യഹോവയോട് നന്ദി പറഞ്ഞുകൊണ്ട് അനുഗ്രഹങ്ങൾ രുചിച്ചറിയുക
“യഹോവെക്കു സതോത്രം ചെയ്വിൻ (നന്ദി പറയുവിൻ, NW); അവൻ നല്ലവനല്ലോ.”—സങ്കീ. 106:1.
1. നമ്മുടെ നന്ദിക്കും പുകഴ്ചയ്ക്കും യഹോവ യോഗ്യനായിരിക്കുന്നത് എന്തുകൊണ്ട്?
“എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും” ഉദാരമായി നൽകുന്നവനായ യഹോവ നമ്മുടെ നന്ദിക്കും പുകഴ്ചയ്ക്കും സർവഥാ യോഗ്യനാണ്. (യാക്കോ. 1:17) നമ്മുടെ സ്നേഹനിധിയായ ഇടയനാണ് അവൻ. നമ്മുടെ ഭൗതികവും ആത്മീയവും ആയ ആവശ്യങ്ങൾ അവൻ ആർദ്രതയോടെ നിറവേറ്റുന്നു. (സങ്കീ. 23:1-3) ഇന്നോളം, വിശേഷാൽ കഷ്ടപ്പാടും ദുരിതവും നിറഞ്ഞ നാളുകളിൽ, അവൻ “നമ്മുടെ സങ്കേതവും ബലവും” ആണെന്ന് തെളിയിച്ചിരിക്കുന്നു. (സങ്കീ. 46:1) “യഹോവയ്ക്കു നന്ദി പറയുവിൻ, അവൻ നല്ലവനല്ലോ; അവന്റെ വിശ്വസ്തസ്നേഹം എന്നേക്കും ഉള്ളത്” എന്ന് എഴുതിയ സങ്കീർത്തനക്കാരനോട് മുഴുഹൃദയാ യോജിക്കാൻ നമുക്കും കാരണങ്ങൾ അനവധിയാണ്.—സങ്കീ. 106:1, NW.
2015-ലെ നമ്മുടെ വാർഷികവാക്യം: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ.”—സങ്കീ. 106:1.
2, 3. (എ) നമുക്കുള്ള അനുഗ്രഹങ്ങളെ നിസ്സാരമട്ടിൽ കാണുന്നതിന്റെ അപകടങ്ങൾ എന്തെല്ലാം? (ബി) ഈ ലേഖനത്തിൽ നാം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?
2 നന്ദി നൽകുക എന്ന ഈ വിഷയം ഇത്ര പ്രാധാന്യത്തോടെ നാം പരിചിന്തിക്കേണ്ടത് എന്തുകൊണ്ടാണ്? മുൻകൂട്ടി പറഞ്ഞതുപോലെ, അന്ത്യനാളുകളിലെ ആളുകൾ മുമ്പെന്നത്തെക്കാൾ നന്ദിയില്ലാത്തവർ ആയിത്തീർന്നിരിക്കുകയാണ്. (2 തിമൊ. 3:2) പലരും തങ്ങൾക്കുള്ള അനുഗ്രഹങ്ങളെ നിസ്സാരമട്ടിൽ വീക്ഷിക്കുന്നു. തങ്ങൾക്കുള്ളതിൽ സംതൃപ്തരാകാതെ കച്ചവടലോകത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെയും മാസ്മരവലയത്തിൽപ്പെട്ട് അധികമധികം വസ്തുവകകൾ വാരിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ഇന്ന് ദശലക്ഷങ്ങൾ. ശ്രദ്ധയില്ലാത്തപക്ഷം, നന്ദിയില്ലായ്മയുടെ ഈ മനോഭാവം നമ്മുടെമേലും പിടിമുറുക്കാനിടയുണ്ട്. യഹോവയുമായുള്ള അമൂല്യബന്ധത്തോടും അവൻ നൽകിയിട്ടുള്ള സമൃദ്ധമായ അനുഗ്രഹങ്ങളോടും വിലമതിപ്പ് നഷ്ടപ്പെട്ട് പുരാതനനാളിലെ ഇസ്രായേൽ ജനത്തെപ്പോലെ ഒരുപക്ഷേ നമ്മളും നന്ദിയില്ലാത്തവരായിത്തീർന്നേക്കാം.—സങ്കീ. 106:7, 11-13.
3 ഇനി, കഠിന പരിശോധനയിലൂടെ കടന്നുപോകവേ നമുക്ക് എന്തു സംഭവിക്കാനിടയുണ്ട് എന്നതും പരിചിന്തിക്കുക. കഷ്ടപ്പാടും ഞെരുക്കവും വന്നുമൂടുമ്പോൾ, നാം തളർന്നുപോകാനും നമുക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ച് മറന്നുപോകാനും സാധ്യതയുണ്ട്. (സങ്കീ. 116:3) അതുകൊണ്ട് നന്ദിനിറഞ്ഞ ഒരു ഹൃദയനില വളർത്തിയെടുക്കാനും നിലനിറുത്താനും നമുക്ക് എങ്ങനെ കഴിയും? കഠിനമായ പരിശോധനകളിലൂടെ കടന്നുപോകുമ്പോൾപ്പോലും സന്തോഷവും ശുഭാപ്തിവിശ്വാസവും ഉള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും? നമുക്കു നോക്കാം.
‘യഹോവേ, നീ ചെയ്ത പ്രവൃത്തികൾ എത്ര അധികമാകുന്നു!’
4. നന്ദിനിറഞ്ഞ ഹൃദയം നമുക്ക് എങ്ങനെ നിലനിറുത്താനാകും?
4 നന്ദിനിറഞ്ഞ ഒരു ഹൃദയനില വളർത്തിയെടുക്കാനും നിലനിറുത്താനും നമുക്കു കഴിയണമെങ്കിൽ, യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളും അവൻ നമ്മോട് വിശ്വസ്തസ്നേഹം കാണിച്ചിരിക്കുന്ന വിധങ്ങളും നാം തിരിച്ചറിയുകയും വിലമതിപ്പോടെ ധ്യാനിക്കുകയും വേണം. സങ്കീർത്തനക്കാരൻ അങ്ങനെ ചെയ്തപ്പോൾ, യഹോവ ചെയ്ത അനവധിയായ അത്ഭുതകാര്യങ്ങളെപ്രതി അവന്റെ ഹൃദയത്തിൽ നന്ദിയും ഭക്ത്യാദരവും നിറഞ്ഞു.—സങ്കീർത്തനം 40:5; 107:43 വായിക്കുക.
5. കൃതജ്ഞതാമനോഭാവം നട്ടുവളർത്തുന്ന കാര്യത്തിൽ അപ്പൊസ്തലനായ പൗലോസിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
5 കൃതജ്ഞതാമനോഭാവം നട്ടുവളർത്തുന്ന കാര്യത്തിൽ അപ്പൊസ്തലനായ പൗലോസിൽനിന്ന് നമുക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനാകും. അവൻ കൂടെക്കൂടെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചതായി നാം വായിക്കുന്നു. തനിക്കുണ്ടായിരുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവൻ ധ്യാനിക്കുമായിരുന്നു എന്നതിന്റെ തെളിവാണ് ഇത്. മുമ്പ് താൻ “ദൈവദൂഷകനും പീഡകനും ധിക്കാരിയും ആയിരുന്നു” എന്ന അവബോധം പൗലോസിന് എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, തന്റെ പാപപൂർണമായ കഴിഞ്ഞകാല ജീവിതഗതി കണക്കിടാതെ ദൈവവും ക്രിസ്തുവും അവനോട് കരുണകാണിക്കുകയും ശുശ്രൂഷ ഭരമേൽപ്പിക്കുകയും ചെയ്തതു നിമിത്തം അവൻ അവരോട് അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചു. (1 തിമൊഥെയൊസ് 1:12-14 വായിക്കുക.) പൗലോസ് സഹക്രിസ്ത്യാനികളെയും ആഴമായി വിലമതിച്ചിരുന്നു. അവരുടെ നല്ല ഗുണങ്ങളെയും വിശ്വസ്തസേവനത്തെയും പ്രതി പൗലോസ് മിക്കപ്പോഴുംതന്നെ യഹോവയോട് നന്ദി പറയുമായിരുന്നു. (ഫിലി. 1:3-5, 7; 1 തെസ്സ. 1:2, 3) ക്ലേശപൂർണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകവേ, ക്രിസ്തീയസഹോദരങ്ങളിൽനിന്ന് തക്കസമയത്തു ലഭിച്ച സഹായങ്ങൾക്കായി തത്ക്ഷണം യഹോവയ്ക്ക് നന്ദി പറയാൻ അവൻ മറന്നില്ല. (പ്രവൃ. 28:15; 2 കൊരി. 7:5-7) അതുകൊണ്ടുതന്നെയാണ് തന്റെ പല ലേഖനങ്ങളിലും പിൻവരുന്ന പ്രകാരം പൗലോസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചിരിക്കുന്നത്: “നിങ്ങൾ നന്ദിയുള്ളവരെന്നു കാണിക്കുകയും . . . സങ്കീർത്തനങ്ങളാലും സ്തുതികളാലും ഹൃദ്യമായ ആത്മീയഗീതങ്ങളാലും അന്യോന്യം . . . ഉദ്ബോധിപ്പിക്കുകയും ഹൃദയങ്ങളിൽ യഹോവയ്ക്കു പാടുകയും . . . കൃതജ്ഞതയർപ്പിക്കുകയും ചെയ്യുവിൻ.”—കൊലോ. 3:15-17.
കൃതജ്ഞതാമനോഭാവം നിലനിറുത്താൻ പ്രാർഥനയും ധ്യാനവും അനിവാര്യം
6. എന്തിനെല്ലാമാണ് യഹോവയോട് വിശേഷാൽ നന്ദി പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?
6 നന്ദിയുള്ള ഒരു ഹൃദയം രൂപപ്പെടുത്തുന്നതിലും നന്ദി കാണിക്കുന്നതിലും പൗലോസിന്റെ മാതൃക നമുക്ക് എങ്ങനെ പകർത്താനാകും? പൗലോസിനെപ്പോലെ നമ്മളും, യഹോവ നമുക്ക് ഓരോരുത്തർക്കും ചെയ്തിരിക്കുന്ന ചെറുതും വലുതും ആയ കാര്യങ്ങൾ ഓർത്തെടുക്കുകയും അവയെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുകയും വേണം. (സങ്കീ. 116:12) യഹോവയുടെ ഏതെല്ലാം അനുഗ്രഹങ്ങൾക്കായാണ് നിങ്ങൾ നന്ദി പറയാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാൽ എന്തായിരിക്കും നിങ്ങളുടെ ഉത്തരം? യഹോവയുമായി നിങ്ങൾ ആസ്വദിക്കുന്ന അമൂല്യമായ ഹൃദയബന്ധത്തെക്കുറിച്ച് നിങ്ങൾ പറയുമോ? ക്രിസ്തുവിന്റെ മറുവിലയിലുള്ള വിശ്വാസം നിമിത്തം നിങ്ങൾക്കു ലഭിച്ച പാപമോചനത്തെക്കുറിച്ച് നിങ്ങൾ ഓർക്കുമോ? കഠിനപരിശോധനകളുടെ നാളുകളിൽ നിങ്ങൾക്കൊപ്പം നിന്ന, നിങ്ങൾക്ക് കൈത്താങ്ങേകിയ, സഹോദരീസഹോദരന്മാരുടെ പേരുകൾ നിങ്ങൾ ഉൾപ്പെടുത്തുമോ? ഇനിയും, നിങ്ങളുടെ പ്രിയ ഭാര്യയെയോ ഭർത്താവിനെയോ മക്കളെയോ കുറിച്ച് നിങ്ങൾ പറയാതിരിക്കുമോ? നമ്മുടെ സ്വർഗീയപിതാവായ യഹോവ നമുക്ക് നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾ എണ്ണാനും അവയെക്കുറിച്ച് ചിന്തിക്കാനും സമയമെടുക്കുന്നത് നിങ്ങളുടെ ഹൃദയത്തിൽ അവനോടുള്ള വിലമതിപ്പ് നിറഞ്ഞുകവിയാൻ ഇടയാക്കും. അതാകട്ടെ, നിത്യവും യഹോവയോട് നന്ദി പറയാൻ നിങ്ങളെ പ്രചോദിപ്പിക്കും.—സങ്കീർത്തനം 92:1, 3 വായിക്കുക.
7. (എ) നന്ദി കരേറ്റുന്ന പ്രാർഥനകൾ നാം അർപ്പിക്കേണ്ടത് എന്തുകൊണ്ട്? (ബി) പ്രാർഥനകളിൽ കൃതജ്ഞത പ്രകാശിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് വ്യക്തിപരമായി എന്ത് പ്രയോജനം ലഭിക്കും?
7 നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്ത മനസ്സിലും ഹൃദയത്തിലും നിറഞ്ഞുനിൽക്കുമ്പോൾ, പ്രാർഥിക്കാനും യഹോവയോട് നന്ദി പറയാനും നാം പ്രേരിതരാകും. (സങ്കീ. 95:2; 100:4, 5) പ്രാർഥന എന്നു പറയുമ്പോൾ അനേകരും ചിന്തിക്കുന്നത് അഭ്യർഥനകളെയും അഭയയാചനകളെയും കുറിച്ചു മാത്രമാണ്. എന്നാൽ, നമുക്കുള്ള കാര്യങ്ങൾക്കായി നാം യഹോവയോട് നന്ദി പറയുമ്പോൾ അവൻ അതിൽ സംപ്രീതനാകുന്നെന്ന് നമുക്ക് അറിയാം. ഹന്നായുടെയും ഹിസ്കീയാവിന്റെയും പ്രാർഥനകൾപോലെ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന നിരവധി പ്രാർഥനകൾ, കൃതജ്ഞതാസ്തോത്രത്തിന്റെ ഹൃദയസ്പർശിയായ ചില മാതൃകകളാണ്. (1 ശമൂ. 2:1-10; യെശ. 38:9-20) അതുകൊണ്ട് നന്ദിയുടെയും വിലമതിപ്പിന്റെയും ഉത്തമ മാതൃകകളായ ആ വിശ്വസ്ത ദൈവദാസരെ നമുക്ക് അനുകരിക്കാം. അതെ, നിങ്ങൾക്കുള്ള അനുഗ്രഹങ്ങൾക്കായി പ്രാർഥനയിൽ യഹോവയ്ക്ക് നന്ദിയും സ്തുതിയും കരേറ്റുക. (1 തെസ്സ. 5:17, 18) അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ അനവധിയാണ്. നിങ്ങളുടെ ഉത്സാഹവും സന്തോഷവും വർധിച്ചുവരും. യഹോവയോടുള്ള നിങ്ങളുടെ സ്നേഹം ആഴമുള്ളതായിത്തീരും. അതിലുപരി, നിങ്ങൾക്ക് അവനോട് അധികമധികം അടുത്തുചെല്ലാനുമാകും.—യാക്കോ. 4:8.
യഹോവയിൽനിന്നുള്ള എന്തെല്ലാം അനുഗ്രഹങ്ങൾക്കായാണ് നിങ്ങൾ വിശേഷാൽ നന്ദി പറയാൻ ആഗ്രഹിക്കുന്നത്? (6, 7 ഖണ്ഡികകൾ കാണുക)
8. യഹോവ നമുക്കായി ചെയ്തിരിക്കുന്ന സകല നന്മകളോടുമുള്ള നമ്മുടെ വിലമതിപ്പു നഷ്ടമാകാൻ എന്ത് ഇടയാക്കിയേക്കാം?
8 യഹോവയുടെ നന്മകളോടുള്ള നമ്മുടെ വിലമതിപ്പ് നഷ്ടപ്പെട്ടുപോകാതിരിക്കാൻ നാം സദാ ജാഗ്രതപുലർത്തേണ്ടത് എന്തുകൊണ്ടാണ്? നന്ദികേടു കാണിക്കാനുള്ള ഒരു പ്രവണതയാണ് പാരമ്പര്യമായി നമുക്ക് കൈമാറിക്കിട്ടിയിരിക്കുന്നത്. ഇതെക്കുറിച്ച് ചിന്തിക്കുക: നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും മനോഹരമായ ഒരു പറുദീസയിലാണ് ദൈവം ആക്കിവെച്ചത്. അവർക്ക് ഒന്നിനും കുറവില്ലായിരുന്നു. ശാന്തസുന്ദരമായ ചുറ്റുപാടുകളിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശയും അവരുടെ മുമ്പിലുണ്ടായിരുന്നു. (ഉല്പ. 1:28) പക്ഷേ തങ്ങൾക്കുണ്ടായിരുന്ന അനുഗ്രഹങ്ങളെ അവർ വിലമതിച്ചില്ല. അതിമോഹത്തോടെ അവർ മറ്റു പലതിനുമായി വാഞ്ഛിച്ചു. ഫലമോ? അവർക്ക് സകലതും നഷ്ടമായി. (ഉല്പ. 3:6, 7, 17-19) നന്ദികേടു നിറഞ്ഞ ലോകത്തിൽ ജീവിക്കുന്നതു നിമിത്തം, യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന സകലതിനോടുമുള്ള വിലമതിപ്പ് നമുക്കും സാവധാനം നഷ്ടപ്പെട്ടു പോകാനിടയുണ്ട്. ദൈവവുമായുള്ള നമ്മുടെ സുഹൃദ്ബന്ധത്തെ ലാഘവത്തോടെ എടുക്കാനുള്ള ഒരു ചായ്വ് നമ്മിൽ ഉടലെടുത്തേക്കാം. നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായിരിക്കാനുള്ള പദവിയോടുള്ള വിലമതിപ്പും ഒരുപക്ഷേ നമുക്ക് കുറഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുതന്നെ അരങ്ങൊഴിയാനുള്ള ഈ ലോകത്തിന്റെ കാര്യാദികളിൽ നാം മുങ്ങിപ്പോയേക്കാം. (1 യോഹ. 2:15-17) അത്തരത്തിൽ നന്ദികേടിലേക്ക് കൂപ്പുകുത്താതിരിക്കാൻ, നമുക്കു ലഭിച്ചിരിക്കുന്ന ഒരോ അനുഗ്രഹങ്ങളെക്കുറിച്ചും ഓർക്കുകയും യഹോവയുടെ ജനത്തിന്റെ ഭാഗമായിരിക്കാനുള്ള പദവിയെപ്രതി നാം അവന് നിത്യവും നന്ദി നൽകുകയും വേണം.—സങ്കീർത്തനം 27:4 വായിക്കുക.
കഠിന പരിശോധനകളുമായി മല്ലിടവേ. . .
9. കഠിന പരിശോധനകളുമായി മല്ലിടവേ, നമുക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
9 നന്ദി നിറഞ്ഞ ഒരു ഹൃദയമുണ്ടായിരിക്കുന്നത് കഠിനമായ പരിശോധനകളെ തരണം ചെയ്യാൻ നമ്മെ സഹായിക്കും. ഇണയുടെ അവിശ്വസ്തത, മാരകമായ രോഗം, പ്രിയപ്പെട്ട ചിലരുടെ വേർപാട്, ജീവിതങ്ങൾ കശക്കിയെറിയുന്ന പ്രകൃതി വിപത്തുകൾ എന്നിങ്ങനെ നിനച്ചിരിക്കാതെ ആഞ്ഞടിക്കുന്ന ദുരന്തങ്ങൾ ജീവിതത്തെ തകിടംമറിക്കുമ്പോൾ നാം ആകെ തളർന്നുപോയേക്കാം. അത്തരം സാഹചര്യങ്ങളിൽ, ഇന്നോളം നമുക്കു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ബോധപൂർവം ചിന്തിക്കുന്നത് ആശ്വാസവും പിടിച്ചുനിൽക്കാനുള്ള ശക്തിയും നമുക്കു പകരും. ജീവിക്കുന്ന ചില അനുഭവങ്ങൾ നമ്മുടെ ഇടയിലുണ്ട്.
10. അനുഗ്രഹങ്ങളെക്കുറിച്ച് ഒന്നൊന്നായി ചിന്തിച്ചത് ഐറീനയെ സഹായിച്ചത് എങ്ങനെ?
10 വടക്കെ അമേരിക്കയിലുള്ള ഒരു സാധാരണ പയനിയറാണ് ഐറീനa. സഭയിലെ ഒരു മൂപ്പനായിരുന്നു അവളുടെ ഭർത്താവ്. പക്ഷേ അവിശ്വസ്തനായിത്തീർന്ന അയാൾ അവളെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചുപോയി. എന്നാൽ ആ പ്രതിസന്ധിയിലും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാൻ ഐറീനയെ എന്താണ് സഹായിച്ചത്? അവൾ ഇങ്ങനെ പറയുന്നു: “യഹോവ എന്നോട് വ്യക്തിപരമായി കാണിക്കുന്ന കരുതലിന് ഞാൻ അവനോട് അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഞാൻ ദിവസവും, എനിക്കുള്ള അനുഗ്രഹങ്ങൾ ഒന്നൊന്നായി മനസ്സിലേക്കു കൊണ്ടുവരും. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ കരുതലുള്ള സ്വർഗീയപിതാവിനാൽ അറിയപ്പെടുന്നതും സ്നേഹിക്കപ്പെടുന്നതും എത്ര വലിയ പദവിയാണ് എന്ന് എനിക്ക് തിരിച്ചറിയാനാകുന്നു. അവൻ എന്നെ ഒരിക്കലും കൈവിടില്ല എന്ന് എനിക്കുറപ്പുണ്ട്.” ദാരുണമായ പലതും അനുഭവിക്കേണ്ടിവന്നെങ്കിലും ഐറീനയുടെ പ്രസന്നമനോഭാവം പിടിച്ചുനിൽക്കാൻ അവളെ സഹായിക്കുന്നു. അവൾ മറ്റുള്ളവർക്കും പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്.
11. മാരകമായ രോഗത്തോട് മല്ലിടവേ സഹിച്ചുനിൽക്കാൻ ക്യൂങ്-സൂക്കിനെ സഹായിച്ചത് എന്ത്?
11 ഒരു ഏഷ്യൻ രാജ്യത്ത് താമസിക്കുന്ന ക്യൂങ്-സൂക്കും ഭർത്താവും 20 വർഷത്തിലേറെയായി പയനിയറിങ് ചെയ്തുവരികയായിരുന്നു. അങ്ങനെയിരിക്കെ, അവൾക്ക് ശ്വാസകോശത്തിൽ ക്യാൻസറാണെന്ന് ഒരു പരിശോധനയിൽ കണ്ടെത്തി. രോഗം മൂർച്ഛിച്ചുപോയിരുന്നതിനാൽ ഏറിയാൽ ആറുമാസമേ ജീവിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. ചെറുതും വലുതുമായ പല പ്രതിസന്ധികളെയും സഹോദരിയും ഭർത്താവും നേരിട്ടിട്ടുണ്ടെങ്കിലും ഏതെങ്കിലും ആരോഗ്യപ്രശ്നം തങ്ങളെ ബാധിക്കുമെന്ന് അവർ ചിന്തിച്ചിരുന്നില്ല. സഹോദരി ഇങ്ങനെ പറയുന്നു: “ഈ ആരോഗ്യപ്രശ്നം എന്നെ തകർത്തുകളഞ്ഞു. എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ. . . ! ഞാൻ വല്ലാതെ ഭയന്നുപോയി.” എന്നാൽ സഹിച്ചുനിൽക്കാൻ ക്യൂങ്-സൂക്ക് സഹോദരിയെ സഹായിച്ചത് എന്താണ്? അവൾ പറയുന്നു: “ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് വീടിനു മുകളിൽ പോയിനിന്ന് എനിക്ക് അന്നേ ദിവസം ലഭിച്ച അഞ്ച് അനുഗ്രഹങ്ങൾ എടുത്തുപറഞ്ഞ് ഞാൻ ഉച്ചത്തിൽ ദൈവത്തോട് നന്ദിപറയും. അപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നും. യഹോവയോടുള്ള എന്റെ സ്നേഹം കൂടുതൽ തീവ്രമായിത്തീരും.” രാത്രിയിലുള്ള ഈ പ്രാർഥനകളിൽനിന്ന് ക്യൂങ്-സൂക്ക് എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു? അവൾ പറയുന്നു: “പരിശോധനകൾ നിറഞ്ഞ സാഹചര്യങ്ങളിൽ യഹോവ എന്നെ താങ്ങുന്നുവെന്നും, നമ്മുടെ ജീവിതത്തിൽ പരിശോധനകളുടെ പതിന്മടങ്ങ് അനുഗ്രഹങ്ങളാണുള്ളതെന്നും തിരിച്ചറിയാൻ എനിക്കായി.”
ദുരന്തത്തെ അതിജീവിച്ച അനിയൻ ജോണിനോടൊപ്പം(13-ാം ഖണ്ഡിക കാണുക)
12. ഭാര്യ മരിച്ച ദുഃഖം ജെയ്സൻ മറികടന്നത് എങ്ങനെ?
12 യഹോവയുടെ സാക്ഷികളുടെ ആഫ്രിക്കയിലെ ബ്രാഞ്ചോഫീസിൽ സേവിക്കുന്ന ജെയ്സൻ കഴിഞ്ഞ 30 വർഷത്തിലേറെയായി മുഴുസമയസേവനത്തിലാണ്. അദ്ദേഹം പറയുന്നു: “ഏഴു വർഷം മുമ്പ് എന്റെ ഭാര്യ മരിച്ചുപോയി. അത് എനിക്ക് താങ്ങാനായില്ല. ക്യാൻസറുമായി മല്ലിട്ട് അവൾ തള്ളിനീക്കിയ ദിവസങ്ങൾ; അത് ഇപ്പോഴും എനിക്ക് ഓർക്കാൻകൂടി വയ്യ.” അതെല്ലാം തരണംചെയ്യാൻ എന്താണ് അദ്ദേഹത്തെ പ്രാപ്തനാക്കിയത്? ജെയ്സൻ പറയുന്നു: “ദുഃഖിച്ചിരുന്ന ഒരു സമയത്ത്, പണ്ട് ഞാനും അവളും ഒന്നിച്ച് ആസ്വദിച്ച ഒരു സുന്ദരനിമിഷത്തെക്കുറിച്ച് പെട്ടെന്നെനിക്ക് ഓർമവന്നു. ആ മധുരസ്മരണയ്ക്കായി ഞാൻ യഹോവയോട് നന്ദി പറഞ്ഞു. ഒരു ആശ്വാസം എന്റെ ഹൃദയത്തിൽ വന്നുനിറഞ്ഞു. അതിൽപ്പിന്നെ, അത്തരം സന്തോഷനിമിഷങ്ങൾ ഓർത്തെടുത്ത് യഹോവയ്ക്കു നന്ദി പറയുക ഞാൻ പതിവാക്കി. യഹോവയ്ക്ക് നന്ദിപറയാൻ പഠിച്ചത് ജീവിതത്തിനുനേർക്കുള്ള എന്റെ വീക്ഷണത്തിൽ വലിയൊരു മാറ്റം ഉളവാക്കി. ഇപ്പോഴും ഇടയ്ക്കിടയ്ക്ക്, അവൾ ഇല്ലല്ലോയെന്ന ചിന്ത എന്നെ വിഷമിപ്പിക്കാറുണ്ട്. എങ്കിലും, സന്തുഷ്ടമായ ഒരു ദാമ്പത്യം എനിക്ക് തന്നതിനും യഹോവയെ ആഴമായി സ്നേഹിക്കുന്ന ഒരു ജീവിതസഖിയോടൊപ്പം അത്രയുംനാളെങ്കിൽ അത്രയുംനാൾ അവനെ സേവിക്കാനായതിനും ഞാൻ യഹോവയോട് നന്ദി പറയാൻ തുടങ്ങിയത് നിരാശയിൽനിന്ന് കരകയറാൻ എന്നെ സഹായിച്ചു.”
“യഹോവ എന്റെ ദൈവമായിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്.”—ഷെറിൽ
13. ഒരു ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഷെറിലിനെ പിടിച്ചുനിൽക്കാൻ സഹായിച്ചത് എന്താണ്?
13 ‘സൂപ്പർ ടയ്ഫൂൺ ഹയാൻ’ എന്ന ചുഴലിക്കൊടുങ്കാറ്റ് 2013 നവംബറിൽ ഫിലിപ്പീൻസ് ദ്വീപുകളിൽ ആഞ്ഞടിച്ചു. 13 വയസ്സ് മാത്രമുണ്ടായിരുന്ന ഷെറിലിന് അക്ഷരാർഥത്തിൽ അവളുടെ സകലതും നഷ്ടപ്പെട്ടു. അവൾ പറയുന്നു: “എനിക്കെന്റെ വീടും കുടുംബവും എല്ലാം പോയി.” അപ്പനെയും അമ്മയെയും മൂന്നു കൂടപ്പിറപ്പുകളെയും ആണ് അവൾക്ക് ആ ദുരന്തത്തിൽ നഷ്ടമായത്. നിരാശയ്ക്കും നീരസത്തിനും അടിപ്പെട്ടുപോകാതെ ആ ദുരന്തത്തെ മറികടക്കാൻ എന്താണ് ഷെറിലിനെ സഹായിച്ചത്? നന്ദിയുള്ള ഒരു ഹൃദയവും, ഇപ്പോൾപ്പോലും തനിക്കുള്ള അനുഗ്രഹങ്ങൾ തിരിച്ചറിയുന്നതും ആണ് അവളെ പിടിച്ചുനിറുത്തുന്നത്. “നിസ്സഹായരായി നിന്നവർക്ക് ആശ്വാസവും പ്രോത്സാഹനവും നൽകാനായി സഹോദരങ്ങൾ നടത്തിയ സകല ശ്രമവും ഞാൻ കണ്ടു. ലോകമെമ്പാടുമുള്ള സഹോദരങ്ങൾ എനിക്കായി പ്രാർഥിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.” തുടർന്ന് ഷെറിൽ ഇങ്ങനെ പറഞ്ഞു: “യഹോവ എന്റെ ദൈവമായിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. നമുക്ക് വേണ്ടതൊക്കെ അവൻ എപ്പോഴും നൽകുന്നു.” അതെ, നമുക്കുള്ള അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് വിലമതിക്കുന്നതാണ് ദുഃഖത്തിന്റെ പടുകുഴിയിൽനിന്ന് കരകയറാനുള്ള ഏറ്റവും നല്ല വഴി. നമ്മെ തകർത്തുകളഞ്ഞേക്കാവുന്ന ഏതൊരു ദുരന്തത്തെയും തരണം ചെയ്തു മുന്നേറാൻ നന്ദിയും വിലമതിപ്പും ഉള്ള ഒരു ഹൃദയം നമ്മെ സഹായിക്കും.—എഫെ. 5:20; ഫിലിപ്പിയർ 4:6, 7 വായിക്കുക.
“എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും”
14. ആവേശകരമായ എന്തു പ്രത്യാശയാണ് നമ്മെ കാത്തിരിക്കുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
14 ചരിത്രത്തിൽ ഉടനീളം യഹോവയുടെ ജനം അനുഗ്രഹങ്ങളെപ്രതി സന്തോഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചെങ്കടലിങ്കൽവെച്ച് ഫറവോന്റെയും സൈന്യത്തിന്റെയും കൈയിൽനിന്ന് യഹോവ ഇസ്രായേൽജനത്തെ വിടുവിച്ചപ്പോൾ, അവർ അത്യാനന്ദത്തോടും ആർപ്പോടും കൂടെ യഹോവയ്ക്ക് കൃതജ്ഞതാഗീതങ്ങൾ ആലപിച്ചു. (പുറ. 15:1-21) ഇന്ന് നമുക്കുള്ള അമൂല്യമായ അനുഗ്രഹങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട ഒന്ന് എന്താണ്? സകല കഷ്ടപ്പാടും വേദനയും നീക്കി നമ്മെ വിടുവിക്കുമെന്ന് ദൈവം നൽകിയിരിക്കുന്ന ഉറപ്പുള്ള പ്രത്യാശയാണ് അത്. (സങ്കീ. 37:9-11; യെശ. 25:8; 33:24) സകല ശത്രുക്കളെയും തകർത്ത് നശിപ്പിച്ചിട്ട്, നീതിയും സമാധാനവും പുലരുന്ന പുതിയലോകത്തിലേക്ക് യഹോവ നമ്മെ കൈപിടിച്ച് കയറ്റുമ്പോൾ നാം ആസ്വദിക്കാൻ പോകുന്ന ആഹ്ലാദം ഒന്ന് ഭാവനയിൽ കണ്ടുനോക്കൂ! കൃതജ്ഞതാസ്തോത്രങ്ങളുടെ എത്ര വലിയ ഒരു ദിനമായിരിക്കും അത്!—വെളി. 20:1-3; 21:3, 4.
15. ഈ വർഷം ഉടനീളം എന്തു ചെയ്യാനാണ് നിങ്ങൾ തീരുമാനിച്ചുറച്ചിരിക്കുന്നത്?
15 യഹോവയിൽനിന്നുള്ള എണ്ണമറ്റ ആത്മീയാനുഗ്രഹങ്ങൾക്കായി 2015-ൽ നമ്മൾ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്. പലവിധ പരിശോധനകളെയും നമ്മൾ നേരിടും എന്നത് സത്യമാണ്. എന്നാൽ എന്തൊക്കെ സംഭവിച്ചാലും യഹോവ നമ്മെ ഉപേക്ഷിക്കുകയില്ല എന്ന് നമുക്ക് ഉറപ്പുണ്ട്. (ആവ. 31:8; സങ്കീ. 9:9, 10) അവനെ വിശ്വസ്തമായി സേവിക്കാൻ ആവശ്യമായതെല്ലാം അവൻ തുടർന്നും നമുക്കു പ്രദാനം ചെയ്യും. അതുകൊണ്ട് പ്രവാചകനായ ഹബക്കൂക്കിന് ഉണ്ടായിരുന്ന അതേ നിശ്ചയദാർഢ്യം നിലനിറുത്താൻ നമുക്കും ശ്രമിക്കാം. അവൻ പറഞ്ഞു: “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (ഹബ. 3:17, 18) അതെ, ഈ വർഷം ഉടനീളം, നമുക്കുള്ള അനുഗ്രഹങ്ങളെ നമുക്ക് എണ്ണിനോക്കാം, അതിൽ സന്തോഷിച്ചാനന്ദിക്കാം. അപ്പോൾ, “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ” എന്ന 2015-ലെ നമ്മുടെ വാർഷികവാക്യം നൽകുന്ന ആഹ്വാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നാം പ്രേരിതരാകും.—സങ്കീ. 106:1.
a ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്.