ജീവിതകഥ
“അനുകൂലകാലത്തും പ്രതികൂലകാലത്തും” അനുഗ്രഹങ്ങൾ
മലാവി എന്ന രാജ്യത്തെ നംകുംബാ എന്ന മനോഹരമായ ഗ്രാമത്തിൽ, 1930 മാർച്ചിലായിരുന്നു എന്റെ ജനനം. യഹോവയെ വിശ്വസ്തതയോടെ സേവിച്ചിരുന്ന ദൈവഭക്തിയുള്ള ഒരു കുടുംബത്തിലാണ് ഞാൻ പിറന്നത്. 1942-ൽ ഞാൻ ജീവിതം യഹോവയ്ക്ക് സമർപ്പിച്ച്, ഞങ്ങളുടെ അടുത്തുള്ള ശാന്തസുന്ദരമായ ഒരു നദിയിൽ സ്നാനമേറ്റു. അപ്പൊസ്തലനായ പൗലോസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ച അതേ കാര്യം ചെയ്യുന്നതിൽ കഴിഞ്ഞ 70 വർഷക്കാലമായി ഞാനും തുടരുന്നു: “വചനം പ്രസംഗിക്കുക; അനുകൂലകാലത്തും പ്രതികൂലകാലത്തും അടിയന്തിരതയോടെ അതു ചെയ്യുക.”—2 തിമൊ. 4:2.
നേഥൻ എച്ച്. നോർ സഹോദരന്റെയും മിൽട്ടൻ ജി. ഹെൻഷൽ സഹോദരന്റെയും 1948-ലെ ആദ്യ മലാവി സന്ദർശനം, യഹോവയെ മുഴുസമയം സേവിക്കാനുള്ള എന്റെ ആഗ്രഹത്തെ ജ്വലിപ്പിച്ചു. ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്നു വന്ന അവരുടെ പ്രോത്സാഹജനകമായ അഭിപ്രായങ്ങൾ ഞാൻ വളരെ പ്രിയത്തോടെ ഇന്നും ഓർക്കുന്നു. അന്ന് നോർ സഹോദരൻ നടത്തിയ “സകലജനതകൾക്കുമുള്ള നിത്യരാജാവ്” എന്ന പ്രസംഗം ഞങ്ങൾ 6,000-ത്തോളം പേർ ചെളിനിറഞ്ഞ ഒരു പാടത്തു നിന്ന് ശ്രദ്ധാപൂർവം കേട്ടു.
പിന്നീട്, എന്നെപ്പോലെതന്നെ യഹോവയെ മുഴുസമയം സേവിക്കാൻ ലക്ഷ്യമുണ്ടായിരുന്ന ലിഡാസി എന്ന സുന്ദരിയായ ഒരു സഹോദരിയെ ഞാൻ കണ്ടുമുട്ടി. 1950-ൽ ഞങ്ങൾ വിവാഹിതരായി, 1953 ആയപ്പോഴേക്കും ഞങ്ങൾക്ക് രണ്ടു കുട്ടികൾ ജനിച്ചു. ഞങ്ങൾക്ക് പല കുടുംബോത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്ക് പയനിയറിങ് ഏറ്റെടുക്കാനാകുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. രണ്ട് വർഷങ്ങൾക്കു ശേഷം എനിക്ക് പ്രത്യേക പയനിയറായി സേവിക്കാനുള്ള ക്ഷണം ലഭിച്ചു.
അതിനുശേഷം അധികം താമസിയാതെ, ഒരു സർക്കിട്ട് മേൽവിചാരകനായി സഭകൾ സന്ദർശിക്കാനുള്ള പദവി എനിക്കു ലഭിച്ചു. ലിഡാസിയുടെ നല്ല പിന്തുണയുണ്ടായിരുന്നതിനാൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാനും ഒപ്പം മുഴുസമയസേവനത്തിൽ തുടരാനും എനിക്കു സാധിച്ചു.a എന്നാൽ, രണ്ടുപേർക്കും യഹോവയെ മുഴുസമയം സേവിക്കാൻ കഴിയണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെ ഞങ്ങളുടെ ഉചിതമായ ആസൂത്രണത്തിന്റെയും കുട്ടികളുടെ സഹകരണത്തിന്റെയും ഫലമായി 1960-ൽ ലിഡാസിക്കും മുഴുസമയസേവനം ആരംഭിക്കാനായി.
വരാനിരുന്ന പീഡനങ്ങൾ നേരിടാനായി സമ്മേളനങ്ങൾ ഞങ്ങളെ ഒരുക്കി
1962-ൽ ഞങ്ങൾ “ധീരരായ ശുശ്രൂഷകർ” ഡിസ്ട്രിക്റ്റ് സമ്മേളനം ആസ്വദിച്ചു. ഒരു വർഷത്തിനു ശേഷം, ബ്ലാന്റൈർ പട്ടണത്തിനടുത്ത് നടന്ന പ്രത്യേക കൺവെൻഷനിൽ പങ്കെടുക്കാൻ ഹെൻഷൽ സഹോദരൻ മലാവിയിലെത്തി. 10,000-ത്തിലധികം പേർ ആ കൺവെൻഷനിൽ സംബന്ധിച്ചു. ഉടൻ വരാനിരുന്ന പ്രതികൂലകാലങ്ങൾക്കായി മലാവിയിലുള്ള ഞങ്ങളെയെല്ലാം തയാറാക്കാനും ശക്തിപ്പെടുത്താനും ആ പ്രത്യേക പരിപാടികൾ എത്ര സഹായിച്ചുവെന്നോ!
പ്രതികൂലകാലങ്ങൾ വരുന്നു
ഗവണ്മെന്റ് നമ്മുടെ പ്രവർത്തനം നിരോധിക്കുകയും ബ്രാഞ്ചോഫീസ് പിടിച്ചെടുക്കുകയും ചെയ്തു
1964-ൽ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരുന്നതിനാൽ സാക്ഷികൾക്ക് പീഡനം നേരിടേണ്ടിവന്നു. അതിന്റെ ഫലമായി, നൂറിലേറെ രാജ്യഹാളുകളും സഹോദരങ്ങളുടെ ആയിരത്തിലേറെ വീടുകളും അവർ നശിപ്പിച്ചു. 1967-ൽ ഗവൺമെന്റ്, സാക്ഷികളെ നിരോധിക്കുന്നതുവരെ ഞാനും ലിഡാസിയും സർക്കിട്ട് വേലയിൽ തുടർന്നു. അങ്ങനെയിരിക്കെ ഗവൺമെന്റ്, ബ്രാഞ്ച് കെട്ടിടങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു, മിഷനറിമാരെ നിർബന്ധപൂർവം നാടുകടത്തി, എന്നെയും ലിഡാസിയെയും മറ്റനേകം സാക്ഷികളെയും അവർ ജയിലിൽ അടച്ചു. ജയിൽമോചിതരായ ശേഷം ഞങ്ങൾ വിവേകത്തോടെ സർക്കിട്ട് വേല പുനരാരംഭിച്ചു.
1972 ഒക്ടോബറിൽ ഒരു ദിവസം ‘മലാവി യൂത്ത് ലീഗ്’ എന്നു പേരുള്ള ഒരു തീവ്രരാഷ്ട്രീയ സംഘടനയിലെ അംഗങ്ങൾ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി വരികയായിരുന്നു. എന്നാൽ ആ കൂട്ടത്തിലെ ഒരാൾ അവർക്കു മുമ്പായി ഓടിവന്ന് എന്നോട്, ‘പെട്ടെന്ന് എവിടെയെങ്കിലും പോയി ഒളിക്ക്, അവർ താങ്കളെ കൊല്ലാനാണ് വരുന്നത്’ എന്ന് പറഞ്ഞു. ഭാര്യയോടും മക്കളോടും അടുത്തുള്ള വാഴത്തോട്ടത്തിൽ ഒളിക്കാൻ പറഞ്ഞിട്ട് ഞാൻ വേഗം ഒരു വലിയ മാവിന്റെ മുകളിൽ കയറി. അവർ ഞങ്ങളുടെ വീടും ഞങ്ങൾക്കുണ്ടായിരുന്ന സകലതും നശിപ്പിക്കുന്നത് നിസ്സഹായനായി നോക്കിക്കാണാനേ എനിക്കായുള്ളൂ.
രാഷ്ട്രീയ കാര്യങ്ങളിൽ ഏർപ്പെടാത്തതിനാൽ സഹോദരങ്ങളുടെ വീടുകൾ തീയ്ക്കിരയാക്കി
പീഡനം കടുത്തതോടെ ആയിരക്കണക്കിനു സാക്ഷികൾ മലാവി വിട്ടു. 1974 ജൂൺ വരെ ഞങ്ങൾ മൊസാമ്പിക്കിലെ ഒരു അഭയാർഥികേന്ദ്രത്തിൽ തങ്ങി. അങ്ങനെയിരിക്കെ, ലിഡാസിക്കും എനിക്കും മൊസാമ്പിക്കിലെ ഡോംവായിൽ പ്രത്യേക പയനിയർമാരായി സേവിക്കാനുള്ള നിയമനം ലഭിച്ചു. 1975-ൽ മൊസാമ്പിക്ക് വിട്ട് മലാവിയിലേക്ക് തിരികെപ്പോകാൻ നിർബന്ധിതരാകുന്നതുവരെ ഞങ്ങൾ പയനിയർവേലയിൽ തുടർന്നു. സാക്ഷികൾക്കു നേരെ അപ്പോഴും അവിടെ പീഡനം തുടരുന്നുണ്ടായിരുന്നു.
തിരിച്ചുവന്നതിനു ശേഷം തലസ്ഥാനനഗരമായ ലിലോംഗ്വെയിലെ സഭകൾ സന്ദർശിക്കാൻ എന്നെ നിയമിച്ചു. പീഡനവും മറ്റ് ബുദ്ധിമുട്ടുകളും ഒക്കെയുണ്ടായിരുന്നിട്ടും ഞങ്ങൾ സേവിച്ച സർക്കിട്ടുകളിൽ സഭകളുടെ എണ്ണം വർധിച്ചു.
യഹോവയുടെ സ്നേഹപുരസ്സരമായ പിന്തുണ
ഒരിക്കൽ ഞങ്ങൾ ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെയൊരു രാഷ്ട്രീയയോഗം നടക്കുകയായിരുന്നു. ഞങ്ങൾ സാക്ഷികളാണെന്ന് തിരിച്ചറിഞ്ഞ ചിലർ ‘മലാവി യുവ മുന്നണിപ്പോരാളികൾ’ എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ യോഗത്തിൽ ഞങ്ങളെ പിടിച്ചിരുത്തി. സഹായത്തിനും മാർഗനിർദേശത്തിനും ആയി അപ്പോൾ ഞങ്ങൾ യഹോവയോട് യാചിച്ചു. യോഗം കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ മർദിക്കാൻ തുടങ്ങി. പെട്ടെന്ന്, പ്രായമുള്ള ഒരു സ്ത്രീ ഓടിവന്ന് ഉച്ചത്തിൽ പറഞ്ഞു: “ദയവായി അവരെ വെറുതെ വിടൂ! ഇത് എന്റെ സഹോദരന്റെ മകനാണ്. അവൻ പൊയ്ക്കോട്ടെ.” അപ്പോൾ യോഗത്തിന്റെ ചുമതലക്കാരൻ ഇങ്ങനെ പറഞ്ഞു: “അവരെ വിട്ടേക്ക്!” ആ സ്ത്രീയുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു, എന്നിട്ടും എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. യഹോവ ഞങ്ങളുടെ പ്രാർഥന കേട്ടു എന്നുതന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
രാഷ്ട്രീയ പാർട്ടി കാർഡ്
1981-ൽ ‘മലാവി യുവ മുന്നണിപ്പോരാളികൾ’ ഞങ്ങളെ വീണ്ടും പിടികൂടി. ഇത്തവണ അവർ ഞങ്ങളുടെ സൈക്കിളുകളും സാധനങ്ങളും പുസ്തകങ്ങളും പിടിച്ചെടുത്തു. അക്കൂട്ടത്തിൽ സർക്കിട്ടിലെ സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫയലുകളുമുണ്ടായിരുന്നു. ഒരു വിധത്തിൽ ഞങ്ങൾ അവിടെനിന്ന് ഓടി രക്ഷപ്പെട്ട് ഒരു മൂപ്പന്റെ വീട്ടിലെത്തി. പക്ഷേ, അവരുടെ കൈയിൽ കിട്ടിയ ഫയലുകളിലെ വിവരങ്ങളെക്കുറിച്ചായിരുന്നു ഞങ്ങളുടെ പേടി. ‘മലാവി യുവ മുന്നണിപ്പോരാളികൾ’ ഫയലുകൾ പരിശോധിച്ചപ്പോൾ മലാവിയുടെ നാനാഭാഗത്തുനിന്നുമുള്ള സഹോദരങ്ങൾ എനിക്ക് അയച്ച കത്തുകൾ കണ്ടു. അതു കണ്ട അവർ, ഞാൻ ഏതോ വലിയ സർക്കാർ ഉദ്യോഗസ്ഥനാണെന്നു കരുതി ഒന്ന് അമ്പരന്നു. അങ്ങനെ അവർ ഫയലുകളെല്ലാം അടുത്തുള്ള മൂപ്പന്മാരുടെ കൈവശം തിരികെ ഏൽപ്പിച്ചു.
മറ്റൊരിക്കൽ, ഞങ്ങൾ ഒരു നദി കുറുകെ കടക്കുകയായിരുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന ബോട്ട് ഒരു രാഷ്ട്രീയ നേതാവിന്റേതായിരുന്നു. ബോട്ടിലുള്ള എല്ലാവരുടെയും പാർട്ടി കാർഡ് കാണിക്കാൻ അയാൾ ആവശ്യപ്പെട്ടു. അയാൾ ഞങ്ങളുടെ അടുത്ത് എത്തിയപ്പോഴേക്കും പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കള്ളനിൽ അയാളുടെ കണ്ണുടക്കി. പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ ബോട്ടിലുണ്ടായിരുന്ന ആ കള്ളനിലേക്കായി. അതോടെ, കാർഡ് പരിശോധനയും നിന്നു. അവിടെയും യഹോവയുടെ സ്നേഹപൂർവകമായ പിന്തുണ ഞങ്ങൾ അനുഭവിച്ചറിഞ്ഞു.
അറസ്റ്റും ജയിലും
1984 ഫെബ്രുവരിയിൽ ഞാൻ സാംബിയയിലുള്ള ബ്രാഞ്ചോഫീസിന് റിപ്പോർട്ടുകൾ കൈമാറാൻ ലിലോംഗ്വെയിലേക്കുള്ള യാത്രയിലായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെ പിടിച്ചുനിറുത്തി എന്റെ ബാഗ് പരിശോധിച്ചു. ചില ബൈബിൾപ്രസിദ്ധീകരണങ്ങൾ കണ്ടെത്തിയ അദ്ദേഹം എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കാൻ തുടങ്ങി. പിന്നെ എന്നെ ഒരു കയറുകൊണ്ടു കെട്ടി കള്ളന്മാരായ തടവുകാരുടെ കൂടെയിട്ടു.
അടുത്ത ദിവസം ഒരു പോലീസ് മേലധികാരി വേറൊരു മുറിയിലേക്ക് കൊണ്ടുപോയി ഒരു പേപ്പറിൽ ഒപ്പിടാൻ എന്നോട് ആവശ്യപ്പെട്ടു. അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: “ട്രോഫിം ആർ. സോമ്പ എന്ന ഞാൻ ഇനി മുതൽ ഒരു യഹോവയുടെ സാക്ഷിയായിരിക്കില്ല. അതുകൊണ്ട് എന്നെ വിട്ടയയ്ക്കണം.” ഒപ്പിടാൻ വിസമ്മതിച്ച ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: “തടവിൽ കിടക്കാൻ മാത്രമല്ല, മരിക്കാനും ഞാൻ തയാറാണ്. ഞാൻ ഇപ്പോഴും ഒരു യഹോവയുടെ സാക്ഷിയാണ്.” ഇതു കേട്ട് ദേഷ്യം വന്ന ഉദ്യോഗസ്ഥൻ ഡെസ്കിൽ ആഞ്ഞടിച്ചു. ആ ശബ്ദം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന പോലീസുകാരൻ ഓടിവന്നു, അത്രയ്ക്കു ശക്തമായിരുന്നു ആ അടി. പോലീസുകാരനോട് ഉദ്യോഗസ്ഥൻ പറഞ്ഞു: “മേലാൽ സാക്ഷിയായിരിക്കില്ല എന്ന് എഴുതിയത് ഒപ്പിടാൻ ഇയാൾ തയാറല്ല. അതിനു പകരം, അയാൾ ഒരു സാക്ഷിയാണെന്ന് എഴുതി ഒപ്പു മേടിക്ക്. നമുക്ക് ഇയാളെ ലിലോംഗ്വെയിലെ ജയിലിൽ അടയ്ക്കാം.” ഈ സമയത്തൊന്നും ഞാൻ എവിടെയാണെന്ന് ഭാര്യയ്ക്ക് അറിയില്ലായിരുന്നു. അവസാനം നാലു ദിവസങ്ങൾക്കു ശേഷമാണ് ഞാൻ എവിടെയാണെന്ന് സഹോദരങ്ങൾക്ക് എന്റെ ഭാര്യയെ അറിയിക്കാൻ കഴിഞ്ഞത്.
ലിലോംഗ്വെയിലെ പോലീസ് സ്റ്റേഷനിൽ പോലീസുകാർ എന്നോട് ദയയോടെയാണ് പെരുമാറിയത്. പോലീസ് മേലധികാരി പറഞ്ഞു: “നിങ്ങൾ ദൈവവചനത്തെപ്രതിയല്ലേ തടവിലായത്, ഈ ഭക്ഷണം കഴിച്ചോളൂ. ഇവിടെയുള്ള മറ്റുള്ളവർ മോഷ്ടാക്കളാണ്.” പിന്നീട് അദ്ദേഹം എന്നെ കച്ചേരേ ജയിലിലേക്ക് കൊണ്ടുപോയി, അവിടെ ഞാൻ അഞ്ചു മാസം ചെലവഴിച്ചു.
അവിടുത്തെ ജയിൽ വാർഡന് ഞാൻ ചെന്നത് ഇഷ്ടമായി, എന്നെ ജയിലിലെ ‘പാസ്റ്റർ’ ആക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതുവരെയുണ്ടായിരുന്ന പാസ്റ്ററിനോട് വാർഡൻ പറഞ്ഞു: “നീ ഇനി ഇവിടെ ബൈബിൾ പഠിപ്പിക്കേണ്ട. നിന്റെ പള്ളിയിൽനിന്ന് മോഷ്ടിച്ചതിനല്ലേ നിന്നെ ജയിലിലടച്ചത്!” അങ്ങനെ, ജയിലിലുള്ളവർക്കുവേണ്ടി ആഴ്ചതോറും നടത്തിയിരുന്ന യോഗങ്ങളിൽ ഞാൻ ബൈബിൾ പഠിപ്പിച്ചു.
അധികം താമസിയാതെ എന്റെ കാര്യം പിന്നെയും കഷ്ടത്തിലായി. മലാവിയിൽ എത്ര സാക്ഷികളുണ്ടെന്നറിയാൻ ജയിൽ അധികാരികൾ എന്നെ ചോദ്യം ചെയ്തു. ഉദ്ദേശിച്ചതുപോലെ ഉത്തരം പറയാത്തതുകൊണ്ട് ഞാൻ ബോധംകെട്ട് വീഴുന്നതുവരെ അവർ എന്നെ അടിച്ചു. പിന്നീട് ഒരിക്കൽ, നമ്മുടെ പ്രധാന ഓഫീസ് എവിടെയാണെന്ന് അവർ എന്നോടു ചോദിച്ചു. എന്റെ മറുപടി ഇങ്ങനെയായിരുന്നു: “അത്രേയുള്ളോ, ഞാൻ ഇപ്പോ പറയാം.” ഞങ്ങളുടെ പ്രധാന ഓഫീസിനെക്കുറിച്ച് ബൈബിളിൽ വിശദീകരിച്ചിട്ടുണ്ടെന്ന് ഞാൻ അവരോടു പറഞ്ഞു. അതിശയത്തോടെ അവർ ചോദിച്ചു: “ബൈബിളിലോ, എവിടെ?”
“യെശയ്യാവു 43:12-ൽ,” ഞാൻ മറുപടി പറഞ്ഞു. അവർ ബൈബിൾ തുറന്ന് ആ ഭാഗം ശ്രദ്ധയോടെ വായിച്ചു: “നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നേ.” അവർ ആ ഭാഗം മൂന്നു പ്രാവശ്യം വായിച്ചുനോക്കി. എന്നിട്ട് ചോദിച്ചു: “നിങ്ങളുടെ പ്രധാന ഓഫീസ് അമേരിക്കയിലല്ലേ, പിന്നെ ബൈബിളിൽ എങ്ങനെ കാണും?” ഞാൻ പറഞ്ഞു: “അമേരിക്കയിലുള്ള യഹോവയുടെ സാക്ഷികളോടു ചോദിച്ചാലും അവർ ഈ വാക്യംതന്നെയായിരിക്കും കാണിക്കുക.” അവർ പ്രതീക്ഷിക്കുന്നതൊന്നും എന്റെ വായിൽനിന്നു വീഴില്ലെന്നു മനസ്സിലായപ്പോൾ ലിലോംഗ്വെയ്ക്കു വടക്കുള്ള സാലെക്ക ജയിലിലേക്ക് അവർ എന്നെ അയച്ചു.
പ്രതികൂലകാലത്തും അനുഗ്രഹങ്ങൾ
1984 ജൂലൈയിൽ ഞാൻ സാലെക്ക ജയിലിൽ എത്തിയപ്പോൾ അവിടെ 81 സാക്ഷികളുണ്ടായിരുന്നു. ജയിലിലുണ്ടായിരുന്ന 300 തടവുകാർ തറയിൽ മുട്ടിമുട്ടി കിടക്കണമായിരുന്നു. ക്രമേണ സാക്ഷികളായ ഞങ്ങൾക്കെല്ലാം ചെറിയചെറിയ കൂട്ടങ്ങളായി ഒരുമിച്ചുകൂടി ദിവസവും ഒരു ബൈബിൾവാക്യം ചർച്ച ചെയ്യാൻ കഴിഞ്ഞു, അതു ഞങ്ങൾക്കു വളരെ പ്രോത്സാഹനം പകർന്നു.
വിചാരണയ്ക്കു ശേഷം സഹോദരങ്ങളെ കൊണ്ടുപോകുന്നു
1984 ഒക്ടോബറിൽ ഞങ്ങളെയെല്ലാവരെയും കോടതിയിൽ ഹാജരാക്കി. ഞങ്ങൾക്കെല്ലാവർക്കും രണ്ടു വർഷത്തേക്കുകൂടെ തടവുശിക്ഷ ലഭിച്ചു. മുമ്പത്തെപ്പോലെതന്നെ ഞങ്ങളെ സാക്ഷികളല്ലാത്തവരുടെ കൂടെയാണ് താമസിപ്പിച്ചത്. എന്നാൽ ജയിൽ വാർഡൻ എല്ലാവരോടും ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ പുകവലിക്കാത്തവരാണ്. അതുകൊണ്ട് അവരോട് സിഗരറ്റു ചോദിക്കുകയോ, കത്തിക്കാൻ കനൽ എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെടുകയോ ചെയ്യരുത്. അവർ ദൈവത്തിന്റെ ആളുകളാണ്. യഹോവയുടെ സാക്ഷികൾ എന്തെങ്കിലും കുറ്റകൃത്യം ചെയ്തതുകൊണ്ടല്ല ഇവിടെ എത്തിയത്, പകരം അവരുടെ വിശ്വാസത്തെപ്രതിയാണ്. അതുകൊണ്ട് അവർക്ക് ദിവസം രണ്ടു നേരം ആഹാരം കൊടുക്കണം.”
ഞങ്ങളുടെ നല്ലനടത്ത കാരണം പല പ്രയോജനങ്ങളുമുണ്ടായി. ഇരുട്ടത്തോ മഴയത്തോ തടവുകാരെ പുറത്തുപോകാൻ അനുവദിക്കാറില്ലായിരുന്നു. എന്നാൽ ഞങ്ങൾ രക്ഷപെടാൻ ശ്രമിക്കുകയില്ല എന്നു ഉറപ്പുണ്ടായിരുന്നതിനാൽ അവർ ഞങ്ങളെ പുറത്തുപോകാൻ അനുവദിക്കുമായിരുന്നു. ഉദാഹരണത്തിന്, ഒരു ദിവസം ഞങ്ങൾ പാടത്ത് പണിയെടുക്കുകയായിരുന്നു. പെട്ടെന്നു ഞങ്ങളുടെ ഗാർഡിനു സുഖമില്ലാതായി. അപ്പോൾ ഞങ്ങൾ അദ്ദേഹത്തെ താങ്ങിയെടുത്ത് ജയിലിലേക്കു കൊണ്ടുപോയി. ഞങ്ങൾ എപ്പോഴും മാന്യമായി പെരുമാറിയിരുന്നതിനാൽ ജയിൽ അധികാരികൾ യഹോവയുടെ നാമത്തെ സ്തുതിക്കുന്നതു കേൾക്കാൻ ഞങ്ങൾക്കായി.—1 പത്രോ. 2:12.b
വീണ്ടും ഇതാ ഒരു അനുകൂലകാലം
1985 മേയ് 11-ന് സാലെക്ക ജയിലിൽനിന്നു മോചിതനായി വീണ്ടും എന്റെ കുടുംബത്തോടൊപ്പം ഒരുമിച്ചു ചേരാനായതിൽ ഞാൻ എത്ര സന്തുഷ്ടനായിരുന്നെന്നോ! ബുദ്ധിമുട്ടേറിയ ആ നാളുകളിൽ നിർമലത കാത്തുസൂക്ഷിക്കാൻ സഹായിച്ചതിൽ ഞങ്ങൾ യഹോവയ്ക്കു നന്ദി പറയുന്നു. അപ്പൊസ്തലനായ പൗലോസിന്റെ പിൻവരുന്ന അതേ വികാരമാണ് ഞങ്ങൾക്കുമുണ്ടായത്: “സഹോദരന്മാരേ, . . . ഞങ്ങൾ സഹിച്ച കഷ്ടങ്ങൾ നിങ്ങൾ അറിയാതെ പോകരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ജീവനോടിരിക്കുമോ എന്നുപോലും ആശങ്കതോന്നുമാറ് സഹിക്കാവുന്നതിനപ്പുറമായി ഞങ്ങൾ ഞെരുക്കപ്പെട്ടു. ഞങ്ങൾ മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നതായി ഞങ്ങൾക്കു തോന്നി. ഞങ്ങളിലല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ഞങ്ങൾ ആശ്രയിക്കേണ്ടതിനത്രേ ഇതു സംഭവിച്ചത്. അത്ര ഭയങ്കരമായ വിപത്തിൽനിന്നാണ് അവൻ ഞങ്ങളെ വിടുവിച്ചത്.”—2 കൊരി. 1:8-10.
2004-ൽ ഒരു രാജ്യഹാളിനു മുമ്പിൽ നിൽക്കുന്ന സോമ്പ സഹോദരനും ഭാര്യ ലിഡാസിയും
അതിജീവിക്കുമോ എന്നു ചിലപ്പോഴൊക്കെ ഞങ്ങൾക്കു സംശയം തോന്നിയിട്ടുണ്ട്. എന്നാൽ ദൈവത്തിന്റെ മഹനീയ നാമത്തിനു മഹത്വം കരേറ്റാനുള്ള ധൈര്യത്തിനും വിവേകത്തിനും താഴ്മയ്ക്കും ആയി ഞങ്ങൾ എല്ലായ്പോഴും പ്രാർഥിച്ചിട്ടുണ്ട്.
“അനുകൂലകാലത്തും പ്രതികൂലകാലത്തും” യഹോവ ഞങ്ങളുടെ സേവനത്തെ അനുഗ്രഹിച്ചിട്ടുണ്ട്. ലിലോംഗ്വെയിൽ മനോഹരമായ ഒരു പുതിയ ബ്രാഞ്ചോഫീസും മലാവിയിൽ ഉടനീളം 1,000-ത്തിലധികം പുതിയ രാജ്യഹാളുകളും കാണുന്നത് ഇന്നു ഞങ്ങളെ പുളകിതരാക്കുന്നു! യഹോവയിൽനിന്നുള്ള ഈ അനുഗ്രഹങ്ങൾ എനിക്കും ലിഡാസിക്കും വളരെ അത്ഭുതകരമായിട്ടാണ് തോന്നുന്നത്, ഒരു സ്വപ്നംപോലെ!c
a ചെറുപ്രായത്തിലുള്ള മക്കളുള്ളവരെ ഇപ്പോൾ സർക്കിട്ട് വേലയ്ക്ക് നിയമിക്കുന്നില്ല.
b മലാവിയിലെ പീഡനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1999-ന്റെ 171-223 പേജുകൾ കാണുക.
c ഈ ലേഖനം തയാറാക്കിക്കൊണ്ടിരിക്കെ സോമ്പ സഹോദരൻ മരണമടഞ്ഞു, 83-ാം വയസ്സിൽ.