ശുശ്രൂഷയിലെ നിങ്ങളുടെ തീക്ഷ്ണത നിലനിറുത്തുക
ഇന്ന് ഭൂമിയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേലയാണ് സുവാർത്താ പ്രസംഗവേല. യഹോവയുടെ വിശ്വസ്തദാസരിൽപ്പെട്ട നിങ്ങൾ ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കാൻ കഴിയുന്നതിനെ വലിയൊരു ബഹുമതിയായിട്ടാണ് കരുതുന്നത് എന്നതിൽ സംശയമില്ല. എന്നാൽ, ശുശ്രൂഷയിൽ തീക്ഷ്ണത നിലനിറുത്തുന്നതിൽ, പയനിയർമാരായാലും പ്രസാധകരായാലും മിക്കപ്പോഴുംതന്നെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് നിങ്ങൾക്കറിയാം.
ശുശ്രൂഷയിലെ തീക്ഷ്ണത നിലനിറുത്താൻ എന്തിനു നിങ്ങളെ സഹായിക്കാനാകും?
വീടുതോറുമുള്ള ശുശ്രൂഷയിൽ ശ്രദ്ധിക്കുന്ന ഒരു കാത് കണ്ടെത്താൻ ചില പ്രസാധകർ വളരെ ബുദ്ധിമുട്ടുന്നു. പലയിടത്തും ആളില്ലാഭവനങ്ങളാണ് അധികവും. ഇനി ആളുകൾ ഉണ്ടെങ്കിൽത്തന്നെ പലർക്കും രാജ്യസന്ദേശത്തോട് താത്പര്യമില്ല. ചിലർക്കാകട്ടെ കടുത്ത എതിർപ്പുമാണ്. മറ്റു ചിലർക്ക് പ്രവർത്തിക്കാൻ വിസ്തൃതമായ പ്രദേശങ്ങളുണ്ട്, അവിടെ കേൾക്കാൻ ചായ്വുള്ള അനേകം ആളുകളുമുണ്ട്. ആ പ്രദേശങ്ങളിലെ പ്രസാധകർ പ്രദേശം എന്നെങ്കിലും പ്രവർത്തിച്ച് തീരുമോയെന്ന് ആശങ്കപ്പെടുന്നു. ഇനിയും മറ്റു ചില പ്രസാധകരാകട്ടെ, വേല ഇത്രയും കാലം നീണ്ടുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തന്മൂലം അനേകവർഷങ്ങളായി സുവാർത്ത പ്രസംഗിച്ചുവരുന്ന അവരിൽ ചിലർ നിരുത്സാഹിതരാണ്.
യഹോവയുടെ ജനത്തിൽ എല്ലാവർക്കുംതന്നെ, തീക്ഷ്ണത കെടുത്തിക്കളയുന്ന എന്തെങ്കിലുമൊക്കെ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു എന്നതിൽ അതിശയിക്കാനുണ്ടോ? ഒരിക്കലുമില്ല. എന്തിന്, പിശാചായ സാത്താൻ എന്ന “ദുഷ്ടന്റെ” അധീനതയിൽ കിടക്കുന്ന ഈ ലോകത്തിൽ, ദൈവത്തിൽനിന്നുള്ള ജീവദായക സന്ദേശം ഘോഷിക്കുക എളുപ്പമായിരിക്കുമെന്ന് നമ്മിൽ ആരാണ് പ്രതീക്ഷിക്കുക!—1 യോഹ. 5:19.
സുവാർത്ത പ്രസംഗിക്കുന്നതിൽ വ്യക്തിപരമായി നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തുതന്നെയായിരുന്നാലും അതിനെയെല്ലാം മറികടക്കാൻ യഹോവ നിങ്ങളെ സഹായിക്കും എന്ന് ഉറപ്പുള്ളവരായിരിക്കുക. അങ്ങനെയെങ്കിൽ, ക്രിസ്തീയശുശ്രൂഷയിലെ തീക്ഷ്ണത വർധിപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ചില നിർദേശങ്ങൾ നമുക്ക് പരിചിന്തിക്കാം.
അനുഭവപരിചയം കുറഞ്ഞവരെ സഹായിക്കുക
വർഷന്തോറും ആയിരങ്ങളാണ് യഹോവയുടെ സാക്ഷികളായി സ്നാനമേൽക്കുന്നത്. അടുത്തകാലത്ത് ദൈവത്തിന് സമർപ്പിച്ച് സ്നാനമേറ്റ ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ, ഏറെക്കാലമായി പ്രസംഗവേല ചെയ്തുവരുന്നവരുടെ അനുഭവപരിചയത്തിൽനിന്ന് നിങ്ങൾ പ്രയോജനം നേടുമെന്നതിൽ സംശയമില്ല. ഇനി നിങ്ങൾതന്നെ വർഷങ്ങളായി ഒരു രാജ്യപ്രസാധകനാണെങ്കിൽ, പുതിയവരെ പരിശീലിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കില്ലേ? തീർച്ചയായും അത് ഉചിതവും പ്രതിഫലദായകവും ആയിരിക്കും.
തന്റെ ശിഷ്യന്മാർ കഴിവുറ്റ സുവിശേഷകരായിത്തീരണമെങ്കിൽ അവർക്ക് നിർദേശങ്ങൾ ആവശ്യമാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വേല എങ്ങനെ നിർവഹിക്കണം എന്ന് യേശു അവർക്ക് കാണിച്ചുകൊടുത്തു. (ലൂക്കോ. 8:1) ഇന്നും, വൈദഗ്ധ്യമുള്ള ശുശ്രൂഷകരായിത്തീരാൻ ആളുകൾക്ക് പരിശീലനം ആവശ്യമാണ്.
ശുശ്രൂഷയിൽ കേവലം പങ്കുപറ്റുന്നതിലൂടെ മാത്രം ഒരു പുതിയ പ്രസാധകൻ പഠിപ്പിക്കൽപ്രാപ്തികൾ ആർജിച്ചുകൊള്ളുമെന്ന് നാം ഒരിക്കലും നിഗമനം ചെയ്യരുത്. ശുശ്രൂഷയിൽ അനുഭവപരിചയമുള്ള ഒരു വ്യക്തിയുടെ സ്നേഹത്തോടും ദയയോടും കൂടെയുള്ള സഹായം ആ വ്യക്തിക്ക് ആവശ്യമാണ്. അത്തരം പരിശീലനത്തിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത്? എങ്ങനെ (1) ഒരു അവതരണം തയ്യാറാകാനും പരിശീലിക്കാനും കഴിയും, (2) വീടുതോറും അനൗപചാരികമായും സാക്ഷീകരിക്കാനാകും, (3) പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കാം, (4) മടക്കസന്ദർശനങ്ങൾ നടത്താം, (5) ഒരു ബൈബിളധ്യയനം ആരംഭിക്കാം എന്നെല്ലാം അനുഭവപരിചയം കുറഞ്ഞ പ്രസാധകർക്ക് കാണിച്ചുകൊടുക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്. ശുശ്രൂഷയിൽ പരിശീലകൻ പിൻപറ്റുന്ന രീതികൾ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നെങ്കിൽ പരിശീലനം നേടുന്ന വ്യക്തി അതിൽനിന്ന് പ്രയോജനം അനുഭവിക്കും. (ലൂക്കോ. 6:40) തന്നെ ശ്രദ്ധിക്കുന്ന, ആവശ്യമായ സന്ദർഭങ്ങളിൽ സഹായിക്കുന്ന ഒരു വ്യക്തി കൂടെയുണ്ടായിരിക്കുന്നത് ഒരു പുതിയ പ്രസാധകൻ വിലമതിക്കും എന്നതിന് സംശയമില്ല. കൂടാതെ, തനിക്കു ലഭിക്കുന്ന അഭിനന്ദനവാക്കുകളിൽനിന്നും സഹായകമായ നിർദേശങ്ങളിൽനിന്നും ആ പ്രസാധകൻ പ്രയോജനം നേടും.—സഭാ. 4:9, 10.
ശുശ്രൂഷയിലെ സഹകാരിയുമായി സംസാരിക്കുക
വീട്ടുകാരുമായി നല്ല ചർച്ചകൾ നടത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ, കൂടെയുള്ള സഹോദരനോടോ സഹോദരിയോടോ സംസാരിച്ചതായിരിക്കാം അന്ന് ആസ്വദിച്ച ഏറ്റവും മികച്ച സംഭാഷണം. യേശു തന്റെ ശിഷ്യന്മാരെ “ഈരണ്ടായി”ട്ടാണ് സുവാർത്ത പ്രസംഗിക്കാൻ അയച്ചതെന്ന് ഓർക്കുക. (ലൂക്കോ. 10:1) ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ പരസ്പരം പ്രോത്സാഹിപ്പിക്കാനും പ്രചോദനം പകരാനും അവർക്ക് കഴിഞ്ഞു. അതുകൊണ്ട് സഹവിശ്വാസിയുമായി ശുശ്രൂഷയിൽ ചെലവിടുന്ന സമയം ‘പ്രോത്സാഹന കൈമാറ്റത്തിനുള്ള’ നല്ല ഒരു അവസരം നമുക്കു നൽകുന്നു.—റോമ. 1:12.
നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയും? നിങ്ങളിൽ ആർക്കെങ്കിലും അടുത്തിടെ ശുശ്രൂഷയിൽ പ്രോത്സാഹജനകമായ ഒരു അനുഭവമുണ്ടായോ? വ്യക്തിപരമായ പഠനത്തിലോ കുടുംബാരാധനയിലോ താത്പര്യജനകമായ എന്തെങ്കിലും ആശയം നിങ്ങൾ കണ്ടെത്തിയിരുന്നോ? യോഗത്തിൽ കേട്ട ഏതെങ്കിലും കാര്യം നിങ്ങൾക്ക് പ്രോത്സാഹനം പകരുകയുണ്ടായോ? നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ആൾ ചിലപ്പോൾ നിങ്ങളുടെ സ്ഥിരം സഹകാരിയല്ലായിരിക്കാം. ആ സഹോദരനോ സഹോദരിയോ സത്യം സ്വീകരിക്കാൻ ഇടയായത് എങ്ങനെയാണെന്നു നിങ്ങൾക്ക് അറിയാമോ? ഇത് യഹോവയുടെ സംഘടനയാണെന്ന് ആ പ്രസാധകനെ/പ്രസാധികയെ ബോധ്യപ്പെടുത്തിയത് എന്താണ്? എന്തൊക്കെ പദവികൾ ആ വ്യക്തി ആസ്വദിച്ചിട്ടുണ്ട്? എന്തെല്ലാം അനുഭവങ്ങളുണ്ടായിട്ടുണ്ട്? ഒരുപക്ഷേ, യഹോവയുടെ സേവനത്തിൽ നിങ്ങൾക്കുണ്ടായ ചില അനുഭവങ്ങളും പങ്കുവെക്കാൻ കഴിയും. വയൽസേവനത്തിൽ ലഭിക്കുന്ന പ്രതികരണം എന്തുമായിക്കൊള്ളട്ടെ, ഒരു സഹവിശ്വാസിയോടൊപ്പം ശുശ്രൂഷയിലായിരിക്കുന്നത് ‘അന്യോന്യം ആത്മീയവർധന വരുത്താൻ’ നമുക്ക് സവിശേഷമായ ഒരു അവസരം തരുന്നു.—1 തെസ്സ. 5:11.
നല്ല പഠനശീലം നിലനിറുത്തുക
ശുശ്രൂഷയിലെ ശുഷ്കാന്തി നിലനിറുത്താൻ നല്ല പഠനശീലം നട്ടുവളർത്തുന്നതും അതിനോടു പറ്റിനിൽക്കുന്നതും പ്രധാനമാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ” അനവധിയായ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. (മത്താ. 24:45) അതുകൊണ്ട് ആത്മീയഭക്ഷണത്തിനായി വൈവിധ്യമാർന്ന പഠനവിഷയങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്. വ്യക്തിപരമായ പഠനത്തിന് അനുയോജ്യമായ ഒരു നല്ല വിഷയത്തെക്കുറിച്ചു നമുക്കു പരിചിന്തിക്കാം: രാജ്യപ്രസംഗവേല വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരിക്കുന്നത് എന്തുകൊണ്ട്? 16-ാം പേജിലെ ചതുരം അതിന്റെ ചില കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ചതുരത്തിൽ കൊടുത്തിരിക്കുന്ന ആശയങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് പ്രസംഗവേലയിൽ തീക്ഷ്ണതയോടെ മുന്നേറുന്നതിൽ തുടരാൻ നിങ്ങളെ പ്രചോദിപ്പിക്കും. ഈ വേലയിൽ അവിരാമം തുടരുന്നതിന് കൂടുതലായി മറ്റെന്തു കാരണങ്ങളാണ് നമുക്കുള്ളത് എന്ന് കണ്ടെത്താൻ നിങ്ങൾക്ക് ഇത് ഒരു പഠനവിഷയമാക്കിക്കൂടേ? എന്നിട്ട് ആ കാരണങ്ങളെയും അവയെ പിന്താങ്ങുന്ന തിരുവെഴുത്തുകളെയും കുറിച്ച് ധ്യാനിക്കുക. ഇങ്ങനെ ചെയ്യുന്നത് ശുശ്രൂഷയിലെ നിങ്ങളുടെ തീക്ഷ്ണത പൂർവാധികം വർധിപ്പിക്കുമെന്നതിൽ സംശയംവേണ്ടാ.
തുറന്ന മനസ്സോടെ നിർദേശങ്ങൾ സ്വീകരിക്കുക
യഹോവയുടെ സംഘടന, ശുശ്രൂഷ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ക്രമമായി നമുക്ക് നൽകുന്നുണ്ട്. വീടുതോറുമുള്ള വേല കൂടാതെ നാം കത്തുകളിലൂടെയും ടെലിഫോൺ മുഖാന്തരവും സാക്ഷീകരണം നടത്തുന്നു. തെരുവുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ബിസിനെസ്സ് പ്രദേശങ്ങളിലും നാം ഔപചാരികമായും അനൗപചാരികമായും ആളുകളോട് സുവാർത്ത പറയുന്നു. കൂടാതെ, അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ സാക്ഷ്യം നൽകുക എന്ന ലക്ഷ്യത്തിൽ നമ്മുടെ കാര്യാദികൾ ക്രമപ്പെടുത്താനും നമുക്കു കഴിഞ്ഞേക്കും.
ഈ നിർദേശങ്ങൾ ഒരു തുറന്ന മനസ്സോടെ നിങ്ങൾ സ്വീകരിക്കുന്നുണ്ടോ? ഇവയിൽ ചിലത് ഇതിനോടകം നിങ്ങൾ പരീക്ഷിച്ചുനോക്കിയോ? അങ്ങനെ ചെയ്തുനോക്കിയ അനേകർ അത് ഉളവാക്കുന്ന സത്ഫലങ്ങൾ നിമിത്തം വളരെയധികം സന്തോഷം ആസ്വദിച്ചിരിക്കുന്നു. ഈ മൂന്ന് ഉദാഹരണങ്ങൾ നോക്കുക.
ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് നമ്മുടെ രാജ്യശുശ്രൂഷയുടെ ഒരു ലക്കം നൽകിയ നിർദേശം പരീക്ഷിച്ചുനോക്കിയപ്പോൾ ലഭിച്ച ഫലത്തെക്കുറിച്ചാണ് ആദ്യത്തെ ഉദാഹരണം. ഈ നിർദേശം ലഭിച്ചപ്പോൾ, ഏപ്രിൽ എന്നു പേരുള്ള ഒരു സഹോദരി തന്റെ മൂന്നു സഹപ്രവർത്തകരോട് ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ച് പറയാൻ തീരുമാനിച്ചു. അവർ മൂവരും ഒരുപോലെ ബൈബിളധ്യയനം സ്വീകരിക്കുകയും ക്രിസ്തീയ യോഗങ്ങൾക്ക് വരാൻ തുടങ്ങുകയും ചെയ്തപ്പോൾ സഹോദരി ശരിക്കും അത്ഭുതപ്പെട്ടുപോയി. അവൾക്ക് തന്റെ സന്തോഷം പറഞ്ഞറിയിക്കാനായില്ല!
മാസികാ സമർപ്പണത്തെക്കുറിച്ചുള്ളതാണ് രണ്ടാമത്തെ ഉദാഹരണം. നമ്മുടെ മാസികകളിലെ ചില പ്രത്യേക വിഷയങ്ങളോട് താത്പര്യം കാണിച്ചേക്കാവുന്ന ആളുകളെ തിരഞ്ഞ് കണ്ടെത്താൻ സംഘടന നമ്മെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഐക്യനാടുകളിലെ ഒരു സർക്കിട്ട് മേൽവിചാരകന്റേതാണ് പിൻവരുന്ന അനുഭവം. ഉണരുക! മാസികയിൽ ടയറുകളെക്കുറിച്ച് ഒരു ലേഖനം വന്നപ്പോൾ, ഒരു പ്രദേശത്തുണ്ടായിരുന്ന എല്ലാ ടയർ വ്യാപാരികൾക്കും അദ്ദേഹം ഓരോ പ്രതി കൊണ്ടുപോയി നൽകി. അതുപോലെ, “നിങ്ങളുടെ ഡോക്ടറെ മനസ്സിലാക്കുക” എന്ന വിഷയത്തിൽ ഒരു ലേഖനപരമ്പര വന്നപ്പോൾ, അദ്ദേഹവും ഭാര്യയും കൂടി സർക്കിട്ടിലെ 100-ലധികം ഡോക്ടർമാരുടെ പക്കൽ ആ മാസിക എത്തിച്ചു. അദ്ദേഹം പറയുന്നു: “ആ സന്ദർശനങ്ങൾ നമ്മെയും നമ്മുടെ സാഹിത്യത്തെയും പരിചയപ്പെടുത്താൻ മികച്ച അവസരങ്ങളായിരുന്നു. അവിടെയുള്ളവരുമായി സൗഹൃദം സ്ഥാപിച്ചെടുത്ത ശേഷം അവരുമായി വീണ്ടും ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.”
മൂന്നാമത്തെ ഉദാഹരണം ടെലിഫോൺ സാക്ഷീകരണത്തെക്കുറിച്ചുള്ളതാണ്. ടെലിഫോൺ സാക്ഷീകരണം നടത്താൻ സംഘടന നൽകിയ പ്രോത്സാഹനത്തിനു നന്ദി പറഞ്ഞുകൊണ്ട് ജൂഡി എന്നു പേരുള്ള ഒരു സഹോദരി ലോകാസ്ഥാനത്തേക്ക് ഒരു കത്ത് എഴുതി. സഹോദരിയുടെ 86 വയസ്സുള്ള അമ്മയ്ക്ക് പല ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും വിശുദ്ധസേവനത്തിന്റെ ഈ മേഖലയിൽ ക്രമമായി പങ്കുപറ്റുന്നുണ്ടെന്ന് സഹോദരി പറഞ്ഞു. ടെലിഫോണിലൂടെ ബൈബിളധ്യയനം നടത്താനാകുന്നതിൽ സഹോദരിയുടെ അമ്മ അതീവ സന്തുഷ്ടയാണ്, 92-വയസ്സുള്ള മറ്റൊരു സ്ത്രീക്കാണ് അധ്യയനം!
സാക്ഷീകരണത്തിനായി നമ്മുടെ പ്രസിദ്ധീകരണങ്ങൾ നൽകുന്ന നിർദേശങ്ങൾ തികച്ചും പ്രായോഗികമാണ്. അവ ഉപയോഗിച്ചു നോക്കുക! ശുശ്രൂഷയിലെ ശുഷ്കാന്തിയും സന്തോഷവും നിലനിറുത്താൻ അവ തീർച്ചയായും നിങ്ങളെ സഹായിക്കും.
ന്യായമായ ലക്ഷ്യങ്ങൾ വെക്കുക
ശുശ്രൂഷയിലെ നമ്മുടെ വിജയത്തിന് ആധാരം മുഖ്യമായും, എത്ര പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചു, എത്ര ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്, എത്ര പേരെ സത്യത്തിൽ കൊണ്ടുവന്നു എന്നതൊന്നുമല്ല. നോഹയുടെ കാര്യം ഓർത്തുനോക്കുക. അവന്റെ പ്രസംഗപ്രവർത്തനംകൊണ്ട് അടുത്ത കുടുംബാംഗങ്ങളല്ലാതെ മറ്റാരെങ്കിലും യഹോവയുടെ ആരാധകരായിത്തീർന്നോ? പക്ഷേ, പ്രസംഗപ്രവർത്തനത്തിൽ വിജയംവരിച്ച ഒരാൾതന്നെയാണ് നോഹ. എന്താണ് അതിന്റെ അർഥം? വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നതാണ് വിജയത്തിന്റെ അളവുകോൽ.—1 കൊരി. 4:2.
പ്രസംഗപ്രവർത്തനത്തിലെ തങ്ങളുടെ ഉത്സാഹം ജ്വലിപ്പിച്ചുനിറുത്താൻ ന്യായമായ ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് പല രാജ്യപ്രസാധകരും മനസ്സിലാക്കുന്നു. അവയിൽ ചിലത് ഏതെല്ലാമാണ്? ഈ പേജിലെ ചതുരത്തിൽ അത്തരത്തിൽ ചില ലാക്കുകൾ കാണാവുന്നതാണ്.
യഹോവയുടെ സഹായത്തോടെ, നിങ്ങളുടെ സേവനം ഫലപ്രദവും ഗുണമേന്മയുള്ളതും ആക്കിത്തീർക്കാനുള്ള വഴികൾ അന്വേഷിക്കുക. ഒടുവിൽ ലക്ഷ്യങ്ങളിൽ എത്തിച്ചേരുമ്പോൾ, സുവാർത്ത പ്രസംഗിക്കാൻ നിങ്ങൾ സർവശ്രമവും നടത്തുകയാണെന്ന തിരിച്ചറിവ് നിങ്ങൾക്ക് ചാരിതാർഥ്യവും ആത്മസംതൃപ്തിയും നേടിത്തരും.
സുവാർത്താ പ്രസംഗവേല ഒരു വെല്ലുവിളി ആയിരുന്നേക്കാം എന്നത് ശരിയാണ്. എന്നിരുന്നാലും, തീക്ഷ്ണതയുള്ള രാജ്യഘോഷകനായിത്തീരാൻ നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. ശുശ്രൂഷയിൽ കൂടെ പ്രവർത്തിക്കുന്നവരുമായി സംസാരിച്ചുകൊണ്ട് പരസ്പരം പ്രോത്സാഹിപ്പിക്കുക. നല്ല പഠനശീലങ്ങൾ വളർത്തിയെടുത്ത് അതിനോട് പറ്റിനിൽക്കുക. വിശ്വസ്തനായ അടിമയുടെ നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്താൻ പരിശീലിക്കുക. ന്യായമായ ലക്ഷ്യങ്ങൾ വെക്കുക. സർവോപരി, രാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് തന്നെക്കുറിച്ച് സാക്ഷ്യം നൽകാനുള്ള അതുല്യമായ പദവി യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്നു എന്ന് ഓർക്കുക. (യെശ. 43:10) ശുശ്രൂഷയിലെ തീക്ഷ്ണത കെടാതെ കാത്തുസൂക്ഷിക്കുന്നെങ്കിൽ നിങ്ങളുടെ സന്തോഷം എത്ര വലുതായിരിക്കും!