ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
ഒരു നല്ല മാതാവോ പിതാവോ ആയിരിക്കാൻ എങ്ങനെ കഴിയും?
ദൈവത്തെ സ്നേഹിക്കാൻ നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നുണ്ടോ?
മാതാപിതാക്കൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചുറ്റുപാടായിരിക്കും കുട്ടികൾക്ക് വളർന്നുവരാൻ പറ്റിയ ഏറ്റവും നല്ല സാഹചര്യം. (കൊലോസ്യർ 3:14, 19) യഹോവയാം ദൈവം തന്റെ പുത്രനെ അഭിനന്ദിച്ചതുപോലെ നല്ല മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.—മത്തായി 3:17 വായിക്കുക.
നമ്മുടെ സ്വർഗീയപിതാവ് തന്റെ ദാസന്മാരെ ശ്രദ്ധിക്കുകയും അവരുടെ വികാരങ്ങൾ കണക്കിലെടുക്കുകയും ചെയ്യുന്നു. ഈ മാതൃക അനുകരിച്ചുകൊണ്ട് തങ്ങളുടെ കുട്ടികൾക്ക് പറയാനുള്ളത് മാതാപിതാക്കൾ ശ്രദ്ധാപൂർവം കേൾക്കുന്നു. (യാക്കോബ് 1:19) കൂടാതെ, കുട്ടികളുടെ വിപരീതചിന്തകൾ ഉൾപ്പെടെയുള്ള വികാരപ്രകടനങ്ങൾ മാതാപിതാക്കൾ പരിഗണിക്കുകയും ചെയ്യണം.—സംഖ്യാപുസ്തകം 11:11, 15 വായിക്കുക.
മക്കളെ ഉത്തരവാദിത്വബോധമുള്ളവരായി എങ്ങനെ വളർത്താം?
മാതാപിതാക്കൾ എന്നനിലയിൽ നിയമങ്ങൾ വെക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട്. (എഫെസ്യർ 6:1) അതിനായി ദൈവത്തിന്റെ മാതൃകയിൽനിന്നു പഠിക്കുക. ദൈവം, നിയമങ്ങൾ വ്യക്തമായി വിശദീകരിക്കുകയും അത് അനുസരിക്കാത്തപക്ഷം പരിണതഫലങ്ങൾ എന്തായിരിക്കും എന്നു പറയുകയും ചെയ്തുകൊണ്ട് തന്റെ മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. (ഉല്പത്തി 3:3) നിർബന്ധിച്ച് അനുസരിപ്പിക്കുന്നതിനു പകരം ശരി ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങളും ദൈവം അവരെ പഠിപ്പിക്കുന്നു.—യെശയ്യാവു 48:18, 19 വായിക്കുക.
ദൈവത്തെ സ്നേഹിക്കാൻ മക്കളെ സഹായിക്കുകയെന്നത് നിങ്ങളുടെ ലക്ഷ്യമാക്കുക. അപ്പോൾ അവർ തനിച്ചായിരിക്കുന്ന സാഹചര്യങ്ങളിൽപോലും ജ്ഞാനപൂർവം പ്രവർത്തിക്കാൻ അവർക്കാകും. തന്റെ മാതൃകയിലൂടെ ദൈവം നമ്മെ പഠിപ്പിക്കുന്നതുപോലെ, നിങ്ങളുടെ മാതൃകയിലൂടെ ദൈവത്തെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുക.—ആവർത്തനപുസ്തകം 6:5-7; എഫെസ്യർ 4:32; 5:1 വായിക്കുക. (w15-E 06/01)