മോശ—സ്നേഹമുണ്ടായിരുന്ന മനുഷ്യൻ
എന്താണ് സ്നേഹം?
സ്നേഹത്തിൽ മറ്റുള്ളവരോടുള്ള ആഴമായ താത്പര്യം ഉൾപ്പെടുന്നു. സ്നേഹമുള്ള ഒരു വ്യക്തി പ്രിയപ്പെട്ടവരോടു തോന്നുന്ന വികാരം വാക്കുകളാലും പ്രവൃത്തികളാലും കാണിക്കും; അങ്ങനെ ചെയ്യുന്നതിന് വ്യക്തിപരമായ ത്യാഗം ആവശ്യമായിവന്നാൽപ്പോലും.
എങ്ങനെയാണ് മോശ സ്നേഹം പ്രകടമാക്കിയത്?
മോശ യഹോവയെ സ്നേഹിച്ചു. ഏതു വിധത്തിൽ? 1 യോഹന്നാൻ 5:3-ലെ വാക്കുകൾ ശ്രദ്ധിക്കുക: “ദൈവത്തോടുള്ള സ്നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.” ഈ തത്ത്വത്തിനു ചേർച്ചയിലാണ് മോശ ജീവിതം നയിച്ചത്. ദൈവം ചെയ്യാൻ ആവശ്യപ്പെട്ടതെല്ലാം—ശക്തനായ ഫറവോന്റെ മുമ്പാകെ ചെല്ലുക എന്ന അങ്ങേയറ്റം ധൈര്യം ആവശ്യമായ നിയമനം മുതൽ ചെങ്കടൽ വിഭജിക്കാൻവേണ്ടി തന്റെ വടി നീട്ടുക എന്ന താരതമ്യേന നിസ്സാരമെന്നു തോന്നുന്ന കാര്യം വരെ—മോശ അനുസരിച്ചു. ദൈവം നൽകിയ ചെറുതും വലുതും ആയ ഏതൊരു നിയമനവും നിർവഹിക്കാൻ മോശ എപ്പോഴും ഒരുക്കമായിരുന്നു. “മോശെ അങ്ങനെ ചെയ്തു” എന്ന് വിവരണം പറയുന്നു. “യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു.”—പുറപ്പാടു 40:16.
മോശ സഹയിസ്രായേല്യരെയും സ്നേഹിച്ചു. ഉദാഹരണത്തിന്, തങ്ങളെ നയിക്കാൻ യഹോവ ഉപയോഗിക്കുന്നത് മോശയെയാണെന്നു തിരിച്ചറിഞ്ഞ ജനം പല പ്രശ്നങ്ങളുമായി അവനെ സമീപിച്ചു. “ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റുംനിന്നു” എന്നു നാം വായിക്കുന്നു. (പുറപ്പാടു 18:13-16) ഇസ്രായേല്യർ തങ്ങളുടെ പ്രശ്നങ്ങളുടെ കെട്ടഴിച്ചപ്പോൾ മണിക്കൂറുകളോളം അതു കേൾക്കേണ്ടിവന്ന മോശ എത്രയധികം തളർന്നുകാണുമെന്നു ചിന്തിച്ചുനോക്കൂ! എന്നിട്ടും താൻ സ്നേഹിക്കുന്ന ജനത്തെ സഹായിക്കാൻ അവനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
താൻ സ്നേഹിച്ചവരുടെ ആവലാതികൾ കേൾക്കുക മാത്രമല്ല, മോശ അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. തന്നോടു തെറ്റുചെയ്തവർക്കുവേണ്ടിപ്പോലും മോശ പ്രാർഥിച്ചു! ഉദാഹരണത്തിന്, മോശയുടെ സഹോദരിയായ മിരിയാം അവന് എതിരെ പിറുപിറുത്തപ്പോൾ ദൈവം അവളെ ശിക്ഷിച്ചു. അവൾക്കു കുഷ്ഠരോഗം ബാധിച്ചു. അവൾക്കു ലഭിച്ച ശിക്ഷയിൽ സന്തോഷിക്കുന്നതിനു പകരം മോശ ഉടനെ അവൾക്കുവേണ്ടി, “ദൈവമേ, അവളെ സൗഖ്യമാക്കേണമേ എന്നു നിലവിളിച്ചു.” (സംഖ്യാപുസ്തകം 12:13) സ്നേഹമല്ലാതെ മറ്റെന്താണ് ഇപ്രകാരം ചെയ്യാൻ മോശയെ പ്രേരിപ്പിച്ചത്!
നമുക്കുള്ള പാഠം:
ദൈവത്തോട് ആഴമായ സ്നേഹം നട്ടുവളർത്തിക്കൊണ്ട് നമുക്കും മോശയെ അനുകരിക്കാം. അത്തരം സ്നേഹം അവന്റെ കല്പനകൾ “ഹൃദയപൂർവം” അനുസരിക്കാൻ നമ്മെ പ്രചോദിപ്പിക്കും. (റോമർ 6:17) അങ്ങനെ ചെയ്യുമ്പോൾ ദൈവത്തിന്റെ ഹൃദയം സന്തോഷിക്കും. (സദൃശവാക്യങ്ങൾ 27:11) നമുക്കും അത് പ്രയോജനം ചെയ്യും. യഥാർഥസ്നേഹത്താൽ പ്രേരിതരായി യഹോവയെ സേവിക്കുമ്പോൾ നാം ശരിയായത് ചെയ്യുമെന്നു മാത്രമല്ല, നമുക്ക് അത് ആസ്വദിച്ച് ചെയ്യാനും കഴിയും! —സങ്കീർത്തനം 100:2.
മറ്റുള്ളവരോട് ആത്മത്യാഗസ്നേഹം നട്ടുവളർത്തുന്നതാണ് മോശയെ അനുകരിക്കാനുള്ള മറ്റൊരു മാർഗം. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അവരുടെ പ്രശ്നങ്ങളുമായി നമ്മെ സമീപിക്കുമ്പോൾ പിൻവരുന്ന കാര്യങ്ങൾ ചെയ്യാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കണം: (1) അവർ പറയുന്നത് ആത്മാർഥതയോടെ ശ്രദ്ധിക്കുക, (2) സമാനുഭാവം പ്രകടമാക്കുക. അതായത്, അവരുടെ സ്ഥാനത്തുനിന്നു ചിന്തിച്ച് അതേ വികാരം ഉൾക്കൊള്ളുക, (3) അവരെക്കുറിച്ചു കരുതലുള്ളവരാണെന്നു തെളിയിക്കുക.
മോശയെപ്പോലെ നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർഥിക്കാനാകും. ചില സാഹചര്യങ്ങളിൽ അവർ തങ്ങളുടെ പ്രശ്നങ്ങൾ വിവരിക്കുമ്പോൾ നാം നിസ്സഹായരാണെന്ന് തോന്നിയേക്കാം. അപ്പോൾ ദുഃഖത്തോടെ നാം പറഞ്ഞേക്കാം: “എനിക്ക് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ മാത്രമേ കഴിയൂ.” പക്ഷേ ഓർമിക്കുക: “നീതിമാന്റെ പ്രാർഥന ഫലിക്കുന്നു എന്നതിനാൽ അതിനു വലിയ ശക്തിയുണ്ട്.” (യാക്കോബ് 5:16) ഒരുപക്ഷേ നമ്മുടെ പ്രാർഥനയാകാം ആ വ്യക്തിക്കുവേണ്ടി കൂടുതലായി എന്തെങ്കിലും—അല്ലാത്തപക്ഷം യഹോവ ചെയ്യാൻ സാധ്യതയില്ലാത്ത എന്തെങ്കിലും—ചെയ്യാൻ യഹോവയെ പ്രേരിപ്പിക്കുന്നത്. വാസ്തവത്തിൽ നമ്മുടെ ഉറ്റവർക്കുവേണ്ടി പ്രാർഥിക്കുന്നതിനെക്കാൾ മെച്ചമായി മറ്റൊന്നും നമുക്കു ചെയ്യാനാവില്ല.a
മോശയിൽനിന്നു ധാരാളം കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ഒരു സാധാരണമനുഷ്യനായിരുന്നെങ്കിലും വിശ്വാസത്തിന്റെയും താഴ്മയുടെയും സ്നേഹത്തിന്റെയും ഒരു അസാധാരണമാതൃകയാണ് അവൻ കാഴ്ചവെച്ചത്. മോശയുടെ മാതൃക എത്രയധികം നാം അനുകരിക്കുന്നുവോ അത്രയധികം അതു നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യും.—റോമർ 15:4. ▪ (w13-E 02/01)
a ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ അത് അവന്റെ വ്യവസ്ഥകൾക്കു ചേർച്ചയിലായിരിക്കണം. കൂടുതൽ വിവരങ്ങൾക്കു യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്തകത്തിന്റെ 17-ാം അധ്യായം കാണുക.