തനത്തിൽ കാണുന്നത്? (ബി) ദാവീദിന് എന്ത് ഉറപ്പുണ്ടായിരുന്നതായി 70-ാം സങ്കീർത്തനം വെളിവാക്കുന്നു?
3 ദിവ്യസഹായത്തിനായുള്ള അടിയന്തിര അപേക്ഷകളോടെയാണ് 70-ാം സങ്കീർത്തനം ആരംഭിക്കുന്നതും അവസാനിക്കുന്നതും. (സങ്കീർത്തനം 70:1-5 വായിക്കുക.) തന്നെ ‘സഹായിക്കാൻ വേഗം വരേണമേ’ എന്നും ‘വേഗം വന്നു വിടുവിക്കേണമേ’ എന്നും ദാവീദ് യഹോവയോട് യാചിക്കുന്നു. 2 മുതൽ 4 വരെയുള്ള വാക്യങ്ങളിൽ തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന അഞ്ചു കാര്യങ്ങളാണ് അവൻ അപേക്ഷിക്കുന്നത്. അവനെ കൊല്ലാൻ ശ്രമിക്കുന്നവരോടു ബന്ധപ്പെട്ടുള്ളതാണ് ആദ്യത്തെ മൂന്നെണ്ണം. അവരെ പരാജയപ്പെടുത്തണമേയെന്നും അവരുടെ ദുഷ്ടതനിമിത്തം അവരെ ലജ്ജിപ്പിക്കണമേയെന്നും അവൻ അകമഴിഞ്ഞു പ്രാർഥിക്കുന്നു. 4-ാം വാക്യത്തിൽ കാണുന്ന അടുത്ത രണ്ട് അപേക്ഷകൾ ദൈവജനത്തോടു ബന്ധപ്പെട്ടതാണ്. യഹോവയെ അന്വേഷിക്കുന്നവർ സന്തോഷിച്ച് അവനെ മഹത്ത്വപ്പെടുത്താൻ ഇടയാകട്ടെയെന്ന് അവൻ പ്രാർഥിക്കുന്നു. തുടർന്ന്, “നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു” എന്ന് ഉപസംഹാരമായി ദാവീദ് യഹോവയോടു പറയുന്നു. “നീ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആയിരിക്കേണമേ” എന്നു ദാവീദ് പറഞ്ഞില്ല; പകരം ‘നീ അങ്ങനെ ആകുന്നു’ എന്നാണ് അവൻ പറഞ്ഞത്. അതു കാണിക്കുന്നത് അവന് യഹോവയിൽ അത്ര അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നു എന്നാണ്. യഹോവ തന്നെ സഹായിക്കും എന്ന കാര്യത്തിൽ അവനു തെല്ലും സംശയമില്ലായിരുന്നു.
4, 5. ദാവീദിനെക്കുറിച്ച് 70-ാം സങ്കീർത്തനത്തിൽനിന്ന് നാം എന്തു പഠിക്കുന്നു, നമുക്ക് എന്ത് ഉറപ്പുള്ളവരായിരിക്കാം?
4 ദാവീദിനെക്കുറിച്ച് 70-ാം സങ്കീർത്തനത്തിൽനിന്ന് നാം എന്തു മനസ്സിലാക്കുന്നു? ഏതുവിധേനയും അവനെ വകവരുത്താൻ ശത്രുക്കൾ തീരുമാനിച്ചുറച്ചപ്പോഴും സ്വന്തനിലയിൽ ആ സാഹചര്യത്തെ നേരിടാൻ ശ്രമിക്കാതെ അവൻ യഹോവയിൽ ആശ്രയിച്ചു. യഹോവ തക്കസമയത്ത് തന്റേതായ വിധത്തിൽ ആ ശത്രുക്കളെ നേരിടുമെന്ന് അവന് അറിയാമായിരുന്നു. (1 ശമൂ. 26:10) ‘തന്നെ അന്വേഷിക്കുന്നവരെ’ യഹോവ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുമെന്ന ബോധ്യം അവനുണ്ടായിരുന്നു. (എബ്രാ. 11:6) ഇതേ ബോധ്യത്തോടെ പ്രവർത്തിക്കുന്ന സത്യാരാധകർക്കെല്ലാം സന്തോഷിക്കുന്നതിനും യഹോവയുടെ മഹത്ത്വത്തെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് അവനെ മഹിമപ്പെടുത്തുന്നതിനും തക്ക കാരണം ഉണ്ടെന്ന് അവൻ മനസ്സിലാക്കിയിരുന്നു.—സങ്കീ. 5:11; 35:27.
5 യഹോവ നമ്മുടെ സഹായിയും നമ്മെ ‘വിടുവിക്കുന്നവനും’ ആണെന്ന് ദാവീദിനെപ്പോലെ നമുക്കും ഉറച്ചുവിശ്വസിക്കാം. അതുകൊണ്ട് വലിയ പരിശോധനകളിലൂടെ കടന്നുപോകുമ്പോഴോ പ്രയാസകരമായ സാഹചര്യങ്ങൾ നേരിടുമ്പോഴോ, ‘സഹായിക്കാൻ വേഗം വരേണമേ’ എന്ന് നമുക്കും പ്രാർഥിക്കാവുന്നതാണ്. (സങ്കീ. 71:12) ആ അപേക്ഷയ്ക്ക് യഹോവ എങ്ങനെ ഉത്തരമരുളിയേക്കാം? അതേക്കുറിച്ചു ചർച്ച ചെയ്യുന്നതിനുമുമ്പ് സമാനമായ മൂന്നു സാഹചര്യങ്ങളിൽ അവൻ ദാവീദിനെ വിടുവിച്ചത് എങ്ങനെയെന്ന് നമുക്കു പരിചിന്തിക്കാം.
ശത്രുക്കളിൽനിന്നു വിടുവിക്കുന്നു
6. യഹോവ നീതിമാന്മാരെ സംരക്ഷിക്കുമെന്ന് ദാവീദ് എങ്ങനെ മനസ്സിലാക്കി?
6 നീതിമാന്മാർക്ക് സഹായത്തിനായി യഹോവയെ ആശ്രയിക്കാനാകുമെന്ന് അന്നു ലഭ്യമായിരുന്ന നിശ്വസ്ത തിരുവെഴുത്തുകളിൽനിന്ന് ദാവീദ് മനസ്സിലാക്കിയിരുന്നു. അഭക്തലോകത്തിന്മേൽ ജലപ്രളയം വരുത്തിയപ്പോൾ യഹോവ ദൈവഭക്തനായ നോഹയെയും അവന്റെ കുടുംബത്തെയും സംരക്ഷിച്ചു. (ഉല്പ. 7:23) സൊദോം, ഗൊമോര പട്ടണങ്ങളിലെ ദുഷ്ടനിവാസികളുടെമേൽ തീയും ഗന്ധകവും വർഷിച്ചപ്പോൾ നീതിമാനായ ലോത്തിനെയും രണ്ടു പുത്രിമാരെയും അവൻ ജീവനോടെ കാത്തു. (ഉല്പ. 19:12-26) അഹങ്കാരിയായ ഫറവോനെയും അവന്റെ സൈന്യത്തെയും ചെങ്കടലിൽ മുക്കിക്കളഞ്ഞപ്പോഴും അവൻ തന്റെ ജനത്തെ വിടുവിച്ചു. (പുറ. 14:19-28) ഇതിന്റെയെല്ലാം വെളിച്ചത്തിൽ, ദാവീദ് യഹോവയെ “ഉദ്ധാരണങ്ങളുടെ ദൈവം” എന്നു വാഴ്ത്തിപ്പാടിയതിൽ അതിശയമില്ല.—സങ്കീ. 68:20.
7-9. (എ) യഹോവ തന്നെ കാത്തുരക്ഷിക്കുമെന്ന് ഉറച്ചുവിശ്വസിക്കാൻ ദാവീദിന് എന്തു കാരണമുണ്ടായിരുന്നു? (ബി) തന്നെ രക്ഷിച്ചത് ആരാണെന്നാണ് ദാവീദ് തുറന്നുസമ്മതിച്ചത്?
7 യഹോവ തന്റെ ജനത്തെ കാത്തുരക്ഷിക്കുമെന്ന് സ്വന്തം ജീവിതാനുഭവങ്ങളും ദാവീദിനെ ബോധ്യപ്പെടുത്തി. യഹോവയുടെ ‘ശാശ്വത ഭുജത്തിന്’ അവനെ സേവിക്കുന്നവരെ വിടുവിക്കാനാകുമെന്ന് ദാവീദ് അനുഭവിച്ചറിഞ്ഞിരുന്നു. (ആവ. 33:27) “ശത്രുവശത്തുനിന്ന്” യഹോവ അവനെ പല പ്രാവശ്യം വിടുവിച്ചിട്ടുണ്ട്. (സങ്കീ. 18:17-19, 48) പിൻവരുന്ന ഉദാഹരണം പരിശോധിക്കുക.
8 ഇസ്രായേല്യസ്ത്രീകൾ ദാവീദിന്റെ യുദ്ധനിപുണതയെ പാടിപ്പുകഴ്ത്തിയപ്പോൾ അത്യന്തം അസൂയാലുവായിത്തീർന്ന ശൗൽ രാജാവ് രണ്ടു തവണ അവനുനേരെ കുന്തമെറിഞ്ഞു. (1 ശമൂ. 18:6-9) രണ്ടു വട്ടവും തലനാരിഴയ്ക്കാണ് അവൻ രക്ഷപ്പെട്ടത്. സ്വന്തം മിടുക്കുകൊണ്ടായിരുന്നോ അതു സാധ്യമായത്? തീർച്ചയായുമല്ല. “യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (1 ശമൂവേൽ 18:11-14 വായിക്കുക.) മറ്റൊരിക്കൽ, ഫെലിസ്ത്യരുടെ കൈകൊണ്ട് ദാവീദിനെ കൊല്ലാനുള്ള ഗൂഢപദ്ധതി പാളിപ്പോയപ്പോൾ, ‘യഹോവ ദാവീദിനോടുകൂടെ ഉണ്ടായിരുന്നുവെന്ന്’ ശൗലിനു മനസ്സിലായി.—1 ശമൂ. 18:17-28.
9 താൻ രക്ഷപ്പെട്ടതു സംബന്ധിച്ച് ദാവീദുതന്നെ പറയുന്നത് എന്താണ്? 18-ാം സങ്കീർത്തനത്തിന്റെ മേലെഴുത്തിൽ, ‘യഹോവ അവനെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ച കാലത്ത് അവൻ ഈ സംഗീത വാക്യങ്ങളെ യഹോവയ്ക്കു പാടി’ എന്നു പറഞ്ഞിരിക്കുന്നു. “യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും . . . ആകുന്നു” എന്ന് പാടിക്കൊണ്ട് ദാവീദ് തന്റെ മനോവികാരം വെളിവാക്കുന്നു. (സങ്കീ. 18:2) തന്റെ ജനത്തെ വിടുവിക്കാൻ യഹോവ പ്രാപ്തനാണെന്ന് അറിയുന്നത് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നില്ലേ?—സങ്കീ. 35:10.
രോഗശയ്യയിൽ പരിപാലിക്കുന്നു
10, 11. സങ്കീർത്തനം 41-ൽ പറഞ്ഞിരിക്കുന്നതുപോലെ ദാവീദ് രോഗശയ്യയിലായിരുന്നത് എപ്പോഴായിരിക്കാം?
10 ഒരിക്കൽ ദാവീദ് രാജാവിന് കലശലായ രോഗം പിടിപെട്ടതായി 41-ാം സങ്കീർത്തനം പറയുന്നു. കുറെക്കാലം രോഗശയ്യയിൽ കഴിയേണ്ടിവന്ന അവൻ ‘ഇനി എഴുന്നേൽക്കുകയില്ല’ എന്ന് ശത്രുക്കളിൽ ചിലർ കരുതി. (7, 8 വാക്യങ്ങൾ) എപ്പോഴാണ് ദാവീദിന് ഇങ്ങനെയൊരു രോഗം ബാധിച്ചത്? 41-ാം സങ്കീർത്തനം സൂചിപ്പിക്കുന്നതനുസരിച്ച് ദാവീദിന്റെ ജീവിതത്തിലെ സമ്മർദപൂരിതമായ ഒരു കാലഘട്ടത്തിൽ, അതായത് അവന്റെ പുത്രനായ അബ്ശാലോം രാജത്വം തട്ടിയെടുക്കാൻ ശ്രമിച്ച സമയത്തായിരിക്കാം ഇതു സംഭവിച്ചത്.—2 ശമൂ. 15:6, 13, 14.
11 ഉദാഹരണത്തിന്, താൻ വിശ്വാസം അർപ്പിച്ചവനും തന്റെ അപ്പം തിന്നവനുമായ ഒരു പ്രാണസ്നേഹിതൻ തന്നെ വഞ്ചിക്കുന്നതായി ദാവീദ് അവിടെ പറയുന്നു. (9-ാം വാക്യം) ഇത് ദാവീദിന്റെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവം നമ്മുടെ ഓർമയിലേക്കു കൊണ്ടുവന്നേക്കാം. അബ്ശാലോം ദാവീദിനെതിരെ മത്സരിച്ചപ്പോൾ ദാവീദിന്റെ വിശ്വസ്ത ഉപദേഷ്ടാവായ അഹീഥോഫെലും അവന്റെ പക്ഷം ചേർന്നു. (2 ശമൂ. 15:31; 16:15) ദാവീദിന്റെ ദുരവസ്ഥ ഒന്നോർത്തു നോക്കൂ: എഴുന്നേൽക്കാൻപോലും ത്രാണിയില്ലാതെ അവൻ രോഗശയ്യയിലാണ്; തങ്ങളുടെ ദുഷ്ട പദ്ധതികൾ നടപ്പിലാക്കുന്നതിന്, രാജാവ് ഒന്നൊടുങ്ങിക്കാണാൻ ഉപജാപകർ കാത്തിരിക്കുന്നു; എല്ലാമറിഞ്ഞിട്ടും നിസ്സഹായനായി കഴിയാനേ അവനു സാധിക്കുന്നുള്ളൂ.—5-ാം വാക്യം.
12, 13. (എ) ദാവീദിന് എന്ത് ഉറപ്പുണ്ടായിരുന്നു? (ബി) ദൈവം ദാവീദിനെ എങ്ങനെ ശക്തിപ്പെടുത്തിയിരിക്കാം?
12 ഇത്രയെല്ലാം സംഭവിച്ചിട്ടും യഹോവയിലുള്ള ദാവീദിന്റെ ആശ്രയത്വത്തിന് തെല്ലും കോട്ടംതട്ടിയില്ല. യഹോവയുടെ ഒരു വിശ്വസ്ത ആരാധകൻ രോഗിയായിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ദാവീദ് പറഞ്ഞു: “അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. . . . യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.” (സങ്കീ. 41:1, 3) ‘യഹോവ അവനെ താങ്ങും’ എന്ന വാക്കുകളിൽ വീണ്ടും യഹോവയിലുള്ള അവന്റെ ആശ്രയത്വമാണ് വെളിവാകുന്നത്. അവൻ തന്നെ സഹായിക്കുമെന്ന് ദാവീദിന് ഉറപ്പുണ്ടായിരുന്നു. എന്തുകൊണ്ട്?
13 യഹോവ അത്ഭുതകരമായി തന്റെ രോഗം ഭേദമാക്കണമെന്നൊന്നും ദാവീദ് പ്രതീക്ഷിച്ചില്ല. യഹോവ തന്നെ “താങ്ങും” എന്ന്, അതായത് രോഗശയ്യയിലായിരിക്കെ അവൻ തന്നെ പരിപാലിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. അത്തരം സഹായം അവന് ആവശ്യമായിരുന്നുതാനും. നാം കണ്ടതുപോലെ, ഗുരുതരമായ രോഗത്തിനുപുറമേ അവനെക്കുറിച്ച് ദുഷിപറയുന്ന ശത്രുക്കളും ചുറ്റുമുണ്ടായിരുന്നു. (5, 6 വാക്യങ്ങൾ) ആശ്വാസദായകമായ കാര്യങ്ങൾ അവന്റെ ഓർമയിലേക്കു കൊണ്ടുവന്നുകൊണ്ട് യഹോവ അവനെ ബലപ്പെടുത്തിയിരിക്കണം. “നീ എന്റെ നിഷ്കളങ്കത്വംനിമിത്തം [“ദൃഢവിശ്വസ്തതനിമിത്തം,” NW] എന്നെ താങ്ങുന്നു” എന്ന് ദാവീദ് പറഞ്ഞത് ശ്രദ്ധേയമാണ്. (12-ാം വാക്യം) രോഗം ബാധിച്ച് ശത്രുക്കളുടെ അപവാദത്തിന് ഇരയായിക്കഴിഞ്ഞ ആ സാഹചര്യത്തിലും യഹോവ തന്നെ ഒരു വിശ്വസ്തതാപാലകനായി കണ്ടു എന്ന വസ്തുതയും അവനെ ശക്തിപ്പെടുത്തിയിരിക്കണം. ഒടുവിൽ ദാവീദ് രോഗവിമുക്തനായി. രോഗികളെ യഹോവ പരിപാലിക്കും എന്നറിയുന്നത് നമുക്ക് ആശ്വാസം പകരുന്നില്ലേ?—2 കൊരി. 1:3.
അവശ്യവസ്തുക്കൾ പ്രദാനംചെയ്യുന്നു
14, 15. ദാവീദിനും കൂട്ടാളികൾക്കും സഹായം ആവശ്യമായിവന്നത് എപ്പോൾ, അവർക്ക് എന്തു സഹായം ലഭിച്ചു?
14 ദാവീദ് ഇസ്രായേലിൽ രാജാവായ സമയത്ത് അവൻ സുഭിക്ഷമായാണ് കഴിഞ്ഞത്; അതുപോലെ മറ്റനേകരും അവന്റെ മേശയിൽനിന്നു ഭക്ഷിച്ചിരുന്നു. (2 ശമൂ. 9:10) എന്നാൽ ഇതൊന്നും ഇല്ലാതെയും അവൻ കഴിഞ്ഞിട്ടുണ്ട്. അവന്റെ മകനായ അബ്ശാലോം ഒരു മത്സരിയായി രാജസ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ദാവീദ് തന്റെ വിശ്വസ്ത കൂട്ടാളികളോടൊപ്പം യെരൂശലേമിൽനിന്ന് ഓടിപ്പോയി. യോർദ്ദാനു കിഴക്കുള്ള ഗിലെയാദിലേക്കാണ് അവർ പോയത്. (2 ശമൂ. 17:22, 24) അഭയാർഥികളെപ്പോലെ ഉഴന്നുനടക്കേണ്ടിവന്ന അവർ ആഹാരവും വെള്ളവും കിട്ടാതെ വലഞ്ഞു. അധികം ആൾപ്പാർപ്പില്ലാത്ത ആ സ്ഥലത്ത് അവർക്ക് എങ്ങനെ ഇതെല്ലാം ലഭിക്കുമായിരുന്നു?
15 ഒടുവിൽ ദാവീദും കൂടെയുള്ളവരും മഹനയീമിൽ എത്തിച്ചേർന്നു. അവിടെ ധൈര്യശാലികളായ മൂന്നുപേരെ അവർ കണ്ടുമുട്ടി—ശോബി, മാഖീർ, ബർസില്ലായി. ദൈവത്താൽ അവരോധിതനായ തങ്ങളുടെ രാജാവിനെ സഹായിക്കാനായി ജീവൻ പണയപ്പെടുത്താൻവരെ അവർ തയ്യാറായിരുന്നു. അബ്ശാലോം രാജസ്ഥാനം കയ്യേൽക്കുന്നപക്ഷം ദാവീദിനെ സഹായിക്കുന്നവർക്കെല്ലാം കടുത്തശിക്ഷ കിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവരതു ചെയ്തത്. ദാവീദിന്റെയും മറ്റും ദുരവസ്ഥ കണ്ടറിഞ്ഞിട്ട് വിശ്വസ്തരായ ഈ പ്രജകൾ കിടക്ക, ഗോതമ്പ്, യവം, മലർ, അമരയ്ക്ക, പയർ, തേൻ, വെണ്ണ, ആട് എന്നിങ്ങനെ അവർക്ക് ആവശ്യമായതൊക്കെയും എത്തിച്ചുകൊടുത്തു. (2 ശമൂവേൽ 17:27-29 വായിക്കുക.) ഇവർ കാണിച്ച വിശ്വസ്തതയും ആതിഥ്യവും ദാവീദിന്റെ ഹൃദയത്തെ സ്പർശിച്ചിരിക്കണം; അതൊന്നും അവന് ഒരിക്കലും മറക്കാനാകുമായിരുന്നില്ല.
16. ദാവീദിനും കൂടെയുള്ളവർക്കും ആവശ്യമായതെല്ലാം യഥാർഥത്തിൽ നൽകിയത് ആരാണ്?
16 ദാവീദിനും കൂടെയുള്ളവർക്കും ആവശ്യമായതെല്ലാം യഥാർഥത്തിൽ നൽകിയത് ആരാണ്? തന്റെ ജനത്തിനായി കരുതുന്നത് യഹോവയാണ് എന്ന കാര്യത്തിൽ ദാവീദിന് ബോധ്യമുണ്ടായിരുന്നു. ബുദ്ധിമുട്ടുള്ള ഒരു സഹാരാധകനെ സഹായിക്കാനായി മറ്റുള്ളവരെ പ്രേരിപ്പിക്കാൻ യഹോവയ്ക്കു കഴിയും. ഗിലെയാദിൽവെച്ച് ആ മൂന്നു പുരുഷന്മാർ നൽകിയ സഹായത്തെ, യഹോവയുടെ സ്നേഹപൂർവകമായ കരുതലായി ദാവീദ് തിരിച്ചറിഞ്ഞു എന്നതിനു സംശയമില്ല. ജീവിതാന്ത്യത്തോടടുത്ത് ദാവീദ് ഇങ്ങനെ എഴുതി: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീ. 37:25) യഹോവ തന്റെ ദാസന്മാർക്കായി എല്ലായ്പോഴും കരുതും എന്നറിയുന്നത് ആശ്വാസദായകമല്ലേ?—സദൃ. 10:3.
തന്റെ ജനത്തെ രക്ഷിക്കാൻ യഹോവയ്ക്കറിയാം
17. യഹോവ പലപ്പോഴും എന്തു ചെയ്തിട്ടുണ്ട്?
17 പുരാതന കാലങ്ങളിൽ യഹോവയുടെ രക്ഷാശക്തി അനുഭവിച്ചറിഞ്ഞവരിൽ ഒരാൾ മാത്രമാണ് ദാവീദ്. ദാവീദിന്റെ കാലത്തിനുശേഷവും ദൈവം പലരെയും അങ്ങനെ വിടുവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ പറയുന്നു: ‘കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാൻ അറിയുന്നുവല്ലോ.’ (2 പത്രൊ. 2:9, 10) അതിനുള്ള രണ്ടു ദൃഷ്ടാന്തങ്ങൾകൂടി നമുക്കു നോക്കാം.
18. ഹിസ്കീയാവിന്റെ നാളിൽ യഹോവ തന്റെ ജനത്തെ വിടുവിച്ചത് എങ്ങനെ?
18 ബി.സി. എട്ടാം നൂറ്റാണ്ടിൽ ശക്തരായ അസ്സീറിയൻ സൈന്യം യെഹൂദായെ ആക്രമിക്കുകയും യെരൂശലേമിനുനേരെ ഭീഷണി ഉതിർക്കുകയും ചെയ്തപ്പോൾ ഹിസ്കീയാ രാജാവ് ഇങ്ങനെ പ്രാർഥിച്ചു: “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ . . . രക്ഷിക്കേണമേ.” (യെശ. 37:20) ദൈവനാമത്തിനു കളങ്കമേൽക്കുമോ എന്നതായിരുന്നു ഹിസ്കീയാവിന്റെ മുഖ്യ ചിന്ത. ഉള്ളുരുകിയുള്ള ആ പ്രാർഥനയ്ക്ക് യഹോവ ഉത്തരമേകി. ഒറ്റരാത്രികൊണ്ട് യഹോവയുടെ ഒരു ദൂതൻ 1,85,000 അസ്സീറിയൻ ഭടന്മാരെ സംഹരിച്ചു; അത് യഹോവയുടെ വിശ്വസ്തദാസന്മാരുടെ വിടുതലിൽ കലാശിച്ചു.—യെശ. 37:32, 36.
19. ഏതു മുന്നറിയിപ്പിനു ചെവികൊടുത്തതിലൂടെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ദുരന്തത്തെ അതിജീവിച്ചു?
19 തന്റെ മരണത്തിന് ഏതാനും ദിവസംമുമ്പ് യെഹൂദ്യയിലുള്ള തന്റെ ശിഷ്യന്മാർക്ക് യേശു ഒരു പ്രാവചനിക മുന്നറിയിപ്പു നൽകി. (ലൂക്കൊസ് 21:20-22 വായിക്കുക.) ദശകങ്ങൾക്കുശേഷം എ.ഡി. 66-ൽ യഹൂദന്മാരുടെ മത്സരംനിമിത്തം റോമൻസൈന്യം യെരൂശലേമിനു നേരെ വന്നു. സെസ്റ്റിയസ് ഗ്യാലസിന്റെ നേതൃത്വത്തിലുള്ള സൈന്യം ആലയമതിലിന്റെ ഒരു ഭാഗം തകർത്തു; എന്നാൽ അതിനുശേഷം അവർ പെട്ടെന്നു പിൻവാങ്ങിപ്പോയി. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ നാശത്തെ അതിജീവിക്കുന്നതിനുള്ള അവസരമാണ് ഇതെന്നു തിരിച്ചറിഞ്ഞ വിശ്വസ്ത ക്രിസ്ത്യാനികൾ മലകളിലേക്ക് ഓടിപ്പോയി. എന്നാൽ റോമൻസൈന്യം എ.ഡി. 70-ൽ മടങ്ങിവരികയും യെരൂശലേമിനെ പൂർണമായി നശിപ്പിക്കുകയും ചെയ്തു. യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുത്ത ക്രിസ്ത്യാനികൾ ആ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടു.—ലൂക്കൊ. 19:41-44.
20. നമ്മെ ‘വിടുവിക്കുന്നവൻ’ എന്ന നിലയിൽ നമുക്ക് യഹോവയിൽ ആശ്രയിക്കാനാകുന്നത് എന്തുകൊണ്ട്?
20 യഹോവ തന്റെ ജനത്തെ സഹായിച്ചതിന്റെ രേഖകൾ പരിശോധിക്കുന്നത് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തും. മുൻകാലങ്ങളിൽ യഹോവ ചെയ്ത കാര്യങ്ങൾ അവനിൽ ആശ്രയംവെക്കുന്നതിന് കാരണമേകുന്നു. എന്തെല്ലാം വെല്ലുവിളികൾ നമുക്ക് ഇപ്പോൾ ഉണ്ടായിരുന്നാലും ഭാവിയിൽ എന്തൊക്കെ ഉണ്ടായേക്കാമെങ്കിലും നമ്മെ ‘വിടുവിക്കുന്നവൻ’ എന്ന നിലയിൽ നമുക്ക് യഹോവയിൽ പൂർണമായി ആശ്രയിക്കാനാകും. എന്നാൽ എങ്ങനെയായിരിക്കും യഹോവ നമ്മെ രക്ഷിക്കുക? ലേഖനാരംഭത്തിൽ നാം പരിചിന്തിച്ച വ്യക്തികളുടെ കാര്യമോ, അവർക്ക് എന്തു സംഭവിച്ചു? അടുത്ത ലേഖനം അതിനുത്തരം നൽകും.
നിങ്ങൾക്ക് ഉത്തരം പറയാമോ?
• 70-ാം സങ്കീർത്തനം നമുക്ക് എന്തുറപ്പു നൽകുന്നു?
• രോഗിയായിരുന്ന ദാവീദിന് എന്തു സഹായം ലഭിച്ചു?
• ശത്രുക്കളിൽനിന്ന് തന്റെ ജനത്തെ വിടുവിക്കാൻ യഹോവയ്ക്കാകുമെന്ന് ഏതു ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു?
[6-ാം പേജിലെ ചിത്രം]
ഹിസ്കീയാവിന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരമരുളി