ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
പിശാച് എവിടെനിന്നു വന്നു?
പിശാചിനെ സൃഷ്ടിച്ചതു ദൈവമല്ല. പകരം ദൈവം സൃഷ്ടിച്ച ഒരു ദൂതൻ പിന്നീടു പിശാചായ സാത്താൻ ആയിത്തീരുകയായിരുന്നു. ഈ ദൂതൻ ഒരുകാലത്തു സത്യസന്ധനും കുറ്റമറ്റവനും ആയിരുന്നെന്ന് യേശു സൂചിപ്പിച്ചു. അതുകൊണ്ട്, പിശാചായിത്തീർന്ന ആ ദൂതൻ മുമ്പ് ദൈവത്തിന്റെ നീതിയുള്ള ഒരു ആത്മപുത്രനായിരുന്നു.—യോഹന്നാൻ 8:44 വായിക്കുക.
ഒരു ദൂതന് എങ്ങനെ പിശാചായിത്തീരാൻ കഴിയും?
പിശാചായിത്തീർന്ന ആ ദൂതൻ ദൈവത്തെ എതിർക്കാൻ തീരുമാനിക്കുകയും ആദ്യമനുഷ്യജോഡിയെ അവനോടൊപ്പം ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ അവൻ അവനെത്തന്നെ “എതിരാളി” എന്ന് അർഥമുള്ള സാത്താൻ ആക്കിത്തീർത്തു.—ഉല്പത്തി 3:1-5; വെളിപാട് 12:9 വായിക്കുക.
ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള മറ്റു സൃഷ്ടികളെപ്പോലെ, പിശാചായിത്തീർന്ന ഈ ദൂതനും ശരി ചെയ്യണമോ തെറ്റു ചെയ്യണമോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, അവൻ തനിക്ക് ആരാധന ലഭിക്കണമെന്ന് ആഗ്രഹിച്ചു. ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹത്തെക്കാൾ ശക്തമായിരുന്നു തനിക്കുതന്നെ മഹത്വം ലഭിക്കണമെന്ന അവന്റെ ആഗ്രഹം.—മത്തായി 4:8, 9; യാക്കോബ് 1:13, 14 വായിക്കുക.
സാത്താൻ മനുഷ്യരെ എങ്ങനെയാണ് ഇപ്പോഴും സ്വാധീനിക്കുന്നത്? നിങ്ങൾ അവനെ ഭയപ്പെടണമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിൾ നൽകുന്നു. (w13-E 02/01)