യേശു സർവശക്തനായ ദൈവമാണോ?
സാധാരണ കേൾക്കാറുള്ളത്:
◼ “അതെ, യേശുവും സർവശക്തനായ ദൈവവും ഒരേയാൾതന്നെയാണ്.”
◼ “യേശു ദൈവത്തിന്റെ മനുഷ്യാവതാരമാണ്.”
യേശു പറഞ്ഞത്:
◼ “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹന്നാൻ 14:28) താനും പിതാവും തുല്യരല്ലെന്ന് യേശു സമ്മതിച്ചുപറഞ്ഞു.
◼ “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹന്നാൻ 20:17) താനാണ് ദൈവമെന്ന് യേശു ഒരിക്കലും അവകാശപ്പെട്ടില്ല. ദൈവം മറ്റൊരു വ്യക്തിയാണെന്ന് യേശുവിന്റെ വാക്കുകളിൽനിന്ന് എപ്പോഴും വ്യക്തമായിരുന്നു.
◼ “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹന്നാൻ 12:49) യേശു പഠിപ്പിച്ചത് സ്വന്തമായ ആശയങ്ങളായിരുന്നില്ല; അവ പിതാവിൽനിന്നുള്ളവയായിരുന്നു.
താൻ സർവശക്തനായ ദൈവമാണെന്നല്ല, ദൈവപുത്രനാണെന്നാണ് യേശു പറഞ്ഞത്. യേശുതന്നെയായിരുന്നു ദൈവമെങ്കിൽ ഭൂമിയിലായിരിക്കെ അവൻ ആരോടാണു പ്രാർഥിച്ചത്? (മത്തായി 14:23; 26:26-29) മറ്റൊരാളോടു സംസാരിക്കുന്നതായി യേശു നടിക്കുകയായിരുന്നോ?
യേശുവിന്റെ രാജ്യത്തിൽ പ്രത്യേക പദവിക്കായി രണ്ടുശിഷ്യന്മാർ അഭ്യർഥിച്ചപ്പോൾ അവൻ പ്രതിവചിച്ചത് ഇങ്ങനെയാണ്: “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നൽകുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും.” (മത്തായി 20:23) അവർ ആവശ്യപ്പെട്ടത് നൽകാനുള്ള അധികാരം തനിക്കില്ലെന്ന് യേശു പറഞ്ഞത് ഒരു നുണയായിരുന്നോ? തീർച്ചയായും അല്ല! അത്തരം തീരുമാനങ്ങളെടുക്കാനുള്ള അധികാരം ദൈവത്തിനു മാത്രമേ ഉള്ളൂ എന്ന് താഴ്മയോടെ അംഗീകരിക്കുകയായിരുന്നു അവൻ. ചില കാര്യങ്ങൾ തനിക്കോ ദൂതന്മാർക്കോ അറിയില്ല, പിതാവിനു മാത്രമേ അറിയാവൂ എന്നുപോലും യേശു പറയുകയുണ്ടായി.—മർക്കൊസ് 13:32.
ഭൂമിയിൽ ഒരു മനുഷ്യനായിരുന്നപ്പോൾ മാത്രമാണോ യേശു ദൈവത്തെക്കാൾ താഴ്ന്നവനായിരുന്നത്? അല്ല. യേശു മരിച്ച് പുനരുത്ഥാനം ചെയ്തശേഷവും ദൈവത്തിനു കീഴ്പെട്ടിരിക്കുന്നതായി ബൈബിൾ പറയുന്നു. “ദൈവം ക്രിസ്തുവിനു മീതെയുള്ളവൻ” ആണെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നു. (1 കൊരിന്ത്യർ 11:3, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ഭാവിയിൽ “സകലവും ക്രിസ്തുവിന്റെ ഭരണത്തിന് അധീനമായിക്കഴിയുമ്പോൾ പുത്രൻതന്നെയും സകലവും തനിക്ക് അധീനമാക്കിത്തന്ന ദൈവത്തിനു തന്നെത്തന്നെ അധീനനാക്കും. അങ്ങനെ ദൈവം സർവോന്നതനായി വാഴും.”—1 കൊരിന്ത്യർ 15:28, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
യേശു സർവശക്തനായ ദൈവമല്ല എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് യേശു പിതാവിനെ ‘എന്റെ ദൈവം’ എന്നു വിശേഷിപ്പിച്ചത്.—വെളിപ്പാടു 3:2, 12; 2 കൊരിന്ത്യർ 1:3, 4.a
[അടിക്കുറിപ്പ്]
a ഇതേക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 201-204 പേജുകൾ കാണുക.
[7-ാം പേജിലെ ആകർഷക വാക്യം]
ചില കാര്യങ്ങൾ തനിക്കോ ദൂതന്മാർക്കോ അറിയില്ല, പിതാവിനു മാത്രമേ അറിയാവൂ എന്ന് യേശു പറഞ്ഞു