പതിവു പരാതികൾ, പരിഹാരങ്ങൾ
പ്രശ്നങ്ങളില്ലാത്ത ദാമ്പത്യം സാധ്യമാണെന്ന് ബൈബിൾ പറയുന്നില്ല. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നുതന്നെയാണ് അതു പറയുന്നത്. വിവാഹിതർക്ക് ‘നിരവധി ക്ലേശങ്ങൾ നേരിടേണ്ടിവരുമെന്ന്’ പൗലോസ് അപ്പൊസ്തലൻ ദിവ്യനിശ്വസ്തതയിൽ എഴുതുകയുണ്ടായി. (1 കൊരിന്ത്യർ 7:28, ന്യൂ ഇന്ത്യ ബൈബിൾ ഭാഷാന്തരം) എന്നാൽ ഈ ക്ലേശങ്ങൾ കുറയ്ക്കാനും ദാമ്പത്യത്തിൽ കൂടുതൽ സന്തോഷം കണ്ടെത്താനും ദമ്പതികൾക്ക് പലതും ചെയ്യാനാകും. ഭാര്യാഭർത്താക്കന്മാർ സാധാരണ പറയാറുള്ള ആറു പരാതികളും അവയ്ക്ക് ബൈബിൾ നൽകുന്ന പരിഹാരങ്ങളുമാണ് ഈ ലേഖനത്തിൽ.
1
പരാതി:
“ഞങ്ങൾ അകന്നുപോകുകയാണ്.”
ബൈബിൾ തത്ത്വം:
‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’—ഫിലിപ്പിയർ 1:10.
ദമ്പതികൾ ദാമ്പത്യത്തെ വിലയേറിയതായി കരുതണം. അത് അങ്ങനെയാണുതാനും. അതുകൊണ്ടുതന്നെ അത് മുൻഗണന അർഹിക്കുന്നു. ആ സ്ഥിതിക്ക് നിങ്ങളുടെ ഈ പരാതിക്കു കാരണമെന്താണെന്ന് പരിശോധിക്കുക. ജീവിതത്തിരക്കുകളാണോ? ജീവിതത്തിരക്കുകൾ നിങ്ങളെ പരസ്പരം അകറ്റിക്കളയാൻ അനുവദിക്കരുത്. ജോലിയോ ഒഴിവാക്കാനാവാത്ത മറ്റു സാഹചര്യങ്ങളോ നിമിത്തം ചിലപ്പോൾ നിങ്ങൾക്ക് ഇണയോടൊത്ത് സമയം ചെലവഴിക്കാൻ സാധിക്കാതെ വന്നേക്കാം എന്നതു ശരിതന്നെ. എന്നാൽ ഹോബികൾ, സുഹൃത്തുക്കളുമായുള്ള സഹവാസം തുടങ്ങി നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കുന്ന എന്തിനും ഒരു പരിധി വെക്കാൻ നിങ്ങൾക്കു കഴിയണം.
വിവാഹിതരായ ചിലർ ഇണയോടൊത്ത് സമയം ചെലവഴിക്കാൻ താത്പര്യമില്ലാത്തതുകൊണ്ട് ഓവർടൈം ചെയ്യുകയോ ഹോബികളിൽ സമയം ചെലവിടുകയോ ചെയ്യാറുണ്ട്. ഇത്തരക്കാർ അറിയാതെ ഇണയിൽനിന്ന് ‘അകന്നുപോകുകയല്ല;’ മനഃപൂർവ്വം ഒളിച്ചോടുകയാണ്, പ്രശ്നങ്ങളിൽനിന്ന്. നിങ്ങളോ ഇണയോ ഈ ഗണത്തിൽപ്പെടുമോ? എങ്കിൽ പ്രശ്നത്തിന്റെ യഥാർഥ കാരണം തിരിച്ചറിഞ്ഞ് അതു പരിഹരിക്കാൻ ശ്രമിക്കുക. രണ്ടുപേരും ഒരുമിച്ചു സമയം ചെലവിട്ടാൽ മാത്രമേ പൂർണമായ അർഥത്തിൽ നിങ്ങൾ ‘ഏകദേഹമായിത്തീരുകയുള്ളൂ.’—ഉല്പത്തി 2:24.
ചിലർ ഈ ഉപദേശം പിൻപറ്റിയിരിക്കുന്ന വിധം: ഓസ്ട്രേലിയക്കാരായ ദമ്പതികളാണ് ആൻഡ്രൂവുംa താൻജിയും. പത്തുവർഷമായി അവർ വിവാഹിതരായിട്ട്. ആൻഡ്രൂ പറയുന്നു: “ഒരുപാടു സമയം ജോലിചെയ്യുന്നതും സുഹൃത്തുക്കളോടൊപ്പം കണക്കിലധികം സമയം ചെലവഴിക്കുന്നതുമൊക്കെ ദാമ്പത്യത്തിന് ദോഷം ചെയ്തേക്കാമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് പരസ്പരം സംസാരിക്കാനും മനസ്സിലെ വികാരങ്ങൾ പങ്കുവെക്കാനും സമയം കണ്ടെത്താൻ ഞാനും ഭാര്യയും പ്രത്യേകം ശ്രദ്ധിക്കുന്നു.”
ഡേവും ജെയിനും ഐക്യനാടുകളിലാണ് താമസം. വിവാഹിതരായിട്ട് 22 വർഷമായി. എല്ലാ വൈകുന്നേരവും ആദ്യത്തെ അരമണിക്കൂർ അവർ തങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. മനസ്സിലെ ചിന്തകളും അന്നു നടന്ന കാര്യങ്ങളും ഒക്കെ അവർ പങ്കുവെക്കും. ജെയിൻ പറയുന്നു: “ഈ വിലപ്പെട്ട സമയം കവർന്നെടുക്കാൻ ഞങ്ങൾ ഒന്നിനെയും അനുവദിക്കാറില്ല.”
2
പരാതി:
“ഞാൻ ആഗ്രഹിക്കുന്നത് ഈ ബന്ധത്തിൽനിന്ന് എനിക്കു കിട്ടുന്നില്ല.”
ബൈബിൾ തത്ത്വം:
“ഓരോരുത്തനും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
‘ഈ ബന്ധം എനിക്ക് എങ്ങനെ ഗുണം ചെയ്യും’ എന്നു ചിന്തിക്കുന്ന ഒരാൾക്ക് ഒരിക്കലും ദാമ്പത്യത്തിൽ സന്തോഷം കണ്ടെത്താനാവില്ല. തനിക്ക് എന്തു കിട്ടും എന്നതിനെക്കാൾ, ഇണയ്ക്കുവേണ്ടി തനിക്ക് എന്തു ചെയ്യാനാകും എന്നായിരിക്കണം രണ്ടുപേരും ചിന്തിക്കേണ്ടത്. എങ്കിലേ ദാമ്പത്യം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാനാകൂ. കാരണം യേശു പറഞ്ഞതുപോലെ, ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.’—പ്രവൃത്തികൾ 20:35.
ചിലർ ഈ ഉപദേശം പിൻപറ്റിയിരിക്കുന്ന വിധം: മെക്സിക്കോയിലുള്ള മാർട്ടിന്റെയും മാരിയയുടെയും അനുഭവം നോക്കാം. 39 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഇടയ്ക്കൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു. ഒരു സംഭവം ഇന്നും അവരുടെ മനസ്സിലുണ്ട്. അതേക്കുറിച്ച് ഓർക്കുകയാണ് മാരിയ: “ഒരിക്കൽ ചൂടുപിടിച്ച ഒരു തർക്കത്തിനിടെ ഞാൻ പറഞ്ഞ ഒരു കാര്യം മാർട്ടിനെ വല്ലാതെ ക്ഷോഭിപ്പിച്ചു; ഞാൻ അനാദരവു കാണിക്കുകയാണെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ പറയണമെന്ന് ഞാൻ ഉദ്ദേശിച്ചില്ലെന്നും അപ്പോഴത്തെ സങ്കടത്തിൽ പറഞ്ഞുപോയതാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞാൻ ആവതു ശ്രമിച്ചു. മാർട്ടിന് പക്ഷേ അത് ഉൾക്കൊള്ളാനായില്ല.” മാർട്ടിനെ അത് എങ്ങനെയാണ് ബാധിച്ചത്? “ഇനി ബന്ധം ശരിയാക്കാൻ ശ്രമിക്കുന്നതിൽ അർഥമില്ലെന്നും ഒന്നിച്ചു മുന്നോട്ടുപോകാനാവില്ലെന്നും എനിക്ക് തോന്നി,” മാർട്ടിൻ മനസ്സുതുറക്കുന്നു.
മാരിയ തന്നെ ബഹുമാനിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു മാർട്ടിന്; ഭർത്താവ് തന്നെ മനസ്സിലാക്കണമെന്ന് മാരിയയും ആഗ്രഹിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
ആകട്ടെ, അവർ എങ്ങനെയാണ് പ്രശ്നം പരിഹരിച്ചത്? “മനസ്സൊന്നു ശാന്തമാകുന്നതുവരെ ഞാൻ കാത്തിരുന്നു,” മാർട്ടിന്റെ വാക്കുകൾ. “ആദരവോടും ആർദ്രതയോടും കൂടെ പെരുമാറാനുള്ള ബൈബിളിന്റെ ഉപദേശം അനുസരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വർഷങ്ങൾ കടന്നുപോയപ്പോൾ ഞങ്ങൾക്ക് ഒരു കാര്യം ബോധ്യമായി: എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതു പരിഹരിച്ചു മുന്നോട്ടുപോകാൻ നമുക്കു കഴിയും; ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിക്കുകയും ബൈബിളിലൂടെ അവൻ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നെങ്കിൽ.”—യെശയ്യാവു 48:17, 18; എഫെസ്യർ 4:31, 32.
3
പരാതി:
“എന്റെ ഇണ അവളുടെ/അദ്ദേഹത്തിന്റെ ധർമം നിറവേറ്റുന്നില്ല.”
ബൈബിൾ തത്ത്വം:
“നാം ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാകുന്നു.” —റോമർ 14:12.
ഒരാൾ മാത്രം വിചാരിച്ചാൽ ബന്ധം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്നതു ശരിയാണ്. പക്ഷേ ഒരാളുടെ പക്ഷത്തുനിന്നുള്ള ശ്രമം പോലുമില്ലെങ്കിൽ ബന്ധം കൂടുതൽ വഷളാകും.
സ്വന്തം ധർമം നിർവഹിക്കുന്നതിലുള്ള ഇണയുടെ പരാജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജീവിതം ദുരിതപൂർണമാക്കുകയേയുള്ളൂ; അതിന്റെ പേരിൽ സ്വന്തം ഉത്തരവാദിത്വം വെച്ചൊഴിയാൻ ശ്രമിച്ചാൽ പ്രത്യേകിച്ചും. എന്നാൽ നിങ്ങളുടെ ധർമം വിശ്വസ്തതയോടെ നിറവേറ്റുകയാണെങ്കിൽ നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടും. (1 പത്രോസ് 3:1-3) മാത്രമല്ല, ദാമ്പത്യക്രമീകരണം ഏർപ്പെടുത്തിയ ദൈവത്തോട് നിങ്ങൾക്ക് ആദരവുണ്ട് എന്നതിന്റെ തെളിവായിരിക്കും അത്. ദാമ്പത്യം പരിരക്ഷിക്കുന്നതിന് നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ തീർച്ചയായും ദൈവത്തെ പ്രസാദിപ്പിക്കും.—1 പത്രോസ് 2:19.
ചിലർ ഈ ഉപദേശം പിൻപറ്റിയിരിക്കുന്ന വിധം: കിമ്മും ഭർത്താവും കൊറിയയിലാണ് താമസം. അവർ ദമ്പതികളായിട്ട് 38 വർഷമായി. കിം പറയുന്നു: “ചിലപ്പോൾ അദ്ദേഹം പെട്ടെന്ന് ദേഷ്യപ്പെടും. എന്നോടു മിണ്ടാതിരിക്കും. പലപ്പോഴും കാരണം എനിക്കു പിടികിട്ടില്ല. അദ്ദേഹത്തിന് എന്നോടു സ്നേഹമില്ലെന്ന് എനിക്ക് അപ്പോൾ തോന്നും. ‘എന്നെ മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല. അപ്പോൾപ്പിന്നെ ഞാൻ അദ്ദേഹത്തെ മനസ്സിലാക്കണമെന്ന് അദ്ദേഹത്തിന് എങ്ങനെ പ്രതീക്ഷിക്കാനാകും?’ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.”
കിമ്മിനു വേണമെങ്കിൽ തന്റെ സാഹചര്യത്തെക്കുറിച്ച് പരിതപിക്കാം, ഭർത്താവിന്റെ അനാസ്ഥയെക്കുറിച്ചു പരാതി പറയാം. എന്നാൽ അവൾ അതല്ല ചെയ്യുന്നത്. “വിഷമിച്ചിരിക്കുന്നതിനു പകരം പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ശാന്തമായിരുന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ഇപ്പോൾ ഞങ്ങൾക്കു കഴിയുന്നു.”—യാക്കോബ് 3:18.
4
പരാതി:
“എന്റെ ഭാര്യ കീഴ്പെടാൻ മനസ്സുകാണിക്കുന്നില്ല.”
ബൈബിൾ തത്ത്വം:
“ഏതു പുരുഷന്റെയും ശിരസ്സ് ക്രിസ്തു.”—1 കൊരിന്ത്യർ 11:3.
ഭാര്യ തനിക്ക് കീഴ്പെടുന്നില്ലെന്ന് പരാതിപറയുന്ന ഭർത്താവ് ഒന്നു ചിന്തിക്കുക: ‘ഞാൻ എന്റെ ശിരസ്സായ ക്രിസ്തുവിനു കീഴ്പെടുന്നുണ്ടോ?’ ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിന് കീഴ്പെടുന്ന ഒരു ഭർത്താവ് ക്രിസ്തുവിന്റെ മാതൃക അനുകരിക്കും.
പൗലോസ് അപ്പൊസ്തലൻ എഴുതി: “ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ.” (എഫെസ്യർ 5:25) യേശു തന്റെ അനുഗാമികളുടെമേൽ “ആധിപത്യം” നടത്താൻ ശ്രമിച്ചില്ല. (മർക്കോസ് 10:42-44) ചെയ്യേണ്ട കാര്യങ്ങൾ അവൻ അവർക്ക് വ്യക്തമായി പറഞ്ഞുകൊടുത്തു. തിരുത്തേണ്ടിവന്നപ്പോൾ സൗമ്യതയോടെ തിരുത്തി. ഒരിക്കലും പരുഷമായി പെരുമാറിയില്ല. അവരുടെ പരിമിതികൾ കണക്കിലെടുത്തുകൊണ്ട് പരിഗണനയോടെ ഇടപെട്ടു. (മത്തായി 11:29, 30; മർക്കോസ് 6:30, 31; 14:37, 38) അവൻ എല്ലായ്പോഴും അവരുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി.—മത്തായി 20:25-28.
ഭർത്താക്കന്മാർ സ്വയം ഇങ്ങനെ ചോദിക്കുന്നത് നല്ലതാണ്: ‘പൊതുവെ സ്ത്രീകളെക്കുറിച്ചും ശിരഃസ്ഥാനത്തെക്കുറിച്ചും ഉള്ള എന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനമെന്താണ്? അത് നാട്ടുനടപ്പനുസരിച്ച് രൂപപ്പെട്ടതാണോ അതോ ദൈവദാസന്മാർ വെച്ച മാതൃകകളുടെയും ബൈബിളിൽ കാണുന്ന തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണോ?’ ഉദാഹരണത്തിന്, ഭർത്താവിന്റെ വീക്ഷണത്തോട് യോജിക്കാൻ പറ്റാതെ വന്നപ്പോൾ ആദരവു കൈവിടാതെതന്നെ തന്റെ അഭിപ്രായം ഭർത്താവിനോടു തുറന്നുപറയാൻ ധൈര്യം കാണിച്ച ഒരു ഭാര്യയെ നിങ്ങൾ എങ്ങനെയായിരിക്കും കാണുക? അബ്രാഹാമിന്റെ ഭാര്യയായ സാറായെ കീഴ്പെടലിന്റെ ഒരു ഉത്തമ മാതൃകയായാണ് ബൈബിൾ എടുത്തുകാട്ടുന്നത്. (1 പത്രോസ് 3:1, 6) എന്നാൽ കുടുംബത്തിന് അപകടം വരുത്തിയേക്കാവുന്ന ഒരു കാര്യം മുൻകൂട്ടിക്കാണാൻ അബ്രാഹാം പരാജയപ്പെട്ടപ്പോൾ സാറാ ധൈര്യപൂർവം തന്റെ വീക്ഷണം ഭർത്താവിനെ അറിയിച്ചു.—ഉല്പത്തി 16:5; 21:9-12.
തന്റെ വികാരങ്ങൾ അബ്രാഹാമിനെ അറിയിക്കാൻ സാറായ്ക്ക് ഭയം തോന്നിയില്ല. കാരണം അബ്രാഹാം ഒരിക്കലും ഒരു ഏകാധിപതി ആയിരുന്നില്ല. അതുപോലെ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്ന ഒരു ഭർത്താവ് ഒരിക്കലും ഭാര്യയെ അടിച്ചമർത്തില്ല. അവൾ എല്ലായ്പോഴും തന്റെ താത്പര്യങ്ങൾക്കൊത്തു പ്രവർത്തിക്കണമെന്ന് ശഠിക്കില്ല. പകരം പരിഗണനയോടെ തന്റെ ശിരഃസ്ഥാനം ഉപയോഗിക്കും. അത്തരം ഒരു ഭർത്താവ് ഭാര്യയുടെ ആദരവ് നേടിയെടുക്കും.
ചിലർ ഈ ഉപദേശം പിൻപറ്റിയിരിക്കുന്ന വിധം: ഇംഗ്ലണ്ടിൽ താമസിക്കുന്ന ജയിംസ് വിവാഹിതനായിട്ട് എട്ടുവർഷമായി. അദ്ദേഹത്തിന്റെ വാക്കുകൾ: “ഇപ്പോൾ, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് ഭാര്യയുമായി ആലോചിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നെപ്പറ്റി മാത്രം ചിന്തിക്കുന്നതിനു പകരം അവളുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു.”
ഇനി, ഐക്യനാടുകളിലുള്ള ജോർജിന്റെ കാര്യമെടുക്കാം. “ഭാര്യയെ ഒരു തരംതാണ വ്യക്തിയായിട്ടല്ല, പിന്നെയോ കാര്യപ്രാപ്തിയുള്ള ഒരു പങ്കാളിയായി കാണാൻ ഞാൻ ശ്രമിക്കുന്നു,” ദാമ്പത്യജീവിതത്തിൽ 59 വർഷം പിന്നിട്ട അദ്ദേഹം പറയുന്നു.—സദൃശവാക്യങ്ങൾ 31:10.
5
പരാതി:
“എന്റെ ഭർത്താവ് ഒരു കാര്യവും മുൻകൈയെടുത്ത് ചെയ്യില്ല.”
ബൈബിൾ തത്ത്വം:
“സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.”—സദൃശവാക്യങ്ങൾ 14:1.
കുടുംബത്തിൽ തീരുമാനങ്ങൾ എടുക്കാനോ കുടുംബകാര്യങ്ങൾ നോക്കി നടത്താനോ നിങ്ങളുടെ ഭർത്താവ് മനസ്സു കാണിക്കുന്നില്ലെങ്കിലോ? നിങ്ങളുടെ മുമ്പിൽ പല വഴികളുണ്ട്: (1) അദ്ദേഹത്തിന്റെ പോരായ്മകളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കാം. (2) കുടുംബനാഥന്റെ റോൾ സ്വയം ഏറ്റെടുക്കാം. (3) അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ശ്രമത്തെയും മനസ്സറിഞ്ഞ് അഭിനന്ദിക്കാം. ആദ്യം പട്ടികപ്പെടുത്തിയിരിക്കുന്ന രണ്ടു കാര്യങ്ങളിൽ ഏതു തിരഞ്ഞെടുത്താലും അത് ‘സ്വന്തകൈകളാൽ വീട് പൊളിച്ചുകളയുന്നതു’പോലെ ആയിരിക്കും. എന്നാൽ മൂന്നാമതു പറഞ്ഞപ്രകാരം പ്രവർത്തിക്കുന്നത് ദാമ്പത്യം കെട്ടിപ്പടുക്കാൻ, ബലിഷ്ഠമാക്കാൻ നിങ്ങളെ സഹായിക്കും.
പുരുഷന്മാർ പൊതുവേ സ്നേഹത്തെക്കാൾ ആദരവ് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് ആദരിക്കപ്പെടുന്നുവെന്ന് ഭർത്താവിന് തോന്നിയാൽ—കുടുംബത്തിൽ നേതൃത്വമെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലവത്താണെന്നും അതിയായി വിലമതിക്കപ്പെടുന്നുവെന്നും ഉറപ്പുകൊടുത്താൽ—അദ്ദേഹം തന്റെ ഭാഗധേയം കൂടുതൽ മെച്ചമായി നിർവഹിക്കാൻ സാധ്യത ഏറെയാണ്. ചില കാര്യങ്ങളിൽ നിങ്ങൾക്ക് ഭർത്താവിനോട് വിയോജിപ്പു തോന്നിയേക്കാം എന്നതു ശരിതന്നെ. അത്തരം കാര്യങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്യുക. (സദൃശവാക്യങ്ങൾ 18:13) എന്നാൽ ഒരുകാര്യം ഓർക്കുക: നിങ്ങളുടെ വാക്കുകളും അതു പറയുന്ന വിധവും ഒന്നുകിൽ നിങ്ങളുടെ ‘വീട് പൊളിച്ചുകളയും’ അല്ലെങ്കിൽ അത് ബലിഷ്ഠമാക്കും. (സദൃശവാക്യങ്ങൾ 21:9; 27:15) അതുകൊണ്ട് നിങ്ങൾക്കു പറയാനുള്ളത് ആദരവോടെ പറയുക. അങ്ങനെയാകുമ്പോൾ കുടുംബത്തിൽ നേതൃത്വമെടുക്കാൻ അദ്ദേഹം പ്രേരിതനാകും, അതാണല്ലോ നിങ്ങൾ ആഗ്രഹിക്കുന്നതും.
ചിലർ ഈ ഉപദേശം പിൻപറ്റിയിരിക്കുന്ന വിധം: ഐക്യനാടുകളിൽ താമസിക്കുന്ന മിഷെൽ വിവാഹിതയായിട്ട് 30 വർഷമായി. അവർ പറയുന്നു: “അച്ഛനില്ലാതെയാണ് അമ്മ എന്നെയും അനുജത്തിമാരെയും വളർത്തിയത്. കാര്യങ്ങളെല്ലാം തനിയെ ചെയ്തു ശീലിച്ചതിനാൽ നല്ല തന്റേടവും സാമർഥ്യവും ഉള്ള വ്യക്തിത്വമായിരുന്നു അമ്മയുടേത്. അമ്മയുടെ ആ സ്വഭാവം എന്നിലേക്കും പകർന്നു. അതുകൊണ്ട് ഭർത്താവിന് കീഴ്പെട്ടിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിനു പകരം ഭർത്താവിനോട് ആലോചിക്കാൻ ഇപ്പോൾ ഞാൻ പഠിച്ചു.”
ഓസ്ട്രേലിയയിൽ താമസിക്കുന്ന റെയ്ച്ചൽ 21 വർഷംമുമ്പാണ് മാർക്കിനെ വിവാഹം കഴിച്ചത്. വളർന്നുവന്ന പശ്ചാത്തലം റെയ്ച്ചലിനെയും വല്ലാതെ ബാധിച്ചു. റെയ്ച്ചൽ ഓർക്കുന്നു: “ഡാഡിയെ അനുസരിക്കുന്ന ശീലം മമ്മിക്ക് ഇല്ലായിരുന്നു. വഴക്കും വക്കാണവും പതിവായിരുന്നു വീട്ടിൽ. വിവാഹം കഴിഞ്ഞ് ആദ്യവർഷങ്ങളിൽ ഞാനും അമ്മയെപ്പോലെ ആയിരുന്നു. എന്നാൽ പിന്നീട്, ആദരവു കാണിക്കുന്നതു സംബന്ധിച്ച ബൈബിളിന്റെ ഉപദേശം പിൻപറ്റുന്നതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ ഞങ്ങൾ എത്ര സന്തുഷ്ടരാണെന്നോ!”
6
പരാതി:
“അദ്ദേഹത്തിന്റെ/അവളുടെ ചില ശീലങ്ങൾ എനിക്കു സഹിക്കാനാകുന്നില്ല.”
ബൈബിൾ തത്ത്വം:
“ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ.”—കൊലോസ്യർ 3:13.
വിവാഹത്തിനുമുമ്പ് ഇണയുടെ നല്ല ഗുണങ്ങളിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക. ആ സമയത്ത് അവരുടെ കുറ്റങ്ങളും കുറവുകളുമൊക്കെ നിങ്ങൾ അവഗണിച്ചിട്ടുണ്ടാകും. ഇപ്പോഴും നിങ്ങൾക്ക് അതുതന്നെ ചെയ്യാനാകുമോ? ഇണയുടെ ഭാഗത്ത് ചില പാളിച്ചകൾ ഉണ്ടാകാമെന്നത് ഇവിടെ നിഷേധിക്കുന്നില്ല. പക്ഷേ സ്വയം ചോദിക്കുക: ‘എന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്? ഇണയുടെ നന്മകളിലോ അതോ പോരായ്മകളിലോ?’
മറ്റുള്ളവരുടെ പോരായ്മകൾ വിട്ടുകളയേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാൻ യേശു ശക്തമായ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുകയുണ്ടായി. “നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും എന്നാൽ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാതിരിക്കുകയും ചെയ്യുന്നതെന്ത്?” എന്ന് യേശു ചോദിച്ചു. (മത്തായി 7:3) കരടും കഴുക്കോലും തമ്മിൽ അജഗജാന്തരമുണ്ടെന്ന് നമുക്കറിയാം. കഴുക്കോലിനോടുള്ള താരതമ്യത്തിൽ കരട് എത്രയോ നിസ്സാരം! അതുകൊണ്ടാണ്, “ആദ്യം സ്വന്തം കണ്ണിൽനിന്നു കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാൻ സാധിക്കുംവിധം നിന്റെ കാഴ്ച തെളിയും” എന്ന് യേശു പറഞ്ഞത്.—മത്തായി 7:5.
ഒരു മുന്നറിയിപ്പു നൽകിയതിനുശേഷമാണ് യേശു ഈ ദൃഷ്ടാന്തം പറഞ്ഞത്. “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കാതിരിക്കുക; എന്തെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും” എന്ന് അവൻ പറഞ്ഞു. (മത്തായി 7:1, 2) നിങ്ങളുടെ പോരായ്മകൾ—നിങ്ങളുടെ കണ്ണിലെ കഴുക്കോൽ—ദൈവം കണക്കിലെടുക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇണയുടെ പോരായ്മകൾ വിട്ടുകളയാൻ മനസ്സുകാണിക്കുക.—മത്തായി 6:14, 15.
ചിലർ ഈ ഉപദേശം പിൻപറ്റിയിരിക്കുന്ന വിധം: ഇംഗ്ലണ്ടിൽനിന്നുള്ള ജെനിയും സൈമണും വിവാഹിതരായിട്ട് ഒമ്പതു വർഷമായി. ജെനി പറയുന്നു: “ഒന്നും നേരത്തേ പ്ലാൻ ചെയ്യുന്ന രീതി അദ്ദേഹത്തിനില്ല. എല്ലാം അവസാന നിമിഷത്തേക്കു വെക്കും. രസകരമെന്നു പറയട്ടെ, ഞങ്ങൾ ആദ്യം പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഈ രീതി എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോൾ എനിക്ക് അത് സഹിക്കാനാകുന്നില്ല. എന്നാൽ എനിക്കും ചില കുഴപ്പങ്ങളുണ്ടെന്ന് എനിക്കറിയാം. ഉദാഹരണത്തിന്, ഞാൻ എന്തിനും ഏതിനും അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കും. എന്തായാലും, ഈ കൊച്ചുകൊച്ചു കുറവുകൾ കണ്ടില്ലെന്നുവെച്ച് മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് ഞങ്ങളിപ്പോൾ.”
നേരത്തേ പരാമർശിച്ച മിഷെലിന്റെ ഭർത്താവ് കർട്ട് പറയുന്നു: “ഇണയുടെ കുറവുകളിൽ നോക്കിക്കൊണ്ടിരുന്നാൽ അത് കൂടുതൽ അസഹനീയമായിത്തോന്നും. അതുകൊണ്ട് മിഷെലിലേക്ക് എന്നെ ആകർഷിച്ച ആ നല്ല ഗുണങ്ങളിൽ മനസ്സു കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിക്കുന്നു.”
വിജയരഹസ്യം
ഈ അനുഭവങ്ങൾ എന്താണു കാണിക്കുന്നത്? ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാകും എന്നത് ഒരു വസ്തുതയാണെങ്കിലും അവ തരണംചെയ്ത് മുന്നോട്ടുപോകാനാകും എന്നല്ലേ? എന്താണ് അതിന്റെ രഹസ്യം? ദൈവത്തെ സ്നേഹിക്കുക; അവന്റെ വചനമായ ബൈബിളിലെ ഉപദേശം പിൻപറ്റാൻ മനസ്സുകാണിക്കുക.
ദാമ്പത്യത്തിന്റെ വിജയരഹസ്യം മനസ്സിലാക്കിയവരാണ് നൈജീരിയയിൽ താമസിക്കുന്ന അലക്സും ഇറ്റോഹാങ്ങും. അവർ വിവാഹിതരായിട്ട് 20-ലേറെ വർഷമായി. അലക്സ് പറയുന്നു: “ബൈബിൾ തത്ത്വങ്ങൾ അനുസരിക്കുന്നപക്ഷം വിവാഹജീവിതത്തിൽ ഉണ്ടാകുന്ന ഏതു പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ടുപോകാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു.” അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകൾ: “ദിവസവും ഒരുമിച്ചു പ്രാർഥിക്കുന്നതും, പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനുമുള്ള ബൈബിൾ ബുദ്ധിയുപദേശം അനുസരിക്കുന്നതും എത്ര പ്രധാനമാണെന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. ദാമ്പത്യത്തിന്റെ ആദ്യനാളുകളെ അപേക്ഷിച്ച് വളരെക്കുറച്ച് പ്രശ്നങ്ങളേ ഇന്ന് ഞങ്ങൾക്കുള്ളൂ.”
ദൈവവചനത്തിലെ പ്രായോഗിക നിർദേശങ്ങളിൽനിന്ന് നിങ്ങൾക്കും കുടുംബത്തിനും എങ്ങനെ പ്രയോജനം നേടാം എന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 14-ാം അധ്യായം നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളോട് ആവശ്യപ്പെടുക.b
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[4-ാം പേജിലെ ചിത്രം]
ഞങ്ങൾ ഒരുമിച്ച് സമയം ചെലവിടാറുണ്ടോ?
[5-ാം പേജിലെ ചിത്രം]
‘കൊടുക്കുന്നതിൽ സന്തോഷം’ കണ്ടെത്താനാണോ ഞാൻ ശ്രമിക്കുന്നത്?
[6-ാം പേജിലെ ചിത്രം]
പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ മുൻകൈ എടുക്കാറുണ്ടോ?
[7-ാം പേജിലെ ചിത്രം]
തീരുമാനങ്ങൾ എടുക്കുമ്പോൾ ഞാൻ ഭാര്യയുമായി ആലോചിക്കാറുണ്ടോ?
[9-ാം പേജിലെ ചിത്രം]
ഇണയുടെ നല്ല ഗുണങ്ങളിലാണോ ഞാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്?