മാതൃകാപ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കുക ഭാഗം 1
“നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.”—മത്താ. 6:9.
1. മത്തായി 6:9-13-ലെ യേശുവിന്റെ പ്രാർഥനയിലെ വാക്കുകൾ പ്രസംഗവേലയിൽ നമ്മൾ ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്?
മത്തായി 6:9-13-ൽ കാണുന്ന പ്രാർഥനയിലെ വാക്കുകൾ അനേകർക്കും അറിയാം. അതിലെ വാക്കുകൾ സുവാർത്ത പ്രസംഗിക്കുമ്പോൾ നമ്മളും ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും, ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്ന, ദൈവത്തിന്റെ ഒരു യഥാർഥഗവണ്മെന്റാണ് ദൈവരാജ്യം എന്ന കാര്യം പഠിപ്പിക്കാൻ. ഇനി, ദൈവത്തിന് ഒരു പേരുണ്ടെന്നും അത് നമ്മൾ വിശുദ്ധമായി വീക്ഷിക്കണമെന്നും വ്യക്തമാക്കാൻ, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന വാക്കുകളും നമ്മൾ ഉപയോഗിക്കുന്നു.—മത്താ. 6:9.
2. പ്രാർഥിക്കുമ്പോഴെല്ലാം ഒരേ വാക്കുകൾതന്നെ ഉരുവിടാനല്ല യേശു ഉദ്ദേശിച്ചതെന്ന് നമുക്ക് എങ്ങനെ അറിയാം?
2 ഇന്ന് അനേകരും യേശുവിന്റെ മാതൃകാപ്രാർഥനയിലെ അതേ വാക്കുകൾതന്നെയാണ് പ്രാർഥിക്കുമ്പോഴെല്ലാം ഉപയോഗിക്കുന്നത്. എന്നാൽ യേശു അതാണോ ഉദ്ദേശിച്ചത്? അല്ല, “പ്രാർഥിക്കുമ്പോൾ . . . ഒരേ കാര്യങ്ങൾതന്നെ ഉരുവിടരുത്” എന്നാണ് യേശു പറഞ്ഞത്. (മത്താ. 6:7) ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ച മറ്റൊരവസരത്തിൽ യേശു മാതൃകാപ്രാർഥന ആവർത്തിച്ചെങ്കിലും നേരത്തേ ഉപയോഗിച്ച അതേ വാക്കുകളായിരുന്നില്ല ഉപയോഗിച്ചത്. (ലൂക്കോ. 11:1-4) അതുകൊണ്ട്, പ്രാർഥനയിൽ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്താനാകുമെന്നു പഠിപ്പിക്കാനാണ് യേശു മാതൃകാപ്രാർഥന പറഞ്ഞുതന്നത്.
3. മാതൃകാപ്രാർഥനയെക്കുറിച്ചു പഠിക്കുമ്പോൾ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ സ്വയം ചോദിക്കണം?
3 ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും മാതൃകാപ്രാർഥനയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നമ്മൾ അടുത്തു പരിശോധിക്കും. അതു പഠിക്കുമ്പോൾ, ‘കൂടുതൽ മെച്ചമായി പ്രാർഥിക്കാൻ ഈ പ്രാർഥന എന്നെ എങ്ങനെ സഹായിക്കും’ എന്ന് സ്വയം ചോദിക്കാം. അതിലും പ്രധാനമായി ഇങ്ങനെയും ചോദിക്കുക: ‘ഈ പ്രാർഥനയ്ക്കു ചേർച്ചയിലാണോ ഞാൻ ജീവിക്കുന്നത്?’
“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ”
4. “ഞങ്ങളുടെ പിതാവേ” എന്ന സംബോധന നമ്മളെ എന്ത് ഓർമിപ്പിക്കുന്നു, യഹോവ നമ്മുടെ പിതാവായിരിക്കുന്നത് എങ്ങനെ?
4 “ഞങ്ങളുടെ പിതാവേ” എന്ന സംബോധനയോടെയാണ് യേശു പ്രാർഥന തുടങ്ങുന്നത്. ഭൂമിയിലുള്ള സകല ദൈവദാസരുടെയും പിതാവാണ് യഹോവ എന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു. (1 പത്രോ. 2:17) സ്വർഗത്തിൽ ജീവിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നവരെ തന്റെ പുത്രന്മാരായി യഹോവ ദത്തെടുത്തിരിക്കുകയാണ്. അതുകൊണ്ട് യഹോവ അവരുടെ പിതാവാണ് എന്നു പറയാനാകും. (റോമ. 8:15-17) ഭൂമിയിൽ എന്നേക്കും ജീവിക്കാൻപോകുന്നവർക്കും യഹോവയെ ‘പിതാവ്’ എന്നു വിളിക്കാം. കാരണം യഹോവയാണ് അവർക്കു ജീവൻ നൽകിയത്. അവരുടെ ആവശ്യങ്ങൾക്കായി അവൻ സ്നേഹത്തോടെ കരുതുകയും ചെയ്യുന്നു. അവർ പൂർണരായിത്തീർന്ന്, അവസാനപരിശോധനയിലും യഹോവയോടു വിശ്വസ്തരായി നിലനിൽക്കുമ്പോൾ ‘ദൈവമക്കൾ’ എന്നു വിളിക്കപ്പെടും.—റോമ. 8:20; വെളി. 20:7, 8.
5, 6. മാതാപിതാക്കൾക്ക് മക്കൾക്കു നൽകാനാകുന്ന ഏറ്റവും നല്ല സമ്മാനം എന്താണ്, ഇതു സംബന്ധിച്ച് ഓരോ കുട്ടിക്കും എന്ത് ഉത്തരവാദിത്വമുണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 യഹോവയാണ് അവരുടെ സ്വർഗീയപിതാവെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുമ്പോഴും അവനോടു പ്രാർഥിക്കാൻ അവരെ പഠിപ്പിക്കുമ്പോഴും മാതാപിതാക്കൾ നല്ലൊരു സമ്മാനമാണ് മക്കൾക്കു നൽകുന്നത്. സൗത്ത് ആഫ്രിക്കയിലെ ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കു കുട്ടികൾ ജനിച്ചപ്പോൾമുതൽ, ഞാൻ വീട്ടിലുണ്ടായിരുന്ന എല്ലാ ദിവസവും രാത്രി ഞങ്ങൾ ഒരുമിച്ചിരുന്ന് പ്രാർഥിക്കുമായിരുന്നു. പ്രാർഥനയിലെ വാക്കുകൾ കൃത്യമായി ഓർക്കുന്നില്ലെങ്കിലും അന്നത്തെ അന്തരീക്ഷവും, പിതാവായ യഹോവയെ പ്രാർഥനയിൽ ആദരവോടെ സമീപിച്ചതും, അപ്പോൾ തോന്നിയ പ്രശാന്തതയും സുരക്ഷിതത്വവും ഒക്കെ അവർ ഇന്നും ഓർക്കുന്നു. സംസാരിച്ചുതുടങ്ങിയപ്പോൾമുതൽ ഉറക്കെ പ്രാർഥിക്കാൻ ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. അതിലൂടെ, അവർ തങ്ങളുടെ ഹൃദയവിചാരങ്ങൾ യഹോവയ്ക്കു മുമ്പാകെ പകരുന്നത് എങ്ങനെയെന്ന് എനിക്കു കേൾക്കാനായി. അങ്ങനെ അവരുടെ ഹൃദയത്തിലുള്ളത് കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. മാതൃകാപ്രാർഥനയിലെ പ്രധാനകാര്യങ്ങൾ അവരുടെ പ്രാർഥനയിലും ഉൾപ്പെടുത്താൻ ഞാൻ പതിയെപ്പതിയെ പഠിപ്പിച്ചു. അതുവഴി അവരുടെ പ്രാർഥനകൾക്ക് നല്ലൊരു അടിത്തറ ഇടാൻ എനിക്കു കഴിഞ്ഞു.”
6 അദ്ദേഹത്തിന്റെ മക്കൾ വളർന്നശേഷവും യഹോവയോട് അടുത്തുകൊണ്ടേയിരുന്നു. വിവാഹിതരായ അവർ തങ്ങളുടെ ഭർത്താക്കന്മാരോടൊപ്പം ഇപ്പോൾ മുഴുസമയം യഹോവയെ സേവിക്കുകയാണ്. മാതാപിതാക്കൾക്ക് മക്കൾക്കു നൽകാനാകുന്ന ഏറ്റവും നല്ല സമ്മാനം, യഹോവ ഒരു യഥാർഥവ്യക്തിയാണെന്നും അവർക്ക് അവന്റെ ഉറ്റ സുഹൃത്തുക്കളാകാനാകുമെന്നും അവരെ പഠിപ്പിക്കുന്നതാണ്. എന്നാൽ യഹോവയുമായുള്ള ഈ ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ കുട്ടിക്കുമുണ്ട്.—സങ്കീ. 5:11, 12; 91:14.
“നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ”
7. നമുക്ക് എന്ത് പദവിയുണ്ട്, എന്നാൽ നമ്മൾ എന്ത് ചെയ്യണം?
7 ദൈവത്തിന്റെ പേര് അറിയാനുള്ള പദവി നമുക്കു ലഭിച്ചു. അവന്റെ ‘നാമത്തിനായി എടുത്ത ഒരു ജനത്തിന്റെ’ ഭാഗമായിത്തീരാനായതും ഒരു പദവിയാണ്. (പ്രവൃ. 15:14; യെശ. 43:10) “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു നമ്മൾ പ്രാർഥിക്കുമ്പോൾ, ദൈവത്തിന് അപമാനം വരുത്തിയേക്കാവുന്ന ഒന്നും പറയാതിരിക്കാനും ചെയ്യാതിരിക്കാനും ഉള്ള സഹായത്തിനുവേണ്ടി യഹോവയോട് അപേക്ഷിക്കുന്നത് ഉൾപ്പെടുന്നു. മറ്റുള്ളവരെ പഠിപ്പിച്ചത് സ്വയം പ്രാവർത്തികമാക്കാതിരുന്ന ഒന്നാം നൂറ്റാണ്ടിലെ ചിലരെപ്പോലെ ആകരുത് നമ്മൾ. പൗലോസ് അവർക്ക് ഇങ്ങനെ എഴുതി: “നിങ്ങൾനിമിത്തം ദൈവനാമം വിജാതീയർക്കിടയിൽ ദുഷിക്കപ്പെടുന്നു.”—റോമ. 2:21-24.
8, 9. തന്റെ നാമം വിശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവരെ യഹോവ സഹായിക്കുമെന്നതിന് ഒരു ഉദാഹരണം പറയുക.
8 യഹോവയുടെ നാമത്തിന് ബഹുമതി കൈവരുത്തുന്നതിന് നമ്മളെക്കൊണ്ടാകുന്നതെല്ലാം നമ്മൾ ചെയ്യുന്നു. മകന് രണ്ടു വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ച, നോർവേയിലെ ഒരു സഹോദരി ഇങ്ങനെ പറയുന്നു: “എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു അത്. മാനസികമായി തകരാതിരിക്കാനുള്ള ശക്തിക്കായി ഞാൻ എല്ലാ ദിവസവും പ്രാർഥിക്കുമായിരുന്നു, മിക്കപ്പോഴും ഓരോ മണിക്കൂറിലും. ഞാൻ അങ്ങനെ ചെയ്തത്, എന്റെ ഏതെങ്കിലും തെറ്റായ തീരുമാനംകൊണ്ടോ അവിശ്വസ്തതകൊണ്ടോ സാത്താൻ യഹോവയെ നിന്ദിക്കാതിരിക്കാനാണ്. യഹോവയുടെ നാമം വിശുദ്ധീകരിച്ചുകാണാനാണ് ഞാൻ ആഗ്രഹിച്ചത്. അതുപോലെ എന്റെ മകന് പറുദീസയിൽ അവന്റെ അച്ഛനെ വീണ്ടും കാണാനാകണമെന്നും ഞാൻ ആഗ്രഹിച്ചു.”—സദൃ. 27:11.
9 യഹോവ അവളുടെ പ്രാർഥനകൾക്ക് ഉത്തരം കൊടുത്തോ? കൊടുത്തു. സഹോദരീസഹോദരന്മാരോടൊപ്പം മിക്കപ്പോഴും സമയം ചെലവഴിച്ചതുകൊണ്ട് അവരിൽനിന്ന് അവൾക്കു പ്രോത്സാഹനം ലഭിച്ചു. അഞ്ചു വർഷം കഴിഞ്ഞ് അവൾ ഒരു മൂപ്പനെ വിവാഹംകഴിച്ചു. ഇപ്പോൾ, അവളുടെ 20 വയസ്സുള്ള മകൻ സ്നാനമേറ്റ ഒരു സഹോദരനാണ്. “അവനെ വളർത്താൻ ഭർത്താവ് എന്നെ സഹായിച്ചതിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്” എന്ന് ആ സഹോദരി പറഞ്ഞു.
10. പൂർണമായ അർഥത്തിൽ ദൈവം തന്റെ നാമം വിശുദ്ധീകരിക്കുന്നത് എങ്ങനെ?
10 തന്നെ അപമാനിക്കുന്നവരെയും തന്റെ ഭരണം അംഗീകരിക്കാത്തവരെയും നശിപ്പിച്ചുകൊണ്ട് യഹോവ തന്റെ നാമം പൂർണമായി വിശുദ്ധീകരിക്കും. (യെഹെസ്കേൽ 38:22, 23 വായിക്കുക.) അന്ന് മനുഷ്യരെല്ലാം പൂർണരായിത്തീരും, സ്വർഗത്തിലും ഭൂമിയിലും ഉള്ള സകലരും യഹോവയെ ആരാധിച്ചുകൊണ്ട് അവന്റെ വിശുദ്ധനാമത്തിന് ബഹുമതി കൈവരുത്തും. ഒടുവിൽ, സ്നേഹവാനായ നമ്മുടെ പിതാവ് “എല്ലാവർക്കും എല്ലാമാ”യിത്തീരും.—1 കൊരി. 15:28.
“നിന്റെ രാജ്യം വരേണമേ”
11, 12. എന്ത് മനസ്സിലാക്കാൻ 1876-ൽ യഹോവ തന്റെ ജനത്തെ സഹായിച്ചു?
11 യേശു സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ്, “കർത്താവേ, നീ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു കൊടുക്കുന്നത് ഇപ്പോഴാണോ” എന്ന് ശിഷ്യന്മാർ അവനോടു ചോദിച്ചു. ദൈവരാജ്യത്തിന്റെ ഭരണം തുടങ്ങുന്ന സമയത്തെക്കുറിച്ച് അവർ അപ്പോൾ അറിയേണ്ടതില്ലെന്ന് യേശു പറഞ്ഞു. മറിച്ച്, പ്രസംഗവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവൻ അവരെ പ്രോത്സാഹിപ്പിച്ചത്. കാരണം, അതായിരുന്നു അപ്പോൾ പ്രധാനം. (പ്രവൃത്തികൾ 1:6-8 വായിക്കുക.) എങ്കിലും ദൈവരാജ്യം വരുന്നതിനുവേണ്ടി പ്രാർഥിക്കാനും ആ കാലത്തിനായി നോക്കിപ്പാർത്തിരിക്കാനും യേശു അവരെ പഠിപ്പിച്ചു. അതുകൊണ്ടാണ് രാജ്യം വരേണമേ എന്ന് നമ്മൾ ഇപ്പോഴും പ്രാർഥിക്കുന്നത്.
12 യേശു സ്വർഗത്തിൽ ഭരിക്കാനുള്ള സമയം അടുത്തപ്പോൾ അതു സംഭവിക്കുന്ന വർഷം മനസ്സിലാക്കാൻ യഹോവ തന്റെ ജനത്തെ സഹായിച്ചു. 1876-ൽ ചാൾസ് റ്റെയ്സ് റസ്സൽ “ജാതികളുടെ കാലങ്ങൾ: അവ എപ്പോൾ അവസാനിക്കും?” എന്ന ഒരു ലേഖനം എഴുതി. യേശുവിന്റെ പ്രവചനത്തിലെ “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം”തന്നെയാണ് ദാനീയേൽ പ്രവചനത്തിലെ “ഏഴു കാലം” എന്ന് അതിൽ വിശദീകരിച്ചു. ആ കാലം 1914-ൽ അവസാനിക്കുമെന്നും അതിൽ വ്യക്തമാക്കിയിരുന്നു.a—ദാനീ. 4:16; ലൂക്കോ. 21:24.
13. എന്താണ് 1914-ൽ സംഭവിച്ചത്, അന്നുമുതലുള്ള ലോകസംഭവങ്ങൾ എന്ത് തെളിയിക്കുന്നു?
13 യൂറോപ്പിൽ 1914-ൽ തുടങ്ങിയ യുദ്ധം ഉടൻതന്നെ ലോകമൊട്ടാകെ വ്യാപിച്ചു. യുദ്ധത്തിന്റെ ഫലമായി വലിയ ക്ഷാമങ്ങളുണ്ടായി. 1918-ൽ യുദ്ധം അവസാനിക്കാറായപ്പോഴേക്കും പടർന്നുപിടിച്ച മാരകമായ പകർച്ചവ്യാധി, യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കാൾ കൂടുതൽ പേരുടെ ജീവനെടുത്തു. ഇതെല്ലാം യേശു പറഞ്ഞ “അടയാള”ത്തിന്റെ ഭാഗമായിരുന്നു. 1914-ൽ യേശു സ്വർഗത്തിൽ രാജാവായെന്ന് ഈ അടയാളം തെളിയിച്ചു. (മത്താ. 24:3-8; ലൂക്കോ. 21:10, 11) ആ വർഷം, “സമ്പൂർണജയം നേടാനായി അവൻ തന്റെ ജൈത്രയാത്ര ആരംഭിച്ചു.” (വെളി. 6:2) യേശു സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്നു ഭൂമിയിലേക്ക് എറിഞ്ഞു. അതോടെ പിൻവരുന്ന പ്രവചനം നിവൃത്തിയേറിത്തുടങ്ങി: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം! പിശാച് തനിക്ക് അൽപ്പകാലമേയുള്ളൂ എന്നറിഞ്ഞ് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു.”—വെളി. 12:7-12.
14. (എ) ദൈവരാജ്യം വരാൻ നമ്മൾ ഇപ്പോഴും പ്രാർഥിക്കുന്നത് എന്തുകൊണ്ട്? (ബി) ഏതു പ്രധാനപ്പെട്ട വേലയാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടത്?
14 യേശു ദൈവരാജ്യത്തിന്റെ രാജാവായപ്പോൾ ഭൂമിയിൽ മോശമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിയതിന്റെ കാരണം മനസ്സിലാക്കാൻ വെളിപാട് 12-ാം അധ്യായത്തിലെ ആ പ്രവചനം നമ്മളെ സഹായിക്കുന്നു. യേശു സ്വർഗത്തിൽ ഭരിക്കുന്നുണ്ടെങ്കിലും ഭൂമിയെ ഇപ്പോഴും ഭരിക്കുന്നത് സാത്താനാണ്. എങ്കിലും ഉടൻതന്നെ ഭൂമിയിൽനിന്ന് ദുഷ്ടത മുഴുവൻ തുടച്ചുനീക്കിക്കൊണ്ട് യേശു ‘സമ്പൂർണജയം നേടും.’ അതുവരെ, നമ്മൾ ദൈവരാജ്യം വരാനായി പ്രാർഥിക്കുകയും അതെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതിൽ തിരക്കോടെ ഏർപ്പെടുകയും വേണം. നമ്മുടെ ഈ വേല യേശുവിന്റെ പിൻവരുന്ന പ്രവചനം നിവർത്തിക്കും: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.”—മത്താ. 24:14.
“നിന്റെ ഇഷ്ടം . . . ഭൂമിയിലും ആകേണമേ”
15, 16. ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറുന്നതിനുവേണ്ടി പ്രാർഥിച്ചാൽ മാത്രം മതിയോ? വിശദീകരിക്കുക.
15 ഏതാണ്ട് 6,000 വർഷം മുമ്പ് ദൈവേഷ്ടത്തിനു ചേർച്ചയിലായിരുന്നു ഭൂമിയിലെ അവസ്ഥകൾ. അതുകൊണ്ടാണ് എല്ലാം “എത്രയും നല്ലത്” എന്ന് യഹോവ പറഞ്ഞത്. (ഉല്പ. 1:31) പിന്നീട് സാത്താൻ മത്സരിച്ചു. അന്നുമുതൽ മിക്ക ആളുകളും ദൈവത്തിന്റെ ഇഷ്ടം ചെയ്യാതായി. പക്ഷേ ഇന്ന് ഏകദേശം 80 ലക്ഷം ആളുകൾ യഹോവയെ സേവിക്കുന്നുണ്ട്. ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറുന്നതിനുവേണ്ടി അവർ പ്രാർഥിക്കുന്നു. അതോടൊപ്പം അവർ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. അവർ ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ ജീവിക്കുകയും ദൈവരാജ്യത്തെക്കുറിച്ച് തീക്ഷ്ണതയോടെ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.
ദൈവേഷ്ടം ഭൂമിയിൽ നിറവേറണമെന്നുള്ള അപേക്ഷയ്ക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾ മക്കളെ സഹായിക്കുന്നുണ്ടോ? (16-ാം ഖണ്ഡിക കാണുക)
16 ഉദാഹരണത്തിന് 1948-ൽ സ്നാനമേറ്റ, ആഫ്രിക്കയിൽ ഒരു മിഷനറിയായി സേവിച്ചിരുന്ന ഒരു സഹോദരി ഇങ്ങനെ പറയുന്നു: “ചെമ്മരിയാടു തുല്യരായ ആളുകൾക്ക് എത്രയും പെട്ടെന്ന് യഹോവയെക്കുറിച്ച് അറിയാൻ അവസരം കിട്ടണമേ എന്ന് ഞാൻ കൂടെക്കൂടെ പ്രാർഥിക്കാറുണ്ട്. കൂടാതെ, ഒരാളോടു സാക്ഷീകരിക്കുന്നതിനു മുമ്പ്, ആ വ്യക്തിയുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം സംസാരിക്കാനുള്ള ജ്ഞാനത്തിനായും ഞാൻ അപേക്ഷിക്കുന്നു. അതുപോലെ, യഥാർഥതാത്പര്യം കാണിച്ച ചെമ്മരിയാടു തുല്യരായവരെ സഹായിക്കാൻ ഞങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ അനുഗ്രഹിക്കണമേ എന്നും ഞാൻ യഹോവയോട് പ്രാർഥിക്കാറുണ്ട്.” ഇപ്പോൾ 80 വയസ്സുള്ള ഈ സഹോദരി യഹോവയെക്കുറിച്ചു പഠിക്കാൻ അനേകം ആളുകളെ സഹായിച്ചിട്ടുണ്ട്. യഹോവയുടെ ഇഷ്ടം തീക്ഷ്ണതയോടെ ചെയ്യുന്ന പ്രായംചെന്ന മറ്റാരെയെങ്കിലും നിങ്ങൾക്ക് അറിയാമോ?—ഫിലിപ്പിയർ 2:17 വായിക്കുക.
17. മനുഷ്യർക്കുവേണ്ടി യഹോവ ഭൂമിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു?
17 തന്റെ ശത്രുക്കളെ യഹോവ ഭൂമിയിൽനിന്ന് നീക്കം ചെയ്യുന്നതുവരെ അവന്റെ ഇഷ്ടം നിറവേറുന്നതിനുവേണ്ടി നമ്മൾ പ്രാർഥിച്ചുകൊണ്ടിരിക്കും. അതിനു ശേഷം ദൈവം ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും; കോടിക്കണക്കിന് ആളുകൾ പുനരുത്ഥാനം പ്രാപിക്കും. “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു” എന്ന് യേശു പറഞ്ഞു. (യോഹ. 5:28, 29) ജീവനിലേക്കു തിരികെ വരുന്ന നമ്മുടെ പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം ഒന്നു ഭാവനയിൽ കണ്ടുനോക്കൂ! ദൈവം നമ്മുടെ “കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും.” (വെളി. 21:4) പുനരുത്ഥാനം പ്രാപിക്കുന്നവരിൽ മിക്കവരും യഹോവയെയും യേശുവിനെയും കുറിച്ചുള്ള സത്യം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത “നീതികെട്ടവ”രായിരിക്കും. “നിത്യജീവൻ” ലഭിക്കേണ്ടതിന് അവർ ദൈവത്തിന്റെ ഇഷ്ടം അറിയേണ്ടതുണ്ട്. അതുകൊണ്ട് അവരെ അത് പഠിപ്പിക്കാനുള്ള സന്തോഷപ്രദമായ അവസരം നമുക്കുണ്ടായിരിക്കും.—പ്രവൃ. 24:15; യോഹ. 17:3.
18. മനുഷ്യർക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് എന്താണ്?
18 ദൈവരാജ്യം വരുമ്പോൾ ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടും. പ്രപഞ്ചത്തിലെ എല്ലാവരും യഹോവയെ ഒത്തൊരുമിച്ച് ആരാധിക്കും. അങ്ങനെ മാതൃകാപ്രാർഥനയിലെ ആദ്യത്തെ മൂന്ന് അപേക്ഷകൾക്ക് ഉത്തരം നൽകിക്കൊണ്ട് ദൈവം എല്ലാ മനുഷ്യരുടെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങൾ സാധിച്ചുകൊടുക്കും. നമുക്ക് ആവശ്യമായിരിക്കുന്ന മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പ്രാർഥിക്കാനും യേശു പഠിപ്പിച്ചു. അതെക്കുറിച്ച് അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.
a 1914-ലാണ് ഈ പ്രവചനം നിവൃത്തിയേറിയതെന്നു മനസ്സിലാക്കാൻ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 215-218 പേജുകൾ നോക്കുക.