ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
മരണം നിദ്രപോലെയാണ്, കാരണം ഒന്നും ചെയ്യാൻ കഴിയാത്ത ബോധരഹിതമായ അവസ്ഥയിലാണ് മരിച്ചവർ. എന്നാൽ ജീവന്റെ ഉറവായ സ്രഷ്ടാവിന് പുനരുത്ഥാനത്തിലൂടെ മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകും. ഇതിന്റെ തെളിവായിട്ടാണ് മരിച്ച ആളുകളെ ജീവനിലേക്ക് ഉയിർപ്പിക്കാൻ ദൈവം യേശുവിനെ അധികാരപ്പെടുത്തിയത്.—സഭാപ്രസംഗി 9:5; യോഹന്നാൻ 11:11, 43, 44 വായിക്കുക.
മരണം ഏത് അർഥത്തിലാണ് നിദ്രപോലെ ആയിരിക്കുന്നത്?
തന്റെ സ്മരണയിലുള്ള മരിച്ചവരെ നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിലേക്ക് ഉയിർപ്പിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ദൈവത്തിന്റെ ആ നിയമിതസമയംവരെ മരിച്ചവർ ഈ അബോധാവസ്ഥയിൽ തുടരേണ്ടതുണ്ട്. മരിച്ചവരെ തിരികെ ജീവനിലേക്കു കൊണ്ടുവരുന്നതിനായി തന്റെ ശക്തി ഉപയോഗിക്കാൻ സർവശക്തനായ ദൈവം അതിയായി വാഞ്ഛിക്കുന്നു.—ഇയ്യോബ് 14:14, 15 വായിക്കുക.
പുനരുത്ഥാനം എങ്ങനെയുള്ളതായിരിക്കും?
തങ്ങളെത്തന്നെയും തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരിക്കും ദൈവം ആളുകളെ പുനരുത്ഥാനപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ശരീരം ജീർണിച്ചുപോകുമെങ്കിലും അതേ വ്യക്തിയെ ഒരു പുതുശരീരത്തോടെ ഉയിർപ്പിക്കാൻ ദൈവത്തിനാകും.—1 കൊരിന്ത്യർ 15:35, 38 വായിക്കുക.
കുറച്ചു പേർ മാത്രമായിരിക്കും സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നത്. (വെളിപാട് 20:6) ഭൂരിപക്ഷം ആളുകളും ജീവനിലേക്കു തിരിച്ചുവരുന്നത് ഭൂമിയിലെ പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിലേക്കായിരിക്കും. നിത്യം ജീവിക്കാനുള്ള പ്രത്യാശ സഹിതം ജീവിതത്തിന്റെ ഒരു പുതിയ അധ്യായം അവർക്കു തുറന്ന് കിട്ടും.—സങ്കീർത്തനം 37:29; പ്രവൃത്തികൾ 24:15 വായിക്കുക. (w13-E 10/01)