യഹോവയുടെ വിശ്വസ്തതയും ക്ഷമിക്കാനുള്ള മനസ്സും വിലമതിക്കുക
“കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.”—സങ്കീ. 86:5.
1, 2. (എ) വിശ്വസ്തരും ക്ഷമിക്കുന്നവരും ആയ സുഹൃത്തുക്കളെ നാം വിലമതിക്കുന്നത് എന്തുകൊണ്ട്? (ബി) ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?
ആരാണ് ഒരു യഥാർഥസുഹൃത്ത് എന്നു ചോദിച്ചാൽ നിങ്ങൾ എന്തു പറയും? “ഏതു സാഹചര്യത്തിലും കൂടെ നിൽക്കുന്ന, നമ്മുടെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചുതരുന്ന ഒരാളാണ് എന്നെ സംബന്ധിച്ചിടത്തോളം ഒരു യഥാർഥസുഹൃത്ത്,” ആഷ്ലി എന്ന സഹോദരി പറയുന്നു. വിശ്വസ്തരും ക്ഷമിക്കുന്നവരും ആയ സുഹൃത്തുക്കളെ നാമെല്ലാം വിലമതിക്കുന്നു. സുരക്ഷിതത്ത്വബോധവും സ്നേഹിക്കപ്പെടുന്നെന്ന തോന്നലും അവർ നമ്മിൽ ഉളവാക്കും.—സദൃ. 17:17.
2 നമുക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്ത് യഹോവയാണ്. അവനെപ്പോലെ വിശ്വസ്തനും ക്ഷമിക്കുന്നവനും വേറെ ആരുമില്ല. അവനെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും (അല്ലെങ്കിൽ വിശ്വസ്തസ്നേഹമുള്ളവനും) ആകുന്നു.” (സങ്കീ. 86:5) വിശ്വസ്തനും ക്ഷമിക്കുന്നവനും ആയിരിക്കുക എന്നു പറഞ്ഞാൽ എന്താണ്? യഹോവ എങ്ങനെയാണ് ഹൃദ്യമായ ഈ ഗുണങ്ങൾ പ്രകടിപ്പിക്കുന്നത്? നമുക്ക് എങ്ങനെ ഇക്കാര്യത്തിൽ അവനെ മാതൃകയാക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം, നമ്മുടെ ഏറ്റവും നല്ല സുഹൃത്തായ യഹോവയുമായുള്ള സ്നേഹബന്ധം ആഴമുള്ളതാക്കാൻ നമ്മെ സഹായിക്കും. നമുക്കിടയിലെ സൗഹൃദങ്ങൾ ഊട്ടിവളർത്താനും അതു സഹായിക്കും.—1 യോഹ. 4:7, 8.
യഹോവ വിശ്വസ്തൻ
3. വിശ്വസ്തനായിരിക്കുക എന്നാൽ എന്താണ് അർഥം?
3 ആഴമായ പ്രീതിവാത്സല്യവും പ്രതിജ്ഞാബദ്ധതയും അചഞ്ചലമായ കൂറും ഉൾച്ചേർന്നിരിക്കുന്ന ഹൃദ്യമായൊരു ഗുണമാണ് വിശ്വസ്തത. വിശ്വസ്തതയുള്ള ഒരു വ്യക്തി ചഞ്ചലചിത്തനായിരിക്കില്ല. പകരം, അങ്ങനെയുള്ള ഒരാൾ ഒരു വ്യക്തിയോട് (അല്ലെങ്കിൽ ഒരു സംഗതിയോട്) സ്നേഹപൂർവം പറ്റിനിൽക്കും. വിഷമകരമായ സാഹചര്യങ്ങളിൽപ്പോലും വിട്ടുപോകാതെ അയാൾ ആ വ്യക്തിയുടെ (അല്ലെങ്കിൽ സംഗതിയുടെ) ഒപ്പമുണ്ടാകും. ‘വിശ്വസ്തതയുടെ’ കാര്യത്തിൽ യഹോവയ്ക്കു തുല്യനായി ആരുമില്ല.—വെളി. 16:5.
4, 5. (എ) യഹോവ വിശ്വസ്തത കാണിക്കുന്നത് എങ്ങനെ? (ബി) യഹോവ വിശ്വസ്തത കാണിച്ച സന്ദർഭങ്ങളെക്കുറിച്ച് ഓർക്കുന്നത് ഉൾക്കരുത്തു പകരുന്നത് എങ്ങനെ?
4 യഹോവ എങ്ങനെയാണ് വിശ്വസ്തത കാണിക്കുന്നത്? തന്റെ ഭക്തന്മാരെ അവൻ ഒരിക്കലും ഉപേക്ഷിച്ചുകളയുകയില്ല. യഹോവയുടെ ദാസനായിരുന്ന ദാവീദുരാജാവ് യഹോവയുടെ വിശ്വസ്തതയ്ക്ക് സാക്ഷ്യം നൽകുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “വിശ്വസ്തനോട് അവിടുന്നു വിശ്വസ്തത പുലർത്തുന്നു.” (2 ശമൂ. 22:26, പി.ഒ.സി.) ദാവീദ് പരിശോധനകളിൽപ്പെട്ട് ഉഴലവെ യഹോവ അവനെ വിശ്വസ്തമായി വഴിനയിക്കുകയും സംരക്ഷിക്കുകയും വിടുവിക്കുകയും ചെയ്തു. (2 ശമൂ. 22:1) യഹോവയുടെ വിശ്വസ്തത വാക്കുകളിൽമാത്രം ഒതുങ്ങുന്നതല്ല എന്നു ദാവീദിന് അറിയാമായിരുന്നു. യഹോവ എന്തുകൊണ്ടാണ് ദാവീദിനോട് വിശ്വസ്തത കാണിച്ചത്? എന്തുകൊണ്ടെന്നാൽ ദാവീദ് “വിശ്വസ്ത”നായിരുന്നു. തന്റെ “വിശുദ്ധന്മാരുടെ” (“വിശ്വസ്തരുടെ,” NW) വിശ്വസ്തത യഹോവ അമൂല്യമായി കാണുകയും തിരിച്ച് അവരോട് വിശ്വസ്തത കാണിച്ചുകൊണ്ട് അവൻ അവർക്ക് പകരം നൽകുകയും ചെയ്യുന്നു.—സദൃ. 2:6-8.
5 യഹോവ വിശ്വസ്തത കാണിച്ച സന്ദർഭങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് നമുക്ക് ഉൾക്കരുത്ത് ആർജിക്കാനാകും. “കഷ്ടതയുടെ സമയങ്ങളിൽ യഹോവ ദാവീദിനോട് ഇടപെട്ടതിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുന്നത് എന്നെ വളരെയേറെ സഹായിക്കുന്നു” എന്ന് റീഡ് എന്നു പേരുള്ള വിശ്വസ്തനായ ഒരു സഹോദരൻ പറയുന്നു. “ദാവീദ് പ്രാണരക്ഷാർഥം ഗുഹകളിലും വെളിമ്പ്രദേശങ്ങളിലും ഓടിനടന്ന കാലത്ത് യഹോവ എല്ലായ്പോഴും അവനെ പുലർത്തി. ആ വിവരണം എനിക്കു വളരെ പ്രോത്സാഹനം പകരുന്നു. ഏതു സാഹചര്യത്തിലും, ജീവിതം എത്ര ഇരുളടഞ്ഞതായി തോന്നിയാലും യഹോവയോടു വിശ്വസ്തനായി തുടരുന്നിടത്തോളം അവൻ എന്നോടൊപ്പമുണ്ടാകും എന്ന് ദാവീദിന്റെ അനുഭവം എനിക്ക് ഉറപ്പേകുന്നു.” നിങ്ങൾക്കും അങ്ങനെതന്നെ തോന്നുന്നില്ലേ?—റോമ. 8:38, 39.
6. യഹോവ വിശ്വസ്തത പ്രകടമാക്കുന്ന മറ്റു വിധങ്ങൾ ഏതൊക്കെയാണ്, അവന്റെ ദാസന്മാർക്ക് അതിൽനിന്ന് എന്തു പ്രയോജനം ലഭിക്കുന്നു?
6 യഹോവ വിശ്വസ്തത പ്രകടമാക്കുന്ന മറ്റു വിധങ്ങൾ ഏതൊക്കെയാണ്? അവൻ തന്റെ നിലവാരങ്ങളോട് പറ്റിനിൽക്കുന്നു. “നിങ്ങളുടെ വാർദ്ധക്യകാലത്തും ഞാൻ മാറ്റമില്ലാത്തവൻ തന്നേ” എന്ന് യഹോവ ഉറപ്പുനൽകുന്നു. (യെശ. 46:4, ന്യൂ ഇൻഡ്യ ഭാഷാന്തരം) അവൻ എല്ലായ്പോഴും തെറ്റും ശരിയും സംബന്ധിച്ച തന്റെ മാറ്റമില്ലാത്ത നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്നു. (മലാ. 3:6) കൂടാതെ, വാഗ്ദാനം പാലിച്ചുകൊണ്ടും യഹോവ വിശ്വസ്തത പ്രകടമാക്കുന്നു. (യെശ. 55:11) തന്നിമിത്തം, യഹോവയുടെ വിശ്വസ്തതയിൽനിന്ന് അവന്റെ ആരാധകർക്കെല്ലാം പ്രയോജനം നേടാൻ കഴിയും. എങ്ങനെ? യഹോവയുടെ നിലവാരങ്ങളോട് പറ്റിനിൽക്കാൻ നാം തീവ്രയത്നം കഴിക്കുമ്പോൾ നമ്മെ അനുഗ്രഹിക്കുമെന്നുള്ള വാക്ക് അവൻ പാലിക്കുമെന്നതിന് സംശയം വേണ്ടാ.—യെശ. 48:17, 18.
യഹോവയുടെ വിശ്വസ്തത അനുകരിക്കുക
7. നമുക്ക് യഹോവയുടെ വിശ്വസ്തത അനുകരിക്കാൻ കഴിയുന്ന ഒരു വിധം ഏത്?
7 നമുക്ക് എങ്ങനെ യഹോവയുടെ വിശ്വസ്തത അനുകരിക്കാം? ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരുടെ സഹായാർഥം പ്രവർത്തിക്കുന്നതാണ് ഒരു വിധം. (സദൃ. 3:27) ഉദാഹരണത്തിന്, ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിൽനിന്നുള്ള എതിർപ്പോ വ്യക്തിപരമായ ബലഹീനതകളോ നിമിത്തം മനസ്സിടിഞ്ഞിരിക്കുന്ന ഒരു സഹവിശ്വാസിയെ നിങ്ങൾക്ക് അറിയാമോ? ആ വ്യക്തിയോട് ‘നല്ല, ആശ്വാസകരമായ വാക്കുകൾ’ പറയാൻ നിങ്ങൾക്ക് മുൻകൈയെടുക്കരുതോ? (സെഖ. 1:13)a അങ്ങനെ ചെയ്യുമ്പോൾ, വിശ്വസ്തനായ, “സഹോദരനെക്കാളും പറ്റുള്ള” ഒരു നല്ല സുഹൃത്താണ് നിങ്ങൾ എന്നു തെളിയിക്കുകയായിരിക്കും.—സദൃ. 18:24.
8. നമുക്ക് യഹോവയുടെ വിശ്വസ്തത എങ്ങനെ പകർത്താം, ഉദാഹരണത്തിന്, ദാമ്പത്യബന്ധത്തിൽ?
8 നമ്മൾ സ്നേഹിക്കുന്നവരോട് ആത്മാർഥമായി പറ്റിനിന്നുകൊണ്ടും നമുക്ക് യഹോവയുടെ വിശ്വസ്തത അനുകരിക്കാം. ഉദാഹരണത്തിന്, നാം വിവാഹിതരാണെങ്കിൽ വിവാഹയിണയോട് വിശ്വസ്തമായി പറ്റിനിൽക്കണം. (സദൃ. 5:15-18) അതുകൊണ്ട് വ്യഭിചാരത്തിലേക്കു നയിച്ചേക്കാവുന്ന ഒരു ഗതിയുടെ ആദ്യചുവടുപോലും നാം വെക്കുകയില്ല. (മത്താ. 5:28) മറ്റുള്ളവരെക്കുറിച്ച് കുശുകുശുപ്പ് നടത്തുകയോ അവരുടെ സത്പേര് കളങ്കപ്പെടുംവിധം എന്തെങ്കിലും പറഞ്ഞുപരത്തുകയോ ചെയ്യാതിരുന്നുകൊണ്ട് നമ്മുടെ സഹവിശ്വാസികളോടും നാം വിശ്വസ്തത കാണിക്കുന്നു. അത്തരം കാര്യങ്ങൾ പറഞ്ഞുപരത്തുകയില്ല എന്നുമാത്രമല്ല അതു കേൾക്കാൻ നാം നിന്നുകൊടുക്കുകയുമില്ല.—സദൃ. 12:18.
9, 10. (എ) ആരോടുള്ള വിശ്വസ്തതയാണ് ഏറ്റവും പ്രധാനം? (ബി) യഹോവയുടെ കൽപ്പനകൾ അനുസരിക്കുക എല്ലായ്പോഴും എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
9 എല്ലാറ്റിനുമുപരി, നാം യഹോവയോട് വിശ്വസ്തരായി നിലനിൽക്കണം. നമുക്ക് അത് എങ്ങനെ ചെയ്യാം? കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക. അതായത്, അവൻ സ്നേഹിക്കുന്ന കാര്യങ്ങളെ സ്നേഹിക്കുക, വെറുക്കുന്ന കാര്യങ്ങളെ വെറുക്കുക. എന്നിട്ട് അതിനു ചേർച്ചയിൽ ജീവിക്കുക. (സങ്കീർത്തനം 97:10 വായിക്കുക.) നമ്മുടെ ചിന്തകളെയും വികാരങ്ങളെയും നാം യഹോവയുടേതുമായി എത്രയധികം അനുരൂപപ്പെടുത്തുന്നുവോ അത്രയധികം അവന്റെ കൽപ്പനകൾ അനുസരിക്കാൻ നാം പ്രേരിതരായിത്തീരും.—സങ്കീ. 119:104.
10 യഹോവയുടെ കൽപ്പനകൾ അനുസരിക്കുക എല്ലായ്പോഴും എളുപ്പമല്ലെന്നതു ശരിതന്നെ. വിശ്വസ്തരായി ജീവിക്കാൻ നമുക്ക് കഠിനയത്നംതന്നെ നടത്തേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന ഏകാകികളായ ചില ക്രിസ്ത്യാനികൾക്ക് സഹവിശ്വാസികൾക്കിടയിൽനിന്ന് ഇതുവരെ പറ്റിയ ഒരു ഇണയെ കണ്ടെത്താൻ സാധിച്ചിട്ടില്ലായിരിക്കാം. (1 കൊരി. 7:39) അങ്ങനെയുള്ള ഏകാകിയായ ഒരു സഹോദരിയുടെ കാര്യമെടുക്കുക. അവളുടെ വിശ്വാസികളല്ലാത്ത സഹജോലിക്കാർ, ചേരുന്ന പലരെയും അവൾക്കു പരിചയപ്പെടുത്തുന്നുണ്ടാകാം. സഹോദരിക്കാകട്ടെ ഏകാന്തത അനുഭവപ്പെടുന്നുമുണ്ട്. എന്നിട്ടും അവൾ തന്റെ വിശ്വസ്തത മുറുകെപ്പിടിക്കാൻ നിശ്ചയിച്ചുറച്ചുകൊണ്ട് ആ പ്രലോഭനത്തെ ചെറുക്കുന്നു. വിശ്വസ്തതയുടെ ഇത്തരം തിളക്കമാർന്ന മാതൃകകൾ നാം വിലമതിക്കുന്നില്ലേ? ബുദ്ധിമുട്ടുകളുണ്ടായിട്ടും തന്നോടു വിശ്വസ്തത പാലിക്കുന്നവർക്ക് യഹോവ നിശ്ചയമായും പ്രതിഫലം നൽകും.—എബ്രാ. 11:6.
“സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.” —സദൃ. 18:24 (7-ാം ഖണ്ഡിക കാണുക)
“അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.”—എഫെ. 4:32 (16-ാം ഖണ്ഡിക കാണുക)
യഹോവ ക്ഷമിക്കാൻ മനസ്സുള്ളവൻ
11. ക്ഷമിക്കുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
11 യഹോവയുടെ ഏറ്റവും പ്രിയങ്കരമായ ഗുണങ്ങളിലൊന്നാണ് ക്ഷമിക്കാനുള്ള അവന്റെ മനസ്സൊരുക്കം. ക്ഷമിക്കുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? അടിസ്ഥാനപരമായി പറഞ്ഞാൽ, സാധുവായ കാരണമുള്ളപ്പോൾ, ദ്രോഹം പ്രവർത്തിച്ച ഒരു വ്യക്തിക്ക് മാപ്പു നൽകുന്നതാണ് അതിൽ ഉൾപ്പെടുന്നത്. അതിന്റെ അർഥം ക്ഷമിക്കുന്ന വ്യക്തി, അപരാധത്തിനുനേരെ കണ്ണടയ്ക്കുന്നെന്നോ നടന്ന സംഭവം നിഷേധിക്കുന്നെന്നോ അല്ല. മറിച്ച്, അദ്ദേഹം അതിന്റെ പേരിലുള്ള നീരസം വിട്ടുകളയാൻ തീരുമാനിക്കുന്നു എന്നാണ്. യഥാർഥ അനുതാപം പ്രകടമാക്കുന്ന വ്യക്തികളോട് യഹോവ ക്ഷമിക്കാൻ തയ്യാറാണെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു.—സങ്കീ. 86:5.
12. (എ) യഹോവ എങ്ങനെയാണ് ക്ഷമിക്കുന്നത്? (ബി) ഒരുവന്റെ പാപം ‘മായ്ച്ചുകിട്ടുക’ എന്നു പറഞ്ഞാൽ എന്താണ്?
12 യഹോവ എങ്ങനെയാണ് ക്ഷമിക്കുന്നത്? ‘അവൻ ധാരാളമായി ക്ഷമിക്കും.’ അതായത് യഹോവ പൂർണമായും എന്നേക്കുമായും ക്ഷമിക്കുന്നു. (യെശ. 55:7) യഹോവ പൂർണമായും ക്ഷമിക്കുമെന്ന് നമുക്ക് എങ്ങനെ അറിയാം? പ്രവൃത്തികൾ 3:19-ൽ (വായിക്കുക) നൽകപ്പെട്ടിരിക്കുന്ന ഉറപ്പ് നമുക്ക് പരിചിന്തിക്കാം. “മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്ളുവിൻ” എന്ന് അപ്പൊസ്തലനായ പത്രോസ് തന്റെ ശ്രോതാക്കളെ ആഹ്വാനം ചെയ്തു. ആത്മാർഥമായി മാനസാന്തരപ്പെടുന്ന ഒരു പാപി തന്റെ തെറ്റായ ഗതിയെപ്രതി അഗാധമായി ദുഃഖിക്കും. തന്റെ പാപപ്രവൃത്തി ആവർത്തിക്കാതിരിക്കാനും അയാൾ നിശ്ചയിക്കും. (2 കൊരി. 7:10, 11) അതിനുപുറമേ, ആത്മാർഥമായ പശ്ചാത്താപം ‘തിരിഞ്ഞുവരാൻ,’ എന്നുവെച്ചാൽ തന്റെ തെറ്റായ ഗതി ഉപേക്ഷിച്ച് ദൈവത്തിനു പ്രസാദകരമായ പാതയിൽ നടക്കാൻ, ആ വ്യക്തിക്കു പ്രചോദനമേകും. പത്രോസിന്റെ ശ്രോതാക്കൾ അങ്ങനെ ആത്മാർഥമായ അനുതാപം പ്രകടിപ്പിക്കുന്നപക്ഷം എന്തു ഫലം ഉണ്ടാകുമായിരുന്നു? അവരുടെ പാപങ്ങൾ ‘മായ്ച്ചുകിട്ടും’ എന്നു പത്രോസ് പറഞ്ഞു. അതെ, യഹോവ ക്ഷമിക്കുന്നത് ഒരു സ്ലേറ്റ് മായ്ച്ചെടുക്കുന്നതുപോലെയാണ്. അവൻ മുഴുവനായി ക്ഷമിക്കുന്നു.—എബ്രാ. 10:22; 1 യോഹ. 1:7.
13. “അവരുടെ പാപം ഇനി ഓർക്കയും ഇല്ല” എന്ന വാക്കുകൾ നമുക്കു നൽകുന്ന ഉറപ്പ് എന്താണ്?
13 യഹോവ ക്ഷമിക്കുന്നത് എന്നേക്കുമായിട്ടാണെന്ന് നമുക്ക് എങ്ങനെ അറിയാം? അഭിഷിക്തക്രിസ്ത്യാനികളുമായുള്ള പുതിയ ഉടമ്പടിയെക്കുറിച്ച് യിരെമ്യാവ് നടത്തിയ പ്രവചനം നോക്കുക. മറുവിലയിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക് പാപങ്ങളുടെ യഥാർഥക്ഷമ സാധ്യമാണെന്ന് അതു വ്യക്തമാക്കുന്നു. (യിരെമ്യാവു 31:34 വായിക്കുക.) യഹോവ പറയുന്നു: “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല.” അതുകൊണ്ട് ഒരിക്കൽ പാപം ക്ഷമിച്ചാൽ ആ പാപങ്ങളെപ്രതി താൻ പിന്നീടൊരിക്കലും നമുക്കെതിരെ പ്രവർത്തിക്കുകയില്ലെന്ന് യഹോവ ഉറപ്പുനൽകുന്നു. വീണ്ടുംവീണ്ടും കുറ്റംചുമത്താനോ നമ്മെ ശിക്ഷിക്കാനോ വേണ്ടി അവൻ നമ്മുടെ പാപങ്ങൾ കുത്തിപ്പൊക്കുകയില്ല. മറിച്ച്, യഹോവ ക്ഷമിക്കുമ്പോൾ ആ പാപങ്ങൾ അവൻ തന്റെ പിന്നിലേക്ക് എറിഞ്ഞുകളയുന്നു, എന്നേക്കുമായി.—റോമ. 4:7, 8.
14. യഹോവയുടെ ക്ഷമയെക്കുറിച്ച് ധ്യാനിക്കുന്നതിൽനിന്ന് നമുക്കെങ്ങനെ ആശ്വാസംകൊള്ളാം? ഉദാഹരണം നൽകുക.
14 യഹോവയുടെ ക്ഷമയെക്കുറിച്ച് ധ്യാനിക്കുന്നത് നമുക്ക് ആശ്വാസമേകും. ഒരു ഉദാഹരണം നോക്കാം. വർഷങ്ങൾക്കുമുമ്പ് ഒരു സഹോദരിയെ സഭയിൽനിന്നു പുറത്താക്കി. കുറെക്കാലത്തിനുശേഷം അവളെ പുനഃസ്ഥിതീകരിച്ചു. ആ സഹോദരി പറയുന്നു: “യഹോവ എന്നോടു ക്ഷമിച്ചെന്ന് ഞാൻ എന്നോടുതന്നെയും മറ്റുള്ളവരോടും പറഞ്ഞെങ്കിലും എന്തോ, അവൻ എന്നിൽനിന്ന് അകലെയാണെന്നാണ് എനിക്ക് പിന്നെയും തോന്നിയിരുന്നത്. മറ്റുള്ളവർക്ക് യഹോവയോടു കൂടുതൽ അടുത്ത ബന്ധമുണ്ടെന്നും അവന് അവരോടു കൂടുതൽ പ്രതിപത്തിയുണ്ടെന്നും എനിക്കു തോന്നി.” എന്നാൽ യഹോവയുടെ ക്ഷമയെ വർണിക്കാൻ ബൈബിൾ ഉപയോഗിച്ചിരിക്കുന്ന ചില വാങ്മയചിത്രങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്തത് അവളെ ആശ്വസിപ്പിച്ചു. “മുമ്പ് ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വിധത്തിൽ എന്നോടുള്ള യഹോവയുടെ സ്നേഹവും ആർദ്രതയും എനിക്ക് അനുഭവവേദ്യമായി.” അവളെ വിശേഷാൽ സ്പർശിച്ച ഒരു ആശയം ഇതായിരുന്നു: “യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, നമ്മുടെ ശേഷിച്ച ജീവിതകാലത്ത് ആ പാപങ്ങളുടെ കറ നാം വഹിക്കുന്നുണ്ടെന്നു വിചാരിക്കേണ്ടതില്ല.”b “യഹോവയ്ക്ക് എന്നോട് പൂർണമായും ക്ഷമിക്കാനാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല എന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞു. ജീവിതകാലം മുഴുവനും ആ ഭാരംപേറി കഴിഞ്ഞുകൂടേണ്ടിവരുമെന്നാണ് ഞാൻ വിചാരിച്ചത്. എല്ലാറ്റിനും കുറച്ചു സമയമെടുക്കുമെന്ന് എനിക്കറിയാം. എങ്കിലും ശരിക്കും യഹോവയോട് അടുത്തുചെല്ലാനാകുമെന്ന് എനിക്കിപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെയുണ്ട് എനിക്കിപ്പോൾ.” എത്ര സ്നേഹനിധിയായ, ക്ഷമിക്കാൻ മനസ്സൊരുക്കമുള്ള, ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്!—സങ്കീ. 103:9.
ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം അനുകരിക്കുക
15. ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം നമുക്ക് എങ്ങനെ അനുകരിക്കാം?
15 ക്ഷമിക്കാൻ ഒരു അടിസ്ഥാനം ഉള്ളപ്പോഴെല്ലാം പരസ്പരം ക്ഷമിക്കാൻ തീരുമാനിച്ചുകൊണ്ട് യഹോവയുടെ ഈ നല്ല ഗുണം നമുക്ക് അനുകരിക്കാം. (ലൂക്കോസ് 17:3, 4 വായിക്കുക.) യഹോവ ക്ഷമിക്കുന്നത് എങ്ങനെയാണെന്ന് നാം കണ്ടു. അവൻ ക്ഷമിക്കുമ്പോൾ അവൻ അത് മറന്നുകളയുകയും ചെയ്യുന്നു. പിന്നീടൊരിക്കലും അത് നമുക്കെതിരെ എടുത്ത് ഉപയോഗിക്കുകയില്ല എന്നർഥം. മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ നമുക്കും ഇതുപോലെ അവരുടെ അപരാധങ്ങൾ മറന്നുകളയാം. അതായത്, പിന്നീടൊരിക്കലും അതു കുത്തിപ്പൊക്കാതെ നമുക്ക് അതു വിട്ടുകളയാം.
16. (എ) ക്ഷമിക്കുക എന്നു പറഞ്ഞാൽ ദുഷ്കൃത്യം വെച്ചുപൊറുപ്പിക്കുക എന്നോ മറ്റുള്ളവർ ചെയ്യുന്ന അന്യായമെല്ലാം സഹിക്കുക എന്നോ ആണോ? വിശദീകരിക്കുക. (ബി) യഹോവ നമ്മോടു ക്ഷമിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
16 ക്ഷമിക്കുക എന്നു പറഞ്ഞാൽ ദുഷ്കൃത്യം വെച്ചുപൊറുപ്പിക്കുക എന്നോ മറ്റുള്ളവർ ചെയ്യുന്ന അന്യായമെല്ലാം സഹിക്കുക എന്നോ അല്ല. പകരം, നീരസം മനസ്സിൽനിന്ന് കളയാൻ നാം തീരുമാനിക്കുന്നു എന്നാണ് അടിസ്ഥാനപരമായി അതിന്റെ അർഥം. ഓർക്കുക: മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട് യഹോവയെ അനുകരിക്കുന്നെങ്കിൽമാത്രമേ അവൻ നമ്മോടു ക്ഷമിക്കുകയുള്ളൂ. (മത്താ. 6:14, 15) “നാം പൊടി”യാണ് എന്നോർക്കാൻ സഹാനുഭൂതിയാണ് യഹോവയെ പ്രേരിപ്പിക്കുന്നത്. (സങ്കീ. 103:14) അങ്ങനെയെങ്കിൽ, മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ വിട്ടുകളയാനും അങ്ങനെ അവരോട് ഹൃദയപൂർവം ഉദാരമായി ക്ഷമിക്കാനും സഹാനുഭൂതി നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ?—എഫെ. 4:32; കൊലോ. 3:13.
വ്രണപ്പെടുത്തിയവർക്കുവേണ്ടിയുള്ള പ്രാർഥനകൾ ഹൃദയത്തിൽനിന്നായിരിക്കട്ടെ
(17-ാം ഖണ്ഡിക കാണുക)
17. ഒരു സഹവിശ്വാസി നമ്മെ വ്രണപ്പെടുത്തിയെങ്കിൽ അയാളോടു ക്ഷമിക്കാൻ നമ്മെ എന്തു സഹായിക്കും?
17 ക്ഷമിക്കുകയെന്നത് എല്ലായ്പോഴും എളുപ്പമല്ല. ഒന്നാം നൂറ്റാണ്ടിലെ ചില അഭിഷിക്തക്രിസ്ത്യാനികൾക്കുപോലും തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നത് ഒരു വെല്ലുവിളിയായി തോന്നിയിരുന്നു. (ഫിലി. 4:2) ഒരു സഹവിശ്വാസി നമ്മെ വ്രണപ്പെടുത്തുന്നെങ്കിൽ അദ്ദേഹത്തോടു ക്ഷമിക്കാൻ നമ്മെ എന്തു സഹായിക്കും? ഇയ്യോബിന്റെ ദൃഷ്ടാന്തം നോക്കുക. എലീഫസ്, ബിൽദാദ്, സോഫർ എന്നീ “സുഹൃത്തുക്കൾ” അവനുനേരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അവൻ തകർന്നുപോയി. (ഇയ്യോ. 10:1; 19:2) പക്ഷേ ഒടുവിൽ യഹോവ ആ വ്യാജാരോപകർക്ക് ശക്തമായ തിരുത്തൽ നൽകി. ഇയ്യോബിന്റെ അടുക്കൽച്ചെല്ലാനും അവരുടെ പാപത്തിന് പരിഹാരമായി ഒരു യാഗം അർപ്പിക്കാനും യഹോവ അവരോടു നിർദേശിച്ചു. (ഇയ്യോ. 42:7-9) അതേസമയം ഇയ്യോബ് ഒരു കാര്യം ചെയ്യാനും യഹോവ ആവശ്യപ്പെട്ടു. എന്തായിരുന്നു അത്? തന്നെ മുമ്പ് കുറ്റംവിധിച്ച ആളുകൾക്കുവേണ്ടി പ്രാർഥിക്കാൻ യഹോവ ഇയ്യോബിനോട് ആവശ്യപ്പെട്ടു. യഹോവ പറഞ്ഞതുപോലെ ഇയ്യോബ് ചെയ്തു. ക്ഷമിക്കാനുള്ള അവന്റെ മനസ്സൊരുക്കത്തിന് യഹോവ അവനെ അനുഗ്രഹിക്കുകയും ചെയ്തു. (ഇയ്യോബ് 42:10, 12, 16, 17 വായിക്കുക.) ഇതിൽനിന്ന് നമുക്കുള്ള പാഠം എന്താണ്? നമ്മെ ദ്രോഹിച്ച ഒരു വ്യക്തിക്കുവേണ്ടി നാം ഹൃദയപൂർവം പ്രാർഥിക്കുന്നെങ്കിൽ നീരസം നീക്കിക്കളയാൻ അതു നമ്മെ സഹായിക്കും.
യഹോവയുടെ ഗുണങ്ങളോടുള്ള വിലമതിപ്പ് എക്കാലവും ആഴമുള്ളതാക്കുക
18, 19. യഹോവയുടെ പ്രിയങ്കരമായ വ്യക്തിത്വത്തോടുള്ള വിലമതിപ്പ് കൂടുതൽ ആഴമുള്ളതാക്കാൻ എന്തു ചെയ്യാം?
18 യഹോവയുടെ സ്നേഹനിർഭരമായ വ്യക്തിത്വത്തിന്റെ വ്യത്യസ്തവശങ്ങളെക്കുറിച്ചു പഠിച്ചത് തീർച്ചയായും നമ്മുടെ മനസ്സു കുളിർപ്പിച്ചു. ആർക്കും സമീപിക്കാവുന്നവനും നിഷ്പക്ഷമതിയും ഉദാരനും ന്യായബോധമുള്ളവനും വിശ്വസ്തനും ക്ഷമിക്കാൻ മനസ്സൊരുക്കമുള്ളവനും ആണ് യഹോവയെന്ന് നാം കണ്ടു. നാം ഈ ഗുണങ്ങളിലൂടെയെല്ലാം കേവലം ഒന്നു കണ്ണുപായിച്ചതേയുള്ളൂ. യഹോവയെക്കുറിച്ച് ഇനിയുമേറെ പഠിക്കാൻ നിത്യതയിലുടനീളം നമുക്ക് തീരാത്ത അവസരങ്ങളുണ്ട്. (സഭാ. 3:11) അപ്പൊസ്തലനായ പൗലോസിന്റെ പിൻവരുന്ന വാക്കുകളോട് നാം യോജിക്കുന്നു: “ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം!” അവന്റെ സ്നേഹത്തെയും നാം ഇതുവരെ ചിന്തിച്ച ആറു ഗുണങ്ങളെയും കുറിച്ച് നമുക്ക് ഇതുതന്നെ പറയാനാകും.—റോമ. 11:33.
19 യഹോവയുടെ പ്രിയങ്കരമായ വ്യക്തിത്വത്തോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കാൻ നമുക്ക് നിരന്തരം ശ്രമിക്കാം. അവന്റെ ഗുണങ്ങളുമായി പരിചിതരായി അവയെക്കുറിച്ചു ധ്യാനിച്ച് നമ്മുടെ ജീവിതത്തിൽ പകർത്തിക്കൊണ്ട് നമുക്ക് അതു ചെയ്യാം. (എഫെ. 5:1) അങ്ങനെ ചെയ്യവെ, “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകളുടെ സത്യത നമുക്ക് ഒന്നിനൊന്ന് അനുഭവവേദ്യമാകും.—സങ്കീ. 73:28.
a സഹായകമായ നിർദേശങ്ങൾക്ക്, 1995 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിലെ, “നിങ്ങൾ ഈയിടെ ആരെയെങ്കിലും പ്രോത്സാഹിപ്പിച്ചുവോ?” എന്ന ലേഖനവും 1995 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിലെ, “സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്ക—എങ്ങനെ?” എന്ന ലേഖനവും കാണുക.