വായനക്കാർ ചോദിക്കുന്നു
ബൈബിളിൽ പറഞ്ഞിരിക്കുന്ന പറുദീസ എവിടെയാണ്?
▪ മരണാസന്നനായ ഒരു മനുഷ്യനോട് യേശു പറഞ്ഞു: “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കോ. 23:43) ധൈര്യപൂർവം തന്നിൽ വിശ്വാസം പ്രകടിപ്പിച്ച ആ മനുഷ്യനോട് യേശു പറഞ്ഞ പറുദീസ എവിടെയായിരിക്കും? സ്വർഗത്തിലാണോ ഭൂമിയിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ?
നമ്മുടെ ആദ്യ മാതാപിതാക്കൾ പറുദീസയിലാണ് ഒരിക്കൽ ജീവിച്ചിരുന്നത്. ബൈബിൾ പറയുന്നു: “യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. . . . യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി.” (ഉല്പ. 2:8, 15) ഈ തിരുവെഴുത്തുകൾ ഗ്രീക്കിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ “തോട്ടം” എന്നതിന് പാരഡെയ്സോസ് എന്ന പദമാണ് നൽകിയത്. “പറുദീസ” എന്ന പദത്തിന്റെ ഉത്ഭവം അതിൽനിന്നാണ്.
അംഗസംഖ്യ കൂടുന്നതനുസരിച്ച് വീട് വിപുലമാക്കാറുള്ളതുപോലെ മനുഷ്യകുടുംബം വലുതാകുന്നതനുസരിച്ച് ആദ്യമാതാപിതാക്കൾ ഏദെൻതോട്ടം വിശാലമാക്കേണ്ടിയിരുന്നു. “ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി” വാഴാൻ ദൈവം അവരോടു കൽപ്പിച്ചു.—ഉല്പ. 1:28.
ഭൂമിയിലെ പറുദീസയിൽ മനുഷ്യർ ജീവിക്കണമെന്നും അവർക്ക് അവിടെ കുട്ടികൾ ജനിക്കണമെന്നും ആയിരുന്നു സ്രഷ്ടാവിന്റെ ഉദ്ദേശ്യം. ഭൗമോദ്യാനത്തിൽ അവർ എന്നേക്കും വസിക്കുമായിരുന്നു; കല്ലറകളുടെയൊന്നും ആവശ്യമില്ലാതെ! മാനവകുലത്തിന്റെ നിത്യഭവനമായിത്തീരാൻവേണ്ടിയാണ് ദൈവം ഈ ഭൂമിയെ ഒരുക്കിയത്. നമുക്കു സന്തോഷം പകരുന്ന അനേകം സംഗതികൾ നാം ഈ ഭൂഗ്രഹത്തിൽ കാണുന്നത് അതുകൊണ്ടാണ്. അതെ, കമനീയമായ ഈ ഭൂമിയിൽ ജീവിക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്.
ദൈവത്തിന്റെ ഉദ്ദേശ്യം മാറിയിട്ടുണ്ടോ? ഇല്ല. യഹോവ ഈ ഉറപ്പു നൽകുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ. 55:11) ‘ഭൂമിയെ നിർമ്മിച്ചുണ്ടാക്കി അതിനെ ഉറപ്പിച്ച’വനെക്കുറിച്ച്, “വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്” എന്ന് മനുഷ്യനെ സൃഷ്ടിച്ച് 3,000 വർഷങ്ങൾക്കുശേഷം തിരുവെഴുത്തുകൾ പറയുകയുണ്ടായി. (യെശ. 45:18) അതെ, ദൈവത്തിന്റെ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല, ഭൂമി വീണ്ടും പറുദീസയാകും.
പറുദീസയെക്കുറിച്ചുള്ള പല ബൈബിൾ വിവരണങ്ങളും ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള വർണനകളാണെന്നത് ശ്രദ്ധേയമാണ്. അത്തരത്തിലൊന്നാണ് യെശയ്യാപ്രവാചകന്റെ പിൻവരുന്ന വാക്കുകൾ: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.” (യെശ. 65:21) വീടുകൾ പണിയുന്നതും മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയിലെ ഫലം ഭക്ഷിക്കുന്നതും എവിടെയാണ്? ഭൂമിയിലല്ലേ? “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് സങ്കീർത്തനം 37:29 വ്യക്തമായി പ്രസ്താവിക്കുന്നു.
ഭൗമിക പറുദീസയെക്കുറിച്ച് യേശുവും പറയുകയുണ്ടായി. അവൻ ഒരു സ്വർഗീയ പറുദീസയെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷേ ഒരു ചെറിയ കൂട്ടത്തിനാണ് അവൻ അത് വാഗ്ദാനം ചെയ്തത്. (ലൂക്കോ. 12:32) മരണശേഷം അവർ സ്വർഗീയ പറുദീസയിലേക്കു പുനരുത്ഥാനം പ്രാപിക്കുകയും പറുദീസയാക്കപ്പെടുന്ന ഭൂമിയെ ക്രിസ്തുവിനോടൊപ്പം ഭരിക്കുകയും ചെയ്യും. (വെളി. 5:10; 14:1-3) ദൈവം ആഗ്രഹിക്കുന്നവിധത്തിൽ ഭൗമിക പറുദീസയിലെ കാര്യങ്ങൾ നിർവഹിക്കപ്പെടുന്നുവെന്നും ഭൂമി ശരിയാംവണ്ണം പരിപാലിക്കപ്പെടുന്നുവെന്നും ഈ സഹഭരണാധികാരികൾ ഉറപ്പുവരുത്തും.
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഇതാണെന്ന് യേശുവിന് അറിയാമായിരുന്നു; ഏദെൻതോട്ടം ഒരുക്കിയപ്പോൾ യേശു തന്റെ പിതാവിനൊപ്പം സ്വർഗത്തിലുണ്ടായിരുന്നല്ലോ. പുത്രനിൽ വിശ്വസിക്കുന്ന ഏവർക്കും ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ അവസരം ലഭിക്കും. (യോഹ. 3:16) അങ്ങനെയുള്ള ഓരോ വ്യക്തിയോടും യേശു പറയുകയാണ്: “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”—ലൂക്കോ. 23:43. (w10-E 12/01)
[7-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© FORGET Patrick/SAGAPHOTO.COM/Alamy