സ്വാതന്ത്ര്യമേകുന്ന ദൈവത്തെ സേവിക്കുക
“ദൈവത്തോടുള്ള സ്നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.”—1 യോഹ. 5:3.
ഉത്തരം പറയാമോ?
ദൈവനിയമങ്ങൾ ഭാരമാണെന്നു ചിന്തിക്കാൻ സാത്താൻ ഇടയാക്കുന്നത് എങ്ങനെ?
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
സ്വാതന്ത്ര്യമേകുന്ന ദൈവത്തോട് വിശ്വസ്തരായി തുടരാൻ നമ്മെ എന്തു സഹായിക്കും?
1. യഹോവ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നു, ആദാമിനും ഹവ്വായ്ക്കും അവൻ എങ്ങനെയുള്ള സ്വാതന്ത്ര്യം നൽകി?
എല്ലാ വിധത്തിലും സ്വതന്ത്രനായ ഒരേയൊരു വ്യക്തിയേ ഉള്ളൂ; അത് യഹോവയാണ്. എന്നുവരികിലും, അവൻ ആ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്യുന്നില്ല; സ്വാതന്ത്ര്യം തനിക്കു മാത്രമായി പിടിച്ചുവെച്ചുകൊണ്ട് തന്റെ ദാസരുടെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്നുമില്ല. പകരം സ്വന്തമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കാനും തങ്ങളുടെ ഉചിതമായ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനും ഉള്ള സ്വാതന്ത്ര്യം അവൻ അവർക്ക് നൽകിയിരിക്കുന്നു. ആദാമിനും ഹവ്വായ്ക്കും ദൈവം ഒരേയൊരു നിയന്ത്രണമേ ഏർപ്പെടുത്തിയിരുന്നുള്ളൂ. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്” എന്നതായിരുന്നു അത്. (ഉല്പ. 2:17) അതെ, തങ്ങളുടെ സ്രഷ്ടാവിന്റെ ഹിതം നിറവേറ്റുമ്പോൾത്തന്നെ അവർക്ക് വലിയ തോതിൽ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുമായിരുന്നു!
2. ദൈവം നൽകിയ സ്വാതന്ത്ര്യം നമ്മുടെ ആദ്യമാതാപിതാക്കൾക്ക് നഷ്ടമായത് എന്തുകൊണ്ട്?
2 നമ്മുടെ ആദ്യമാതാപിതാക്കൾക്ക് ദൈവം ഇത്രയേറെ സ്വാതന്ത്ര്യം നൽകിയത് എന്തുകൊണ്ടാണ്? തന്റെ സാദൃശ്യത്തിലാണ് ദൈവം അവരെ സൃഷ്ടിച്ചത്, ഒപ്പം ഒരു മനസ്സാക്ഷിയും അവൻ അവർക്ക് നൽകിയിരുന്നു; അതുകൊണ്ട് സ്രഷ്ടാവായ തന്നെ അവർ സ്നേഹിക്കുമെന്നും ആ സ്നേഹം അവരെ ശരിയായ മാർഗത്തിലൂടെ നയിക്കുമെന്നും അവൻ ന്യായമായും പ്രതീക്ഷിച്ചു. (ഉല്പ. 1:27; റോമ. 2:15) സങ്കടകരമെന്നു പറയട്ടെ, അവൻ തങ്ങൾക്കു നൽകിയ സ്വാതന്ത്ര്യത്തെ അവർ വിലമതിച്ചില്ല, ശ്രേഷ്ഠനായ ആ ജീവദാതാവിനോട് നന്ദി കാണിച്ചില്ല. സാത്താന്റെ വാക്കുകേട്ട്, ശരിയും തെറ്റും സ്വയം നിശ്ചയിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ അതിലൂടെ അവർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചില്ല. പകരം അവരുടെ ചെയ്തി അവരെയും അവരുടെ ഭാവിസന്താനങ്ങളെയും പാപത്തിന്റെ അടിമകളാക്കി; അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരുന്നു.—റോമ. 5:12.
3, 4. യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളെ നാം എങ്ങനെ കാണണമെന്നാണ് വഞ്ചകനായ സാത്താൻ ആഗ്രഹിക്കുന്നത്?
3 ദൈവത്തിന്റെ പരമാധികാരം തള്ളിക്കളയാൻ രണ്ട് പൂർണ മനുഷ്യരെയും അനവധി ആത്മജീവികളെയും പ്രേരിപ്പിക്കാൻ സാത്താന് കഴിഞ്ഞെങ്കിൽ നമ്മെ വഴിതെറ്റിക്കാനും അവനാകും. അവന്റെ തന്ത്രങ്ങൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങൾ ഒരു ഭാരമാണെന്നും അവ ജീവിതത്തിന്റെ രസംകെടുത്തുമെന്നും തോന്നിപ്പിച്ചുകൊണ്ട് അവൻ ഇന്ന് നമ്മെയും വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. (1 യോഹ. 5:3) ഇത്തരം ആശയങ്ങൾ കൂടെക്കൂടെ കേൾക്കാൻ ഇടയായാൽ അത് നമ്മെ വഴിതെറ്റിച്ചേക്കും. “ചീത്ത കൂട്ടുകെട്ട് എന്നെ വല്ലാതെ സ്വാധീനിച്ചു; കൂട്ടുകാരിൽനിന്ന് വ്യത്യസ്തയായിരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു,” മുമ്പ് ലൈംഗിക അധാർമികതയിൽ ഏർപ്പെട്ട 24 വയസ്സുള്ള ഒരു സഹോദരിയുടെ വാക്കുകളാണിത്. നിങ്ങൾക്കും ഇതുപോലെ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം അനുഭവപ്പെട്ടിട്ടുണ്ടാകാം.
4 സങ്കടകരമെന്നു പറയട്ടെ, ക്രിസ്തീയ സഭയ്ക്കുള്ളിൽനിന്നുപോലും ചിലപ്പോഴൊക്കെ മോശമായ സ്വാധീനം ഉണ്ടായേക്കാം. ഒരു യുവസാക്ഷി ഇങ്ങനെ പറയുന്നു: “അവിശ്വാസികളായ കാമുകീകാമുകന്മാരോടൊപ്പം കറങ്ങിനടക്കുന്ന ചില യുവപ്രായക്കാർ എനിക്ക് കൂട്ടുകാരായുണ്ടായിരുന്നു. ക്രമേണ ഒരു കാര്യം എനിക്ക് മനസ്സിലായി: അവരോടൊപ്പം സമയം ചെലവഴിക്കുന്തോറും ഞാൻ അവരിൽ ഒരാളെപ്പോലെയാകുകയാണ്. അത് എന്റെ ആത്മീയതയെ ബാധിച്ചുതുടങ്ങി. യോഗങ്ങളിൽനിന്നു ലഭിക്കുന്ന ആത്മീയ ഭക്ഷണം ഞാൻ ആസ്വദിക്കാതായി, വയൽസേവനവും ഏറെക്കുറെ ഇല്ലാതായി. അത്തരം കൂട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയമായി എന്നതിന്റെ സൂചനയായിരുന്നു അത്, ഞാൻ അതുതന്നെ ചെയ്തു!” കൂട്ടുകാർക്ക് നിങ്ങളെ എത്രമാത്രം സ്വാധീനിക്കാനാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഇന്ന് പ്രയോജനം ചെയ്യുന്ന ഒരു ബൈബിൾദൃഷ്ടാന്തം നോക്കാം.—റോമ. 15:4.
അവൻ അവരുടെ ഹൃദയം വശീകരിച്ചു
5, 6. അബ്ശാലോം മറ്റുള്ളവരെ കബളിപ്പിച്ചത് എങ്ങനെ, അവന്റെ പദ്ധതി വിജയിച്ചോ?
5 മറ്റുള്ളവരെ വഴിതെറ്റിച്ച പലരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ദാവീദുരാജാവിന്റെ മകനായ അബ്ശാലോമാണ് അതിൽ ഒരാൾ. അബ്ശാലോം അതിസുന്ദരനായിരുന്നു. എന്നാൽ സാത്താനെപ്പോലെ പതിയെ അവനും അധികാരമോഹം തന്റെ ഹൃദയത്തിൽ വളർന്നുവരാൻ അനുവദിക്കുകയും തനിക്ക് അർഹതയില്ലാത്ത, പിതാവിന്റെ സിംഹാസനം മോഹിച്ചുതുടങ്ങുകയും ചെയ്തു.a രാജസ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, തനിക്ക് ഇസ്രായേൽജനത്തെക്കുറിച്ച് വളരെയധികം ചിന്തയുണ്ടെന്നും എന്നാൽ രാജാവിന് അവരുടെ കാര്യത്തിൽ യാതൊരു താത്പര്യവുമില്ലെന്നും വരുത്തിത്തീർക്കാൻ അബ്ശാലോം ശ്രമിച്ചു. അതെ, ഏദെൻതോട്ടത്തിൽവെച്ച് പിശാച് ചെയ്തതുപോലെ, അബ്ശാലോം ജനങ്ങളുടെ അഭ്യുദയകാംക്ഷിയായി അഭിനയിക്കുകയും സ്വന്തം പിതാവിനെക്കുറിച്ച് നിഷ്ഠുരം നുണ പ്രചരിപ്പിക്കുകയും ചെയ്തു.—2 ശമൂ. 15:1-5.
6 അബ്ശാലോമിന്റെ കുടിലതന്ത്രം ഫലം കണ്ടോ? ഒരു പരിധിവരെ. “അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു” എന്ന് ബൈബിൾ പറയുന്നു. (2 ശമൂ. 15:6) എന്നാൽ ഒടുവിൽ, അബ്ശാലോമിന്റെ അഹങ്കാരം അവന്റെതന്നെ വീഴ്ചയ്ക്ക് കാരണമായി. കൂടാതെ, അത് അവന്റെയും അവന്റെ വശീകരണത്തിനു വശംവദരായ ആയിരക്കണക്കിന് ആളുകളുടെയും മരണത്തിൽ കലാശിച്ചു.—2 ശമൂ. 18:7, 14-17.
7. അബ്ശാലോമിനെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? (14-ാം പേജിലെ ചിത്രം കാണുക.)
7 ഇസ്രായേല്യർ അത്ര എളുപ്പം വഞ്ചിതരായത് എന്തുകൊണ്ടാണ്? ഒരുപക്ഷേ അബ്ശാലോമിന്റെ മോഹനവാഗ്ദാനങ്ങളിൽ അവർ മയങ്ങിപ്പോയിരിക്കാം. അല്ലെങ്കിൽ അബ്ശാലോമിന്റെ സൗന്ദര്യമായിരിക്കാം അവരെ ആകർഷിച്ചത്. കാരണം എന്തുതന്നെയായാലും ഒരു കാര്യം ഉറപ്പാണ്: അവർ യഹോവയോടും അവൻ തിരഞ്ഞെടുത്ത രാജാവിനോടും വിശ്വസ്തരായിരുന്നില്ല. ഇന്നും ദൈവദാസരുടെ ഹൃദയത്തെ വശീകരിക്കാൻ സാത്താൻ ‘അബ്ശാലോമുമാരെ’ ഉപയോഗിക്കുന്നുണ്ട്. ‘നമ്മെ വരിഞ്ഞുമുറുക്കുന്നവയാണ് യഹോവയുടെ നിലവാരങ്ങൾ’ എന്നും ‘യഹോവയെ സേവിക്കാത്ത ആളുകളെ നോക്കൂ, അവരുടെ ജീവിതം എന്ത് രസമാണ്!’ എന്നും അവർ പറഞ്ഞേക്കാം. ഇവയെല്ലാം വെറും നുണയാണെന്ന് തിരിച്ചറിഞ്ഞ് ദൈവത്തോടുള്ള വിശ്വസ്തത നിങ്ങൾ മുറുകെപ്പിടിക്കുമോ? യഹോവയുടെ ‘തികവുറ്റ പ്രമാണത്തിന്’ അഥവാ ക്രിസ്തുവിന്റെ പ്രമാണത്തിന് മാത്രമേ യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കാനാകൂ എന്ന വസ്തുത നിങ്ങൾ ഓർക്കുമോ? (യാക്കോ. 1:25) അങ്ങനെയെങ്കിൽ ആ പ്രമാണത്തെ പ്രിയപ്പെടുക, ക്രിസ്തീയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ള എല്ലാ പ്രലോഭനങ്ങളെയും ചെറുക്കുക.—1 പത്രോസ് 2:16 വായിക്കുക.
8. യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ അവഗണിക്കുന്നത് സന്തോഷം നൽകില്ലെന്ന് ചില ജീവിതാനുഭവങ്ങൾ തെളിയിക്കുന്നത് എങ്ങനെ?
8 സാത്താൻ യുവജനങ്ങളെ പ്രത്യേകം ലക്ഷ്യം വെക്കുന്നു. ഇപ്പോൾ 30-ലേറെ വയസ്സുള്ള ഒരു സഹോദരൻ തന്റെ കൗമാരകാലത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക: “യഹോവയുടെ ധാർമികനിലവാരങ്ങൾ വിലങ്ങുകളായിട്ടാണ് എനിക്ക് തോന്നിയത്, സംരക്ഷണമായിട്ടല്ല.” ഈ ചിന്ത ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. പക്ഷേ ഇത് സന്തോഷം നൽകിയില്ല. അദ്ദേഹം തുടരുന്നു: “കടുത്ത കുറ്റബോധവും ഹൃദയവേദനയും വർഷങ്ങളോളം എന്നെ പിന്തുടർന്നു.” തന്റെ കൗമാരകാലത്തെക്കുറിച്ച് ഒരു സഹോദരി എഴുതി: “അധാർമികതയിൽ ഏർപ്പെട്ടതിനു ശേഷം വിഷാദവും തന്നോടുതന്നെ ഒരുതരം പുച്ഛവും ആണ് തോന്നുക. ഇപ്പോൾ 19 വർഷം പിന്നിട്ടിട്ടും ആ ഓർമകൾ എന്നെ അലട്ടാറുണ്ട്.” ഒരു സഹോദരി പറയുന്നു: “എന്റെ പ്രവൃത്തി എന്റെ പ്രിയപ്പെട്ടവരെ അതിയായി വേദനിപ്പിക്കുന്നുവെന്ന ചിന്ത മാനസികമായും ആത്മീയമായും വൈകാരികമായും എന്നെ തകർത്തുകളഞ്ഞു. യഹോവയുടെ പ്രീതിയില്ലാത്ത ജീവിതം ദുഷ്കരമാണ്.” പാപത്തിന്റെ ഇത്തരം പരിണതഫലങ്ങളെക്കുറിച്ചു നാം ചിന്തിക്കരുതെന്നാണ് സാത്താന്റെ ആഗ്രഹം.
9. (എ) യഹോവയെയും അവൻ നൽകിയിരിക്കുന്ന നിയമങ്ങളെയും തത്ത്വങ്ങളെയും നാം എങ്ങനെ വീക്ഷിക്കുന്നെന്നു മനസ്സിലാക്കാൻ ഏതു ചോദ്യങ്ങൾ സഹായിക്കും? (ബി) യഹോവയെ അടുത്തറിയേണ്ടത് എന്തുകൊണ്ട്?
9 പാപപൂർണമായ സുഖങ്ങളുടെ ഭവിഷ്യത്തുകൾ ഗുരുതരമാണെന്ന് ക്രിസ്ത്യാനികളായ അനേകം യുവജനങ്ങൾക്കും മുതിർന്നവർക്കുപോലും അനുഭവത്തിലൂടെ മനസ്സിലാക്കേണ്ടിവന്നിരിക്കുന്നു. അത് എത്ര സങ്കടകരമാണ്! (ഗലാ. 6:7, 8) അതുകൊണ്ട് സ്വയം ചോദിക്കുക: ‘എന്നെ വഴിതെറ്റിക്കാനായി സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഞാൻ തിരിച്ചറിയുന്നുണ്ടോ? സത്യം മാത്രം പറയുകയും എനിക്ക് ഏറ്റവും നല്ലത് വന്നുകാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എന്റെ ഉറ്റ സുഹൃത്തായി ഞാൻ യഹോവയെ കാണുന്നുണ്ടോ? എനിക്ക് യഥാർഥ സന്തോഷം നൽകുന്നതും വാസ്തവത്തിൽ പ്രയോജനം ചെയ്യുന്നതും ആയ ഒന്നും ഒരിക്കലും അവൻ പിടിച്ചുവെക്കില്ലെന്ന് എനിക്ക് പൂർണബോധ്യമുണ്ടോ?’ (യെശയ്യാവു 48:17, 18 വായിക്കുക.) “ഉണ്ട്” എന്ന് ഉള്ളിൽത്തട്ടി പറയാൻ കഴിയണമെങ്കിൽ നിങ്ങൾക്ക് യഹോവയെക്കുറിച്ച് നാമമാത്രമായ അറിവുണ്ടായാൽ പോരാ. ഒരു ഉറ്റ സുഹൃത്ത് എന്നപോലെ അവനെ അടുത്തറിയണം; ബൈബിളിലെ നിയമങ്ങളും തത്ത്വങ്ങളും നിങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ളതല്ലെന്നും അത് ദൈവത്തിന് നിങ്ങളോടുള്ള സ്നേഹത്തിന്റെ തെളിവാണെന്നും മനസ്സിലാക്കണം.—സങ്കീ. 25:14.
ജ്ഞാനവും അനുസരണവും ഉള്ള ഹൃദയത്തിനായി പ്രാർഥിക്കുക
10. യുവാവായ ശലോമോൻരാജാവിനെ അനുകരിക്കാൻ നാം പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്?
10 യുവാവായിരുന്ന ശലോമോൻ താഴ്മയോടെ ഇങ്ങനെ പ്രാർഥിച്ചു: “ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.” തുടർന്ന് ‘ജ്ഞാനവും വിവേകവും (“അനുസരണവും,” NW)’ ഉള്ള ഒരു ഹൃദയത്തിനായി അവൻ അപേക്ഷിച്ചു. (1 രാജാ. 3:7-9, 12) അവന്റെ ആത്മാർഥമായ യാചനയ്ക്ക് ദൈവം ഉത്തരമരുളി. നിങ്ങൾ ഒരു യുവവ്യക്തിയോ മുതിർന്നയാളോ ആയിക്കൊള്ളട്ടെ, നിങ്ങൾക്കുവേണ്ടിയും അവൻ അതുതന്നെ ചെയ്യും. ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട് യഹോവ നിങ്ങൾക്ക് ഉൾക്കാഴ്ചയും ജ്ഞാനവും നൽകില്ലെന്നത് ശരിതന്നെ. എന്നാൽ, നിങ്ങൾ ഗൗരവത്തോടെ ദൈവവചനം പഠിക്കുകയും പരിശുദ്ധാത്മാവിനായി പ്രാർഥിക്കുകയും ക്രിസ്തീയ സഭയിലൂടെ ലഭിക്കുന്ന ആത്മീയ കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ അവൻ നിങ്ങളെ ജ്ഞാനിയാക്കും. (യാക്കോ. 1:5) അങ്ങനെ യഹോവ, യുവപ്രായത്തിലുള്ള തന്റെ ദാസരെപ്പോലും തന്നെ അനുസരിക്കാത്തവരെക്കാൾ, എന്തിന്, ഈ ലോകത്തിലെ ‘ജ്ഞാനികളും ബുദ്ധിശാലികളും’ ആയവരെക്കാൾ ജ്ഞാനികളാക്കുന്നു.—ലൂക്കോ. 10:21; സങ്കീർത്തനം 119:98-100 വായിക്കുക.
11-13. (എ) സങ്കീർത്തനം 26:4, സദൃശവാക്യങ്ങൾ 13:20, 1 കൊരിന്ത്യർ 15:33 എന്നിവയിൽനിന്ന് നമുക്ക് മൂല്യവത്തായ ഏതു പാഠങ്ങൾ പഠിക്കാം? (ബി) ഈ തിരുവെഴുത്തുതത്ത്വങ്ങൾ നിങ്ങൾ ജീവിതത്തിൽ എങ്ങനെ ബാധകമാക്കും?
11 യഹോവയെ അടുത്തറിയാൻ, ബൈബിൾപഠനവും വായിച്ച കാര്യങ്ങളെക്കുറിച്ചുള്ള ധ്യാനവും ഒഴിച്ചുകൂടാനാകാത്തതാണെന്നു കാണിക്കുന്ന ചില തിരുവെഴുത്തുകൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം. പിൻവരുന്ന ഓരോ തിരുവെഴുത്തിലും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സുപ്രധാനതത്ത്വം അടങ്ങിയിട്ടുണ്ട്: “വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.” (സങ്കീ. 26:4) “വിവേകികളോടു സംസർഗ്ഗം ചെയ്യുന്നവൻ വിവേകിയായിത്തീരുന്നു; ഭോഷരുമായി കൂട്ടുകൂടുന്നവന് ഉപദ്രവം നേരിടും.” [സുഭാ. (സദൃ.) 13:20, പി.ഒ.സി. ബൈബിൾ] “ദുഷിച്ച സംസർഗം സദ്ശീലങ്ങളെ കെടുത്തിക്കളയുന്നു.”—1 കൊരി. 15:33.
12 ഈ വാക്യങ്ങളിൽനിന്ന് മൂല്യവത്തായ എന്തൊക്കെ പാഠങ്ങളാണ് നമുക്ക് പഠിക്കാനുള്ളത്? (1) നാം സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണമെന്നാണ് യഹോവയുടെ ആഗ്രഹം. നാം ധാർമികമായും ആത്മീയമായും സുരക്ഷിതരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (2) നമ്മുടെ സുഹൃത്തുക്കൾക്ക് നമ്മെ നല്ല രീതിയിലോ മോശമായ രീതിയിലോ സ്വാധീനിക്കാനാകും; അനിഷേധ്യമായ ഒരു വസ്തുതയാണത്. മേൽപ്പറഞ്ഞ തിരുവെഴുത്തുകൾ രേഖപ്പെടുത്തിയിരിക്കുന്ന രീതി ശ്രദ്ധിക്കുക. യഹോവ ഇവിടെ നമ്മുടെ ഹൃദയവുമായി സംവദിക്കുകയാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ആ വാക്യങ്ങളിൽ ഒന്നുപോലും “നിങ്ങൾ അത് ചെയ്യരുത്,” “ഇത് ചെയ്യരുത്” എന്ന് പറഞ്ഞുകൊണ്ട് ഒരു കൽപ്പനയുടെ രൂപത്തിലുള്ളതല്ല എന്ന കാര്യം ശ്രദ്ധിക്കുക. പകരം അവ ലളിതമായ സത്യങ്ങളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുതരത്തിൽ അത് യഹോവ നമ്മോട് ഇങ്ങനെ പറയുന്നതുപോലെയാണ്: ‘വസ്തുതകൾ ഇതാണ്; നിങ്ങൾ അത് ചെവിക്കൊള്ളുമോ? ശരിക്കും നിങ്ങളുടെ ഹൃദയത്തിൽ എന്താണ്?’
13 ഈ മൂന്നുവാക്യങ്ങളും അവതരിപ്പിക്കുന്നത് അടിസ്ഥാനസത്യങ്ങൾ ആയതിനാൽ അവയുടെ പ്രസക്തി ഒരുകാലത്തും മങ്ങിപ്പോകുന്നില്ലെന്നു മാത്രമല്ല വിവിധ സാഹചര്യങ്ങളിലുള്ളവർക്ക് ബാധകമാക്കാൻ കഴിയുന്നതുമാണ്. ഉദാഹരണത്തിന്, സ്വയം ഇങ്ങനെ ചോദിക്കുക: “കപടക്കാരു”മായുള്ള, അഥവാ തങ്ങളുടെ യഥാർഥമുഖം മറച്ചുവെക്കുന്നവരുമായുള്ള സഹവാസം എനിക്ക് എങ്ങനെ ഒഴിവാക്കാം? ഏതൊക്കെ സാഹചര്യത്തിൽ ഞാൻ അത്തരക്കാരുമായി സമ്പർക്കത്തിൽ വന്നേക്കാം? (സദൃ. 3:32; 6:12) ഞാൻ സുഹൃത്തുക്കളാക്കാൻ യഹോവ ആഗ്രഹിക്കുന്ന ‘വിവേകികൾ’ ആരാണ്? ഞാൻ ഒഴിവാക്കാൻ അവൻ പ്രതീക്ഷിക്കുന്ന ‘ഭോഷന്മാർ’ ആരാണ്? (സങ്കീ. 111:10; 112:1; സദൃ. 1:7) മോശം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് എന്റെ ഏതൊക്കെ “സദ്ശീലങ്ങളെ” ദുഷിപ്പിക്കും? ലോകക്കാരുമായുള്ള സൗഹൃദം മാത്രമാണോ ദുഷിച്ച സംസർഗത്തിൽപ്പെടുന്നത്? (2 പത്രോ. 2:1-3) എന്താണ് നിങ്ങളുടെ ഉത്തരം?
14. കുടുംബാരാധനയ്ക്കുള്ള സായാഹ്നം നിങ്ങൾക്ക് എങ്ങനെ സമ്പുഷ്ടമാക്കാം?
14 നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാട് വെളിപ്പെടുത്തുന്ന മറ്റു ബൈബിൾഭാഗങ്ങളുമുണ്ട്; അവയും ഇതേ രീതിയിൽ പരിചിന്തിക്കാനാകുമോ?b മാതാപിതാക്കളേ, കുടുംബാരാധനയ്ക്കുള്ള സായാഹ്നത്തിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ നിങ്ങൾക്കു കഴിയുമോ? ദൈവം നൽകിയിരിക്കുന്ന നിയമങ്ങളിലും തത്ത്വങ്ങളിലും പ്രതിഫലിച്ചുകാണുന്ന നമ്മോടുള്ള അവന്റെ സ്നേഹത്തിന്റെ ആഴം കൂടുതൽ നന്നായി മനസ്സിലാക്കാൻ ഓരോ കുടുംബാംഗത്തെയും സഹായിക്കുക എന്നതായിരിക്കണം അതിന്റെ ലക്ഷ്യം. (സങ്കീ. 119:72) യഹോവയോട് അടുത്തുചെല്ലാൻ അത്തരം പഠനം കുടുംബത്തിലെ ഓരോ അംഗത്തെയും സഹായിക്കും, ഒപ്പം കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാകും.
15. നിങ്ങൾ ജ്ഞാനവും അനുസരണവും ഉള്ള ഒരു ഹൃദയം വളർത്തിയെടുക്കുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
15 നിങ്ങൾ ജ്ഞാനവും അനുസരണവും ഉള്ള ഒരു ഹൃദയം വളർത്തിയെടുക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം? നിങ്ങളുടെ ചിന്തകളെ പുരാതനകാലത്തെ വിശ്വസ്തരായ ദൈവദാസരുടെ ചിന്തകളുമായി താരതമ്യപ്പെടുത്തി നോക്കുന്നതാണ് ഒരു മാർഗം. ഉദാഹരണത്തിന്, ദാവീദുരാജാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീ. 40:8) സമാനമായി 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ, “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്നു പറഞ്ഞു. (സങ്കീ. 119:97) അത്തരം പ്രിയം ആഴമില്ലാത്ത മണ്ണിൽ വളരുകയില്ല. പകരം അതിന് ആഴമായ പഠനവും പ്രാർഥനയും ധ്യാനവും വേണം. കൂടാതെ ജീവിതാനുഭവങ്ങൾ, അതായത് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളോടു പറ്റിനിൽക്കുമ്പോൾ ലഭിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയുന്നത്, അത്തരം പ്രിയം വളർത്താൻ സഹായിക്കും.—സങ്കീ. 34:8.
നിങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തിനായി പോരാടുക!
16. യഥാർഥ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ വിജയിക്കുന്നതിന് നാം ഏതു കാര്യം ഓർക്കണം?
16 ചരിത്രത്തിലുടനീളം സ്വാതന്ത്ര്യത്തിനുവേണ്ടി ഉഗ്രമായ രാഷ്ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ, നിങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തിനായി ആത്മീയ പോരാട്ടം നടത്താൻ നിങ്ങൾ എത്രയധികം മനസ്സൊരുക്കം കാട്ടണം! സാത്താനും ഈ ലോകവും അതിന്റെ വിഷലിപ്തമായ ആത്മാവും മാത്രമല്ല നിങ്ങളുടെ ശത്രുക്കൾ എന്ന കാര്യം ഓർക്കുക. നിങ്ങളുടെ കപടഹൃദയവുമായും മറ്റ് എല്ലാ അപൂർണതകളുമായും നിങ്ങൾക്ക് പോരാട്ടമുണ്ട്. (യിരെ. 17:9; എഫെ. 2:3) എങ്കിലും യഹോവയുടെ സഹായത്താൽ നിങ്ങൾക്ക് വിജയിക്കാനാകും. ഓരോ വിജയവും—അത് ചെറുതോ വലുതോ ആയാലും—കുറഞ്ഞത് രണ്ടുവിധങ്ങളിലെങ്കിലും പ്രയോജനം ചെയ്യും. യഹോവയുടെ ഹൃദയത്തെ നിങ്ങൾ സന്തോഷിപ്പിക്കും എന്നതാണ് ആദ്യത്തേത്. (സദൃ. 27:11) രണ്ടാമതായി, ‘സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണം’ അനുസരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കാണെന്ന് ഓരോ തവണയും മനസ്സിലാക്കുമ്പോൾ നിത്യജീവനിലേക്കുള്ള ‘ഇടുങ്ങിയ പാതയിൽ’ തുടരാനുള്ള നിങ്ങളുടെ തീരുമാനം ഒന്നിനൊന്ന് ദൃഢമാകും. ഭാവിയിൽ, യഹോവ തന്റെ വിശ്വസ്തർക്കായി കരുതിവെച്ചിരിക്കുന്ന ആ വലിയ സ്വാതന്ത്ര്യവും നിങ്ങൾ ആസ്വദിക്കും!—യാക്കോ. 1:25; മത്താ. 7:13, 14.
17. തെറ്റുപറ്റുമ്പോൾ നാം നിരാശയിലാണ്ടുപോകരുതാത്തത് എന്തുകൊണ്ട്, യഹോവ എന്ത് സഹായം നൽകുന്നു?
17 ചിലപ്പോഴൊക്കെ നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ട്. (സഭാ. 7:20) അങ്ങനെ സംഭവിക്കുമ്പോൾ തീർത്തും നിരാശിതരാവുകയോ സ്വയം വിലകെട്ടവരായി കാണുകയോ ചെയ്യരുത്. ഇടറിവീഴുന്നെങ്കിൽ, എഴുന്നേറ്റ് യാത്ര തുടരുക; അതിനു ചിലപ്പോൾ സഭയിലെ മൂപ്പന്മാരുടെ സഹായം തേടേണ്ടിവന്നേക്കാം. അവരുടെ “വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിക്കു സൗഖ്യം നൽകും. യഹോവ അവനെ എഴുന്നേൽപ്പിക്കും. അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അത് അവനോടു ക്ഷമിക്കും” എന്ന് യാക്കോബ് എഴുതി. (യാക്കോ. 5:15) യഹോവ കാരുണ്യവാനാണെന്നും നിങ്ങളിലെ നന്മ കണ്ടിട്ട് സഭയിലേക്ക് നിങ്ങളെ അവൻ ആകർഷിച്ചതാണെന്നും ഒരിക്കലും മറക്കരുത്. (സങ്കീർത്തനം 103:8, 9 വായിക്കുക.) അതുകൊണ്ട് നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നിടത്തോളം അവൻ നിങ്ങളെ സഹായിക്കും.—1 ദിന. 28:9.
18. പ്രാർഥനയിൽ യേശു യാചിച്ച സംരക്ഷണം ലഭിക്കാൻ നാം എന്തു ചെയ്യണം?
18 തന്റെ അവസാനരാത്രിയിൽ 11 വിശ്വസ്ത അപ്പൊസ്തലന്മാരോടൊപ്പം ആയിരുന്നപ്പോൾ അവർക്കുവേണ്ടി യേശു നടത്തിയ പ്രാർഥന ശ്രദ്ധേയമാണ്: “ദുഷ്ടനായവൻനിമിത്തം അവരെ കാത്തുകൊള്ളേണം.” (യോഹ. 17:15) അപ്പൊസ്തലന്മാരെക്കുറിച്ച് ഉണ്ടായിരുന്നതുപോലെ തന്റെ എല്ലാ അനുഗാമികളെക്കുറിച്ചും യേശുവിന് ചിന്തയുണ്ട്. അതിനാൽ, ദുഷ്കരമായ ഈ സമയങ്ങളിൽ യഹോവ നമ്മെ കാത്തുപരിപാലിച്ചുകൊണ്ട് യേശുവിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. “നിഷ്കളങ്കമായി നടക്കുന്നവർക്കു അവൻ (യഹോവ) ഒരു പരിച തന്നേ. അവൻ . . . തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.” (സദൃ. 2:7, 8) നിഷ്കളങ്കതയുടെ പാതയിൽ നടക്കുന്നതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. പക്ഷേ, നിത്യജീവനിലേക്കും യഥാർഥ സ്വാതന്ത്ര്യത്തിലേക്കും ഉള്ള ഒരേയൊരു വഴി അതു മാത്രമാണ്. (റോമ. 8:20) ഒരു പ്രലോഭനവും നിങ്ങളെ അതിൽനിന്ന് അകറ്റിക്കളയാതിരിക്കട്ടെ!
[അടിക്കുറിപ്പുകൾ]
a അബ്ശാലോം ജനിച്ചതിനു ശേഷമാണ് അവകാശിയായി ജനിക്കാനിരിക്കുന്ന “സന്തതി”യെക്കുറിച്ചുള്ള വാഗ്ദാനം ദൈവം ദാവീദിന് നൽകിയത്. അതുകൊണ്ട്, തന്നെ യഹോവ ദാവീദിന്റെ അനന്തരാവകാശിയായി തിരഞ്ഞെടുത്തിട്ടില്ലെന്ന് അബ്ശാലോമിന് അറിയാമായിരുന്നിരിക്കണം.—2 ശമൂ. 3:3; 7:12.
b പൗലോസ് സ്നേഹത്തെ വർണിക്കുന്ന 1 കൊരിന്ത്യർ 13:4-8-ഉം യഹോവയുടെ നിയമം അനുസരിക്കുമ്പോൾ ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെക്കുറിച്ചു പറയുന്ന സങ്കീർത്തനം 19:7-11-ഉം ചില ഉദാഹരണങ്ങളാണ്.
[14-ാം പേജിലെ ചിത്രങ്ങൾ]
ആധുനികകാല അബ്ശാലോമുമാരെ തിരിച്ചറിയാനും അവരുടെ വശീകരണത്തിൽപ്പെടാതിരിക്കാനും എങ്ങനെ സാധിക്കും?