ആദാമും ഹവ്വായും പാപം ചെയ്യുമെന്ന് ദൈവത്തിന് അറിയാമായിരുന്നോ?
പലരും അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണത്. ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുമ്പോൾ മിക്കവാറും മേൽപ്പറഞ്ഞ ചോദ്യം ഉയർന്നുവരും. ‘സർവവും അറിയുന്നവനാണല്ലോ ദൈവം.’ ആ സ്ഥിതിക്ക്, ആദാമും ഹവ്വായും പാപം ചെയ്യുമെന്ന് ദൈവത്തിന് അറിയാമായിരുന്നിരിക്കണം എന്നാണ് ചിലർ ചിന്തിക്കുന്നത്.
പൂർണരായ ഈ ദമ്പതികൾ പാപം ചെയ്യുമെന്ന് ദൈവത്തിനു മുന്നമേ അറിയാമായിരുന്നെങ്കിൽ, ദൈവത്തെക്കുറിച്ച് അത് എന്തു ചിത്രമാണ് നമുക്ക് നൽകുന്നത്? നീതിബോധമില്ലാത്ത, സ്നേഹശൂന്യനും കാപട്യക്കാരനുമായ ഒരു ദൈവം എന്നായിരിക്കില്ലേ? ദുരന്തപര്യവസായിയാണെന്ന് അറിയാമായിരുന്ന ഒരു സാഹചര്യത്തിലേക്ക് ആദ്യമനുഷ്യജോഡിയെ തള്ളിവിട്ടത് ദൈവത്തിന്റെ ഭാഗത്ത് വലിയ ക്രൂരതയായിപ്പോയി എന്ന് അപലപിക്കുന്നു ചിലർ. അവരുടെ കണ്ണിലൂടെ നോക്കിയാൽ, പിന്നീടങ്ങോട്ട് ലോകത്ത് നടമാടിയ സകല തിന്മകൾക്കും ദുരിതങ്ങൾക്കും ദൈവമാണ് കാരണക്കാരൻ എന്നുവരും—കുറഞ്ഞപക്ഷം ഭാഗികമായെങ്കിലും. ഇനി, സ്രഷ്ടാവിനെ ബുദ്ധിശൂന്യനായി ചിത്രീകരിക്കുന്നവരും കുറവല്ല.
ദൈവത്തെക്കുറിച്ച് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന വസ്തുതകളുമായി ഈ ആരോപണങ്ങൾ യോജിക്കുന്നുണ്ടോ? അതറിയാൻ യഹോവയാം ദൈവത്തിന്റെ സൃഷ്ടിക്രിയകളെയും അവന്റെ വ്യക്തിത്വഗുണങ്ങളെയും കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്ന് നമുക്കു നോക്കാം.
“അതു എത്രയും നല്ലത്”
ആദ്യമനുഷ്യജോഡി ഉൾപ്പെടെയുള്ള ഭൂമിയിലെ സൃഷ്ടിക്രിയകളെക്കുറിച്ച് ഉൽപ്പത്തി വിവരണം പറയുന്നത് ഇങ്ങനെയാണ്: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്പത്തി 1:31) അതെ, പൂർണരായാണ് ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. അവരുടെ ഭൗമിക വസതിക്ക് തികച്ചും യോജിച്ച വിധത്തിൽ! യാതൊരുവിധ അപാകതകളും കൂടാതെയാണ് ദൈവം അവരെ സൃഷ്ടിച്ചതെന്ന് ഓർക്കണം. “എത്രയും നല്ലത്” എന്ന് ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ ആ ഉത്തമസൃഷ്ടികൾക്ക് അവന്റെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നു. മാത്രമല്ല, ‘ദൈവത്തിന്റെ സ്വരൂപത്തിലാണ്’ അവർ സൃഷ്ടിക്കപ്പെട്ടത്. (ഉല്പത്തി 1:27) അതുകൊണ്ടുതന്നെ, ജ്ഞാനം, വിശ്വസ്തത, നീതി, നന്മ തുടങ്ങിയ ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നു. ആ ദൈവിക ഗുണങ്ങളാകട്ടെ, തങ്ങൾക്കുതന്നെ പ്രയോജനം ചെയ്യുന്നതും സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുന്നതുമായ തീരുമാനങ്ങളെടുക്കാൻ അവരെ സഹായിക്കുമായിരുന്നു.
ബുദ്ധിശക്തിയുള്ള, പൂർണരായ ഈ സൃഷ്ടികൾക്ക് ദൈവം മറ്റൊരു പ്രാപ്തിയും നൽകിയിരുന്നു, ഇച്ഛാസ്വാതന്ത്ര്യം! അതായത്, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ റോബോട്ടുകളെപ്പോലെ ആയിരുന്നില്ല അവർ. ദൈവത്തെ പ്രീതിപ്പെടുത്താൻ പ്രോഗ്രാം ചെയ്യപ്പെട്ട വെറും പാവകളല്ലായിരുന്നു അവരെന്നു സാരം. ഒന്ന് ആലോചിച്ചുനോക്കൂ, എന്തായിരിക്കും നിങ്ങളെ സന്തോഷിപ്പിക്കുക? യാതൊരു വികാരങ്ങളുമില്ലാതെ യാന്ത്രികമായി വെച്ചുനീട്ടുന്ന ഒരു സമ്മാനമാണോ, അതോ സ്നേഹത്തിന്റെ തെളിവായി ഹൃദയപൂർവം നൽകുന്ന ഒരു സമ്മാനമാണോ? ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിലും അതു സത്യമായിരുന്നു. അവർ മനസ്സോടെ ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ അത് അവനെ വളരെയേറെ സന്തോഷിപ്പിക്കുമായിരുന്നു! ഇച്ഛാസ്വാതന്ത്ര്യം ഉള്ളവരെന്ന നിലയ്ക്ക്, പൂർണമനസ്സോടെ തങ്ങളുടെ സ്രഷ്ടാവിനെ അനുസരിക്കാൻ അവർക്കു വേണമെങ്കിൽ തീരുമാനിക്കാമായിരുന്നു. യാന്ത്രികമായിട്ടല്ല, അവനോടുള്ള സ്നേഹംനിമിത്തം.—ആവർത്തനപുസ്തകം 30:19, 20.
നീതിനിഷ്ഠനും നന്മനിറഞ്ഞവനും
യഹോവയുടെ മഹനീയ ഗുണങ്ങളെപ്പറ്റി ബൈബിൾ പറയുന്നുണ്ട്. ദൈവത്തെ ഒരുപ്രകാരത്തിലും തിന്മയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് ആ ഗുണങ്ങൾ നമ്മെ ബോധ്യപ്പെടുത്തും. യഹോവ “നീതിയും ന്യായവും ഇഷ്ടപ്പെടുന്നു” എന്ന് സങ്കീർത്തനം 33:5 പറയുന്നു. “ദോഷങ്ങളാൽ ദൈവത്തെ ആർക്കും പരീക്ഷിക്കുക സാധ്യമല്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല” എന്ന് യാക്കോബ് 1:13-ഉം സാക്ഷ്യപ്പെടുത്തുന്നു. ദൈവം ആദാമിനു മുന്നറിയിപ്പു നൽകി എന്നതും, ദൈവം നീതിമാനും പരിഗണനയുള്ളവനും ആയിരുന്നു എന്ന വസ്തുതയിലേക്കു വിരൽചൂണ്ടുന്നു. ദൈവം ആദാമിനോടു പറഞ്ഞു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) ആ ആദ്യദമ്പതികളുടെ മുമ്പാകെ രണ്ടു വഴികളുണ്ടായിരുന്നു: ഒന്ന് നിത്യജീവൻ; മറ്റേത് മരണം. അവർ പാപം ചെയ്യുമെന്നും അതിന്റെ ദുരന്തഫലങ്ങൾ ഏറ്റുവാങ്ങുമെന്നും ദൈവത്തിനു നേരത്തേ അറിയാമായിരുന്നെങ്കിൽ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് അവർക്കു മുമ്പാകെ വെക്കുന്നതിൽ എന്തു യുക്തിയാണുള്ളത്? അത് കാപട്യമായിരിക്കില്ലേ? ശരി ചെയ്യാനുള്ള അവസരം അവർക്കു മുമ്പിൽ ഇല്ലായിരുന്നെങ്കിൽ, “ജീവനും മരണവും” അവരുടെ മുമ്പാകെ വെച്ചിരിക്കുന്നു എന്ന് ദൈവത്തിന് എങ്ങനെ പറയാനാകും? അതും ‘നീതിയും ന്യായവും ഇഷ്ടപ്പെടുന്ന’ ഒരു ദൈവത്തിന്?
യഹോവ നന്മ നിറഞ്ഞവനാണെന്നും തിരുവെഴുത്തുകൾ പറയുന്നുണ്ട്. (സങ്കീർത്തനം 31:19) ദൈവത്തിന്റെ നന്മ എടുത്തുകാട്ടിക്കൊണ്ട് യേശു ഇങ്ങനെ പറയുകയുണ്ടായി: “മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ആരെങ്കിലും അവനു കല്ല് കൊടുക്കുമോ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് നന്മകൾ എത്രയധികം നൽകും!” (മത്തായി 7:9-11) അതെ, തന്റെ സൃഷ്ടികൾക്ക് “നന്മകൾ” ധാരാളമായി നൽകുന്നവനാണ് ദൈവം. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിധവും ദൈവം അവർക്കായി ഒരുക്കിയ പറുദീസാഭവനവും ദൈവത്തിന്റെ നന്മയുടെ സാക്ഷ്യപത്രങ്ങളാണ്. അങ്ങനെയാണെന്നിരിക്കെ, തിരിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തിൽ, മനോഹരമായ ഒരു പറുദീസ വെച്ചുനീട്ടി ആ മനുഷ്യരെ മോഹിപ്പിക്കാൻ ദൈവം ശ്രമിക്കുമോ? നന്മയുടെ പര്യായമായ ഒരു ദൈവത്തിന് അങ്ങനെ ചെയ്യാനാകുമോ? അചിന്തനീയം! അല്ലേ? മനുഷ്യന്റെ അനുസരണക്കേടിന് നീതിയുടെയും നന്മയുടെയും മൂർത്തിമദ്ഭാവമായ അവന്റെ സ്രഷ്ടാവിനെ ഒരിക്കലും പഴിചാരാനാവില്ല എന്നല്ലേ ഇതും കാണിക്കുന്നത്?
“ഏകജ്ഞാനി”
യഹോവയുടെ ജ്ഞാനത്തെക്കുറിച്ചും തിരുവെഴുത്തുകൾ പറയുന്നുണ്ട്. ‘ഏകജ്ഞാനിയായ ദൈവം’ എന്നാണ് ബൈബിൾ അവനെ വിശേഷിപ്പിക്കുന്നത്. (റോമർ 16:27) അതിരുകളില്ലാത്ത ദിവ്യജ്ഞാനത്തിന്റെ ഒട്ടേറെ തെളിവുകൾ നേരിട്ടു കണ്ടവരാണ് സ്വർഗത്തിലെ ദൂതന്മാർ. ദൈവത്തിന്റെ ഭൗമികസൃഷ്ടികൾ കണ്ട് ദൈവപുത്രന്മാർ ‘സന്തോഷിച്ചാർത്തു’ എന്ന് രേഖ പറയുന്നു. (ഇയ്യോബ് 38:4-7) ഏദെനിൽ ദൈവം ചെയ്ത ഓരോ കാര്യവും ഈ ദൂതന്മാർ അതീവതാത്പര്യത്തോടെ നിരീക്ഷിച്ചുകാണും. ഭയാദരവുണർത്തുന്ന ഈ അത്ഭുതപ്രപഞ്ചവും അതിലെ വിസ്മയഭരിതങ്ങളായ സൃഷ്ടികളും ഉളവാക്കിയ മഹാജ്ഞാനിയായ ഒരു ദൈവം, തന്റെ ദൂതപുത്രന്മാർ കണ്ടുനിൽക്കെ പരാജയപ്പെടാൻവേണ്ടിമാത്രം രണ്ടു മനുഷ്യസൃഷ്ടികളെ അസ്തിത്വത്തിൽ കൊണ്ടുവരുമായിരുന്നോ? ജ്ഞാനിയായ ദൈവം ഇത്തരമൊരു ദുരന്തനാടകം മുൻകൂട്ടി നിശ്ചയിച്ചു എന്നു ചിന്തിക്കുന്നതുതന്നെ ബുദ്ധിശൂന്യമല്ലേ?
‘എന്തൊക്കെയായാലും, മഹാജ്ഞാനിയായ പ്രപഞ്ചകർത്താവ് ഇക്കാര്യം അറിയാതെ പോകുമോ?’ എന്ന് ചിലർ ആശ്ചര്യപ്പെട്ടേക്കാം. “ആരംഭത്തിങ്കൽ തന്നേ അവസാനവും” അറിയാൻ ജ്ഞാനിയായ നമ്മുടെ ദൈവത്തിനു സാധിക്കും എന്നതു നിഷേധിക്കുന്നില്ല. (യെശയ്യാവു 46:9, 10) എന്നാൽ, മുൻകൂട്ടി അറിയാനുള്ള പ്രാപ്തിയുണ്ട് എന്നതുകൊണ്ടുമാത്രം ദൈവം എല്ലായ്പോഴും അത് ഉപയോഗിക്കണമെന്നില്ല. ഉദാഹരണത്തിന്, സർവശക്തനാണെന്നുകരുതി ദൈവം എല്ലായ്പോഴും തന്റെ ശക്തി പൂർണമായി ഉപയോഗിക്കാറില്ലല്ലോ. മുൻകൂട്ടി അറിയാനുള്ള പ്രാപ്തിയുടെ കാര്യവും അങ്ങനെതന്നെ; വിവേചനയോടെ മാത്രമേ യഹോവ അത് ഉപയോഗിക്കാറുള്ളൂ. ഉചിതമായ സാഹചര്യങ്ങളിൽ, ആവശ്യമായിരിക്കുമ്പോൾമാത്രം!
മുൻനിർണയിക്കാനുള്ള പ്രാപ്തി ദൈവം വിവേചനയോടെ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാൻ ഒരു ദൃഷ്ടാന്തം ശ്രദ്ധിക്കാം. റെക്കോർഡു ചെയ്ത ഒരു സ്പോർട്സ് പരിപാടിയുടെ വീഡിയോ കാണുന്ന ഒരാളെക്കുറിച്ചു ചിന്തിക്കുക. വേണമെങ്കിൽ അയാൾക്ക് കളിയുടെ അവസാനഭാഗം ആദ്യം കാണാം. പക്ഷേ അയാൾ അങ്ങനെ ചെയ്യണമെന്നു നിർബന്ധമില്ല. കളി ആദ്യംമുതൽ കാണാൻ അയാൾ തീരുമാനിച്ചാൽ ആർക്ക് അയാളെ തെറ്റു പറയാനാകും? ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിൽ, നമ്മുടെ സ്രഷ്ടാവും അതായിരിക്കണം ചെയ്തിരിക്കുക. തന്റെ ഭൗമിക മക്കൾ എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്നു കാണാൻ ദൈവം തീരുമാനിച്ചു.
യഹോവയാം ദൈവം റോബോട്ടുകളെപ്പോലെയല്ല മനുഷ്യരെ സൃഷ്ടിച്ചതെന്ന് അൽപ്പം മുമ്പു നാം കണ്ടല്ലോ. ഇച്ഛാസ്വാതന്ത്ര്യമെന്ന അത്ഭുതപ്രാപ്തി സഹിതമാണ് അവരെ സൃഷ്ടിച്ചത്. ദൈവത്തിന് അവരോടുള്ള സ്നേഹത്തിന്റെ തെളിവായിരുന്നു അത്! ശരിയായ വിധത്തിൽ പ്രവർത്തിച്ചുകൊണ്ട് ദൈവത്തോട് സ്നേഹവും കൃതജ്ഞതയും അനുസരണവും കാണിക്കാൻ അവർക്കു സാധിക്കുമായിരുന്നു. അങ്ങനെയൊരു ഗതി അവർക്കുതന്നെയും സ്വർഗീയ പിതാവായ യഹോവയ്ക്കും സന്തോഷം കൈവരുത്തുമായിരുന്നു.—സദൃശവാക്യങ്ങൾ 27:11; യെശയ്യാവു 48:18.
മുൻകൂട്ടി അറിയാനുള്ള പ്രാപ്തി ദൈവം ഉപയോഗിക്കാതിരുന്ന പല സന്ദർഭങ്ങളെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, യഹോവയുടെ വിശ്വസ്ത ദാസനായ അബ്രാഹാം ഉൾപ്പെട്ട ഒരു സംഭവം പരിചിന്തിക്കാം. ഏകപുത്രനെ യാഗം കഴിക്കാൻ യഹോവ ആവശ്യപ്പെട്ടിരിക്കുന്നതാണ് സന്ദർഭം. മകനെ കൊല്ലാൻ തയ്യാറായി അബ്രാഹാം കത്തി ഉയർത്തിയ സമയത്ത് യഹോവ എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക: “നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്ക കൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (ഉല്പത്തി 22:12) അതെ, ഇക്കാര്യത്തിൽ അബ്രാഹാമിന്റെ നിലപാട് മുൻകൂട്ടി അറിയാൻ യഹോവ ശ്രമിച്ചില്ല എന്ന് വ്യക്തം. ഇനി, ചിലരുടെ ദുഷ്പെരുമാറ്റം യഹോവയുടെ ഹൃദയത്തെ വേദനിപ്പിച്ചതായി തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നുണ്ട്. അതൊക്കെ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ദൈവത്തിന് അത്ര വേദന തോന്നുമായിരുന്നോ?—സങ്കീർത്തനം 78:40, 41; 1 രാജാക്കന്മാർ 11:9, 10.
ഇതുവരെ ചിന്തിച്ച വസ്തുതകൾ എന്തു നിഗമനത്തിലാണ് നമ്മെ കൊണ്ടെത്തിക്കുന്നത്? ആദാമും ഹവ്വായും പാപം ചെയ്യുമെന്ന് ദൈവം മുൻകൂട്ടി അറിഞ്ഞിരുന്നില്ല എന്ന നിഗമനത്തിൽ. അതെ, നമ്മുടെ ആദ്യമാതാപിതാക്കളെ കഥാപാത്രങ്ങളാക്കി, ഒരു ദുരന്തനാടകം സംവിധാനം ചെയ്ത് പുനരവതരിപ്പിക്കാൻവേണ്ടും ബുദ്ധിശൂന്യനല്ല നമ്മുടെ സ്രഷ്ടാവ്!
“ദൈവം സ്നേഹമാകുന്നു”
മാനവരാശിയെ പാപത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ട ഏദെനിലെ മത്സരം തുടങ്ങിവെച്ചത് ദൈവത്തിന്റെ എതിരാളിയായ സാത്താനാണ്. അങ്ങനെ സാത്താൻ ഒരു “കൊലപാതകി”യായിത്തീർന്നു! “ഭോഷ്കാളിയും ഭോഷ്കിന്റെ അപ്പനും” ആയിത്തീർന്നു! (യോഹന്നാൻ 8:44) ഗൂഢോദ്ദേശ്യങ്ങളാൽ വഴിതെറ്റിക്കപ്പെട്ട അവൻ സ്നേഹവാനായ നമ്മുടെ സ്രഷ്ടാവിന്റെ ആന്തരത്തെ ചോദ്യംചെയ്തു; അവനെതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ചു. അങ്ങനെ, മനുഷ്യന്റെ പാപത്തിന്റെ ഉത്തരവാദിത്വം യഹോവയുടെമേൽ കെട്ടിവെക്കാനാണ് അവൻ ശ്രമിക്കുന്നത്.
ആദാമും ഹവ്വായും പാപം ചെയ്യുമെന്ന കാര്യം മുൻകൂട്ടി കാണാതിരിക്കാൻ യഹോവയെ പ്രേരിപ്പിച്ച മറ്റൊരു ഘടകമാണ്—വാസ്തവത്തിൽ ഏറ്റവും ശക്തമായ ഘടകമാണ്—സ്നേഹം. ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ മുഖ്യസവിശേഷതയാണ് അത്. “ദൈവം സ്നേഹമാകുന്നു” എന്ന് 1 യോഹന്നാൻ 4:8 പറയുന്നു. മറ്റുള്ളവരുടെ ദോഷങ്ങളല്ല, നന്മ കാണാനാണ് സ്നേഹം ശ്രമിക്കുന്നത്. അതെ, ആദ്യമനുഷ്യജോഡിയോടു സ്നേഹമുണ്ടായിരുന്ന യഹോവ അവർക്കു നല്ലതു വരാനാണ് ആഗ്രഹിച്ചത്.
ബുദ്ധിശൂന്യമായ ഒരു തിരഞ്ഞെടുപ്പു നടത്താൻ ആദാമിനും ഹവ്വായ്ക്കും കഴിയുമായിരുന്നെങ്കിലും, തന്റെ മക്കൾ അങ്ങനെയൊരു വഴി തിരഞ്ഞെടുക്കുമെന്നു ചിന്തിക്കാൻ, അവരെ സംശയിക്കാൻ ദൈവത്തിന്റെ സ്നേഹം അവനെ അനുവദിച്ചില്ല. അവർക്ക് ആവശ്യമായതെല്ലാം യഹോവ നൽകിയിരുന്നു. അവർ അറിയേണ്ടതെല്ലാം അവരെ അറിയിക്കുകയും ചെയ്തിരുന്നു. ആ സ്ഥിതിക്ക്, ആദാമും ഹവ്വായും മനസ്സോടെ തന്നെ അനുസരിക്കുമെന്ന് ദൈവം ചിന്തിച്ചെങ്കിൽ അതു ന്യായമല്ലേ? അബ്രാഹാമിനെയും ഇയ്യോബിനെയും ദാനീയേലിനെയും പോലുള്ള അപൂർണ മനുഷ്യർക്കുപോലും ദൈവത്തോടു വിശ്വസ്തത കാണിക്കാൻ കഴിഞ്ഞെങ്കിൽ, പൂർണരായിരുന്ന ആദാമിനും ഹവ്വായ്ക്കും അത് സാധിക്കുമായിരുന്നു; ദൈവത്തിന് അത് അറിയാമായിരുന്നു.
“ദൈവത്തിനു സകലവും സാധ്യം” എന്ന് യേശു ഒരിക്കൽ പറയുകയുണ്ടായി. (മത്തായി 19:26) എത്ര ആശ്വാസകരമായ വാക്കുകൾ! യഹോവയുടെ സ്നേഹവും നീതി, ജ്ഞാനം, ശക്തി തുടങ്ങിയ മറ്റു പ്രമുഖ ഗുണങ്ങളും കണക്കിലെടുക്കുമ്പോൾ നമുക്ക് ഒരു കാര്യം ബോധ്യമാകും: പാപത്തിന്റെയും മരണത്തിന്റെയും സകല ദൂഷ്യഫലങ്ങളും ഇല്ലായ്മചെയ്യാൻ ദൈവത്തിനു സാധിക്കും, അവൻ അതു ചെയ്യും!—വെളിപാട് 21:3-5.
ആദാമും ഹവ്വായും പാപം ചെയ്യുമെന്ന് ദൈവത്തിന് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിക്കാണുമല്ലോ. മനുഷ്യന്റെ അനുസരണക്കേടും അതിന്റെ ഭവിഷ്യത്തുകളും തന്നെ വേദനിപ്പിച്ചപ്പോഴും ദൈവത്തിന് ഒരു കാര്യം അറിയാമായിരുന്നു: താത്കാലികമായ ഈ സംഭവവികാസം ഭൂമിയെയും മനുഷ്യനെയും സംബന്ധിച്ച തന്റെ നിത്യോദ്ദേശ്യത്തിന്റെ നിവൃത്തിയെ യാതൊരു പ്രകാരത്തിലും ബാധിക്കുകയില്ല എന്ന്. ആ മഹനീയ ഉദ്ദേശ്യത്തെക്കുറിച്ചും അതിന്റെ സാക്ഷാത്കാരത്തിൽനിന്ന് വ്യക്തിപരമായി പ്രയോജനം നേടാൻ എന്തുചെയ്യണം എന്നതിനെക്കുറിച്ചും അറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്!a
[അടിക്കുറിപ്പ്]
a ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ മൂന്നാം അധ്യായം കാണുക.
[12-ാം പേജിലെ ആകർഷകവാക്യം]
യഹോവയാം ദൈവം റോബോട്ടുകളെപ്പോലെയല്ല മനുഷ്യരെ സൃഷ്ടിച്ചത്
[13-ാം പേജിലെ ആകർഷകവാക്യം]
ആദാമിനും ഹവ്വായ്ക്കും വിശ്വസ്തരായിരിക്കാൻ കഴിയുമായിരുന്നെന്ന് ദൈവത്തിന് അറിയാമായിരുന്നു