‘ആത്മാവ് ഗഹനമായ ദൈവികകാര്യങ്ങളെ ആരാഞ്ഞറിയുന്നു’
“ആത്മാവു സകലത്തെയും, ഗഹനമായ ദൈവികകാര്യങ്ങളെപ്പോലും ആരാഞ്ഞറിയുന്നു.”—1 കൊരി. 2:10.
1. പരിശുദ്ധാത്മാവ് വഹിക്കുന്ന എന്തു പങ്കിനെക്കുറിച്ചാണ് പൗലോസ് 1 കൊരിന്ത്യർ 2:10-ൽ പരാമർശിച്ചത്, ഏതു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു?
പരിശുദ്ധാത്മാവിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെപ്രതി നാം യഹോവയോട് എത്ര നന്ദിയുള്ളവരാണ്! പരിശുദ്ധാത്മാവിനെ ഒരു സഹായകനായും ദാനമായും സാക്ഷ്യം പറയുന്നവനായും നമുക്കുവേണ്ടി യാചനകഴിക്കുന്നവനായും ഒക്കെ ബൈബിൾ വിശേഷിപ്പിക്കുന്നു. (യോഹ. 14:16; പ്രവൃ. 2:38; റോമ. 8:16, 26, 27) പരിശുദ്ധാത്മാവ് വഹിക്കുന്ന സുപ്രധാനമായ മറ്റൊരു പങ്കിനെക്കുറിച്ച് അപ്പൊസ്തലനായ പൗലോസ് എഴുതി: “ആത്മാവു സകലത്തെയും, ഗഹനമായ ദൈവികകാര്യങ്ങളെപ്പോലും ആരാഞ്ഞറിയുന്നു.” (1 കൊരി. 2:10) അതെ, ഗഹനമായ ആത്മീയസത്യങ്ങൾ വെളിപ്പെടുത്താൻ യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. ഈ സഹായം ഇല്ലായിരുന്നെങ്കിൽ യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കാൻ നമുക്കു കഴിയുമായിരുന്നോ? (1 കൊരിന്ത്യർ 2:9-12 വായിക്കുക.) എന്നാൽ ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു: എങ്ങനെയാണ് ‘ആത്മാവ് ഗഹനമായ ദൈവികകാര്യങ്ങൾ ആരായുന്നത്?’ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യഹോവ ആരിലൂടെയാണ് “ഗഹനമായ” കാര്യങ്ങൾ വെളിപ്പെടുത്തിയത്? നമ്മുടെ കാലത്ത് ആത്മാവ് ഗഹനമായ കാര്യങ്ങൾ ആരായുന്നത് ആരിലൂടെ, എങ്ങനെ?
2. ആത്മാവ് ഏതു രണ്ടു വിധങ്ങളിൽ പ്രവർത്തിക്കുന്നു?
2 ആത്മാവിന്റെ രണ്ടു പ്രവർത്തനവിധങ്ങളെക്കുറിച്ച് യേശു സൂചിപ്പിച്ചു. തന്റെ മരണത്തിനു തൊട്ടുമുമ്പ് അവൻ അപ്പൊസ്തലന്മാരോട് ഇങ്ങനെ പറയുകയുണ്ടായി: “പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന സഹായകൻ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:26) അതെ, പരിശുദ്ധാത്മാവ് ഒരു അധ്യാപകനും ഓർമപ്പെടുത്തുന്നവനും ആയിരിക്കുമായിരുന്നു. മുമ്പ് മനസ്സിലാക്കിയിട്ടില്ലാത്ത സംഗതികൾ ക്രിസ്ത്യാനികളെ പഠിപ്പിച്ചുകൊണ്ട് പരിശുദ്ധാത്മാവ് ഒരു അധ്യാപകനായി വർത്തിക്കുന്നു. മാത്രമല്ല ഓർമപ്പെടുത്തുന്നവൻ എന്നനിലയിൽ, മുമ്പ് വിശദീകരിച്ച കാര്യങ്ങൾ ഓർമയിലേക്കു കൊണ്ടുവരാനും അവ ശരിയായ വിധത്തിൽ ബാധകമാക്കാനും പരിശുദ്ധാത്മാവ് അവരെ സഹായിക്കുന്നു.
ഒന്നാം നൂറ്റാണ്ടിൽ
3. ‘ഗഹനമായ ദൈവികകാര്യങ്ങൾ’ ക്രമാനുഗതമായി വെളിപ്പെടുത്തപ്പെടും എന്ന് യേശു സൂചിപ്പിച്ചത് എങ്ങനെ?
3 ശിഷ്യന്മാർക്ക് അറിയില്ലായിരുന്ന പല സത്യങ്ങളും യേശു അവരെ പഠിപ്പിച്ചു. പക്ഷേ പിന്നെയും ധാരാളം പുതിയ കാര്യങ്ങൾ അവർക്ക് പഠിക്കാനുണ്ടായിരുന്നു. യേശു അപ്പൊസ്തലന്മാരോടു പറഞ്ഞു: “ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ടെങ്കിലും ഇപ്പോൾ നിങ്ങൾക്ക് അവ ഗ്രഹിക്കാൻ കഴിയുകയില്ല. എന്നാൽ സഹായിയും സത്യത്തിന്റെ ആത്മാവുമായവൻ വരുമ്പോൾ അവൻ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.” (യോഹ. 16:12, 13) ഗഹനമായ ആത്മീയകാര്യങ്ങൾ പരിശുദ്ധാത്മാവ് മുഖേന ക്രമാനുഗതമായി വെളിപ്പെടുത്തപ്പെടും എന്നാണ് യേശു സൂചിപ്പിച്ചത്.
4. എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവ് അധ്യാപകനായും ഓർമപ്പെടുത്തുന്നവനായും പ്രവർത്തിച്ചത് എങ്ങനെ?
4 എ.ഡി. 33-ലെ പെന്തെക്കൊസ്ത് ദിവസം യെരുശലേമിൽ കൂടിവന്നിരുന്ന ഏതാണ്ട് 120 ക്രിസ്ത്യാനികളുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടു. അങ്ങനെ അന്ന് യേശു പറഞ്ഞ ‘സത്യത്തിന്റെ ആത്മാവായവൻ’ വന്നു. ഈ വസ്തുതയെ പിന്താങ്ങുന്ന ദൃശ്യവും ശ്രവ്യവുമായ തെളിവുകൾ ഉണ്ടായിരുന്നു. (പ്രവൃ. 1:4, 5, 15; 2:1-4) “ദൈവത്തിന്റെ മഹാകാര്യ”ങ്ങളെക്കുറിച്ച് ശിഷ്യന്മാർ വിവിധ ഭാഷകളിൽ സംസാരിക്കുന്നത് അവിടെ കൂടിവന്നവരെല്ലാം കേട്ടു. (പ്രവൃ. 2:5-11) ഒരു പുതിയ കാര്യം വെളിപ്പെടുത്താനുള്ള സമയം അപ്പോൾ ആഗതമായി. പരിശുദ്ധാത്മാവ് പകരപ്പെടുന്നതിനെക്കുറിച്ച് യോവേൽ പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരുന്നു. (യോവേ. 2:28-32) ആരും പ്രതീക്ഷിക്കാത്ത ഒരു വിധത്തിൽ ആ പ്രവചനം നിവൃത്തിയേറുന്നത് അവരെല്ലാം കണ്ടു. അവിടെ സംഭവിച്ചത് എന്താണെന്നു വിശദീകരിക്കാൻ അപ്പൊസ്തലനായ പത്രോസ് മുൻകൈയെടുത്തു. (പ്രവൃത്തികൾ 2:14-18 വായിക്കുക.) ശിഷ്യന്മാർക്കുണ്ടായ അനുഭവം ആ പുരാതന പ്രവചനത്തിന്റെ നിവൃത്തിയാണെന്ന് പത്രോസിന് വെളിപ്പെടുത്തിക്കൊടുത്തപ്പോൾ പരിശുദ്ധാത്മാവ് ഒരു അധ്യാപകനായി വർത്തിക്കുകയായിരുന്നു. കൂടാതെ, പഠിച്ച കാര്യങ്ങൾ പരിശുദ്ധാത്മാവ് പത്രോസിനെ ഓർമപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് പത്രോസിന് യോവേൽ പ്രവചനത്തിൽനിന്നു മാത്രമല്ല, ദാവീദിന്റെ രണ്ടുസങ്കീർത്തനങ്ങളിൽനിന്നും ഉദ്ധരിക്കാനായത്. (സങ്കീ. 16:8-11; 110:1; പ്രവൃ. 2:25-28, 34, 35) അവിടെ കൂടിയിരുന്നവർ കാണുകയും കേൾക്കുകയും ചെയ്തത് തീർച്ചയായും ദൈവത്തിന്റെ ഗഹനമായ കാര്യങ്ങളായിരുന്നു.
5, 6. (എ) എ.ഡി. 33-ലെ പെന്തെക്കൊസ്തിനുശേഷം പുതിയ ഉടമ്പടിയെക്കുറിച്ചുള്ള ഏതു സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരുന്നു? (ബി) ആരാണ് ഈ ചോദ്യങ്ങൾ ചർച്ചയ്ക്കു കൊണ്ടുവന്നത്, ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുത്തിരുന്നത് എങ്ങനെയാണ്?
5 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് മറ്റു പല കാര്യങ്ങളെക്കുറിച്ചും വിശദീകരണം ആവശ്യമായിരുന്നു. അന്ന് പെന്തെക്കൊസ്ത് ദിനത്തിൽ നിലവിൽവന്ന പുതിയ ഉടമ്പടിയെക്കുറിച്ചുള്ളതായിരുന്നു അവയിൽ ചിലത്. പുതിയ ഉടമ്പടിയുടെ ഭാഗമായിത്തീരാൻ യഹൂദന്മാർക്കും യഹൂദമതാനുസാരികൾക്കും മാത്രമേ കഴിയുമായിരുന്നുള്ളോ? അതോ വിജാതീയർക്കും ഈ ഉടമ്പടിയിലെ അംഗങ്ങളായിത്തീരാനും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കാനും കഴിയുമായിരുന്നോ? (പ്രവൃ. 10:46) വിജാതീയ പുരുഷന്മാർ പരിച്ഛേദനയേറ്റ് മോശൈക ന്യായപ്രമാണം അനുസരിക്കേണ്ടതുണ്ടായിരുന്നോ? (പ്രവൃ. 15:1, 5) സുപ്രധാന ചോദ്യങ്ങളായിരുന്നു ഇവയെല്ലാം. ഇത്തരം ഗഹനമായ കാര്യങ്ങൾ ആരായാൻ പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമായിരുന്നു. പക്ഷേ, പരിശുദ്ധാത്മാവ് ആരിലൂടെ പ്രവർത്തിക്കുമായിരുന്നു?
6 ഓരോ വിഷയവും ചർച്ചയ്ക്കുകൊണ്ടുവന്നത് ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങളാണ്. ഉദാഹരണത്തിന്, ഭരണസംഘം കൂടിവന്നപ്പോൾ, പരിച്ഛേദനയേൽക്കാത്ത വിജാതീയരോട് യഹോവ എങ്ങനെ ഇടപെട്ടു എന്ന് പത്രോസും പൗലോസും ബർന്നബാസും വിശദീകരിച്ചു. (പ്രവൃ. 15:7-12) എബ്രായ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ഭരണസംഘം ഈ തെളിവുകൾ പരിശോധിച്ചശേഷം പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഒരു തീരുമാനമെടുത്തു. തുടർന്ന് ഭരണസംഘം ആ തീരുമാനം സഭകളെ എഴുതി അറിയിച്ചു.—പ്രവൃത്തികൾ 15:25-30; 16:4, 5 വായിക്കുക; എഫെ. 3:5, 6.
7. ഗഹനമായ സത്യങ്ങൾ മറ്റേതു വിധത്തിലാണ് വെളിപ്പെടുത്തപ്പെട്ടത്?
7 പത്രോസ്, പൗലോസ്, യാക്കോബ്, യോഹന്നാൻ എന്നിവരുടെ നിശ്വസ്ത ലേഖനങ്ങളിലൂടെ മറ്റു പല വിഷയങ്ങളും വിശദീകരിക്കപ്പെട്ടു. എന്നാൽ ക്രിസ്തീയ തിരുവെഴുത്തുകൾ പൂർത്തിയായശേഷം വൈകാതെ പ്രവചനവരവും അത്ഭുതകരമായ ജ്ഞാനസിദ്ധിയുമെല്ലാം നിലച്ചുപോയി. (1 കൊരി. 13:8) പരിശുദ്ധാത്മാവ് തുടർന്നും അധ്യാപകനായും ഓർമപ്പെടുത്തുന്നവനായും പ്രവർത്തിക്കുമായിരുന്നോ? ഗഹനമായ ദൈവികകാര്യങ്ങൾ ആരായാൻ വരും നാളുകളിലും അത് ക്രിസ്ത്യാനികളെ സഹായിക്കുമായിരുന്നോ? അങ്ങനെ ചെയ്യുമെന്ന് പ്രവചനം സൂചിപ്പിച്ചു.
അന്ത്യകാലത്ത്
8, 9. അന്ത്യകാലത്ത് ‘പ്രകാശിക്കുന്ന’ “ബുദ്ധിമാന്മാർ” ആരാണ്?
8 അന്ത്യകാലത്തെക്കുറിച്ചു പറയവെ, ഒരു ദൂതൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും. . . . ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” (ദാനീ. 12:3, 4) ആരാണ് ഈ ബുദ്ധിമാന്മാർ? ആരാണ് പ്രകാശിക്കുക? ഗോതമ്പിന്റെയും കളയുടെയും ദൃഷ്ടാന്തത്തിൽ യേശു ഒരു സൂചന നൽകി. “യുഗസമാപ്തി”യെക്കുറിച്ച് സംസാരിക്കവെ അവൻ ഇപ്രകാരം പറഞ്ഞു: “അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.” (മത്താ. 13:39, 43) “രാജ്യത്തിന്റെ പുത്രന്മാർ,” അതായത് അഭിഷിക്ത ക്രിസ്ത്യാനികൾ ആണ് “നീതിമാന്മാർ” എന്ന് ആ ദൃഷ്ടാന്തം വിശദീകരിക്കവെ യേശു വ്യക്തമാക്കി.—മത്താ. 13:38.
9 എല്ലാ അഭിഷിക്ത ക്രിസ്ത്യാനികളും ‘പ്രകാശിക്കുമോ?’ ഒരർഥത്തിൽ പ്രകാശിക്കും; കാരണം എല്ലാ ക്രിസ്ത്യാനികൾക്കും പ്രസംഗപ്രവർത്തനത്തിലും ശിഷ്യരാക്കൽ വേലയിലും യോഗങ്ങളിൽ അന്യോന്യം പ്രോത്സാഹിപ്പിക്കുന്നതിലും പങ്കുണ്ട്. അഭിഷിക്തർ ഇക്കാര്യത്തിൽ മറ്റുള്ളവർക്കു മാതൃകയായിരിക്കും. (സെഖ. 8:23) പക്ഷേ അതു മാത്രമല്ല, അന്ത്യകാലത്ത് ഗഹനമായ കാര്യങ്ങൾ വെളിപ്പെടുകയും ചെയ്യേണ്ടിയിരുന്നു. ദാനീയേൽ രേഖപ്പെടുത്തിയ പ്രവചനം അതുവരെ ‘മുദ്രയിടപ്പെട്ടിരിക്കും.’ (ദാനീ. 12:9) ഗഹനമായ ഈ കാര്യങ്ങൾ ആത്മാവ് എങ്ങനെ ആരായുമായിരുന്നു, ആരിലൂടെ?
10. (എ) അന്ത്യനാളുകളിൽ ആത്മാവ് ആരിലൂടെയാണ് ഗഹനമായ സത്യങ്ങൾ വെളിപ്പെടുത്തുന്നത്? (ബി) യഹോവയുടെ മഹനീയമായ ആത്മീയ ആലയത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിക്കുക.
10 നമ്മുടെ ഈ കാലത്ത്, ഒരു ആത്മീയസത്യം വെളിപ്പെടുത്താനുള്ള സമയമായി എന്നു കരുതുക. അപ്പോൾ, മുമ്പ് അറിയില്ലായിരുന്ന ഗഹനമായ കാര്യങ്ങൾ ഗ്രഹിക്കാൻ “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ ലോകാസ്ഥാനത്തുള്ള ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളെ പരിശുദ്ധാത്മാവ് സഹായിക്കും. (മത്താ. 24:45; 1 കൊരി. 2:13) തുടർന്ന് ഭരണസംഘാംഗങ്ങൾ ഒരുമിച്ച് പുതിയ വിശദീകരണത്തെക്കുറിച്ചു ചർച്ചചെയ്യും. (പ്രവൃ. 15:6) അവർ മനസ്സിലാക്കിയ കാര്യം മറ്റുള്ളവരുടെ പ്രയോജനത്തിനായി പിന്നീടു പ്രസിദ്ധീകരിക്കും. (മത്താ. 10:27) കാലം കടന്നുപോകുമ്പോൾ ഈ വിഷയത്തെക്കുറിച്ചു കൂടുതൽ വിശദീകരണം ആവശ്യമായി വന്നേക്കാം. അവയും അവർ സത്യസന്ധമായി പ്രസിദ്ധീകരിക്കുന്നു.—“ആത്മീയ ആലയത്തിന്റെ അർഥം ആത്മാവു വെളിപ്പെടുത്തിയ വിധം” എന്ന ചതുരം കാണുക.
ആത്മാവിന്റെ പ്രവർത്തനത്തിൽനിന്നു പ്രയോജനം നേടാൻ
11. പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്ന ദൈവത്തിന്റെ ഗഹനമായ കാര്യങ്ങളിൽനിന്ന് എല്ലാ ക്രിസ്ത്യാനികളും പ്രയോജനം നേടുന്നത് എങ്ങനെ?
11 ദൈവത്തിന്റെ ഗഹനമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ പരിശുദ്ധാത്മാവ് ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. എല്ലാ വിശ്വസ്ത ക്രിസ്ത്യാനികളും അതിൽനിന്നു പ്രയോജനം നേടുകയും ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ നാമും പരിശുദ്ധാത്മാവിന്റെ സഹായത്താൽ കാര്യങ്ങൾ പഠിക്കുകയും പിന്നീട് ഓർമിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. (ലൂക്കോ. 12:11, 12) പ്രസിദ്ധീകരിക്കുന്ന അത്തരം ഗഹനമായ ആത്മീയസത്യങ്ങൾ മനസ്സിലാക്കാൻ നമുക്കു വലിയ വിദ്യാഭ്യാസം വേണമെന്നില്ല. (പ്രവൃ. 4:13) ആകട്ടെ, ഗഹനമായ ദൈവികകാര്യങ്ങൾ ഗ്രഹിക്കാൻ നാം കൈക്കൊള്ളേണ്ട ചില പടികൾ ഏവയാണ്? നമുക്കു നോക്കാം.
12. പരിശുദ്ധാത്മാവിനായി നാം എപ്പോൾ പ്രാർഥിക്കണം?
12 പരിശുദ്ധാത്മാവിനായി പ്രാർഥിക്കുക. തിരുവെഴുത്തധിഷ്ഠിത വിവരങ്ങൾ പരിചിന്തിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിന്റെ സഹായത്തിനായി പ്രാർഥിക്കണം. നാം തനിച്ചാണു പഠിക്കുന്നതെങ്കിലും പഠിക്കുന്നത് അൽപ്പസമയമാണെങ്കിലും ഇക്കാര്യം സത്യമാണ്. പരിശുദ്ധാത്മാവിനുവേണ്ടി താഴ്മയോടെയുള്ള അത്തരം അപേക്ഷകൾ തീർച്ചയായും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. യേശു സൂചിപ്പിച്ചതുപോലെ, ആത്മാർഥമായി അപേക്ഷിക്കുന്നെങ്കിൽ യഹോവ തന്റെ പരിശുദ്ധാത്മാവിനെ നമുക്ക് ധാരാളമായി നൽകും.—ലൂക്കോ. 11:13.
13, 14. ഗഹനമായ ദൈവികകാര്യങ്ങൾ മനസ്സിലാകണമെങ്കിൽ യോഗങ്ങൾക്കു നാം എങ്ങനെ തയ്യാറാകണം?
13 യോഗങ്ങൾക്കായി തയ്യാറാകുക. നമുക്ക് “തക്കസമയത്ത് ഭക്ഷണം” ലഭിക്കുന്നത് അടിമവർഗത്തിലൂടെയാണ്. അവർ തിരുവെഴുത്തു വിവരങ്ങൾ തയ്യാറാക്കി നൽകുകയും, അവ പഠിക്കാൻ യോഗങ്ങൾ ക്രമീകരിക്കുകയും ഓരോ യോഗത്തിലും പരിചിന്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയിക്കുകയും ചെയ്യുന്നു. അങ്ങനെ “അടിമ” തന്റെ നിയമനം നിർവഹിക്കുന്നു. ഇങ്ങനെ, “മുഴുസഹോദരവർഗ”വും പരിചിന്തിക്കാൻവേണ്ടി ഒരോ വിവരങ്ങൾ നൽകുന്നത് തക്കതായ കാരണങ്ങളുള്ളതുകൊണ്ടാണ്. (1 പത്രോ. 2:17; കൊലോ. 4:16; യൂദാ 3) നമുക്കു ലഭിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ പരമാവധി ശ്രമിക്കുമ്പോൾ നാം പരിശുദ്ധാത്മാവിനോടു സഹകരിച്ചു പ്രവർത്തിക്കുകയാണെന്നു പറയാനാകും.—വെളി. 2:29.
14 യോഗങ്ങൾക്കായി തയ്യാറാകുമ്പോൾ, ഉദ്ധരിച്ചിട്ടില്ലാത്ത തിരുവെഴുത്തുകൾ എടുത്തുനോക്കുകയും ചർച്ചചെയ്യുന്ന വിഷയവുമായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഇങ്ങനെ പതിവായി എടുത്തുനോക്കുന്നത് ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കും. (പ്രവൃ. 17:11, 12) തിരുവെഴുത്തുകൾ എടുത്തുനോക്കുമ്പോൾ, അതിലെ ആശയം മനസ്സിൽപ്പതിയും; പരിശുദ്ധാത്മാവിന് പിന്നീട് അതു നമ്മെ ഓർമിപ്പിക്കാനും കഴിയും. മാത്രമല്ല, ആ തിരുവെഴുത്തുള്ള ബൈബിൾത്താളിന്റെ ദൃശ്യരൂപം മനസ്സിൽപ്പതിയാനും പിന്നീട് ആ തിരുവെഴുത്ത് ബൈബിൾത്താളിൽ എവിടെയാണെന്ന് ഓർക്കാനും അങ്ങനെ അത് എളുപ്പം കണ്ടുപിടിക്കാനും സാധിക്കും.
15. ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ ഒന്നും നാം നഷ്ടമാക്കരുതാത്തത് എന്തുകൊണ്ട്, അതിനായി നിങ്ങൾ എന്താണു ചെയ്യുന്നത്?
15 ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ ഒന്നും നഷ്ടമാക്കരുത്. നമ്മുടെ എല്ലാ പ്രസിദ്ധീകരണങ്ങളും യോഗങ്ങളിൽ ചർച്ചചെയ്യാറില്ലെങ്കിലും അവയെല്ലാം നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണ് തയ്യാറാക്കുന്നത്. പൊതുജനങ്ങൾക്കു നൽകാൻ ഉദ്ദേശിച്ചുള്ള മാസികകൾപോലും നമ്മെ മനസ്സിൽക്കണ്ടുകൊണ്ടു തയ്യാറാക്കുന്നവയാണ്. അവ വായിച്ചുതീർക്കാൻ നിങ്ങൾക്കു സമയം ലഭിക്കാറുണ്ടോ? ഒന്നിനും സമയം തികയാത്ത ഈ ലോകത്തിൽ നമുക്കു പലപ്പോഴും പലർക്കുവേണ്ടിയും പലതിനുവേണ്ടിയും കാത്തുനിൽക്കേണ്ടിവരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ, വായിച്ചുതീർക്കാത്ത പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് അവ വായിക്കാനായേക്കും. വായിക്കാൻ സമയം ലഭിക്കാത്ത ചിലരാകട്ടെ, നടക്കാൻ പോകുമ്പോഴോ യാത്രചെയ്യുമ്പോഴോ അവയുടെ റെക്കോർഡിങ്ങുകൾ കേൾക്കുന്നു. സാധാരണക്കാർക്ക് ആസ്വാദ്യമായ വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന, നന്നായി ഗവേഷണംനടത്തി കണ്ടെത്തിയ ഈ വിവരങ്ങളെല്ലാം നമ്മുടെ ഗ്രാഹ്യവും ആത്മീയകാര്യങ്ങളോടുള്ള വിലമതിപ്പും വർധിപ്പിക്കാൻപോന്നവയാണ്.—ഹബ. 2:2.
16. മനസ്സിലുദിക്കുന്ന ചോദ്യങ്ങൾ കുറിച്ചുവെക്കുകയും അവയ്ക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുന്നതിന്റെ പ്രയോജനം എന്ത്?
16 ധ്യാനിക്കുക. ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുമ്പോൾ, വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക. വായിക്കുന്ന ഭാഗത്തെ ആശയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധാപൂർവം ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു പല ചോദ്യങ്ങളും കടന്നുവന്നേക്കാം. അവ കുറിച്ചുവെക്കുകയും പിന്നീട് അവയെക്കുറിച്ച് കൂടുതൽ ഗവേഷണംനടത്തുകയും ചെയ്യുക. മിക്കപ്പോഴും, ആകർഷകമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് ഗഹനമായ പല വസ്തുതകളും നാം മനസ്സിലാക്കുന്നത്. നാം നേടുന്ന ഗ്രാഹ്യം നമുക്ക് ഒരു നിക്ഷേപം ആയിരിക്കും, ആവശ്യാനുസരണം അതു പിന്നീട് ഉപയോഗിക്കാനാകും.—മത്താ. 13:52.
17. കുടുംബാരാധനയ്ക്ക് അല്ലെങ്കിൽ വ്യക്തിപരമായ പഠനത്തിന് നിങ്ങൾ എന്തു ക്രമീകരണം ചെയ്തിരിക്കുന്നു?
17 കുടുംബാരാധനയ്ക്കായി സമയം പട്ടികപ്പെടുത്തുക. കുടുംബാരാധനയ്ക്ക് അല്ലെങ്കിൽ വ്യക്തിപരമായ പഠനത്തിന് വാരന്തോറും ഒരു സായാഹ്നമോ മറ്റോ നീക്കിവെക്കാൻ ഭരണസംഘം നമ്മെയെല്ലാം പ്രോത്സാഹിപ്പിച്ചിരിക്കുന്നു. യോഗങ്ങളുടെ കാര്യത്തിൽ വരുത്തിയ മാറ്റം ഈ നിർദേശം പിൻപറ്റുന്നത് എളുപ്പമാക്കിയിട്ടുണ്ട്. സായാഹ്ന കുടുംബാരാധനയിൽ നിങ്ങൾ എന്താണ് ചർച്ചചെയ്യാറുള്ളത്? ചിലർ ബൈബിൾ വായിക്കുകയും താത്പര്യം തോന്നുന്ന ചില വാക്യങ്ങളെക്കുറിച്ചു ഗവേഷണംനടത്തുകയും ആ വിവരങ്ങൾ ബൈബിളിൽ കുറിച്ചുവെക്കുകയും ചെയ്യുന്നു. പല കുടുംബങ്ങളും പഠിക്കുന്ന കാര്യങ്ങൾ കുടുംബവൃത്തത്തിൽ എങ്ങനെ ബാധകമാക്കാമെന്നു ചർച്ചചെയ്യുന്നു. ഇനി, ചില കുടുംബനാഥന്മാരാകട്ടെ, കുടുംബത്തിന്റെ ആവശ്യങ്ങൾ മനസ്സിൽക്കണ്ടുകൊണ്ട് വിവരങ്ങൾ തിരഞ്ഞെടുക്കുന്നു. കുടുംബാംഗങ്ങൾ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്ന വിഷയങ്ങളോ ചോദ്യങ്ങളോ ആയിരിക്കും മറ്റു ചില സാഹചര്യങ്ങളിൽ അവർ തിരഞ്ഞെടുക്കുന്നത്. കാലക്രമത്തിൽ, പരിചിന്തിക്കേണ്ട മറ്റു വിഷയങ്ങളും കുടുംബനാഥന്മാർക്കു കണ്ടെത്താനാകും.a
18. ദൈവവചനത്തിലെ ഗഹനമായ സത്യങ്ങൾ പഠിക്കുന്നതിൽനിന്ന് പിന്മാറരുതാത്തത് എന്തുകൊണ്ട്?
18 ആത്മാവ് ഒരു സഹായകനായി വർത്തിക്കുമെന്ന് യേശു പറയുകയുണ്ടായി. അതുകൊണ്ട് ദൈവവചനത്തിലെ ഗഹനമായ സത്യങ്ങൾ പഠിക്കുന്നതിൽനിന്ന് പിന്മാറരുത്. അവ വിശിഷ്ടമായ “ദൈവപരിജ്ഞാന”ത്തിന്റെ ഭാഗമാണ്; അവ അന്വേഷിക്കാൻ നമ്മോടു പറഞ്ഞിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:1-5 വായിക്കുക.) “തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ള” കാര്യങ്ങളെക്കുറിച്ച് അവ പലതും വെളിപ്പെടുത്തുന്നു. യഹോവയുടെ വചനം പഠിക്കാൻ നാം ശ്രമംചെയ്യുമ്പോൾ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും, കാരണം “ആത്മാവു സകലത്തെയും, ഗഹനമായ ദൈവികകാര്യങ്ങളെപ്പോലും ആരാഞ്ഞറിയുന്നു.”—1 കൊരി. 2:9, 10.
[അടിക്കുറിപ്പ്]
ഉത്തരം പറയാമോ?
• “ഗഹനമായ ദൈവികകാര്യങ്ങളെ” ആരാഞ്ഞറിയാൻ ആത്മാവ് ഏത് രണ്ടുവിധങ്ങളിൽ നമ്മെ സഹായിക്കുന്നു?
• ഒന്നാം നൂറ്റാണ്ടിൽ ഗഹനമായ സത്യങ്ങൾ ആരിലൂടെയാണ് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയത്?
• ഇക്കാലത്ത് പരിശുദ്ധാത്മാവ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?
• ആത്മാവിന്റെ പ്രവർത്തനത്തിൽനിന്നു പ്രയോജനം നേടാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
[22-ാം പേജിലെ ചതുരം]
ആത്മീയ ആലയത്തിന്റെ അർഥം ആത്മാവു വെളിപ്പെടുത്തിയ വിധം
സമാഗമനകൂടാരവും പിന്നീട് നിലവിൽവന്ന ആലയങ്ങളും മഹനീയമായ ഒരു ആത്മീയ ആലയത്തെ മുൻനിഴലാക്കി എന്ന സത്യമാണ് ഒന്നാം നൂറ്റാണ്ടിൽ വെളിപ്പെടുത്തപ്പെട്ട “ഗഹനമായ ദൈവികകാര്യ”ങ്ങളിൽ ഒന്ന്. ‘മനുഷ്യനല്ല, യഹോവതന്നെ നിർമിച്ചിരിക്കുന്ന സത്യകൂടാരം’ എന്ന് പൗലോസ് ആ ആത്മീയ ആലയത്തെ വിളിച്ചു. (എബ്രാ. 8:2) യേശുക്രിസ്തുവിന്റെ മറുവിലായാഗത്തിന്റെയും പൗരോഹിത്യത്തിന്റെയും അടിസ്ഥാനത്തിൽ, ആരാധനയിൽ യഹോവയെ സമീപിക്കുന്നതിനുള്ള ക്രമീകരണമാണ് മഹനീയമായ ഈ ആത്മീയ ആലയം.
യേശു സ്നാനമേൽക്കുകയും ഒരു പൂർണ യാഗമായിത്തീരാനുള്ളവനായി യഹോവ അവനെ അംഗീകരിക്കുകയും ചെയ്തപ്പോൾ ആ ‘സത്യകൂടാരം’ നിലവിൽവന്നു. എ.ഡി. 29-ൽ ആയിരുന്നു അത്. (എബ്രാ. 10:5-10) തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു ആ ആത്മീയ ആലയത്തിന്റെ അതിവിശുദ്ധത്തിലേക്കു പ്രവേശിക്കുകയും “ദൈവമുമ്പാകെ” തന്റെ ബലിയുടെ മൂല്യം അർപ്പിക്കുകയും ചെയ്തു.—എബ്രാ. 9:11, 12, 24.
അഭിഷിക്ത ക്രിസ്ത്യാനികൾ “യഹോവയ്ക്ക് ഒരു വിശുദ്ധ ആലയമായി വളരുന്നു” എന്ന് അപ്പൊസ്തലനായ പൗലോസ് മറ്റൊരിടത്ത് എഴുതി. (എഫെ. 2:20-22) എബ്രായർക്ക് എഴുതിയ ലേഖനത്തിൽ അവൻ പരാമർശിച്ച ‘സത്യകൂടാരം’തന്നെയാണോ ഈ ആലയം? ആണെന്നാണ് പതിറ്റാണ്ടുകളോളം യഹോവയുടെ ദാസന്മാർ കരുതിയത്. യഹോവയുടെ സ്വർഗീയ ആലയത്തിന്റെ ‘കല്ലുകൾ’ ആയിത്തീരാൻ അഭിഷിക്ത ക്രിസ്ത്യാനികളെ ഭൂമിയിൽ ഒരുക്കുകയാണെന്ന് അവർ വിചാരിച്ചു.—1 പത്രോ. 2:5.
എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലോസ് പരാമർശിച്ച ആലയം യഹോവയുടെ മഹനീയമായ ആത്മീയ ആലയമായിരിക്കാൻ വഴിയില്ലെന്ന് 1971 ആയപ്പോഴേക്കും, അടിമവർഗത്തിലെ ഉത്തരവാദിത്വപ്പെട്ട അംഗങ്ങൾ തിരിച്ചറിഞ്ഞു. പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്നതാണ് ‘സത്യകൂടാരം’ എങ്കിൽ “കർത്താവിന്റെ സാന്നിധ്യത്തിങ്കൽ” അവരുടെ പുനരുത്ഥാനം ആരംഭിച്ചശേഷമേ അത് നിലവിൽവരുമായിരുന്നുള്ളൂ. (1 തെസ്സ. 4:15-17) പക്ഷേ, സമാഗമനകൂടാരത്തെക്കുറിച്ച് പൗലോസ് പറഞ്ഞത് ഇങ്ങനെയാണ്: “ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ.”—എബ്രാ. 9:9, സത്യവേദപുസ്തകം.
ഇവയും മറ്റു തിരുവെഴുത്തുകളും ശ്രദ്ധാപൂർവം പരിശോധിച്ചപ്പോൾ പിൻവരുന്ന കാര്യങ്ങൾ വ്യക്തമായി: ആത്മീയ ആലയം ഇപ്പോൾ പണിതുകൊണ്ടിരിക്കുകയല്ല, അതിന്റെ ഭാഗമാകാനുള്ള ‘കല്ലുകളായി’ അഭിഷിക്ത ക്രിസ്ത്യാനികളെ ഭൂമിയിൽ ഒരുക്കുകയുമല്ല. മറിച്ച്, ദിനന്തോറും ദൈവത്തിന് “അധരഫലം എന്ന സ്തോത്രയാഗം” അർപ്പിച്ചുകൊണ്ട് അഭിഷിക്ത ക്രിസ്ത്യാനികൾ ഈ ആത്മീയ ആലയത്തിന്റെ പ്രാകാരത്തിലും വിശുദ്ധത്തിലും സേവിക്കുകയാണ്.—എബ്രാ. 13:15.
[23-ാം പേജിലെ ചിത്രം]
“ഗഹനമായ ദൈവികകാര്യങ്ങളെ”ക്കുറിച്ചുള്ള ഗ്രാഹ്യം നമുക്ക് എങ്ങനെ മെച്ചപ്പെടുത്താം?