മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
ദൈവം ക്രൂരനാണ് എന്ന നുണ
കുറെ ആളുകൾ വിശ്വസിക്കുന്നത്
“കഠിനമായ പാപം ചെയ്യുന്ന ആളുകൾ മരിക്കുന്ന ഉടനെ അവരുടെ ആത്മാക്കൾ നരകത്തിലേക്ക് പോകുന്നു. അവിടെ അവർ നരകത്തിലെ ‘കെടാത്ത തീയിൽ’ ശിക്ഷ അനുഭവിക്കും.” [കത്തോലിക്കാസഭയുടെ കാറ്റിക്കിസം (ഇംഗ്ലീഷ്)] ചില മതനേതാക്കന്മാർ പറയുന്നത് നരകം എന്നത് ദൈവത്തിൽനിന്ന് പൂർണമായി വേർപെട്ട, ഒറ്റപ്പെട്ട ഒരു അവസ്ഥയാണ് എന്നാണ്.
ബൈബിൾ പറയുന്ന സത്യം
മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 9:5) മരിച്ചവർ ഒന്നും അറിയുന്നില്ലെങ്കിൽപ്പിന്നെ അവർ എങ്ങനെയാണ് നരകത്തിലെ ‘കെടാത്ത തീയിൽ’ കഠിനമായ ശിക്ഷകൾ അനുഭവിക്കുന്നത്, ദൈവത്തിൽനിന്ന് എന്നേക്കുമായി വേർപെട്ടതിന്റെ വേദന അറിയുന്നത്?
ചില ബൈബിളുകളിൽ ചിലയിടത്ത് “നരകം” എന്ന വാക്ക് കാണാം. എന്നാൽ അതിന്റെ സ്ഥാനത്ത് വരുന്ന എബ്രായ, ഗ്രീക്ക് വാക്കുകൾ പലപ്പോഴും അർഥമാക്കുന്നത് മനുഷ്യരുടെ ശവക്കുഴിയെയാണ്. ഒരു ഉദാഹരണം നോക്കാം. ഒരു രോഗം വന്ന് വേദന സഹിക്കാതായപ്പോൾ ഇയ്യോബ് ഇങ്ങനെ പ്രാർഥിച്ചു: “അങ്ങ് എന്നെ ശവക്കുഴിയിൽ [“നരകത്തിൽ,” ഡൂവേ ഭാഷാന്തരം (ഇംഗ്ലീഷ്)] മറച്ചുവെച്ചിരുന്നെങ്കിൽ!“ (ഇയ്യോബ് 14:13) ദുരിതങ്ങൾ അനുഭവിച്ച് തളർന്ന ഇയ്യോബ് ആശ്വാസത്തിനായി കൂടുതൽ ദുരിതങ്ങൾ നിറഞ്ഞ ഒരു സ്ഥലത്തേക്ക് തന്നെ അയയ്ക്കണേ എന്ന് ഒരിക്കലും പ്രാർഥിക്കില്ലല്ലോ? ദൈവത്തിൽനിന്ന് വേർപെട്ട് കഴിയാനും ഇയ്യോബ് ആഗ്രഹിക്കില്ല. അതുകൊണ്ട് ഇയ്യോബ് ആഗ്രഹിച്ചത് ശവക്കുഴിയിൽ വിശ്രമിക്കാനാണ്.
അതിന്റെ പ്രാധാന്യം
ക്രൂരത കാണിക്കുന്ന ഒരു ദൈവത്തോട് ആർക്കും ഇഷ്ടം തോന്നില്ല, വെറുപ്പേ തോന്നൂ. മെക്സിക്കോയിൽ താമസിക്കുന്ന റോസിയോ ഇങ്ങനെ പറയുന്നു: “തീനരകത്തെക്കുറിച്ച് വളരെ ചെറുപ്പം മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അത് ഓർക്കുമ്പോഴേ എനിക്ക് പേടിയായിരുന്നു. അങ്ങനെയൊക്കെ ചെയ്യുന്ന ദൈവം എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് ഞാൻ ചിന്തിച്ചു. എപ്പോഴും ദേഷ്യപ്പെട്ടിരിക്കുന്ന, തൊട്ടതിനും പിടിച്ചതിനും ഒക്കെ ശിക്ഷിക്കുന്ന ഒരാളായിരുന്നു എന്റെ മനസ്സിലെ ദൈവം.”
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും ദൈവത്തിന്റെ ന്യായവിധികളെക്കുറിച്ചും ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ദൈവത്തെക്കുറിച്ചുള്ള റോസിയോയുടെ തെറ്റിദ്ധാരണകളെല്ലാം മാറി. റോസിയോ പറയുന്നു: “മനസ്സിൽനിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെയാണ് എനിക്കു തോന്നിയത്. നമുക്ക് ഏറ്റവും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന, എനിക്ക് സ്നേഹിക്കാൻ കഴിയുന്ന ഒരാളാണ് ദൈവം എന്ന് എനിക്ക് ബോധ്യമായി. മക്കളെ കൈപിടിച്ച് നടത്തുന്ന സ്നേഹമുള്ള ഒരു അച്ഛനെപ്പോലെയാണ് ദൈവം.”—യശയ്യ 41:13.
ഒരുപാട് ആളുകൾ ദൈവഭക്തി കാണിക്കുന്നത് തീനരകത്തെ പേടിച്ചിട്ടാണ്. പക്ഷേ ശിക്ഷ പേടിച്ച് ആരും തന്നെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. പകരം യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ . . . സ്നേഹിക്കണം.” (മർക്കോസ് 12:29, 30) മാത്രമല്ല, ദൈവം ഇന്ന് അനീതി കാണിക്കുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ ദൈവത്തിന്റെ ഭാവിയിലെ ന്യായവിധികളും നീതിയുള്ളതായിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. ഇയ്യോബിന്റെ സുഹൃത്തായ എലീഹുവിനെപ്പോലെ നമുക്ക് ബോധ്യത്തോടെ ഇങ്ങനെ പറയാം: “ദൈവം ദുഷ്ടത പ്രവർത്തിക്കില്ലെന്ന് ഉറപ്പാണ്; സർവശക്തൻ നീതി നിഷേധിക്കില്ലെന്നു തീർച്ചയാണ്.”—ഇയ്യോബ് 34:12.