‘നിങ്ങൾ എന്റെ സാക്ഷികൾ!’
‘നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്.’—യെശ. 43:10.
1, 2. (എ) ഒരു സാക്ഷിയായിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്, പ്രകടമായ ഏതു വിധത്തിൽ ലോകത്തിലെ വാർത്താമാധ്യമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു? (ബി) ലോകത്തിലെ മാധ്യമങ്ങളെ യഹോവ ആശ്രയിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
സാക്ഷി എന്നു പറയുന്നത് ആരെയാണ്? ഒരു നിഘണ്ടു നൽകുന്ന നിർവചനം ഇങ്ങനെയാണ്: “ഒരു സംഭവം കാണുകയും നടന്നത് എന്തെന്ന് വിവരിക്കുകയും ചെയ്യുന്ന ഒരാൾ.” ഉദാഹരണത്തിന്, സൗത്ത് ആഫ്രിക്കയിലെ പീറ്റർമാരിറ്റ്സ്ബർഗ് നഗരത്തിൽ സാക്ഷി (The Witness) എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന ഒരു ദിനപ്പത്രം 160-ൽ അധികം വർഷങ്ങളായി പ്രസിദ്ധീകരിച്ചുവരുന്നു. ഒരു വർത്തമാനപ്പത്രത്തിന്റെ ഉദ്ദേശ്യംതന്നെ ലോകത്തിൽ നടക്കുന്ന സംഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്നതായതുകൊണ്ട് ആ പേര് തികച്ചും അനുയോജ്യമാണ്. സാക്ഷി എല്ലായ്പോഴും “സത്യം, പൂർണമായ സത്യം, സത്യം മാത്രം” പറയുന്ന ഒരു പത്രമായിരിക്കുമെന്ന് അതിന്റെ സ്ഥാപകപത്രാധിപർ ശപഥമെടുത്തിരുന്നത്രെ!
2 എന്നാൽ സങ്കടകരമെന്നു പറയട്ടെ, ലോകത്തിലെ വാർത്താമാധ്യമങ്ങൾ മാനവചരിത്രത്തിലെ സുപ്രധാനവസ്തുതകളെ നല്ലൊരളവോളം വളച്ചൊടിക്കുകയോ തമസ്കരിക്കുകയോ ചെയ്തിരിക്കുന്നു. സർവശക്തനായ ദൈവം “ഞാൻ . . . യഹോവയാകുന്നു എന്നു ജാതികൾ അറിയും” എന്ന് പുരാതനപ്രവാചകനായ യെഹെസ്കേൽ മുഖാന്തരം പ്രസ്താവിക്കുകയുണ്ടായി. (യെഹെ. 39:7) പക്ഷേ, ലൗകിക വാർത്താമാധ്യമങ്ങൾ അതിനായി ഒന്നുംതന്നെ ചെയ്യുന്നില്ല. എന്നാൽ പ്രപഞ്ചത്തിന്റെ പരമോന്നതഭരണാധികാരി ലോകത്തിലെ മാധ്യമങ്ങളെ ആശ്രയിക്കുന്നില്ല. സകല ജനതകളിലെയും ആളുകളോട് അവനെക്കുറിച്ചും മനുഷ്യവർഗത്തോട് ഇന്നോളമുള്ള അവന്റെ ഇടപെടലുകളെക്കുറിച്ചും പറയുന്ന 80 ലക്ഷത്തോളം സാക്ഷികൾ അവനുണ്ട്. മാനവരാശിയുടെ സദ്ഭാവിക്കായി താൻ ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളും സാക്ഷികളുടെ ഈ മഹാസൈന്യം ലോകത്തോട് ഉദ്ഘോഷിക്കുന്നു. ഈ സാക്ഷ്യവേലയ്ക്ക് പ്രഥമപരിഗണന നൽകുകവഴി, യെശയ്യാവു 43:10-ൽ പ്രസ്താവിച്ചിരിക്കുന്ന നമ്മുടെ ദൈവദത്തനാമത്തെ അന്വർഥമാക്കുകയാണ് നമ്മൾ: “നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.”
3, 4. (എ) ബൈബിൾവിദ്യാർഥികൾ പുതിയ ഒരു പേര് സ്വീകരിച്ചത് എപ്പോൾ, അതിനോട് അവർ എങ്ങനെ പ്രതികരിച്ചു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) നാം ഇപ്പോൾ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?
3 യഹോവ എന്ന തന്റെ നാമത്തെക്കുറിച്ച്, “ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു” എന്നു പ്രസ്താവിച്ച ദൈവം “നിത്യരാജാ”വാണ്. അതുകൊണ്ടുതന്നെ അവന്റെ നാമം വഹിക്കാനാകുന്നത് എത്ര ഉദാത്തമായ ഒരു പദവിയാണ്! (1 തിമൊ. 1:17; പുറ. 3:15; സഭാപ്രസംഗി 2:16 താരതമ്യം ചെയ്യുക.) ബൈബിൾവിദ്യാർഥികൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന നാമധേയം സ്വീകരിച്ചു. അതേത്തുടർന്ന് പ്രവഹിച്ച അഭിനന്ദനക്കത്തുകളിൽ പലതും ഈ മാസികയിൽ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയിലെ ഒരു സഭ ഇങ്ങനെ എഴുതി: “നമ്മൾ ‘യഹോവയുടെ സാക്ഷികൾ’ ആണെന്ന സുവാർത്ത ഞങ്ങളെ കോരിത്തരിപ്പിച്ചു. ആ പുതിയ പേരിനു യോഗ്യമാംവണ്ണം പ്രവർത്തിക്കാൻ അതു ഞങ്ങൾക്ക് ഒരു പുത്തനുണർവും പ്രചോദനവും പകർന്നു.”
4 ദൈവനാമം വഹിക്കാനുള്ള പദവിയെ വിലമതിക്കുന്നെന്ന് നിങ്ങൾക്ക് എങ്ങനെ കാണിക്കാനാകും? കൂടാതെ, യഹോവയുടെ സാക്ഷികൾ എന്ന നമ്മുടെ പേരിന്റെ തിരുവെഴുത്തുപശ്ചാത്തലം നിങ്ങൾക്ക് വിവരിക്കാനാകുമോ?
ദൈവത്തിന്റെ പുരാതനകാല സാക്ഷികൾ
5, 6. (എ) ഇസ്രായേല്യ മാതാപിതാക്കൾ യഹോവയുടെ സാക്ഷികൾ ആയിരിക്കേണ്ടിയിരുന്നത് ഏതു വിധത്തിൽ? (ബി) ഇസ്രായേല്യ മാതാപിതാക്കൾക്ക് മറ്റ് എന്തുകൂടി ചെയ്യാനുള്ള കല്പന ലഭിച്ചു, ഇന്നത്തെ മാതാപിതാക്കൾക്കും അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 യെശയ്യാവിന്റെ നാളിലെ ഓരോ ഇസ്രായേല്യനും യഹോവയുടെ ഒരു “സാക്ഷി”യായിരുന്നു. ആ ജനതയെ മൊത്തത്തിൽ ദൈവത്തിന്റെ ‘ദാസൻ’ എന്നും സംബോധന ചെയ്തിരിക്കുന്നു. (യെശ. 43:10) തങ്ങളുടെ പൂർവപിതാക്കന്മാരോടുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ച് ഇസ്രായേല്യ മാതാപിതാക്കൾ മക്കളെ പഠിപ്പിച്ചിരുന്നു. അവർ സാക്ഷ്യം നൽകിയ ഒരു വിധം അതായിരുന്നു. ഉദാഹരണത്തിന്, വർഷന്തോറും പെസഹാ ആചരിക്കാനുള്ള കല്പനയിൽ അവർക്ക് പിൻവരുന്ന നിർദേശം ലഭിച്ചു: “ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞുകടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം.” (പുറ. 12:26, 27) ഇസ്രായേല്യർക്ക് മരുഭൂമിയിൽച്ചെന്ന് യഹോവയെ ആരാധിക്കാൻ അനുമതിക്കായി മോശ ഈജിപ്റ്റിലെ ഭരണാധികാരിയെ ആദ്യം സമീപിച്ചപ്പോൾ, “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ” എന്ന് ഫറവോൻ ചോദിച്ചതായും ആ മാതാപിതാക്കൾ മക്കളോട് വിശദീകരിച്ചിട്ടുണ്ടാകും. (പുറ. 5:2) പത്തു ബാധകൾ ദേശത്ത് നാശം വിതയ്ക്കുകയും ചെങ്കടലിങ്കൽ മിസ്രയീമ്യസൈന്യത്തിൽനിന്ന് ഇസ്രായേല്യർ രക്ഷപ്പെടുകയും ചെയ്തപ്പോൾ ഫറവോന്റെ ചോദ്യത്തിനുള്ള ഉത്തരം സകലർക്കും പകൽപോലെ വ്യക്തമായി എന്നും അവർ പറഞ്ഞിട്ടുണ്ടാകണം. അതെ, യഹോവയായിരുന്നു സർവശക്തൻ; ഇന്നും അങ്ങനെതന്നെ. കൂടാതെ, യഹോവയാണ് സത്യദൈവവും വാഗ്ദാനപാലകനും എന്ന വസ്തുതയ്ക്ക് ഇസ്രായേൽ ജനത ജീവിക്കുന്ന സാക്ഷികളായിത്തീർന്നു.
6 യഹോവയുടെ നാമം വഹിക്കാനുള്ള പദവിയെ വിലമതിച്ചിരുന്ന ഇസ്രായേല്യർ, അത്ഭുതാവഹമായ ആ സംഭവവികാസങ്ങളെക്കുറിച്ച് മക്കളോടു മാത്രമല്ല തങ്ങളുടെ ഭവനങ്ങളിൽ അടിമകളായിരുന്ന പരദേശികളോടും സാക്ഷീകരിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. അതേ പ്രാധാന്യത്തോടെ, ദൈവത്തിന്റെ വിശുദ്ധി സംബന്ധിച്ച നിലവാരങ്ങൾ ആചരിക്കാൻ മക്കളെ പരിശീലിപ്പിക്കുന്നതിനും ഇസ്രായേല്യർക്ക് കല്പന ലഭിച്ചു. യഹോവ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.” (ലേവ്യ. 19:2; ആവ. 6:6, 7) ഇന്നത്തെ ക്രിസ്തീയ മാതാപിതാക്കൾക്ക് ഇത് നല്ലൊരു മാതൃകയാണ്. ദൈവത്തിന്റെ മഹനീയനാമത്തിന് ബഹുമതി കരേറ്റാൻ സഹായിച്ചുകൊണ്ട്, വിശുദ്ധിയുടെ വഴികളിൽ നടക്കാൻ അവർ മക്കളെ പരിശീലിപ്പിക്കേണ്ടത് എത്ര പ്രധാനമാണ്!—സദൃശവാക്യങ്ങൾ 1:8; എഫെസ്യർ 6:4 വായിക്കുക.
യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കുന്നത് അവന്റെ നാമത്തിന് മഹത്ത്വം കരേറ്റുന്നു (5, 6 ഖണ്ഡികകൾ കാണുക)
7. (എ) ഇസ്രായേല്യർ യഹോവയോട് വിശ്വസ്തരായിരുന്നപ്പോൾ ചുറ്റുമുള്ള ജനതകളിൽ അത് എന്തു പ്രഭാവം ചെലുത്തി? (ബി) ദൈവനാമം വഹിക്കുന്ന ഏവർക്കും എന്ത് ഉത്തരവാദിത്വമുണ്ട്?
7 അങ്ങനെ, ഇസ്രായേല്യർ വിശ്വസ്തരായിരുന്നപ്പോൾ അവർ ദൈവനാമത്തിന് ഒരു നല്ല സാക്ഷ്യം നൽകി. അവരോട് ഇങ്ങനെ പറയുകയുണ്ടായി: “യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.” (ആവ. 28:10) എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഇസ്രായേല്യചരിത്രത്തിൽ അധികവും അവിശ്വസ്തതയുടെ ഒരു രേഖയാണ്. മനുഷ്യനിർമിത വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്ക് അവർ വീണ്ടുംവീണ്ടും മടങ്ങിപ്പോയി. കൂടാതെ, മക്കളെ കുരുതികൊടുത്തും അധഃസ്ഥിതരെ അടിച്ചമർത്തിയും കൊണ്ട്, തങ്ങളുടെ ആരാധനാമൂർത്തികളായ കനാന്യദൈവങ്ങളെപ്പോലെതന്നെ അവരും ക്രൂരന്മാരായി മാറി. എത്ര ശക്തമായ ഒരു പാഠമാണ് ഇത് നമുക്ക് നൽകുന്നത്! നാമും അതിപരിശുദ്ധനായവന്റെ നാമമാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ ആ നാമത്തിന്റെ ഉടയവനെ അനുകരിച്ചുകൊണ്ട് സ്വന്തം വിശുദ്ധി കാത്തുകൊള്ളാൻ നമ്മൾ എല്ലായ്പോഴും കഠിനപരിശ്രമം കഴിക്കണം.
“ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു”
8. യഹോവയിൽനിന്ന് എന്തു നിയോഗമാണ് യെശയ്യാവിന് ലഭിച്ചത്, അതിനോട് യെശയ്യാവ് എങ്ങനെ പ്രതികരിച്ചു?
8 ഇസ്രായേൽ ജനത സാക്ഷ്യം വഹിക്കാനിരുന്ന, അടിമത്തത്തിൽനിന്നുള്ള വിസ്മയകരമായ ഒരു വിടുതലിനെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യെശ. 43:19) യെശയ്യാവിന്റെ പുസ്തകത്തിലെ ആദ്യത്തെ ആറ് അധ്യായങ്ങളിൽ അധികവും യെരുശലേമിന്റെയും സമീപനഗരങ്ങളുടെയും മേൽ വരാനിരുന്ന സുനിശ്ചിത നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്. എതിർപ്പ് വർധിച്ചുവരുമെങ്കിലും പിന്മാറാതെ മുന്നറിയിപ്പ് ഘോഷിച്ചുകൊണ്ടിരിക്കാൻ ഹൃദയങ്ങൾ പൂർണമായി വായിക്കുന്ന യഹോവ യെശയ്യാവിനോട് പറഞ്ഞു. യെശയ്യാവിന്റെ ഉള്ളൊന്നു കാളി; ദൈവത്തിന്റെ ജനത എത്രനാൾകൂടി അനുതാപമില്ലാതെ തുടരും എന്ന് അറിയാൻ അവൻ ആഗ്രഹിച്ചു. “പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും . . . ചെയ്യുവോളം തന്നേ” എന്ന് ദൈവം അവനോട് പറഞ്ഞു.—യെശയ്യാവു 6:8-12 വായിക്കുക.
9. (എ) യെരുശലേമിനെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം എപ്പോഴാണ് നിവൃത്തിയേറിയത്? (ബി) ഉണർന്നിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഏതു സാഹചര്യം ഇന്ന് നിലനിൽക്കുന്നു?
9 ഉസ്സീയാരാജാവിന്റെ ഭരണത്തിന്റെ അവസാനവർഷത്തിൽ അഥവാ ഏകദേശം ബി.സി. 778-ൽ ആണ് യെശയ്യാവിന് ഈ നിയോഗം ലഭിച്ചത്. ഹിസ്കീയാരാജാവിന്റെ വാഴ്ചയുടെ കുറെക്കാലം ഉൾപ്പെടെ ബി.സി. 732 വരെയും, കുറഞ്ഞപക്ഷം 46 വർഷം അവൻ തന്റെ പ്രവാചകവേല തുടർന്നു. ബി.സി. 607-ൽ യെരുശലേം നശിപ്പിക്കപ്പെടുന്നതിന് 125 വർഷം മുമ്പായിരുന്നു അത്. അങ്ങനെ, തങ്ങളുടെ ദേശത്തിന് ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ദൈവജനത്തിന് മതിയായ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇക്കാലത്തും, വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള മതിയായ മുന്നറിയിപ്പ് യഹോവ തന്റെ ജനത്തെ ഉപയോഗിച്ച് നൽകിയിരിക്കുന്നു. സാത്താന്റെ ദുഷ്ടഭരണം ഉടൻ അവസാനിക്കുമെന്നും അത് യേശുക്രിസ്തുവിന്റെ ആയിരംവർഷ വാഴ്ചയ്ക്ക് വഴിമാറുമെന്നും ഉള്ള വസ്തുത സംബന്ധിച്ച് ഉണർന്നിരിക്കാൻ വീക്ഷാഗോപുരം അതിന്റെ ആദ്യലക്കം മുതൽ 135 വർഷമായി വായനക്കാരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.—വെളി. 20:1-3, 6.
10, 11. യെശയ്യാവിന്റെ ഏതെല്ലാം പ്രവചനങ്ങളുടെ നിവൃത്തിക്ക് ബാബിലോണിലുണ്ടായിരുന്ന ഇസ്രായേല്യർ സാക്ഷ്യം വഹിച്ചു?
10 ബാബിലോണ്യർക്ക് കീഴടങ്ങിയ വിശ്വസ്തരായ അനേകം യഹൂദർ യെരുശലേമിന്റെ നാശത്തെ അതിജീവിച്ചു. അവർക്ക് ബാബിലോണിലേക്ക് ബന്ദികളായി പോകേണ്ടിവന്നു. (യിരെ. 27:11, 12) അവിടെവെച്ച്, 70 വർഷങ്ങൾക്കു ശേഷം വിസ്മയകരമായ ഒരു പ്രവചനത്തിന്റെ നിവൃത്തിക്ക് ദൈവജനം സാക്ഷികളായി: “നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനായവനുമായ കർത്താവ് (“യഹോവ,” സത്യവേദപുസ്തകം) അരുൾചെയ്യുന്നു: ‘ഞാൻ നിങ്ങൾക്കുവേണ്ടി ബാബിലോണിലേക്ക് ആളയച്ച് ഇരുമ്പഴികളെല്ലാം തകർക്കും.’”—യെശ. 43:14, ഓശാന.
11 ആ പ്രവചനത്തിനു ചേർച്ചയിൽ, ബി.സി. 539 ഒക്ടോബർ ആരംഭത്തിലെ ഒരു രാത്രിയിൽ ലോകത്തെ പിടിച്ചുലച്ച ഒരു സംഭവം നടന്നു. ബാബിലോണിലെ രാജാവും പ്രഭുക്കന്മാരും, യെരുശലേമിലെ ആലയത്തിൽനിന്ന് പിടിച്ചെടുത്ത വിശുദ്ധപാത്രങ്ങളിൽ വീഞ്ഞ് കുടിച്ച് അവരുടെ മനുഷ്യനിർമിത ദൈവങ്ങളെ പുകഴ്ത്തവെ മേദോ-പേർഷ്യൻ സൈന്യം ബാബിലോൺ പിടിച്ചടക്കി. അധിനിവേശത്തിന് നേതൃത്വം വഹിച്ച കോരെശ്, ബി.സി. 538-ലോ 537-ലോ ഒരു കല്പന പുറപ്പെടുവിച്ചു. യെരുശലേമിലേക്ക് മടങ്ങിച്ചെന്ന് ദൈവത്തിന്റെ ആലയം പുനർനിർമിക്കാൻ യഹൂദന്മാരെ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു അത്. ഇക്കാര്യങ്ങളെല്ലാം യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നു. കൂടാതെ, മാനസാന്തരം പ്രാപിച്ച ജനം യെരുശലേമിലേക്ക് മടങ്ങിയെത്തുമ്പോൾ താൻ അവർക്കായി കരുതുകയും അവരെ സംരക്ഷിക്കുകയും ചെയ്യും എന്ന യഹോവയുടെ വാഗ്ദാനവും അവൻ തന്റെ പ്രവചനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ദൈവം അവരെ, “എന്റെ സ്തുതിയെ വിവരി”ക്കേണ്ടതിന് “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം” എന്ന് വിളിച്ചു. (യെശ. 43:21; 44:26-28) ഈ പ്രവാസികൾ മടങ്ങിയെത്തി യെരുശലേമിൽ യഹോവയുടെ ആലയം പുനർനിർമിച്ചപ്പോൾ ഏകസത്യദൈവമായ യഹോവ എല്ലായ്പോഴും വാക്കു പാലിക്കും എന്ന ശാശ്വതസത്യത്തിന് അവർ സാക്ഷ്യം വഹിച്ചു.
12, 13. (എ) യഹോവയുടെ ആരാധനയുടെ പുനഃസ്ഥാപനത്തിൽ ഇസ്രായേല്യേരോടൊപ്പം വേറെ ആരുംകൂടെ ഉൾപ്പെട്ടിരുന്നു? (ബി) ‘ദൈവത്തിന്റെ ഇസ്രായേലിനെ’ പിന്തുണയ്ക്കവെ, ‘വേറെ ആടുകൾ’ എന്തുചെയ്യാൻ പ്രതീക്ഷിക്കുന്നു, അവർക്ക് എന്തു പ്രത്യാശയാണുള്ളത്?
12 ഇസ്രായേൽ വംശജരല്ലാഞ്ഞ ആയിരക്കണക്കിന് ആളുകൾ ആ പുനഃസ്ഥാപിതദേശത്തിന്റെ ഭാഗമായിരുന്നു. പിന്നീട്, മറ്റ് അനേകം വിജാതീയരും യഹൂദമതം സ്വീകരിക്കുകയുണ്ടായി. (എസ്രാ 2:58, 64, 65; എസ്ഥേ. 8:17) ഇന്ന് യേശുവിന്റെ ‘വേറെ ആടുകളിൽപ്പെട്ട’ “ഒരു മഹാപുരുഷാരം” “ദൈവത്തിന്റെ ഇസ്രായേ”ലായ അഭിഷിക്തക്രിസ്ത്യാനികൾക്ക് തങ്ങളുടെ വിശ്വസ്തമായ പിന്തുണ നൽകുന്നു. (വെളി. 7:9, 10; യോഹ. 10:16; ഗലാ. 6:16) മഹാപുരുഷാരവും യഹോവയുടെ സാക്ഷികൾ എന്ന ദൈവദത്തനാമം വഹിക്കുന്നതിൽ അവരോടൊപ്പം ചേർന്നിരിക്കുന്നു.
13 ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ യഹോവയുടെ സാക്ഷികളായി ജീവിച്ചതിന്റെ അനുഭവങ്ങൾ, ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നവരോട് വർണിക്കുമ്പോൾ മഹാപുരുഷാരം പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ആസ്വദിക്കും. എന്നാൽ, യഹോവയുടെ സാക്ഷികൾ എന്ന നമ്മുടെ നാമത്തിനൊത്ത് ഇപ്പോൾ ജീവിക്കുകയും വിശുദ്ധരായിരിക്കാൻ യത്നിക്കുകയും ചെയ്താൽ മാത്രമേ നമുക്ക് അത് സാധ്യമാകുകയുള്ളൂ. എന്നാൽ, വിശുദ്ധരായിരിക്കാൻ കഠിനമായി ശ്രമിക്കുമ്പോഴും വന്നുപോകുന്ന കുറവുകൾക്ക് നാം ദിനമ്പ്രതി ക്ഷമ യാചിക്കണം. നാം പാപികളാണെന്നും ദൈവത്തിന്റെ പരിശുദ്ധനാമം വഹിക്കാൻ നമ്മെ അനുവദിച്ചിരിക്കുന്നത് അവർണനീയമാംവിധം മഹത്തായ ഒരു ബഹുമതിയാണെന്നും മനസ്സിൽപ്പിടിക്കുന്നത് നമ്മെ അതിന് സഹായിക്കും.—1 യോഹന്നാൻ 1:8, 9 വായിക്കുക.
ദൈവനാമത്തിന്റെ അർഥവ്യാപ്തി
14. യഹോവ എന്ന നാമത്തിന്റെ അർഥം എന്താണ്?
14 ദൈവനാമം വഹിക്കാനുള്ള പദവിയോട് നമുക്കുള്ള വിലമതിപ്പ് വർധിപ്പിക്കുന്നതിന് അതിന്റെ അർഥത്തെക്കുറിച്ച് മനനം ചെയ്യുന്നത് നന്നായിരിക്കും. മലയാളത്തിൽ സാധാരണമായി “യഹോവ” എന്ന് എഴുതിവരുന്ന ദിവ്യനാമം പ്രവർത്തനത്തെ കാണിക്കുന്ന ഒരു എബ്രായക്രിയയിൽനിന്നാണ് വന്നിരിക്കുന്നത്. “ആയിത്തീരാൻ” എന്ന് അതിനെ പരിഭാഷപ്പെടുത്താനായേക്കും. അതുകൊണ്ട്, യഹോവ എന്ന പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. ഭൗമികപ്രപഞ്ചത്തിന്റെയും ബുദ്ധിശക്തിയുള്ള സൃഷ്ടികളുടെയും സ്രഷ്ടാവ് എന്ന നിലയിലും തന്റെ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കുന്നവൻ എന്ന നിലയിലും ഉള്ള യഹോവയുടെ ഭാഗധേയവുമായി ഈ നിർവചനം നന്നായി യോജിക്കുന്നു. ദൈവോദ്ദേശ്യത്തിന്റെ ക്രമാനുഗതമായ സാക്ഷാത്കാരത്തിന് തടയിടാൻ സാത്താനെപ്പോലെ ഏതൊരു എതിരാളി പരിശ്രമിച്ചാലും, സംഭവങ്ങൾ ചുരുളഴിയവെ തന്റെ ഹിതവും ഉദ്ദേശ്യവും സഫലീകൃതമാകാൻ യഹോവ ഇടയാക്കിക്കൊണ്ടേയിരിക്കും.
15. തന്റെ നാമത്തിന്റെ അർഥത്തിൽ പ്രതിഫലിച്ചുകാണുന്ന തന്റെ വ്യക്തിത്വത്തിന്റെ ഒരു വശം ഏതു വിധത്തിലാണ് യഹോവ വെളിപ്പെടുത്തിയത്? (“അർഥസമ്പുഷ്ടമായ ഒരു നാമം” എന്ന ചതുരം കാണുക.)
15 ദൈവജനത്തെ ഈജിപ്റ്റിൽനിന്ന് വിടുവിക്കുന്നതിന് നേതൃത്വം വഹിക്കാൻ മോശയെ നിയോഗിച്ചപ്പോൾ യഹോവ തന്റെ നാമത്തെ വിശദീകരിക്കാനായി, ബന്ധപ്പെട്ട ഒരു ക്രിയാപദം ഉപയോഗിച്ചുകൊണ്ട് തന്റെ വ്യക്തിത്വത്തിന്റെ ഒരു വശം വെളിപ്പെടുത്തി. ഇത്തവണ ‘ഞാൻ’ എന്ന ഉത്തമപുരുഷ സർവനാമം ഉപയോഗിച്ചുകൊണ്ടാണ് യഹോവ സംസാരിച്ചത്. ബൈബിൾരേഖ ഇങ്ങനെ പ്രസ്താവിക്കുന്നു: “അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു (“എന്തായിത്തീരാൻ ഞാൻ തീരുമാനിക്കുന്നുവോ ഞാൻ അതായിത്തീരും,” NW 2013); ഞാൻ ആകുന്നു (“ഞാൻ ആയിത്തീരും,” NW 2013) എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.” (പുറ. 3:14) അതുകൊണ്ട് യഹോവ ഏതൊരു സാഹചര്യത്തിലും തന്റെ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ആവശ്യമായതെന്തും ആയിത്തീരും. ഒരിക്കൽ അടിമകളായിരുന്ന ഇസ്രായേല്യരുടെ ഭൗതികവും ആത്മീയവും ആയ സകല ആവശ്യങ്ങളും തൃപ്തിപ്പെടുത്തിക്കൊണ്ട് അവൻ അവരുടെ വിമോചകനും സംരക്ഷകനും വഴികാട്ടിയും ദാതാവും ആയിത്തീർന്നു.
നമ്മുടെ പദവിക്കായി നന്ദി പ്രകാശിപ്പിക്കൽ
16, 17. (എ) ദൈവനാമം വഹിക്കാനുള്ള പദവിയോട് നമുക്കുള്ള നന്ദി എങ്ങനെ കാണിക്കാനാകും? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
16 നമ്മുടെ ആത്മീയവും ഭൗതികവും ആയ എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്തിക്കൊണ്ട് യഹോവ ഇന്നും തന്റെ പേരിനെ അന്വർഥമാക്കുന്ന വിധത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, ദൈവം സ്വയം എന്ത് ആയിത്തീരാൻ തീരുമാനിക്കുന്നു എന്നതിൽ മാത്രമായി ദൈവനാമത്തിന്റെ അർഥം പരിമിതപ്പെട്ടു നിൽക്കുന്നില്ല. തന്റെ ഉദ്ദേശ്യം സാക്ഷാത്കരിച്ചുകൊണ്ടുള്ള തന്റെ സാക്ഷികളുടെ പ്രവർത്തനത്തോടുള്ള ബന്ധത്തിൽ എന്തു സംഭവിക്കാൻ അവൻ ഇടയാക്കുന്നു എന്നതും ഇതിൽ ഉൾപ്പെടുന്നു. അതേക്കുറിച്ച് ധ്യാനിക്കുന്നത് അവന്റെ നാമത്തിന്റെ അർഥത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കും. കഴിഞ്ഞ 70 വർഷമായി നോർവേയിൽ ഒരു സതീക്ഷ്ണസാക്ഷിയായി തുടരുന്ന, 84 വയസ്സുള്ള കോര ഇങ്ങനെ പറയുന്നു: “നിത്യതയുടെ രാജാവായ യഹോവയെ സേവിക്കുന്നതും അവന്റെ പരിശുദ്ധനാമം വിളിക്കപ്പെട്ടിരിക്കുന്ന ജനത്തിന്റെ ഭാഗമായിരിക്കുന്നതും മഹത്തായ ഒരു ബഹുമതിയായി ഞാൻ മനസ്സിലാക്കുന്നു. ആളുകൾക്ക് ബൈബിൾസത്യങ്ങൾ പകർന്നുകൊടുക്കുന്നതും സന്തോഷത്താലും ഗ്രാഹ്യത്താലും അവരുടെ കണ്ണുകൾ തിളങ്ങുന്നത് കാണുന്നതും എല്ലായ്പോഴും ഒരു ശ്രേഷ്ഠപദവിയാണ്. ഉദാഹരണത്തിന്, ക്രിസ്തുവിന്റെ മറുവിലയാഗം പ്രവർത്തിക്കുന്നത് എങ്ങനെയെന്നും അതിലൂടെ സമാധാനപൂർണവും നീതിനിഷ്ഠവും ആയ ഒരു പുതിയ ലോകത്തിൽ എന്നേക്കുമുള്ള ജീവിതം നേടാനാകുന്നത് എങ്ങനെയെന്നും അവരെ പഠിപ്പിക്കുന്നത് എനിക്ക് ആഴമായ സംതൃപ്തി നൽകുന്നു.”
17 ദൈവത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ആളുകളെ കണ്ടെത്തുന്നത് ചില പ്രദേശങ്ങളിൽ കൂടുതൽക്കൂടുതൽ ദുഷ്കരമായിക്കൊണ്ടിരിക്കുന്നു എന്നത് ശരിയാണ്. എങ്കിൽപ്പോലും ശ്രദ്ധിക്കുന്ന ഒരു കാത് കണ്ടെത്തുമ്പോൾ, ദൈവത്തിന്റെ നാമത്തെക്കുറിച്ച് ആ വ്യക്തിയെ പഠിപ്പിക്കുമ്പോൾ, കോരയെപ്പോലെ നിങ്ങൾക്കും അതിയായ സന്തോഷം അനുഭവപ്പെടാറില്ലേ? എന്നാൽ, നമുക്ക് യഹോവയുടെ സാക്ഷികളായിരിക്കാനും അതേസമയംതന്നെ യേശുവിന്റെ സാക്ഷികളായിരിക്കാനും ആകുന്നത് എങ്ങനെയാണ്? ആ ചോദ്യത്തെക്കുറിച്ചാണ് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നത്.