‘യഹോവയുടെ ഉപദേശത്തിനായി’ ജനതകളെ ഒരുക്കുന്നു
“യഹോവയുടെ ഉപദേശത്തിൽ വിസ്മയിച്ചിരുന്ന പ്രവിശ്യാധിപതി . . . ഒരു വിശ്വാസിയായിത്തീർന്നു.”—പ്രവൃ. 13:12.
1-3. യേശുവിന്റെ ശിഷ്യന്മാർക്ക് ‘സകല ജനതകളോടും’ സുവാർത്ത പ്രസംഗിക്കുക അത്ര എളുപ്പമല്ലായിരുന്നത് എന്തുകൊണ്ട്?
വളരെ വലിയൊരു വേലയാണ് യേശുക്രിസ്തു തന്റെ അനുഗാമികളെ ഭരമേൽപ്പിച്ചത്. “സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന് യേശു അവരോട് കല്പിച്ചു. “രാജ്യത്തിന്റെ . . . സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും” അവർ പ്രസംഗിക്കേണ്ടതുണ്ടായിരുന്നു.—മത്താ. 24:14; 28:19.
2 ശിഷ്യന്മാർ യേശുവിനെയും രാജ്യസുവാർത്തയെയും സ്നേഹിച്ചിരുന്നു. എന്നാൽ യേശുവിന്റെ കല്പന എങ്ങനെ തങ്ങൾക്ക് നിവർത്തിക്കാൻ കഴിയും എന്ന് ഒരുപക്ഷേ അവർ ആശ്ചര്യപ്പെട്ടിരിക്കാം. ഒന്നാമതായി, എണ്ണത്തിൽ അവർ വളരെ കുറവായിരുന്നു. കൂടാതെ, അവർ ദൈവപുത്രനെക്കുറിച്ച് പ്രസംഗിച്ചിരുന്നെങ്കിലും യേശു കൊല്ലപ്പെട്ടിരുന്നുവെന്ന് ആളുകൾ അറിഞ്ഞിരുന്നു. മാത്രമല്ല, ക്രിസ്തുശിഷ്യന്മാർ “പഠിപ്പില്ലാത്തവരും സാധാരണക്കാരും” ആണല്ലോ എന്നാണ് പലരും ചിന്തിച്ചിരുന്നത്. (പ്രവൃ. 4:13) ഇനിയും, യഹൂദ മതനേതാക്കന്മാരെപ്പോലെ മതപാഠശാലകളിൽ പോയിട്ടുള്ളവരായിരുന്നില്ല ക്രിസ്തുശിഷ്യന്മാർ. നൂറ്റാണ്ടുകളായി മതനേതാക്കന്മാർ പഠിപ്പിച്ചുപോന്ന യഹൂദ പാരമ്പര്യങ്ങളുമായി ഒട്ടും ഒത്തുപോകാത്തതായിരുന്നു അവർ പ്രസംഗിച്ച സന്ദേശം. സ്വന്തം നാടായ ഇസ്രായേലിൽപ്പോലും ആളുകൾ തങ്ങളെ മാനിക്കാത്ത സ്ഥിതിക്ക് വിശാലമായ റോമാസാമ്രാജ്യത്തിൽ ആരെങ്കിലും തങ്ങൾക്ക് ചെവിതരുമോ എന്ന് ശിഷ്യന്മാർ ചിന്തിച്ചിട്ടുണ്ടാകാം.
3 ശിഷ്യന്മാർ വിദ്വേഷത്തിനും പീഡനത്തിനും ഇരകളാകുകയും ചിലപ്പോൾ കൊല്ലപ്പെടുകയും ചെയ്യും എന്ന് യേശു മുന്നറിയിപ്പു നൽകിയിരുന്നു. (ലൂക്കോ. 21:16, 17) സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരെ ദ്വേഷിക്കുകയും ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. കൂടാതെ, ക്രിസ്തുവിന്റെ ശിഷ്യന്മാരെന്ന് അവകാശപ്പെട്ട്, ചില വ്യക്തികൾ വ്യാജം പഠിപ്പിക്കുമായിരുന്നു. കുറ്റകൃത്യവും അക്രമവും നിറഞ്ഞ സ്ഥലങ്ങളിൽ ശിഷ്യന്മാർക്ക് പ്രസംഗിക്കേണ്ടതുണ്ടായിരുന്നു. (മത്താ. 24:10-12) ഈ കടമ്പകളെല്ലാം കടന്ന് “ഭൂമിയുടെ അറ്റംവരെയും” അവർക്ക് എങ്ങനെ സുവാർത്ത പ്രസംഗിക്കാൻ കഴിയുമായിരുന്നു? (പ്രവൃ. 1:8) അവരുടെ മുന്നിൽ അത് വലിയ വെല്ലുവിളി ഉയർത്തി!
4. ഒന്നാം നൂറ്റാണ്ടിലെ പ്രസംഗവേല എന്തു ഫലം ഉളവാക്കി?
4 തങ്ങളുടെ വേല അത്ര എളുപ്പമായിരിക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും യേശുവിന്റെ നിർദേശം അനുസരിച്ചുകൊണ്ട് യെരുശലേമിലും ശമര്യയിലും മറ്റിടങ്ങളിലും അവർ സുവാർത്ത പ്രസംഗിച്ചു. ഏതാണ്ട് 30 വർഷത്തിനുശേഷം, “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” സുവാർത്ത ‘ഘോഷിക്കപ്പെട്ടിരിക്കുന്നു’ എന്ന് പൗലോസിന് പറയാൻ കഴിയുംവിധം ഒട്ടനവധി സ്ഥലങ്ങളിൽ അവർ സുവാർത്തയുമായി എത്തിച്ചേർന്നിരുന്നു. അതുപോലെ വിവിധ ദേശങ്ങളിൽനിന്നുള്ളവർ ശിഷ്യരായിത്തീർന്നിരുന്നു. (കൊലോ. 1:6, 23) ഉദാഹരണത്തിന്, സൈപ്രസ് ദ്വീപിൽ പൗലോസ് പ്രസംഗിച്ചപ്പോൾ ‘യഹോവയുടെ ഉപദേശത്തിൽ വിസ്മയിച്ച (ഒരു റോമൻ) പ്രവിശ്യാധിപതി വിശ്വാസിയായിത്തീർന്നു.’—പ്രവൃത്തികൾ 13:6-12 വായിക്കുക.
5. (എ) യേശു തന്റെ ശിഷ്യന്മാർക്ക് എന്ത് ഉറപ്പ് നൽകി? (ബി) ഒന്നാം നൂറ്റാണ്ടിനെക്കുറിച്ച് ഒരു ചരിത്രപുസ്തകം എന്താണ് പറയുന്നത്?
5 സ്വന്തം കഴിവുകൊണ്ട് മുഴുഭൂമിയിലും സുവാർത്ത പ്രസംഗിക്കാനാകില്ലെന്ന് ശിഷ്യന്മാർക്ക് അറിയാമായിരുന്നു. എന്നാൽ, അവരോടൊപ്പമുണ്ടായിരിക്കുമെന്ന യേശുവിന്റെ വാഗ്ദാനവും പരിശുദ്ധാത്മാവ് അവരെ സഹായിക്കുമെന്ന കാര്യവും അവർക്ക് അറിയാമായിരുന്നു. (മത്താ. 28:20) ആ സമയത്തെ മറ്റുചില സാഹചര്യങ്ങളും ശിഷ്യന്മാരെ സഹായിച്ചിട്ടുണ്ടാകാം. ഒരു ചരിത്രപുസ്തകം വിശദീകരിക്കുന്നു: “പുതുതായി പിറന്ന ക്രിസ്തീയസഭയെ സ്വീകരിക്കാൻ ഒന്നാം നൂറ്റാണ്ടുപോലെ അനുയോജ്യമായ മറ്റൊരു കാലഘട്ടം ചരിത്രത്തിൽ അന്നോളമുണ്ടായിരുന്നിട്ടില്ല. ക്രിസ്ത്യാനിത്വത്തിന്റെ പിറവിക്കായി ലോകത്തെ ഒരുക്കിയത് ദൈവമായിരുന്നെന്ന് രണ്ടാം നൂറ്റാണ്ടായപ്പോഴേക്കും ക്രിസ്ത്യാനികൾ വിശ്വസിച്ചുതുടങ്ങിയിരുന്നു.”
6. (എ) ഈ ലേഖനത്തിൽ നാം എന്ത് ചർച്ചചെയ്യും? (ബി) അടുത്ത ലേഖനത്തിൽ എന്താണ് ചർച്ചചെയ്യുന്നത്?
6 ക്രിസ്ത്യാനികൾക്ക് പ്രസംഗപ്രവർത്തനം നടത്താൻ തക്കവിധം ഒന്നാം നൂറ്റാണ്ടിലെ ലോകസംഭവങ്ങളെ യഹോവ മാറ്റിയെടുക്കുകയായിരുന്നോ? ബൈബിൾ അങ്ങനെ പറയുന്നില്ല. എന്നാൽ തന്റെ ജനം സുവാർത്ത പ്രസംഗിക്കാൻ യഹോവ ആഗ്രഹിച്ചിരുന്നെന്നും അതു തടയാൻ സാത്താനു കഴിഞ്ഞില്ലെന്നും നമുക്ക് അറിയാം. ഒന്നാം നൂറ്റാണ്ടിൽ ശിഷ്യന്മാർക്ക് സുവാർത്ത പ്രസംഗിക്കാൻ എളുപ്പമാക്കിത്തീർത്ത ചില സംഗതികൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ചചെയ്യും. നമ്മുടെ കാലത്ത് ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കാൻ സഹായകമായിത്തീർന്ന ചില കാര്യങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തിലും.
റോമൻ സമാധാനകാലഘട്ടം
7. എന്താണ് റോമൻ സമാധാനകാലഘട്ടം, മറ്റു കാലഘട്ടങ്ങളിൽനിന്ന് അതിനെ വ്യത്യസ്തമാക്കിയത് എന്ത്?
7 ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിൽ നിലവിലിരുന്ന സമാധാനകാലഘട്ടം ശിഷ്യന്മാർക്ക് സുവാർത്ത പ്രസംഗിക്കുക എളുപ്പമാക്കിത്തീർത്തു. ഈ കാലയളവിനെയാണ് റോമൻ സമാധാനകാലഘട്ടം (ലത്തീൻ ഭാഷയിൽ പാക്സ് റൊമാന) എന്ന് വിളിച്ചിരിക്കുന്നത്. അക്കാലത്ത് റോമൻ സർക്കാർ ഏതൊരു ചെറിയ പോരാട്ടങ്ങളെയും അമർച്ച ചെയ്തിരുന്നു. യേശു പ്രവചിച്ചിരുന്നതുപോലെ അവിടവിടെ യുദ്ധങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. (മത്താ. 24:6) എ.ഡി. 70-ൽ റോമാക്കാർ യെരുശലേം നശിപ്പിച്ചു. തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിർത്തികളിൽ ചെറിയ പോരാട്ടങ്ങൾ നടത്തി. എന്നാൽ സാമ്രാജ്യത്തിന്റെ മിക്കവാറും പ്രദേശങ്ങളിൽ സമാധാനപരമായ അന്തരീക്ഷമായിരുന്നു. അതിനാൽ ക്രിസ്തുശിഷ്യന്മാർക്ക് തടസ്സംകൂടാതെ യാത്രചെയ്യാനും പ്രസംഗിക്കാനും സാധിച്ചു. ഈ സമാധാനം 200 വർഷത്തോളം നീണ്ടുനിന്നു. ഇത്രയേറെ നീണ്ടുനിന്നതും ആളുകളെ സ്വാധീനിച്ചതും ആയ ഒരു സമാധാനകാലഘട്ടം ചരിത്രത്തിന്റെ ഏടുകളിൽ ഒരിടത്തും കാണാനാവില്ല എന്ന് ഒരു പുസ്തകം പറയുന്നു.
8. റോമൻ സമാധാനകാലഘട്ടം ക്രിസ്തുശിഷ്യന്മാർക്ക് അനുകൂലമായിരുന്നത് എങ്ങനെ?
8 ക്രിസ്തുവിനു 250 വർഷങ്ങൾക്കുശേഷം ഓറിജെൻ എന്നു പേരുള്ള ഒരു പണ്ഡിതൻ ഈ സമാധാനകാലഘട്ടത്തെക്കുറിച്ച് രേഖപ്പെടുത്തുകയുണ്ടായി. അനേകം രാജ്യങ്ങളിൽ റോമാക്കാർ ഭരിച്ചിരുന്നതിനാൽ ക്രിസ്തുശിഷ്യർക്ക് അവിടങ്ങളിലെല്ലാംതന്നെ പ്രസംഗിക്കാൻ എളുപ്പമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ അതിർത്തി സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുണ്ടായിരുന്നില്ല. പകരം ആളുകൾ സ്വന്തം ഗ്രാമങ്ങളിൽ സമാധാനപരമായ ജീവിതം നയിക്കുകയായിരുന്നു. ഇക്കാരണത്താൽ അനേകർക്ക് സ്നേഹത്തെയും സമാധാനത്തെയും കുറിച്ചുള്ള ക്രിസ്തുശിഷ്യന്മാരുടെ പ്രസംഗം ശ്രദ്ധിക്കാൻ അവസരം ലഭിച്ചിരുന്നു എന്ന് ഓറിജെനു തോന്നി. ശിഷ്യന്മാർ പീഡനത്തിന് ഇരകളായെങ്കിലും നിലവിലുണ്ടായിരുന്ന ആ സമാധാനകാലഘട്ടം ഏറ്റവും മികച്ച വിധത്തിൽ ഉപയോഗിച്ചുകൊണ്ട് അവർ എല്ലായിടത്തും രാജ്യസുവാർത്ത ഘോഷിച്ചു.—റോമർ 12:18-21 വായിക്കുക.
സുഗമമായ ഗതാഗതസംവിധാനങ്ങൾ
9, 10. ക്രിസ്തുശിഷ്യരുടെ യാത്ര എളുപ്പമാക്കിത്തീർത്ത ചില കാര്യങ്ങൾ എന്തൊക്കെയായിരുന്നു?
9 സാമ്രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 80,000-ത്തിലധികം കിലോമീറ്റർ വരുന്ന റോഡുകൾ റോമാക്കാർ നിർമിച്ചു. അത് റോമൻ സൈന്യത്തിലെ ശക്തരായ പടയാളികളെ സാമ്രാജ്യത്തിന്റെ ഏതൊരു ഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിച്ചിരുന്നു. അങ്ങനെ, അവർക്ക് അവരുടെ അതിർത്തി കാക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിഞ്ഞു. കാടുകൾക്കിടയിലൂടെയും മരുഭൂമിയിലൂടെയും പർവതപ്രദേശങ്ങളിലൂടെയും വെട്ടിയൊരുക്കിയ റോഡുകൾ പല പ്രദേശങ്ങളിലും സുവാർത്ത എത്തിക്കാൻ ക്രിസ്ത്യാനികളെ സഹായിച്ചു.
10 റോഡുകൾക്കു പുറമേ റോമാക്കാർ ജല മാർഗവും ഉപയോഗിച്ചിരുന്നു. സാമ്രാജ്യത്തിലുടനീളമുള്ള നൂറുകണക്കിനു തുറമുഖങ്ങളിലേക്ക് എത്തിച്ചേരാൻ അവർ തോടുകളെയും നദികളെയും സമുദ്രങ്ങളെയും ആശ്രയിച്ചു. വാസ്തവത്തിൽ റോമാക്കാർ 900-ത്തിലധികം സമുദ്രപാതകൾ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യാനികൾക്കും ഈ പാതകളിലൂടെ അനേകം പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽ പ്രവേശിക്കാൻ അവർക്ക് പാസ്സ്പോർട്ടുപോലുള്ള നിയമപരമായ രേഖകൾ ആവശ്യമായിരുന്നില്ല. കുറ്റം ചെയ്യുന്നവരെ റോമാക്കാർ കർശനമായി ശിക്ഷിക്കുമെന്ന് അറിയാമായിരുന്നതിനാൽ റോഡുകളിൽ കള്ളന്മാരുടെ ശല്യം തീരെ കുറവായിരുന്നു. റോമൻ സൈന്യത്തിന്റെ കപ്പലുകൾ സമുദ്രപാതകളിലൂടെ റോന്തുചുറ്റിയിരുന്നതിനാൽ കടൽക്കൊള്ളക്കാർ തങ്ങളെ ആക്രമിക്കുമെന്ന ഭയം യാത്രക്കാർക്കില്ലായിരുന്നു. കടൽമാർഗമുള്ള തന്റെ യാത്രയിൽ പൗലോസ് കപ്പൽച്ചേതത്തിൽ അകപ്പെട്ടതായും കടലിലെ ആപത്തുകൾ നേരിട്ടതായും ബൈബിൾ പറയുന്നുണ്ടെങ്കിലും കടൽക്കൊള്ളക്കാരാൽ ആക്രമിക്കപ്പെട്ടതിന്റെ ഒരു രേഖയുമില്ല. അതുകൊണ്ട് കരമാർഗവും കടൽമാർഗവും ഉള്ള യാത്ര പൊതുവെ സുരക്ഷിതമായിരുന്നു.—2 കൊരി. 11:25, 26.
ഗ്രീക്ക് ഭാഷ
കോഡക്സിന്റെ ഉപയോഗം തിരുവെഴുത്തുകൾ എളുപ്പം കണ്ടെത്താൻ സഹായിച്ചു (12-ാം ഖണ്ഡിക കാണുക)
11. ക്രിസ്തുശിഷ്യർ ഗ്രീക്ക് ഭാഷ ഉപയോഗിച്ചത് എന്തുകൊണ്ട്?
11 റോമാക്കാർ ഭരിച്ചിരുന്ന പല പ്രദേശങ്ങളും വർഷങ്ങൾക്കു മുമ്പ് ഗ്രീക്ക് ഭരണാധികാരിയായിരുന്ന മഹാനായ അലക്സാണ്ടർ കീഴടക്കിയവയായിരുന്നു. ആയതിനാൽ ആ പ്രദേശങ്ങളിലെ ആളുകൾ ഗ്രീക്ക് ഭാഷയുടെ ഉപഭാഷയായ കൊയ്നി ഗ്രീക്ക് സംസാരിക്കാൻ പഠിച്ചിരുന്നു. തത്ഫലമായി ശിഷ്യൻമാർക്ക് ആ ഭാഷയിൽ അവരോട് പ്രസംഗിക്കാൻ കഴിഞ്ഞു. കൂടാതെ എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്ക് പരിഭാഷയുണ്ടായിരുന്നതിനാൽ അതിൽനിന്ന് ഉദ്ധരിക്കാനും അവർക്കായി. ഈജിപ്തിൽ ജീവിച്ചിരുന്ന യഹൂദൻമാർ പരിഭാഷപ്പെടുത്തിയ സെപ്റ്റുവജിന്റ് എന്ന ഈ പരിഭാഷയെക്കുറിച്ച് അനേകം ആളുകൾക്കും അറിയാമായിരുന്നു. ശേഷിച്ച ബൈബിൾ ഭാഗങ്ങൾ എഴുതാനും എഴുത്തുകാർ ഗ്രീക്ക് ഭാഷ ഉപയോഗിച്ചു. നല്ലൊരു പദസമ്പത്തുണ്ടായിരുന്നതിനാൽ ആഴമേറിയ ബൈബിൾസത്യങ്ങൾ വിശദീകരിക്കാൻ യോജിച്ച ഒന്നായിരുന്നു ഈ ഭാഷ. അതുപോലെ നല്ല ആശയവിനിമയമുണ്ടായിരിക്കാനും ഐക്യം കാത്തുസൂക്ഷിക്കാനും ഗ്രീക്ക് ഭാഷ സഭകളെ സഹായിച്ചു.
12. (എ) എന്താണ് കോഡക്സ്, അത് ചുരുളുകളെക്കാളും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്നത് എന്തുകൊണ്ട്? (ബി) ക്രിസ്ത്യാനികളിൽ മിക്കവരും എന്നു മുതലാണ് പുസ്തകങ്ങൾ ഉപയോഗിച്ചുതുടങ്ങിയത്?
12 ബൈബിൾ പഠിപ്പിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ എന്താണ് ഉപയോഗിച്ചത്? ആദ്യം അവർ ഉപയോഗിച്ചിരുന്നത് ചുരുളുകളാണ്. എന്നാൽ ഇത് ഉപയോഗിക്കാനും കൊണ്ടുനടക്കാനും അത്ര എളുപ്പമല്ലായിരുന്നു. ഒരു തിരുവെഴുത്തു കണ്ടെത്താൻ ഓരോ പ്രാവശ്യവും ചുരുളുകൾ നിവർത്തുകയും ചുരുട്ടുകയും ചെയ്യണമായിരുന്നു. കൂടാതെ, സാധാരണഗതിയിൽ ചുരുളുകളുടെ ഒരു വശത്ത് മാത്രമേ എഴുത്തുണ്ടായിരുന്നുള്ളൂ. മത്തായിയുടെ സുവിശേഷത്തിനുതന്നെ ഒരു ചുരുൾ വേണമായിരുന്നു. എന്നാൽ പിന്നീട് പുസ്തകത്തിന്റെ ആദിമരൂപമായ കോഡക്സ് ഉപയോഗിച്ചുതുടങ്ങി. ഒരു പുസ്തകമാകുമ്പോൾ വായനക്കാരന് താളുകൾ മറിച്ച് തിരുവെഴുത്തുകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ കോഡക്സ് രംഗത്തു വന്നത് ഏ.ഡി. 100-ന് വളരെ മുമ്പായിരിക്കണം, കാരണം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ അതു വ്യാപകമായി ഉപയോഗിച്ചിരുന്നു.
റോമൻ നിയമം
13, 14. (എ) റോമാപൗരനായിരുന്നതുകൊണ്ട് പൗലോസിനു എന്തു സംരക്ഷണം ലഭിച്ചു? (ബി) ക്രിസ്ത്യാനികൾ റോമൻ നിയമങ്ങളിൽനിന്ന് എങ്ങനെ പ്രയോജനം നേടി?
13 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ റോമൻ നിയമങ്ങളിൽനിന്ന് പ്രയോജനം നേടിയിരുന്നു. ഉദാഹരണത്തിന്, പൗലോസ് ഒരു റോമൻ പൗരനായിരുന്നതുകൊണ്ട് തന്റെ യാത്രകളിൽ അദ്ദേഹത്തിന് അത് ഒരു സംരക്ഷണമായിരുന്നു. യെരുശലേമിൽവെച്ച് പൗലോസിനെ റോമൻ പടയാളികൾ അറസ്റ്റ് ചെയ്യുകയും ചാട്ടയ്ക്കടിക്കാൻ ഒരുങ്ങുകയും ചെയ്തപ്പോൾ താൻ ഒരു റോമാപൗരനാണെന്ന് അദ്ദേഹം അവരോടു പറഞ്ഞു. വിചാരണ കൂടാതെ ഒരു റോമാപൗരനെ അടിക്കുന്നതു ശരിയല്ലെന്നു പൗലോസ് ശതാധിപനെ ഓർമിപ്പിച്ചു. അപ്പോൾ “അവനെ ദണ്ഡിപ്പിച്ച് തെളിവെടുക്കാൻ ഒരുങ്ങിയിരുന്നവർ ഉടൻതന്നെ പിന്മാറി. അവൻ റോമാപൗരനാണെന്നു തീർച്ചയായപ്പോൾ താൻ അവനെ ബന്ധിച്ചതിൽ സഹസ്രാധിപനും ഭയമായി.”—പ്രവൃ. 22:25-29.
14 ഫിലിപ്പിയിൽവെച്ച്, പൗലോസ് ഒരു റോമൻ പൗരനാണെന്ന് അറിഞ്ഞപ്പോൾ അവനോടുള്ള അധികാരികളുടെ ഇടപെടലിൽ മാറ്റം വന്നു. (പ്രവൃ. 16:35-40) എഫെസൊസിലെ ചില ക്രിസ്ത്യാനികളെ കുപിതരായ ഒരു ജനക്കൂട്ടം ആക്രമിക്കാൻ വന്നപ്പോൾ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ജനക്കൂട്ടത്തെ ശാന്തരാക്കിയിട്ട്, റോമൻ നിയമം ലംഘിക്കരുതെന്ന് മുന്നറിയിപ്പു നൽകി. (പ്രവൃ. 19:35-41) മറ്റൊരു അവസരത്തിൽ, കൈസര്യയിലായിരുന്നപ്പോൾ റോമൻ ചക്രവർത്തിയുടെ മുമ്പാകെ ഉപരിവിചാരണയ്ക്കു പോകാനുള്ള തന്റെ അവകാശം നേടിയെടുക്കാൻ പൗലോസ് ശ്രമിച്ചു. അവിടെ റോമിൽ സുവാർത്തയ്ക്കുവേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. (പ്രവൃ. 25:8-12) ഇതെല്ലാം കാണിക്കുന്നത് സുവാർത്ത പ്രസംഗിക്കുന്നതിനും അതിന്റെ “നിയമപരമായ സ്ഥിരീകരണത്തിലും” ക്രിസ്ത്യാനികൾ റോമൻ നിയമങ്ങൾ ഉപയോഗിച്ചു എന്നാണ്.—ഫിലി. 1:7.
പല രാജ്യങ്ങളിലായി ചിതറിപ്പാർത്തിരുന്ന യഹൂദന്മാർ
15. ഒന്നാം നൂറ്റാണ്ടിൽ അനേകം യഹൂദന്മാരും എവിടെയാണ് ജീവിച്ചിരുന്നത്?
15 മുഴുഭൂമിയിലും സുവാർത്ത പ്രസംഗിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ മറ്റു ചില കാര്യങ്ങളും സഹായിച്ചിട്ടുണ്ടാകാം. അക്കാലത്ത് ഇസ്രായേലിൽ മാത്രമല്ല പല രാജ്യങ്ങളിലും യഹൂദന്മാരുണ്ടായിരുന്നു. എന്തായിരുന്നു കാരണം? നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് യഹൂദന്മാരിൽ അനേകരെ അസീറിയയിലേക്കു അടിമകളായി പിടിച്ചുകൊണ്ടു പോയിരുന്നു. പിന്നീടു വർഷങ്ങൾക്കു ശേഷം ബാക്കിയുള്ളവരെ ബാബിലോണിലേക്കും. പിന്നീട്, പേർഷ്യക്കാർ ബാബിലോൺ ഭരിച്ചിരുന്നപ്പോൾ പേർഷ്യൻ സാമ്രാജ്യത്തിലുടനീളം യഹൂദന്മാർ ജീവിക്കുന്നുണ്ടായിരുന്നു. (എസ്ഥേ. 9:30) യേശു ഭൂമിയിൽ ജീവിച്ചിരുന്ന ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, ഈജിപ്ത്, വടക്കെ ആഫ്രിക്ക, ഗ്രീസ്, ഏഷ്യാമൈനർ (തുർക്കി), മെസൊപ്പൊട്ടേമിയ (ഇറാഖ്) എന്നിങ്ങനെ റോമാസാമ്രാജ്യത്തിലുടനീളം യഹൂദന്മാർ വസിച്ചിരുന്നു. ആ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന 6 കോടി ജനങ്ങളിൽ 40 ലക്ഷം പേരും യഹൂദന്മാരായിരുന്നെന്നാണ് കണക്കാക്കുന്നത്. ഈ യഹൂദന്മാർ പല സ്ഥലങ്ങളിലായി ചിതറിപ്പാർത്തിരുന്നെങ്കിലും അവർ തങ്ങളുടെ മതം ഉപേക്ഷിച്ചുപോയില്ല.—മത്താ. 23:15.
16, 17. (എ) യഹൂദന്മാർ ചിതറിപ്പാർത്തിരുന്നതിനാൽ യഹൂദരല്ലാത്തവർ അതിൽനിന്നു പ്രയോജനം നേടിയത് എങ്ങനെ? (ബി) ഏതു വിധങ്ങളിലാണ് ക്രിസ്ത്യാനികൾ യഹൂദന്മാരുടെ മാതൃക അനുകരിച്ചത്?
16 പല രാജ്യങ്ങളിലും യഹൂദന്മാരുണ്ടായിരുന്നതിനാൽ, യഹൂദന്മാരല്ലാത്ത അനേകം ആളുകൾക്കും എബ്രായ തിരുവെഴുത്തുകളെക്കുറിച്ച് അറിയാനും അവരുടെ വിശ്വാസങ്ങളെക്കുറിച്ചു പഠിക്കാനും കഴിഞ്ഞു. ഉദാഹരണത്തിന്, സത്യദൈവം ഒന്നേയുള്ളൂ എന്നും ആ ദൈവത്തെ സേവിക്കുന്നവർ ദൈവത്തിന്റെ നിയമങ്ങൾ പിൻപറ്റണമെന്നും അവർ പഠിച്ചു. എബ്രായ തിരുവെഴുത്തുകൾ ദൈവത്തിൽനിന്നുള്ളതാണെന്നും അതിൽ മിശിഹായെക്കുറിച്ചുള്ള അനേകം പ്രവചനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവർ മനസ്സിലാക്കിയിരുന്നു. (ലൂക്കോ. 24:44) അതുകൊണ്ട് യഹൂദന്മാർക്കും യഹൂദന്മാരല്ലാത്തവർക്കും, ക്രിസ്ത്യാനികൾ സുവാർത്ത പ്രസംഗിച്ചപ്പോൾ അവർ പ്രസംഗിച്ചിരുന്ന കാര്യങ്ങളിൽ ചിലതെങ്കിലുമൊക്കെ അപ്പോഴേ അറിയാമായിരുന്നു. സുവാർത്ത കേൾക്കാൻ താത്പര്യമുള്ള ആളുകളെ കണ്ടെത്താൻ ആഗ്രഹിച്ചിരുന്നതുകൊണ്ട്, യഹൂദന്മാർ ആരാധനയ്ക്കായി കൂടിവന്നിരുന്ന സിനഗോഗുകളിൽ പൗലോസ് അവരുമായി തിരുവെഴുത്തുകൾ ഉപയോഗിച്ച് ന്യായവാദം ചെയ്തു.—പ്രവൃത്തികൾ 17:1, 2 വായിക്കുക.
17 യഹൂദന്മാർ സിനഗോഗുകളിലോ മറ്റിടങ്ങളിലോ ആരാധനയ്ക്കായി ക്രമമായി കൂടിവന്നിരുന്നു. അവർ ഗീതങ്ങൾ ആലപിക്കുകയും പ്രാർഥിക്കുകയും തിരുവെഴുത്തുകൾ ചർച്ച ചെയ്യുകയും ചെയ്തു. ക്രിസ്ത്യാനികൾ അവരുടെ മാതൃക അനുകരിച്ചു. ഇന്ന് നമ്മളും അതേ മാതൃക പിന്തുടരുന്നു.
പ്രസംഗിക്കാൻ യഹോവ അവരെ സഹായിച്ചു
18, 19. (എ) ഒന്നാം നൂറ്റാണ്ടിലെ സാഹചര്യങ്ങൾ എന്ത് ചെയ്യാൻ ക്രിസ്ത്യാനികളെ സഹായിച്ചു? (ബി) യഹോവയെക്കുറിച്ച് എന്ത് വീക്ഷണമുണ്ടായിരിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിച്ചു?
18 ചരിത്രത്തിലെ അതുല്യമായ ഒരു കാലഘട്ടമായിരുന്നു ഒന്നാം നൂറ്റാണ്ട്. റോമാസാമ്രാജ്യത്തിൽ സമാധാനമുണ്ടായിരുന്നു. അനേകം ആളുകൾ ഒരേ ഭാഷ സംസാരിച്ചിരുന്നു. റോമൻ നിയമങ്ങൾ ജനങ്ങളെ സംരക്ഷിച്ചു. യാത്ര ചെയ്യുക എന്നത് എളുപ്പമായിരുന്നു. കൂടാതെ, പല രാജ്യങ്ങളിലെയും ആളുകൾക്ക് യഹൂദന്മാരെക്കുറിച്ചും എബ്രായ തിരുവെഴുത്തുകളെക്കുറിച്ചും അറിയാമായിരുന്നു. ഈ കാര്യങ്ങളെല്ലാം ദൈവം ഏൽപ്പിച്ച വേല തുടർന്നും നന്നായി ചെയ്യാൻ ക്രിസ്ത്യാനികളെ സഹായിച്ചു.
19 യേശു ഭൂമിയിൽ വരുന്നതിന് ഏകദേശം 400-വർഷം മുമ്പ് ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകനായിരുന്നു പ്ലേറ്റോ. സ്രഷ്ടാവിനെക്കുറിച്ചു അറിയുക എന്നതും ആ കാര്യം ഭൂമിയിൽ എല്ലാവരോടും പറയുക എന്നതും അസാധ്യമായ കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ യേശു പറഞ്ഞത്: “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യം” എന്നാണ്. (ലൂക്കോ. 18:27) യഹോവയുടെ സഹായത്താൽ സുവാർത്താ പ്രസംഗവേല സാധ്യമാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. “സകല ജനതകളിലുംപെട്ട” ആളുകൾ സുവാർത്ത കേൾക്കണമെന്നും തന്നെക്കുറിച്ച് അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നു. (മത്താ. 28:19) ഇന്ന് ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.